അധികാര കേന്ദ്രങ്ങളിലേക്ക് വികസിക്കേണ്ട നമ്മുടെ വിദ്യാഭ്യാസം
'പത്തുവര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ ആരായിരിക്കും?' -കേരളത്തിലെ പ്രശസ്തമായൊരു ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാമ്പില്‍ ഞാന്‍ ഉന്നയിച്ച ചോദ്യത്തിന് നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്. നിശ്ചയദാര്‍ഢ്യത്തോടും ആത്മവിശ്വാസത്തോടും കൂടി പ്രതീക്ഷകളും ലക്ഷ്യങ്ങളും പങ്കുവെക്കാന്‍ അവരില്‍ അംഗുലീപരിമിതര്‍ പോലുമുണ്ടായിരുന്നില്ല. 'ഇതേക്കുറിച്ച് വലിയ ഗൗരവത്തിലൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ടില്ല' എന്ന പലരുടെയും മറുപടിയില്‍ നിന്ന്, കൃത്യമായ ദിശാബോധമില്ലാതെയാണ് അവര്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയതെന്ന് മനസ്സിലാക്കാം. ലക്ഷ്യബോധത്തോടെ പഠിച്ചുവളരുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കുറച്ചൊക്കെ കാണാമെങ്കിലും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് ഭൂരിപക്ഷത്തിന്റെയും അവസ്ഥ അതല്ലെന്ന് പറയാനാണ് അനുഭവങ്ങള്‍ നിര്‍ബന്ധിക്കുന്നത്.
ഭൂതകാലത്തെ പിന്നാക്കാവസ്ഥ മറികടന്ന്, വര്‍ത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കാനുള്ള ത്വരയോടെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം തന്നെ നടത്തുന്നുണ്ട്. മെഡിക്കല്‍ എന്‍ട്രന്‍സിലെ ഈ വര്‍ഷത്തെ ഒന്നാം റാങ്കുകാരി ഹിബ ഉള്‍പ്പെടെ അതിന് ഒരുപാട് സാക്ഷ്യങ്ങളുമുണ്ട്. ഈ വളര്‍ച്ച അഭിമാനകരമാണ്. പക്ഷേ, രാജ്യത്തിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളെയും അവയുടെ സ്വഭാവത്തെയും വിശകലനം ചെയ്യേണ്ടതുണ്ട്. ചെറിയൊരു വിഭാഗത്തിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നേട്ടത്തെ നാം ഭൂതകാല പശ്ചാത്തലത്തില്‍ ആഘോഷിക്കുകയാണോ, സമുദായത്തിന്റെ 'മൊത്തം ശരാശരി'യുടെ വിദ്യാഭ്യാസ വളര്‍ച്ചാ സൂചിക ശുഭകരമാണോ എന്നീ കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ വളര്‍ച്ച നേടിയിട്ടും മുസ്‌ലിം സമൂഹം വലിയ തോതില്‍ പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്നതിന്റെ കാരണമെന്താണ്? പ്രതിഭാശേഷിയുള്ള വ്യക്തിത്വങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ സമുദായ സംഘടനകള്‍ക്ക് എത്രത്തോളം സാധിക്കുന്നുണ്ട്? ഇന്ത്യന്‍ മാധ്യമരംഗത്ത് അവഗണിക്കാനാവാത്തത്ര തലയെടുപ്പും സാമൂഹികബോധവും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള ഒരു മുന്‍നിര മാധ്യമ പ്രവര്‍ത്തകനെ സംഭാവന ചെയ്യാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കാതെ പോയത് എന്തുകൊണ്ടാണ്? പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധന്‍, ശ്രദ്ധേയനും കരുത്തനുമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, നിപുണനായ ചരിത്രകാരന്‍, തികവുറ്റ വിദ്യാഭ്യാസ വിചക്ഷണന്‍, തലയെടുപ്പുള്ള ശാസ്ത്രജ്ഞന്‍... ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് എത്ര പേരെ എണ്ണിപ്പറയാനാകും?
മുസ്‌ലിം സമൂഹം സ്ഥാപിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കു മറ്റും മികച്ച നേതൃത്വം നല്‍കാന്‍ കഴിവുറ്റ പ്രഗത്ഭ വ്യക്തിത്വങ്ങളെ കിട്ടാതെ അവ തുടങ്ങാന്‍ മുന്‍കൈയെടുത്ത സംഘടനകള്‍ വിയര്‍ക്കുന്നത് കാണാം. സ്വന്തം സ്‌കൂളുകളെയും കോളേജുകളെയും നയിക്കാന്‍ ശേഷിയുള്ള പ്രതിഭകളെ പോലും വാര്‍ത്തെടുക്കാന്‍ സംഘടനകള്‍ക്ക് കഴിയാതെ പോയതിന്റെ കാരണമെന്ത്? ആവശ്യമായ മനുഷ്യവിഭവശേഷി 'പര്‍ച്ചേഴ്‌സ്' ചെയ്യുകയെന്നത് പല തലങ്ങളിലും ഗുണകരമായിരിക്കുകയില്ലല്ലോ. അനുഗ്രഹമായി ലഭിച്ച സാമ്പത്തിക വളര്‍ച്ചയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കോടികള്‍ മുടക്കി സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെടുന്നത് ലക്ഷ്യബോധ്യത്തിന്റെ കുറവും ആസൂത്രണത്തിന്റെ അഭാവവും പ്രവര്‍ത്തന പദ്ധതികളുടെ പാളിച്ചകളും നയവൈകല്യങ്ങളും കാരണമാണ്.
ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് അതിജീവനവും ഉന്നമനവും, രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ സജീവ പങ്കാളിത്തവും, അധികാര സ്ഥാനങ്ങളില്‍ സ്വാധീനവും പ്രാതിനിധ്യവും ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ - വിശേഷിച്ചും ന്യൂനപക്ഷത്തെ- സംബന്ധിച്ചേടത്തോളം അതിപ്രധാനമാണ് എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവ. ഇവയില്‍ നിര്‍ണായക സ്വാധീനശക്തിയായെങ്കിലേ ഏതൊരു ജനതക്കും യഥാര്‍ഥ അധികാരശക്തിയാകാന്‍ സാധിക്കൂ. ജനാധിപത്യ വ്യവസ്ഥയില്‍ ജനപ്രതിനിധിസഭകളാണ് (ലജിസ്ലേറ്റീവ്) ഭരണം നിര്‍വഹിക്കുന്നതെങ്കിലും എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയുടെ അധികാരശക്തിയും സ്വാധീന ശേഷിയും അതിപ്രധാനമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ നാലില്‍ മൂന്നു ഭാഗത്തെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. പദ്ധതി ആസൂത്രണം, നടത്തിപ്പ്, അവലോകനം എന്നീ തലങ്ങളില്‍ സവിശേഷ അധികാര കേന്ദ്രമായി വര്‍ത്തിക്കുന്നു ഉദ്യോഗസ്ഥ വൃന്ദം (എക്‌സിക്യൂട്ടീവ്). നിയമനിര്‍മാണ സഭകള്‍ പാസാക്കുന്ന പല നിയമങ്ങളുടെയും ഭേദഗതികളുടെയും പിന്നില്‍ മാത്രമല്ല, ഭരണാധികാരികളുടെ ബുദ്ധികേന്ദ്രങ്ങളായും നിലകൊള്ളുന്നത് പലപ്പോഴും ഉന്നത ഉദ്യോഗസ്ഥ വ്യൂഹമാണ്. അധികാരത്തിന്റെ മുഖ്യപങ്കും അവരുടെ സ്വാധീനത്തിലായതിനാല്‍ രാജ്യം യഥാര്‍ഥത്തില്‍ ചലിക്കുന്നത് അവരിലൂടെയാണെന്ന് പറയാം.
ജുഡീഷ്യറിയാണ് രണ്ടാമത്തേത്. പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങളും, നീതിന്യായ വ്യവസ്ഥയുടെ പരിരക്ഷകളും പ്രയോഗതലത്തില്‍ ലഭ്യമാകുന്നതില്‍ ജുഡീഷ്യറി മുഖ്യ പങ്കുവഹിക്കുന്നു. ധാര്‍മികതയും നിയമത്തെ നീതിപൂര്‍വം വ്യാഖ്യാനിക്കാനുള്ള മൂല്യബോധവും കൈമുതലായ ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ കരുത്താണ്. ലജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കാനും ജുഡീഷ്യറിക്ക് കഴിയുന്നു. മറുവശങ്ങളുണ്ടാകാമെങ്കിലും ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഗുണഫലങ്ങള്‍ പലപ്പോഴും നാം കണ്ടിട്ടുണ്ട്. മീഡിയ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നത് അര്‍ഥപൂര്‍ണമായ വിശേഷണമാണ്. ലജിസ്ലേറ്റീവിനെയും എക്‌സിക്യുട്ടീവിനെയും തിരുത്താനും ജുഡീഷ്യറിയെ സ്വാധീനിക്കാനും മാധ്യമങ്ങള്‍ക്കു കഴിയുന്നു. ജനാധിപത്യത്തിന്റെ കാവലാളായ മീഡിയയെ ലജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും ഭയപ്പെടുന്നു. മീഡിയയുടെ വായ മൂടിക്കെട്ടിയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കി ജനാധിപത്യത്തെ കശാപ്പു ചെയ്തത്. മാധ്യമങ്ങള്‍ ബഹുമുഖ തലങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിസ്തരിച്ചെഴുതേണ്ടതില്ല.
ഉയര്‍ന്ന പ്രതിഭാശേഷിയും ഉന്നത വിദ്യാഭ്യാസവും ധാര്‍മികതയും നീതിബോധവുമുള്ളവര്‍ക്ക് രാജ്യ പുരോഗതിയിലും സാമൂഹിക നീതി സഫലീകരിക്കുന്നതിലും സമുദായ ശാക്തീകരണത്തിലും വഹിക്കാന്‍ കഴിയുന്ന റോള്‍ വളരെ വലുതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹിക മണ്ഡലവും എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നതാകണം. ഈ മൂന്ന് മേഖലകളിലും ആവശ്യമായ സ്വാധീനവും പ്രാതിനിധ്യവും നേടി രാഷ്ട്ര വളര്‍ച്ചയില്‍ സംഭാവനകള്‍ അര്‍പ്പിക്കാനും സ്വന്തം യശസ്സുയര്‍ത്താനും പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമുദായം മുന്തിയ പരിഗണന നല്‍കണം. എന്നാല്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ, വിശേഷിച്ചും കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ സമീപനങ്ങള്‍ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നീ അധികാര കേന്ദ്രങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ അതിപ്രധാനമായ ഈ മൂന്ന് മേഖലകളില്‍ സ്വാധീനമുറപ്പിക്കാവുന്ന വിധത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ അധ്യാപനരംഗത്തും ഇന്ന് മെഡിക്കല്‍ -എഞ്ചിനീയറിംഗ് മേഖലയിലുമാണ് മുസ്‌ലിം വിദ്യാഭ്യാസ വളര്‍ച്ച ഊന്നുന്നത്. ഈ ഒഴുക്ക് നിര്‍ത്തേണ്ടതോ നിരുത്സാഹപ്പെടുത്തേണ്ടതോ അല്ല. നിയന്ത്രിക്കേണ്ടതും അധികാര സ്വഭാവമുള്ള മേഖലകളിലേക്ക് വഴി തിരിച്ചുവിടേണ്ടതുമാണ്. ഇന്ന് മെഡിക്കല്‍-എഞ്ചിനീയറിംഗിന് മത്സരിക്കുന്ന പ്രതിഭാശേഷിയുള്ള കുട്ടികളെ സിവില്‍ സര്‍വീസ്, ശാസ്ത്ര-ചരിത്ര ഗവേഷണം, മീഡിയ തുടങ്ങിയ രംഗങ്ങളിലേക്ക് കൂടി വഴിതിരിച്ചുവിടണം. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ആദ്യ റാങ്കുകള്‍ നേടി, എം.ഡിയും ഒരു പക്ഷേ അതിനപ്പുറവും നേടി നല്ല ഡോക്ടറായി സേവനം ചെയ്യുന്നതിനപ്പുറം വൈദ്യശാസ്ത്ര ഗവേഷണത്തില്‍ മുന്‍നിരയിലേക്ക് വരാനുള്ള മാര്‍ഗദര്‍ശനവും തീവ്ര ശ്രമങ്ങളുമുണ്ടാകണം.
സാമ്പത്തിക നേട്ടവും വിദേശ ജോലിയും വിദ്യാഭ്യാസ വളര്‍ച്ചയുടെ പ്രധാന മുഖമാകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ഗുണകരമാകില്ല. സമീപകാലത്ത് ഒരു അറബിക് കോളേജിന്റെ സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഗള്‍ഫിനു ശേഷം വരുന്ന, 'യൂറോപ്പിലെ തൊഴില്‍ സാധ്യതക്ക് ഊന്നല്‍ നല്‍കണം' എന്ന നിര്‍ദേശം ഉയരുകയുണ്ടായി. അടിസ്ഥാനപരമായി ഒരു കച്ചവട സമൂഹം എന്ന നിലക്കുള്ള മനഃശാസ്ത്രവും ആഡംബര ജീവിതത്തോട് മുസ്‌ലിംകള്‍ പൊതുവെ കാണിക്കുന്ന ത്വരയുമാണ് വിദേശജോലിയും സാമ്പത്തിക നേട്ടവുമൊക്കെ വിദ്യാഭ്യാസത്തില്‍ ഇത്രയേറെ മേല്‍ക്കൈ നേടാനുള്ള കാരണം. വിദേശ ജോലിയുടെയും സാമ്പത്തിക നേട്ടത്തിന്റെയും സാധ്യതകളും അനിവാര്യതകളും ഒട്ടും കുറച്ചുകാണാതെ തന്നെ, രാജ്യത്തെ ഉന്നത ഉദ്യോഗമണ്ഡലങ്ങള്‍ കൈയെത്തിപ്പിടിക്കുകയെന്നത് വിദ്യാഭ്യാസ വളര്‍ച്ചയുടെ ലക്ഷ്യങ്ങളില്‍ മുഖ്യമാകേണ്ടതുണ്ട്. വിദേശത്തെ ജോലി, സാമ്പത്തിക നേട്ടം എന്നിവയുമായി ഗവണ്‍മെന്റ് ജോലി, ശമ്പളം, പെന്‍ഷന്‍ എന്നിവയെ താരതമ്യം ചെയ്യുന്നതിനപ്പുറം ഇതിന്റെ അധികാര സ്വഭാവത്തെയും അതിജീവന സാധ്യതകളെയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
മികച്ച മനുഷ്യ വിഭവവും സാമ്പത്തിക ശേഷിയുമുണ്ടായിട്ടും ഈ മേഖലകളില്‍ മുസ്‌ലിംകള്‍ ദാരിദ്ര്യമനുഭവിക്കുന്നത് സംവരണ നിഷേധമോ വംശവെറിയിലധിഷ്ഠിതമായ വിവേചനമോ കൊണ്ടുമാത്രമാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാകുമോ? മത തര്‍ക്കങ്ങളിലും സംഘടനാ വഴക്കുകളിലും അഭിരമിക്കുന്ന മുസ്‌ലിം മുഖ്യധാര, ബഹളമയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറിയ ഊര്‍ജവും പണവും ചെലവഴിക്കുന്നത്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ ഊന്നി നിലവിലുള്ള മുന്‍ഗണനാക്രമത്തെ മാറ്റിമറിക്കുകയല്ലേ യഥാര്‍ഥത്തില്‍ വേണ്ടത്? വര്‍ത്തമാന ബഹളങ്ങളില്‍ വ്യയം ചെയ്യപ്പെടുന്ന ഊര്‍ജം ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടണം. നടേ സൂചിപ്പിച്ച പ്രതിഭാ ദാരിദ്ര്യത്തെ മനസ്സിലാക്കേണ്ടത് മുസ്‌ലിം വിദ്യാര്‍ഥി യുവജനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തന രീതികളും അജണ്ടകളും കൂടി മുമ്പില്‍ വെച്ചാകണം. വര്‍ത്തമാനത്തോടുള്ള പ്രതികരണത്തെക്കാള്‍ പ്രധാനമാണ് ഭാവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മൂല്യബോധമുള്ള, അഴിമതി രഹിതരായ എത്ര ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ മുസ്‌ലിം യുവജന സംഘടനകള്‍ക്ക് സാധിച്ചിട്ടുണ്ട്? ഒരു അത്യാവശ്യഘട്ടത്തില്‍ താലൂക്ക് ഓഫീസിലെ സുഹൃത്തിനെ സമീപിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞതിങ്ങനെ: ''ആവശ്യമുണ്ടാകുമ്പോള്‍ എല്ലാവരും വിളിക്കും, വരും. കഴിയുംവിധം സഹായിക്കാറുമുണ്ട്. എന്നാല്‍, കുറച്ച് പേര്‍ക്കെങ്കിലും ഇതുപോലുള്ള ഓഫീസുകളില്‍ കയറാന്‍ ശ്രമിച്ചാലെന്ത്? അത് പറയുമ്പോള്‍ പലര്‍ക്കും ഒരുതരം നിസ്സാരവത്കരണമാണ്!'' വികസനത്തിനു വേണ്ടിയുള്ള കോടികളുടെ ഫണ്ടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ഗവണ്‍മെന്റ് പാസാക്കുന്ന അധികാര വികേന്ദ്രീകരണത്തിന്റെ കാലമാണിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍, സംഘടനകള്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ച് ചെയ്യുന്നതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. മാത്രമല്ല, മൂല്യബോധമുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയെന്നത് ഏറ്റവും വലിയ അഴിമതിവിരുദ്ധ സമരമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. കേരളത്തില്‍ സ്വന്തമായി പറയത്തക്ക ഒരു മാധ്യമം പോലും ഇല്ലാത്ത കാവി രാഷ്ട്രീയം, മീഡിയാ രംഗത്ത് നിറസാന്നിധ്യമാകുന്നത് എങ്ങനെയാണെന്നും ചിന്തിക്കുക. ലോകതലത്തില്‍ ജൂത ലോബിയും തഥാ. കൃത്യമായ ആസൂത്രണമുണ്ട് ഇതിന്റെയെല്ലാം പിന്നില്‍.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച സൈദ്ധാന്തിക ചര്‍ച്ചകളുണ്ടെങ്കിലും പ്രായോഗിക ലക്ഷ്യനിര്‍ണയത്തില്‍ മുസ്‌ലിം സമൂഹം ഏറെ പിന്നിലാണ്. ഇന്ന് നടക്കുന്ന സംഭവത്തെക്കുറിച്ച് നാളെ യോഗം ചേര്‍ന്ന് മറ്റന്നാള്‍ പ്രതികരണക്കുറിപ്പിറക്കുന്നതിനപ്പുറം, 15-20 വര്‍ഷമെങ്കിലും മുമ്പില്‍ കണ്ട് ആസൂത്രണം ചെയ്യപ്പെട്ട ദീര്‍ഘകാല പദ്ധതികള്‍ മുസ്‌ലിം സമൂഹത്തിന്റെ കൈയില്‍ എത്രയുണ്ട്? ആസൂത്രണമില്ലാത്ത ആള്‍ക്കൂട്ടം എന്ന മുസ്‌ലിം സമുദായത്തെക്കുറിച്ച വിമര്‍ശം വലിയൊരളവോളം ശരിയാണ്.
വിദ്യാഭ്യാസ മുന്നേറ്റത്തിന്റേതായ ഒഴുക്കില്‍ പലരും വളര്‍ച്ച നേടുന്നുണ്ട്. എന്നാല്‍, വരണ്ടുണങ്ങിയ ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ആദ്യ ഘട്ടത്തില്‍ എല്ലായിടത്തുമെത്തിക്കഴിഞ്ഞാല്‍ പിന്നെ തടകെട്ടി നിയന്ത്രിച്ച് ആവശ്യാനുസാരം വഴിതിരിച്ചുവിടണം. മുസ്‌ലിം വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ അടിയന്തരാവശ്യങ്ങളിലൊന്നാണിത്. പ്രാദേശിക മഹല്ലു തലം മുതല്‍ സംസ്ഥാന തലം വരെയും തുടര്‍ന്ന് അഖിലേന്ത്യാ തലത്തിലും കൃത്യമായ ആസൂത്രണത്തോടെ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ പദ്ധതികളുണ്ടാകണം. ടാലന്റ് സെര്‍ച്ച് പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതോടൊപ്പം, അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് പ്രധാനം എന്ന് തിരിച്ചറിയണം. ഏഴു മുതല്‍ 12 വരെ ക്ലാസ്സുകളിലെ മിടുക്കന്മാരെ തെരഞ്ഞെടുത്ത് അഭിരുചികള്‍ തിരിച്ചറിഞ്ഞ് ലക്ഷ്യം നിര്‍ണയിച്ച് അവരെ വളര്‍ത്തിക്കൊണ്ടുവരണം. ഏതെങ്കിലുമൊരു മേഖലയില്‍ അവരെ പ്രഗത്ഭരാക്കണം. മത നേതൃത്വ വൃത്തത്തിനപ്പുറം ഉന്നത വിദ്യാഭ്യാസം നേടിയ, അനുഭവ സമ്പത്തുള്ളവരുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപപ്പെട്ടുവരേണ്ടതുണ്ട്. കഴിവുറ്റ അത്തരം വ്യക്തിത്വങ്ങള്‍ സമുദായത്തിനകത്തുണ്ടെങ്കിലും പലപ്പോഴും അവരല്ല മുഖ്യധാരാ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്തുന്നതും നയിക്കുന്നതും. ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുനരാലോചനകളും നടക്കേണ്ടതുണ്ട്.
Comments