കിതാബുല്‍ മനാളിര്‍ പ്രകാശത്തിന്റെ ആയിരം സംവത്സരങ്ങള്‍
പഴയ ആറാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ 'ഇസ്‌ലാം ലോകത്തിനു നല്‍കിയ സംഭാവനകള്‍' എന്ന തലക്കെട്ടില്‍ പഠിച്ച പാഠങ്ങള്‍ ഇടയ്ക്കിടെ ഓര്‍മയില്‍ വരാറുണ്ട്. ജ്യാമിതി, ഗോളശാസ്ത്രം, വാസ്തുശില്‍പം, രസതന്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിലെ സംഭാവനകള്‍ക്കൊപ്പം വൈദ്യശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ കൂടുതലായി വിവരിച്ചിരുന്നു. പ്രീഡിഗ്രി കാലത്തിനു ശേഷം റഷ്യയില്‍ നിന്നുള്ള ചില ശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് ഗണിതശാസ്ത്രത്തിനു മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന കാലത്ത് BASIC ക്ലാസ്സില്‍ അധ്യാപകനായ അജിത് സാറിന്റെ ചോദ്യം: ''Prime Numbers in Mathematics (ഗണിതത്തിലെ പ്രാഥമിക അക്കങ്ങള്‍ 1 മുതല്‍ 0 വരെ 1,2,3,4,5,6,7,8,9,0) കണ്ടെത്തിയതാരാണ്?'' എല്ലാവരും മിഴിച്ചിരിക്കുമ്പോള്‍ അദ്ദേഹം തന്നെ ഉത്തരവും പറഞ്ഞു: ''അല്‍ ഖവാരിസ്മി. അല്‍ ജബര്‍ അല്‍ ഖവാരിസ്മി എന്ന് മുഴുവന്‍ പേര്.'' ഇദ്ദേഹം തന്നെയാണ് അള്‍ജിബ്ര (ബീജഗണിതം) കണ്ടെത്തിയതെന്നും പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഗണിതശാസ്ത്ര അക്കങ്ങളെ സംബന്ധിച്ചു വന്ന ലേഖനത്തില്‍ വിവിധ ഭാഷകളിലെ അക്കങ്ങളെ കുറിച്ച് പറഞ്ഞതിനൊപ്പം അവയുടെ ഒരു പട്ടികയും ഉള്‍പ്പെടുത്തിയിരുന്നു. റോമന്‍ അക്കങ്ങള്‍ക്കു I, II, III, IV, V, VI, VII, VIII, IX, X എന്നും, ഈ അക്ക ക്രമത്തിന് (1,2,3,4,5,6,7,8,9,0) ആധുനിക അറബി അക്കങ്ങള്‍ എന്നും രേഖപ്പെടുത്തിയ പട്ടിക കണ്ടപ്പോള്‍ വിസ്മയവും സന്തോഷവും അനുഭവിച്ചു.
യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പ് ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നത് അറേബ്യയിലെ മസ്ജിദുകളായിരുന്നു. മസ്ജിദുകളും കലാലയങ്ങളും ഗ്രന്ഥശാലകളും നിറഞ്ഞു നിന്ന ചിന്തയും ഗവേഷണവും കൊണ്ട് പ്രഭ ചൊരിയുന്ന ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ കാലമായിരുന്നു 9-13 നൂറ്റാണ്ടുകള്‍. ഈ നാഗരികതയില്‍ ലോകത്ത് എഴുന്നേറ്റുനിന്ന ശാസ്ത്രപടുക്കളായിരുന്നു അല്‍ ഖവാരിസ്മി, ഇബ്‌നുസീന (അവിസെന്ന), അല്‍ബത്താനി, ഇബ്‌നുറുഷ്ദ് (അവറോസ്), ഇബ്‌നുല്‍ ഹൈതം തുടങ്ങിയവര്‍.
ഐക്യരാഷ്ട്ര പൊതുസഭ 2015-നെ അന്താരാഷ്ട്ര പ്രകാശ സംവത്സര (International Year of Light - IYL 2015) മായി ആചരിക്കുകയാണ്. അറബ് ഇസ്‌ലാമിക ശാസ്ത്രജ്ഞനായ ഇബ്‌നുല്‍ ഹൈതമിന്റെ 'കിതാബുല്‍ മനാളിറി' (പ്രകാശ പുസ്തകം)ന് 1000 വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ചാണ് 2015 അന്താരാഷ്ട്ര പ്രകാശ സംവത്സരമായി ആഘോഷിക്കുന്നത്. ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. പൗരാണികതയുടെ ഓര്‍മയുണര്‍ത്താന്‍, കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ അന്ധകാരാവൃതമായ സാമൂഹിക ജീവിതത്തിന്റെ അടരുകളിലേക്ക് വിജ്ഞാനത്തിന്റെ കൊള്ളിമീനുകള്‍ കൊളുത്തിവിട്ട ദാര്‍ശനിക സംസ്‌കാരത്തിന്റെ പിറവി തിരിച്ചറിയാന്‍ ഈ വര്‍ഷാചരണം സഹായകമാകും.
ഇബ്‌നുല്‍ ഹൈതം ആദ്യത്തെ ശാസ്ത്രജ്ഞന്‍
അബു അലി അല്‍ഹസന്‍ ഇബ്‌നുല്‍ ഹൈതം എന്നാണ് മുഴുവന്‍ പേര്. ഗണിതം, ഭൗതിക ശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം ക്രി. 965-ല്‍ ഇറാഖിലെ ബസറയിലാണ് ജനിച്ചത്. ക്രി. 1040-ല്‍ ഈജിപ്തിലെ കയ്‌റോയില്‍ അന്തരിച്ചു.
നൈല്‍ നദിയിലെ വെള്ളപ്പൊക്ക പ്രശ്‌ന നിവാരണത്തിന് ഡാം പദ്ധതിയുമായി കയ്‌റോയിലെത്തിയ അദ്ദേഹം പ്രശസ്തമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസമാക്കി. എന്നാല്‍ ഡാം പദ്ധതിയിലെ ചെറിയ സാങ്കേതിക പിഴവുമൂലം ഫാത്വിമി ഭരണത്തിനു കീഴിലുള്ള ഹാകിം അദ്ദേഹത്തിന് ജയില്‍ശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയെങ്കിലും തടങ്കലിലായ അദ്ദേഹത്തെ പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റി. തടങ്കല്‍ കാലയളവില്‍ പകര്‍ത്തെഴുതിയും മറ്റുള്ളവരെ പഠിപ്പിച്ചുമാണ് വരുമാനം കണ്ടെത്തിയത്. ഈ കാലത്തു തന്നെയാണ് മാസ്റ്റര്‍പീസായ കിതാബുല്‍ മനാളിറിന്റെ രചന.
കാടുകയറിയ ചിന്തകളും അനുമാനങ്ങളും വെറും ഊഹങ്ങളും ശാസ്ത്രമായി കൊണ്ടുനടന്ന ഒരു കാലത്ത് ഇസ്‌ലാമിക പ്രമാണം മുന്നോട്ടുവെക്കുന്ന 'നിരീക്ഷണവും പരീക്ഷണവും' (Observation and Experiment) അടിസ്ഥാനമാക്കി കണ്ടെത്തലുകള്‍ക്ക് തുടക്കമിട്ട ശാസ്ത്ര പ്രതിഭയായിരുന്നു ഇബ്‌നുല്‍ ഹൈതം. ശാസ്ത്രത്തിനടിസ്ഥാനമായി 'നിരീക്ഷണവും പരീക്ഷണവും' സംഭാവന ചെയ്ത ഇദ്ദേഹമാണ് ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍. ലാറ്റിന്‍വത്കരിച്ച് അല്‍ഹാസന്‍ (Alhazen) എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന പരിമിതമായ പരീക്ഷണ സൗകര്യങ്ങളുടെ ഞെരുക്കത്തില്‍ പ്രകാശം എന്ന പ്രതിഭാസത്തെ പരീക്ഷിച്ചറിഞ്ഞ് കനപ്പെട്ട രേഖകളാക്കി ലോകത്തിനു നല്‍കുമ്പോള്‍ പ്രകാശ പഠന ശാസ്ത്രത്തിന്റെ (Optics) പിതാവായി അദ്ദേഹം മാറുകയായിരുന്നു.
കിതാബുല്‍ മനാളിറിന്റെ ആയിരം വര്‍ഷങ്ങള്‍
ഇബ്‌നുല്‍ ഹൈതം ക്രി. 1015-ല്‍ ഏഴു വാള്യങ്ങളിലായി എഴുതിയ കിതാബുല്‍ മനാളിര്‍ പ്രകാശത്തെ സംബന്ധിച്ച സവിസ്തര ഗ്രന്ഥമാണ്. ഇതിന്റെ ആദ്യ വാള്യങ്ങളില്‍ 'കാഴ്ച' എന്ന പ്രതിഭാസത്തെ വിശദമാക്കുന്നു. കണ്ണില്‍ നിന്ന് പുറപ്പെടുന്ന ഏതാനും രശ്മികള്‍ ഒന്നില്‍ പതിയുമ്പോള്‍ ആ വസ്തു കാഴ്ചയായി അനുഭവപ്പെടുന്നുവെന്ന അരിസ്‌റ്റോട്ടില്‍ മുതലിങ്ങോട്ടുള്ളവര്‍ തുടര്‍ന്നു വന്ന ഊഹത്തെ നിരാകരിച്ചുകൊണ്ട് ഒരു പുതിയ തത്ത്വം അദ്ദേഹം ആവിഷ്‌കരിച്ചു. ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോഴാണ് 'കാഴ്ച' എന്ന അനുഭവമുണ്ടാകുന്നതെന്ന് 'പ്രകാശത്തിന്റെ പ്രതിഫലനം' ( Reflection) എന്ന സിദ്ധാന്തത്തിലൂടെ അദ്ദേഹം തെളിയിച്ചതോടെ പാരമ്പര്യ 'ശാസ്ത്ര'ത്തിന്റെ ഇരുണ്ട ഗര്‍ത്തങ്ങള്‍ പ്രകാശമാനമായി. നിഴലുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം സൂര്യഗ്രഹണത്തിന്റെയും ചന്ദ്രഗ്രഹണത്തിന്റെയും ശാസ്ത്രീയ അടിത്തറകള്‍ കണ്ടെത്തുന്നതിന് സഹായകമായി. ഉദിച്ചുയരുന്ന ചന്ദ്രബിംബം സാധാരണയില്‍ കവിഞ്ഞ വലുപ്പമുള്ളതായി തോന്നുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അപവര്‍ത്തനം (Refraction) എന്ന പ്രകാശ പ്രതിഭാസത്തെയും മഴവില്ലുണ്ടാകുന്നതിനെ കുറിച്ചുള്ള പഠനം പ്രകീര്‍ണനം (Dispersion) എന്ന പ്രതിഭാസത്തെയും കണ്ടെത്തുന്നതിന് വഴിവെച്ചു. ലെന്‍സും പ്രിസവും ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഇബ്‌നുല്‍ ഹൈതം നടത്തിയിരുന്നു. അവതലദര്‍പ്പണത്തിലെ പ്രകാശ പ്രതിഫലനത്തെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. എന്നാല്‍ പ്രകാശത്തിന്റെ പ്രതിഫലനം, അപവര്‍ത്തനം, പ്രകീര്‍ണനം എന്നീ പ്രതിഭാസങ്ങള്‍ ഇന്ന് മറ്റു പലരുടെയും പേരിലാണ് അറിയപ്പെടുന്നത്. പ്രകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളെല്ലാം കിതാബുല്‍ മനാളിറിന്റെ 4 മുതല്‍ 7 വരെയുള്ള വാള്യങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. വൈദ്യശാസ്ത്രരംഗത്ത് ഇബ്‌നു സീനയുടെ 'ഖാനൂനുത്ത്വിബ്ബ്' (വൈദ്യശാസ്ത്ര നിയമങ്ങള്‍) അടിസ്ഥാന ഗ്രന്ഥമായി എന്നതുപോലെ പ്രകാശ പഠനത്തില്‍ കിതാബുല്‍ മനാളിര്‍ ആയിരം വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നു.
അരിസ്‌റ്റോട്ടില്‍, ഗാലന്‍ തുടങ്ങിയവരുടെ ചിന്തകളില്‍ നിന്നും വ്യത്യസ്തമായി ടോളമിയുടെ ചിന്തകളെ ശ്രദ്ധിച്ച അദ്ദേഹം രണ്ടാം നൂറ്റാണ്ടില്‍ ടോളമി സൂചിപ്പിച്ച പല നിഗമനങ്ങളെയും ശാസ്ത്രീയമായ അടിത്തറകളില്‍ യാഥാര്‍ഥ്യമാക്കി എന്നതിനാല്‍ മധ്യകാല യൂറോപ്പ് അദ്ദേഹത്തെ രണ്ടാം ടോളമി എന്ന് വിശേഷിപ്പിച്ചു. യുക്ലിഡിന്റെ അതിസങ്കീര്‍ണ നിഗമനങ്ങളെ തിരുത്തി ശാസ്ത്രത്തിനു പുതുവെളിച്ചം നല്‍കിയത് ഹൈതം ആയിരുന്നു. അല്‍ ബസ്വരി എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്്.
ഹൈതമിന്റെ ദര്‍ശനം
തന്റെ ചിന്തയെകുറിച്ച് ഹൈതം പറയുന്നു: ''ബുദ്ധിപരമായ അറിവിനുള്ള പക്വതയെത്തിയപ്പോള്‍, സത്യം ഒന്നേ ഉണ്ടാകാവൂ എന്ന ബോധ്യത്തില്‍ അതിലേക്കെത്തിച്ചേരാനുള്ള പാതയില്‍ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അല്ലാഹുവിനെ ഭയെപ്പട്ടും അനുസരിച്ചും, അവന്റെ പ്രീതിയും സാമീപ്യവും നേടാനുള്ള ചിന്താരീതിയിലേക്ക് ഞാന്‍ എന്റെ ധിഷണയെ തിരിച്ചുവിട്ടു. മനുഷ്യന്് ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള ഉദാത്ത മാര്‍ഗം സത്യം കണ്ടെത്താനും വിജ്ഞാനം കരസ്ഥമാക്കാനുമായി പ്രയത്‌നിക്കുക എന്നതാണ്.'' വിജ്ഞാനത്തെ മഹത്തരമാക്കുന്ന ഹൈതമിന്റെ ഈ നയമാണ് ശാസ്ത്ര പഠനങ്ങളെ അവയുടെ വസ്തുനിഷ്ഠതയിലേക്ക് നയിച്ചത്. അരിസേ്റ്റാട്ടിലിന്റെ തര്‍ക്കശാസ്ത്രം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചിട്ടും സത്യാന്വേഷണ പാതയില്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതെ വന്നപ്പോള്‍, സഹായത്തിനെത്തിയത് തത്ത്വശാസ്ത്രത്തിന്റെ പുതിയ വ്യാഖ്യാന രീതികളായിരുന്നു. അക്കാലത്ത് ഫിലോസഫിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന ഗണിതം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നീ മൂന്നു ശാസ്ത്ര സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട എല്ലാ ശാഖകളും അദ്ദേഹം പഠിച്ചിരുന്നു. 'സത്യം അറിയുക; നീതി പ്രവര്‍ത്തിക്കുക' എന്ന അടിസ്ഥാനത്തില്‍ മതത്തെയും ഭൗതികതയെയും സമന്വയിപ്പിച്ച് മറ്റു തത്ത്വശാസ്ത്രകാരന്മാരില്‍നിന്ന് വ്യത്യസ്തനാവാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രധാന പ്രവര്‍ത്തനങ്ങള്‍
1996-ല്‍ പ്രസിദ്ധീകരിച്ച തന്റെ പ്രബന്ധത്തില്‍ ഇയാന്‍ പി ഹവാര്‍ഡ് (Ian P Howard), പടിഞ്ഞാറ് എഴുത്തുതുടങ്ങുന്നതിന് വളരെ മുമ്പേ ഹൈതമിന്റെ ധാരാളം കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിന് നേട്ടമായെത്തിയെന്ന് രേഖപ്പെടുത്തുന്നുണ്ട്. ശാസ്ത്രപഠനവും വിജ്ഞാനവും ഉന്നതിയിലേക്കെത്തിയത് ഇബ്‌നുല്‍ ഹൈതമിന്റെ പ്രവര്‍ത്തനം വഴിയാണെന്ന് ഗിബ്ബണും പറയുന്നു. പ്രകാശത്തെക്കുറിച്ച ഹൈതമിന്റെ കണ്ടെത്തലുകള്‍ നിലവിലുണ്ടായിരുന്ന ഗ്രീക്കുശാസ്ത്രകാരന്മാരുടെ അബദ്ധധാരണകളെ തിരുത്തി. പ്രകാശത്തിന്റെ രഹസ്യം, കണ്ണിന്റെ കാഴ്ച, കണ്ണില്‍ പതിക്കുന്ന പ്രതിബിംബം, കണ്ണിന്റെ ശസ്ത്രക്രിയ എന്നീ വിഷയങ്ങളിലുള്ള ഹൈതമിന്റെ തത്ത്വങ്ങളാണ് ആധുനിക ശാസ്ത്ര വിജ്ഞാനത്തിനു വഴിതെളിയിച്ചത്. കാഴ്ചവ്യവസ്ഥ, പ്രതിബിംബതത്ത്വം, ബൈനോക്കുലറിന്റെ പ്രവര്‍ത്തനം, ഗണിതശാസ്ത്രം, കോസ്‌മോളജി (പ്രപഞ്ചശാസ്ത്ര പഠനം), മെട്രോളജി എന്നിവക്ക് ലോകം ഇബ്‌നുല്‍ ഹൈതമിനോട് കടപ്പെട്ടിരിക്കുന്നു. ദര്‍ശനശാസ്ത്രം, ലെന്‍സ്, കണ്ണാടി തുടങ്ങിയ വിഷയങ്ങളില്‍ റോബര്‍ട്ട് ജോസ്തസ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചത് ഹൈതമിന്റെ ഗ്രന്ഥത്തെ അവലംബിച്ചാണെന്ന് പാശ്ചാത്യ ഗവേഷകര്‍ ഇന്ന് തുറന്ന് പറയുന്നുണ്ട്.
കണ്ണിന്റെ കാഴ്ച വ്യവസ്ഥ, അനാട്ടമി, ഫിസിയോളജി എന്നിവയെ സംബന്ധിച്ച് വിശദമായി പഠിച്ച് ശാസ്ത്രത്തില്‍ മുമ്പേതന്നെ ഇബ്‌നുല്‍ ഹൈതം സ്ഥാനം നേടിയിരുന്നുവെന്നതിന്റെ നിദര്‍ശനമാണ് ഈ പ്രഖ്യാപനങ്ങള്‍.
ഗണിതശാസ്ത്രത്തില്‍ സംഖ്യാശാസ്ത്രം, ജ്യോമട്രി എന്നിവയില്‍ ബൃഹത്തായ പഠനവും ഇബ്‌നുല്‍ ഹൈതം നടത്തിയിട്ടുണ്ട്. ജ്യോമട്രിയും ലോജിക്കും ചേര്‍ത്തുള്ള പുതിയ പഠനത്തിനു തുടക്കമിട്ടതും അദ്ദേഹം തന്നെ. അനലറ്റിക്കല്‍ ജ്യോമട്രിയുടെ വികാസത്തിന് കടപ്പെട്ടിരിക്കുന്നതും അദ്ദേഹത്തോടാണ്. സമാന്തര രേഖകളെകുറിച്ചുള്ള പഠനത്തോടൊപ്പം പരാബോളയുടെ വ്യാപ്തം കണക്കാക്കുന്നതിനും ഗോളത്തിന്റെ ഉപരിതലവിസ്തൃതി അളക്കുന്നതിനുമുള്ള നിയമങ്ങളും ആവിഷ്‌കരിച്ചുകൊണ്ടുള്ള അളവറ്റ സംഭാവനകള്‍ അദ്ദേഹം ഗണിതശാസ്ത്രത്തിനു നല്‍കിയിട്ടുണ്ട്. ഹല്ലു ശുകൂക് ഫി കിതാബി ഇഖ്‌ലിദിസ് (Solution of the Difficulties of Euclids Elements) എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുല്‍ ഹൈതം, യുക്ലിഡ്‌സ് തിയറം പഠനവിധേയമാക്കി അതിലെ ദുര്‍ഗ്രാഹ്യത ഒഴിവാക്കുകയും പരോക്ഷ തെളിവുകള്‍ക്കു പകരം പ്രത്യക്ഷ തെളിവുകള്‍ നല്‍കി ബദല്‍ നിര്‍മിതി ആവിഷ്‌കരിച്ചിരിക്കുകയും ചെയ്തു. ഇതിലൂടെ ഗണിത ശാസ്ത്രത്തിലെ ധാരാളം സങ്കീര്‍ണതകള്‍ ലളിതവത്കരിക്കാന്‍ സാധിച്ചു.
ഗോളശാസ്ത്രത്തിലും അദ്ദേഹം ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇബ്‌നുല്‍ ഹൈതമിന്റെ ആസ്‌ട്രോണമി പഠനം ഹയാത്തുല്‍ ആലം (On the Configuration of the World) എന്ന ഗ്രന്ഥത്തില്‍, നക്ഷത്രങ്ങളുടെ സഞ്ചാരവും മറ്റും അദ്ദേഹം വിശദമാക്കുന്നുണ്ട്. വാല്‍ നക്ഷത്രങ്ങളെക്കുറിച്ച് അരിസ്‌റ്റോട്ടിലും പിന്നീട് ക്രൈസ്തവ ലോകവും വെച്ചുപുലര്‍ത്തിയിരുന്ന അബദ്ധ ധാരണകളെ തിരുത്തി ശാസ്ത്രീയമായ കൃത്യത നല്‍കിയത് ഇബ്‌നുല്‍ ഹൈതമും മധ്യകാല മുസ്‌ലിം ശാസ്ത്രജ്ഞരുമാണ്. ഹൈതമിന്റെ പ്രപഞ്ചശാസ്ത്ര (Cosmology) വിജ്ഞാനത്തിലുളള മികവിന്റെ പ്രതീകമായി ചന്ദ്രനിലെ ഒരു കേറ്ററിന് The Cater Alhazen എന്നും ചെറുഗ്രഹത്തിന് Asteroid 59239 Alhazen എന്നും പേരുകള്‍ നല്‍കി ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ തന്നെ ഹൈതമിന്റെ പ്രപഞ്ചശാസ്ത്ര (Cosmology) ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ - ഹിബ്രു ഭാഷകളിലേക്കും മറ്റിതര ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും വിവിധ പാശ്ചാത്യ ശാസ്ത്രകാരന്മാരെ സ്വാധീനിക്കുകയും ചെയതിട്ടുണ്ട്.
പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നുവെന്ന് ആദ്യമായി കണ്ടെത്തിയതും ഇബ്‌നുല്‍ ഹൈതമാണ്. സൈക്കോളജിയുടെ പ്രധാന ശാഖയായ Psycho physics-ന്റെ സ്ഥാപകനായും അദ്ദേഹം അറിയപ്പെടുന്നു. 13-ാം നൂറ്റാണ്ടില്‍ കിതാബുല്‍ മനാളിര്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം നടന്നപ്പോള്‍ അത് കത്തോലിക്കാ യൂറോപ്പിലെ പണ്ഡിതന്മാരെ വളരെയേറെ സ്വാധീനിച്ചു. റോജര്‍ ബേക്കണ്‍, കെപ്‌ളര്‍, റോബര്‍ട്ട് ഗ്രസ്റ്റസ്റ്റ്, ലിയനാര്‍ഡോ ഡാവിഞ്ചി, ഗലീലിയോ ഗലീലി, ക്രിസ്റ്റ്യന്‍ ഹൈജീന്‍സ് എന്നിവര്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ട ശാസ്ത്ര പടുക്കളാണ്. 1600-ല്‍ ന്യൂട്ടന്റേതായ ഗുരുത്വാകര്‍ഷണനിയമം 600 വര്‍ഷം മുമ്പ് ഹൈതം തെളിയിച്ചിട്ടുള്ളതാണ്. ഐസക് ന്യൂട്ടണിന് ഏഴു നൂറ്റാണ്ടു മുമ്പുതന്നെ ന്യൂട്ടണ്‍ ഉപയോഗിച്ചതുപോലുള്ള ലെന്‍സും പ്രിസവുമെല്ലാം ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി പ്രകാശ ശാസ്ത്രത്തെ സംബന്ധിച്ച തെറ്റായ നിഗമനങ്ങള്‍ തിരുത്തി ശാസ്ത്രപഠനത്തിന് അടിത്തറയിട്ട ആദ്യത്തെ ശാസ്ത്രജ്ഞനെന്ന ഖ്യാതി നേടിയെങ്കിലും ഹൈതം എവിടെയും പരാമര്‍ശിക്കപ്പെടാതെ പോയി. ഇന്നും പ്രകാശ ശാസ്ത്രത്തിന്റെ പിതാവായി ഐസക് ന്യൂട്ടണ്‍ തന്നെ എണ്ണപ്പെടുന്നത്, വൈദ്യശാസ്ത്രത്തിന്റെ പിതാവ് അവിസെന്നയാകാതെ ഹിപ്പോക്രാറ്റസ് ആയി മാറിയതിനെക്കാള്‍ ദുഃഖകരമെന്ന് പറയാതെ വയ്യ.
ഇരുനൂറോളം ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇബ്‌നുല്‍ ഹൈതം. 13-ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് മൊഴിമാറ്റിയ Book of Optics (കിതാബുല്‍ മനാളിര്‍)ന്റെ പ്രിന്റിംഗ് 1572-ല്‍ ഫെഡ്രിച്ച് റിസ്‌നര്‍ ആണ് നിര്‍വഹിച്ചത്. നൂറോളം ഗ്രന്ഥങ്ങളാണ് ഇതുവരെ ശേഖരിക്കപ്പെട്ടിട്ടുളളത്. ജ്യോമട്രിക് വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കൃതി 1834-ല്‍ E A Sedillot കണ്ടെത്തി. പാരിസിലെ നാഷണല്‍ ബിബ്ലിയോത്തിക് ലൈബ്രറിയിലും വിവിധ വിഷയങ്ങളില്‍ A. Mark Smith കണ്ടെത്തിയ 18 പൂര്‍ണ കൈയെഴുത്തു പ്രതികള്‍ ഓക്‌സ്‌ഫോര്‍ഡിലെ ബോഡ്‌ലിയന്‍ ലൈബ്രറിയിലും സൂക്ഷിച്ചിരിക്കുന്നു. അറിവായതും ശേഖരിക്കപ്പെട്ടതുമായ ഹൈതമിന്റെ നൂറോളം പുസ്തകങ്ങളില്‍ പകുതിയോളം ഗണിതശാസ്ത്ര ഗ്രന്ഥങ്ങളാണ്. 23 എണ്ണം ആസ്‌ട്രോണമി ഗ്രന്ഥങ്ങളൂം 14 എണ്ണം പ്രകാശ ശാസ്ത്ര (Optics) ഗ്രന്ഥങ്ങളും ബാക്കിയുള്ളവ ഇതര വിഷയങ്ങളിലെ ഗ്രന്ഥങ്ങളും.
സത്യവും നീതിയും ഉള്‍ക്കൊണ്ടുള്ള ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും പുനരാവിഷ്‌കാരം സാധ്യമാക്കാന്‍ ഇബ്‌നുല്‍ ഹൈതം നമുക്ക് പ്രേരണയാകുമ്പോള്‍ 'ന്റുപ്പാപ്പക്കൊരാനുണ്ടേര്‍ന്നു' എന്ന വീമ്പു പറച്ചിലുകള്‍ക്കപ്പുറം അതൊരു കുഴിയാനയല്ല കൊമ്പനാന തന്നെയായിരുന്നു, അതിനെ ഇനിയും മെരുക്കി കൈപ്പിടിയിലൊതുക്കണമെന്ന ഉയര്‍ന്ന ബോധത്തിലേക്ക് ഈ പ്രകാശ വര്‍ഷാചരണം കാരണമാകുമെന്ന് നമുക്ക് പ്രത്യാശിക്കാമോ? ശാസ്ത്രവും സാങ്കേതികവിദ്യയും സാഹിത്യവും കലയും ധാര്‍മികാടിത്തറയില്‍ പുനരാവിഷ്‌കരിച്ച് ലോകത്തിന് നന്മയും ശാന്തിയും പകരുന്നതാക്കി മാറ്റാന്‍ നമുക്ക് സാധിച്ചാല്‍ ആധുനിക കാലത്ത് ഇബ്‌നുല്‍ ഹൈതമും ഇബ്‌നുസീനയും ഇബ്‌നുറുഷ്ദും ഖവാരിസ്മിയും പുനര്‍ജനിക്കുമെന്നും വംശീയതയില്‍ നിന്ന് മുക്തമായ ഒരു ലോകം സാധ്യമാകുമെന്നും പ്രകാശ വര്‍ഷങ്ങളോളം അത് പ്രതിഫലിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
Comments