സംഗമം സഹകരണ മേഖലയിലെ നവാഗതന്‍
സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഒരു ധനകാര്യസ്ഥാപനമാണ്. പലരും കാണുന്നതുപോലെ ഇത് ഏതെങ്കിലും വിഭാഗത്തെ മാത്രം സാമ്പത്തികമായി സഹായിക്കാനുള്ള സ്ഥാപനമല്ല. ഏത് മതസ്ഥനും ഈ സ്ഥാപനത്തിന്റെ ലോണ്‍ സ്വീകരിക്കാം, ഡെപ്പോസിറ്റ് നല്‍കാം, ഷെയര്‍ എടുക്കാം. ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, മയക്കുമരുന്ന് എന്നിവക്ക് വേണ്ടിയോ, അശ്ലീല വിനോദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ സ്ഥാപനം സഹായം നല്‍കുകയില്ല. സൊസൈറ്റിയില്‍ ഷെയര്‍, ഡെപ്പോസിറ്റ് നല്‍കാന്‍ തയാറുള്ള ഏത് മതസ്ഥനും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നതിനും തടസ്സമില്ല.
മൈക്രോഫിനാന്‍സ് സംരംഭങ്ങളിലൂടെ സാമ്പത്തിക സുസ്ഥിരതയും സമഗ്ര വികസനവും കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ ഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന് രൂപം കൊടുത്തിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന പരിധിയിലുള്ള സഹകരണസ്ഥാപനങ്ങള്‍ക്ക് ബാധകമായ 2002ലെ മള്‍ട്ടിസ്റ്റേറ്റ് സഹകരണ നിയമത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണിത്. സംഗമത്തിന്റെ പ്രവര്‍ത്തന മേഖല കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളാണ്. സാമ്പത്തിക രംഗത്തെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരന് ആശ്വാസം നല്‍കലാണ് മുഖ്യ ദൗത്യം. അതിനാല്‍തന്നെ നിരവധി നിക്ഷേപ-പങ്കാളിത്ത സേവനങ്ങള്‍ സംഗമം വിഭാവനം ചെയ്യുന്നു.
വേള്‍ഡ് ബാങ്ക് പുറത്തിറക്കിയ 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് - 2014' അനുസരിച്ച്, ഇന്ത്യയില്‍ 53.2% ആളുകള്‍ക്ക് മാത്രമാണ് സാമ്പത്തിക സ്ഥാപനങ്ങളില്‍ അക്കൗണ്ടുള്ളത്. അഥവാ, സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും 47% ത്തോളം ആളുകള്‍ ഇപ്പോഴും സാമ്പത്തികമായി ബഹിഷ്‌കൃതരാണ്. മൈക്രോഫിനാന്‍സ് സംവിധാനത്തിലൂടെ ഈ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, അടുത്ത കാലത്തായി നിരവധി ഏജന്‍സികളും സ്വയംസന്നദ്ധസ്ഥാപനങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ബാങ്കുകളേക്കാള്‍ വളരെ കൂടിയ പലിശനിരക്ക് ഈടാക്കുക വഴി, അവ വിപരീതഫലമാണ് സൃഷ്ടിച്ചത്. മാത്രമല്ല നിലവിലെ മൈക്രോഫിനാന്‍സ് സംരംഭങ്ങളുടെ പ്രവര്‍ത്തന രീതി പോലെ, കേവലം കടങ്ങള്‍-ക്രെഡിറ്റ് നല്‍കുന്നതിലൂടെ മാത്രം പിന്നാക്ക ജനവിഭാഗങ്ങളെ സാമ്പത്തികമായി മുഖ്യധാരയിലെത്തിക്കുവാന്‍ സാധിക്കുകയില്ല. തങ്ങള്‍ക്ക് ലഭിക്കുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ക്കുപുറമേ, സേവിങ്‌സിനും ഇന്‍വെസ്റ്റ്‌മെന്റിനുമുള്ള സൗകര്യവും അവസരവും അവര്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സാമ്പത്തിക സ്വാശ്രയത്വം നേടിയെടുക്കാന്‍ സാധിക്കൂ.
മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് സ്വപ്നമാണ് സംഗമം പൂര്‍ത്തീകരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിപുലമായ സൗകര്യമൊരുക്കി ചെറുകിട തൊഴില്‍ സേവന പദ്ധതികളിലൂടെ വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും സ്വയം പര്യാപ്തരാക്കാനാണ് സംഗമം ശ്രമിക്കുന്നത്. ഓഹരി മൂലധനത്തോടൊപ്പം അംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ കൂടി ചേര്‍ന്നതാണ് സംഗമത്തിന്റെ പ്രവര്‍ത്തന മൂലധനം. ഈ തുക അവരുടെ തന്നെ വിവിധ തൊഴില്‍-വ്യാപാര സംരംഭങ്ങളില്‍ ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വിനിയോഗിച്ച്, അതില്‍നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം നിക്ഷേപകരുമായി പങ്കുവെക്കുകയെന്നതാണ് പ്രവര്‍ത്തന രീതി. ഇതുവഴി സംരംഭകത്വ പ്രോത്സാഹനവും സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും ലക്ഷ്യമിടുന്നു.
ഓഹരികള്‍ വഴിയാണ് സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക. ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന 20 അംഗങ്ങളും മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അംഗങ്ങള്‍ സമര്‍പ്പിക്കുന്ന സംരംഭകപദ്ധതികള്‍ സാധ്യതാപഠനത്തിനും സൂക്ഷ്മപരിശോധനക്കും വിധേയമാക്കിയാണ് സാമ്പത്തിക സഹായം അനുവദിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പരിജ്ഞാനവും നല്‍കി അവയുടെ വിജയ സാധ്യത ഉറപ്പുവരുത്തും. സേവനങ്ങള്‍ ബ്രാഞ്ച് വഴിയായിരിക്കും നല്‍കുക. ബ്രാഞ്ചുകളിലൂടെ പരമാവധി ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ട്. ബ്രാഞ്ചുകളുടെ കാര്യക്ഷമത ഹെഡ്ഓഫിസ് ഉറപ്പുവരുത്തുകയും അവയുടെ മേല്‍നോട്ടത്തിന് പ്രാദേശിക കമ്മിറ്റികള്‍ തൂപീകരിക്കുകയും ചെയ്യും.
അംഗങ്ങളില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിച്ച് അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുള്ള വരുമാന മാര്‍ഗമായി സേവിങ്‌സ് ഡെപ്പോസിറ്റ്, ഡെയിലിഡെപ്പോസിറ്റ്, എജുക്കേഷനല്‍ ഡെപ്പോസിറ്റ്, സ്‌പെഷല്‍ സ്‌കീം ഡെപ്പോസിറ്റ് തുടങ്ങി വിവിധ നിക്ഷേപ സ്‌കീമുകള്‍ നിലവില്‍ വന്നിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും, പിന്‍വലിക്കാനുള്ള സൗകര്യവും ഉണ്ടാവും. അംഗങ്ങള്‍ക്ക് വിവിധ സ്വയംതൊഴില്‍-സേവന സംരംഭങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും പലിശരഹിത സൂക്ഷ്മവായ്പകള്‍ ലഭ്യമാക്കും. സംരംഭക പങ്കാളിത്തം, ഹ്രസ്വകാല വ്യാപാര പങ്കാളിത്തം, ലീസിങ് തുടങ്ങിയ സേവനങ്ങളിലൂടെ പങ്കാളിത്ത അടിസ്ഥാനത്തിലായിരിക്കും സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍. അവയില്‍നിന്നുള്ള ലാഭവിഹിതം ആനുപാതികമായി അംഗങ്ങളുമായി പങ്കുവെക്കും.
സൊസൈറ്റിയുടെ സേവനങ്ങള്‍ അംഗങ്ങളില്‍ പരിമിതമായിരിക്കും. സൂക്ഷ്മ-ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ലാഭനഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വായ്പകള്‍ നല്‍കി അവയുടെ പ്രവര്‍ത്തനം സമയാസമയങ്ങളില്‍ വിലയിരുത്തുന്നതിനും, പ്രവര്‍ത്തന മൂലധനം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വ്യക്തികള്‍ക്ക് പുറമേ, സഹകരണ-സഹകരണേതര സ്ഥാപനങ്ങളെയും അംഗങ്ങളാക്കി അവക്കും സാമ്പത്തിക സേവനങ്ങള്‍ നല്‍കാമെന്നത് സംഗമത്തിനു മുന്നില്‍ വളര്‍ച്ചയുടെ അനന്തസാധ്യതകള്‍ തുറന്നിടുന്നു. ഇതിലൂടെ വിപുലമായ ഒരു തൊഴില്‍-സേവന ശൃംഖല സൃഷ്ടിക്കുവാന്‍ സംഗമം ശ്രമിക്കും. സുസ്ഥിര വികസനത്തിന്റെയും സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയുടെയും ഒരു പുത്തന്‍ മാതൃക ഇതുവഴി സൃഷ്ടിച്ചെടുക്കാനാവുമെന്ന് തീര്‍ച്ച. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി വിപുലമായ നിക്ഷേപ-പങ്കാളിത്ത പദ്ധതികള്‍ സംഗമം ആവിഷ്‌കരിച്ചിട്ടുണ്ട്.
വായ്പാ സേവനങ്ങള്‍
ചെറുകിട സ്വയം തൊഴില്‍-സേവനസംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ഹ്രസ്വകാല വ്യപാര പങ്കാളിത്ത വായ്പകള്‍, സ്വയം തൊഴിലിന് വാഹനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം, അടിയന്തര വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ സെക്യുരിറ്റിയില്‍ നല്‍കുന്ന വായ്പകള്‍ തുടങ്ങിയ പങ്കാളിത്ത-വായ്പാ സേവനങ്ങളാണ് സംഗമം നല്‍കുക. ചെറുകിട സ്വയംതൊഴില്‍-സേവന സംരംഭങ്ങള്‍ക്ക് പങ്കാളിത്താടിസ്ഥാനത്തില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളാണ് സംഗമത്തിന്റെ മുഖ്യ പങ്കാളിത്ത സേവനം. പരമാവധി അഞ്ചുലക്ഷം രൂപവരെ ഈ സ്‌കീമില്‍ നല്‍കും. കൂടാതെ സ്ഥിര വരുമാനമാര്‍ഗം ഇല്ലാത്ത വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സ്വയംതൊഴില്‍ സംരംഭങ്ങളും പദ്ധതികളും കണ്ടെത്തി അവര്‍ക്ക് സുസ്ഥിര വരുമാനം സാധ്യമാക്കുന്ന പ്രവര്‍ത്തനവും സംരംഭത്തിന്റെ ഭാഗമാണ്.
2013 സെപ്തംബറില്‍ സംഗമത്തിന്റെ ആദ്യ ബ്രാഞ്ച് തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ ആരംഭിച്ചു. കേരളത്തിലെ ആദ്യ ബ്രാഞ്ച് 2014 ഫെബ്രുവരിയില്‍ ആലുവ കേന്ദ്രമായും രണ്ടാമത്തെ ബ്രാഞ്ച് മാര്‍ച്ചില്‍ കോഴിക്കോട് കേന്ദ്രമായും ആരംഭിച്ചുകഴിഞ്ഞു. വിരുദുനഗര്‍ കേന്ദ്രമായി തമിഴ്‌നാട്ടിലെ രണ്ടാമത്തെ ബ്രാഞ്ച് മേയ് 25-ന് ആരംഭിച്ചു. ഈരാറ്റുപേട്ടയിലെ ബ്രാഞ്ചിന്റെ ഉദ്ഘാടനം 2014 സെപ്തമ്പര്‍ 16-ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും, പോണ്ടിച്ചേരിയിലെ മാഹിയിലും ശാഖക്കുവേണ്ടി സര്‍വേ നടന്നു കഴിഞ്ഞു. അടുത്ത മാസങ്ങളില്‍ അവ കൂടി നിലവില്‍വരും.
സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഹെഡ് ഓഫിസ് കോഴിക്കോട് തൊണ്ടയാട് ഹൈലൈറ്റ് സിറ്റിയില്‍ ഹ്യൂമന്‍കെയര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 2794 അംഗങ്ങളില്‍നിന്ന് ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ ഓഹരി മൂലധനവും 4 കോടി 85 ലക്ഷം രൂപ ഡെപ്പോസിറ്റുമാണ് ശേഖരിച്ചത്.
Comments