Prabodhanm Weekly

Pages

Search

2015 ജൂണ്‍ 05

കേച്ചേരി കവിതകളിലെ തൗഹീദ്

സി.ടി ബശീര്‍ /കുറിപ്പ്

''പാടുക തെന്നലേ, മെക്കാപുരിയിലെ
കാലിച്ചെറുക്കന്റെ കല്യാണഗാഥ''

         ഈ ലളിത മനോഹരമായ ഈരടി യൂസഫലി കേച്ചേരിയുടെ 'നബി കവിത'കളില്‍ നിന്നാണ്. ഹൈന്ദവ ഭക്തി ഗാനങ്ങളും സിനിമാ പാട്ടുകളും എഴുതുന്ന കവിയായിട്ടാണ് യൂസഫലി പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍, ഇസ്‌ലാമിന്റെ ചൈതന്യമുള്‍ക്കൊള്ളുകയും 'നബി സാര്‍വ ഭൗമ'നെ അങ്ങേയറ്റം ആദരവോടെ കവിതയില്‍ അവതരിപ്പിക്കുകയും ചെയ്ത കവി കൂടിയാണ് യൂസഫലി കേച്ചേരി. 'നബി കവിതകളുടെ' ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: ''ഇസ്‌ലാം നന്മയാണ്. ഒരുത്തമ സമുദായത്തെ വാര്‍ത്തെടുക്കാനാണ് അല്ലാഹു നബിക്ക് ഖുര്‍ആന്‍ നല്‍കിയത്. ഖുര്‍ആന്‍ പോലെ പരിപാവനമാണ് നബിയുടെ ജീവിതവും. ഈ സത്യത്തിനു കാവ്യാത്മക രൂപം നല്‍കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി വിശുദ്ധ നബിയെ കുറിച്ചു ഞാന്‍ പലപ്പോഴായി എഴുതിയ കവിതകളാണ് നബി കവിതകളിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്''. 

ആദ്യമായി ചേര്‍ത്തിട്ടുള്ളത് ഹസ്രത്ത് ഹംസയുടെ ഇസ്‌ലാമാശ്ലേഷത്തെ പറ്റിയുള്ളതാണ്. തന്റെ പിതൃ സഹോദരനെ സ്വീകരിച്ചതിനു ശേഷം ശത്രുവിനോടു പോലും സ്‌നേഹപൂര്‍വ്വം പെരുമാറണമെന്ന് നബി ഉപദേശിക്കുന്നു. നബിയുടെ നേര്‍ക്ക് കല്ലെറിഞ്ഞു നെറ്റിപൊട്ടിച്ച അബൂജഹലിന് തക്കതായ ശിക്ഷ നല്‍കിയതിനു ശേഷമായിരുന്നു ഹംസ(റ)നബിയുടെ സന്നിധിയിലെത്തിയത്. 

ശാന്തി ദൗത്യവുമായി വന്ന വിശ്വാചാര്യനെക്കുറിച്ചുള്ളതാണ് അടുത്ത കവിത. വിസ്തര ഭയത്താല്‍ ഓരോ കവിതയില്‍ നിന്നും അല്‍പം മാത്രം ഉദ്ധരിക്കുന്നു. 

''പതിമൂന്നരയോളം നൂറ്റാണ്ടു കഴിഞ്ഞിട്ടും
പരിപാവനന്‍ ഭവാന്‍ സിദ്ധവല്‍ക്കരിച്ചൊരാ
തത്വസംഹിതി തേടിയീ നവയുഗം തിരി-
ച്ചെത്തി നില്‍ക്കുന്നു, ധന്യധന്യനാം വിശ്വാചാര്യ''

വൈയക്തിക സംയമം പാലിക്കുന്നവര്‍ക്കേ സാര്‍വ ലൗകിക സമാധാനം കൈവരുത്തുവാന്‍ സാധിക്കുകയുള്ളൂവെന്നും കവി ഓര്‍മ്മിപ്പിക്കുന്നു. നബിയെ വിശ്വാചാര്യനായി കണ്ടുകൊണ്ടുതന്നെ പതിനഞ്ചു ശ്ലോകങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കിയ ഒരു സ്‌നേഹോപഹാരവും നബി സ്മരണയായി ഈ സമാഹാരത്തിലുണ്ട്-(നബി സാര്‍വ ഭൗമന്‍-ശ്രീനാരായണ ഗുരുസ്വാമികളുടെതാണ് നബി 'സാര്‍വ ഭൗമന്‍' എന്ന പ്രയോഗം) കൃതഹസ്തനായ കവി ആ പേരില്‍ തന്നെ ഒരു കവിത രചിച്ചിരിക്കുന്നു. 

'രണ്ടാമതായി മറ്റൊന്നില്ലാത്ത ഒരേയൊരുണ്മ' എന്നര്‍ഥം വരുന്ന ഛാന്ദേ ഗ്യോ പനിഷത്തിലെ 'സദേകാമേവാ ദ്വിതീയം' എന്ന പ്രയോഗവും 'നബി സാര്‍വ ഭൗമന്‍' കവിതയിലെ പതിമൂന്നാം ശ്ലോകത്തില്‍ വരുന്നതു കാണുക:

പദേ പദേ സംശയലേശമന്യേ
ചിദേകഭാവം ദൃഢമൂലമാക്കാന്‍,
നിദേശമേകീ നബിയോഗി യോഗ്യം:
സദേകമേവം പരമദ്വിതീയം

'പടക്കളത്തില്‍ ഒരു രാത്രി' എന്ന കവിതയിലേക്കു പ്രവേശിക്കുമ്പോള്‍ അതിന്റെ ശില്‍പ ഭംഗി കണ്ടു ആസ്വാദകന്റെ മനം കുളിരുന്നു. നിദ്രാവിഹീനനായ നബി, നബിയെ ആശ്വസിപ്പിക്കുകയും അനുനയിപ്പിക്കുകയും ചെയ്യുന്ന ആത്മ സുഹൃത്ത് അബൂബക്ര്‍ സ്വിദ്ദീഖിന്റെ അസ്വസ്ഥതകള്‍, യുദ്ധത്തടവുകാരുടെ ദേഹം വരിഞ്ഞുകെട്ടിയതു കൊണ്ട് രാത്രിയുടെ ശാന്തതയെ പിളര്‍ന്നു വരുന്ന അവരുടെ ഞെരക്കങ്ങള്‍, ഒടുവില്‍ അവരുടെ കെട്ടുകള്‍ മയപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്ന നബി, അതിനു ശേഷം പിഞ്ചു പൈതലിനെ പോലെ ഗാഢ നിദ്രയിലാഴ്ന്ന ലോകാനുഗ്രഹി, അത് കണ്ട് സന്തോഷിക്കുന്ന അബൂബക്ര്‍ സ്വിദ്ദീഖ് രണ്ടു പ്രാവശ്യം നബി തങ്ങുന്ന തമ്പിന്റെ തിരശ്ശീല നീക്കി നബിയെ നിരീക്ഷിക്കുന്ന രംഗം മനോഹരമായ കാവ്യാനുഭൂതി പ്രദാനം ചെയ്യുന്നു.

1) തമ്പിന്റെ തിരശ്ശീല നീക്കിക്കൊണ്ടബൂബക്കര്‍
തുമ്പമാര്‍ന്നമരുന്ന
നബിയോടന്വേഷിച്ചു:
''അവിടുന്നുറങ്ങീലേ
ദുര്‍വഹമനശ്ശല്യ
മഖിലം തീര്‍ത്തല്ലാഹു
ബദ്‌റില്‍ കനിഞ്ഞിട്ടും?
രാത്രികളനവധി
യുറക്കം വെടിഞ്ഞൊരീ
നേത്രങ്ങള്‍ക്കിനിയങ്ങു
ന്നല്‍പ വിശ്രമമേകൂ''
2) തമ്പിന്റെ വാതില്‍ത്തിര
നീക്കികൊണ്ടകം പൂകാന്‍
തന്‍പദമുയര്‍ത്തിയ
മട്ടിലേ നിലകൊണ്ടാന്‍?
അനര്‍ഘ നിമേഷമൊ-
ന്നമ്മട്ടിലബൂബക്ക-
റനങ്ങാതവിടെനി
ന്നാരംഗം സമീക്ഷിച്ചു:
നോവന്നകന്നപ്പോള്‍ പിഞ്ചു
പൈതലെന്ന പോലതാ-
ദൈവത്തിന്‍ തിരുദൂതന്‍
ശാന്തമായുറങ്ങുന്നു!
കാലൊച്ച കേള്‍പ്പിക്കാതെ 
പിന്‍വാങ്ങി നില്‍പൂ ദ്വാര
പാലകന്‍ നിഭൃതമാ-
മീയപേക്ഷയുമായി:
''ഉറങ്ങൂ വിശ്വാചാര്യാ
ധര്‍മ രക്ഷക്കായ് വീണ്ടു-
മുണരാന്‍ ഉണര്‍ന്നുറ-
ങ്ങുന്നോരെയുണര്‍ത്തുവാന്‍''

നബിയുടെ അംഗ പ്രത്യംഗ വര്‍ണ്ണനയുള്ള കവിതയാണ് 'അക്ഷരാനുഗ്രഹം'. അതില്‍ നിന്ന് ഏതാനും വരികള്‍.

''ദീനബന്ധുദയാസിന്ധു
ദിവ്യ സന്ദേശ വാഹകന്‍
ശത്രുക്കളെക്ഷമയാകും
ശസ്ത്രംകൊണ്ടു ജയിച്ചവന്‍
.........................................
സലാം സലാം നബി ശ്രേഷ്ഠാ
സലാം ദൈവ പ്രവാചക,
സലാം യാ സ്‌നേഹഗായക,
സലാം മര്‍ത്യ വിമോചക''

തന്റെ തൗഹീദിലുള്ള വിശ്വാസം തുറന്നു പറയുന്നതാണ് യൂസഫലിയുടെ 'അന്തര്യാമി' എന്ന കവിത. അത് നബി കവിതയില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും അതിലെ ചില വരികള്‍ ഉദ്ധരിക്കാതെ, ഈ ലേഖനമവസാനിപ്പിക്കുന്നത് കവിയെ പറ്റിയുള്ള ചിത്രം അപൂര്‍ണമാക്കും. 

''ആര്‍ക്കില്ല തന്‍ മീതെ മറ്റൊരു ദൈവം
ആ സര്‍വ വ്യാപിതാന്‍ ഏവര്‍ക്കും ദൈവം''
''ഒട്ടേറെ ദൈവങ്ങളുണ്ടാകയാലാം
വെട്ടും തടവും നടക്കുന്ന പാരില്‍
നന്ദി നിനക്കേക ദൈവമേ നന്ദി!
വന്നെത്തിയാലും നീ ഈ വിണ്ട മണ്ണില്‍''
''ആരെയും ആശ്രയിക്കാത്തവന്‍ ദൈവം
ആര്‍ക്കുമേ ആശ്രയമായവന്‍ ദൈവം''
''കാണാത്ത ദൈവം വിളിക്കാതെയെന്തും
കാണുന്ന ദൈവത്തിനില്ലാ മിണ്ടാട്ടം''
''ഒരൊറ്റ ദൈവമുണ്ടഖിലമര്‍ത്യര്‍ക്കും
ഒരുമിച്ചു നമുക്കവനെ കുമ്പിടാം''
''മണ്ണില്‍ ആള്‍ ദൈവങ്ങളെ തീര്‍ത്തവക്കെല്ലാം
മാപ്പുകൊടുത്തുണ്മ തേടുകനാമിനി.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /28
എ.വൈ.ആര്‍