Prabodhanm Weekly

Pages

Search

2015 ജൂണ്‍ 05

അലപ്പോയിലെ കോട്ട

ഇബ്‌നു ബത്വൂത്വ /ചരിത്രം-4

         ഹലബ്1 ഒരു മഹാനഗരമാണ്. ഒരു പ്രമുഖ താവളം. അബുല്‍ ഹുസൈന്‍ ബിന്‍ ജുബൈര്‍ അതിനെ വര്‍ണിക്കുന്നത് ഇങ്ങനെയാണ്: ''അതിന്റെ ഗരിമ ഗംഭീരം; പെരുമയോ സര്‍വകാലത്തും പറപറക്കുന്നതും. എത്ര രാജാക്കന്മാര്‍ അതിലൂടെ കടന്ന് പോയിരിക്കുന്നു! അതിന്റെ സ്ഥാനം ജനമനസ്സുകളില്‍ ലബ്ധപ്രതിഷ്ഠിതം. എത്ര പോരാട്ടങ്ങള്‍ അതിന്റെ പേരില്‍ നടന്നു. ആക്രമണകാരികളെ പ്രതിരോധിക്കുന്നതില്‍ പ്രസിദ്ധമായ, ഉത്തുംഗമായ ആ കോട്ടക്ക് വേണ്ടി വെട്ടിത്തിളങ്ങുന്ന എത്ര വാളുകളാണ് ഉറയില്‍നിന്ന് ഊരപ്പെട്ടത്! പൊട്ടും പൊളിയുമേല്‍ക്കാതെ അതേനിലയില്‍ ദിനങ്ങളെയും വാസരങ്ങളെയും അത് അതിജീവിച്ചു. വിശിഷ്ട ജനങ്ങളെയും സാധാരണക്കാരെയുമൊക്കെ അത് ഉള്‍ക്കൊണ്ടു. ഹമദാനീ രാജകുമാരന്മാരും കവികളുമൊക്കെ ഇന്നെവിടെ? എല്ലാവരും നശിച്ചു മണ്‍മറഞ്ഞു. ഇപ്പോള്‍ കെട്ടിടം മാത്രമുണ്ട് ബാക്കി. രാജാക്കന്മാരൊക്കെ മണ്‍മറഞ്ഞിട്ടും രാജ്യങ്ങള്‍ അവശേഷിക്കുന്നു! എന്തൊരത്ഭുതം! വാണരുളിയവര്‍ പോയ ശേഷം അവള്‍ക്ക് വിവാഹാലോചനകള്‍ വരുന്നു. ഇതാ ഹലബ്. അവിടം വാണവരൊക്കെ ഭൂതകാലത്തിന്റെ ഓര്‍മകളായി മാറി. കാലക്കേടുകളെ അതിജയിച്ച് അതിന്റെ പേര് നിലനിന്ന് പോന്നു. അവള്‍ നിത്യസുന്ദരിയെപ്പോലെ ചമഞ്ഞൊരുങ്ങി. അവളുടെ ദൗലത്തിന്റെ സൈഫ്2 ആയ ഇബ്‌നു ഹുമൈദാന്‍ ഇഹലോകവാസം വെടിഞ്ഞ ശേഷവും അവള്‍ മണവാട്ടിയെപ്പോലെ ലങ്കിവിളങ്ങി. അവളുടെ താരുണ്യം വാര്‍ധക്യത്തില്‍നിന്ന് അകലെ. അവളെ എന്നുമെന്നും പുതുമാരന്മാര്‍ തേടിവരും. അവള്‍ അനശ്വരയായി എന്നുമെന്നും നിലനില്‍ക്കും.

ഹലബിലെ കോട്ടയുടെ പേര് 'ശഹ്ബാഅ്' എന്നാണ്. അതിനകത്ത് രണ്ടിടങ്ങളിലായി നീരുറവകളുണ്ട്. അതിനാല്‍ ദാഹത്തെക്കുറിച്ച് പേടിവേണ്ട. രണ്ട് മതിലുകള്‍ അതിനെ വലയം ചെയ്യുന്നു. ഉറവയുള്ള വലിയൊരു കിടങ്ങുണ്ട് അതില്‍. ഗോപുരങ്ങള്‍ ഉരുമ്മി നില്‍ക്കുന്നതാണ് അതിന്റെ ചുറ്റുമതില്‍. തുറന്നിട്ട കിളിവാതിലുകളോട് കൂടിയ കൗതുകകരമായ വീടുകള്‍ അടുക്കി സംവിധാനിച്ചിരിക്കുന്നു. ഗോപുരങ്ങളിലൊക്കെ ആള്‍പ്പാര്‍പ്പുണ്ട്. ഈ കോട്ടയിലെ ആഹാര വിഭവങ്ങള്‍ എല്ലാ കാലത്തും മാറ്റമില്ലാതെ തുടരുന്നതാണ്. ജനം തീര്‍ഥാടനത്തിനെത്തുന്ന ഒരു സ്ഥലമുണ്ടിവിടെ. ഇബ്‌റാഹീം നബി അവിടെ ആരാധന നടത്തിയിരുന്നതായി പറയപ്പെടുന്നു.

ഇറാഖിനും ശാമിനുമിടയില്‍ ടൈഗ്രീസ് തീരത്ത് സ്ഥിതി ചെയ്യുന്ന മൗലിക് ബിന്‍ ത്വൗഖിന്റെ റഹ്ബ കോട്ടയുമായി സാദൃശ്യമുണ്ട് ഈ കോട്ടക്ക്. താര്‍ത്താരി ആക്രമണകാരിയായ ഖാസാന്‍, അലപ്പോ ലക്ഷ്യം വെച്ചപ്പോള്‍ ദിവസങ്ങളോളം ഈ കോട്ടയെ ഉപരോധിക്കുകയുണ്ടായി. പക്ഷേ, അയാള്‍ പരാജയപ്പെട്ട് പിന്‍വാങ്ങുകയാണുണ്ടായത്.

അലപ്പോ നഗരത്തില്‍ ഇബ്‌റാഹീം നബിക്ക് ഒരു ഡയറി ഫാം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന് ഒരുപാട് ആടുകളുണ്ടായിരുന്നു. ദരിദ്രര്‍ക്കും പാവങ്ങള്‍ക്കും അവിടെ വന്നുപോയിക്കൊണ്ടിരുന്നവര്‍ക്കും അദ്ദേഹം പാല്‍ വിതരണം ചെയ്തിരുന്നത്രേ. അവര്‍ അവിടെ ഒരുമിച്ച് കൂടും. വരുന്നവരൊക്കെ ഇബ്‌റാഹീം നബിയുടെ ഡയറി ഫാം തേടും. അങ്ങനെയാണ് 'ഹലബ്'3 എന്ന് അതിന് പേര് കിട്ടിയത്. പ്രതാപത്തിന്റെ ഉച്ചിയിലെത്തിയ നഗരമാണ് അലപ്പോ. സംവിധാനത്തില്‍ അതിനോളം മനോഹരമായ മറ്റൊരു നാടില്ല. എങ്ങും ഭദ്രമായ ക്രമവും ചിട്ടയും ദൃശ്യമാണ്. വിശാലമാണ് വിപണികള്‍. ക്രമബദ്ധമായ അവയ്ക്ക് മരത്തിന്റെ മേല്‍പുരയുണ്ട്. ആളുകള്‍ സദാ അതിന്റെ തണലിലാണ്. അനുപമ സൗന്ദര്യവും വലുപ്പവുമുള്ളതാണ് അവിടത്തെ നഗരം. അത് മസ്ജിദിനെ വലയം ചെയ്യുന്നു. മസ്ജിദിന്റെ ഓരോ കവാടത്തിനും അഭിമുഖമായി വിരികള്‍ തൂങ്ങിനില്‍ക്കുന്നു. അതിമനോഹരമാണ് ഇവിടത്തെ മസ്ജിദ്. അതിന്റെ അങ്കണത്തില്‍ ഒരു കുളമുണ്ട്. പ്രവിശാലമായൊരു കൊട്ടാരം അതിനെ വലയം ചെയ്ത് നില്‍ക്കുന്നു. മസ്ജിദിലെ മിമ്പറിന്റെ നിര്‍മിതി പുതുമയുള്ളതാണ്. കരിവീട്ടിത്തടികളും ആനക്കൊമ്പും കൊണ്ടാണ് അതിന്റെ നിര്‍മിതി. മസ്ജിദിന് സമീപം അതിന്റെ ചേതോഹാരിതക്കിണങ്ങിയ ഒരു പാഠശാലയുമുണ്ട്. ഭദ്രമാണ് അതിന്റെയും നിര്‍മിതി. ബനൂഹംദാന്‍ ഭരണാധികാരികളിലേക്കാണ് അത് ചേര്‍ക്കപ്പെടുന്നത്. ഇത് കൂടാതെ രണ്ട് പാഠശാലകളും ഒരു ആശുപത്രിയും വേറെയുമുണ്ട്.

പട്ടണത്തിന്റെ പുറംപ്രദേശം ലളിതവും അതിവിശാലവുമാണ്. ധാരാളം കൃഷി വയലുകളും ചേലൊത്ത മുന്തിരിത്തോപ്പുകളും കാണാം. നദീതീരത്ത് പൂങ്കാവനങ്ങള്‍ വിലസുന്നു. ഹമാത്തിലൂടെ ഒഴുകുന്ന നദിയാണത്. അല്‍ ആസ്വി എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. കാഴ്ചക്കാരന് അതൊഴുകുന്നത് താഴെനിന്ന് മുകളിലോട്ടാണെന്ന് തോന്നുന്നതിനാലാണ് അതിന് ആ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. അലപ്പോ നഗരത്തിന് പുറത്തെത്തിയാല്‍ മനസ്സിന് അനന്യമായൊരു ഉന്മേഷവും ആനന്ദവും വിശാലതയും കൈവരുന്നപോലെ തോന്നും. ഖിലാഫത്തിന് അനുയോജ്യമായ നഗരം തന്നെ ഇത്.

പുരാതന നഗരങ്ങള്‍

ലാദിഖിയ്യ പട്ടണത്തിലേക്കായിരുന്നു പിന്നെ എന്റെ യാത്ര. കടല്‍ത്തീരത്തുള്ള ഒരു പുരാതന നഗരമാണത്. എല്ലാ കപ്പലുകളും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന രാജാവിന്റെ4 നഗരമാണിതെന്നാണ് പറയപ്പെടുന്നത്. അബ്ദുല്‍ മുഹ്‌സിന്‍ ഇസ്‌കന്ദരി എന്ന സാത്വികനായ സിദ്ധനെ കാണാനാണ് ഞാന്‍ ഈ നഗരം ലക്ഷ്യം വെച്ചത്. ഞാന്‍ അവിടെ എത്തിയപ്പോഴേക്ക് അദ്ദേഹം പുണ്യ ഹിജാസിലേക്ക് യാത്രയായി കഴിഞ്ഞിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കൂട്ടുകാരായ ശൈഖ് സഈദ് ജുബാഇ, ശൈഖ് യഹ്‌യ സിലാവി എന്നീ രണ്ടു പുണ്യാത്മാക്കളെ കണ്ടു. അലാഉദ്ദീന്‍ ബഹായുടെ മസ്ജിദിലായിരുന്നു അവരിരുവരും. ശാമിലെ ഉദാരമതികളിലൊരാളാണ് അലാഉദ്ദീന്‍ ബഹാ. വലിയ ദാനശീലന്‍. മസ്ജിദിന് സമീപം അദ്ദേഹം അവരിരുവര്‍ക്കും ഒരു 'സാവിയ'5 പണിത് കൊടുത്തിരിക്കുകയാണ്. അവിടെ വന്ന്‌പോവുന്നവര്‍ക്കൊക്കെ അന്നദാനം ചെയ്യുന്നു. ശ്രേഷ്ഠ നിയമജ്ഞനായ ജലാലുദ്ദീന്‍ അബ്ദുല്‍ ഹഖ് മിസ്‌രി മാലികിയാണ് അവിടത്തെ ന്യായാധിപന്‍. അതീവ മാന്യദേഹം. തൈ്വലാന്‍ രാജാവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി. അങ്ങനെ രാജാവ് അദ്ദേഹത്തെ ന്യായാധിപനായി നിയമിച്ചു.

അല്‍ഫാറുസ്വ് മഠം

ലാദിഖിയ്യ പട്ടണത്തിന് പുറത്താണ് പ്രസിദ്ധമായ അല്‍ഫാറുസ്വ് മഠം. ക്രൈസ്തവ സന്യാസിമാര്‍ താമസിക്കുന്ന ഏറ്റവും വലിയ മഠമാണിത്. ലോകത്തെങ്ങുമുള്ള ക്രിസ്ത്യാനികള്‍ അവിടെ തീര്‍ഥാടനം ചെയ്‌തെത്തുന്നു. ഇവിടെ എത്തുന്ന മുസ്‌ലിംകളും ഈ മഠം സന്ദര്‍ശിക്കാറുണ്ട്. ക്രിസ്ത്യാനികള്‍ അവര്‍ക്ക് ആതിഥ്യമരുളുന്നു. അപ്പം, ചീസ്, ഒലീവ്, ഇളം സുര്‍ക്ക എന്നിവയാണ് അവരുടെ ആഹാര വിഭവങ്ങള്‍. ഇവിടത്തെ തുറമുഖത്തില്‍ രണ്ട് ഗോപുരങ്ങളെ ബന്ധിക്കുന്ന ഒരു ചങ്ങലയുണ്ട്. അതിനാല്‍ ആര്‍ക്കും അങ്ങോട്ടു പ്രവേശിക്കാനോ പുറത്ത് കടക്കാനോ പറ്റില്ല. ശാമിലെ ഏറ്റവും ചേതോഹരമായ തുറമുഖങ്ങളിലൊന്നാണിത്.

അവിടന്ന് ഞാന്‍ അല്‍മിര്‍ഖബ് കോട്ടയിലേക്ക് തിരിച്ചു. അല്‍കര്‍ക്ക് കോട്ട പോലെ ഗംഭീരന്‍ കോട്ടകളിലൊന്നാണിത്. ഉയരമുള്ള ഒരു മലമുകളിലാണ് ഈ കോട്ട. അതിന്റെ പുറത്ത് അപരിചിതര്‍ക്കായി ഒരു പാര്‍ശ്വ സ്ഥലമുണ്ട്. അവര്‍ക്ക് കോട്ടക്കകത്തേക്ക് പ്രവേശമില്ല. റോമക്കാരുടെ കൈയില്‍നിന്ന് അല്‍ മന്‍സൂര്‍ ഖലാവൂന്‍ രാജാവാണ് അത് ജയിച്ചടക്കിയത്. അദ്ദേഹത്തിന്റെ പുത്രന്‍ അന്നാസിര്‍ രാജാവിന്റെ ജന്മം ഇവിടെയാണ്. ബുര്‍ഹാനുദ്ദീന്‍ മിസ്‌റിയാണ് ഇവിടത്തെ ന്യായാധിപന്‍; അഭിവന്ദ്യനും ഉദാരനും.

അല്‍ അഖ്‌റഅ് മലയിലേക്കാണ് പിന്നെ ഞാന്‍ പോയത്. ശാമിലെ ഏറ്റവും വലിയ മലയാണിത്. അവിടന്ന് നോക്കിയാല്‍ ആദ്യം കണ്ണില്‍ പെടുക കടലാണ്. തുര്‍ക്കുമാന്‍കാരാണ് അവിടത്തെ നിവാസികള്‍. അരുവികളും തടാകങ്ങളുമുണ്ടവിടെ.

അവിടെനിന്ന് ഞാന്‍ ലബ്‌നാന്‍ മലയിലേക്ക് തിരിച്ചു. ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള മലകളിലൊന്നാണിത്. സസ്യശ്യാമള ശാദ്വലവും കായ്കനികളാല്‍ സമൃദ്ധവുമായ മല. ധാരാളം നീര്‍ത്തടങ്ങളും നദികളുമുണ്ട്. സര്‍വസംഗപരിത്യാഗികളായി അല്ലാഹുവില്‍ മുഴുകി കഴിയുന്ന ഭക്തസത്തമന്മാരും ധാരാളം. ആ വിഷയത്തില്‍ പ്രസിദ്ധമാണിവിടം. അല്ലാഹുവിന് വേണ്ടി സര്‍വ സമര്‍പ്പിതരായ, പേരും പെരുമയുമില്ലാത്ത സത്തമന്മാരുടെ ഒരു സംഘത്തെ ഞാനവിടെ കണ്ടുമുട്ടി.

ബഅ്‌ലബക്

ലബ്‌നാന്‍ മലയില്‍നിന്ന് ബഅ്‌ലബക് പട്ടണത്തിലേക്കാണ് പോയത്. ശാമിലെ ഏറ്റവും പുരാതനവും നയനമോഹനവുമായൊരു പട്ടണമാണിത്. ധാരാളം തോട്ടങ്ങളും പൂവാടികളും കാണാം. കുതിച്ചുപായുന്ന നദികള്‍ അതിനെ മുറിച്ചു കടന്ന് പോകുന്നു. അളവറ്റ സമ്പത്തില്‍ ദമസ്‌കസിന് തുല്യമാണ് ഈ പട്ടണം. മറ്റൊരു രാജ്യത്തോടുമില്ലാത്ത ഒരു ഇമ്പം അതിനോട് രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. മുന്തിരിപ്പഴത്തില്‍നിന്ന് ഒരു സത്ത് ഇവിടെ നിര്‍മിക്കുന്നുണ്ട്. ഈ നാടിന്റെ പേരോട് ചേര്‍ത്താണ് അത് അറിയപ്പെടുന്നത്. 'ദസ്' എന്ന പേരില്‍ മുന്തിരിയില്‍നിന്നുള്ള ഒരു പലഹാരം ഇവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. ഈ നാട്ടിന്റെ പേരിനോട് ചേര്‍ത്താണ് അതറിയപ്പെടുന്നത്. മണ്ണിനകത്ത് കുഴിച്ചുമൂടി അത് ഉറപ്പിച്ചെടുക്കുന്നു. അപ്പോള്‍ അത് ഒറ്റക്കഷ്ണമാകുന്നു. കുറേശ്ശെ അത് മുറിച്ചെടുക്കാം. അതില്‍നിന്ന് അവര്‍ മധുരപലഹാരങ്ങളും നിര്‍മിക്കുന്നു. അതില്‍ അക്രോട്ടണ്ടിയും ബദാമും മറ്റും ചേര്‍ക്കും. 'ഹല്‍വാബില്‍ മുലബ്ബന്‍' (പാല്‍ഹലുവ) എന്നാണ് അതിന്റെ പേര്. 'ജല്‍ദുല്‍ ഫര്‍സ്' എന്നും പറയും. ധാരാളം പാലുല്‍പന്നങ്ങളുള്ള നാടാണിത്. ദമസ്‌കസിലേക്ക് അവ കയറ്റി അയക്കപ്പെടുന്നു. രണ്ട് നാടുകള്‍ക്കുമിടയില്‍ ഉത്സാഹിക്ക് ഒരു ദിവസത്തെ യാത്രാദൂരമുണ്ടാകും. സഹയാത്രികര്‍ ബഅ്‌ലബക്കില്‍നിന്ന് പുറപ്പെട്ടു സബ്ദാനി എന്ന പേരിലറിയപ്പെടുന്ന ഒരു പ്രദേശത്ത് രാപ്പാര്‍ത്തശേഷമാണ് യാത്ര തുടരുക. ഫലസമൃദ്ധമാണ് ഈ നാട്. ബഅ്‌ലബക്കിലാണ് ഇഹ്‌റാം6 വസ്ത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. 'ബഅ്‌ലബക്കി ഇഹ്‌റാം' എന്ന് അതറിയപ്പെടുന്നു. മരത്തടികൊണ്ടുള്ള പാത്രങ്ങളും കരണ്ടികളും ഇവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. പലകക്ക് ദസൂത്ത് എന്നാണ് ഇവര്‍ പറയുക. അവരുടെ മരക്കരണ്ടി അതുല്യമത്രേ. ഒന്നൊന്നായി പത്തോളം പാത്രങ്ങളുടെ ഒരു സെറ്റുണ്ടാകും. കരണ്ടിയും അങ്ങനെ തന്നെ. കാഴ്ചക്കാര്‍ക്ക് അവ അടുക്കിവെച്ചാല്‍ ഒന്നാണെന്നേ തോന്നൂ. ചര്‍മം കൊണ്ടുള്ള ഒരു മൂടിയുമുണ്ടാകും അവയ്ക്ക്. കരണ്ടികളുടെ സെറ്റ് അരപ്പട്ടയില്‍ സൂക്ഷിക്കുന്നു. ആഹാരം വിളമ്പുമ്പോള്‍ അവ പുറത്തെടുക്കുകയായി. അപ്പോള്‍ കാണുന്നവര്‍ക്ക് അത് ഒറ്റ കരണ്ടിയാണെന്നേ തോന്നൂ. ഓരോന്നോരോന്നായി പുറത്തെടുക്കുമ്പോഴേ അവയുടെ എണ്ണം ഇത്രയേറെയുണ്ടെന്ന് മനസ്സിലാകൂ. പകലാണ് ഞാന്‍ ബഅ്‌ലബക്കിലെത്തിയത്. പിറ്റേന്ന് അവിടെനിന്ന് പുറപ്പെടുകയും ചെയ്തു.

(തുടരും)

വിവ: വി.എ.കെ

കുറിപ്പുകള്‍

1. അലപ്പോ

2. അലപ്പോ ഭരണസ്ഥാപകനായ സൈഫുദ്ദൗല ഹംദാനി(ക്രി. 915-967)യാണു ഉദ്ദേശ്യം. 'രാഷ്ട്രത്തിന്റെ ഖഡ്ഗം' എന്നാണ് ആ വാക്കിന്റെ അര്‍ഥം.

3. ഹലബ് എന്നാല്‍ പാല്‍ എന്നര്‍ഥം.

4. ഖുര്‍ആനിലെ അല്‍ കഹ്ഫ് അധ്യായത്തില്‍ പരാമൃഷ്ടമായ രാജാവ്

5. സൂഫീ മഠം

6. ഹജ്ജിനും ഉംറക്കും ധരിക്കുന്ന തയ്ക്കാത്ത ഉടുമുണ്ടും മേല്‍മുണ്ടും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /28
എ.വൈ.ആര്‍