Prabodhanm Weekly

Pages

Search

2015 ജനുവരി 16

ആപ്പിള്‍

അഷ്‌റഫ് കാവില്‍

ആപ്പിള്‍

മുറിക്കും മുമ്പേ
എത്ര മനോഹരിയായിരുന്നു!
ക്ലിയോപാട്രയുടെ
അതിരറ്റ സൗന്ദര്യത്തെ
പ്രതീകവല്‍ക്കരിക്കും മട്ടില്‍...!
അതിനും മുമ്പേ
എന്തൊരു കാഴ്ചയായിരുന്നു!
തളിരിലകള്‍ക്കും
താഴ്‌വരയിലെ കാറ്റിനും
കൊതി പകരും മട്ടില്‍...
മൂപ്പും മുഴുപ്പുമെത്തി
ആരോ പറിച്ചു
കുട്ടയിലേറ്റി
നഗരത്തിലെ വഴിയോരത്ത്
കാഴ്ചക്കു വെച്ചു
കൈയിലെടുത്ത്
സാകൂതം പരിശോധിച്ചപ്പോള്‍
വാങ്ങുന്നയാളുടെ
വായില്‍ വെള്ളമൂറിയിട്ടുണ്ടാവണം...
വീട്ടിലെത്തി
കൊതിമൂത്ത കുട്ടികള്‍ക്കു മുമ്പില്‍
മുറിച്ചപ്പോഴാണല്ലോ
നിന്റെ കത്തുന്ന സൗന്ദര്യത്തിനകത്ത്
പമ്മിയിരുന്ന പൂളഞ്ഞ
ആ പുഴുവിനെക്കണ്ടത്...!
ഹൊ!
മുറിക്കും മുമ്പേ
എത്ര മനോഹരിയായിരുന്നു.

 

വല്ലിമ്മ

ഓട്ടക്കാശ്, കാലണ,
ബ്രിട്ടീഷുകാരന്റെ 
പഴയ ഒറ്റ രൂപ...
വല്ലിമ്മയുടെ
മുറുക്കാന്‍ ചെല്ലത്തില്‍
ചരിത്രം ചവച്ചുതുപ്പിയിട്ട
ക്ലാവുരുപ്പടികള്‍...
''വല്ലിമ്മാ... കൊച്ചുമോന്
നാണയശേഖരത്തില്‍
ഒട്ടിച്ചുവെക്കാനാണ്
ഇതൊക്കെയെടുത്തോട്ടെ...''
കലിതുള്ളിയില്ലെങ്കിലും
അനിഷ്ടത്തോടെ
പറഞ്ഞു വല്ല്യുമ്മ...
''ഏതാണ്ട് അത്രയൊക്കെ
പഴക്കമുണ്ട് ഈ വല്ല്യുമ്മക്കും..
എന്നെയും നീ കൊണ്ടുപോയി
ഒട്ടിച്ചുവെക്കുമോ?''
ആ ഇടിയുടെ ആഘാതം
ഇന്നുമുണ്ട്‌പോലും
ചരിത്ര കുതുകിയുടെ 
മുഖത്ത്! 

അഷ്‌റഫ് കാവില്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍