Prabodhanm Weekly

Pages

Search

2015 ജനുവരി 16

എണ്ണ കൊണ്ടുള്ള കളി

         അത്ഭുതകരമാണ് പെട്രോളിയത്തിന്റെ കാര്യം. ആധുനിക ലോകത്തിന്റെ ചാലക ശക്തിയാണത്. പെട്രോളിയമില്ലെങ്കില്‍ ലോക ജീവിതം സ്തംഭിച്ചുപോകും. ഈ അത്ഭുത വിഭവത്തിന്റെ നിയന്ത്രണം കൈയടക്കാനുള്ള ആര്‍ത്തിയാണ് ഇക്കാലത്ത് പല യുദ്ധങ്ങളുടെയും അടിസ്ഥാന പ്രചോദനം. അതിന്റെ വിലയുടെ കാര്യവും വിചിത്രമാണ്. വില കൂടിയാലും കുഴപ്പം, കുറഞ്ഞാലും കുഴപ്പം. കഴിഞ്ഞ ജൂണ്‍ വരെ എണ്ണയുടെ വിലക്കയറ്റത്തെ ചൊല്ലിയായിരുന്നു വേവലാതി. ഇന്നിപ്പോള്‍ അഭൂതപൂര്‍വമായ വിലക്കുറവിന്റെ  പേരിലാണ് ഉത്കണ്ഠ. പല രാജ്യങ്ങളുടെയും സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പോലും അതിന്റെ വിലയിടിവില്‍ സന്തോഷിക്കാനാകുന്നില്ല. ഈ രാജ്യങ്ങളിലെ മനുഷ്യവിഭവത്തിന്റെ പ്രധാന മാര്‍ക്കറ്റ് എണ്ണ രാജ്യങ്ങളാണ്. അത്തരം നാടുകളില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കേരളം പോലുള്ള ചില പ്രദേശങ്ങള്‍ പട്ടിണിയില്ലാതെ കഴിയുന്നത്. എണ്ണയുടെ വിലയിടിവ് ആ നാടുകളിലെ വികസന-വ്യാവസായിക സംരംഭങ്ങളെ മന്ദീഭവിപ്പിക്കുകയും പുറമെ നിന്നുള്ള മനുഷ്യ വിഭവത്തിന് ഡിമാന്റും തൊഴിലാളികളുടെ വേതനവും കുറയാനിടയാവുകയും ചെയ്യില്ലേ എന്നാണ് ആധി. കഴിഞ്ഞ ആറു മാസത്തിനിടയില്‍ എണ്ണ വില 50 ശതമാനത്തിലേറെ കുറഞ്ഞെങ്കിലും അതിന്റെ ചെറിയൊരംശമേ നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നുള്ളൂ. വിലക്കുറവിന്റെ ആനുകൂല്യം സിംഹഭാഗവും ലാഭം കൂട്ടി എണ്ണക്കമ്പനികളും, ചുങ്കവും തീരുവയും കൂട്ടി കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളും കൊള്ളയടിക്കുകയാണ്.

ചരക്കിനു വിലയിടിയുമ്പോള്‍ സപ്ലൈ കുറച്ച് വില നിലവാരം പിടിച്ചുനിര്‍ത്തുകയാണ് സാധാരണ കച്ചവട തന്ത്രം. എണ്ണയുല്‍പാദനത്തിന്റെ 65 ശതമാനം കൈകാര്യം ചെയ്യുന്ന ഒപെക് രാഷ്ട്രങ്ങള്‍ അതിനു തയാറാകുന്നില്ല. ഒപെക്കിലെ ഇറാന്‍, സിറിയ, വെനിസ്വല തുടങ്ങിയ രാഷ്ട്രങ്ങള്‍ അതാഗ്രഹിക്കുന്നുണ്ട്. പക്ഷേ, കൂടുതല്‍ സ്വാധീന ശക്തിയും ഉല്‍പാദന ശേഷിയുമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ സമ്മതിക്കുന്നില്ല. വിലയിടിവ് താല്‍ക്കാലികമാണ്, 2015 അവസാനിക്കുമ്പോഴേക്കും വില നിലവാരം പൂര്‍വ സ്ഥിതിയിലെത്തിക്കൊള്ളും, അതിനു ഉല്‍പാദനം കുറച്ച് ഡിമാന്റ് സൃഷ്ടിക്കേണ്ടതില്ല. ഇതാണവരുടെ നിലപാട്. എണ്ണ വില കൂടിയാല്‍ നേട്ടം ഉല്‍പാദക രാഷ്ട്രങ്ങള്‍ക്കാണ്. കുറഞ്ഞാല്‍ നഷ്ടവും അവര്‍ക്കുതന്നെ. ആ നഷ്ടം ഇപ്പോള്‍ ഒപെക്കിനകത്തും പുറത്തുമുള്ള ഉല്‍പാദകര്‍ നന്നായി അനുഭവിക്കുന്നുമുണ്ട്. ഒപെക്ക് ഉല്‍പാദനം കുറക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ കുറച്ചത് കൊണ്ട് പ്രയോജനമില്ല. എണ്ണയുടെ വര്‍ധിച്ച ഉല്‍പാദനത്തോത് നിലനിര്‍ത്താന്‍ ചില രാജ്യങ്ങള്‍ വാശി പിടിക്കുന്നതെന്തിനാണ്?

ഈ ചോദ്യത്തിന് പലതരം ഉത്തരങ്ങളാണ് നിരീക്ഷകര്‍ കണ്ടെത്തുന്നത്. ഒരു വിഭാഗം പറയുന്നു: അമേരിക്കയും അറബ് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ഒരു കളിയാണിത്. ഇതിനു പിന്നില്‍ ദൂരവ്യാപകമായ ലക്ഷ്യങ്ങളുണ്ട്. ഉദ്ദിഷ്ട ലക്ഷ്യം പ്രാപിക്കാതെ എണ്ണയുല്‍പാദനം കുറയാനോ വില കൂടാനോ പോകുന്നില്ല. സോവിയറ്റ് യൂനിയന്റെ കാലത്തെന്ന പോലെ റഷ്യ ഇപ്പോഴും അമേരിക്കയുടെ മുഖ്യ പ്രതിയോഗിയാണ്. വ്‌ളാദിമിര്‍ പുട്ടിന്റെ പല നടപടികളും അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്. എങ്കിലും റഷ്യക്കെതിരെ ഒരു സൈനിക നീക്കത്തിനൊന്നും അമേരിക്ക തയാറല്ല. യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി റഷ്യക്ക് ഇതിനകം ആയിരം കോടി ഡോളര്‍ നഷ്ടമായെന്നാണ് കണക്ക്. റഷ്യന്‍ കറന്‍സിയായ റൂബിള്‍ വന്‍ മൂല്യത്തകര്‍ച്ചയെ നേരിടുന്നുമുണ്ട്. റഷ്യയുടെയും അതിന്റെ ഉപഗ്രഹ രാഷ്ട്രങ്ങളുടെയും സമ്പദ്ഘടന കൂടുതല്‍ തകിടം മറിക്കാനുള്ള കളിയാണ് എണ്ണയിലൂടെ നടത്തുന്നത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയിലും അമേരിക്കയുടെ എണ്ണ നയം നല്ലൊരു പങ്ക് വഹിച്ചിരുന്നു. ചൈനയുടെ ഉദാരമായ സഹായം സ്വീകരിച്ചിട്ടും അന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇറാനും അമേരിക്കയുടെ പ്രതിയോഗിയാണ്. കടുത്ത ഉപരോധമേര്‍പ്പെടുത്തിയിട്ടും ആണവ വിഷയത്തില്‍ ഇറാനെ മെരുക്കാനായിട്ടില്ല; ഇപ്പോള്‍ സിറിയയെ സഹായിക്കുക എന്ന പാതകവും ഇറാന്‍ ചെയ്യുന്നുണ്ട്. ഇറാന്‍ തളരേണ്ടത് അറബ് രാഷ്ട്രങ്ങളുടെയും പൊതു ആവശ്യമാണ്. അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാന്‍. ഉപരോധത്തോടെ എണ്ണയില്‍ നിന്നുള്ള വരുമാനം ക്ഷയിക്കുമ്പോള്‍ ഇറാന്‍ സമ്പദ്ഘടനയുടെ നട്ടെല്ലൊടിയും, സിറിയയെ സഹായിക്കാന്‍ കഴിയാതാകും,  ആണവ വിഷയത്തില്‍ വന്‍ശക്തികള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതരാകും. ഇതൊക്കെയാണ് പ്രതീക്ഷ. അമേരിക്ക ശേഖരിച്ചുവെച്ച എണ്ണ വന്‍തോതില്‍ മാര്‍ക്കറ്റിലെത്തിയതാണ് വിലയിടിവിനു കാരണമെന്നാണ് മറ്റൊരു വ്യാഖ്യാനം. ആ രാജ്യം അടുത്ത കാലത്തായി ധാരാളം എണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഖനനം ചെയ്യാനുള്ള പദ്ധതികള്‍ തയാറായിരിക്കുന്നു. മൂലധന നിക്ഷേപത്തിന് കോര്‍പ്പറേറ്റുകള്‍ റെഡിയാണ്. പക്ഷേ, ബാരലിന് 80 ഡോളറെങ്കിലും വില കിട്ടിയാലേ പുതിയ എണ്ണപ്പാടങ്ങള്‍ ലാഭകരമാകൂ. അമേരിക്ക പുതിയ എണ്ണപ്പാടങ്ങള്‍ തുറക്കുന്നത് തടയാനുള്ള തന്ത്രമാണ് ഒപെക്കിന്റെ ഉല്‍പാദന വര്‍ധനയും വിലയിടിച്ചിലുമെന്നും പറയപ്പെടുന്നുണ്ട്. എണ്ണയുടെ വിനിമയ മാധ്യമമായ അമേരിക്കന്‍ ഡോളറിന്റെ മൂല്യം കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. കമ്യൂണിസത്തിനെതിരെ നടന്ന ശീതയുദ്ധത്തിനു ശേഷം അമേരിക്കയും സംഘവും തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ എണ്ണ ആയുധമാക്കി മറ്റൊരു ശീതയുദ്ധം ആരംഭിച്ചിരിക്കുകയാണ്.

ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് എണ്ണ. അതിന്റെ വിലക്കയറ്റവും വിലയിടിവും ഒരുപോലെ മാരകമാകുന്നു. ഒപെക്കിനു പുറത്ത് റഷ്യന്‍ ബ്ലോക്കിന്റെയും ഇറാന്‍, വെനിസ്വല, നൈജീരിയ തുടങ്ങിയ ഒപെക്ക് രാഷ്ട്രങ്ങളുടെയും സമ്പദ്‌വ്യവസ്ഥകള്‍ക്ക് ഇപ്പോള്‍ തന്നെ കാര്യമായ ക്ഷതം പറ്റിയിരിക്കുന്നു. ഉല്‍പാദക രാജ്യങ്ങളുടെ സാമ്പത്തിക മാന്ദ്യം അവരെ ആശ്രയിക്കുന്ന ഇതര രാജ്യങ്ങളെയും ബാധിക്കും. വാഹനമോടിക്കാനുള്ള ഇന്ധനം മാത്രമല്ല, പെട്രോളിയം. നിരവധി ആധുനിക വ്യവസായങ്ങളുടെ മുഖ്യ അസംസ്‌കൃത വസ്തുവുമാണത്. ഉല്‍പാദക രാജ്യങ്ങളില്‍ നിന്ന് കഴിയുന്നത്ര കുറഞ്ഞ വിലയ്ക്ക് പെട്രോളിയം വാങ്ങി വ്യാവസായികോല്‍പന്നങ്ങളുണ്ടാക്കി പരമാവധി കൂടിയ വിലയ്ക്ക് വികസ്വര-അവികസിത നാടുകളില്‍ വില്‍ക്കുകയാണ് പാശ്ചാത്യ ലോകം ചെയ്തിരുന്നത്. ഈ ചൂഷണത്തെ പ്രതിരോധിക്കാനാണ് ഒപെക്ക് രൂപം കൊണ്ടത്. ആ ഒപെക്ക് തന്നെയാണ് ഇപ്പോള്‍ എണ്ണ വില പരമാവധി കുറച്ചുകൊണ്ടിരിക്കുന്നത്. വിലയിടിവ് ഇങ്ങനെ തുടരുന്നത് ലോകത്ത് സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന് അന്താരാഷ്ട്ര ഊര്‍ജ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആഗോള ഓഹരി വിപണികള്‍ പ്രതിസന്ധിയിലായിരിക്കുന്നു. ക്യൂബയുടെ പരിണതിയും ഒരു ഉദാഹരണമാണ്. സാമ്പത്തിക രംഗത്ത് ആ രാജ്യത്തിന്റെ മുഖ്യ അവലംബം വെനിസ്വലയാണ്. എണ്ണയുടെ വിലയിടിവില്‍ താളം തെറ്റിയ വെനിസ്വലക്ക് ഇനി ക്യൂബയെ താങ്ങാനാവില്ല. റഷ്യ അതിന്റെ എണ്ണയുല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ക്യൂബ പാരമ്പര്യ ശത്രുതയൊക്കെ മറന്ന് അമേരിക്കയുമായി ചങ്ങാത്തത്തിന് നിര്‍ബന്ധിതമായിരിക്കുകയാണ്. റഷ്യന്‍ ബ്ലോക്കിലെ ഇതര രാജ്യങ്ങളും നാളെ ക്യൂബയുടെ വഴിയെ പോയ്ക്കൂടെന്നില്ല. എണ്ണയുടേത് അഗാധമായ അര്‍ഥതലങ്ങളുള്ള ഒരു വന്‍ ഗെയിമാണ്. സാമ്രാജ്യ ശക്തികളാണ് അതിലെ കളിക്കാര്‍. ദരിദ്ര രാജ്യങ്ങള്‍ക്ക് അതില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍