Prabodhanm Weekly

Pages

Search

2015 ജനുവരി 16

മുഹമ്മദ് നബി- <br> മനുഷ്യസ്‌നേഹത്തിന്റെ അലിവും കനിവും

ജമാല്‍ കടന്നപ്പള്ളി /ലേഖനം

         ദൈവം മനുഷ്യരിലേക്കൊഴുക്കിയ കാരുണ്യത്തിന്റെ തെളിനീരുറവയായിരുന്നു മുഹമ്മദ് നബി. മനുഷ്യരോടുള്ള സ്‌നേഹവും ആര്‍ദ്രതയും ഗുണകാംക്ഷയുമാണ് നബിയെ സദാ ഭരിച്ചുകൊണ്ടിരുന്ന വികാരം. സങ്കുചിത ജാതി-മത- വര്‍ഗ-വര്‍ണ ചിന്തകള്‍ക്കപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ അലിവും കനിവും ആത്മാവിന്റെ ഭാവോജ്വലതയാക്കിയ പ്രവാചകന്‍, ഗോത്രം തിരിഞ്ഞ് പരസ്പരം പോരടിച്ചിരുന്ന അപരിഷ്‌കൃതരായ മനുഷ്യര്‍ക്കിടയില്‍ സ്‌നേഹ വികാരങ്ങളുടെ കുളിര്‍നിലാവായി പെയ്തിറങ്ങി. 'റഹ്മത്ത്' എന്ന കരുണാര്‍ദ്രമായ ഗുണകാംക്ഷ നമുക്ക് പൊതുവേ ഒടുവിലത്തെ അജണ്ടയാണ്. എന്നാല്‍ മുഹമ്മദ് നബിക്ക് അതായിരുന്നു അജണ്ടകളിലെ ഒന്നാമത്തെ ഇനം. അങ്ങനെയാണ് പ്രവാചകന്‍ കാരുണ്യത്തെ കരുത്താക്കി മാറ്റിയത്. മുഹമ്മദ് നബിയുടെ ജീവനരാഗം കരുണയാണെന്ന് സാക്ഷ്യപ്പെടുത്തിയത് അല്ലാഹു തന്നെയാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ തിരുദൂതരെ ''റഹ്മത്തുല്ലില്‍ ആലമീന്‍'' (സര്‍വ ലോകത്തിനും അനുഗ്രഹമായിട്ടുള്ളവന്‍) എന്ന് വിശേഷിപ്പിച്ചത്. കാരുണ്യവാന്മാരില്‍ കാരുണ്യവാനായ ദൈവത്തിന്റെ 'റഹ്മത്ത്' എന്ന ഗുണത്തിന്റെ മനുഷ്യ രൂപമായിരുന്നു അവിടുന്ന്.

പ്രിയപത്‌നി ആഇശ(റ) നബിയെ പറ്റി പറഞ്ഞത് 'സഞ്ചരിക്കുന്ന ഖുര്‍ആന്‍' എന്നാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ ചുരത്തുന്ന കാരുണ്യത്തിന്റെ ഹൃദയാവര്‍ജകമായ സ്‌നേഹ ചിത്രങ്ങളാണ് സ്വന്തം ജീവിതം കൊണ്ട് മുഹമ്മദ് നബി വരഞ്ഞുവെച്ചതെന്നര്‍ഥം. തന്നെ മര്‍ദിച്ചൊതുക്കിയ ദുര്‍ബലാവസ്ഥയിലും, അതേ മര്‍ദകരുടെ മേല്‍ തനിക്ക് ആധിപത്യം ലഭിച്ച പ്രബലാവസ്ഥയിലും അവിടുന്ന് കാരുണ്യവും സ്‌നേഹവും ആര്‍ദ്രതയും കൈവെടിഞ്ഞില്ല. മക്കാ വിജയവേള നോക്കൂ... നിഷേധികളുടെ കൈകളില്‍ അധികാരമുണ്ടായിരുന്ന കാലത്ത് അവര്‍ നാനാവിധേന വിശ്വാസികളെ മര്‍ദിച്ചിരുന്നു. നാടുവിട്ടുപോയവരെ പോലും പിന്തുടര്‍ന്നിരുന്നു. അബ്‌സീനിയയില്‍ നജ്ജാശി രാജാവിന്റടുത്ത് പോയി മുസ്‌ലിംകളെ വിട്ടുകിട്ടാന്‍ പ്രയത്‌നിച്ചു. തങ്ങളുടെ മുഴുവന്‍ സൈന്യവുമായി മദീനയെ ആക്രമിച്ചു. ഒപ്പം നിരന്തരമായ ഗൂഢാലോചനകള്‍ നടത്തി. മദീനയുടെ മേച്ചില്‍പ്പുറത്ത് മേയുന്ന വിശ്വാസികളുടെ ഒട്ടകങ്ങളെ പോലും മോഷ്ടിച്ചുകൊണ്ടു പോയി. എന്നാല്‍ ദൈവം തന്റെ പ്രവാചകന് അവരുടെ മേല്‍ വിജയം നല്‍കുകയും അവരുടെ ജീവനും ധനവുമെല്ലാം മുസ്‌ലിംകളുടെ കാല്‍കീഴില്‍ വരികയും ചെയ്തു. ആ സമയത്ത് പ്രതികാരം ചെയ്യാനല്ല, കൂടുതല്‍ വിനീതനാവാനാണ് പ്രവാചകന്‍ ശ്രമിച്ചത്. അല്ലാഹു 'മക്കം ഫത്ഹി'ലൂടെ തന്നെ ആദരിച്ചതു കണ്ടപ്പോഴും അദ്ദേഹം വിനയാന്വിതനായി തലതാഴ്ത്തി. എത്രത്തോളമെന്നാല്‍ ഒട്ടകക്കട്ടിലിന്റെ പിന്‍ഭാഗത്ത് തിരുശിരസ്സ് ചെന്നുമുട്ടുവോളം അവിടുന്ന് വിനയം കൊണ്ടു. ഒപ്പം സൂറഃ അല്‍ഫത്ഹ് പാരായണം ചെയ്തുകൊണ്ടായിരുന്നു നബി മക്കയില്‍ പ്രവേശിച്ചത്. മാത്രമല്ല നബി(സ) തന്റെ വാഹനത്തില്‍ കൂടെയിരുത്തിയത് ഖുറൈശി പ്രമുഖരെ ആയിരുന്നില്ല. അത്തരക്കാര്‍ ഒട്ടനവധി നബിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെ മോചിപ്പിച്ച അടിമ സൈദിന്റെ മകന്‍ ഉസാമയെയായിരുന്നു നബി തന്റെ സഹയാത്രികനാക്കിയത്. ഒടുവില്‍ പ്രവാചകന്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ''യൂസുഫ്(അ) സഹോദരങ്ങളോട് പറഞ്ഞതുപോലെ ഞാന്‍ നിങ്ങളോട് പറയുന്നു: നിങ്ങളുടെ മേല്‍ യാതൊരു പ്രതികാര നടപടിയുമില്ല. പോയ്‌ക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.'' മക്കാ വിജയദിനത്തില്‍ നടന്ന ഒരു സംഭവം ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു: നബിയുടെ പതാകവാഹകനായ സഅ്ദ്ബ്‌നു ഉബാദ(റ) പറഞ്ഞു: ''ഇന്ന് യുദ്ധത്തിന്റെ ദിനമാണ് (യൗമുല്‍ മല്‍ഹമഃ) ഇന്ന് അല്ലാഹു ഖുറൈശികളെ നിന്ദ്യരാക്കും.'' ഈ വിവരം പ്രവാചകന്റെ ചെവിയിലെത്തിയപ്പോള്‍ തിരുദൂതര്‍ പ്രതികരിച്ചതിങ്ങനെ: ''അല്ല, ഇന്ന് കാരുണ്യത്തിന്റെ ദിനമാണ് (യൗമുല്‍ മര്‍ഹമഃ) ഈ ദിവസം അല്ലാഹു ഖുറൈശികളെ അന്തസ്സിലാക്കുന്നതാണ്.'' വിശാല മനസ്‌കത, വിനയം, വിട്ടുവീഴ്ച, ഗുണകാംക്ഷ, സാഹോദര്യം, ദയ, മാപ്പ് എന്നിവക്ക് ഇത്രയും ജീവത്തായ ഉദാഹരണം ലോകത്ത് നിസ്സംശയം മറ്റൊരു നേതാവിനെപ്പറ്റിയും പറയാനില്ല. മക്കാ വിജയവേളയില്‍ തന്റെ മുന്നില്‍ പരിഭ്രമിച്ചും ഭയന്നും നിന്ന ഒരാളോട് നബി പറഞ്ഞതിങ്ങനെയായിരുന്നു: ''നിങ്ങള്‍ നിങ്ങളോട് കരുണ കാണിക്കുക. ഞാന്‍ രാജാവല്ല. ഉണക്ക മാംസം ഭക്ഷിച്ചിരുന്ന ഒരു ഖുറൈശി സ്ത്രീയുടെ മകനാണ്.'' ജനങ്ങളുടെ തലക്കുമുകളില്‍ ചവിട്ടി നില്‍ക്കുന്ന ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കുമൊക്കെ ഈ വാക്കുകളില്‍ എന്തുമാത്രം പാഠങ്ങളില്ല!...

പ്രവാചകന്‍ മനുഷ്യരോടു വെച്ചുപുലര്‍ത്തിയ ഗുണകാംക്ഷയുടെ ഹൃദയഹാരിയായ സംഭവങ്ങള്‍ ഉദ്ധരിച്ചാല്‍ തീരുന്നതല്ല. പ്രവാചകനോട് അല്ലാഹു ആജ്ഞാപിച്ചതും അങ്ങനെയാണല്ലോ: ''വിട്ടുവീഴ്ച സ്വീകരിക്കുക. നല്ലത് അനുശാസിക്കുക. അവിവേകികളില്‍നിന്ന് പിന്തിരിയുക.'' ഹിറാ ഗഹ്വരത്തിന്റെ ഏകാന്ത മൗനത്തില്‍ നിന്ന് ദിവ്യവെളിപാടിന്റെ ആരംഭത്തില്‍ ഭയവിഹ്വലനായി വന്ന പ്രവാചകനെ പ്രിയപത്‌നി ഖദീജ(റ) ആശ്വസിപ്പിക്കുമ്പോള്‍ പറഞ്ഞ വാക്കുകളും മറ്റൊന്നുമായിരുന്നില്ല: ''താങ്കള്‍ ദാനം ചെയ്യുന്നു. അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്നു. അതിഥികളെ ആദരിക്കുന്നു. ജനങ്ങളുടെ ഭാരം ചുമക്കുന്നു. നന്മ കല്‍പ്പിക്കുന്നു. അങ്ങനെയുള്ള താങ്കള്‍ക്ക് അല്ലാഹു ഒരു ദ്രോഹവും വരുത്തില്ല.'' സര്‍വമനുഷ്യരോടും പ്രവാചകന്‍ ഉദാത്തമായ കാരുണ്യം കാണിച്ചു. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ''ഒരാള്‍ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ ഞാന്‍ നശിച്ചു.' നബി ചോദിച്ചു: 'നിന്നെ നശിപ്പിച്ചതെന്താണ്?' അദ്ദേഹം: 'ഞാന്‍ റമദാനില്‍ എന്റെ ഭാര്യയുമായി ശയ്യ പങ്കിട്ടുപോയി.' നബി: 'നിനക്ക് ഒരടിമയെ മോചിപ്പിക്കാനുള്ള കഴിവുണ്ടോ?' 'ഇല്ല.' 'എന്നാല്‍ അറുപത് സാധുക്കള്‍ക്ക് ആഹാരം നല്‍കാന്‍ താങ്കള്‍ക്ക് കഴിവുണ്ടോ?' 'ഇല്ല.' നിവേദകന്‍ തുടരുന്നു: പിന്നെ അയാള്‍ ഒരിടത്ത് ഇരുന്നു. അനന്തരം നബിയുടെ അടുക്കല്‍ ആരോ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. തിരുദൂതര്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഇത് കൊണ്ടുപോയി ധര്‍മം ചെയ്യുക' അയാള്‍ പറഞ്ഞു: 'ഞങ്ങളേക്കാള്‍ സാധുക്കള്‍ക്കോ? എങ്കില്‍ മദീനയുടെ ഇരുഭാഗത്തുമുള്ള രണ്ട് ചരല്‍ ഭൂമികള്‍ക്കിടയില്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ ഇതിനാവശ്യമുള്ള ഒരു വീട്ടുകാരും ഇല്ല തന്നെ.' അപ്പോള്‍ നബി(സ) തന്റെ അണപ്പല്ല് പുറത്ത് കാണത്തക്കവണ്ണം ചിരിച്ചു. എന്നിട്ടു പറഞ്ഞു: 'താങ്കള്‍ ഇതു കൊണ്ടുപോയി സ്വന്തം വീട്ടുകാരെ ഭക്ഷിപ്പിക്കുക.''

ഇസ്‌ലാമില്‍ വിട്ടുവീഴ്ചയില്ലാത്തതാണല്ലോ വിശ്വാസ മേഖല. ആഇശ(റ) പ്രസ്താവിക്കുന്നു: ''നബി പരിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം പാരായണം ചെയ്തുകൊണ്ട് ഒരു രാത്രി മുഴുവന്‍ കഴിഞ്ഞുകൂടി.'' അബൂദര്‍റ്(റ) പറയുന്നു: ''റസൂലുല്ലാഹി(സ) ഒരു ആയത്ത് ആവര്‍ത്തിച്ചു പാരായണം ചെയ്തുകൊണ്ട് പ്രഭാതം വരെയും കഴിഞ്ഞുകൂടി. സൂക്തം ഇതാണ്: 'അല്ലാഹുവേ നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുന്നുവെങ്കില്‍ നീ അജയ്യനും അഭിജ്ഞനും തന്നെ.'' ഈ സൂക്തത്തിന്റെ തൊട്ടുമുകളിലുള്ള രണ്ടു സൂക്തങ്ങള്‍ കൂടി വിലയിരുത്തുമ്പോഴാണ് പ്രവാചകന്റെ അത്യുന്നതമായ കാരുണ്യമനസ്സ് നമുക്ക് ബോധ്യപ്പെടുക. അതായത് ക്രൈസ്തവര്‍ ശിര്‍ക്കില്‍ ആപതിച്ചതിനെപ്പറ്റി പരലോകത്ത് അല്ലാഹു ഈസാനബി(അ)യോട് അന്വേഷിക്കുന്നതാണ് രംഗം. പ്രസ്തുത സംവാദത്തിന്റെ ഒടുവില്‍ ഈസാനബി നടത്തുന്ന ആത്മഗതാഗന്ധി കൂടിയായ പ്രസ്താവമാണ് ഒടുവില്‍ ഉദ്ധരിക്കുന്നത് (അല്‍മാഇദ 116, 117, 118 സൂക്തങ്ങള്‍ കാണുക). ഈ സൂക്തങ്ങള്‍ വ്യാഖ്യാനിക്കവെ പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളത് വിധിതീര്‍പ്പ് അല്ലാഹുവിന്റെ മാത്രം കാര്യമാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നതാണ് ഈസാനബിയുടെ ഒടുവിലത്തെ വാക്കുകള്‍ എന്നാണ്. അത് അപ്പടി അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഈസാനബിയുടെയും മുഹമ്മദ്‌നബിയുടെയും അത്യുന്നതമായ ഒരു കാരുണ്യമനസ്സു കൂടി ആ വാക്കുകളില്‍ അടങ്ങിയിട്ടില്ലേ?... പ്രവാചകന്‍ ഒരു രാത്രി മുഴുവന്‍ പ്രസ്തുത സൂക്തം മാത്രം പാരായണം ചെയ്തു നമസ്‌കരിച്ചുവെന്നു പറയുമ്പോള്‍ അതില്‍ മഹത്തായ ചില പാഠങ്ങളില്ലേ?...

സ്വന്തം ശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമെല്ലാം സ്‌നേഹവും കരുണയും വെച്ചുപുലര്‍ത്താന്‍ പ്രവാചകന്‍ അടിക്കടി ഉണര്‍ത്തിയിട്ടുണ്ട്. സ്വഭാവ വൈശിഷ്ട്യങ്ങളുടെ അത്യുന്നത മാതൃകയായിരുന്നു പ്രവാചകന്‍. നിഷ്‌കളങ്കവും സരളവും മാന്യവുമായിരുന്നു അവിടുത്തെ ചര്യകളത്രയും. പ്രസന്ന മധുരവും അനുഭൂതിദായകവുമായിരുന്നു അവിടുത്തെ സാന്നിധ്യം പോലും. സംശുദ്ധത, സന്തുലിതത്വം, സമ്പൂര്‍ണത, സൂക്ഷ്മത, സ്‌നേഹം, സഹാനുഭൂതി, ആര്‍ദ്രത, ദയ, ലാളിത്യം... എന്നിങ്ങനെ ഏത് മഹദ് ഗുണങ്ങള്‍ പരിശോധിച്ചാലും അവയിലെല്ലാം അതുല്യനായിരുന്നു പ്രവാചകന്‍. ''സനാതന മൂല്യങ്ങളുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനുവേണ്ടിയാണ് ഞാന്‍ നിയുക്തനായിട്ടുള്ളത്.'' എന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

മനുഷ്യരാശിയോട് മുഴുവന്‍ കരുണ കാട്ടണമെന്ന് നബി(സ) പ്രത്യേകം തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ അവിടുന്ന് അരുള്‍ ചെയ്തു: ''കാരുണ്യം കാണിക്കാത്ത കാലത്തോളം നിങ്ങള്‍ വിശ്വാസിയല്ല തന്നെ.'' ഇത് കേട്ടപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: ''ഞങ്ങളെല്ലാവരും പരസ്പരം കാരുണ്യം കാണിക്കുന്നുണ്ടല്ലോ.'' തിരുദൂതന്‍ പ്രതിവചിച്ചു: ''നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരോട് കാണിക്കുന്ന കാരുണ്യവും സഹാനുഭൂതിയുമല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച് മുഴുവന്‍ മനുഷ്യരോടും ഉണ്ടാവേണ്ട കാരുണ്യവും സഹാനുഭൂതിയുമാണ്'' (ത്വബ്‌റാനി). ഇത് സംബന്ധിച്ച മറ്റുചില നബിവചനങ്ങള്‍ കാണുക: ''സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്. അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്യുന്നവരാരോ അവരാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍.'' പ്രവാചകന്‍ ഒരിക്കല്‍ ചോദിച്ചു: ''നിങ്ങളില്‍ ഉത്തമന്‍ ആരെന്നും ചീത്ത ആരെന്നും ഞാന്‍ പറഞ്ഞുതരട്ടെയോ?'' നിശ്ശബ്ദമായ സദസ്സിനെ നോക്കി പ്രവാചകന്‍ തുടര്‍ന്നു: ''നിങ്ങളില്‍ ആരില്‍നിന്ന് നന്മ പ്രതീക്ഷിക്കപ്പെടുകയും ആരുടെ തിന്മയില്‍നിന്ന് ജനം സുരക്ഷിതമായിരിക്കുകയും ചെയ്യുന്നുവോ അവരാണ് ഉത്തമര്‍. നന്മ പ്രതീക്ഷിക്കപ്പെടുകയോ തിന്മയില്‍നിന്ന് ജനം സുരക്ഷിതരാവുകയോ ചെയ്യാത്തവരാരോ, അവര്‍ ചീത്തയും'' (അഹ്മദ്). ''ജനങ്ങളെ ശല്യപ്പെടുത്തുമ്പോള്‍ അല്ലാഹുവിനെയാണ് ശല്യപ്പെടുത്തുന്നത്'' (ത്വബ്‌റാനി) ''നന്മകളില്‍ ഒരു കാര്യവും നിസ്സാരമാക്കാതിരിക്കുക. നിന്റെ സഹോദരനെ പ്രസന്നവദനനായി കാണുന്നതാണെങ്കിലും ശരി'' (മുസ്‌ലിം). ''ആര്‍ നരകത്തിന് നിഷിദ്ധമാണോ, നരകം ആര്‍ക്ക് നിഷിദ്ധമാണോ അങ്ങനെയുള്ള ഒരാളെ ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടേ, സൗമ്യശീലനും മൃദുലസ്വഭാവിയും വിനയപ്രകൃതിയുമുള്ള ആള്‍'' (അഹ്മദ്). ''വിശ്വാസി തന്റെ സ്വഭാവ നന്മ കൊണ്ട് പകലെല്ലാം നോമ്പനുഷ്ഠിക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നവന്റെ പദവി കരസ്ഥമാക്കുന്നു'' (അബൂദാവൂദ്). പരലോക വിചാരണയില്‍ സല്‍സ്വഭാവത്തെ അല്ലാഹു നമസ്‌കാരത്തിന്റെയും നോമ്പിന്റെയും സ്ഥാനത്തേക്ക് ഉയര്‍ത്തും'' (ബസ്സാര്‍). ''ആരാധനകളില്‍ അല്‍പമൊക്കെ അപാകതകള്‍ ഉള്ളവനായാലും സല്‍സ്വഭാവം കൊണ്ട് ഒരടിമ അന്ത്യദിനത്തില്‍ മഹത്തായ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കും. എന്നാല്‍ സ്വഭാവദൂഷ്യം കാരണത്താല്‍ നരകത്തിന്റെ അടിത്തട്ടിലേക്ക് ചിലര്‍ എറിയപ്പെടും'' (ത്വബ്‌റാനി).

പ്രബോധന രംഗത്തെ നബി(സ)യുടെ ഗുണകാംക്ഷ സവിശേഷമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അതിലും വിശുദ്ധ ഖുര്‍ആന്റെ മാര്‍ഗനിര്‍ദേശം തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ പ്രവാചകന്റെ പാത.

ഉഹ്ദ് യുദ്ധവേളയില്‍ പ്രവാചകനു നേരെ ശത്രുക്കള്‍ നടത്തിയ ആക്രമണത്തില്‍ അവിടുത്തെ ഒരു പല്ല് പൊട്ടി. മുഖത്ത് രക്തമൊലിച്ചു. അപ്പോഴും 'നാഥാ അറിവില്ലാത്ത എന്റെ സമുദായത്തിന് നീ പൊറുത്തു കൊടുക്കേണമേ.' എന്ന് ഹൃദയഹാരിയായി പ്രാര്‍ഥിക്കുകയായിരുന്നു നബി ചെയ്തത്. തന്നെ മര്‍ദിച്ചൊതുക്കിയ മക്കയില്‍ പില്‍ക്കാലത്ത് കടുത്ത ക്ഷാമം ബാധിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ഭക്ഷ്യവിഭവങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു നബി... മക്കയുടെ ധാന്യപ്പുരയായിരുന്നു യമാമ. അവിടുത്തെ വ്യാപാര പ്രമുഖന്‍ തമാമിബ്‌നു ആദാല്‍(റ) ഇസ്‌ലാം സ്വീകരിച്ചപ്പോള്‍, ഇനിമേല്‍ മക്കയിലെ ശത്രുക്കള്‍ക്ക് ഒരു മണി ധാന്യം പോലും നല്‍കില്ലെന്ന് പ്രതിജ്ഞ ചെയ്തു. വിവരം അറിഞ്ഞ നബി(സ) പക്ഷേ തമാമയെ തിരുത്തുകയും ശുത്രക്കള്‍ക്കായാലും കാരുണ്യഹസ്തം നീട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ''ഇങ്ങോട്ട് ദയ കാട്ടുന്നവരോട് അങ്ങോട്ട് ദയ കാട്ടുകയെന്നതല്ല കാര്യം; ഇങ്ങോട്ട് ദയ കാട്ടാത്തവരോട് അങ്ങോട്ട് ദയ കാട്ടലാണ്.''

മനുഷ്യരാശിയെ സര്‍വനാശത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ നബി(സ) അങ്ങേയറ്റം യത്‌നിച്ചു. പ്രിയപത്‌നിയോട് 'ഖദീജാ, ഉറക്കിന്റെ നാളുകള്‍ എനിക്ക് കഴിഞ്ഞുപോയെ'ന്നും അബൂത്വാലിബിനോട് 'എന്റെ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വെച്ചുതന്നാല്‍ പോലും ഞാനീ ദൗത്യത്തില്‍നിന്ന് പിന്മാറുകയില്ലെ'ന്നും ദൃഢസ്വരത്തില്‍ പ്രവാചകന്‍ പറയാന്‍ കാരണം മനുഷ്യമോചനത്തിലുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു.

നബി(സ) രാപ്പകല്‍ ഭേദമന്യേ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കാണാം. ഉക്കാദ്, മജന്ന, ദുല്‍മജാസ് ചന്തകളില്‍, ഹജ്ജ് തീര്‍ഥാടകരുടെ തമ്പുകളില്‍, സ്വകാര്യ സദസ്സുകളില്‍, കുടുംബങ്ങളില്‍, വിവിധ ഗോത്രങ്ങളില്‍, മസ്ജിദുല്‍ ഹറാമില്‍... ഇങ്ങനെയുള്ള വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സ്വഹാബത്തിനെ വിവിധ സംഘങ്ങളാക്കി നാടിന്റെ നാനാഭാഗത്തേക്കും അയച്ചു, രാജാക്കന്മാര്‍ക്കും ഇതര ഭരണാധികാരികള്‍ക്കും കത്തുകള്‍ എഴുതി, കടുത്ത പ്രതികൂലാവസ്ഥകളില്‍ പോലും (ഉദാ: ശഅ്ബ് അബീത്വാലിബ് ഉപരോധം, ഹിജ്‌റാ വേള...) നബി(സ) പ്രബോധനം ഉപേക്ഷിച്ചിരുന്നില്ല. അതുപോലെ നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷവും പരോക്ഷവുമായ ശൈലികള്‍ കാണാം. അതായത് ധാരാളം ആളുകളെ നേര്‍ക്കുനേരെ തന്നെ ഇസ്‌ലാമിലേക്ക് വിളിച്ചു. എന്നാല്‍ മറ്റു പലരെയും വിളിച്ചില്ല. അത്തരക്കാര്‍ പ്രവാചകന്റെ സ്വഭാവ മഹിമയില്‍ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. അപ്പോഴും ഇസ്‌ലാം സ്വീകരിക്കാതെ, എന്നാല്‍ ഇസ്‌ലാമിക വ്യവസ്ഥിതിയെ അംഗീകരിച്ച ധാരാളം പേര്‍ ഉണ്ടായിരുന്നു. അവര്‍ ഇസ്‌ലാമിന്റെ വിമോചന മുഖത്തെ ഇഷ്ടപ്പെട്ടു. ഒന്നിനും ആരെയും നബി നിര്‍ബന്ധിച്ചിരുന്നില്ലെന്നര്‍ഥം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍