Prabodhanm Weekly

Pages

Search

2015 ജനുവരി 16

കെ.കെ ഹംസ മൗലവി മാട്ടൂല്‍

മഹ്മൂദ് വാടിക്കല്‍

കെ.കെ ഹംസ മൗലവി മാട്ടൂല്‍

സാമൂഹിക പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ കെ.കെ ഹംസ മൗലവി(74) ജമാഅത്തെ ഇസ്‌ലാമി മാട്ടൂല്‍ സൗത്ത് യൂനിറ്റിലെ അംഗമായിരുന്നു. സുസ്‌മേരവദനനായിട്ടല്ലാതെ ഹംസ മൗലവിയെ കാണാനാകുമായിരുന്നില്ല. രോഗാതുരനാകുന്നതുവരെ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കാസര്‍കോഡ് ആലിയ അറബിക് കോളേജില്‍ കെ.സി അബ്ദുല്ല മൗലവി, കെ. മൊയ്തു മൗലവി, വി. അബ്ദുല്ല ഉമരി എന്നിവരുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ സഹപാഠികളാണ് ഒ.പി അബ്ദുസ്സലാം മൗലവിയും അബ്ദുറഹിമാന്‍ തറുവായിയും. 

ആലിയ അറബിക് കോളജ്, ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജ്, ദക്ഷിണ കനറയിലെ വിവധ മദ്‌റസകള്‍, മാട്ടൂല്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയ ഹംസ മൗലവി, മാട്ടൂല്‍ സൗത്തിലെ എം.ആര്‍.യു.പി സ്‌കൂളില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. കണ്ണൂരും കാസര്‍ഗോഡും രണ്ട് ജില്ലകളാകുന്നതിനു മുമ്പുള്ള, ജമാഅത്തെ ഇസ്‌ലാമിയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാസമിതി അംഗമായിരുന്നു. അഴീക്കോട്  ഹല്‍ഖ നാസിമായിരുന്നു. പ്രസ്ഥാനത്തിനു പുറത്തുള്ളവര്‍ക്കും സുസമ്മതനായിരുന്നു അദ്ദേഹം.

വളപട്ടണത്തെ പ്ലൈവുഡ് കമ്പനി തൊഴിലാളികള്‍ക്ക് ജുമുഅ നമസ്‌കരിക്കാന്‍ പ്രയാസം അനുഭവപ്പെട്ടപ്പോള്‍ വളപട്ടണം ബദ്ര്‍ പള്ളിയില്‍ ജുമുഅ തുടങ്ങാന്‍ ശ്രമിച്ചത് കര്‍മ ശാസ്ത്ര  പ്രശ്‌നത്തിന്റെ പേരില്‍ വിവാദമായി, തുടര്‍ന്ന് ബദ്ര്‍ പള്ളിയില്‍ ജുമുഅ ആരംഭിച്ചപ്പോള്‍ സുന്നീ നിയന്ത്രണത്തിലുള്ള പള്ളിയായിട്ടും വര്‍ഷങ്ങളോളം അവിടെ ഖത്വീബായിരുന്നത് ഹംസ മൗലവിയാണ്.

കേരള അറബിക് ടിച്ചേര്‍സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, സക്കാത്ത് സെല്‍, റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, കേരള സര്‍വീസ് പെന്‍ഷനേര്‍സ് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ ഏറെകാലം 'സുഭാഷിതം' അവതരിപ്പിച്ചിരുന്നു.  ഹംസ മൗലവിയുടെ ഹദീസ്, തര്‍ബിയത്ത് സംബന്ധമായ നിരവധി ലേഖനങ്ങള്‍ പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മഹ്മൂദ് വാടിക്കല്‍

കെ.കെ മുഹമ്മദ്

വൈപ്പിന്‍ ഏരിയയില്‍ എടവനക്കാട് ഇല്ലത്തുപടി ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു കെ.കെ മുഹമ്മദ് സാഹിബ്. നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ വിവിധ സംരംഭങ്ങളില്‍ കമ്മിറ്റി മെമ്പറായി ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു. മരിക്കുമ്പോള്‍ മസ്ജിദുന്നൂര്‍ കമ്മിറ്റിയംഗമായിരുന്നു.

സുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍ മസ്ജിദിന്റെ അങ്കണം വൃത്തിയാക്കുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു അദ്ദേഹം. സദാ പുഞ്ചിരിതൂകിയുള്ള പെരുമാറ്റം പ്രദേശ വാസികള്‍ക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കി. മുഹമ്മദ് സാഹിബ് മാധ്യമം പത്രത്തിന്റെ ഏജന്‍സി ഏറ്റെടുത്ത ശേഷം കോപ്പികള്‍ ധാരാളം വര്‍ധിക്കുകയുണ്ടായി. പത്രവായനക്കാരില്‍ ചിലരെ പ്രബോധനത്തിന് വരിചേര്‍ക്കാനും അദ്ദേഹത്തിന് എളുപ്പം സാധിച്ചു. സുബ്ഹിക്ക് മുമ്പേ പത്രവിതരണത്തിനെത്തുന്ന അദ്ദേഹത്തിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് പല വീടുകളും ഉണരുന്നതെന്ന് പത്രവരിക്കാരും അയല്‍വാസികളും ഓര്‍ക്കുന്നു. സമയനിഷ്ഠ പാലിക്കുന്നതില്‍ കണിശക്കാരനായിരുന്നു. ജോലിക്കിടയിലും സ്വന്തം കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കാന്‍ ശ്രദ്ധിച്ചു. 'ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനമാണ് എന്നെയും കുടുംബത്തെയും ഇസ്‌ലാമിക ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതെ'ന്ന് എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇല്ലത്തുപടി ഹല്‍ഖയിലെ പ്രവര്‍ത്തകരാണ്.

മെഹ്ബൂബ് കൊച്ചി

കെ.കെ സൈതാലിക്കുട്ടി

തിരൂര്‍ നടുവിലങ്ങാടി ഹല്‍ഖയിലെ പ്രവര്‍ത്തകനും മുന്‍ യൂനിറ്റ് സെക്രട്ടറിയുമായ കിഴക്കാംകുന്നത്ത് കുഞ്ഞോന്‍ എന്ന സൈതാലിക്കുട്ടി സാഹിബ് 1987 മുതല്‍ ദുബൈയില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഏല്‍പ്പിക്കപ്പെട്ട ഏത് ഉത്തരവാദിത്തവും ഭംഗിയായി നിര്‍വഹിക്കുമായിരുന്നു. നിശ്ശബ്ദ സേവനമായിരുന്നു സൈതുക്കയുടെ മുഖമുദ്ര. ദുബൈ പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റിലായിരുന്നു ജോലി.

പത്രത്തില്‍ സഹായാഭ്യര്‍ഥനയുമായി വരുന്ന പരസ്യങ്ങള്‍ വെട്ടിയെടുത്ത് പരസ്യത്തില്‍ കാണുന്ന വ്യക്തിക്ക് പണം അയച്ച് കൊടുക്കുന്ന 'സാധു സംരക്ഷണ ഫണ്ടി'ന്റെ ചുമതല സൈയ്തുക്കയാണ് വഹിച്ചിരുന്നത്.

വിസിറ്റിംഗ് വിസയില്‍ ജോലിയാവശ്യാര്‍ഥം വരുന്നവരെ സഹായിക്കാനും അവര്‍ക്കാശ്വാസം പകരാനും സൈയ്തുക്ക ഉത്സാഹിക്കുമായിരുന്നു. ഒരിക്കല്‍ പോലും അദ്ദേഹം, ആരോടെങ്കിലും കയര്‍ക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നതായി ഗള്‍ഫിലും നാട്ടിലുമുള്ള സഹപ്രവര്‍ത്തകര്‍ക്ക് അനുഭവമില്ല. നാട്ടില്‍ തിരിച്ചെത്തിയതു മുതല്‍ മുഴുസമയ പ്രവര്‍ത്തകനായി. ബാലസംഘം സംഘാടനം മുതല്‍ ഇലക്ഷന്‍ രാഷ്ട്രീയം വരെ, പോസ്റ്ററൊട്ടിക്കുന്നതിലും സ്‌ക്വാഡിലും മാര്‍ച്ചിലും ധര്‍ണയിലും പ്രായവും അവശതയും മറന്ന് തന്റെ സജീവ സാന്നിധ്യം ഉറപ്പുവരുത്തി. അവസാനം പങ്കെടുത്ത യോഗത്തില്‍, തന്റെ ചുമതലയിലായിരുന്ന പരസ്പര സഹായ നിധിയുടെ അതുവരെയുള്ള കണക്കുകളും മറ്റും നേതൃത്വത്തെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു: 'നിധിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കണക്കുകളും ഇതിലുണ്ട്, ഇതൊന്ന് വെരിഫെ ചെയ്യണം, സംഖ്യയില്‍ കുറവ് വല്ലതുമുണ്ടെങ്കില്‍ ഞാന്‍ വകവെച്ചുതരും, വൈകാതെ ചെയ്യണം!' അതിനുശേഷം യോഗങ്ങളില്‍ സംബന്ധിക്കാന്‍ രോഗം അദ്ദേഹത്തെ അനുവദിച്ചില്ല.

ഭാര്യ എ.പി ആസിയ നടുവിലങ്ങാടി വനിതാ യൂനിറ്റിലെ പ്രവര്‍ത്തകയാണ്. മക്കളും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. മക്കള്‍: ഡോ. മുഹമ്മദ് റഫീഖ് (റിലീഫ് ഡന്റല്‍ ക്ലിനിക്, ചെമ്മാട്), മുഹമ്മദ് ഷാഫി, മുഹമ്മദ് ജംഷീദ്, മുഹമ്മദ് ആശിഖ്, യുസ്‌റ. മരുമക്കള്‍: നസ്‌റിന്‍, നസീമ, നസാത്ത്.

അഡ്വ. ടി.കെ മുഹമ്മദ് അസ്‌ലം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍