രാഷ്ട്രങ്ങളുടെ കോര്‍പറേറ്റ്‌വത്കരണം <br> അറബ് ലോകത്തിന്റെ ഞാണിന്മേല്‍ കളി
''World wide capitalism can no longer sustain or tolerate... global equality.''
''The link between democracy and capitalism has been broken.''
പ്രമുഖ ചിന്തകന്‍ സ്ലാവോ സീസെകിന്റെ ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതാണ് 2014-ലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അടിയൊഴുക്കുകള്‍. ആഗോള സമത്വം എന്ന ചിന്തയെ ഇനിമേല്‍ മുതലാളിത്തത്തിന് സഹിക്കാനാവുകയില്ലെന്നും, മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള ബന്ധം അറുത്തുമാറ്റപ്പെട്ടിരിക്കുന്നുവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മുതലാളിത്തത്തിന്റെ ആസുരതയെ തുറന്നു കാണിക്കുന്ന ഒട്ടുവളരെ പഠനങ്ങള്‍ പുറത്ത് വന്ന വര്‍ഷം കൂടിയാണ് 2014. വെര്‍ജിനിയ വെസ്‌ലന്‍ കോളേജിലെ ഫ്രഞ്ച് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ അലന്‍ ഗാബന്‍, കനേഡിയന്‍ സാംസ്‌കാരിക നിരൂപകന്‍ ഹെന്റി. എ. ഗിറോ തുടങ്ങിയവരും കഴിഞ്ഞ വര്‍ഷത്തെ ആഗോള സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തി മുതലാളിത്തത്തെ നിശിതമായി വിചാരണ ചെയ്തിട്ടുണ്ട്.
അലന്‍ ഗാബന്‍ എഴുതിയ 'ഫെര്‍ഗൂസന്‍ മുതല്‍ ഇസ്രയേല്‍ വരെ: മര്‍ദക മിലിട്ടറി കോര്‍പറേറ്റ് രാഷ്ട്രത്തിന്റെ ഉദയം' എന്ന പ്രബന്ധം കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രീയ, സാമ്പത്തിക തകിടം മറിച്ചിലുകളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ഈ ഭീകര പരിണാമങ്ങളൊക്കെയും കഴിഞ്ഞ വര്‍ഷത്തിന്റെ സംഭാവനയാണ് എന്നിതിന് അര്‍ഥമില്ല. നവ ഫാഷിസവും മിലിട്ടറി കോര്‍പറേറ്റ് രാഷ്ട്ര ഭീകരതയും സംഹാരതാണ്ഡവമാടിയ വര്‍ഷം എന്നതാണ് അതിനെ വേറിട്ട് നിര്‍ത്തുന്നത്.
പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ കടന്നുകയറിയും പോലീസ് നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തിയും അമേരിക്ക തന്നെ ഇക്കാര്യത്തിലും വഴികാട്ടി. ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും സ്റ്റേറ്റിന്റെ അമിതാധികാര പ്രയോഗങ്ങള്‍ വര്‍ധിച്ചു. ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ സംഹാര താണ്ഡവവും, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അബ്ദുല്‍ ഫത്താഹ് സീസി ഈജിപ്തില്‍ സ്ഥാപിച്ച അത്യന്തം അക്രമോത്സുകമായ നിയോ ഫാഷിസ്റ്റ് സമഗ്രാധിപത്യ ഭരണവും ഇതിന്റെ തുടര്‍ച്ച തന്നെ. വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെച്ച ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലും ഇതിന്റെ അനുരണനങ്ങള്‍ കാണാം.
മൂന്ന് പ്രക്രിയയിലൂടെയാണ് ലോക രാഷ്ട്രങ്ങള്‍ കടന്നുപോകുന്നതെന്ന് അലന്‍ ഗാബന്‍ നിരീക്ഷിക്കുന്നു. ഒന്ന്, ഭരണവും പാര്‍ലമെന്റും ഉള്‍പ്പെടെയുള്ള സകല രാഷ്ട്ര സംവിധാനങ്ങളും കോര്‍പറേറ്റ്‌വത്കരിക്കപ്പെടുന്നു. രാഷ്ട്രങ്ങള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുന്നു. തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളുടെ താല്‍പര്യങ്ങളോ പ്രതീക്ഷകളോ ഭരണാധികാരികള്‍ക്ക് പ്രശ്‌നമല്ല. നരേന്ദ്രമോദി സര്‍ക്കാറിന്റെ ആറേഴ് മാസത്തെ ഭരണം ഇതിന് മികച്ച ഉദാഹരണമാണ്. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പാര്‍ലമെന്റിനെ മറികടന്നുകൊണ്ടുള്ള ഓര്‍ഡിനന്‍സുകള്‍, തൊളിലാളികള്‍ പതിറ്റാണ്ടുകള്‍ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളത്രയും ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ടുള്ള തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്. ഒമ്പത് അക്ക വരുമാനമുള്ള ഹൈപ്പര്‍ ക്ലാസ് ബഹുരാഷ്ട്ര ഭീമന്മാരാണ് (Transnational 9-digit hyperclass) ആണ് 'സ്വതന്ത്ര കമ്പോള'ത്തിന്റെ മറവില്‍ ഭരണകൂടത്തിന്റെ മുഴുവന്‍ ചലനങ്ങളെയും നിയന്ത്രിക്കുന്നത്. ഇത് ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മാത്രം ബാധകമായ കാര്യമൊന്നുമല്ല. കടത്തില്‍ കുടുങ്ങി ശ്വാസം മുട്ടുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സ്ഥിതി നോക്കുക. കടം ലഭിക്കാനായി 'ചെലവ് ചുരുക്കല്‍' എന്ന പേരില്‍ ബഹുരാഷ്ട്ര കുത്തകകള്‍ സമര്‍പ്പിക്കുന്ന സകല ജനവിരുദ്ധ നയങ്ങളും ഉടനടി നടപ്പിലാക്കേണ്ട ഗതികേടിലാണ് ഗ്രീസ് മുതല്‍ ഫ്രാന്‍സ് വരെയുള്ള രാഷ്ട്രങ്ങള്‍.
ലോക രാഷ്ട്രങ്ങള്‍ കടന്നുപോകുന്ന രണ്ടാമത്തെ പ്രക്രിയ ട്രിക്ക്ള്‍ അപ് (Trickle-up) എന്നാണ് അറിയപ്പെടുന്നത്. കുത്തകകള്‍ക്ക് കൂടുതല്‍ പണമുണ്ടായാലെന്താ, അത് കിനിഞ്ഞിറങ്ങി(Trickle-down) പാവങ്ങളിലും എത്തുമല്ലോ, അങ്ങനെ എല്ലാവരിലും ക്ഷേമം കളിയാടുമല്ലോ- ഇത് ആഗോളവത്കരണത്തിന്റെ തുടക്കത്തില്‍ നമ്മളെല്ലാം കേട്ടുകൊണ്ടിരുന്ന പല്ലവിയാണ്. എണ്‍പതുകളില്‍ താച്ചര്‍-റീഗന്‍ പ്രഭൃതികളുടെ അടിസ്ഥാനരഹിതമായ പ്രചാരണം മാത്രമായിരുന്നു ഇത്. അത്തരം യാതൊരു കിനിഞ്ഞിറക്കവും ലോക സമ്പദ്ഘടനയില്‍ ഇന്നില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. ഉള്ളത് ഭയാനകമായി വര്‍ധിച്ചുവരുന്ന ധനിക-ദരിദ്ര അന്തരം മാത്രം. ഓക്‌സ്ഫാം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കാണുക: ലോകത്തിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകള്‍ മൊത്തം ലോകസമ്പത്തിന്റെ പകുതിയും കൈയടക്കിവെച്ചിരിക്കുന്നു. ഈ അതിസമ്പന്ന വിഭാഗത്തിന്റെ കൈയിലുള്ള സ്വത്ത് 110 ട്രില്യന്‍ ഡോളര്‍. ഇത് മൊത്തം ജനസംഖ്യയുടെ 'ദരിദ്ര പാതി'യിലുള്ള ജനങ്ങളുടെ സ്വത്തിന്റെ 65 ഇരട്ടിയാണ് എന്ന് മനസ്സിലാക്കണം. അതായത് ലോകജനസംഖ്യയുടെ 'താഴെ പകുതി'യിലുള്ളവര്‍ക്ക് ലോക സമ്പത്തിന്റെ ഒരു ശതമാനം പോലും ഇല്ല എന്നതാണ് സത്യം. മറ്റൊരു വാക്കില്‍, ഭൂമിയിലെ 85 ആളുകള്‍ക്ക് ലോകജനസംഖ്യയുടെ പകുതി ആളുകളെക്കാള്‍ സ്വത്തുണ്ട്. ഈ ഭീമമായ അന്തരം ഇനിയുള്ള വര്‍ഷങ്ങളിലും പതിറ്റാണ്ടുകളിലും വര്‍ധിക്കാനേ ന്യായം കാണുന്നുള്ളൂ.
വെള്ളത്തിന്റെ രൂപകം കടമെടുത്താണ് 'കിനിഞ്ഞിറങ്ങുക' എന്ന പ്രയോഗം. പക്ഷേ, വെള്ളം ഒരിക്കലും കിനിഞ്ഞ് കയറാറില്ല (Trickle-up). പക്ഷേ പ്രകൃതിയില്‍ അസംഭവ്യമായതാണ് ഇന്ന് ലോക സമ്പദ്ഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. താഴെക്കിടയിലുള്ളവരുടെ അവസാനത്തെ തുട്ടും മേലാളന്മാരിലേക്ക് ഉയര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഈ അതിസമ്പന്നരുടെ കേവലം ഉപകരണങ്ങള്‍ മാത്രമാണ് ഇന്ന് ഭരണകൂടങ്ങള്‍. ചില നാടുകളില്‍ മഹാപണക്കാരും ഭരണാധികാരികളും എന്ന വേര്‍തിരിവ് തന്നെ ഇല്ലാതായിരിക്കുന്നു. ലഭ്യമായ അറിവ് വെച്ച്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്റെ വ്യക്തിപരമായ സമ്പാദ്യം 50 ബില്യന്‍ ഡോളറാണ്. പുട്ടിന്റെ തന്നെ വെളിപ്പെടുത്തിയിട്ടില്ലാത്ത സ്വത്തുക്കളും കുടുംബാംഗങ്ങളുടെ സമ്പാദ്യങ്ങളും ചേര്‍ത്ത് വെച്ചാല്‍ ആയിരം ബില്യന്‍ ഡോളര്‍ കടന്നേക്കും. ഇവിടെ ഭരണാധികാരി തന്നെ കോടീശ്വരനായി തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹാഭൂരിപക്ഷവും കോടീശ്വരന്മാരായിരുന്നല്ലോ.
ഭരണാധികാരികള്‍ കോടീശ്വരന്മാരുടെ വിധേയരോ കോടീശ്വരന്മാര്‍ തന്നെയോ ആയിത്തീരുമ്പോഴുള്ള മൂന്നാമത്തെ പ്രക്രിയയാണ് ഏറ്റവും അപകടം പിടിച്ചത്. ജനങ്ങളില്‍ വലിയൊരു വിഭാഗം 'പുറന്തള്ളപ്പെടേണ്ട അധികപ്പറ്റ്' (Excess disposability) ആയിത്തീരും എന്നതാണത്. ഈ പ്രയോഗം കനേഡിയന്‍ സാംസ്‌കാരിക നിരൂപകനായ ഹെന്റി.എ. ഗിറോവിന്റേതാണ്. ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ചേരി നിവാസികള്‍ തുടങ്ങി കോര്‍പറേറ്റുകള്‍ക്ക് പ്രയോജനമില്ലാത്ത ഏത് വിഭാഗവും അധികപ്പറ്റായിത്തീരും. അവരെ ഭരണകൂടം തിരിഞ്ഞ് നോക്കില്ല. അതില്‍ പ്രതിഷേധിക്കാനോ മറ്റോ തുനിഞ്ഞാല്‍ ഭരണകൂടം/ കോര്‍പറേറ്റുകള്‍ അവരെ ഭീകരമായി അടിച്ചൊതുക്കും. കേരളത്തിലെ സെക്രട്ടറിയേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തിയ നില്‍പുസമരത്തോട് ഭരണകൂടത്തിന്റെ നിസ്സംഗതയും അമര്‍ഷവും നാം കണ്ടതാണ്. ആദിവാസികളുടെയും മറ്റു അധഃസ്ഥിത വിഭാഗങ്ങളുടെയും നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ വന നിയമങ്ങളും മറ്റും മോദി സര്‍ക്കാര്‍ മാറ്റിയെഴുതുന്നത്, ദുര്‍ബല വിഭാഗങ്ങളെ ഭരണകൂടം അധികപ്പറ്റായി കാണുന്നു എന്നതിന് തെളിവാണ്. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി രംഗത്തുള്ള സന്നദ്ധ സംഘടനകളെയും എന്‍.ജി.ഒകളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഇതിനോടൊപ്പമാണ് ചേര്‍ത്ത് വായിക്കേണ്ടത്.
ഈ മൂന്ന് പ്രവണതകളും വേറിട്ടല്ല, ഒന്നിച്ചാണ് ലോക രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ഘടനയില്‍ ഇടപെടുന്നത്. ഇതിനെതിരെ പൊതുസമൂഹത്തില്‍ കടുത്ത പ്രതിഷേധമുയരുക സ്വാഭാവികം. അതിനെ അടിച്ചൊതുക്കാന്‍ പോലീസ് സേനയെ ശക്തിപ്പെടുത്തിയാല്‍ മതിയാവില്ല, സൈനികവത്കരിക്കേണ്ടിവരും. സൈന്യം ശത്രുരാജ്യങ്ങളില്‍ ചെയ്യുന്നതായിരിക്കും, സൈനികവത്കരിക്കപ്പെട്ട പോലീസ് ഇനി തദ്ദേശീയരോട് ചെയ്യുക. ഇതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഫെര്‍ഗൂസനില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കന്‍ വെള്ളപ്പോലീസ് നടത്തിയ അതിക്രമങ്ങള്‍. വെള്ളക്കാരന്റെ കൊളോണിയല്‍ മനസ്ഥിതിയെയും ഫെര്‍ഗൂസന്‍ സംഭവങ്ങളെയും ബന്ധിപ്പിച്ച് ഹാതിം ബാസിയാന്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Reverse domestic colonization എന്നാണ് അദ്ദേഹം ഈ പ്രവണതയെ വിളിക്കുന്നത്. അന്യനാടുകളെ കോളനിയാക്കുന്നതിന് പകരം സ്വന്തം പൗരന്മാരെ തന്നെ കോളനിവത്കരണത്തിന് വിധേയരാക്കുക. വെള്ളക്കാരില്‍ നിന്ന് അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും ഹിസ്പാനിക്കുകളും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഇതാണ്.
ആദ്യം അമേരിക്കന്‍ വെള്ളപ്പോലീസ് 18 വയസ്സുകാരനായ മൈക്കല്‍ ബ്രൗണിനെ വെടിവെച്ചുകൊന്നു. അവരുടെ അടുത്ത ഇര 12 വയസ്സുകാരനായ താമര്‍ റൈസ് ആയിരുന്നു. ന്യായമായ കാരണങ്ങളൊന്നുമില്ലാതെയാണ് കറുത്ത വര്‍ഗക്കാരായ ഈ കുട്ടികളെ പോലീസ് വെടിവെച്ച് കൊന്നത്. എന്നാല്‍, പോലീസ് തെറ്റൊന്നും ചെയ്തില്ലെന്ന് വിധിയെഴുതി ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു അവിടത്തെ ജൂറി. ഈ കടുത്ത വംശീയ വിവേചനത്തിനെതിരെ ഒന്നും മിണ്ടാതെ 'ബ്ല ബ്ല ബ്ല' പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു അമേരിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ്! പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ കറുത്ത വര്‍ഗക്കാരെ പോലീസ് പൈശാചികമായി നേരിട്ടപ്പോള്‍, അതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഒബാമ ഇറാഖിലെ 'ഐസിസി'നെതിരെ യുദ്ധവിമാനമയച്ചത് എന്ന വായനയുണ്ട്.
അറബ് ലോകം
മൂന്ന് തലത്തില്‍ ലോകത്തിന് മേല്‍ പിടിമുറുക്കുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഇര കഴിഞ്ഞ വര്‍ഷം അറബ് ലോകം തന്നെയായിരുന്നു. ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം പ്രസിദ്ധീകരിച്ച 2014-ലെ അറബ് ലോകത്തെക്കുറിച്ച അവലോകന ലേഖനങ്ങളുടെ പ്രധാന തലക്കെട്ട് 'ഞാണിന്മേല്‍ കളി' എന്നായിരുന്നു. പിന്നില്‍ കളിക്കുന്ന കോര്‍പറേറ്റുകളെ ഒഴിവാക്കി സംഭവങ്ങള്‍ ക്രോഡീകരിക്കുക മാത്രമാണ് പത്രം ചെയ്തത്. യമനില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ ഇരയായത് സലഫികള്‍ കൂടി അണിചേര്‍ന്ന അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍ ഇസ്വ്‌ലാഹ് ആയിരുന്നു. ലോക ജനതക്ക് മുമ്പില്‍ പാമ്പും കീരിയും കളിക്കുന്ന അമേരിക്കയും ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങളും മൊസ്സാദുമെല്ലാം ചേര്‍ന്നാണ് അല്‍ ഇസ്വ്‌ലാഹിന്റെ സൈനികവും രാഷ്ട്രീയവുമായ സകല ശക്തി കേന്ദ്രങ്ങളെയും പിഴുത് മാറ്റിയത്. 'ഹൂഥി'കളെ അതിന് ഉപകരണമാക്കി എന്നു മാത്രം. ഈജിപ്തിലെ അട്ടിമറി മുഴുവന്‍ ആസൂത്രണം ചെയ്തത് അമേരിക്കയാണെന്നാണ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.
പുതിയ മിഡിലീസ്റ്റില്‍ ലിബിയ മൂന്ന് രാഷ്ട്രങ്ങളായി വിഭജിക്കപ്പെടുമെന്നാണ് അമേരിക്കന്‍ ബുദ്ധികേന്ദ്രങ്ങള്‍ പ്രവചിച്ചതെങ്കില്‍ ഇപ്പോള്‍ തന്നെ ആ രാഷ്ട്രം പത്തിലധികം തുണ്ടുകളായി ചിതറിപ്പോയിരിക്കുന്നു. കേന്ദ്രഭരണം അവിടെ എന്നോ ഇല്ലാതായി. മിലീഷ്യകളോ ഗോത്രസഖ്യങ്ങളോ ആണ് ഓരോ മേഖലയും ഭരിക്കുന്നത്. ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ നിഷ്‌കാസനത്തിന് ശേഷം ഇഖ്‌വാന്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക കക്ഷികളും വിപ്ലവകാരികളായ ലിബറലുകളും രാഷ്ട്രത്തെ ഒന്നിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്. ഈ രാഷ്ട്രീയ പാര്‍ട്ടികളെയും മിലീഷ്യകളെയും ഒരേ വേദിയില്‍ അണിനിരത്താനായി ഫജ്‌റു ലിബിയ എന്ന മുന്നണി അവര്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിനെ പൊളിക്കേണ്ടത് സാമ്രാജ്യത്വ കോര്‍പറേറ്റ് ലോബിയുടെ ആവശ്യമായിരുന്നു. അവര്‍ മുന്‍ പട്ടാള ഓഫീസറായ ഖലീഫ ഹഫ്തര്‍ എന്നൊരാളെ കെട്ടിയിറക്കി. അയാള്‍ കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഏതാനും മിലീഷ്യകളെയും ഗോത്രങ്ങളെയും വിലക്കെടുത്ത് കറാമതു ലിബിയ എന്നൊരു മുന്നണി തട്ടിക്കൂട്ടി. ഇവര്‍ തമ്മിലാണ് ഇപ്പോള്‍ പോര്. സകല വിദേശ സാമ്രാജ്യ ശക്തികളുടെയും സഹായമുണ്ടെങ്കിലും ട്രിപ്പോളിയോ ബന്‍ഗാസിയോ അതുപോലുള്ള പ്രധാന നഗരങ്ങളോ കീഴടക്കാന്‍ ഖലീഫ ഹഫ്തറിന് കഴിഞ്ഞിട്ടില്ല.
ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ആണ് 2014 ജന്മം നല്‍കിയ മറ്റൊരു രാഷ്ട്രീയ പ്രതിഭാസം. ഇതിന്റെ ആദ്യകാല പ്രൊമോട്ടര്‍മാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇറാഖിന്റെയും സിറിയയുടെയും വലിയൊരു ഭാഗം കൈവശപ്പെടുത്തി തിരിഞ്ഞുകുത്താന്‍ തുടങ്ങിയപ്പോള്‍ ആ പ്രൊമോട്ടര്‍മാര്‍ തന്നെ യുദ്ധവിമാനങ്ങളുമായി 'ഐസിസ്' കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ വരുന്നതും നാം കണ്ടു. ഇറാഖിന്റെ ശൈഥില്യം ഇനി വീണ്ടെടുക്കാനാവാത്ത വിധം പൂര്‍ത്തിയായ വര്‍ഷമാണ് 2014. ഒന്നാം ലോക യുദ്ധത്തിന് ശേഷം ബ്രിട്ടനും ഫ്രാന്‍സും നടത്തിയ രഹസ്യ ചര്‍ച്ചയിലൂടെ വരഞ്ഞുണ്ടാക്കിയ മധ്യ പൗരസ്ത്യ ഭൂപടത്തിന്റെ പല അതിര്‍ത്തികളും ഇന്ന് മാറ്റിവരക്കപ്പെട്ട നിലയിലാണ്. തീവ്രവാദി വിഭാഗങ്ങള്‍ അതിര്‍ത്തി നോക്കാതെ മേഖലയിലുടനീളം ഊര് ചുറ്റുന്നതും കാണാം.
അതിനര്‍ഥം മിഡിലീസ്റ്റിലെ ഭരണകൂടങ്ങള്‍ പറ്റെ ദുര്‍ബലപ്പെട്ടിട്ടുണ്ടെന്നും ദേശീയ സൈന്യങ്ങള്‍ തന്നെ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ടെന്നുമാണ്. ഹിസ്ബുല്ല, അന്‍സ്വാറുല്ല, ദര്‍ഉ ലിബിയ, ഹൂഥി തുടങ്ങി അര്‍ധ സൈനിക വിഭാഗങ്ങളും മിലീഷ്യകളുമാണ് ഇപ്പോള്‍ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസ്വിലിലേക്ക് മാര്‍ച്ച് ചെയ്ത ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആയിരത്തില്‍ താഴെ പടയാളികളോട് ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ അര ലക്ഷത്തോളം വരുന്ന സര്‍വായുധ വിഭൂഷിത ഇറാഖി സൈന്യമാണ് ആ നഗരത്തില്‍ നിന്ന് ഓടിപ്പോയത്. ഭരണവും സൈന്യവും ദുര്‍ബലമായ മിഡിലീസ്റ്റിനെ കാത്തിരിക്കുന്നത് കടുത്ത അരാജകത്വ പ്രവണതകള്‍ തന്നെയായിരിക്കും.
'അറബ് ശൈത്യം' എന്ന് വിളിക്കപ്പെടുന്ന ഈ കൂരിരുട്ടിലും രജതരേഖ പോലെ തുനീഷ്യയുണ്ട്. പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നെങ്കിലും, രാജ്യത്തിന് സ്വതന്ത്ര ഭരണഘടനയും തെരഞ്ഞെടുപ്പ് സംവിധാനങ്ങളും ഒരുക്കുന്നതില്‍ അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ മുഖ്യപങ്കുവഹിച്ചു. ഫഹ്മി ഹുവൈദി പ്രതീക്ഷ വെക്കുന്നത് പോലെ, 'അറബ് വസന്തം' കുഴിച്ചു മൂടപ്പെട്ടു എന്ന് പറയാനാവില്ല. അതിന്റെ അനുരണനങ്ങള്‍ അടുത്ത വര്‍ഷവും അടുത്ത പതിറ്റാണ്ടിലുമൊക്കെ തുടരും. കഴിഞ്ഞ വര്‍ഷത്തെ അടിച്ചമര്‍ത്തലുകളും അരാജകത്വ പ്രവണതകളും വരാനിരിക്കുന്ന മാറ്റത്തിന്റെ പേറ്റുനോവായിക്കൂടെന്നുണ്ടോ?
Comments