Prabodhanm Weekly

Pages

Search

2015 ജനുവരി 16

സ്വന്തമായി അജണ്ടകളുണ്ടാകുന്നത് എന്നായിരിക്കും?

അഫ്‌സല്‍ വി.എസ്, അസ്ഹറുല്‍ ഉലൂം, ആലുവ

സ്വന്തമായി അജണ്ടകളുണ്ടാകുന്നത് 
എന്നായിരിക്കും?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ തികച്ചും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ഫാഷിസ്റ്റ് ഭരണകൂടം എങ്ങനെ അധികാരത്തിലേറി എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ''ഇങ്ങനെ കരഞ്ഞുതീര്‍ക്കാനുള്ളതാണോ  ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതം?''”എന്ന ലേഖനപരമ്പര. ''അര്‍ഹതയുള്ളവരുടെ അതിജീവനം'' എന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തത്തെ ''അജണ്ടകളുള്ളവരുടെ അതിജീവനം'' എന്ന് തിരുത്തിവായിക്കാവുന്നതാണ്. കാരണം, കൃത്യവും വ്യക്തവുമായ അജണ്ടയും പരിപാടികളും കൈവശമുള്ളവര്‍ മാത്രമേ എക്കാലത്തും അതിജയിച്ചിട്ടുള്ളു. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ,് മോദി നേതൃത്വം നല്‍കുന്ന, ആര്‍.എസ്.എസ് പിന്തുണയുള്ള ബി.ജെ.പി ഗവണ്‍മെന്റ്. 1925 മുതല്‍ വര്‍ഗീയമെങ്കിലും കൃത്യമായ ആസൂത്രിത അജണ്ടകളുടെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചുവന്നത്. ഗാന്ധിവധത്തിലും ബാബരിമസ്ജിദ് ധ്വംസനത്തിലും ഗുജറാത്ത് കലാപത്തിലും മോദിയുടെ അധികാരാരോഹണത്തിലും ഈ ആസൂത്രണം വ്യക്തമാണ്. എന്നാല്‍, മറുവശത്ത് മുസ്‌ലിം സംഘടനകളും, സെക്യുലര്‍ രാഷ്ട്രീയ ഗ്രൂപ്പുകള്‍ പോലും 'റിയാക്ടീവ്' (പ്രതികരണ സ്വഭാവമുള്ള) ആയ പ്രവര്‍ത്തനരീതിയാണ് സ്വീകരിക്കുന്നത്. സംഘ്പരിവാര്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ ലേഖനം, പ്രതിഷേധറാലി, ഡോക്യുമെന്ററി, കവിത... എന്നിങ്ങനെയൊതുങ്ങുന്നു ഫാഷിസത്തിനെതിരെയുള്ള പോരാട്ടം. ഇതുതന്നെയാണ് പലപ്പോഴും വര്‍ഗീയതക്കെതിരെയുള്ള പ്രതിശബ്ദങ്ങള്‍ തുടക്കത്തില്‍ തന്നെ നിലച്ചുപോകുന്നതിനും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഇലക്ഷനുകളില്‍ മോദി തരംഗം പ്രതിഫലിക്കുന്നതിനും മറ്റും പ്രധാന കാരണം. ആഗോള തലത്തില്‍ സയണിസ്റ്റുകളും ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളും പ്രത്യക്ഷത്തില്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ മാത്രമാണ് ഇപ്പുറത്ത്  മനുഷ്യ സ്‌നേഹികള്‍ ഉണരുന്നത്. മുസ്‌ലിം സംഘടനകളും പ്രസ്ഥാനങ്ങളും പോലും അവരെ 'ചെയ്‌സ്' ചെയ്യുകയാണ്. സ്ഥിരതയുള്ള ഒരു സ്ട്രാറ്റജി മത-മതേതര സംഘടനകള്‍ ഉണ്ടാക്കുന്നില്ല. ഇവര്‍ക്ക് സ്വന്തമായി ഒരു അജണ്ടയും ഉണ്ടാകുന്നില്ല. അടുത്തകാലത്ത് ഉയര്‍ന്നുവന്ന ഘര്‍വാപസിയും സംഘ്പരിവാറിന്റെ വ്യക്തമായ അജണ്ടയുടെ പ്രായോഗിക രൂപമാണ്. എല്ലാവരെയും ഹിന്ദുക്കളാക്കുക എന്നതല്ല മറിച്ച് മതപരിവര്‍ത്തനം നിരോധിക്കുന്നതിന് ദേശീയ തലത്തില്‍ നിയമം കൊണ്ടുവരിക എന്നതാണ് ഘര്‍വാപസിയിലൂടെ ആര്‍.എസ്.എസിന്റെ ഹിഡന്‍ അജണ്ട. ഇത്തരത്തില്‍ വ്യക്തമായ അജണ്ടകളുടെ അടിസ്ഥാനത്തില്‍ ഫാഷിസം ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ട സമൂഹം കൃത്യമായ അജണ്ടകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി, സ്വയം നിര്‍മിച്ച കര്‍മപരിപാടികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ മുസ്‌ലിം സമൂഹം പരിശ്രമിച്ചു തുടങ്ങുകയാണ് ഒന്നാമതായി വേണ്ടത്.

അഫ്‌സല്‍ വി.എസ്, അസ്ഹറുല്‍ ഉലൂം, ആലുവ

സസ്‌നേഹം ജീവിക്കുന്ന കാലത്തിന് 
നമ്മുടെയും പ്രാര്‍ഥന

പ്രബോധനം (ലക്കം:2879) വായിച്ചപ്പോള്‍ ഹൃദയത്തിന് ഒരു കുളിര്; മതപ്രഭാഷണങ്ങള്‍ പരസ്പരം വിഴുപ്പലക്കലായി അധഃപതിച്ച കാലത്ത് മുസ്‌ലിം നേതാക്കളുടെ പ്രസംഗങ്ങളും മുനവ്വറലി തങ്ങളുമായി നടത്തിയ അഭിമുഖവും ഏറെ സന്തോഷം തരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, അന്ധമായ അഭിപ്രായ വ്യത്യാസങ്ങള്‍ വെടിഞ്ഞേ തീരൂ. നേതാക്കളുടെ അഭിപ്രായങ്ങള്‍ പ്രസക്തമാണ്; സംഘടനകള്‍ അത് പ്രയോഗത്തില്‍ വരുത്തണമെന്നു മാത്രം. ഇസ്‌ലാമിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന സന്ദര്‍ഭത്തില്‍ നമ്മെളെവിടെ നില്‍ക്കുന്നുവെന്നും, വിദ്യാഭ്യാസത്തിന്റെയും വിജ്ഞാന കേന്ദ്രങ്ങളുടെയും പുതിയ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നുമുള്ള ചര്‍ച്ചകള്‍ താഴെ തട്ടിലേക്കൂ കൂടി വരണം-പ്രായോഗിക മാറ്റത്തിന് അതനിവാര്യമാണ്.

എം.കെ അബ്ദുര്‍റഹ്മാന്‍, ഉളിയില്‍

യോജിപ്പിന് എന്താണ് തടസ്സം?

മുസ്‌ലിം ഐക്യസംബന്ധിയായ ലക്കം (2849) കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ സംഘടനകള്‍ ഇന്നും വിയോജിപ്പില്‍ അഭിരമിക്കുന്നത്? ഐക്യപ്പെടാനും സമരസപ്പെടാനും അമാന്തം കാണിക്കുന്ന പതിവ് രീതി വിട്ട് ഉമ്മത്തിന്റെ ഉന്നമനത്തിന് വേണ്ടി മുഷ്ടികള്‍ ചുരുട്ടാനും ഉരുക്കു കോട്ടകള്‍ പോലെ നിലകൊള്ളാനും കഴിഞ്ഞാല്‍ മാത്രമേ ഇന്ന് നടമാടുന്ന പല ഏടാകൂടങ്ങള്‍ക്കും അറുതിവരുകയുള്ളൂ. സ്വന്തം പോക്കറ്റ് വീര്‍പ്പിച്ചും സ്വാര്‍ഥ താല്‍പര്യങ്ങളില്‍ കെട്ടിപ്പിണഞ്ഞും സംഘടനകളില്‍ ആശ്രിതത്വം പുലര്‍ത്തുന്നവര്‍ കൂടിവരുന്ന കാലത്ത് ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുക തന്നെ ചെയ്യും.

കെ.സി സലീം, കരിങ്ങനാട്

വീടിന്റെ കെടാവിളക്കുകളല്ലേ ഉപ്പയും ഉമ്മയും

പി.എം.എ ഗഫൂര്‍ എഴുതിയ 'ഉമ്മയും ഉപ്പയുമില്ലെങ്കില്‍ വെന്തുണങ്ങുന്നു നമ്മുടെ വീട്' (ലക്കം:2880) എന്ന ലേഖനം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടല്ലാതെ അത് വായിച്ച് തീര്‍ക്കാനായില്ല. വീടിന്റെ കെടാവിളക്കുകളാണ് നമ്മുടെ മാതാപിതാക്കള്‍. തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍... ഏത് അവശതയിലും രോഗാവസ്ഥയിലുമാണെങ്കിലും അവരുടെ സാന്നിധ്യം നമുക്കെന്തെന്നില്ലാത്ത കരുത്ത് പകരുന്നു. അവരിലൊരാളെങ്കിലും കൂടെയുണ്ടെങ്കില്‍ പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതിയാണ്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും നിലനില്‍പ്പും അവര്‍ ജീവിച്ചിരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. പലപ്പോഴും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നമ്മുടെ സാമീപ്യം അവര്‍ക്ക് ലഭ്യമാകാറില്ലെങ്കിലും അവര്‍ പരാതി പറയാറില്ല. നാട്ടില്‍ വന്ന് ലീവ് കഴിഞ്ഞ് യാത്രപറയാന്‍ സമയത്ത് കെട്ടിപ്പിടിച്ച് ആ കവിളില്‍ ചുടുമുത്തം നല്‍കുമ്പോള്‍ കൈ കൂട്ടിപ്പിടിച്ച് കൊണ്ട് 'ഇനി എന്നാണെന്റെ മോന്‍ വരിക' എന്ന ചോദ്യത്തെ അഭിമുഖീകരിക്കാനാകാതെ കരള്‍ പറിച്ചെടുത്തുകൊണ്ടാണ് തിരിച്ച് പോകാറുള്ളത്. സ്‌നേഹം മാത്രം പകര്‍ന്നുതരാനറിയുന്ന ആ മനസ്സുകളുടെ മഹത്വമറിയാത്തവരാണ് വൃദ്ധ സദനങ്ങള്‍ തേടിപ്പോകുന്നത്. ഏറെ ഹൃദ്യമായി വിഷയമവതരിപ്പിച്ച ലേഖകനു അഭിനന്ദനങ്ങള്‍. വീടകത്തില്‍ വന്ന ഇതര ലേഖനങ്ങളും ഏറെ ഹൃദ്യമായിരുന്നു.

സി.എച്ച് അനീസുദ്ദീന്‍, കൂട്ടിലങ്ങാടി

ലാളിത്യത്തിന്റെ മുദ്ര

സ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെക്കുറിച്ച് വായിച്ചു. ഈയുള്ളവന്‍ 1983-ല്‍ ഖത്തറില്‍നിന്ന് ലീവിന് നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോള്‍, കൊച്ചിയില്‍ നിന്നും ബോംബെ ഫ്‌ളൈറ്റില്‍ കയറി (അന്ന് കൊച്ചിയില്‍നിന്ന് ഖത്തറിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് തുടങ്ങിയിട്ടില്ല). ഞാന്‍ സീറ്റില്‍ ഇരുന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു മധ്യവയസ്‌കന്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. കുറച്ച് കഴിഞ്ഞ് അദ്ദേഹം എന്നോട് ചോദിച്ചു. ''താങ്കള്‍ ബോംബെയിലേക്കാണോ?'' ''അല്ല, ഖത്തറിലേക്കാണ്.'' ''എന്താണ് അവിടെ ജോലി?'' ''ഖത്തര്‍ പോലീസില്‍.'' തുടര്‍ന്ന് ഖത്തറിലെ മലയാളികളുടെ അവസ്ഥയെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ കുറെ കാര്യങ്ങള്‍ ചോദിച്ചു. അവസാനം ഞാന്‍ ചോദിച്ചു: ''താങ്കള്‍ ഖത്തറിലേക്കാണോ?'' ''അല്ല. ഞാന്‍ ദല്‍ഹിയിലേക്കാണ്. ബോംബെയില്‍ നിന്ന് രാത്രി 8 മണിക്കാണ് ദല്‍ഹി ഫ്‌ളൈറ്റ്.'' ''അവിടെ എന്തു ചെയ്യുന്നു?'' ''സുപ്രീം കോടതിയിലാണ്.'' ''പേര്?'' ''കൃഷ്ണയ്യര്‍.''

അന്ന്, വാര്‍ത്താമധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു മഹാവ്യക്തിത്വമാണ് എന്റെ തൊട്ടടുത്തിരുന്ന് കുശലാന്വേഷണം നടത്തിയത്! അദ്ദേഹത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും കാണാന്‍ കഴിഞ്ഞ ലാളിത്യമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. സുപ്രീം കോടതി ജഡ്ജിയാണെന്ന ഭാവമേ അദ്ദേഹത്തിനില്ലായിരുന്നു. ഒരു സാധാരണക്കാരനെപ്പോലെ മറ്റുള്ളവരുമായി അടുത്തിടപഴകുന്ന പ്രകൃതം. അതാണ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കിയത്.

പി.എ ശറഫുദ്ദീന്‍, മാഞ്ഞാലി, പറവൂര്‍

സ്‌നേഹം കൊണ്ട് സ്വര്‍ഗമാവണം നമ്മുടെ വീടകം

സന്തം വിരിയുന്ന വീടകങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ശ്രദ്ധേയമായി (ലക്കം:2880). മാര്‍ബിളിന്റെയും ഗ്രാനൈറ്റിന്റെയും തിളക്കമല്ല, കുടുംബാംഗങ്ങളുടെ ഹൃദയത്തില്‍ നിന്നൊഴുകുന്ന സ്‌നേഹത്തിന്റെ തേന്‍കണങ്ങളാണ് വീടിനെ സ്വര്‍ഗമാക്കുന്നതെന്ന പാഠമാണ് ബഷീര്‍ തൃപ്പനച്ചിയുടെ തീവ്രമായ അനുഭവക്കുറിപ്പ് പകര്‍ന്നുനല്‍കുന്നത്. യതീംഖാനയിലെ ബിരിയാണിയെക്കാള്‍, സ്‌നേഹമുള്ള ഉമ്മയോടൊപ്പമുള്ള കഞ്ഞികുടിയുടെ മാധുര്യം വായനക്കാരന്റെ മനസ്സും നിറക്കും.

ഏറ്റവും മനോഹരമായ രൂപം ഏതാണെന്ന ആലോചനക്കു കിട്ടിയ ഉത്തരം 'ശിശു' എന്നാണ്. ഒരു കുഞ്ഞിന്റെ രൂപത്തോളം ലാവണ്യമുള്ള ഒന്നും ഭൂമുഖത്തില്ല എന്നാണ് ബോധ്യം. ഈ കുഞ്ഞുങ്ങളാണ് വലുതാകുമ്പോള്‍ തെമ്മാടികളും സാമൂഹിക ദ്രോഹികളുമായി മാറുന്നത് എന്നത് ഗൗരവപൂര്‍വം ആലോചിക്കേണ്ട വിഷയമാണ്. കുടുംബത്തില്‍ നിന്ന് സ്‌നേഹം കിട്ടാതാകുമ്പോഴാണ് വ്യക്തികള്‍ കുറ്റവാളികളായി മാറുന്നത്. ബോംബെയില്‍നിന്ന് ഒളിച്ചോടിവന്ന ഒരു കുട്ടിയെ അറിയാം. വീട്ടില്‍നിന്ന് ഒളിച്ചോടി കള്ളവണ്ടി കയറി കണ്ണൂരിലെത്തിയ കുട്ടിയെ ആരോ യതീംഖാനയില്‍ എത്തിച്ചു. അവര്‍ അവനെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. ഒന്നാം ക്ലാസില്‍ ചേരുമ്പോള്‍ തന്നെ എട്ടോ പത്തോ വയസ്സുണ്ടായിരുന്നു. നാലം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കുടുംബത്തെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ അധ്യാപകനോട് അവന്‍ പറഞ്ഞു: 'എന്റെ ഉപ്പയെ ഞാന്‍ കൊല്ലും.' എന്തിനാണ് കൊല്ലുന്നതെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''ഉപ്പ കള്ളും കുടിച്ചുവന്ന് ഉമ്മാനെ അടിക്കും.'' വീട്ടില്‍നിന്ന് ഒളിച്ചോടാന്‍ മാത്രം ഭീകരമായിരുന്നു വീട്ടിലെ അവസ്ഥ എന്നാണല്ലോ മനസ്സിലാക്കേണ്ടത്.

കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍