Prabodhanm Weekly

Pages

Search

2015 ജനുവരി 16

ഒരു സിനിമകൊണ്ട് സാധ്യമാകുന്നു <br> ഇത്രയേറെ ചോദ്യങ്ങള്‍

പി.എ.എം ഹനീഫ് /ലൈക് പേജ്

         ആമിര്‍ഖാന്റെ പുതിയ ചലച്ചിത്രം 'പികെ' ഇന്ത്യയിലും വിദേശത്തും വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. സമീപകാലത്തൊന്നും ഒരു ഹിന്ദി സിനിമ ഇത്രയധികം സിനിമാ പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടില്ല. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന സെന്‍സര്‍ബോര്‍ഡ് ഇടപെട്ടില്ലെങ്കില്‍ 'പികെ' ഇനിയും ബഹുദൂരം മുന്നോട്ടുപോകും. രാജ്കുമാര്‍ ഹിരാനി എന്ന സംവിധായകന്റെ തിരിച്ചുവരവ് കൂടിയാണ് 'പികെ'. എതിര്‍പ്പുകള്‍ രൂക്ഷമാകുന്നിടത്താണ് 'പികെ' കാണാനുള്ള സിനിമാ പ്രേമികളുടെ ആവേശം അതിരുകടക്കുന്നത്.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മരുഭൂപ്രദേശത്ത് അന്യഗ്രഹങ്ങളിലൊന്നില്‍ നിന്ന് ഇറങ്ങുന്ന നഗ്ന യുവാവാണ് പികെ. ജയ്‌സാല്‍മീറുകാരനായ നാടോടി 'പികെ'യുടെ കഴുത്തിലണിഞ്ഞ റിമോട്ട് കണ്‍ട്രോള്‍ അപഹരിക്കുന്നു. റിമോട്ട് നഷ്ടമായതിനാല്‍ സ്വന്തം ഗ്രഹത്തിലേക്ക് തിരിച്ചുപോകാന്‍ 'പികെ'ക്ക് സാധിക്കുന്നില്ല. നഷ്ടപ്പെട്ട റിമോട്ട് തേടി അലഞ്ഞ പികെ ഒടുവില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ വിശേഷിച്ച് ന്യൂദല്‍ഹിയില്‍ എത്തിപ്പെടുന്നു. പിന്നീട് 'പികെ' കാണുന്നത് വിചിത്ര ആചാരങ്ങളില്‍ കുടുങ്ങിയ സംസ്‌കൃത ചിത്തരെന്നഭിമാനിക്കുന്ന ഇന്ത്യന്‍ സമൂഹത്തെയാണ്. മാനുഷികാംശങ്ങള്‍ വേണ്ടത്രയുള്ള ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന 'പികെ' എന്ന അന്യഗ്രഹ ജീവി കാണുന്നതും കേള്‍ക്കുന്നതുമെല്ലാം 'അവിശ്വസനീയ'ങ്ങളായ കാര്യങ്ങള്‍. തിരിയുന്നേടത്തെല്ലാം ആള്‍ദൈവങ്ങള്‍, നൂറു നൂറ് വിചിത്ര ആചാരങ്ങള്‍, വാക്കുകള്‍ക്ക് 'തലതിരിഞ്ഞ' അര്‍ഥങ്ങള്‍ നല്‍കുന്ന ഭാഷയിലെ കൗതുകകരമായ വൈചിത്ര്യങ്ങള്‍, കോഴ, വാഗ്ദത്ത ലംഘനങ്ങള്‍, വേതന വര്‍ധനവിനെപ്പറ്റി സംസാരിക്കുകയും 'ഒരു ജോലിയും ചെയ്യാതെ' സാധാരണ പൗരനെ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ലോബി, നേരും നെറിയുമില്ലാത്ത രാഷ്ട്രീയ സംസ്‌കാരങ്ങള്‍, ലക്കും ലഗാനുമില്ലാത്ത വിവിധ മത സംഘങ്ങള്‍...  'പികെ' കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അവിശ്വസനീയമായ വസ്തുതകള്‍.

പാകിസ്താനി സര്‍ഫറാസും ഇന്ത്യന്‍ യുവതി ജഗത് ജനനി എന്ന ജഗ്ഗുവും പ്രണയിക്കുന്നതും പിന്നീട് ഒന്നിക്കുന്നതും ചിത്രീകരിക്കുന്നത് 'പികെ'യിലെ ചങ്കുറപ്പിന്റെ മറ്റൊരു കാഴ്ചയാണ്. ഇന്ത്യ-പാക് വിഭജനത്തിന്റെ നീറുന്ന ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിച്ച് വിദ്വേഷവും അന്യമത വൈരവും വളര്‍ത്തുന്ന ചിലരെയും 'പികെ' ചോദ്യം ചെയ്യുന്നു.

ഹിന്ദുക്കള്‍ക്കിടയില്‍ വിധവയുടെ വേഷമാണ് ശുഭ്രവസ്ത്രം. ക്രൈസ്തവര്‍ക്കാകട്ടെ നവവധുവിന് ശുഭ്ര വേഷമാണ്. 'പികെ' ഇരു വിഭാഗത്തിലും കടന്നുചെന്ന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ക്രൈസ്തവ ദേവാലയത്തിനുള്ളില്‍ വീഞ്ഞ് തിരുവോസ്തിക്കൊപ്പമുള്ള വിശുദ്ധ പാനീയമാണ്. ചര്‍ച്ചിനുള്ളില്‍ നിന്ന് ഇത് ഗ്രഹിച്ച് 'സത്യം' അന്വേഷിക്കുന്ന 'പികെ' വീഞ്ഞിന്റെ കുപ്പികളുമായി മസ്ജിദിനുള്ളില്‍ പ്രവേശിക്കുന്നു. അവിടെ അയാള്‍ ബഹിഷ്‌കൃതനാവുന്നു.  ഇങ്ങനെ ഒരു വിഭാഗത്തിന്റെ ആചാരം മറ്റൊരു മതത്തില്‍ അനാചാരമാകുന്നത് പി.കെ തിരിച്ചറിയുന്നു.

മാധ്യമ പ്രവര്‍ത്തകയാണ് നായിക ജഗ്ഗു. താന്‍ ജോലി ചെയ്യുന്ന ചാനല്‍ അധികൃതരുടെ സഹായത്തോടെ ആള്‍ദൈവങ്ങളുടെ സകല തട്ടിപ്പുകളും ചോദ്യം ചെയ്യുന്നു. പരിഹസിച്ചു പവിത്രീകരിക്കുക എന്ന 'സറ്റയര്‍' രചനാ ശൈലി കുറ്റമറ്റ രീതിയില്‍ രാജ്കുമാര്‍ ഹിരാനി കൈകാര്യം ചെയ്തിരിക്കുന്നു. സകല ദൈവങ്ങളും ഒന്നല്ലേ എന്ന സംശയത്തില്‍ നിന്ന് 'പികെ' ചര്‍ച്ചില്‍ കയറി തേങ്ങ ഉടയ്ക്കുന്ന രംഗം, കാമ്പസിനു മുന്നില്‍ ചെറിയൊരു പാറക്കഷ്ണത്തില്‍ താംബൂല രസമായ ചുകപ്പ് തേച്ചു പിടിപ്പിച്ച് തൊട്ടു മുന്നില്‍ കുറെ നാണയങ്ങളും വിതറി വിഗ്രഹം നാട്ടുന്ന രംഗം, പഠിക്കാതെ പരീക്ഷ പാസ്സാകാന്‍ ശിലാപൂജ നടത്തുന്ന വിദ്യാര്‍ഥികളുടെ അഭ്യാസവും ലോട്ടറി എടുത്തിട്ട് ഭാഗ്യം വരാന്‍ ശയന പ്രദക്ഷിണം അനുഷ്ഠിക്കുന്നതുമടക്കം ചിരിയുടെ അമിട്ടുകള്‍ക്ക് തീ കൊളുത്തുന്ന ഷോട്ടുകള്‍ നിരവധിയാണ്.

'പികെ'യിലെ ഇന്ത്യനവസ്ഥകളുടെ യഥാതഥ ചിത്രീകരണവും അവക്കു നേരെയുള്ള നിശിത പരിഹാസവും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരില്‍ അമര്‍ഷം ഉളവാക്കുക സാധാരണം. മലയാളികളില്‍ വലിയ വിജയം നേടാതെ പോയ 'നാരദന്‍ കേരളത്തില്‍' എന്ന നാടകത്തിനോടും തുടര്‍ന്നുണ്ടായ സിനിമയോടും ചില സാദൃശ്യങ്ങള്‍ 'പികെ'ക്കുണ്ട്. സംഘ്പരിവാര്‍ പ്രഭൃതികളെ അലോസരപ്പെടുത്താന്‍ തക്കവണ്ണം യാതൊരു വിമര്‍ശനവും ഇതിലില്ല. 'പികെ' നിരോധിക്കാനും തിയേറ്ററുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാനും സംഘ്പരിവാര്‍ ഇറങ്ങിത്തിരിച്ചതിനെ മലര്‍ന്നു കിടന്ന് തുപ്പല്‍ എന്നേ, 'പികെ' കാണുന്ന ഏതൊരാളും വിചാരിക്കുകയുള്ളൂ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍