നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിലില്ല
മദീനയിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് കുട്ടികളുണ്ടാകാതിരിക്കുകയോ, ഉണ്ടായാല്‍ തന്നെ വൈകാതെ മരണപ്പെട്ടുപോവുകയോ ചെയ്താല്‍, തങ്ങള്‍ക്ക് ഇനി ഉണ്ടാകാന്‍ പോകുന്ന കുട്ടിയെ യഹൂദര്‍ക്ക് നല്‍കുമെന്ന് നേര്‍ച്ചയാക്കുമായിരുന്നു. അന്ന് മദീനയിലെ പ്രബല മതവിഭാഗമായിരുന്നു ജൂതന്മാര്‍. വേദഗ്രന്ഥവും പ്രത്യേക ആചാരാനുഷ്ഠാനങ്ങളും കൊണ്ട് ഇതര ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. തങ്ങള്‍ ദൈവത്തിന്റെ സ്വന്തക്കാരാണെന്ന പ്രതീതി മറ്റുള്ളവരില്‍ ജനിപ്പിക്കുന്നതില്‍ ജൂതര്‍ ഒരു പരിധിയോളം വിജയിച്ചതിന്റെ ഫലമായി ജൂതമതം സ്വീകരിച്ചില്ലെങ്കിലും അവരോട് ബഹുദൈവ വിശ്വാസികള്‍ക്ക് പ്രത്യേക മതിപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്ക് വല്ല പ്രതിസന്ധിയും ബുദ്ധിമുട്ടും പരീക്ഷണങ്ങളുമൊക്കെ ഉണ്ടാവുമ്പോള്‍ യഹൂദികളെ ആശ്രയിക്കുമായിരുന്നു. അതില്‍പെട്ടതായിരുന്നു തങ്ങളുടെ കുഞ്ഞുങ്ങളെ ജൂതരാക്കി അവര്‍ക്ക് നല്‍കുമെന്ന നേര്‍ച്ച.
പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ ബഹുദൈവ വിശ്വാസികളായിരുന്ന ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ ഏതാണ്ടെല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അപ്പോഴും അന്‍സ്വാരികളായ പല രക്ഷിതാക്കളുടെയും സന്താനങ്ങള്‍ ജൂതന്മാരോടൊപ്പം കഴിയുന്നുണ്ടായിരുന്നു. ചെറുപ്പത്തിലേ ജൂതര്‍ക്കിടയില്‍ വളര്‍ന്നതിനാല്‍ അവര്‍ ജൂതന്മാരായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇസ്‌ലാമാശ്ലേഷിച്ച അന്‍സ്വാരികള്‍ തങ്ങളുടെ സന്താനങ്ങളും തങ്ങളെപ്പോലെ മുസ്‌ലിംകളാവണമെന്നാഗ്രഹിച്ചു. അതുകൊണ്ട് അവരെ തിരിച്ചുകൊണ്ടുവരാനും തങ്ങളോടൊപ്പം ചേര്‍ക്കാനും അവര്‍ തീരുമാനിച്ചു. വിവരം ധരിപ്പിക്കാന്‍ അവര്‍ നബിയുടെ അടുത്ത് വന്നു. എന്തുപറയണമെന്നറിയാതെ നബി മൗനത്തിലാണ്ടു. ആ സന്ദര്‍ഭത്തിലാണ്“'മതത്തില്‍ ബലാല്‍ക്കാരമില്ല' (അല്‍ബഖറ 256) എന്ന ഖുര്‍ആന്‍ വചനം അവതരിച്ചത്. അനന്തരം നബി അവരെ ആ ഉദ്യമത്തില്‍ നിന്ന് വിലക്കിക്കൊണ്ട് പറഞ്ഞു: ''അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവര്‍ നിങ്ങളോടൊപ്പം വരുന്നുവെങ്കില്‍ നിങ്ങള്‍ക്കവരെ കൂട്ടാം. ഇനി അതിനവര്‍ വിസമ്മതിക്കുകയും ജൂതന്മാരോടൊപ്പം തുടരാനുമാണുദ്ദേശ്യമെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെ'' (ബൈഹഖി, അബൂദാവൂദ്, ഇബ്‌നു കസീര്‍).
മറ്റൊരു നിവേദനമനുസരിച്ച് അബുല്‍ ഹുസൈന്‍ എന്ന അന്‍സ്വാരികളില്‍പ്പെട്ട ഒരാളുടെ വിഷയത്തിലാണീ വചനം അവതരിച്ചത്. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളാണുണ്ടായിരുന്നത്. ഒരിക്കല്‍ സിറിയയില്‍ നിന്ന് ഏതാനും കച്ചവടക്കാര്‍ ഒലീവ് എണ്ണയുമായി മദീനയില്‍ വന്നു. അതെല്ലാം കച്ചവടം ചെയ്ത് അവര്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോള്‍ ഈ കുട്ടികളുമായി സംസാരിച്ച് അവരെ ക്രിസ്തുമതത്തിലേക്ക് ക്ഷണിച്ചു. അവരത് സ്വീകരിച്ച് ക്രിസ്ത്യാനികളാവുകയും അവരുടെ കൂടെ പോവൂകയും ചെയ്തു. അപ്പോള്‍ പിതാവ് നബിയുടെ അടുത്ത് വന്ന് സങ്കടം ബോധിപ്പിച്ചു. അവരെ മടക്കിക്കൊണ്ടുവരാനായി താന്‍ പിന്നാലെ പോവട്ടെ എന്ന് അനുവാദം ചോദിച്ചു. അപ്പോള്‍ നബി ഈ വചനം കേള്‍പ്പിക്കുകയും നിര്‍ബന്ധിച്ച് അവരെ മടക്കി കൊണ്ടുവരുന്നത് വിലക്കുകയും ചെയ്തു (ത്വബരി, ഇബ്‌നു കസീര്‍ 2/15, അദുര്‍റുല്‍ മന്‍സൂര്‍ 1/329).
ഇസ്‌ലാം സ്വീകരിക്കാന്‍ യാതൊരു ബലപ്രയോഗവും പാടില്ല. അതിനുവേണ്ടി ഒരുവിധ സമ്മര്‍ദവും ചെലുത്താവതല്ല. ഇത് ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനമാണ്. ഖുര്‍ആന്‍ വളരെ വ്യക്തവും ശക്തവുമായ ശൈലിയില്‍ അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് രണ്ടാം അധ്യായം 256-ാം വചനം. ഇതിന്റെ വിവക്ഷ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത് കാണുക: ''ഇസ്‌ലാമാകുന്ന ആദര്‍ശപരവും ധാര്‍മികവും കര്‍മപരവുമായ ഈ വ്യവസ്ഥ ആരുടെയും മേല്‍ ബലാല്‍ക്കാരം അടിച്ചേല്‍പ്പിക്കാവതല്ല. ഇത് ഒരാളുടെ തലയില്‍ നിര്‍ബന്ധപൂര്‍വം വെച്ചുകെട്ടാവുന്ന ഒരു വസ്തുവേ അല്ല'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ബഖറ 285-ാം വ്യഖ്യാനക്കുറിപ്പ്).
സ്വന്തം മക്കളുടെ കാര്യത്തില്‍ പോലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിക്കൂടാ എന്നാണ് അല്ലാഹുവിന്റെ കല്‍പന. വസ്തുത ഇതായിരിക്കെ ഇസ്‌ലാമിനെതിരെ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആരോപണമുന്നയിക്കുന്നതിന് എന്തുണ്ട് ന്യായം?
കഠിനാധ്വാനം ചെയ്തിട്ടും ആളുകള്‍ സന്മാര്‍ഗം സ്വീകരിക്കാത്തതിന്റെ പേരില്‍ സങ്കടപ്പെട്ട പ്രവാചകനോട് അല്ലാഹു പറയുകയുണ്ടായി: ''ഈ ജനത്തിന്റെ അവഗണന താങ്കള്‍ക്ക് അസഹ്യമാകുന്നുവെങ്കില്‍, ഭൂമിയില്‍ തുരങ്കമുണ്ടാക്കിയോ, ആകാശത്തേക്ക് കോണിവെച്ചോ അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നു കൊടുക്കാന്‍ കഴിയുമോ എന്നു ശ്രമിച്ചുനോക്കുക. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്മാര്‍ഗത്തില്‍ ഒന്നിപ്പിക്കാന്‍ അവനു കഴിയുമായിരുന്നു. അതിനാല്‍ മൂഢനാവാതിരിക്കുക'' (അല്‍ അന്‍ആം 35).
''മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ഉദ്ദേശ്യമെങ്കില്‍ പ്രവാചക നിയോഗം, വേദാവതരണം, ആശയ സംവാദം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം- ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ ശക്തിപ്രഭാവത്തിന്റെ നേരിയൊരംശം കൊണ്ട് സാധിക്കാവതായിരുന്നല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യം തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇച്ഛിച്ചിട്ടുള്ളത്.
അതുപ്രകാരം വിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകള്‍ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചപ്പെട്ട ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം (തഫ്ഹീമുല്‍ ഖുര്‍ആന്‍ അല്‍ അന്‍ആം 24ാം വ്യാഖ്യാനക്കുറിപ്പ്).
അല്ലാഹു പറയുന്നു: ''നിന്റെ നാഥന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊള്ളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? അല്ലാഹുവിന്റെ ഹിതമില്ലാതെ ഒരു ജീവിക്കും വിശ്വസിക്കാന്‍ സാധിക്കുന്നതല്ല'' (യൂനുസ് 99).
ഭൂമിയില്‍ ആദ്യംമുതലേ സത്യനിഷേധികളും ധിക്കാരികളും ഒരിക്കലും ഉണ്ടാവരുതെന്നും, എല്ലാവരും ആജ്ഞാനുവര്‍ത്തികളും അനുസരണമുള്ളവരും ആകണമെന്നുമായിരുന്നു ദൈവത്തിന്റെ ഇഛയെങ്കില്‍, ഭൂവാസികളെ ഒന്നടങ്കം അനുസരണമുള്ള മുഅ്മിനുകളായി സൃഷ്ടിക്കാന്‍ അവന് കഴിയുമായിരുന്നു. സൃഷ്ടിയില്‍ തന്നെ എല്ലാവരുടേയും ഹൃദയങ്ങള്‍ ഈമാനും അനുസരണവുമുള്ളതാക്കാനും പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, മനുഷ്യകുലത്തെ സൃഷ്ടിക്കുന്നതിലൂടെ ഉദ്ദേശിച്ച ലക്ഷ്യം, സത്യവിശ്വാസവും അനുസരണവും അവരുടെ അനിവാര്യപ്രകൃതിയാകുന്നതോടെ വിനഷ്ടമാകുന്നു. മനുഷ്യന് അനുസരിക്കാനും അനുസരിക്കാതിരിക്കാനും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കാന്‍ ദൈവം തീരുമാനിച്ചു (തഫ്ഹീമുല്‍ ഖുര്‍ആന്‍, യൂനുസ് 101ാം വ്യാഖ്യാനക്കുറിപ്പ്).
അല്ലാഹു പറയുന്നു:“''അതിനാല്‍ താങ്കള്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ പ്രബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനല്ല'' (അല്‍ഗാശിയ 21,22).
''ഒരുവന്‍ ബുദ്ധിപരമായ ന്യായങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ വേണ്ട, അംഗീകരിക്കാന്‍ തയാറല്ലാത്തവരെക്കൊണ്ട് ബലം പ്രയോഗിച്ച് അംഗീകരിപ്പിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല. ആളുകള്‍ക്ക് തെറ്റും ശരിയും വിശദീകരിച്ചുകൊടുക്കുക, തെറ്റായ വഴിക്ക് സഞ്ചരിക്കുന്നതിന്റെ ദുഷ്പരിണതിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കുക-അതുമാത്രമാണ് താങ്കളുടെ ചുമതല. താങ്കള്‍ ആ ചുമതല നിര്‍വഹിച്ചുകൊണ്ടേയിരിക്കുക'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അല്‍ ഗാശിയ 8-ാം വ്യാഖ്യാനക്കുറിപ്പ്).
ഓരോ വ്യക്തിക്കും ഇസ്‌ലാം സ്വീകരിക്കാനും നിരസിക്കാനുമുളള സ്വാതന്ത്ര്യം അല്ലാഹു തന്നെ നല്‍കിയതാണ്. ഓരോരുത്തരും മനസ്സറിഞ്ഞു പൂര്‍ണ മനസ്സംതൃപ്തിയോടെ ഇസ്‌ലാം ഉള്‍ക്കൊണ്ടാലേ അല്ലാഹു അത് സ്വീകരിക്കുകയുള്ളൂ. ആരെയെങ്കിലും അനുകരിച്ചുകൊണ്ടോ നിര്‍ബന്ധിതനായോ പ്രത്യക്ഷത്തില്‍ വിശ്വാസം നടിക്കുകയും ഉള്ളില്‍ നേര്‍വിപരീതവുമാണെങ്കില്‍ അവരാണ് മുനാഫിഖുകള്‍ (കപട വിശ്വാസികള്‍).
സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള സംവിധാനവും സാഹചര്യവും എല്ലാവര്‍ക്കും മുമ്പില്‍ ഒരുക്കുകയും അങ്ങനെ തങ്ങളുടെ ബുദ്ധിയുപയോഗിച്ച് അതിലിഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കുകയും ചെയ്തിരിക്കുകയാണു അല്ലാഹു. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് അവന്‍ ഏതാണ് തെരഞ്ഞെടുക്കുകയെന്നു പരീക്ഷിക്കുകയാണ് മനുഷ്യ സൃഷ്ടിപ്പിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത്. സമ്മര്‍ദങ്ങളാലോ പ്രലോഭനങ്ങളാലോ പ്രീണനങ്ങളാലോ നിര്‍ബന്ധിത സാഹചര്യങ്ങളുടെ ഫലമായോ ആണ് ഈ തെരഞ്ഞെടുപ്പെങ്കില്‍ പരീക്ഷണത്തിനു പ്രസക്തിയില്ല.
അതിനാല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധിച്ച് മതം മാറ്റലില്ല, സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം മാറലേ ഉള്ളൂ. മതം മാറ്റുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാനായി സമ്മര്‍ദ തന്ത്രങ്ങള്‍ അവലംബിക്കുന്നത് അല്ലാഹുവോ പ്രവാചകനോ പഠിപ്പിച്ചതല്ല, അവര്‍ പഠിപ്പിച്ചതിനു എതിരാണത്. മാത്രമല്ല സത്യപ്രബോധനം ചെയ്യുക, അതുതന്നെ മാന്യവും സമാധാനപരവുമായ ശൈലിയില്‍ യുക്തിയോടെയും സദുപദേശത്തോടെയും നിര്‍വഹിക്കുക എന്നാണ് മുസ്‌ലിംകളോടുള്ള കല്‍പന.
താന്‍ സത്യ പ്രബോധനം നിര്‍വഹിക്കുന്നതില്‍ എത്രമാത്രം ശുഷ്‌കാന്തി കാണിച്ചു എന്നതല്ലാതെ എത്ര പേരെ മുസ്‌ലിമാക്കി എന്നാരോടും ചോദിക്കുകയില്ല. ആരുടെ മുമ്പിലും അത്തരം ഒരു കണക്ക് ബോധിപ്പിക്കേണ്ടി വരികയുമില്ല. താന്‍ വഴി ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം നോക്കിയല്ല അല്ലാഹു പ്രതിഫലം കണക്കാക്കുക. തന്റെ ആശയാദര്‍ശങ്ങളിലേക്ക് കൊണ്ടുവരാന്‍ നൂറ്റാണ്ടുകള്‍ പ്രബോധനം ചെയ്തിട്ടും വിരലിലെണ്ണാവുന്നവരെ മാത്രം അനുയായികളായി ലഭിച്ച പ്രവാചകന്മാരുടെ ചരിത്രം കാണാം. അങ്ങനെയാക്കാന്‍ സാധ്യമല്ല എന്നത് തന്നെ കാരണം. ഇഷ്ടമില്ലാത്ത ഭക്ഷണം ഒരാളെ തീറ്റിക്കാന്‍ സാധിച്ചേക്കും, ഇഷ്ടമില്ലാത്തത് നോക്കിക്കാന്‍ സാധിച്ചേക്കും, ഇഷ്ടമില്ലാത്തത് കേള്‍പ്പിക്കാന്‍ കഴിഞ്ഞേക്കും, ഇഷ്ടമില്ലാത്തത് കൈകൊണ്ട് പിടിപ്പിക്കാന്‍ കഴിഞ്ഞേക്കും, നടക്കാന്‍ വിസമ്മതിക്കുന്ന ഒരാളെ നടത്തിപ്പിക്കാനായേക്കും. എന്നാല്‍ ഒരാളുടെ മനസ്സിലേക്ക് അയാളിഷ്ടപ്പെടാത്തത് കടത്തിവിടാന്‍ സ്രഷ്ടാവിനൊഴികെ ഒരു ശക്തിക്കും സാധ്യമല്ല. അങ്ങനെയുള്ള മനസ്സ് സ്വമേധയാ തൃപ്തിപ്പെട്ട് അംഗീകരിച്ച വിശ്വാസം മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകൂ. തന്നിലര്‍പ്പിതമായ പ്രബോധന ദൗത്യം നിര്‍വഹിക്കുക എന്നതല്ലാതെ ആരുടെയെങ്കിലും മേല്‍ സമ്മര്‍ദം പ്രയോഗിക്കാന്‍ അല്ലാഹു പ്രവാചകന്മാരെ പോലും അനുവദിച്ചിട്ടില്ല. അല്ലാഹു പറഞ്ഞു: ''നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. പ്രത്യുത അല്ലാഹുവത്രെ താനിഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നത്'' (അല്‍ ഖസ്വസ്വ് 56).
വസ്തുത ഇതായിരിക്കെ ഒരാളെ മുസ്‌ലിമാക്കി എന്നോ, ആക്കാന്‍ ശ്രമിച്ചു എന്നോ, അതിനുള്ള ശ്രമമുണ്ടെന്നോ പ്രചരിപ്പിക്കുന്നതിന് ഇസ്‌ലാം ഉത്തരവാദിയല്ല. താന്‍ വിശ്വസിച്ചാദരിക്കുന്ന ഒരു ദര്‍ശനത്തിലേക്ക് മറ്റുള്ളവര്‍ ആകൃഷ്ടരാവുന്നതും അവരതംഗീകരിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെ. അത് പക്ഷേ ബലപ്രയോഗത്തിലൂടെയാവാന്‍ പാടില്ലെന്ന് അല്ലാഹു നേരിട്ട് വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ഈ തീരുമാനത്തെയും നിര്‍ദേശത്തെയും മാനിക്കുകയെന്നതാണ് ഓരോ മുസ്‌ലിമിന്റെയും ധര്‍മം. ദൈവകല്‍പ്പന ധിക്കരിച്ചുകൊണ്ട് ദൈവപ്രീതി കരസ്ഥമാക്കണമെന്ന് ആരെങ്കിലും മോഹിക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്റെ അവസ്ഥയല്ല ഒരു മുസ്‌ലിമിന്റേത്. കാരണം രാഷ്ട്രീയക്കാരന് തന്റെ പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചാല്‍ മതി, അത് മനസ്സറിഞ്ഞുകൊണ്ടാവണമെന്നില്ല. ശപിച്ചുകൊണ്ടായാലും തരക്കേടൊന്നുമില്ല. തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായാല്‍ മതി, വോട്ട് തങ്ങള്‍ക്കനുകൂലമായാല്‍ മതി. അവരുടെ ലക്ഷ്യം അവിടെ തീര്‍ന്നു. എന്നാല്‍ ഇസ്‌ലാം സ്വീകരണമാകട്ടെ പരലോക മോക്ഷവുമായി ബന്ധപ്പെട്ടതാണ്. ബാഹ്യ പ്രകടനം കൊണ്ട് കാര്യമില്ല. വിശ്വാസം മനസ്സംതൃപ്തിയോടെ ആവാത്തിടത്തോളം കാലം സ്വീകാര്യമല്ല. മുസ്‌ലിമായി ലോകം എണ്ണുന്ന പലരും ദൈവത്തിന്റെ ശാപത്തിനും കോപത്തിനും ഇരയായി പരലോകത്ത് നരകാവകാശികളായിത്തീരുമെന്ന് പഠിപ്പിക്കുന്ന ധാരാളം പ്രമാണങ്ങള്‍ കാണാം. കാരണം അവരുടെ വിശ്വാസം കപടമായിരുന്നു.
ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിലേക്ക് ആളെ കൂട്ടുന്നു എന്ന ആരോപണത്തെ പ്രതിരോധിക്കാനായി ഇപ്പോള്‍ എഴുന്നള്ളിക്കുന്ന വാദങ്ങളല്ല ഇതൊന്നും. പ്രത്യുത ഇസ്‌ലാമിക പൈത്യകത്തിലും സംസ്‌കാരത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ മൗലിക സിദ്ധാന്തങ്ങളാണ്. പൂര്‍വകാല പണ്ഡിതന്മാര്‍ അത് പല രൂപത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''ബലപ്രയോഗം പാടില്ലെന്നിരിക്കെ ആരെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി ഇസ്‌ലാം സ്വീകരിച്ചാല്‍ തന്നെ തങ്ങള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്ന് പ്രകടമായി തെളിയുന്നത് വരെ ഇസ്‌ലാമിന്റെ യാതൊരു വിധിയും അത്തരക്കാര്‍ക്ക് ബാധകമാവുകയില്ല'' (മുഗ്‌നി 10/96). ഇസ്‌ലാമിന് അധികാരവും രാഷ്ട്രവും മേല്‍കോയ്മയും ഉണ്ടായിരുന്ന കാലത്ത് അവിടങ്ങളില്‍ കഴിഞ്ഞിരുന്നു അമുസ്‌ലിം പൗരന്മാരെ പറ്റിയാണീ പറയുന്നുത്. അധികാരത്തിന്റെ മുഷ്‌ക്കും സമ്മര്‍ദവും പയറ്റാന്‍ വേണ്ടുവോളം അനുകൂലാന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ പോലും അത് പാടില്ലെന്നാണ് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നത്.
മുസ്‌ലിംകളും അമുസ്‌ലിംകളും കൂടിക്കലര്‍ന്ന് ജീവിക്കുന്ന ഒരു പ്രദേശത്ത് ഒരു അനാഥ ശിശുവിനെ കളഞ്ഞുകിട്ടുകയും രണ്ടുപേര്‍ വന്ന് തന്റേതാണ് ആ കുഞ്ഞെന്ന് വാദിക്കുകയും ചെയ്‌തെന്നിരിക്കട്ടെ. വാദികളില്‍ ആര്‍ക്കും പ്രത്യേകിച്ച് തെളിവൊന്നും സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നാല്‍, ശിശുവിന്റെ നന്മയും ഗുണവും എന്താണോ അതനുസരിച്ചായിരിക്കും വിധി കല്‍പ്പിക്കുക. ഇവിടെ വാദികളില്‍ ഒരാള്‍ മുസ്‌ലിമും അപരന്‍ അമുസ്‌ലിമുമാണെങ്കില്‍ മുസ്‌ലിമായ വ്യക്തി അടിമയും അമുസ്‌ലിം സ്വതന്ത്രനുമാണെങ്കില്‍ ശിശുവിന്റെ പിതൃത്വം അമുസ്‌ലിമായ വ്യക്തിയിലേക്ക് ചേര്‍ക്കുക എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ വിധി. ഇവിടെ ഒരു കുട്ടിയെ എങ്ങനെയെങ്കിലും മുസ്‌ലിമായി കണക്കില്‍ പെടുത്തി ഇസ്‌ലാമിനൊരാളെക്കൂടി ലഭിക്കട്ടെ എന്നല്ല ചിന്തിക്കുന്നത്. ഇവിടെ മുസ്‌ലിമിലേക്ക് ചേര്‍ത്തു പറഞ്ഞാല്‍ കുട്ടി മുസ്‌ലിമായി പരിഗണിക്കപ്പെടുമെന്നത് ശരിയാണ്. ഇസ്‌ലാമിന് ഒരാളെക്കൂടി കിട്ടി എന്നും വരും. എന്നാല്‍ ആ കുട്ടി അടിമയായിത്തന്നെ അവശേഷിക്കുകയായിരിക്കും ഫലം. എന്നാല്‍ അവിശ്വാസിയായ പിതാവിലേക്ക് ചേര്‍ത്തു പറഞ്ഞാല്‍, അയാള്‍ സ്വതന്ത്രനായതുകൊണ്ട് കുട്ടിയും സ്വതന്ത്രനായി പരിഗണിക്കപ്പെടും. അവന് ബുദ്ധിയും വിവേകവുമെത്തുന്ന മുറക്ക് എപ്പോള്‍ വേണമെങ്കിലും യഥേഷ്ടം അവന് ഇസ്‌ലാം സ്വീകരിക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യാം (ബദാഇ ഉസ്സനാഇഅ് 14/236).
ഇതുപോലെ ഇസ്‌ലാമിലേക്ക് ആളെക്കൂട്ടുക എന്നതിനെക്കാള്‍, മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യവും പരിഗണനയും നല്‍കുന്ന ധാരാളം വിധികള്‍ ഇസ്‌ലാമിക ശരീഅത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അവയൊന്നും കേവലം ഭാവനാ വിലാസങ്ങളല്ല, മറിച്ച് ചരിത്രത്തില്‍ നടപ്പാക്കപ്പെട്ട വിധിന്യായങ്ങളാണ്.
Comments