കാലഹരണപ്പെട്ട തരംതിരിവുകള്‍
ആദ്യകാല മുസ്‌ലിം നിയമജ്ഞര്‍ മൊത്തം സമൂഹത്തെ മൂന്നാക്കി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗവും മറ്റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം. അവരുടെ വീക്ഷണത്തില്‍, ലോകം ദാറുല്‍ ഇസ്‌ലാം, ദാറുല്‍ കുഫ്ര്‍ (ചിലപ്പോള്‍ ദാറുല്‍ ഹര്‍ബെന്നും പറയും), ദാറുല്‍ അഹ്ദ് എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ട് കിടക്കുകയാണ്. ഇസ്‌ലാമിക നിയമസംഹിതക്ക് ഒരു നാട്ടില്‍ മേല്‍ക്കൈ ഉണ്ടോ ഇല്ലേ എന്ന് നോക്കിയാണ് ഈ വിഭജനം. ഇസ്‌ലാമിക നിയമത്തിന് മേധാവിത്തമുള്ളതും, സാമ്പത്തിക കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതുമായ പ്രദേശമാണ് ഒന്നാം വിഭാഗമായ ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ ഗേഹം). അനിസ്‌ലാമിക നിയമങ്ങള്‍ക്ക് മേധാവിത്തമുള്ള നാടാണ് ദാറുല്‍ കുഫ്ര്‍ (അവിശ്വാസത്തിന്റെ ഗേഹം). ഈ രണ്ടാം വിഭാഗം ഒന്നാം വിഭാഗവുമായി നിരന്തരം സംഘര്‍ഷത്തിലായിരിക്കുമെന്നാണ് വെപ്പ്. ഇസ്‌ലാമിക രാഷ്ട്രം സമാധാനക്കരാര്‍ ഉണ്ടാക്കിയ നാടുകളാണ് മൂന്നാം വിഭാഗമായ ദാറുല്‍ അഹ്ദില്‍ പെടുക.
ഇന്നത്തെ ലോക രാഷ്ട്രീയ സാഹചര്യത്തില്‍ ഒട്ടേറെ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ വിഭജനം. അതിന്റെ സമകാലിക പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മുസ്‌ലിം നിയമജ്ഞര്‍ ഒരു കാലത്ത് നടത്തിയിട്ടുള്ള ഈ വിഭജനം ഖുര്‍ആന്റെയും സുന്നത്തിന്റെയും എക്കാലത്തും പ്രസക്തമായ വ്യാഖ്യാനങ്ങളെ മുന്‍നിര്‍ത്തിയാണോ? അല്ലെങ്കില്‍ അക്കാലത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനം മാത്രമാണോ നാമീ വിഭജനത്തില്‍ കാണുന്നത്?
ഈ വിഭജനം പ്രചാരത്തിലാവുന്നത് അബ്ബാസികളുടെ ഭരണകാലത്താണ്. ഇസ്‌ലാമിക നിയമനിര്‍ധാരണ ചരിത്രത്തില്‍ അബ്ബാസി കാലഘട്ടത്തിന് മുമ്പ്, ഇത്തരം സംജ്ഞകള്‍ അവയുടെ നിര്‍ദിഷ്ട അര്‍ഥത്തില്‍ വളരെ അപൂര്‍വമായേ പ്രയോഗിച്ചിരുന്നുള്ളൂ. ഈ വിഭജനം ഒരു പുതുനിര്‍മിതി (Innovation) ആണെന്നര്‍ഥം. പക്ഷേ ഇത്തരം സംജ്ഞകളുടെ വക്താക്കള്‍ അവകാശപ്പെടുന്നത്, അവ തങ്ങള്‍ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നും നേരിട്ട് സ്വീകരിച്ചതാണ് എന്നും മറ്റുമാണ്. അതേസമയം ഈ സംജ്ഞകളുടെ നിര്‍വചനത്തിലും വ്യാഖ്യാനത്തിലും വലിയ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിക നിയമങ്ങളുടെ അധീശത്വം (ഇള്ഹാര്‍) ആണ് ഈ വിഭജനത്തിന് ആധാരം എന്നാണവര്‍ വാദിക്കുന്നത്. അതേസമയം 'ഇള്ഹാര്‍' പല നിലയില്‍ വ്യാഖ്യാനിക്കപ്പെട്ട സംജ്ഞയുമാണ്. ഇമാം അബൂഹനീഫ പറയുന്നത്, 'ദാറുല്‍ ഇസ്‌ലാമാ'യ ഒരു നാടിനെ 'ദാറുല്‍ ഹര്‍ബാ'യി പ്രഖ്യാപിക്കാന്‍ മൂന്ന് വ്യവസ്ഥകള്‍ ഒത്ത്‌വരണം എന്നാണ്. ഒന്ന്, അനിസ്‌ലാമിക നിയമങ്ങളുടെ മേധാവിത്തം. രണ്ട്, ദാറുല്‍ ഹര്‍ബിനോട് ചേര്‍ന്ന അതിര്‍ത്തികള്‍ അതിന് ഉണ്ടാവണം. മൂന്ന്, അവിടെ മുസ്‌ലിംകളും ദിമ്മികളും ഉണ്ടാകരുത്.1 ഇസ്‌ലാമിന്റെ ഏതെങ്കിലും ചില നിയമവ്യവസ്ഥകള്‍ ഒരു നാട്ടില്‍ പുലരുന്നുണ്ടെങ്കില്‍ അതിനെ ദാറുല്‍ ഇസ്‌ലാമായി പരിഗണിക്കാം എന്നാണല്ലോ ഇതിനര്‍ഥം. നേരത്തെ മുസ്‌ലിംകള്‍ ഭരിച്ച ഒരു പ്രദേശത്ത് ആ ഭരണത്തിന് ശേഷവും തദ്ദേശീയരായ മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വം ലഭിക്കുന്നുണ്ടെങ്കില്‍ അത് ദാറുല്‍ ഇസ്‌ലാമായി തന്നെ തുടരും എന്നും ഹനഫീ നിയമജ്ഞര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഇസ്‌ലാമിക നിയമ നിര്‍ധാരണ ശാഖയിലെ മറ്റു മൂന്ന് ചിന്താധാരകള്‍ക്ക് ഇങ്ങനെ മൂന്ന് വ്യവസ്ഥകള്‍ ഒത്ത്‌വരണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ഇള്ഹാര്‍ എന്നാല്‍ ഇസ്‌ലാമിക നിയമസംഹിതയുടെ ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്തമാണ്. അതിന് ഉലച്ചില്‍ തട്ടിയാല്‍, അവരുടെ അഭിപ്രായത്തില്‍, ദാറുല്‍ ഇസ്‌ലാം താമസംവിനാ ദാറുല്‍ കുഫ്‌റായി മാറും.
രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയും ഇസ്‌ലാമിക നാടുകള്‍ കൂടുതലായി കീഴടക്കപ്പെടുകയും ചെയ്തപ്പോള്‍ (ക്രി. 12/ഹി. 6-ാം നൂറ്റാണ്ടു മുതല്‍) പില്‍ക്കാല നിയമജ്ഞര്‍ പഴയ നിലപാടുകള്‍ തിരുത്തിയതായും നാം കാണുന്നുണ്ട്. പ്രമുഖ നിയമജ്ഞനായ അലിയ്യു ബ്‌നു മുഹമ്മദ് അല്‍ ഇസ്ബിജാബി (മരണം: ക്രി.1141/ഹി.535) പറയുന്നത്, അവിശ്വാസികള്‍ നാട് ഭരിച്ചാലും ബാങ്ക്, വെള്ളിയാഴ്ച നമസ്‌കാരം, പോലുള്ള കര്‍മങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നുണ്ടെങ്കില്‍ അത് ദാറുല്‍ ഇസ്‌ലാമായി തുടരുമെന്നാണ്.2 മാവറാഅന്നഹ്‌റിലെ പ്രമുഖ നിയമജ്ഞരിലൊരാളായ അല്‍അസ്തറൂശിനി, അല്‍ഇസ്ബിജാബിയുടെ അഭിപ്രായത്തിന് ഉപോല്‍ബലകമായി പല പണ്ഡിതരുടെയും അഭിപ്രായങ്ങള്‍ ഉദ്ധരിച്ച ശേഷം പറയുന്നത്, ഒരു നാട്ടിലെ സകല ഇസ്‌ലാമിക മുദ്രകളും അനുഷ്ഠാനങ്ങളും നീക്കം ചെയ്യപ്പെടുന്നത് വരെ അത് ദാറുല്‍ ഇസ്‌ലാമായി തുടരും എന്നാണ്.3 ഇസ്‌ലാമിക നാടുകളെ മംഗോളുകള്‍ അധിനിവേശം നടത്തിയപ്പോള്‍ മുസ്‌ലിം ജൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഒട്ടുവളരെ പ്രശ്‌ന സങ്കീര്‍ണതകള്‍ ഉയര്‍ന്നുവന്നു. അത്തരമൊരു അവസ്ഥയിലാണ് നവീന യുഗത്തിലെ മുസ്‌ലിം സമൂഹവും. പ്രമുഖ ആധുനിക നിയമജ്ഞനായ ശൈഖ് അബൂസഹ്‌റ അഭിപ്രായപ്പെടുന്നത്, പരമ്പരാഗത മുസ്‌ലിം ഭൂരിപക്ഷ നിലപാടിനെയാണ് നാം പിന്തുണക്കുന്നതെങ്കില്‍, നമുക്ക് ഒട്ടുമിക്ക മുസ്‌ലിം നാടുകളെയും ദാറുല്‍ കുഫ്‌റായി പ്രഖ്യാപിക്കേണ്ടി വരും എന്നാണ്. അവിടങ്ങളിലൊന്നും ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗത്തിലില്ല എന്നത് തന്നെ കാരണം. അതിനാല്‍ അദ്ദേഹം ഇമാം അബൂഹനീഫയുടെ അഭിപ്രായം സ്വീകരിക്കുകയും തദടിസ്ഥാനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ നാടുകളെ ദാറുല്‍ ഇസ്‌ലാമായി എണ്ണുകയും ചെയ്യുന്നു.4 ഈ വിവരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇസ്‌ലാമിക ഭരണത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ രാഷ്ട്രീയ ചുറ്റുപാടുകളില്‍ വികാസം പ്രാപിച്ച സംജ്ഞകളാണ് ദാറുല്‍ ഇസ്‌ലാമും ദാറുല്‍ ഹര്‍ബും. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയപ്പോള്‍ പില്‍ക്കാലത്തവ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചതും സ്വാഭാവികം.
ഇസ്‌ലാമിക ചരിത്രത്തിന്റെ ആദ്യയുഗങ്ങളില്‍ തന്നെ ധാരാളം മുസ്‌ലിം സമൂഹങ്ങള്‍ അനിസ്‌ലാമിക പ്രദേശങ്ങളില്‍ താമസിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു എന്ന വസ്തുതയെയും ആദ്യകാല മുസ്‌ലിം നിയമജ്ഞര്‍ അവഗണിക്കുകയാണ് ചെയ്തത്. ഡോ. മുഹമ്മദ് ഹമീദുല്ല അത്തരം പത്ത് മുസ്‌ലിം സമൂഹങ്ങളുടെ പേരെടുത്ത് പറയുന്നുണ്ട്. നൂബിയ, മലബാര്‍, സിന്ധ്, ഇന്ത്യ, ചൈന തുടങ്ങിയ നാടുകളാണ് അവര്‍ ജീവിക്കാനായി തെരഞ്ഞെടുത്തത്.5 അമുസ്‌ലിം പ്രദേശങ്ങളിലേക്ക് മുസ്‌ലിംകള്‍ കുടിയേറിപ്പാര്‍ക്കുന്നത് (ദാറുല്‍ ഇസ്‌ലാമില്‍ നിന്ന് ദാറുല്‍ ഹര്‍ബിലേക്ക്) പരമ്പരാഗത ഭൂരിപക്ഷ വീക്ഷണപ്രകാരം പാടില്ലാത്തതാണ്.6
നമ്മുടെ കാലത്ത്, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് മുസ്‌ലിംകള്‍ അമുസ്‌ലിം നാടുകളിലേക്ക് കുടിയേറുന്നത് നിത്യസാധാരണ സംഭവം മാത്രം. ചില ആധുനിക മുസ്‌ലിം നിയമജ്ഞര്‍ പറയുന്നത്, സുരക്ഷയും ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെങ്കില്‍ ഏത് നാടും 'ദാറുല്‍ ഇസ്‌ലാം' ആണെന്നാണ്. ഇത്തരം സ്വാതന്ത്ര്യങ്ങള്‍ പലപ്പോഴും ഇന്ന് നിലനില്‍ക്കുന്നത് അമുസ്‌ലിം നാടുകളിലാണെന്നതല്ലേ ശരി?
മനുഷ്യാവകാശങ്ങള്‍, പൗരസ്വാതന്ത്ര്യം, നീതി, സമത്വം, രാഷ്ട്രീയ പങ്കാളിത്തം ഇത്യാദി കാര്യങ്ങളില്‍ മുസ്‌ലിം നാടുകളെയും, ദാറുല്‍ കുഫ്‌റെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമുസ്‌ലിം നാടുകളെയും ഒന്ന് താരതമ്യം ചെയ്ത് നോക്കുക. ഒരേ സമയം അമ്പരപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായിരിക്കും നമുക്ക് കിട്ടുന്ന ഉത്തരങ്ങള്‍. ഇസ്‌ലാമിന്റെ സ്വന്തം ആളുകളെന്ന് അവകാശപ്പെടുന്ന ചില അറബ് നാടുകളുണ്ടല്ലോ. അവിടങ്ങളില്‍ ജനപങ്കാളിത്തത്തിനോ ജനാധിപത്യത്തിനോ ഒരു സ്ഥാനവുമില്ല. പൗരാവകാശങ്ങളത്രയും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതാകട്ടെ പലിശയുടെ അടിസ്ഥാനത്തിലും. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഈജിപ്തിനെ മുസ്‌ലിം രാഷ്ട്രമെന്ന് പറയാറുണ്ട്. പക്ഷേ, മതകീയ ജീവിതം നയിക്കുന്നത് അവിടെ 'ഭീകരത'യും 'മതമൗലികവാദ'വുമാണ്. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയും പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്നു. ഇനിയുമുണ്ട് ധാരാളം ഉദാഹരണങ്ങള്‍. തുര്‍ക്കിയിലെ അത്താതുര്‍ക്ക്, അള്‍ജീരിയയിലെ പടിഞ്ഞാറ് നോക്കികളായ ഭരണാധികാരികള്‍, ഇന്തോനേഷ്യ അടക്കി ഭരിച്ച സുഹാര്‍ത്തോ പോലുള്ളവര്‍.
മുസ്‌ലിം ലോകത്തിന്റെ നിറം മങ്ങിയ ഈ ചിത്രം മുമ്പില്‍ വെച്ച് അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ പോലുള്ള നാടുകളെ താരതമ്യപ്പെടുത്തി നോക്കുക. അവിടങ്ങളില്‍ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും നീതിയും സമത്വവും-ഇതൊക്കെയും ഏതൊരു ഇസ്‌ലാമിക ഘടനയുടെയും അടിസ്ഥാന മൂല്യങ്ങളാണല്ലോ-വലിയൊരളവില്‍ ലഭ്യമാകുന്നുണ്ട്; മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഒരുപോലെ. ഇത്തരം കാര്യങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന് പരിഗണിക്കാതിരിക്കാനാവുമോ? ഈയൊരു സാഹചര്യവും കൂടി മുന്നില്‍ വെച്ചല്ലേ നാം നേരത്തെപ്പറഞ്ഞ മൂന്നാക്കിയുള്ള വിഭജനത്തെ വിലയിരുത്തേണ്ടത്? ഒരു ഇസ്‌ലാമിക സ്റ്റേറ്റിന്റെ അഭാവത്തില്‍ അത്തരം വിഭജനങ്ങള്‍ സംഭവ ലോകവുമായി ഒട്ടും ചേര്‍ന്നുപോകാത്തതും അതിനാല്‍ തന്നെ അധികപ്പറ്റുമാണ്.
മൊത്തം സമൂഹത്തെ ഇങ്ങനെ വിഭജിക്കുന്ന മുസ്‌ലിം നിയമജ്ഞര്‍ മറ്റൊരു യാഥാര്‍ഥ്യം കൂടി കണക്കിലെടുത്തില്ല-അമുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം. ഈ വിഭജനം എക്കാലത്തും പ്രസക്തമാണ് എന്ന് വാദിക്കുന്ന പണ്ഡിതന്മാര്‍ ഇക്കാലത്തുമുണ്ട്. മുസ്‌ലിമേതര രാഷ്ട്രീയ സംവിധാനവുമായി അന്നാട്ടിലെ മുസ്‌ലിംകള്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കണം എന്നത്രെ അത്തരക്കാര്‍ വാദിക്കുന്നത്.7 ധാരാളം മുസ്‌ലിം സമൂഹങ്ങള്‍ ബഹുസ്വര സാമൂഹിക ഘടനയില്‍ ജീവിച്ചുകൊണ്ടിരിക്കെ മേല്‍പറഞ്ഞ 'വിഭജനവാദം' ഉയര്‍ത്തുന്നത്, നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളുമായി എങ്ങനെ ഒത്ത് പോകും? എല്ലാവരുമായും സഹകരിച്ചും ഒന്നിച്ച് പ്രവര്‍ത്തിച്ചും മാത്രമേ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താനാവൂ എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കെ മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കണമെന്ന വാദം സ്വീകാര്യമോ പ്രായോഗികമോ അല്ല.
സമൂഹത്തെ ഇങ്ങനെ തരംതിരിക്കുന്നത് മുസ്‌ലിം സമൂഹത്തില്‍ അര്‍പ്പിതമായ പ്രബോധന ദൗത്യനിര്‍വഹണത്തിന് വിഘാതമാണ് എന്ന അസ്വസ്ഥപ്പെടുത്തുന്ന ഒരു മറുവശവും ഇതിനുണ്ട്. ദൈവിക സന്ദേശത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി മുസ്‌ലിം സമൂഹം ലോകജനതക്ക് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കണം എന്നാണ് ഖുര്‍ആന്റെ ആഹ്വാനം. എല്ലാ വിഭാഗങ്ങളുമായി അടുപ്പവും സൗഹൃദവും ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഇത് സാധ്യമാവൂ. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന പൊതുമാനുഷിക മൂല്യങ്ങളുമായി ഇടയുന്നതല്ലേ ഈ തരംതിരിവ് എന്ന് ആലോചിക്കണം.
സമൂഹത്തെ മൂന്നായി തിരിച്ചേ അടങ്ങൂ എന്ന് വാശിയുള്ളവര്‍ ഇസ്‌ലാമിക മൂല്യ വ്യവസ്ഥയെ കുറിച്ച് വിചിത്രമായ വാദഗതികള്‍ മുന്നോട്ട് വെക്കുന്നതും നാം കാണുന്നു. നിങ്ങള്‍ ജീവിക്കുന്നത് 'ദാറുല്‍ ഹര്‍ബി'ലാണെങ്കില്‍, മറ്റുള്ളവരുമായി നടത്തുന്ന ഇടപാടുകളില്‍ വഞ്ചനയും കൃത്രിമത്വവും നടത്തുന്നത് അനുവദനീയമാണെന്ന് വരെ അവര്‍ വാദിച്ച് കളയും! ഇത് ഇസ്‌ലാമിന്റെ മൂല്യവ്യവസ്ഥയെ തന്നെയാണ് തകര്‍ക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ക്കുന്നില്ല. മുന്‍കാല മുസ്‌ലിം നിയമജ്ഞര്‍ ഇത്തരം കാര്യങ്ങളില്‍ വല്ല ഇളവും നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ അത് അന്നത്തെ പ്രത്യേക സാഹചര്യം മുമ്പില്‍ വെച്ചുള്ള താല്‍ക്കാലിക അനുവാദമായിരുന്നു എന്ന് മനസ്സിലാക്കലാണ് ബുദ്ധി. സാമൂഹികാവസ്ഥകള്‍ മാറും എന്ന കണക്ക് കൂട്ടലിലാവാം അത് ചെയ്തിട്ടുണ്ടാവുക. പക്ഷേ ഇന്ന് സമൂഹം മൊത്തം ഏറക്കുറെ ബഹുസ്വര ഘടനയിലാണ് ജീവിക്കുന്നത്. ഈ അവസ്ഥ പെട്ടെന്ന് മാറുമെന്നും ആരും കരുതുന്നില്ല. അതിനാല്‍ കുറച്ച് കാലത്തേക്ക് ചില ഇസ്‌ലാമിക മൂല്യങ്ങളില്‍ ഇളവ് വരുത്തുക എന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. അങ്ങനെ ചെയ്യുന്നപക്ഷം അത് ഇസ്‌ലാമിക ജീവിതത്തിന്റെ അടിത്തറയെ തന്നെയാണ് ഹാനികരമായി ബാധിക്കുക.
ഇസ്‌ലാമിക സമൂഹവും ഇസ്‌ലാമിക രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം മുസ്‌ലിം നിയമജ്ഞന്മാര്‍ തിരിച്ചറിയുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇസ്‌ലാമിക രാഷ്ട്രം സ്ഥിര സംവിധാനമല്ല. അത് നിലനില്‍ക്കുകയോ ഇല്ലാതാവുകയോ ഒക്കെ ചെയ്യും. മുസ്‌ലിം സമൂഹം അങ്ങനെയല്ല. അത് സ്ഥിരമായി നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ആ സമൂഹത്തിന് ചിലപ്പോള്‍ ഒരു രാഷ്ട്രഘടന നിലവില്‍ വരുത്താന്‍ കഴിഞ്ഞെന്ന് വരും. ആ സംവിധാനം തകര്‍ന്ന് ഇല്ലാതായാലും മുസ്‌ലിം സമൂഹം നിലനില്‍ക്കും. അപ്പോഴും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആ രാഷ്ട്ര സംവിധാനത്തെ പുനഃസ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കണമെന്നത് മറ്റൊരു കാര്യം. ചോദ്യം ഇതാണ്: അത്തരമൊരു സംവിധാനത്തിന്റെ പുനഃസ്ഥാപനം സാധ്യമാവുന്നത് വരെയുള്ള ഇടവേളകളില്‍ മുസ്‌ലിം സമൂഹം എന്ത് ചെയ്യണം? ഇസ്‌ലാമിക പ്രബോധനം എന്നത് ദീര്‍ഘിച്ചതും ദുര്‍ഘടങ്ങള്‍ നിറഞ്ഞതുമായ പ്രക്രിയയാണെന്നും, അത് നിര്‍ബന്ധമായും ഇസ്‌ലാമിക രാഷ്ട്ര പുനഃസ്ഥാപനത്തില്‍ കലാശിച്ച് കൊള്ളണമെന്നില്ലെന്നും മനസ്സിലാക്കുക.
ഒട്ടേറെ പ്രവാചകന്മാരുടെ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ. ഈസ, മൂസ, നൂഹ്(അ) പോലെ നിരവധി പ്രവാചകന്മാര്‍. ഇവരാരും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനൊത്ത് ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചവരല്ല. എന്നിട്ടും അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. ദുര്‍ഘടമായ ഈ പ്രബോധന പാതയില്‍ അവര്‍ ജനങ്ങളുമായി എങ്ങനെയാണ് ഇടപഴകിയത്? അവരുടെ അനുയായികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും തങ്ങളുടെ സമുദായവുമായി അവര്‍ ബന്ധം വിഛേദിച്ചിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്. പൊതുസമൂഹവുമായുള്ള ഇടപഴക്കവും ദഅ്‌വ (പ്രബോധന) പ്രവര്‍ത്തനവും എങ്ങനെ ഒന്നിപ്പിച്ച് കൊണ്ടുപോവണം എന്നതിന്റെ തിളങ്ങുന്ന മാതൃകകളാണ് ഈ പ്രവാചകന്മാരുടെ ജീവിതം.
ദിമ്മി, ഹര്‍ബി, മുസ്തഅ്മിന്‍, ഇസ്‌ലാമേതര രാഷ്ട്ര പ്രതിനിധികള്‍ എന്നിങ്ങനെയും മുസ്‌ലിം ക്ലാസിക്കല്‍ നിയമജ്ഞര്‍ തരംതിരിവുകള്‍ നടത്തിക്കാണാറുണ്ട്. ഒരു ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ ഉണ്ടെങ്കിലേ ഇത്തരമൊരു തരംതിരിവ് തന്നെ സാധ്യമാവുകയുള്ളൂ. പൊതു സമൂഹം പ്രബോധിത സമൂഹമാണ് എന്ന കാഴ്ചപ്പാടുമായി ഒത്ത് പോകുന്നതല്ല ഇത്തരം തരംതിരിവുകള്‍ ഒന്നും തന്നെ. എല്ലാവരെയും ഒരുപോലെ അഭിസംബോധന ചെയ്യുന്നതാണ് ഇന്നത്തെ ദഅ്‌വാ രീതികള്‍. ക്ലാസിക്കല്‍ മുസ്‌ലിം ജൂറിസ്റ്റുകളുടെ വിഭജനങ്ങളെ നിരാകരിച്ചും മറികടന്നും മുന്നോട്ട് പോവുകയേ മാര്‍ഗമുള്ളൂ. മുസ്‌ലിമേതരനായ മനുഷ്യന്‍ ഇന്ന് നിങ്ങളുടെ അയല്‍വാസിയാണ്; സുഹൃത്താണ്, സഹപൗരനാണ്. അയാളുമായി നിങ്ങള്‍ വ്യാപാരത്തിലും വ്യവസായത്തിലും മറ്റു വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. രാഷ്ട്ര വ്യവഹാരങ്ങളില്‍ മൊത്തത്തിലും ഈ പങ്കാളിത്തമുണ്ട്. മനുഷ്യരെന്ന നിലക്ക് സുഖദുഃഖങ്ങളിലും ഭാവിയെക്കുറിച്ച പ്രതീക്ഷകളിലും അവര്‍ ഒരേ വിതാനത്തിലാണ്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലുണ്ടാകുന്ന തകിടം മറിച്ചിലുകള്‍ മതഭേദമില്ലാതെ എല്ലാവരെയും ഒരേ നിലയിലാണ് ബാധിക്കുന്നത്. അനീതി, അസമത്വം, ദാരിദ്ര്യം, വൃത്തിഹീനമായ ജീവിത സാഹചര്യം, രോഗങ്ങള്‍ ഇതൊക്കെ എല്ലാ ജനവിഭാഗങ്ങളും നേരിടുന്ന മുഖ്യപ്രശ്‌നങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ തരംതിരിവുകളുമായി രംഗപ്രവേശനം ചെയ്യുന്നത് തീര്‍ത്തും അനുചിതമാണ്. മുസ്‌ലിം സമൂഹം നിര്‍വഹിക്കേണ്ട മുഖ്യധര്‍മത്തിന് വിഘാതവുമാണത്. മുസ്‌ലിംകളല്ലാത്തവരുമായി ഇടപാടുകള്‍ നടത്താമോ, അവരെ അഭിവാദ്യം ചെയ്യാമോ, പൊതുപ്രശ്‌നങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാമോ തുടങ്ങിയ ചര്‍ച്ചകളൊക്കെ എന്നോ കാലഹരണപ്പെട്ട ക്ലാസിക്കല്‍ ഫിഖ്ഹിന്റെ ബാക്കി പത്രങ്ങളാണ്. ഏതോ പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ രൂപപ്പെട്ട നിലപാടുകള്‍. ചില മതകേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ സൃഷ്ടിച്ച് ഇപ്പോഴും അവ ചര്‍വിതചര്‍വണം ചെയ്തുകൊണ്ടിരിക്കുന്നു എന്നു മാത്രം.
(തുടരും)
1. ഖാദി ഖാന്‍ ഫതാവാ ആംലംഗീറിയില്‍ രേഖപ്പെടുത്തിയത്. ഈ ഫത്‌വ പില്‍ക്കാല ഹനഫി പണ്ഡിതന്മാര്‍, ബ്രിട്ടീഷ് കൊളോണിയല്‍ ഇന്ത്യ 'ദാറുല്‍ ഇസ്‌ലാം' തന്നെയാണെന്ന് സമര്‍ഥിക്കാന്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. സഫറുല്‍ ഇസ്‌ലാം ഖാന്‍ എഡിറ്റ് ചെയ്ത Muslim and Arab Perspectives Vol 2:11-12 P.P 51-61 1995.2. അബ്ദുല്‍ കരീം സൈദാന്‍-അഹ്കാമുദ്ദിമ്മിയ്യീന്‍ (ബഗ്ദാദ്:1963).
3. കിതാബുല്‍ ഫുസൂല്‍, ദാറുല്‍ ഉലൂം ലൈബ്രറി, ദയൂബന്ദ്. ഉദ്ധരണം: സഫറുല്‍ ഇസ്‌ലാം ഖാന്‍, OP. Lit P.53.
4. അല്‍ജരീമ വല്‍ ഉഖൂബ ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി (കയ്‌റോ) പേ.273.
5. മുഹമ്മദ് ഹമീദുല്ല, Muslim Conduct of State (ലാഹോര്‍ 1953) PP.117-23.
6. അബ്ദുല്‍ ഹലീം ഇസ്‌ലാഹി: ദാറുല്‍ ഇസ്‌ലാം ഔര്‍ ദാറുല്‍ ഹര്‍ബ് (ഉര്‍ദു) PP-64. (മക്തബതുല്‍ അഖ്‌സ, ഹൈദരാബാദ്).
7. ഉദാഹരണത്തിന്, അബ്ദുല്‍ ഹലീം ഇസ്‌ലാഹിയുടെ 'ദാറുല്‍ ഇസ്‌ലാം ഔര്‍ ദാറുല്‍ ഹര്‍ബ്' (ഉര്‍ദു) കാണുക. പേജ് 64. മക്തബതുല്‍ അഖ്‌സ, ഹൈദരാബാദ്.
Comments