ജുമുഅ ഖുത്വ്ബ
തുലാവര്‍ഷം കനത്തതിനാല്‍ പുറത്തിറങ്ങാന്‍ വല്ലാത്ത മടി. അന്തരീക്ഷത്തിലെ ഈര്‍പ്പം ശരീരത്തോടൊപ്പം മനസ്സിനെയും തണുപ്പിക്കും. അതൊരു മരവിപ്പായി മാറാതിരിക്കുന്നത് മനസ്സിന്റെ മനോബലം കൊണ്ടാണ്. റസാഖ് മുഹമ്മദിന് ഉറക്കം ഒരു ലഹരിയാണ്. എല്ലാ ഭാരങ്ങളും അഴിച്ചുകുടയുന്ന തളര്‍ച്ചയാണത്. ഉറക്കമുണര്‍ന്ന് തണുത്ത വെള്ളം മഗുകൊണ്ട് തലയിലൂടെ പാരുന്നതുവരെയുള്ള മരവിപ്പ്. ഇന്നലെത്തെ ഉറക്കച്ചുവ കാലത്ത് ഒമ്പതുമണിവരെ ഉറങ്ങിത്തീര്‍ത്തിട്ടും മഴയുടെ ശീതത്തോടെ കുളിച്ചിട്ടും അയാളെ വിട്ടുപോയിട്ടില്ല. രാത്രിയില്‍ നഷ്ടപ്പെടുന്ന ഉറക്കം പകല്‍ പന്ത്രണ്ട് മണിക്കൂര്‍ ഉറങ്ങിയിട്ടും കാര്യമില്ലെന്നയാള്‍ അറിഞ്ഞു. അത്തറും പൂശി ഇറങ്ങാന്‍ തുടങ്ങിയതും മഴ കനത്തു. അത്തറിന്റെ സുഗന്ധം മഴയുടെ ഈര്‍പ്പത്തോടൊപ്പം പ്രസരിക്കാതെ ലയിച്ചടങ്ങി. ജുമുഅക്ക് മുമ്പ് മഴ ശക്തിപ്പെട്ടാല്‍ അടുത്ത ജുമുഅ വരെ ഒടുങ്ങില്ലെന്നാണ് പഴമക്കാര്‍ പറയുക. കാലന്‍കുടയുമായി ജുമുഅ ലക്ഷ്യമാക്കി, നനയാതിരിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട്, താളമുള്ള ചുവടുവെപ്പോടെ റസാഖ് മുഹമ്മദ് നടന്നു. ക്ഷീണം കാരണം കടയിലെത്തില്ലെന്ന് കാലത്ത് റഹീംക്കയെ അറിയിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ അപ്പപ്പോള്‍ ഫോണിലൂടെ അറിയുകയും ചെയ്തു.
ബാപ്പയുടെ ദയനീയ മുഖം റസാഖ് മുഹമ്മദിന്റെ മ്ലാനമായ മുഖത്ത് പതിഞ്ഞുനിന്നു. കഴിഞ്ഞാഴ്ചയും ബാപ്പയുടെ ജുമുഅ നമസ്‌കാരം നഷ്ടപ്പെട്ടിരുന്നു. നാലു ദിവസം മുമ്പ് അസുഖം അല്‍പം ഭേദം തോന്നിയപ്പോള്‍ കടയില്‍ പോയിത്തുടങ്ങിയതാണ്. മിനിയാന്നാണ് അസുഖം വീണ്ടും മൂര്‍ഛിച്ചത്. ജുമുഅക്ക് കടയടയ്ക്കാതെ വേലക്കാരെ ടൗണിലെ വ്യത്യസ്ത സമയങ്ങളില്‍ നമസ്‌കാരം തുടങ്ങാറുള്ള പള്ളികളിലേക്ക് തരം തിരിച്ചയക്കാനുള്ള ബാപ്പയുടെ മിടുക്ക് അപാരമാണ്. എന്റെ അഭാവത്തില്‍ റഹീംക്ക ഇന്നത്തെ കാര്യം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയില്ല. ജുമുഅക്ക് കടയടച്ചു നേരത്തേ പള്ളിയില്‍ പോകല്‍ നിര്‍ബന്ധമാണെന്ന പക്ഷക്കാരനാണ് റഹീംക്ക. സൂറഃ ജുമുഅയിലെ വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്യും. ബാപ്പയുടെ അഡ്ജസ്റ്റ്‌മെന്റൊന്നും കാണാന്‍ നില്‍ക്കാതെ റഹീംക്ക നേരത്തേ സ്ഥലം വിടും. കച്ചവടം ബാപ്പയില്‍ ലയിച്ചാടുന്ന താളമാണ്. ഏതു സമയവും അതുമായി ബന്ധപ്പെട്ടതു മാത്രമേ സംസാരിക്കൂ. ശ്വാസമില്ലാതെ വലയുമ്പോഴും കഴിഞ്ഞ രാത്രി പോക്കര്‍ ഹാജിയുടെ പണം വരവിനെക്കുറിച്ച് ചോദിച്ചു. അന്ത്രുക്ക ബാപ്പയെ അത് പറഞ്ഞ് കളിയാക്കി. 'മമ്മദ്ക്കാ.... നിങ്ങക്ക് എന്തിന്റെ പിരാന്താണ്... കാര്യങ്ങള്‍ മക്കളെയേല്‍പിച്ച് വിസ്രമിക്കരുതോ?' ബാപ്പയുടെ മറുപടി ഒരു ചിരിയായിരിക്കും. അനേകം വാചകങ്ങള്‍ കോര്‍ത്തിണക്കിയ ചിരി. അന്ത്രുക്ക പറയാറുള്ള വിശ്രമത്തിന് അല്ലാഹു തെരഞ്ഞെടുത്ത മാര്‍ഗമാണോ രോഗം? അയാളുടെ കണ്ണില്‍ കണ്ണുനീര്‍ പൊടിഞ്ഞു. കുടത്തുണിയിലൂടെ ഊര്‍ന്ന് തെറിക്കുന്ന ജലകണങ്ങളുടെ ഈര്‍പ്പം നല്‍കുന്ന ശീതത്തിലും അയാള്‍ എന്തെന്നില്ലാതെ വിയര്‍ത്തു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ചെളിവെള്ളം ചവിട്ടി നടക്കുമ്പോള്‍ ചുവടുകള്‍ക്കൊപ്പം അയാളുടെ പല്ലുകള്‍ ഇറുമ്പിക്കൊണ്ടിരുന്നു.
ബാപ്പയുടെ ദീനം കണ്ടുനില്‍ക്കാന്‍ വയ്യാത്തത്ര ദയനീയമായിരുന്നു. ഉമ്മ പലവുരു ഉറങ്ങാന്‍ നിര്‍ബന്ധിച്ചിട്ടും, വയ്യാതെ നില്‍ക്കുന്ന ഉമ്മയെ ഉറക്കമിളക്കാന്‍ സമ്മതിച്ചില്ല. ബാപ്പയുടെ ചടുലമേനി ശോഷിച്ചിരിക്കുന്നു. ശ്വാസോഛ്വാസം വാരിയെല്ലുകള്‍ക്കിടയിലൂടെ ഇറുകി മുറുകി മുരളിച്ചയോടെ പുറത്തേക്കു ചാടുന്നത് പോലെ അയാള്‍ക്ക് തോന്നി. തന്റെ ഉഛ്വാസവും അതുപോലെത്തന്നെയോ എന്നയാള്‍ കാതോര്‍ത്തു. നെറ്റിയില്‍ വിയര്‍പ്പ് ധാരയായി ഒഴുകിയൊലിക്കുന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ ഉറക്കമിളച്ചു ബാപ്പക്ക് കാവലായിരുന്നു. സ്വുബ്ഹ് നമസ്‌കാരത്തിന് ശേഷമാണ് കുറച്ച് കിടക്കാന്‍ കഴിഞ്ഞത്. ഇടയ്ക്ക് രണ്ടുതവണ പാത്രത്തില്‍ മൂത്രം പിടിക്കേണ്ടിയും വന്നു. പുറത്ത് തിമര്‍ക്കുന്ന ഇടിമിന്നലും മഴയും കാറ്റിന്റെ മൂളിച്ചയും രോഗാണുക്കള്‍ കൂട്ടനൃത്തം ചവിട്ടുന്നത് പോലെ ഭീതി പടര്‍ത്തി. കുട്ടികള്‍ കഥയറിയാതെ പുതച്ചുറങ്ങുമ്പോള്‍ മൂന്നാമന്‍ പാല്‍കുട്ടി അവളുടെ മാറിന്റെ ചൂടില്‍ സുഖനിദ്രയിലായിരുന്നു. കൊച്ചു കുട്ടിയുള്ളത് കൊണ്ട് മാത്രമല്ല, വീട്ടിലെ മറ്റു ജോലി ഭാരം മുഴുവനും അവളുടെ തലയിലാണ്. അവളുറക്കമിളച്ചാല്‍ കുട്ടികളുടെ സ്‌ക്കൂളിപ്പോക്ക് മുടങ്ങിയതു തന്നെ. തടഞ്ഞുനിര്‍ത്തുന്ന ഉറക്കം തെന്നിത്തെറിച്ച്, ഭാവിയുടെ അവ്യക്ത മുഖത്തേക്ക് അയാളുടെ ചിന്തകളെ ശിഥിലമാക്കി..... 'നാളെ ഇതുപോലുള്ള രോഗാവസ്ഥയില്‍ മാതാപിതാക്കളോടുള്ള തന്റെ മക്കളുടെ നിലപാട് എന്തായിരിക്കും. ങാ! ഹോം നഴ്‌സിനെ വെക്കുമായിരിക്കും.' കഴിഞ്ഞ ദിവസം അനുജന്‍ അങ്ങനെയും ഒരു അഭിപ്രായം പറഞ്ഞിരുന്നു. ഞാനാണ് സമ്മതിക്കാതിരുന്നത്. ബാപ്പ ഇടയ്‌ക്കൊന്നു ചുമച്ചപ്പോള്‍ അയാള്‍ മുതുകില്‍ തടവി ആശ്വസിപ്പിച്ചു. അനുജനാണെങ്കില്‍ ബാപ്പക്ക് ഉറക്ക ഗുളിക കൊടുക്കാനൊട്ടും സമ്മതിക്കുന്നുമില്ല. വീട്ടിലെത്തുന്ന തലവേദനരോഗികള്‍ക്ക് പോലും ഗുളിക എഴുതാന്‍ ഒരു മടിയും കാട്ടാറില്ല അവന്‍. കൂറ്റന്‍ ക്യാപിറ്റേഷന്‍ കൊടുത്ത് നേടിയ ബിരുദാനന്തര ബിരുദത്തിന്റെ ഈടുവെപ്പാണതൊക്കെ. രാത്രിമഴയുടെ കുളിര്‍മയും പ്രകൃതി നല്‍കുന്ന സംഗീതവും, ഏത് ഉന്മാദാവസ്ഥയിലും മനുഷ്യരുറങ്ങിപ്പോകും. എന്നിട്ടും ബാപ്പക്കെന്താ ഉറക്കം വരാത്തത്?
നിദ്രാരഹിത ജീവിതം മനുഷ്യരെ പെട്ടെന്ന് ബലഹീനരാക്കി തളര്‍ത്തിക്കളയും. അത് മൂന്നു ദിനം നീണ്ടാല്‍ മനോനില തെറ്റി പിച്ചും പേയും പറയാന്‍ തുടങ്ങും. അടുത്തവരുടെ ഉറക്കം ഇല്ലാതാകും. തന്റെ ബാപ്പക്ക് അത്തരമൊരവസ്ഥ ഇല്ലാതിരിക്കാന്‍ അയാളുടെ മനസ്സ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. രാവ് വിശ്രമത്തിനായി മനുഷ്യന് അണിയിച്ചൊരുക്കിയതാണെന്ന ഖുര്‍ആന്റെ പ്രസ്താവം എത്ര വാസ്തവമാണ്. റോഡരികില്‍ രണ്ടു വശങ്ങളിലായി വലുതും ചെറുതുമായ അനേകം വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ഡ്രൈനേജിന് മുകളിലായി പടര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ റോഡില്‍ ചെളിയായി രൂപമാറ്റം സംഭവിച്ചിരിക്കുന്നു. കുണ്ടും ചെളിവെള്ളവും ചവിട്ടാതെ നടക്കാന്‍ വയ്യ. ഒറ്റയൊറ്റ വ്യക്തികളെയും വഹിച്ചുവന്ന് കിതച്ചു നില്‍ക്കുന്ന ആഡംബര വണ്ടികള്‍ റോഡില്‍ തന്നെ നോക്കി ചക്കപ്പല്ലുകാട്ടി പരിഹസിക്കുന്നതു പോലെ റസാഖ് മുഹമ്മദിന് തോന്നി. വഴിമുടക്കില്‍ അയാള്‍ ഉള്ളാലെ ശപിച്ചു. താനും ഒരിക്കല്‍ വാഹനത്തിനടിമയായിരുന്ന കാര്യം റസാഖ് മുഹമ്മദ് ഓര്‍ത്തു. ദൂരത്തെവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് നടന്നു വരുന്നതിനേക്കാള്‍ നല്ലത് കാല്‍നടയായി നേരില്‍ വരുന്നതായിരുന്നില്ലേ? ചുരുങ്ങിയത് ടൗണിലെ കച്ചവടക്കാര്‍ക്കെങ്കിലും. ഇന്ധന ചെലവും പൊല്ല്യൂഷനും കുറയ്ക്കാം.
കടയില്‍ പോകാനൊക്കാത്ത ദിനങ്ങളില്‍ പള്ളിയില്‍ നേരത്തെയെത്തുക റസാഖ് മുഹമ്മദിന്റെ ശീലമാണ്. സുന്നത്ത് നമസ്‌കാരം കഴിഞ്ഞ് സുറഃ അല്‍കഹ്ഫ് ഓതണമെന്ന് അയാള്‍ നിശ്ചയിച്ചുറപ്പിച്ചതുമാണ്. ഏകദൈവ വിശ്വാസവും സമര്‍പ്പണവും ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റധ്യായങ്ങളില്ല. സമ്പത്ത് സ്വയം പര്യാപ്തമായി കരുതുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. എന്നിട്ടും ദൈവേച്ഛയെ ധിക്കരിച്ച് ആഴ്ചയിലൊരിക്കലുള്ള മഹാ സമ്മേളനത്തിന്, നേരത്ത് എത്തിച്ചേരാന്‍ കഴിയായ്ക. റസാഖ് മുഹമ്മദിന്റെ മനോമുകുരം കഹ്ഫിലൂടെ ഉലാത്തിക്കൊണ്ടിരുന്നു. നീണ്ട നിദ്രയിലാണ്ട ഒരു കൂട്ടം ചെറുപ്പക്കാര്‍, അവര്‍ സമര്‍പ്പിച്ച തൗഹീദ് തിരിച്ചറിയാതെ ഗുഹാവാസികളുടെ എണ്ണത്തില്‍ തര്‍ക്കിക്കുന്ന പിന്‍തലമുറയുടെ വിടുവായത്വം... അത് ചിത്രീകരിക്കുന്നതിനിടയിലും എണ്ണം വ്യക്തമായി പറയാതെ എത്ര സമര്‍ഥമായാണ് ലോകാവസാനം വരെയുള്ള വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുന്നത്! ഇന്നും പ്രവാചകനോ ഖുര്‍ആനോ കണിശമായി പറയാത്ത കാര്യങ്ങളില്‍, എണ്ണത്തിലും രൂപത്തിലും തല്ലുകൂടുന്ന വിശ്വാസി സമൂഹത്തെ തന്നെയല്ലേ അവ പ്രതിനിധീകരിക്കുന്നത്! വെള്ളിയാഴ്ചകളില്‍ സ്വുബ്ഹിന് ശേഷം കഹ്ഫ് ഓതുക എന്നത് ഉമ്മ ശീലിപ്പിച്ച ചര്യയാണ്. ബാക്കിവന്ന ഉറക്കത്തോടൊപ്പം അതും മുങ്ങിപ്പോയി. ജുമുഅക്ക് മുമ്പ് പൂര്‍ത്തിയാക്കാമെന്ന് കരുതുകയും ചെയ്തു. റഹീംക്ക പറയുന്നതാണ് ശരി. ആരാധനാ കാര്യങ്ങള്‍ ഗൗരവത്തില്‍ കാണണം. കഹ്ഫ് ഓതാനുള്ള സമയം ലഭിക്കുമോന്നറിയാന്‍, മിമ്പറിനു പിന്നില്‍ മതിലിലായി പതിഞ്ഞുനില്‍ക്കുന്ന, ക്ലോക്കിലേക്ക് റസാഖ് മുഹമ്മദ് നോക്കി. സമയം 12.45. ഹസ്സന്‍ മൗലവി ഖുത്വ്ബക്കായി പടികയറുന്നു. പുറത്ത് തിരക്കിട്ട് വുദൂ എടുക്കുന്ന ഹൗളുയര്‍ത്തുന്ന ജലകണങ്ങളുടെ ഓളമുയര്‍ത്തുന്ന കുളു കുളു ശബ്ദം. ടൈറ്റ് പാന്റ്‌സ് ധരിച്ച് ഇരിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് യുവാക്കള്‍ ഹാളിലെ മതിലു ചാരിയിരിക്കാന്‍ മത്സരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് മിമ്പറിനു മുമ്പില്‍ ഇരിക്കാന്‍ അവസരം ലഭിക്കുന്നത്. മിക്കവാറും മൂന്നാം നിലയിലാണ് സ്ഥലം ലഭിക്കാറുള്ളത്. താമസിച്ചുവന്ന് ആളുകളെ ചവിട്ടിക്കൂട്ടി ഇടയില്‍ കയറി സദസ്സിന്റെ ശ്രദ്ധയകറ്റി ഇരിക്കുന്നത് പ്രവാചകന്‍ വിലക്കിയ കാര്യം ഖുത്വ്ബയില്‍ തന്നെ കേട്ടിട്ടുണ്ട്. അതിനാല്‍ അതിനൊട്ട് റസാഖ് മുഹമ്മദ് മുതിരാറുമില്ല. അങ്ങനെ ചെയ്യുന്നവനെ രൂക്ഷമായി നോക്കുകയും ചെയ്യും.
ഖത്വീബ് സലാം പറഞ്ഞതും അയാളുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയതും ഒന്നിച്ചായിരുന്നു. മുക്രിക്ക ഖുത്വ്ബയുടെ ബാങ്ക് വിളിച്ചു കഴിഞ്ഞതും ഞെട്ടിയുണര്‍ന്ന അയാള്‍ തന്റെ മൊബൈല്‍ പോക്കറ്റില്‍ നിന്ന് പുറത്തെടുത്തു. ഫോണ്‍ ഓഫാക്കാനെന്ന വ്യാജേന വോയ്‌സ് റിക്കോഡര്‍ ഓണ്‍ ചെയ്തു. കഴിഞ്ഞാഴ്ചയിലെ ഹസ്സന്‍ മൗലവിയുടെ ഖുത്വ്ബയും വിഷയത്തിന്റെ ഗാംഭീര്യവും, താമസിച്ചു എത്തിയതിനാല്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ശ്രവിച്ചവരുടെ സുഹൃദ്‌സംഭാഷണത്തിനിടയിലാണ് അതിന്റെ ഗൗരവം മനസ്സിലായത്. മഴക്ക് അല്‍പം മന്ദത വന്നിരിക്കുന്നു. പടിഞ്ഞാറുനിന്നുള്ള മന്ദമാരുതന്‍ മഴയുടെ ഈര്‍പ്പത്തോടെ ശരീരത്തിന് കുളിര്‍മ പകര്‍ന്നു കടന്നുപോയി. വീട്ടിലെത്തിയപ്പോള്‍, ഉമ്മറപ്പടിയിലെ ചാരുകസേരയിലിരുത്തി ഉമ്മ ബാപ്പക്ക് സ്പൂണു കൊണ്ട് കഞ്ഞി കോരി കൊടുക്കുന്നു. ഉമ്മയുടെ മുഖഭാവത്തിലറിയാം; ബാപ്പയുടെ രോഗാവസ്ഥയില്‍ മാറ്റമൊന്നുമില്ല.
'മോനേ... ഹസ്സന്‍ മൗലവിയുടെ ഖുത്വ്ബയെങ്ങനെയുണ്ടായിരുന്നു?' നേര്‍ത്തു തളര്‍ന്ന ശബ്ദത്തിലുള്ള അപ്രതീക്ഷിത ചോദ്യം കേട്ടപ്പോള്‍ റെക്കോഡു ചെയ്യാന്‍ തോന്നിയ തന്റെ ബുദ്ധിയെക്കുറിച്ച് ഓര്‍ത്ത് അയാള്‍ ഉള്ളില്‍ മന്ദഹസിച്ചു. അഭിമാനത്തോടെ കൈയിലെ മൊബൈല്‍ ഫോണ്‍ മീഡിയാ പ്ലെയര്‍ തുറന്ന് ഖുത്വ്ബ ഓണാക്കി മാക്‌സിമം വോള്യത്തില്‍ ബാപ്പയുടെ മടിയില്‍ വെച്ചുകൊടുത്തു.... മൗലവി ഹംദും സ്വാലാത്തും തുടങ്ങി..... നല്ല വ്യക്തതയോടെ റെക്കോഡായിട്ടുണ്ട്. നല്ല വിശപ്പ്. മസാലയിട്ടുവെച്ച ഇറച്ചിക്കറിയുടെ മണം കോമ്പൗണ്ടിലേക്ക് കടന്നപാടേ പ്രസരിച്ചുകിട്ടിയിരുന്നു. അയാളുടെ നാസാരന്ധ്രങ്ങളെ അവ ഉന്മത്തമാക്കി. ഉച്ചയൂണ് കഴിക്കാന്‍ അകത്തേക്ക് കടന്നതും അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഭാര്യ ടേബിളില്‍ പതിവില്ലാതെ ഭക്ഷണം നിരത്തി വെക്കുന്നു. 'ഉമ്മ കഴിച്ചോ' എന്ന ചോദ്യത്തിന് അവള്‍ തലയാട്ടി. ഹസ്സന്‍ മൗലവിയുടെ ഗാംഭീര്യമുള്ള ശബ്ദം നടുത്തളത്തിലും കേള്‍ക്കാം. ഭക്ഷണം കഴിഞ്ഞു ഉമ്മറപ്പടിയില്‍ തിരിച്ചെത്തുമ്പോള്‍, ഹസ്സന്‍ മൗലവി ഗസ്സക്കായി പ്രാര്‍ഥിക്കുന്നു. ബാപ്പ ചാരുകസേരയില്‍ കഴുത്ത് വലത്തോട്ട് ചരിച്ച് കിടക്കുന്നു... ഉമ്മ ബാപ്പയുടെ ചാരുകസേരയുടെ കൈപ്പടയില്‍ തലവെച്ച് ചാരിയിരിക്കുന്നു.
Comments