Prabodhanm Weekly

Pages

Search

2015 ജനുവരി 16

എം.ഇ.എസ് ചരിത്രം, വര്‍ത്തമാനം, വിവാദങ്ങള്‍

ഡോ. ഫസല്‍ ഗഫൂര്‍/ അഭിമുഖം

1964-ല്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. കേരള മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ എം.ഇ.എസ്സിന്റെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുകയാണ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍.

മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എം.ഇ.എസ് സമുദായത്തില്‍ നിര്‍വഹിച്ച നവോത്ഥാന ദൗത്യങ്ങള്‍ എന്തെല്ലാമാണ്?

'ഐക്യസംഘ'ത്തിന്റെയും പിന്നീട് വന്ന നവോത്ഥാന കൂട്ടായ്മകളുടെയും തുടര്‍ച്ചയായാണ് എം.ഇ.എസ് രൂപീകരിക്കുന്നത്. ഐക്യ സംഘത്തിന്റെ കാലത്തുണ്ടായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എം.ഇ.എസ്സും തുടര്‍ന്നു. വിദ്യാഭ്യാസം നേടണമെന്ന് എല്ലാ നവോത്ഥാന സംഘങ്ങളും ആഹ്വാനം ചെയ്തിരുന്നു. പക്ഷേ, അതിന് ആഹ്വാനം മാത്രം പോരല്ലോ. സ്ഥാപനങ്ങള്‍ വേണ്ടേ? കുറച്ച് മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് നവോത്ഥാന മുസ്‌ലിം കൂട്ടായ്മകള്‍ക്ക് ഉണ്ടായിരുന്നത്. ഉന്നത ഭൗതിക വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങള്‍ ആദ്യം ഒരുക്കിയത് എം.ഇ.എസ് ആണ്. സമുദായത്തിന്റെ ഏക വിദ്യാഭ്യാസ ഏജന്‍സിയായി പ്രവര്‍ത്തിച്ച കാലവും എം.ഇ.എസിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും നടത്തുന്നതിലും 'ന്യൂനപക്ഷ പദവി' നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിലും സമുദായത്തിന് വഴികാട്ടിയത് എം.ഇ.എസ്സാണ്. അതിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് സമുദായത്തിലെ മറ്റു കൂട്ടായ്മകളും ഭൗതിക സ്ഥാപനങ്ങളുണ്ടാക്കാന്‍ മുന്നോട്ടുവന്നത്.

സ്ത്രീ വിദ്യാഭ്യാസത്തിന് അവസരം നല്‍കിയെന്നതാണ് എം.ഇ.എസ് നിര്‍വഹിച്ച മറ്റൊരു ദൗത്യം. ഒരൊറ്റ ഉദാഹരണം പറയാം. മമ്പാട് എം.ഇ.എസ് കോളേജ് തുടങ്ങുമ്പോള്‍ അഞ്ച് പെണ്‍കുട്ടികളാണ് ആകെയുണ്ടായിരുന്നത്. അവര്‍ തന്നെ സമുദായത്തിന്റെ ആക്ഷേപവും പരിഹാസവും കേട്ടാണ് അവിടെ പഠിച്ചത്. അവര്‍ക്ക് എം.ഇ.എസ് സ്ഥാപനങ്ങളില്‍ തന്നെ ജോലിയും നല്‍കി. പല പെണ്‍കുട്ടികളും ആദ്യമായി പള്ളിയില്‍ പോയത് എം.ഇ.എസ് സ്ഥാപനങ്ങള്‍ക്കകത്തുണ്ടായിരുന്ന മസ്ജിദുകളിലായിരുന്നു. അവിടെ നിന്നാണ് പലരും ആദ്യമായി മലയാള ഖുത്വ്ബ കേള്‍ക്കുന്നത്. ഇങ്ങനെ സ്ത്രീ പള്ളി പ്രവേശം, മലയാള ഖുത്വ്ബ, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ നവോത്ഥാന സംരംഭങ്ങള്‍ക്കെല്ലാം എം.ഇ.എസ് അവസരമൊരുക്കി.

ആദ്യമായി ഒരു വനിതാ വിംഗ് ഉണ്ടാക്കുന്നത് എം.ഇ.എസ് ആണ്. ഖമറുന്നിസ അന്‍വര്‍ ആയിരുന്നു അധ്യക്ഷ. പിന്നീട് ഒരു വനിതയെ അസംബ്ലി ഇലക്ഷനില്‍ നിര്‍ത്താന്‍ ലീഗ് തീരുമാനിച്ചപ്പോള്‍ എം.ഇ.എസ്സിന്റെ വനിതാ വിംഗ് നേതാവായിരുന്ന അതേ ഖമറുന്നിസ അന്‍വറിനെയാണ് അവര്‍ തെരഞ്ഞെടുത്തത്. ഇന്നും അവരാണ് ലീഗിന്റെ വനിതാ രാഷ്ട്രീയ മുഖം.

ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ മുജാഹിദ് പ്രസ്ഥാനം ഉണ്ടായിരിക്കെ അതേ ആശയധാരയില്‍ പെട്ടവര്‍ എം.ഇ.എസ് രൂപീകരിക്കാനുണ്ടായ സാഹചര്യം?

ഒട്ടേറെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുജാഹിദ് പ്രസ്ഥാനമടക്കമുള്ള നവോത്ഥാന കൂട്ടായ്മകള്‍ ഉന്നത ഭൗതിക വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല; പ്രത്യേകിച്ച് അത്തരം സ്ഥാപനങ്ങളുണ്ടാക്കുന്നതില്‍. അവരുടെ വിദ്യാഭ്യാസ പദ്ധതികള്‍ അറബിക് കോളേജുകളില്‍ പരിമിതമായി. ഈ സന്ദര്‍ഭത്തിലാണ് ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സമുദായത്തിലെ പാവപ്പെട്ടവരെ സ്‌കോളര്‍ഷിപ്പ് നല്‍കി സഹായിക്കാനായി 1964-ല്‍ എം.ഇ.എസ് രൂപീകരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് മൂവ്‌മെന്റ് എന്ന നിലക്കാണ് എം.ഇ.എസിന്റെ തുടക്കം. പിന്നീട് ഇ.എം.എസ് സര്‍ക്കാര്‍ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരു നവോത്ഥാന സംഘവും അതേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല. അപ്പോള്‍ എം.ഇ.എസ് ആ ചരിത്ര ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല അത്. സന്ദര്‍ഭവും സമുദായവും അതാവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കുന്നത്. പിന്നീട് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോഴും സ്വാശ്രയം വന്നപ്പോഴും മറ്റു സംഘടനകള്‍ പല കാരണങ്ങള്‍ പറഞ്ഞ് സമുദായത്തിന് വേണ്ടി അതേറ്റെടുക്കാന്‍ മടിച്ചു. സാധ്യമായതെല്ലാം ചെയ്യാന്‍ എം.ഇ.എസ് മുന്നോട്ടുവന്നു. ഈ നവോത്ഥാന സംഘടനകള്‍ സ്ഥാപനങ്ങളുണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ സമുദായത്തിന്റെ ക്വാട്ടയിലുള്ള ആ വിഹിതം വാങ്ങിയത് കച്ചവട മനസ്സ് മാത്രമുള്ള സമുദായത്തിലെ വ്യക്തികളായിരുന്നു.

ഇപ്പോള്‍ ഒരു ഭാഗത്ത് എം.ഇ.എസ്സും മറുഭാഗത്ത് ബിസിനസ്സുകാരായ വ്യക്തികളുമാണ് മുസ്‌ലിം സമുദായത്തിന്റെ പേരിലുള്ള ഉന്നത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. സമുദായത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളാണിവയെല്ലാം. ഉന്നത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാതിരിക്കുക വഴി ഓരോ കാലത്തെയും പുതിയ തലമുറയിലേക്ക് നവോത്ഥാന ആശയങ്ങള്‍ പല രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന അവസരമാണ് നവോത്ഥാന സംഘങ്ങള്‍  നഷ്ടപ്പെടുത്തിക്കളഞ്ഞത്.

എം.ഇ.എസ്സിന്റേതല്ലാത്ത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ സമുദായത്തിലുണ്ടല്ലോ? എം.ഇ.എസ് ആ രംഗത്തേക്ക് വരുമ്പോഴുണ്ടായിരുന്ന സമുദായത്തിലെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചിത്രം വ്യക്തമാക്കാമോ?

രണ്ടോ മൂന്നോ ആര്‍ട്‌സ് കോളേജുകള്‍. പിന്നെ പലയിടങ്ങളിലായി ഏതാനും എല്‍.പി, യു.പി സ്‌കൂളുകളും. ഇതില്‍ എടുത്ത് പറയേണ്ടവ 1948-ല്‍ അബുസ്സ്വബാഹ് മൗലവിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഫാറൂഖ് കോളേജ്, തിരൂരിലെ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്, തങ്ങള്‍ കുഞ്ഞ് മുസ്‌ലിയാര്‍ കൊല്ലത്ത് സ്ഥാപിച്ച ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് എന്നിവ മാത്രമാണ്. ബാക്കിയുള്ളവയെല്ലാം മതവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. ഇവിടെ നിന്നാണ് എം.ഇ.എസിന്റെ വിദ്യാഭ്യാസ ജൈത്രയാത്ര തുടങ്ങുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഉള്‍പ്പെടെ 31 ഉന്നത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എം.ഇ.എസ്സിനുണ്ട്.  എയ്ഡഡും സി.ബി.എസ്.ഇയുമടക്കം 76 സ്‌കൂളുകളും അഞ്ച് ഹോസ്പിറ്റലുകളും എം.ഇ.എസ് നടത്തുന്നു. ഇത്ര വിപുലമായ സ്ഥാപനങ്ങള്‍ ഒരു മുസ്‌ലിം സംഘടനക്കും കേരളത്തിലില്ല.

മത സംഘടനകള്‍ ഉന്നത ഭൗതിക വിദ്യാഭ്യാസ രംഗത്തേക്ക് വരാത്ത കാലത്താണ് എം.ഇ.എസ് അതിന് നേതൃത്വം നല്‍കിയത്. അമ്പതു വര്‍ഷം പിന്നിടുമ്പോള്‍ 'സമസ്ത' സംഘടനകള്‍ പോലും എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ് എന്നിവ നടത്തുന്നു. മത സംഘടനകളുടെ ഉന്നത ഭൗതിക വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടിലെ ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

മാറ്റത്തെ എം.ഇ.എസ് സ്വാഗതം ചെയ്യുന്നു. പക്ഷേ, അപ്പോഴും കൊട്ടിഘോഷിക്കാന്‍ മാത്രം ഒരു മാറ്റം ഉണ്ടായിട്ടുണ്ടോ എന്നതാണ് ചോദ്യം. ഇത്ര വലിയ സംഘടനകളും കൂട്ടായ്മകളുമുണ്ടായിട്ടും ഏതാനും ചില ആര്‍ട്‌സ് & സയന്‍സ് കോളേജുകളും ഒന്നോ രണ്ടോ എഞ്ചിനീയറിംഗ് കോളേജുകളുമല്ലാതെ എടുത്ത് പറയാന്‍ എന്താണുള്ളത്? ന്യൂനപക്ഷപദവിയുടെ ആനുകൂല്യത്തില്‍ എത്ര വലിയ പദ്ധതികള്‍ ആരംഭിക്കാമായിരുന്നു! അതുണ്ടാക്കാനുള്ള സംവിധാനവും മനുഷ്യ വിഭവശേഷിയും എം.ഇ.എസ്സിനേക്കാള്‍ ഇവിടത്തെ മത സംഘടനകള്‍ക്കല്ലേ ഉള്ളത്? എന്നിട്ടും എന്തുകൊണ്ട് ഒരു മെഡിക്കല്‍ കോളേജു പോലും ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കുന്നില്ല? സമുദായ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ രംഗത്തുനിന്ന് പിന്മാറിയപ്പോള്‍ പകരം അവ ഏറ്റെടുത്തത് സമുദായത്തിലെ കച്ചവടക്കാരാണ്. മത സംഘടനകള്‍ ഇപ്പോഴും ആദ്യ പടിയില്‍ തന്നെയാണുള്ളത്. അവരുടെ ആശങ്കകളും വേണ്ടാത്ത സൈദ്ധാന്തിക ശാഠ്യങ്ങളുമാണ് ഈ മെല്ലേ പോക്കിന് കാരണം. എയ്ഡഡ് സ്‌കൂളുകള്‍ അനുവദിച്ച കാലത്ത് സ്ഥാപനങ്ങളുണ്ടാക്കാന്‍ കാശ് എങ്ങനെ കണ്ടെത്തും, നിയമനത്തിന് കാശ് വാങ്ങിയാല്‍ കോഴയാവില്ലേ എന്നായിരുന്നു ചോദ്യം. ആ അവസരം തുലച്ചുകളഞ്ഞു. പിന്നീട് സ്വാശ്രയം വന്നപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്ന് അമിത ഫീസ് വാങ്ങാതെ എങ്ങനെ സ്ഥാപനം നടത്തുമെന്നായി. അങ്ങനെ ഫീസ് വാങ്ങുന്നത് ധാര്‍മികമാണോ എന്നായിരുന്നു സംശയം. ആ അവസരവും വേണ്ടത്ര ഉപയോഗിച്ചില്ല. അതുകൊണ്ട് ഇനിയെങ്കിലും ഈ രംഗത്ത് വന്‍ പദ്ധതികളുമായി മത സംഘടനകള്‍ മുന്നോട്ടുവരികയാണ് വേണ്ടത്.

വിദ്യാഭ്യാസ രംഗത്തെ എം.ഇ.എസ്സിന്റെ മാതൃക അംഗീകരിക്കുമ്പോഴും മുസ്‌ലിം സമുദായത്തിലെ പലര്‍ക്കും യോജിക്കാന്‍ സാധിക്കാത്തതാണ് നിയമനത്തിന് കാശ് വാങ്ങുന്ന ഏര്‍പ്പാട്. ഇങ്ങനെ വാങ്ങുന്ന കാശ് കൊണ്ടാണ് എം.ഇ.എസ് സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന വിമര്‍ശനത്തെക്കുറിച്ച്?

എം.ഇ.എസ്സിന്റെ സ്ഥാപനങ്ങളുടെ ചരിത്രവും നടത്തിപ്പിന്റെ സംവിധാനങ്ങളും അറിയാത്തവരാണ് ഈ ആരോപണത്തിന് പിന്നിലുള്ളത്. എം.ഇ.എസ്സിന്റെ കീഴിലെ 31 കോളേജുകളില്‍ ആറെണ്ണം മാത്രമാണ് എയ്ഡഡുള്ളത്. 76 സ്‌കൂളില്‍ എട്ടെണ്ണം മാത്രവും.  ബാക്കി 85 ശതമാനം സ്ഥാപനങ്ങളും എം.ഇ.എസ് സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയതും നടത്തിക്കൊണ്ട് പോകുന്നതുമാണ്. ഈ സ്ഥാപനങ്ങള്‍ക്കൊന്നും ഗവണ്‍മെന്റ് സഹായമില്ല. യു.ജി.സി ഫണ്ടില്ല. എന്നിട്ടും ഒട്ടേറെ പേര്‍ക്ക് ജോലി നല്‍കുന്നു. മാന്യമായ ശമ്പളവും നല്‍കുന്നു. ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ഇതൊന്നുമറിയാത്തവരാണ്, എം.ഇ.എസ് എന്ന് കേള്‍ക്കുമ്പോഴേക്കും കോഴ വാങ്ങുന്നവര്‍ എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് കോളേജുകളില്‍ ചിലതെല്ലാം തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. മമ്പാട്, കല്ലടി എം.ഇ.എസ് കോളേജുകള്‍ ആ പ്രദേശങ്ങളിലെ ഉദാര മനസ്‌കരായ വ്യക്തികള്‍ തുടങ്ങിയതാണ്. സ്ഥാപനം നടത്താനും ശമ്പളം കൊടുക്കാനും ഗതിയില്ലാതെ പൂട്ടേണ്ടിവന്ന അവസ്ഥയില്‍ അവ എം.ഇ.എസ് ഏറ്റെടുക്കുകയായിരുന്നു. സ്വന്തം ഫണ്ടില്‍ നിന്ന് കാശ് മുടക്കിയാണ് എം.ഇ.എസ് അവ നടത്തിയത്. ഇതെല്ലാം സംഭവിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ കോളേജുകള്‍ എയ്ഡഡ് സ്ഥാപനങ്ങളാവുന്നത്. കൃത്യമായി പറഞ്ഞാല്‍ 1972-ല്‍ നടന്ന വിദ്യാര്‍ഥികളുടെ ഫീസ് ഏകീകരണ സമരത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നേരിട്ട് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് എയ്ഡഡ് വ്യവസ്ഥയുണ്ടാവുന്നത്. അന്ന് ഈ സ്ഥാപനങ്ങളില്‍ അധ്യാപകരായവരാരും കാശ് കൊടുത്ത് വന്നവരല്ല. ഈ ചരിത്രമൊന്നും അധികമാര്‍ക്കുമറിയില്ല. 

മുസ്‌ലിം സമുദായത്തിലെ ഒരു ശതമാനത്തെ മാത്രമാണ് എം.ഇ.എസ് പ്രതിനിധീകരിക്കുന്നത്. ബാക്കി 99 ശതമാനത്തിനും പഠിക്കാനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടുപോകാന്‍ എം.ഇ.എസ്സിന് മാത്രം സാധിക്കില്ല. അപ്പോള്‍ കാശുള്ളവരില്‍ നിന്ന് അത് വാങ്ങി സ്ഥാപന നടത്തിപ്പിന് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? നിയമനത്തിന് മാത്രമല്ല, പഠിക്കാനും സമ്പന്നരില്‍ നിന്ന് കാശ് ഈടാക്കണം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ മെഡിക്കല്‍ കോളേജിലടക്കം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സമ്പന്നരുടെ മക്കള്‍ ഫീസിളവോടു കൂടിയാണ് പഠിക്കുന്നത്. ഇളവ് പാവപ്പെട്ടവര്‍ക്ക് മാത്രമാക്കണം. സമ്പന്നരുടെ ഫീസ് കൊണ്ട് സ്ഥാപനം നടത്താന്‍ സാധിക്കണം. പിന്നെ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി ഏറ്റെടുക്കണമെന്ന് തന്നെയാണ് എം.ഇ.എസ്സിന്റെ അഭിപ്രായം.

എം.ഇ.എസ്സിനെതിരെയുള്ള മറ്റൊരു വിമര്‍ശനം, ശരീഅത്ത് വിവാദകാലത്ത് രൂപീകരിക്കപ്പെട്ട മോഡേണ്‍ എയ്ജ് സൊസൈറ്റിയുമായുണ്ടായിരുന്ന അതിന്റെ ബന്ധമാണ്. താങ്കള്‍ പല വേദികളില്‍ ഈ ബന്ധത്തെ നിഷേധിച്ചിട്ടുണ്ട്?

എല്ലാ കാലത്തും ചില വക്രബുദ്ധി ജീവികള്‍ ഉണ്ടാവാറുണ്ടല്ലോ. ശരീഅത്ത് വിവാദകാലത്തുമുണ്ടായിരുന്നു അത്തരക്കാര്‍. അവരാണ് മോഡേണ്‍ എയ്ജ് സൊസൈറ്റി ഉണ്ടാക്കിയത്. എം.ഇ.എസ്സിന് സംഘടനാപരമായി അതുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ എം.ഇ.എസ് മെമ്പര്‍മാരായിരുന്ന പ്രഫ. ബഹാവുദ്ദീനും മങ്കട അബ്ദുല്‍ അസീസ് മൗലവിയും അവരോടൊപ്പമുണ്ടായിരുന്നു. അസീസ് മൗലവി ശരീഅത്തിനെതിരെ എം.ഇ.എസ് ജേണലില്‍ അക്കാലത്ത് ഒരു ലേഖനമെഴുതി. അതാണ് ഈ വിവാദത്തിന്റെ തുടക്കം. ആ ലേഖനത്തിന്റെ ഉള്ളടക്കത്തെ എം.ഇ.എസ് അംഗീകരിച്ചിട്ടില്ല. ഈ വിവാദമല്ലാതെ മോഡേണ്‍ എയ്ജ് സൊസൈറ്റിയോടൊപ്പം എം.ഇ.എസ് നിലയുറപ്പിച്ചിട്ടില്ല. ശരീഅത്ത് വിരുദ്ധതയെ അംഗീകരിച്ചിട്ടുമില്ല. എം.ഇ.എസ് എല്ലാ കാലത്തും മുസ്‌ലിം സംഘടനകളുടെ ഐക്യത്തിനൊപ്പമായിരുന്നു. ഈ ലേഖന വിവാദമാണ് തല്‍പര കക്ഷികള്‍ എം.ഇ.എസ്സിനെ വിമര്‍ശിക്കാന്‍ ഇന്നും ഉപയോഗിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരണത്തിന് ആക്കം കൂട്ടിയത് സ്വാശ്രയ സംവിധാനമാണ്. എം.ഇ.എസ് സ്വാശ്രയ വ്യവസ്ഥയെ തുടക്കത്തില്‍ എതിര്‍ത്തിരുന്നു. പിന്നീട് അത്തരം സ്ഥാപനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണത്തെ പിന്തുണക്കുകയല്ലേ ഇതുവഴി ചെയ്തത്?

നമ്മള്‍ എതിര്‍ക്കുന്ന പലതും നമ്മുടെ എതിര്‍പ്പിനെ മറികടന്ന് രാജ്യത്ത് നടപ്പാകുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് അത്തരം പദ്ധതികള്‍ പ്രായോഗികമായി നടപ്പാവുമ്പോള്‍ അതില്‍ നിന്ന് മാറി നിന്നാല്‍ പിന്നീട് ഖേദിക്കേണ്ടിവരും. അപ്പോള്‍ താത്ത്വികമായി എതിര്‍ത്തുകൊണ്ടുതന്നെ പ്രായോഗികമായി അതിന്റെ ഭാഗമാകേണ്ടിവരും. വിദ്യാഭ്യാസ രംഗത്തെ കച്ചവട സാധ്യതക്ക് വാതില്‍ തുറന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ സംവിധാനത്തെ എം.ഇ.എസ് എതിര്‍ത്തിരുന്നു. ഇപ്പോഴും അതിനോട് അനുകൂലമല്ല. പക്ഷേ, സ്വാശ്രയം യാഥാര്‍ഥ്യമാവുകയും എല്ലാ സമുദായങ്ങളും അത്തരം സ്ഥാപനങ്ങളുണ്ടായി മുന്നോട്ടു പോവുകയും ചെയ്യുമ്പോള്‍ മാറിനിന്നാല്‍ പിന്നാക്കമാവുന്നത് നമ്മള്‍ മാത്രമായിരിക്കും. ആ സന്ദര്‍ഭത്തിലാണ് സ്വാശ്രയ കോളേജുകളുമായി എം.ഇ.എസ് മുന്നോട്ടുവന്നത്. ഇപ്പോള്‍ വിദേശ യൂനിവേഴ്‌സിറ്റികള്‍ രാജ്യത്ത് സ്ഥാപിക്കുന്നതിനെ എം.ഇ.എസ് എതിര്‍ക്കുന്നുണ്ട്. നാളെയത് രാജ്യത്ത് നടപ്പാക്കുകയും ഒരു വിദേശ യൂനിവേഴ്‌സിറ്റി എം.ഇ.എസ് കോളേജുമായി സഹകരിക്കാന്‍ തയാറാവുകയും ചെയ്താല്‍ ആ സാധ്യതയെ ഞങ്ങള്‍ തള്ളിക്കളയില്ല. അപ്പോള്‍ പ്രായോഗികതക്കാണ് എം.ഇ.എസ്  മുന്‍ഗണന നല്‍കുന്നത്.

ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധമാണല്ലോ എം.ഇ.എസ്സിനും മുസ്‌ലിം ലീഗിനുമുള്ളത്. ലീഗിനേക്കാള്‍ ഇടതുപക്ഷത്തോടാണ് എം.ഇ.എസ്സിന് ചായ്‌വ് എന്നും കേള്‍ക്കാറുണ്ട്. എന്താണ് എം.ഇ.എസ്സിന്റെ രാഷ്ട്രീയം?

മുസ്‌ലിം ലീഗുമായി എം.ഇ.എസ്സിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. ചില ഈഗോ ക്ലാഷുകള്‍ ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടാവാറുണ്ടെന്ന് മാത്രം. സമുദായത്തിന്റെ അകത്തുള്ള രാഷ്ട്രീയ സംഘടനയാണെന്ന് കരുതി അമിതമായ വിധേയത്വമൊന്നും എം.ഇ.എസ്സിന് ലീഗിനോടില്ല. പ്രശ്‌നാധിഷ്ഠിതമായാണ് ലീഗിനുള്ള പിന്തുണ. ലീഗ് വിളിച്ചുകൂട്ടുന്ന മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മകളിലും ഐക്യ മീറ്റിംഗുകളിലുമെല്ലാം എം.ഇ.എസ് പങ്കെടുക്കാറുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കാറുമുണ്ട്.

ലീഗിന് എം.ഇ.എസ്സിനോട് ചില പരിഭവങ്ങളുണ്ട്. അത് ഇടതുപക്ഷവുമായി എം.ഇ.എസ് സഹകരിക്കുന്നതുകൊണ്ടാണ്. ലീഗുമായി അടുത്ത ബന്ധം ഉണ്ടെന്ന് കരുതി ഇടതുപക്ഷവുമായി സഹകരിക്കാതിരിക്കാനാവില്ല; അവര്‍ എം.ഇ.എസ്സിന്റെ വിദ്യാഭ്യാസ പദ്ധതികളെ പിന്തുണക്കുമ്പോള്‍ പ്രത്യേകിച്ചും. എം.ഇ.എസ്സിന് കോളേജുകളും സ്ഥാപനങ്ങളും അനുവദിച്ചത് ലീഗ് അംഗമായ യു.ഡി.എഫ് മാത്രമല്ല, സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് കൂടിയാണ്. മെഡിക്കല്‍ കോളേജ് അനുവദിച്ചത് യു.ഡി.എഫ് ആണെങ്കില്‍ ഡെന്റല്‍ കോളേജ് അനുവദിച്ചത് എല്‍.ഡി.എഫ് ആണ്. കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജ് യു.ഡി.എഫിന്റെ കാലത്താണെങ്കില്‍ ബാക്കി എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും അനുവദിച്ചത് എല്‍.ഡി.എഫിന്റെ ഭരണകാലത്താണ്. അപ്പോള്‍ അവര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ എം.ഇ.എസ് പങ്കെടുക്കുക സ്വാഭാവികം. അത് ചൂണ്ടിക്കാണിച്ചാണ് എം.ഇ.എസ്സിനെ ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പറയുന്നത്. തെറ്റാണത്. അങ്ങനെയായിരുന്നുവെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഞാന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാവുമായിരുന്നു. ബിനോയ് വിശ്വം എന്നെ നേരില്‍ വിളിച്ചാണ് പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ടത്. ഞാന്‍ ഒഴിഞ്ഞുമാറിയപ്പോഴാണ് ഡോ. ഹുസൈന്‍ രണ്ടത്താണിയെ അവര്‍ പരിഗണിച്ചത്. അല്ലെങ്കിലും ഇടതുപക്ഷത്തെ മുസ്‌ലിം സമുദായം എന്തിന് പാടെ അകറ്റിനിര്‍ത്തണം? അവരുടെ ആഗോള ദേശീയ കാഴ്ചപ്പാടുകള്‍ മുസ്‌ലിം സമുദായവുമായി ചേര്‍ന്നു പോകുന്നതാണ്. സാമ്രാജ്യത്വ വിരുദ്ധത, ഇസ്രയേലിനെതിരെയുള്ള സമീപനം തുടങ്ങിയ ആഗോള വിഷയങ്ങളും ഫാഷിസം, ബാബരി, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, മഅ്ദനി തുടങ്ങിയ ദേശീയ വിഷയങ്ങളും ഉദാഹരണം. എന്നാല്‍, മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് ചില വിഡ്ഢിത്തങ്ങളും സംഭവിക്കാറുണ്ട്. അതിനെ എം.ഇ.എസ് പിന്തുണക്കാറുമില്ല.

എം.ഇ.എസ്സിന് ഒരു അഖിലേന്ത്യാ ബോഡിയുണ്ടല്ലോ. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു ബോഡി മാത്രമാണത്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയോ നടത്തുകയോ ചെയ്യുക അതിന്റെ ലക്ഷ്യമല്ല. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഒരു അഖിലേന്ത്യാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാറുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം കോണ്‍ഫറന്‍സുകള്‍ അവിടങ്ങളിലെ വിദ്യാഭ്യാസ ചലനത്തിന് പ്രചോദനമാവാറുണ്ട്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലായിരുന്നു കോണ്‍ഫറന്‍സ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജസ്ഥാന്‍ ഗവണ്‍മെന്റ്  മുസ്‌ലിംകള്‍ക്ക് ഒരു യൂനിവേഴ്‌സിറ്റി ഉണ്ടാക്കാന്‍ തീരുമാനിക്കുകയും എം.ഇ.എസ്സിന്റെ ഉപദേശം തേടുകയും ചെയ്തിരുന്നു. മുമ്പ് ഹൈദരാബാദില്‍ നടന്ന കോണ്‍ഫറന്‍സിന് ശേഷമാണ് ഡക്കാന്‍ മെഡിക്കല്‍ കോളേജ് വന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എം.ഇ.എസ്സിന്റെ കേരള മോഡല്‍ പഠിക്കാന്‍ സംഘങ്ങള്‍ വരാറുണ്ട്. ഇങ്ങനെ അഖിലേന്ത്യാ ബോഡിയുടെ കീഴില്‍ പത്തോളം കോണ്‍ഫറന്‍സുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്.

എം.ഇ.എസ്സിന്റെ സംഘടനാ സംവിധാനവും, സ്ഥാപനങ്ങളെ അത് നിയന്ത്രിക്കുന്ന രീതിയുമെങ്ങനെയാണ്? എം.ഇ.എസ്സിന്റെ യുവജന, വനിതാ വിംഗുകള്‍ സജീവമാണോ?

തീര്‍ത്തും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എം.ഇ.എസ്. ആയിരം രൂപ നല്‍കി ഏതൊരു മുസ്‌ലിമിനും എം.ഇ.എസ്സില്‍ മെമ്പര്‍ഷിപ്പ് എടുക്കാം.സംഘടനാ വ്യത്യാസമില്ല. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും സംഘടനാ തെരഞ്ഞെടുപ്പ് നടത്തും. പ്രാദേശികം മുതല്‍ സെന്‍ട്രല്‍ കമ്മിറ്റി വരെയുള്ള ഭാരവാഹികളെ അതിലാണ് തെരഞ്ഞെടുക്കുക. ഓരോ തട്ടിലേക്കും മത്സരിക്കണമെങ്കില്‍ അതിന്റെ താഴെയുള്ള ഘടകത്തില്‍ മൂന്ന് വര്‍ഷം സേവനം ചെയ്യണം. ഉദാഹരണത്തിന് ജില്ലാതലത്തിലെ ഭാരവാഹിയായി മത്സരിക്കണമെങ്കില്‍ താലൂക്ക് തലത്തില്‍ മൂന്ന് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം. സെന്‍ട്രല്‍ കമ്മിറ്റിയാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുക. കോളേജുകളും സ്‌കൂളുകളുമടക്കം മുഴുവന്‍ സ്ഥാപനങ്ങളുടെയും പേരിലുള്ള സ്വത്തുക്കളുടെ നിയന്ത്രണം ജനറല്‍ സെക്രട്ടറിക്കായിരിക്കും. സെന്‍ട്രല്‍ കമ്മിറ്റിയാണ് ഓരോ സ്ഥാപനവും നടത്താനുള്ള മാനേജര്‍മാരെയും സെക്രട്ടറിമാരെയും നിയമിക്കുന്നത്.

എം.ഇ.എസ്സിന് യുവജന വിഭാഗവും വനിതാ വിംഗുമുണ്ട്. ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി യുവജന വിഭാഗം കേരള സന്ദേശ യാത്ര നടത്തിയിരുന്നു. വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും പി.എസ്.സി മാര്‍ച്ചുമെല്ലാം നടത്താറുണ്ട്. മദ്യത്തിനും ലഹരിക്കുമെതിരെയുള്ള കാമ്പയിനുകളിലും അവര്‍ സജീവമാണ്. വനിതാ വിംഗ് കുറച്ചുകാലമായി നിര്‍ജീവമാണ്.

കേരളത്തിലെ മത സംഘടനകളെല്ലാം അവരുടെ വിദ്യാഭ്യാസ, സേവന പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്ക് വ്യാപിച്ചിട്ടുണ്ട്. എം.ഇ.എസ്സിന് ഒരുപാട് സേവനങ്ങള്‍ ഉത്തരേന്ത്യയില്‍ നിര്‍വഹിക്കാന്‍ കഴിയില്ലേ?

എം.ഇ.എസ്സിന് അവിടെ പ്രവര്‍ത്തകരില്ല. അതിനാല്‍ പൂര്‍ണ ഉത്തരവാദിത്തത്തില്‍ സ്ഥാപനങ്ങളുണ്ടാക്കാനോ അത് നടത്തിക്കൊണ്ടുപോകാനോ സാധ്യവുമല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള വിഷന്‍ 2016 -മായി സഹകരിച്ച് ചില പദ്ധതികള്‍ നടപ്പാക്കാനാണ് ഈ രംഗത്ത് എം.ഇ.എസ് ഉദ്ദേശിക്കുന്നത്. കല്‍ക്കത്തയില്‍ ഈയിടെ ഉദ്ഘാടനം ചെയ്ത ഹോസ്പിറ്റല്‍  ആദ്യ സംരംഭമാണ്. മൂന്നു മാസം കൂടുമ്പോള്‍ അവിടെ മെഡിക്കല്‍ ക്യാമ്പ് നടത്തി സര്‍ജറി പോലുള്ള മേജര്‍ ചികിത്സകള്‍ ആവശ്യമുള്ളവരെ കേരളത്തിലെ എം.ഇ.എസ് ഹോസ്പിറ്റലില്‍ കൊണ്ടുവന്ന് സൗജന്യ ചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതുപോലെ വിഷന്‍ 2016-മായി ചേര്‍ന്ന് മറ്റൊരു പ്രോജക്ട് ബിഹാറില്‍ തുടങ്ങുന്നുണ്ട്. അവ വിജയിക്കുകയാണെങ്കില്‍ ആ രംഗത്ത് വിഷന്‍ 2016-മായി ചേര്‍ന്ന് ഇനിയും പുതിയ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തില്‍ പ്രഫ. സിദ്ദീഖ് ഹസന്‍, ടി. ആരിഫലി തുടങ്ങിയ വിഷന്‍ 2016-ന് നേതൃത്വം നല്‍കുന്നവരുമായി എം.ഇ.എസ് ഔദ്യോഗിക കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് എന്തു മാറ്റങ്ങളാണ് എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്?

എം.ഇ.എസ് ഒരു സമുദായ നവോത്ഥാന സംഘടനയാണ്. ഇടക്കാലത്ത് അത് വിദ്യാഭ്യാസ ഏജന്‍സി മാത്രമായി ചുരുങ്ങിയിരുന്നു. ഇപ്പോള്‍ വീണ്ടും സാമുദായിക സംഘടനയായി അതിനെ സജീവമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. സമുദായവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും സജീവമായി ഇടപെടാന്‍ എം.ഇ.എസ് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായാണ് യത്തീംഖാന വിഷയത്തിലും വിവാഹ പ്രായ വിവാദത്തിലും സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും എം.ഇ.എസ് ഇടപെട്ടത്. സംവരണ വിഷയത്തിലെ മുഴുവന്‍ കേസും സുപ്രീംകോടതിയില്‍ നിയമപരമായി നേരിടുന്നത് എം.ഇ.എസ് ആണ്. ഈ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ചും പി.എസ്.സി മാര്‍ച്ചുമെല്ലാം എം.ഇ.എസ് സംഘടിപ്പിച്ചിരുന്നു. ജുഡീഷ്യല്‍ ആക്ടിവിസം പോലെ സേവന രംഗത്തും എം.ഇ.എസ് സജീവമാവുകയാണ്. വിഷന്‍ 2016-ന്റെ സേവന പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ക്യാമ്പുകളിലുമെല്ലാം എം.ഇ.എസ് പങ്കാളിയാണ്. ബോഡോ ലാന്റില്‍ വിഷന്‍ 2016-ന്റെ കീഴില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എന്റെ മകനടക്കം പങ്കെടുത്തിരുന്നു. സൂനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എം.ഇ.എസ്സിന്റെ സേവനങ്ങളുണ്ടായിരുന്നു.

സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഇതര മത സംഘടനകളില്‍ നിന്ന് ജമാഅത്തിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പരിപാടികളിലെ സാമൂഹിക ഉള്ളടക്കമാണ്. എം.ഇ.എസ്സിന്റെ പ്രവര്‍ത്തനശൈലിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനമുണ്ടോ?

സാമൂഹിക വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ജാതിമത വ്യത്യാസമില്ലാതെ  സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും പരിപാടികള്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. പ്ലാച്ചിമട മുതല്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ വരെ ജമാഅത്തിന്റെ ഇടപെടല്‍ മാതൃകാപരമാണ്. മുസ്‌ലിം വിഷയങ്ങളില്‍ മാത്രമല്ല, മൊത്തം സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലാണ് ജമാഅത്തിന്റെ ഈ ഇടപെടല്‍. ഇത്തരം അജണ്ടകള്‍ മുസ്‌ലിംകൂട്ടായ്മകള്‍ ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ജമാഅത്തിന്റെ വിപുലമായ സോഷ്യല്‍ ആക്ടിവിസം തന്നെയാണ് എം.ഇ.എസ്സിനും അത്തരം അജണ്ടകള്‍ ഏറ്റെടുക്കാനുള്ള പ്രചോദനം. രാഷ്ട്രീയപരമായ നിലപാടുകളില്‍ യോജിച്ചും വിയോജിച്ചും കൊണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ കേഡര്‍ സംവിധാനവുമായി സഹകരിച്ച് സമുദായ സേവന രംഗത്ത് സജീവമാകാന്‍ എം.ഇ.എസ് തയാറായതും അത്തരം പ്രവര്‍ത്തനങ്ങളോടുള്ള എം.ഇ.എസ്സിന്റെ താല്‍പര്യം കൊണ്ടാണ്. ജമാഅത്തിനെ മാതൃകയാക്കി സജീവവും സമര്‍പ്പിതരുമായ കേഡര്‍മാരെ ഉണ്ടാക്കാനാണ് എം.ഇ.എസ് ആഗ്രഹിക്കുന്നത്. നൂറിനടുത്ത് വരുന്ന എം.ഇ.എസ് സ്ഥാപനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പതിനായിരത്തോളം സ്റ്റാഫുകളുണ്ട്. അവരില്‍ നിന്ന് സജീവരായ കേഡര്‍ വര്‍ക്കേഴ്‌സിനെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് എം.ഇ.എസ് പ്രതീക്ഷിക്കുന്നത്.

എം.ഇ.എസ് പ്രസിഡന്റ് എന്ന നിലക്ക് താങ്കളുടെ ചില അഭിപ്രായങ്ങള്‍ വിവാദമാവാറുണ്ട്. പര്‍ദാ വിഷയമാണ് ഇതിലെ അവസാന ഉദാഹരണം. വിവാദം ഉണ്ടാക്കുന്നതോ, അതോ ഉണ്ടാവുന്നതോ?

ചിലതെല്ലാം മീഡിയ അറിഞ്ഞോ അറിയാതെയോ വിവാദമാക്കുന്നതാണ്. പര്‍ദാ വിഷയം ഉദാഹരണം. മുഖം മൂടുന്ന പര്‍ദ അഥവാ നിഖാബിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. പക്ഷേ, പത്രങ്ങളിലും ചാനലുകളിലും വന്നത് ഫസല്‍ ഗഫൂര്‍ പര്‍ദയെ വിമര്‍ശിച്ചുവെന്നാണ്. മീഡിയക്കാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എന്താണ് ഹിജാബ്? എന്താണ് പര്‍ദ? എന്താണ് നിഖാബ്? ഇവ തമ്മിലുള്ള വ്യത്യാസമെന്ത്? ഇവ മുസ്‌ലിംകളില്‍തന്നെ പലര്‍ക്കും അറിയില്ല. അപ്പോള്‍ മുഖം മൂടുന്ന പര്‍ദ അഥവാ നിഖാബ് എന്ന എന്റെ പരാമര്‍ശത്തെ പര്‍ദ എന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യുക സ്വഭാവികം.

കേരളത്തില്‍ രണ്ട് ലക്ഷത്തോളം മുസ്‌ലിം പെണ്‍കുട്ടികള്‍ മാന്യമായ വസ്ത്രം ധരിച്ച് മെഡിക്കലും എഞ്ചിനീയറിംഗുമടക്കമുള്ള ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് മറുഭാഗത്ത് ഒരു വിഭാഗം കൈയുറയും മുഖാവരണവുമെല്ലാം ധരിച്ചവര്‍ക്കേ സ്ഥാപനങ്ങളില്‍ പ്രവേശനമുള്ളൂവെന്ന് ശഠിക്കുന്നത്. ആ പിന്‍നടത്തത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. അല്ലെങ്കിലും എന്നു മുതലാണ് കേരളത്തില്‍ ഈ നിഖാബ് ധരിക്കാന്‍ തുടങ്ങിയത്? ഹിജാബ് പര്‍ദ മാത്രമായത്? ഇസ്‌ലാം കേരളത്തിലെത്തിയിട്ട് നൂറ്റാണ്ടുകളായി. ഇതിപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മാത്രം പ്രത്യക്ഷപ്പെട്ടതാണ്. ഈ വിഷയത്തില്‍ എം.ഇ.എസ് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത നവോത്ഥാന സംഘടനകളുടെ പ്രതിനിധികളെല്ലാം എന്റെ അഭിപ്രായത്തെ പിന്തുണക്കുകയാണുണ്ടായത്.

ബഷീര്‍ തൃപ്പനച്ചി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍