Prabodhanm Weekly

Pages

Search

2015 ജനുവരി 16

ചോദ്യോത്തരം

മുജീബ്

പര്‍ദയും നിഖാബും സ്ത്രീ വേഷവും

പര്‍ദയും ജീന്‍സും ഒരുപോലെ സ്ത്രീയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നതും അനാരോഗ്യകരവുമാണെന്നും കേരളത്തിലെ കാലാവസ്ഥക്ക് യോജിക്കുന്നതല്ലെന്നും ജീന്‍സിലൂടെയുള്ള പാശ്ചാത്യവത്കരണം പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് വസ്ത്രധാരണത്തിലെ അറബിവത്കരണവുമെന്ന നിലപാടാണ് എം.ഇ.എസ് സ്വീകരിക്കുന്നതെന്നും അതിന്റെ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കുന്നു (മംഗളം ദിനപത്രം 19-11-2014).

ഒരു വ്യക്തിയുടെ ദേഹത്ത് തുണികൂടുന്നത് കൊണ്ട് സംസ്‌കാരം കൂടുകയോ ശരീരത്തില്‍ തുണി കുറഞ്ഞാല്‍ സംസ്‌കാരം കുറയുകയോ ചെയ്യില്ലെന്നുണര്‍ത്തിയ അദ്ദേഹം മതസംഘടനകള്‍ ഈ വിഷയത്തില്‍ ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് മതേതരമായ സമൂഹം സൃഷ്ടിക്കുന്നിനാവശ്യമായ ആരോഗ്യകരമായ ചര്‍ച്ചക്ക് തയാറാവണമെന്നാണ് എം.ഇ.എസ്സിന്റെ ആവശ്യമെന്നും ഉണര്‍ത്തുകയുണ്ടായി. പ്രതികരണം?

ഉമ്മര്‍കോയ പി.വി, പന്നിയങ്കര, കോഴിക്കോട്

സ്ത്രധാരണം സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. പുരുഷനായാലും സ്ത്രീയായാലും മാന്യമായി വസ്ത്രധാരണം ചെയ്യുന്നവരാണ് സംസ്‌കാര സമ്പന്നര്‍ എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്. വേഷത്തില്‍ പ്രാദേശികമോ ആചാരപരമോ കാലാവസ്ഥാപരമോ ആയ വൈവിധ്യങ്ങള്‍ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പ്രകൃതി മതമായ ഇസ്‌ലാം ഈ വൈവിധ്യത്തില്‍ ഇടപെടുകയോ ഏകീകരണം നടപ്പാക്കുകയോ ചെയ്തിട്ടില്ല. അറബികളും പേര്‍ഷ്യക്കാരും തുര്‍ക്കികളും ഇന്ത്യക്കാരും ചൈനക്കാരും യൂറോപ്യരുമായ മുസ്‌ലിംകള്‍ക്ക് താന്താങ്ങളുടെ സാമ്പ്രദായികമോ ആചാരപരമോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഒരു വിരോധവും ഇസ്‌ലാമിലില്ല.

എന്നാല്‍, എല്ലാവര്‍ക്കും ബാധകമായ ചില ധാര്‍മിക നിയന്ത്രണങ്ങള്‍ സമ്പൂര്‍ണ ജീവിതവ്യവസ്ഥയായ ഇസ്‌ലാം വസ്ത്രധാരണത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാര്‍ പട്ട് വസ്ത്രം ധരിച്ചുകൂടാ, ഞെരിയാണിക്ക് താഴെ വസ്ത്രം ഇറക്കി ഉടുത്തുകൂടാ, സ്ത്രീവേഷം കെട്ടിക്കൂടാ മുതലായ ചട്ടങ്ങള്‍ ഉദാഹരണം. സ്ത്രീ വീട്ടിന് പുറത്ത് സഞ്ചരിക്കുമ്പോള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. ധരിക്കുന്നത് സല്‍വാര്‍-ഖമീസോ, സാരിയോ, പര്‍ദയോ പാന്റ്‌സും ഫുള്‍ ഷര്‍ട്ടുമോ എന്തുമാവാം. അതുപോലെ ഇറുകിയ വസ്ത്രങ്ങളും, ശരീരം പുറത്ത് കാണുന്ന നേരിയ വസ്ത്രങ്ങളും ധരിക്കുന്നത് ഇസ്‌ലാമിക മര്യാദയല്ല. പുരുഷന്മാരെ വശീകരിക്കുന്ന വിധത്തിലുള്ള വേഷവിധാനങ്ങള്‍ പാടില്ല എന്ന് ചുരുക്കം.

എന്നാല്‍, മുഖവും മുന്‍കൈയും കൂടി സ്ത്രീകള്‍ മറയ്ക്കണമെന്നത് ഇസ്‌ലാമിക നിയമമാണോ? 'സ്ത്രീകള്‍ അവരുടെ ശരീരഭംഗി പ്രദര്‍ശിപ്പിക്കരുത്, സ്വാഭാവികമായി വെളിപ്പെടുന്നതൊഴികെ' (അന്നൂര്‍ 31) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനമാണ് ഇവ്വിഷയകമായി വിവാദത്തിന്നാധാരം. മുഖവും മുന്‍കൈയുമാണ് 'സ്വാഭാവികമായി വെളിപ്പെടുന്നത്' എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്ന് സ്വഹാബികളില്‍ പ്രഗത്ഭ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, നബി(സ)യുടെ പത്‌നി ആഇശ മുതല്‍ പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്ഹബ് ആചാര്യന്മാരില്‍ ഇമാം അബൂഹനീഫ, ഇമാം മാലിക് എന്നിവരുടെ അഭിപ്രായങ്ങളും ഇതുതന്നെ. ഇമാം അഹ്മദ് ബ്‌നു ഹമ്പലിന്റെ ഒരഭിപ്രായ പ്രകാരം മുഖം മാത്രമാണ് പുറത്ത് കാട്ടാവുന്നത്. ചില ശാഫിഈ പണ്ഡിതന്മാര്‍ മുഖം പര്‍ദയില്‍ ഉള്‍പ്പെടുന്നതായി പറയുന്നു; അതായത് നിഖാബ് വേണമെന്ന്. എന്നാല്‍ മുഖം ഹിജാബില്‍ ഉള്‍പ്പെടില്ലെന്ന് പറയുന്നവരുടെ തെളിവുകള്‍ ഇവയാണ്:

നബി(സ) പെരുന്നാള്‍ ഖുത്വ്ബക്കു ശേഷം ബിലാലിനെയും കൂട്ടി സ്ത്രീകളുടെ അടുത്ത് ചെന്ന് ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവര്‍ ബിലാല്‍ നിവര്‍ത്തിക്കാട്ടിയ തുണിയില്‍ പണവും സാധനങ്ങളും കൊടുക്കുന്നത് ഞാന്‍ കണ്ടു എന്ന് ഇബ്‌നു അബ്ബാസ് പറയുന്നു. കൈ നീട്ടിക്കൊടുക്കുമ്പോള്‍ അത് പുറത്ത് കാണുമെന്നുറപ്പ്.

ഹജ്ജത്തുല്‍ വദാഇല്‍ നബി(സ) വാഹനപ്പുറത്ത് സഞ്ചരിക്കെ അതിസുന്ദരിയായ ഒരുസ്ത്രീ വന്ന് അദ്ദേഹത്തോട് എന്തോ സംശയങ്ങള്‍ ചോദിച്ചു. പിന്നില്‍ യാത്ര ചെയ്തിരുന്ന നബിയുടെ പിതൃവ്യസഹോദര പുത്രന്‍ ഫദ്ല്‍ അന്നേരം സ്ത്രീയെ നോക്കി. നബി അദ്ദേഹത്തിന്റെ മുഖം പിടിച്ചുതിരിച്ചു. വീണ്ടും ഫദ്ല്‍ നോട്ടം ആവര്‍ത്തിച്ചപ്പോള്‍ തിരുമേനി വീണ്ടും പിടിച്ചുതിരിച്ചു. അത് കണ്ട അബ്ബാസ് 'എന്തിനാണങ്ങനെ ചെയ്തതെ'ന്ന് ചോദിച്ചപ്പോള്‍ നബിയുടെ മറുപടി: ''പിശാച് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍ ഒരു യുവാവിനെയും യുവതിയെയും ഞാന്‍ കണ്ടത് കൊണ്ടാണങ്ങനെ ചെയ്തത്.'' യുവതി മുഖം മൂടിയിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാവുമായിരുന്നില്ല. മാത്രമല്ല നബി യുവതിയോട് മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടതുമില്ല. ഹിജാബ് സംബന്ധിച്ച ഖുര്‍ആന്‍ വചനം അവതരിച്ചു അഞ്ചു വര്‍ഷം കഴിഞ്ഞ ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.

പുരുഷന്മാരോട് കണ്ണുകള്‍ താഴ്ത്താന്‍ ഖുര്‍ആന്‍ നിര്‍ദേശിച്ചതു തന്നെ സ്ത്രീകള്‍ മുഖം തുറന്നിടുന്നതുകൊണ്ടാണ്. പിന്നെ കണ്ണുകള്‍ എന്തിന് താഴ്ത്തണം?

എന്നാല്‍ സൗന്ദര്യം ഏറ്റവും പ്രകടമാവുന്ന അവയവം മുഖം ആണെന്നിരിക്കെ അത് പുറത്ത് കാണിക്കാം എന്ന് പറയുന്നതിലെന്തര്‍ഥം എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം. ആളെ തിരിച്ചറിയാനും മറ്റാവശ്യങ്ങള്‍ക്കും മുഖം തുറന്നിടേണ്ടതിനാലാണ് അത് ഹിജാബില്‍ ഉള്‍പ്പെടുത്താതെ, പുരുഷന്മാര്‍ കണ്ണ് താഴ്ത്തുകയാണ് ചെയ്യേണ്ടതെന്ന് മാത്രം നിര്‍ദേശിച്ചതെന്നാണ് ഇതിനുള്ള മറുപടി ('ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ സമകാലിക മതവിധികള്‍' എന്ന സമാഹാരത്തെ അവലംബിച്ചാണ് ഇത്രയും ചുരുക്കി എഴുതിയത്). ആധുനിക പണ്ഡിതന്മാരില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുഖം മറയ്ക്കണമെന്ന പക്ഷത്ത് നില്‍ക്കുമ്പോള്‍ മുഹമ്മദുല്‍ ഗസ്സാലി, ഖറദാവി മുതല്‍ പേര്‍ മറുപക്ഷത്തും നില്‍ക്കുന്നു. കര്‍മശാസ്ത്രപരമായ മൗദൂദിയുടെ അഭിപ്രായങ്ങള്‍ പ്രസ്ഥാനത്തിന് ബാധകമല്ലാത്തതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ രണ്ട് അഭിപ്രായക്കാരും ഉണ്ട്. കേരളത്തില്‍ പൊതുവെ മുഖം തുറന്നിടാമെന്ന വീക്ഷണക്കാരാണ് സലഫി, സുന്നി, ജമാഅത്തെ ഇസ്‌ലാമി ചിന്താഗതിക്കാരിലധികവും. ഇത് ചര്‍ച്ചാ വിഷയമാവുന്ന പരിപാടികളില്‍ സ്വാഭിപ്രായം പറയാന്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനും അവകാശമുണ്ടെങ്കിലും അദ്ദേഹം അതൊരു കാമ്പയിന്‍ വിഷയമാക്കേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് ഡോ. ഗഫൂര്‍ മുമ്പ് മോഡേണ്‍ എയ്ജ് സൊസൈറ്റിയില്‍ അംഗമായപ്പോള്‍ ഉയര്‍ന്ന കോലാഹലങ്ങളും അദ്ദേഹം രാജി വെക്കേണ്ടിവന്നതും ലീഗ്-എം.ഇ.എസ് ബന്ധം വഷളായതുമൊക്കെ ഫസല്‍ ഗഫൂര്‍ അറിയാതിരിക്കാന്‍ വഴിയില്ല. ഒരനുഭവത്തില്‍ നിന്ന് പാഠം പഠിക്കുന്നതല്ലേ നല്ലത്? പര്‍ദ വെറും ഫാഷനാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ശരിയായി തോന്നുന്നുമില്ല. ഒരു പരാതിയിന്മേല്‍ ഡോ. ഫസല്‍ ഗഫൂറിനോട് വിശദീകരണം തേടിയ സംസഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനെ പിരിച്ചുവിടണമെന്ന് ചാടിക്കേറി ആവശ്യപ്പെടുന്ന അള്‍ട്രാ സെക്യുലരിസ്റ്റുകളുടെ രോദനത്തിന് ചെവി കൊടുക്കേണ്ടതുമല്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍