മതമല്ല, മാറേണ്ടത് മനസ്സ്
മതമല്ല, മാറേണ്ടത് മനസ്സ്
മാറേണ്ടത് മതമല്ല, മനസ്സാണെന്ന് ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര പ്രസിഡന്റ് തൗഫീഖ് അസ്‌ലം ഖാന്‍. 'ഇസ്‌ലാം എല്ലാവര്‍ക്കും' എന്ന തലക്കെട്ടില്‍ നടക്കുന്ന സംസ്ഥാന കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെയും ഖുര്‍ആനെയും മുഹമ്മദ് നബിയെയും പരിചയപ്പെടുത്തുന്ന മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മൗലാനാ മുഹമ്മദ് ജഅ്ഫര്‍ അധ്യക്ഷത വഹിച്ചു.
സൗഹാര്‍ദത്തിന്റെ വെളിച്ചം കെടാതിരിക്കാന്‍
മതങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ മതിലുകള്‍ തീര്‍ക്കുന്ന ധ്രുവീകരണത്തിന്റെ ഘര്‍ വാപസി കാലത്ത് സ്‌നേഹവും സൗഹാര്‍ദവും അറ്റുപോകാതിരിക്കാന്‍ ബോധപൂര്‍വകമായ ശ്രമങ്ങള്‍ വേണ്ടുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ഫാഷിസത്തിന് വിലങ്ങ് കെട്ടാന്‍ നന്മയുടെ പ്രചാരണമാണ് നടക്കേണ്ടതെന്നുണര്‍ത്തി മുംബൈ ശിവസേനാ നേതാവിന്റെ വിധവക്ക് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ സഹായം. കഴിഞ്ഞ ഒക്‌ടോബറില്‍ കൊല്ലപ്പെട്ട രമേശ് യാദവിന്റെ വിധവയ്ക്കാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സാമ്പത്തിക സഹായം നല്‍കിയത്. ''മതമോ ജാതിയോ നോക്കിയല്ല, വിശക്കുന്നവര്‍ക്ക് അന്നം കൊടുക്കാനാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. പ്രവാചകന്റെ അനുയായികളെന്ന നിലക്ക് അര്‍ഹരെ സഹായിക്കല്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.'' ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മാലട് യൂനിറ്റ് പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഇസ്മാഈല്‍ ഖാസിമി പറഞ്ഞു.
രാജാവിനേക്കാള്‍ വലിയ രാജഭക്തി
രാജാവിനേക്കാള്‍ വലിയ രാജഭക്തിയിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹിബത്തുല്ല. മുസ്‌ലിംകള്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്. മുംബൈയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുമ്പാകെ കേന്ദ്ര പോളിസി വിശദീകരിക്കുന്നതിനിടെയാണ് തന്റെ മുസ്‌ലിം സംവരണ വിരുദ്ധ നിലപാട് നജ്മ ഹിബത്തുല്ല ആവര്‍ത്തിച്ചത്. സംവരണത്തിന്റെ ഊന്നിന്‍മേല്‍ എത്രകാലം മുസ്‌ലിംകള്‍ ഇനിയും നടക്കുമെന്ന ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ ചോദ്യം പക്ഷേ, യാഥാര്‍ഥ്യങ്ങളോട് യോജിക്കുന്നില്ല. സച്ചാര്‍ കമീഷനും രംഗ്‌നാഥ് മിശ്ര കമീഷനുമെല്ലാം മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും സംവരണത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്.
മറാത്തികള്‍ക്ക് പതിനഞ്ച് ശതമാനം സംവരണം നല്‍കുകയും മുസ്‌ലിംകള്‍ക്ക് സംവരണമില്ലാതിരിക്കുകയും ചെയ്യുന്നതിലെ മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഇരട്ട നയങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ഒമ്പത് മുസ്‌ലിം എം.എല്‍.എമാരും രംഗത്തെത്തിയിട്ടുണ്ട്. 'സംവരണം എന്നത്, നല്‍കാന്‍ പാടില്ലാത്ത ഒന്നാണെന്ന് ന്യൂനപക്ഷ മന്ത്രിക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമാക്കുന്നതില്‍ എന്ത് നീതിയാണുള്ളത്?' നജ്മ ഹിബത്തുല്ല ഈയിടെ സംസാരിക്കുന്നത് സംഘ്പരിവാറിന്റെ ഭാഷയിലാണെന്നും മുസ്‌ലിം നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments