Prabodhanm Weekly

Pages

Search

2015 ജനുവരി 16

ഘര്‍ വാപസി കാലത്ത് ജനാധിപത്യത്തെ കാക്കാന്‍ <br> നമുക്ക് വേണ്ടേ കരുതലുകള്‍

കെ.ടി ഹുസൈന്‍ /കവര്‍സ്‌റ്റോറി

         ഒരു ജനാധിപത്യ സമൂഹത്തില്‍ മതപരിവര്‍ത്തനമെന്നത് വിവാദം പോയിട്ട് സംവാദം പോലും ആകാന്‍ പാടില്ലാത്തതാണ്. കാരണം, രാജ്യത്തിന്റെ ഭരണഘടനക്കകത്ത് നിന്നുകൊണ്ട് മതപരമോ അല്ലാത്തതോ ആയ ഏത് ആശയവും അഭിപ്രായവും തുറന്ന് പ്രകടിപ്പിക്കാനും അതിലേക്ക് ആളുകളെ ക്ഷണിക്കാനും ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതല്‍. നമ്മുടെ ഭരണഘടനാ നിര്‍മാണ വേളയില്‍ കെ.എം മുന്‍ഷിയെ പോലുള്ള ചില യാഥാസ്ഥിതികര്‍ മത പ്രചാരണ സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് വാദിച്ചു നോക്കിയെങ്കിലും ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ അതിനെ ചെറുത്തു തോല്‍പിച്ചത് മത പരിവര്‍ത്തന നിരോധം ജനാധിപത്യത്തിന്റെ തുറന്ന നിഷേധമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.

ജനാധിപത്യം പോകട്ടെ, ഏകാധിപത്യ സമൂഹത്തില്‍ പോലും മത പരിവര്‍ത്തന നിരോധം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ഉണ്ടായിരുന്നുവെങ്കില്‍ തന്നെ അത് ഫലപ്രദമായിരുന്നില്ല എന്ന കാര്യം തീര്‍ച്ചയാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ലോകത്ത് ഒരു മതവും പ്രചരിക്കുമായിരുന്നില്ലല്ലോ.

രണ്ടുതരം മതങ്ങളുണ്ട്. വംശീയ സ്വഭാവമുള്ളവയാണ് ഒന്ന്. തത്ത്വങ്ങളെക്കാളും അനുഷ്ഠാനങ്ങളെക്കാളും വംശ വിശുദ്ധിയാണ് അവയുടെ അടിത്തറ. അത്തരം മതങ്ങളില്‍ നിന്നാരെങ്കിലും പുറത്തുപോകുന്നതോ അതിലേക്ക് പുറത്തുനിന്നാരെങ്കിലും പ്രവേശിക്കുന്നതോ അവ ഇഷ്ടപ്പെടുകയില്ല. ജൂതമതവും ഹിന്ദുമതവും ഇത്തരത്തില്‍ വംശവിശുദ്ധി അടിത്തറയാക്കിയ പ്രബല മതങ്ങളാണ്. യൂറോപ്പില്‍ വമ്പിച്ച നാശം വിതച്ച സെമിറ്റിക് വിരുദ്ധതയുടെ അടിവേര് യഥാര്‍ഥത്തില്‍ ജൂതമതത്തിന്റെ ഈ വംശ വിശുദ്ധിയിലാണ്. മധ്യപൗരസ്ത്യദേശം ഇന്നും അതിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വമ്പിച്ച സാംസ്‌കാരിക മൂലധനമുണ്ടായിരുന്നിട്ടും ഇന്ത്യന്‍ സമൂഹത്തിന് നൂറ്റാണ്ടുകളോളം അടഞ്ഞ സമൂഹമായി, ലോകത്ത് നിന്നെല്ലാം ഒറ്റപ്പെട്ട് കഴിയേണ്ടിവന്നതിന്റെ കാരണവും ഈ വംശീയ അടിത്തറയല്ലാതെ മറ്റൊന്നുമല്ല. പിന്നീട് അകത്തു നിന്ന് ബുദ്ധമതവും പുറത്ത് നിന്ന് ക്രിസ്തു, ഇസ്‌ലാം മതങ്ങളും ഈ മതില്‍ക്കെട്ടിനെ ഭേദിച്ച് ഇവിടെ വമ്പിച്ച സാമൂഹിക നവോത്ഥാനം സൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കില്‍, കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും ഇന്ത്യക്ക് സ്വപ്നം പോലും കാണാന്‍ കഴിയുമായിരുന്നില്ല.

ചില ആദര്‍ശങ്ങളും മൂല്യങ്ങളും സ്വപ്നങ്ങളും മുന്നില്‍ വെച്ച് കൊണ്ട് വംശ വ്യത്യാസമില്ലാതെ അതിലേക്ക് മനുഷ്യരെ പ്രബോധനം ചെയ്യുന്ന മതങ്ങളാണ് രണ്ടാമത്തേത്. മിഷനറി മതങ്ങളെന്ന് വ്യവഹരിക്കപ്പെടുന്ന ഇത്തരം മതങ്ങളുടെ കൂട്ടത്തിലാണ് ബുദ്ധമതവും ക്രൈസ്തവ-ഇസ്‌ലാം മതങ്ങളും ഉള്‍പ്പെടുന്നത്. ഏതു കുലത്തില്‍ പിറന്നവനാണെങ്കിലും ഈ ലോകത്തോ പരലോകത്തോ സാക്ഷാത്കരിക്കാനാവുന്ന ചില സ്വപ്നങ്ങള്‍ മനുഷ്യനു നല്‍കാന്‍ കഴിയുന്നുവെന്നതാണ് ഈ മതങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യക്ക് അകത്തും പുറത്തും വമ്പിച്ച സാമൂഹിക നവോത്ഥാനം സൃഷ്ടിക്കാന്‍ ഈ മതങ്ങള്‍ക്ക് ശേഷി നല്‍കിയത് അവയുടെ ഈ സവിശേഷതയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള മതങ്ങളായി ക്രിസ്തുമതവും ഇസ്‌ലാമും ബുദ്ധ മതവും മാറിയതിന്റെ കാരണവും മറ്റൊന്നല്ല.

ജാതി വ്യവസ്ഥയുടെ കരാളത മൂലം നൂറ്റാണ്ടുകളോളം അടഞ്ഞ സമൂഹമായി നിലനിന്ന ഇന്ത്യയില്‍ ബുദ്ധ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങള്‍ സൃഷ്ടിച്ച വമ്പിച്ച സാമൂഹിക നവോത്ഥാനത്തെ ഭയപ്പെടുന്ന സംഘ്പരിവാര്‍ ശക്തികള്‍ മേല്‍ പറഞ്ഞ സാമൂഹിക നവോത്ഥാനത്തിന്റെ നേട്ടങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാക്കാനും തങ്ങളുടെ വംശീയ മേല്‍ക്കോയ്മ ഇന്ത്യന്‍ സമൂഹത്തില്‍ അടിച്ചേല്‍പിക്കാനും വേണ്ടി നടത്തുന്ന ആസൂത്രിതമായ പദ്ധതികളുടെ ഭാഗമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ഘര്‍വാപസി കാമ്പയിന്‍. ഇതിനകം പലരും വ്യക്തമാക്കിയ പോലെ മതപരിവര്‍ത്തനത്തിനെതിരായ പൊതുബോധം ഇതിലൂടെ സൃഷ്ടിക്കാനായാല്‍ പാര്‍ലമെന്റില്‍ യാതൊരു എതിര്‍പ്പും കൂടാതെ മത പരിവര്‍ത്തന നിരോധ ബില്‍ കൊണ്ടുവരാനാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

ഇപ്പോള്‍ ഘര്‍ വാപസി കാമ്പയിന്‍ സംഘടിപ്പിക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ മുന്‍ഗാമികളാണ് സ്വാതന്ത്ര്യ സമരത്തിന്റെ അവസാന നാളുകളില്‍ സമാനമായ ലക്ഷ്യത്തിനു വേണ്ടി ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത്. ഈ രണ്ട് സംജ്ഞകളിലും തല്‍പര കക്ഷികളുടെ വംശവിശുദ്ധി എന്ന പ്രത്യയശാസ്ത്ര അടിത്തറ തെളിഞ്ഞു കാണാം. ഒരു ആദര്‍ശത്തിലേക്കോ വിശ്വാസ സംഹിതയിലേക്കോ സ്വപ്നത്തിലേക്കോ അല്ല അവരെ മടക്കി വിളിക്കുകയോ ശുദ്ധി ചെയ്‌തെടുക്കുകയോ ചെയ്യുന്നത്. മറിച്ച് കുലത്തിലേക്കാണ്; അതായത് ഠാക്കൂര്‍ ജാതിയില്‍ നിന്ന് മതം മാറിയവനെ വീണ്ടും ഠാക്കൂര്‍ ജാതിയിലേക്കും ദലിതുകളില്‍ നിന്ന് മതം മാറിയവനെ വീണ്ടും ദലിത് ജാതികളിലേക്കും. ഇങ്ങനെ പഴയ വീട്ടില്‍ തിരിച്ചെത്തിയ ഠാക്കൂര്‍ ഒരിക്കലും തന്നെപ്പോലെ പഴയ വീട്ടില്‍ തിരിച്ചെത്തിയ ദലിതനെ തനിക്ക് തുല്യനായി പരിഗണിക്കുകയില്ല. അങ്ങനെ പരിഗണിക്കണമെന്ന് അവരെ തിരിച്ചെത്തിക്കാന്‍ കാമ്പയിന്‍ നടത്തുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഉദ്ദേശ്യവുമല്ല.  മതപരിവര്‍ത്തനം ഇന്ത്യയുടെയും കേരളത്തിന്റെയും ഗതഗാല ചരിത്രത്തില്‍ വമ്പിച്ച സാമൂഹിക നവോത്ഥാനമായി മാറിയത് അത് മനുഷ്യര്‍ തമ്മിലുള്ള വേര്‍തിരിവിനെയും വിവേചനത്തെയും അപ്രസക്തമാക്കി എന്നതുകൊണ്ടാണ്. 

എത്രയും ദൂരെ പോയി നില്‍ക്കേണ്ടൊരേഴച്ചെറുമന്‍
പോയി തൊപ്പിയിട്ടാല്‍ ചിത്തം അവനെത്തി ചാരത്തിലിരുന്നിടാം
ചെറ്റും പേടിക്കേണ്ട തമ്പുരാനെ 

എന്ന് നവോത്ഥാന കവി കുമാരനാശാനെക്കൊണ്ട് പാടിച്ചത് മതപരിവര്‍ത്തനം നമ്മുടെ കൊച്ചുകേരളത്തില്‍ സൃഷ്ടിച്ച സാമൂഹിക നവോത്ഥാനത്തിന്റെ പ്രഹര ശേഷിയാണ്.

സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയാവുന്ന ഇത്തരം മതപരിവര്‍ത്തനത്തെ തടഞ്ഞ് വംശവിശുദ്ധി നിലനിര്‍ത്താനായി ആരംഭിച്ച ഘര്‍ വാപസിയില്‍ ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് സംഘ്പരിവാര്‍ ഇത്രകാലമത്രയും നടത്തിക്കൊണ്ടിരുന്ന ഒരു പ്രചാരണത്തെ അവര്‍ തന്നെ സ്വയം റദ്ദ് ചെയ്യുന്ന വിരോധാഭാസം കൂടി തെളിഞ്ഞുകാണുന്നുണ്ട്. അതെന്തെന്നാല്‍ മുസ്‌ലിംകളെ അപഹസിക്കാനും അപരവത്കരിക്കാനും വേണ്ടി അവരെ 'ബാബര്‍കി ഔലാദ്' (ബാബറിന്റെ മക്കള്‍) എന്നാണല്ലോ പതിവായി വിളിച്ചിരുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശീയമായി ഇന്ത്യക്കാരല്ലെന്നും മുസ്‌ലിം ഭരണകാലത്ത് അഫ്ഗാനില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ കുടിയേറിയവരുടെ പിന്‍മുറക്കാരാണെന്നും ധ്വനിപ്പിക്കുകയായിരുന്നു അവരിതിലൂടെ. എന്നാല്‍, ഇപ്പോഴവരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശീയമായും ദേശീയമായും ഇന്ത്യക്കാര്‍ തന്നെയാണെന്ന് സമ്മതിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തിരിക്കുന്നത്. ഏതായാലും മുസ്‌ലിംകളുടെ വംശീയവും ദേശീയവുമായ സ്വത്വത്തിനെതിരെ 'ബാബര്‍കി ഔലാദ്' പോലെയുള്ള വെല്ലുവിളികള്‍ ഇനിയും സംഘ്പരിവാര്‍ ശക്തികളില്‍നിന്ന് ഉണ്ടാവുകയില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം. 

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അതീവ ജാഗ്രതയോടെ എന്നാല്‍ സംയമനം ഒട്ടും കൈവിടാതെ നേരിടേണ്ട ശക്തമായ വെല്ലുവിളി തന്നെയാണ് സംഘ്പരിവാറിന്റെ ഈ പുതിയ നീക്കം എന്ന കാര്യത്തില്‍ സംശയമില്ല. സാമ്പത്തികമായും സാമൂഹികമായും ഇപ്പോഴും ഇന്ത്യന്‍ മുസ്‌ലിംകള്‍ ഏറെ പിന്നാക്കമാണെന്നത് മാത്രമല്ല, ഘര്‍വാപസി കാമ്പയിന് ഫാഷിസ്റ്റ് സ്വഭാവം ഇതിനകം പ്രകടമാക്കിയ ഒരു ഭരണത്തിന്റെ ശക്തമായ പിന്‍ബലമുണ്ടെന്നത് കൂടി ഈ വെല്ലുവിളിയുടെ ശക്തി വര്‍ധിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍, ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആദ്യത്തേതല്ലെന്നും ഇതിലും പിന്നാക്കമായിരുന്ന അവസ്ഥയില്‍ അവര്‍ അതിനെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്നുമുള്ള ചരിത്ര പാഠം നമുക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.

1920-കളില്‍ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്ന് ഹിന്ദു-മുസ്‌ലിം വൈരം കത്തിനിന്ന നാളുകളില്‍ ആര്യസമാജക്കാര്‍ ശുദ്ധിപ്രസ്ഥാനം ആരംഭിച്ചപ്പോഴും, 1947-ല്‍ ഇന്ത്യാ വിഭജനത്തിനു തൊട്ടുടനെയുമാണ് ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇതിന് മുമ്പ് കൂട്ട മതപരിവര്‍ത്തനമെന്ന വെല്ലുവിളി മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍.

സ്വാഭാവികമായും രണ്ട് രീതിയിലാണ് അന്ന് മുസ്‌ലിം സമൂഹം അതിനോട് പ്രതികരിച്ചത്. ചെറിയൊരു വിഭാഗം എന്നുമെന്ന പോലെ അന്നും അതിനോട് അതിവൈകാരികമായി പ്രതികരിച്ചു. സുചിന്തിതമായ അജണ്ടകളോ കര്‍മപദ്ധതികളോ ഇല്ലാതെ വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുകയാണ് ഈ വൈകാരിക പ്രതികരണത്തിന്റെ രീതി. കൂട്ട മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ശുദ്ധിപ്രസ്ഥാന നേതാവ് സ്വാമി ശ്രദ്ധാനന്ദന്‍  കൊലചെയ്യപ്പെട്ടത് ഈ വൈകാരിക പ്രതികരണത്തിന്റെ പാരമ്യതയിലാണ്. ശുദ്ധിപ്രസ്ഥാനത്തിന്റെ വര്‍ഗീയ അജണ്ടകളില്‍ നിന്ന് മുസ്‌ലിംകളുടെ അസഹിഷ്ണുതകളിലേക്ക് ചര്‍ച്ചയെ വഴിമാറ്റാനും ഇസ്‌ലാമും മുസ്‌ലിംകളും വമ്പിച്ച രീതിയില്‍ ആക്ഷേപിക്കപ്പെടാനും ഈ വൈകാരിക പ്രതികരണം കാരണമായിത്തീരുകയും ചെയ്തു. മുസ്‌ലിംകളുടെ ബന്ധുവെന്ന് ഏതു നിലക്കും പറയാവുന്ന മഹാത്മാഗാന്ധി പോലും തല്‍പര കക്ഷികളുടെ വിദ്വേഷ പ്രചാരണത്തില്‍ വീണുപോയി ഇസ്‌ലാമിലെ ജിഹാദിനെതിരെ മോശമായ ചില പരാമര്‍ശങ്ങള്‍ അന്ന് നടത്തുയുണ്ടായി. 

എന്നാല്‍ ഈ വൈകാരിക പ്രതികരണത്തിലോ അതിനെ ആയുധമാക്കി തല്‍പരകക്ഷികള്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിലോ വീണുപോകാതെ മുസ്‌ലിംകളുടെ യഥാര്‍ഥ നിലയും ദൗത്യവും വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അതിജീവനത്തിന് സുചിന്തിതമായ ചില അജണ്ടകള്‍ മുന്നോട്ടുവെക്കപ്പെട്ടതായിരുന്നു ശുദ്ധിപ്രസ്ഥാനത്തിന്റെ കൂട്ട മതപരിവര്‍ത്തനം സമുദായത്തിലുണ്ടാക്കിയ ക്രിയാത്മകവും ദൂരവ്യാപകവുമായ മറ്റൊരു പ്രതികരണം. അക്കാലത്തെ ഏറ്റവും വലിയ മുസ്‌ലിം പണ്ഡിത സംഘടനയായിരുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായിരുന്ന അല്‍ ജംഇയ്യത്തില്‍ ഇസ്‌ലാം കീ സര്‍ചിശ്‌മേ ഖുവ്വത്ത് (ഇസ്‌ലാമില്‍ ശക്തിയുടെ ഉറവിടം), 'അല്‍ ജിഹാദ് ഫില്‍ ഇസ്‌ലാം' എന്നീ രണ്ട് ലേഖന പരമ്പരകളിലൂടെ അന്ന് ചെറുപ്പക്കാരനായിരുന്ന സയ്യിദ് മൗദൂദിയാണ് പ്രസ്തുത അജണ്ടകള്‍ മുന്നോട്ടുവെച്ചത്. ഏതാണ്ട് ഇതിനോട് തൊട്ടടുത്ത കാലത്ത് രിദ്ദത്തുന്‍ വലാ അബാബക്‌രിന്‍ ലഹാ (മതപരിത്യാഗം ഉണ്ട്. പക്ഷേ അബൂബക്ര്‍ ഇല്ല) എന്ന ശീര്‍ഷകത്തില്‍ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി കുറെക്കൂടി കാല്‍പനികമായ ശൈലിയില്‍ മുന്നോട്ടുവെച്ച ആശയവും സയ്യിദ് മൗദൂദി മുന്നോട്ടുവെച്ച അജണ്ടക്ക് ശക്തിപകരുന്നതായിരുന്നു. ഇന്ന് ഇന്ത്യയില്‍ എല്ലായിടത്തും വേരുകളുള്ള തബ്‌ലീഗ് ജമാഅത്തും ജമാഅത്തെ ഇസ്‌ലാമിയും ഈ അജണ്ടകളെ വ്യത്യസ്തമായ രീതിയില്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുകയും കൂട്ട മതപരിവര്‍ത്തനമെന്ന വിപത്തില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കുന്നതില്‍ വിജയം വരിക്കുകയും ചെയ്ത പ്രസ്ഥാനങ്ങളാണ്.

വിഭജനത്തിന് തൊട്ടുടനെ താന്‍ ലഖ്‌നൗവില്‍ നിന്ന് പുരാതന ദല്‍ഹിയിലെ മുസ്‌ലിം കോളനികളിലൊന്നില്‍ കുടിയേറുമ്പോള്‍ അവിടെ ധാരാളം പള്ളികള്‍ ഉണ്ടായിരുന്നുവെങ്കിലും നമസ്‌കരിക്കാന്‍ ഒരാളെ പോലും കണ്ടിരുന്നില്ല എന്നും, എന്നാല്‍ ഇപ്പോള്‍ ആ പള്ളികളെല്ലാം ജനനിബിഡങ്ങളാണെന്നും ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട India's Muslim Spring Why is Nobody Talking About it എന്ന ഗ്രന്ഥത്തില്‍ ഇടതുപക്ഷ എഴുത്തുകാരനായ ഹസന്‍ സൂറൂര്‍ എഴുതിയത്, വിഭജനാനന്തര നാളുകളില്‍ ആര്‍ക്കും കൂട്ട മതപരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുംവിധം സാംസ്‌കാരികമായി അന്യവത്കരിക്കപ്പെട്ടുപോയിരുന്ന മുസ്‌ലിം സമുദായത്തില്‍ ഈ സംഘടനകള്‍ നടത്തിയ ചിട്ടയായ ബോധവത്കരണത്തിന്റെ വിജയത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

അതുപോലെ 1947-ല്‍ രാജ്യം വിഭജിക്കപ്പെട്ടതോടെ അതുവരെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മുസ്‌ലിം സംഘടനകളും താല്‍ക്കാലികമായി അവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചപ്പോള്‍, 1948-ല്‍ തന്നെ പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കാണിച്ച ധൈര്യവും അക്കാലത്തെ മതപരിവര്‍ത്തന പ്രവണതയെ തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1951-ല്‍ റാംപൂരില്‍ നടന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ഈ വിഷയത്തില്‍ എടുത്തുപറയേണ്ടതാണ്. വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിച്ച പാവപ്പെട്ട മുസ്‌ലിംകളുടെ മുമ്പില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ മതപരിവര്‍ത്തനത്തിന് സന്നദ്ധമായി ഇന്ത്യയില്‍ തന്നെ തുടരുക; അല്ലെങ്കില്‍ പാകിസ്താനിലേക്ക് കുടിയേറുക. ഈ രണ്ട് പ്രവണതകളും ഇന്ത്യയില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഭാവി അപകടപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ നെഞ്ചേറ്റിക്കൊണ്ടുതന്നെ ഇന്ത്യയില്‍ തന്നെ തുടരാന്‍ ആത്മവിശ്വാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഭീതിദമായ സാഹചര്യമുണ്ടായിട്ടും രാംപൂരില്‍ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഒരു മുസ്‌ലിം സംഘടന നടത്തുന്ന ആദ്യത്തെ സമ്മേളനമായിരുന്നു അത്. അക്കാലത്ത് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വി പാര്‍ട്ടി മുഖപത്രമായ സിന്ദഗിയില്‍ എഴുതിയ മുഖപ്രസംഗങ്ങളുടെയെല്ലാം പ്രധാന ഊന്നല്‍ മതപരിവര്‍ത്തനവും പാകിസ്താനിലേക്കുള്ള മുസ്‌ലിംകളുടെ കുടിയേറ്റവുമായിരുന്നു. മതപരിവര്‍ത്തനം നടത്താതെയും  പാകിസ്താനിലേക്ക് കുടിയേറാതെയും മുസ്‌ലിമായിക്കൊണ്ടുതന്നെ ഇന്ത്യയില്‍ തന്നെ തുടരാന്‍ പ്രസ്തുത ലേഖനങ്ങള്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. ഈ ലേഖനങ്ങളും രാംപൂര്‍ സമ്മേളനവും ഇന്ത്യന്‍ മുസ്‌ലിംകളില്‍ വമ്പിച്ച ആത്മവിശ്വാസം ഉണ്ടാക്കി എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ഇപ്രകാരം വിഭജനവും ബാബരി മസ്ജിദിന്റെ രക്തസാക്ഷിത്വവും ഗുജറാത്ത് വംശഹത്യയുമൊക്കെ ഏതോ രീതിയില്‍ അതിജീവിച്ച ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇപ്പോഴത്തെ ഘര്‍ വാപസിയെയും തീര്‍ച്ചയായും അതിജീവിക്കാന്‍ സാധിക്കും. പള്ളികള്‍ മാത്രമല്ല മുസ്‌ലിംകള്‍ കൈയടക്കിയിരിക്കുന്നത്. മറിച്ച് തൊഴില്‍ശാലകളിലും ബഹുരാഷ്ട്ര കമ്പനികളിലും സര്‍വകലാശാലകളിലുമെല്ലാം താടിയും തട്ടവുമുള്ള ആത്മവിശ്വാസമുള്ള മുസ്‌ലിം യുവതീ യുവാക്കള്‍ ഇന്ന് ഏറെ സജീവമാണെന്ന് മേല്‍ പുസ്തകത്തില്‍ ഹസന്‍ സുറൂര്‍ എഴുതുന്നത് ബാബരിയെയും ഗുജറാത്തിനെയും ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവിച്ചു എന്നതിനുള്ള സാക്ഷ്യമാണ്. 

അതിനാല്‍ ഘര്‍വാപസിയെന്ന ഇപ്പോഴത്തെ വെല്ലുവിളി അതിജീവിക്കാന്‍ ഒച്ചപ്പാടുകള്‍ക്കും വികാരപ്രകടനങ്ങള്‍ക്കും പകരം മുസ്‌ലിംകളുടെ സര്‍വതോമുഖമായ ശാക്തീകരണം ലക്ഷ്യമാക്കിയ പ്രവര്‍ത്തന പദ്ധതികളും അജണ്ടകളും ആശയങ്ങളും ആണ് രൂപപ്പെടേണ്ടത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തിലുള്ള വിഷന്‍ 2016 തീര്‍ച്ചയായും ഇത്തരുണത്തില്‍ ഏറ്റവും പ്രസക്തമായ ഒരു ചുവടുവെപ്പാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ മാതൃകയാക്കിക്കൊണ്ട് കേരളത്തിലെ ചില മുസ്‌ലിം സംഘടനകളും എന്‍.ജി.ഒകളും ഉത്തരേന്ത്യയിലേക്ക് തങ്ങളുടെ സേവന പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് നല്ല കാര്യമാണ്. സംഘടനാ സങ്കുചിതത്വവും പക്ഷപാതിത്വവും ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള പരസ്പര വിദ്വേഷ പ്രചാരണത്തിന് വിനിയോഗിക്കുന്ന സമ്പത്തും സമയവും സാമൂഹിക പ്രവര്‍ത്തനമേഖലയിലുള്ള മത്സരത്തിന് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത് സമുദായത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും.

സമുദായത്തിന് ആശ്രയിക്കാവുന്നതും ആത്മവിശ്വാസം പകരുന്നതുമായ രാഷ്ട്രീയ മുന്നേറ്റവും കാലഘട്ടത്തിന്റെ തേട്ടമാണ്. ബാബരിയും ഗുജറാത്തും സൃഷ്ടിച്ച അസ്തിത്വ പ്രതിസന്ധിയും അരക്ഷിതാവസ്ഥയും സമുദായത്തിലുണ്ടാക്കിയ പുതിയ ഉണര്‍വുകളും തിരിച്ചറിവുകളും ഇത്തരം ഒരു രാഷ്ട്രീയ മുന്നേറ്റത്തെ സാധ്യമാക്കുന്നതും അതിന്  ഊര്‍ജം പകരുന്നവയുമാണ്. സയ്യിദ് മൗദൂദി വിഭജനത്തിന് തൊട്ടുമുമ്പ് നടത്തിയ മദ്രാസ് പ്രഭാഷണത്തില്‍ ദീര്‍ഘദര്‍ശനം ചെയ്തതുപോലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആന്തരിക അവസ്ഥകളെ പ്രയോജനപ്പെടുത്തിയായിരിക്കണം ഈ രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കേണ്ടത്.

സര്‍വോപരി, ഇസ്‌ലാമില്‍ ശക്തിയുടെ ഉറവിടം എന്ന കൃതിയില്‍ സയ്യിദ് മൗദൂദി എടുത്തുപറഞ്ഞ ഒരു പ്രധാന കാര്യമുണ്ട്. അത് ഇതാണ്: ഇന്ത്യയിലെ എല്ലാ വിഭാഗം മനുഷ്യര്‍ക്കും നീതിയും സമാധാനവും ക്ഷേമവും നല്‍കുന്ന ഒരു ദര്‍ശനത്തിന്റെയും ജീവിത വ്യവസ്ഥയുടെയും ഉടമകളാണ് മുസ്‌ലിംകള്‍. എന്നിട്ടും അവരെ മതം മാറ്റാന്‍ ഒരു വിഭാഗം ധൈര്യപ്പെടുന്നുവെങ്കില്‍ അതിന് ഒരേയൊരു കാരണമേയുള്ളൂ. അത് ആ ദര്‍ശനത്തെയും ജീവിതവ്യവസ്ഥയെയും സ്വന്തം ജീവിതത്തില്‍ മുറുകെപ്പിടിക്കുന്നതിലും, അതിന്റെ ആവശ്യക്കാരായ ഇന്ത്യയിലെ കോടിക്കണക്കായ മനുഷ്യരിലേക്ക് എത്തിക്കുന്നതിലും മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി പരാജയപ്പെട്ടതാണ്. മൗദൂദി 1920-കളില്‍ ചൂണ്ടിക്കാട്ടിയ ഈ പരാജയത്തില്‍ നിന്ന് പൂര്‍ണമായും കരകയറുക എന്നതായിരിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഘര്‍വാപസിയോടുള്ള മുസ്‌ലിംകളുടെ ഏറ്റവും നല്ല പ്രതികരണം. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /83, 84
എ.വൈ.ആര്‍