സീരിയല്‍ കൊണ്ട് മലിനമാകുന്നു <br>നമ്മുടെ വീടുകള്‍
ഏത് മതവിശ്വാസിയായിരുന്നാലും കേരളീയ കുടുംബങ്ങളിലെ സവിശേഷതയായിരുന്നു സന്ധ്യാസമയത്തെ പ്രാര്‍ഥനയും ദൈവസ്‌തോത്രവും മഹദ്ഗ്രന്ഥങ്ങളുടെ പാരായണവുമെല്ലാം; പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇന്ന് സീരിയല്‍ പരമ്പരകള്‍ തദ്സ്ഥാനം കൈയടക്കിക്കഴിഞ്ഞു. പല വീട്ടമ്മമാര്‍ക്കുമതൊരു ലഹരിയാണ്. പുരുഷന്മാര്‍ക്ക് മദ്യമാണ് ലഹരിയെങ്കില്‍ സ്ത്രീകള്‍ക്കത് സീരിയലുകളാണ്. പെണ്‍കുട്ടികളും വീട്ടമ്മമാരും മുത്തശ്ശിമാരും വരെ സീരിയല്‍ കഥാപാത്രങ്ങളുടെ ഭാവിയോര്‍ത്ത് ഉത്കണ്ഠപ്പെടുന്നവരും കഥാപാത്രങ്ങളുടെ വേദന കണ്ട് സങ്കടപ്പെടുന്നവരുമാണ്. സീരിയലുകളുടെ സമയമനുസരിച്ചാണ് വീടുകളിലെ ദൈനംദിന കാര്യങ്ങള്‍ ക്രമീകരിക്കുന്നത്; അടുക്കളപ്പണികള്‍ തീര്‍ക്കുന്നതും ഭക്ഷണം വെച്ച്‌വിളമ്പുന്നതും കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതുമെല്ലാം. ഹോം വര്‍ക്ക് ചെയ്യുന്ന കുട്ടികള്‍ക്ക് ഭക്ഷണം കിട്ടണമെങ്കില്‍ ടി.വിയില്‍ പരസ്യം വരണം എന്ന ഗതികേടിലാണ്.
പ്രേക്ഷകരുടെ മനസ്സ് മാറ്റാന്‍ ഏറ്റവും ശക്തിയുള്ള മാധ്യമം എന്ന നിലയില്‍ സീരിയലുകള്‍ എന്ത് സന്ദേശവും സ്വാധീനവുമാണ് നല്‍കുന്നതെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സീരിയല്‍ കഥകളും കഥാപാത്രങ്ങളും നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരില്‍ ദുഃസ്വാധീനം ചെലുത്തുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. പഴയ കോട്ടയം പൈങ്കിളി വാരികകളുടെ കാഴ്ചപ്പതിപ്പുകളാണിവ. പ്രേക്ഷക മനസ്സിന്റെ ചിന്തയെയും ബുദ്ധിയെയും കുറച്ചൊന്നുമല്ല ഇവ വികലമാക്കുന്നത്. സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തിയും തുലനം ചെയ്തും പലരും കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു. ജീവിത യാഥാര്‍ഥ്യങ്ങളെ തിരസ്‌കരിക്കുന്ന, ജൈവ ജീവിതവുമായി ബന്ധം നശിപ്പിക്കുന്ന കഥാപാത്രങ്ങളെ അനുകരിക്കുകയും യഥാര്‍ഥ ജീവിതത്തില്‍ അവര്‍ തങ്ങളുടെ പ്രതിനിധികളാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സീരിയല്‍ പറയുന്ന പരിഹാരങ്ങള്‍ അനുകരിക്കുന്നവര്‍ പോലുമുണ്ട്.
ജനപ്രിയവും അല്ലാത്തതുമായ ഭൂരിഭാഗം സീരിയലുകളിലും വെറുപ്പ്, അസൂയ, ഭയം, ആക്രമണം, ശത്രുസംഹാരം, ആഭിചാരം, വിദ്വേഷം, കളവ്, കൈക്കൂലി, ഛിദ്രത, പ്രതികാരം, അശ്ലീലത, അവിഹിതബന്ധം, അന്ധവിശ്വാസം, തട്ടിപ്പ്, ആര്‍ഭാടം തുടങ്ങിയ ക്ഷുദ്രവികാര കഥകള്‍ക്കാണ് മേല്‍ക്കൈ. ഇവ സമാസമം ചേരുവയാക്കുകയാണ് മിക്ക ചാനലുകളും.
സ്ത്രീ പ്രേക്ഷകരെയാണ് ചാനലുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതെങ്കിലും അവരെ മോശക്കാരായി ചിത്രീകരിക്കുന്നതാണ് ഉള്ളടക്കം. പല സീരിയലുകളുടെയും കഥകളുടെ ഇതിവൃത്തം തന്നെ വിവാഹേതര ബന്ധങ്ങളും ജാരസന്തതികളുടെ പ്രതികാരവും കുടുംബ കലഹവും തട്ടിപ്പും അന്ധവിശ്വാസവുമൊക്കെയാണ്. കുടുംബ ബന്ധങ്ങളുടെ പവിത്രത തന്നെ ശുദ്ധ അസംബന്ധമാണെന്ന് ജനപ്രിയ ചാനലുകള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. സാധാരണഗതിയില്‍ നമ്മുടെ വീട്ടില്‍ കാലുകുത്താനനുവദിക്കാത്ത ദുഃശക്തികളും കൊലപാതകികളും കുടിയന്മാരും അവിഹിതക്കാരും പ്രേതപിശാചുക്കളുമെല്ലാം രാവേറുവോളം ടി.വിയില്‍ നിറഞ്ഞാടുന്നു.
മാതാപിതാക്കളെ എങ്ങനെ ധിക്കരിക്കാം, ധാര്‍മിക സദാചാര നിയമ വിലക്കുകളെല്ലാം പഴഞ്ചനാണ്, പിടിക്കപ്പെടാതെ എങ്ങനെ കുറ്റകൃത്യങ്ങള്‍ ചെയ്യാം, കോടതിയോടും നിയമത്തോടും മതശാസനകളോടുമുള്ള പുഛവും അനാദരവും, രഹസ്യവിവാഹം കഴിച്ച് പണം തട്ടിപ്പുനടത്തി ജീവിക്കുന്നത്, രഹസ്യ പ്രേമത്തിലും ബന്ധങ്ങളിലും വിഹരിക്കുന്നതിലെ ത്രില്ല്, അമ്മായി അമ്മ-മരുമകള്‍ പോരുകള്‍, പ്രതിയോഗിയെ വിഷം കൊടുത്ത് കൊല്ലുന്നത്, മാതാപിതാക്കളെ തല്ലുന്നവര്‍-കൊല്ലുന്നവര്‍, ഭര്‍ത്താവിനെയോ ഭാര്യയെയോ കാമുകിയെയോ കാമുകനെയോ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുന്നത്... മലയാളം ചാനലുകളിലെ പൊതുവായ കഥകളുടെ ഇതിവൃത്തവും പാഠവുമാണിതൊക്കെ. അര്‍ധരാത്രിയോളം നീളുന്ന ഈ ചാനല്‍ കഥാപാത്രങ്ങളെ തന്നെയല്ലേ കേരളം ഇടക്കിടെ നേര്‍ക്കുനേരെ കണ്ടുമുട്ടുന്നതും? പല വീടുകളിലും നടക്കുന്ന അക്രമങ്ങളുടെയും അനാശാസ്യങ്ങളുടെയും അന്തര്‍ നാടകങ്ങള്‍ക്ക് പിന്നില്‍ ഇത്തരം സീരിയലുകളുടെ സ്വാധീനമില്ലേ?
മിക്ക സീരിയലുകളിലും സ്ത്രീകളാണ് മോശം കഥാപാത്രങ്ങള്‍. കുതന്ത്രങ്ങളുടെയും തട്ടിപ്പുകളുടെയും ആര്‍ഭാടത്തിന്റെയും രാജ്ഞിമാരായി ഇവരെ വാഴിക്കുമ്പോള്‍ സ്ത്രീ മനസ്സുകളെ അത് കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. മുമ്പില്ലാത്തവിധം സ്ത്രീ കുറ്റവാളികള്‍ സമൂഹത്തില്‍ കൂടി വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പ്രമാദമായ പല സ്ത്രീ പീഡന-വാണിഭ കേസുകളില്‍ പകുതിയോളം സ്ത്രീകളാണ് പ്രതികള്‍. അടുത്ത കാലത്ത് നടന്ന കുപ്രസിദ്ധ തട്ടിപ്പുകളിലും കൊലപാതകങ്ങളിലും സ്ത്രീകളും പ്രതികളാണ് എന്നത് നിസ്സാരമായി കാണേണ്ടതല്ല. സ്ത്രീ മനസ്സുകളെ വികലപ്പെടുത്തുന്നതില്‍ ചാനല്‍ കാഴ്ചകള്‍ വഹിക്കുന്ന പങ്കിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. രാവിന് നീളമേറും വരെ ടെലിവിഷന് മുന്നില്‍ ചടഞ്ഞിരിക്കുന്ന വീട്ടമ്മമാര്‍ക്കും മക്കള്‍ക്കും, കൊല്ലും കൊലയും സെക്‌സും വയലന്‍സും ഒരു പ്രശ്‌നമല്ലാതായി.
സീരിയല്‍ കഥകള്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നതായും ജീവിതവും സീരിയലും രണ്ടാണെന്ന് തിരിച്ചറിയാത്ത കാഴ്ചക്കാര്‍ ഇതിന്റെ ഇരകളാകുന്നതായും വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിനാ റഷീദ് ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. ടെലിവിഷന് മുമ്പില്‍ ധാരാളം സമയം ചെലവഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അതിനെക്കാള്‍ ഗുരുതരമാണ് അവ സൃഷ്ടിക്കുന്ന ധാര്‍മിക തകര്‍ച്ച.
Comments