Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ <br>മനുഷ്യനുവേണ്ടി ഒച്ചവെച്ചൊരാള്‍

ടി.കെ ഹുസൈന്‍ /കവര്‍‌സ്റ്റോറി

         ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമാണ് വി.ആര്‍. കൃഷ്ണയ്യര്‍. ഒരു ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് നീതിന്യായ വ്യവസ്ഥയുടെ കാവലാളായി മാറി. രണ്ടു രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകളും ഇടപെടലുകളും നമ്മുടെ മുമ്പിലുണ്ട്. മാധ്യമങ്ങളില്‍ അതെല്ലാം സവിസ്തരം ചര്‍ച്ചയായിട്ടുമുണ്ട്. കൃഷ്ണയ്യര്‍ അധ്യക്ഷനായ ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി(എഫ്.ഡി.സി.എ)യുടെ കേരള ചാപ്റ്ററിന്റെ സെക്രട്ടറിയെന്ന നിലക്ക് ഒട്ടേറെ പരിപാടികളിലും യാത്രകളിലും അദ്ദേഹത്തോടൊപ്പം പങ്കാളിയാവാന്‍ സാധിച്ചിട്ടുണ്ട്. സംഘടനാ സെക്രട്ടറിയെന്ന ബന്ധം പിന്നീട് വ്യക്തിപരമായ അടുപ്പത്തിലേക്കും കുടുംബ സൗഹൃദത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ വീടായ 'സദ്ഗമയ'യിലേക്ക് എപ്പോഴും കയറിച്ചെല്ലാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നു. ഇങ്ങനെ പല സന്ദര്‍ഭങ്ങളിലും ഉണ്ടായ അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അതില്‍ ഏറ്റവും ഉജ്ജ്വലമായത് സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും അദ്ദേഹം നടത്തിയ ധീരമാമയ ഇടപെടലുകളുടെ നേര്‍ചിത്രങ്ങളാണ്. 

സുപ്രീംകോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത് കൊച്ചിയിലെ സദ്ഗമയയില്‍ സ്ഥിരതാമസമാക്കിയതോടെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ജീവിതം മാറ്റിവെക്കുകയായിരുന്നു. ജുഡീഷ്യല്‍ ആക്ടിവിസത്തില്‍ സജീവമായിരുന്ന അദ്ദേഹം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെട്ടുതുടങ്ങി. അദ്ദേഹം ഇടപെടാത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളോ, അദ്ദേഹത്തിന്റെ ക്രിയാത്മക സാന്നിധ്യമില്ലാത്ത മനുഷ്യാവകാശ സംവിധാനങ്ങളോ, സംഘങ്ങളോ ഇല്ലെന്നുതന്നെ പറയാം. മനുഷ്യാവകാശം, പൗരാവകാശം, നിയമസഹായം, സമുദായ സൗഹാര്‍ദം, മനുഷ്യ സാഹോദര്യം, സമുദായ മൈത്രി-സമാധാന യാത്രകള്‍, കലാപ- സംഘര്‍ഷ പ്രദേശങ്ങളിലെ സന്ദര്‍ശനം, എല്ലാ മത സാമൂഹിക ദര്‍ശനങ്ങളുമായുള്ള ഇടപഴകല്‍, സാംസ്‌കാരിക സന്ദേശയാത്രകള്‍.... ഇങ്ങനെ എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ നിത്യ സാന്നിധ്യം കേരളത്തിന് അനുഗ്രഹമായി. പ്രായം തളര്‍ത്തിയ കാലത്തുപോലും അദ്ദേഹത്തിന്റെ വീടായ സദ്ഗമയയില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു താല്‍ക്കാലിക സംവിധാനം പ്രവര്‍ത്തിച്ചിരുന്നു. പുസ്തക പ്രകാശനം മുതല്‍ നിയമ ഇടപെടല്‍ വരെ പ്രസംഗിച്ചും എഴുതിയും ഇടപെട്ടും ഫോണില്‍ ബന്ധപ്പെട്ടും സദ്ഗമയ പൊതുജന തീരുമാനങ്ങളുടെ സെക്രട്ടേറിയേറ്റായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികം ജ്വലിച്ചുനിന്നു.

എവിടെ മനുഷ്യര്‍ക്കു വേണ്ടി ശബ്ദിക്കേണ്ടതുണ്ടോ അവിടങ്ങളിലെല്ലാം ആ ശബ്ദം പ്രതീക്ഷയുടെ തിരിനാളമായി. ജനാധിപത്യ, മതേതര ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു 'ലിവിങ് ലജന്റാ'യിരുന്നു. അഭിഭാഷകന്‍, നിയമജ്ഞന്‍, ഭരണാധികാരി, നീതിന്യായ നിയമ പണ്ഡിതന്‍, സാഹോദര്യത്തിന്റെ പ്രതീകം, സൗഹാര്‍ദത്തിന്റെ കാവലാള്‍, മനുഷ്യാവകാശ പോരാളി, പൗരാവകാശ സ്ഥാപകന്‍, മൗലികാവകാശത്തിന്റെ പ്രായോഗിക പ്രതീകം, ഭരണഘടനയുടെ സൂക്ഷിപ്പുകാരന്‍, സര്‍വോപരി സ്വാതന്ത്ര്യത്തിന്റെ പടവാള്‍. ഒരു പ്രത്യയശാസ്ത്രത്തിന്റെയും വക്താവായിരുന്നില്ല അദ്ദേഹം. ആര്‍ക്കും അദ്ദേഹത്തെ സ്വന്തമാക്കാന്‍ പറ്റില്ല; കാരണം അദ്ദേഹം മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും പൊതു സ്വത്താണ്. തന്റെ ജീവിതത്തിന്റെ സായംസന്ധ്യയില്‍ 'വികസന പുരുഷ'ന് അനുകൂലമായി അഭിപ്രായം പറയിപ്പിച്ച് തങ്ങളുടെ കൂടെ നിര്‍ത്താന്‍ ഒരു വിഭാഗം കോക്കസ് ലോബിയിങ്ങ് നടത്തിയിരുന്നു. 'കോതാണ്ഡയ്യര്‍' ഇന്ന് പ്രസ്താവനയിറക്കുന്നില്ല എന്ന് രണ്ടാം മാറാട് സംഭവവുമായി ബന്ധപ്പെട്ട്  ഇക്കൂട്ടര്‍ കൃഷ്ണയ്യര്‍ക്കെതിരെ ഒളിയമ്പ് എയ്തത് അവരുടെ മുഖപത്രത്തിന്റെ താളുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. മരണശേഷം അദ്ദേഹത്തെ തങ്ങളുടെ ആളാക്കാന്‍ ശ്രമിക്കുമ്പോള്‍ ആ പഴയ ഏടുകള്‍ അവരൊന്ന് മറിച്ചുനോക്കുന്നത് നന്നായിരിക്കും.

1992 മുതലാണ് സംഘടനാ ഭാരവാഹി എന്ന നിലക്ക് അദ്ദേഹവുമായി ഇടപെടാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ മതേതരത്വത്തിന്റെ കൊടിയടയാളമായ, ചരിത്രമുറങ്ങുന്ന ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ മതാന്ധരായ ഫാഷിസ്റ്റുകള്‍ തകര്‍ത്ത വര്‍ഷമായിരുന്നു അത്. ന്യൂനപക്ഷ സമൂഹത്തെ ആഴത്തില്‍ മുറിവേല്‍പിച്ച ആ കാളരാത്രികളില്‍ ഏറ്റവുമധികം വേദനിച്ചവരില്‍ ഒരാളായിരുന്നു സ്വാമി കൃഷ്ണയ്യര്‍. ഇന്ത്യയുടെ മതേതരത്വത്തിനു നേരെ കടുത്ത വെല്ലുവിളി ഉയര്‍ന്ന അത്യന്തം സ്‌ഫോടനാത്മകമായ സാമൂഹികാന്തരീക്ഷം. കടുത്ത വര്‍ഗീയ ധ്രുവീകരണം രാജ്യത്തിന്റെ സമാധാനാന്തരീക്ഷം കെടുത്തി. ജമാഅത്തെ ഇസ്‌ലാമി സന്ദര്‍ഭത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് മതനിരപേക്ഷതയോട് പ്രതിബദ്ധതയുള്ള സാമൂഹിക സാംസ്‌കാരിക നായകരെയും പത്രപ്രവര്‍ത്തകരെയും നിയമജ്ഞരെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് ജസ്റ്റിസ് വി.എം. താര്‍ക്കുണ്ഡേയുടെ അധ്യക്ഷതയില്‍, 1993-ല്‍ ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി എന്ന പൊതുവേദി രൂപീകരിച്ചു. 1994 മെയ് മാസത്തില്‍ ദേശീയ നേതാക്കളായ താര്‍ക്കുണ്ഡേ, ശഫീഅ് മൂനിസ്, സയ്യിദ് യൂസുഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നൂറോളം പ്രമുഖരടങ്ങുന്ന യോഗത്തില്‍ ദേശീയ കമ്മിറ്റിയിലെ അംഗമായ ജ. വി.ആര്‍ കൃഷ്ണയ്യരെ എഫ്.ഡി.സി.എയുടെ കേരളാ ചാപ്റ്റര്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. അന്നുമുതല്‍ അവസാന ശ്വാസംവരെ ജനാധിപത്യത്തിനും സമുദായ സൗഹാര്‍ദത്തിനുമായി രൂപീകരിച്ച ആ സംവിധാനത്തെ മനുഷ്യാവകാശ പോരാട്ടത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാതൃകാ വേദിയാക്കുന്നതില്‍ അദ്ദേഹം വലിയ സംഭാവനകള്‍ അര്‍പ്പിച്ചു. മാറാട് കലാപവേളയിലും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധിക്കപ്പെട്ടപ്പോഴും മലങ്കര സഭയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും സമാധാന ദൂതുമായി അദ്ദേഹം ഇറങ്ങിയപ്പോള്‍ അനുഗമിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു.

ഒന്നാം മാറാട് കലാപത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ പ്രതികാരപ്പകയില്‍, എട്ട് മനുഷ്യര്‍ കൊലചെയ്യപ്പെട്ട സന്ദര്‍ഭമായിരുന്നു രണ്ടാം മാറാട് കലാപം. സ്‌തോഭജനകമായ അന്തരീക്ഷം. കേന്ദ്ര മന്ത്രിമാര്‍, കേരള മുഖ്യമന്ത്രി എ.കെ ആന്റണി എന്നിവരുടെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം പുറത്തുനിന്നുള്ള എല്ലാവര്‍ക്കും മാറാട് സന്ദര്‍ശിക്കാന്‍  കര്‍ശനമായ വിലക്കുണ്ടായിരുന്നു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വരെ പ്രവേശനാനുമതി നിഷേധിച്ചതോര്‍ക്കുക. അപ്പോഴാണ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ ദൗത്യസംഘത്തിന് അവിടം സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്. പ്രമുഖ നയതന്ത്ര പ്രതിനിധി മൂര്‍ക്കോത്ത് രാമുണ്ണി, കെ. പാനൂര്‍, ഗാന്ധിയനായ ബാലന്‍, അഡ്വക്കറ്റുമാരായ മഞ്ചേരി സുന്ദര്‍രാജ്, പി.എ പൗരന്‍, കെ.എം തോമസ്, രാമകൃഷ്ണാശ്രമ മഠാധിപതി ഗോലോകാനന്ദ എന്നിവരൊക്കെ എഫ്.ഡി.സി.എയെ പ്രതിനിധീകരിക്കാന്‍ തയാറായിനിന്നു. വര്‍ഗീയ ചേരിതിരിവ് രൂക്ഷമായതിനാല്‍ മാറാട് യാത്രയില്‍ ഹുസൈന്‍ ചേരാതിരിക്കലാണ് നല്ലതെന്ന് കെ. പാനൂരും രാമുണ്ണിയുമെല്ലാം അഭിപ്രായപ്പെട്ടു. കൃഷ്ണയ്യര്‍ കരിപ്പൂരില്‍ വിമാനമിറങ്ങുന്നതോടെ അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാമെന്ന എന്റെ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു. കൃഷ്ണയ്യര്‍ എത്തിയ ഉടനെ പ്രശ്‌നം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ജനാധിപത്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളുന്ന എഫ്.ഡി.സി.എയുടെ ദൗത്യ സംഘത്തിന്റെ മുമ്പില്‍ ഹുസൈനെ നിര്‍ത്തിയാണ് നാം മാറാട് സന്ദര്‍ശിക്കേണ്ടത്. അതുകാരണം ആരെങ്കിലും തടഞ്ഞാല്‍ നാമെല്ലാവരും ഒരുമിച്ചു തിരിച്ചുപോരുമെന്ന് വി.ആര്‍ കൃഷ്ണയ്യര്‍ പ്രഖ്യാപിച്ചു. ധീരമായ ആ തീരുമാനം അംഗീകരിച്ചുള്ള സമാധാന യാത്ര അതുകാരണം പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതെ സഫലമാവുകയാണുണ്ടായത്.

രാഷ്ട്രീയ പകപോക്കലുകളുടെയും സംഘര്‍ഷങ്ങളുടെയും ഭൂമിയായിരുന്ന കണ്ണൂരിന്റെ കണ്ണീരൊപ്പാന്‍ നാല് തവണ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമാധാന സംഘം യാത്ര നടത്തിയിട്ടുണ്ട്. 1999 നവംബര്‍ 30-നു എറണാകുളത്തെ ബി.ടി.എച്ചില്‍ ഒമ്പത് നിര്‍ദേശങ്ങളുള്ള ധാരണാപത്രത്തില്‍ ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ ഒപ്പുവെക്കുകയുണ്ടായി. ദിവസങ്ങള്‍ പിന്നിട്ടില്ല, ഡിസംബറില്‍ തന്നെ യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്റെ കൊലപാതകം അറിയിച്ചുകൊണ്ട് കൃഷ്ണയ്യര്‍ എന്നെ വിളിച്ചു: ''എന്താണ് ഹേ! അറിഞ്ഞില്ലേ, 18 കുത്ത് കുത്തി ഒരു യുവ അധ്യാപകനെ ക്ലാസ്മുറിയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ ക്രൂരമായി കൊന്നിരിക്കുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ജന്മഭൂമി പത്ര ഓഫീസില്‍നിന്നും അഭിമുഖം ആവശ്യപ്പെട്ടിരിക്കുന്നു. നാം എന്ത് ചെയ്യും?'' ഒട്ടും വൈകാതെ 'സദ്ഗമയ'യില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ച് അദ്ദേഹം പ്രസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. വധശ്രമത്തില്‍ മനംനൊന്ത് കണ്ണീര്‍ പൊഴിക്കുന്ന സ്വാമിയുടെ ദുഃഖാര്‍ത്തമായ മുഖം അന്ന് ടി.വി ന്യൂസ് കണ്ട കേരള ജനത മറക്കാനിടയില്ല. വാര്‍ത്താ സമ്മേളനത്തില്‍ അവസാനിപ്പിക്കാതെ, ആ കാലയളവില്‍ കൊലചെയ്യപ്പെട്ട കൃഷ്ണന്‍നായര്‍, മനോജ്, പുളിഞ്ഞോളി ബാലന്‍ എന്നിവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ സംഘം പുറപ്പെട്ടു. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സംഘത്തെ കെ.ടി. ജയകൃഷ്ണന്‍ മാഷിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല. വീടിന്റെ ഗേറ്റ് പൂട്ടി പ്രവേശനം നിഷേധിക്കുകയായിരുന്നു. കൊല്ലപ്പെട്ട മറ്റുള്ളവരുടെ വീടുകള്‍ സന്ദര്‍ശിച്ച് സംഘം തിരിച്ചുപോരുകയാണുണ്ടായത്.

ക്രൈസ്തവ സമുദായത്തിലെ മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തില്‍ എത്തിയ സന്ദര്‍ഭം. രക്തച്ചൊരിച്ചില്‍ ഒഴിവാക്കി തര്‍ക്കപരിഹാരത്തിന് എഫ്.ഡി.സി.എ രംഗത്തിറങ്ങി. ഓര്‍ത്തഡോക്‌സ്, യാക്കോബൈറ്റസ് വിഭാഗങ്ങളിലെ പുരോഹിത ശ്രേഷ്ഠരും മറ്റു നേതാക്കളുമായി പലവട്ടം കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഒടുവില്‍ ന്യായയുക്തമെന്ന് തോന്നിയതും ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യവുമായ ചില വ്യവസ്ഥകള്‍ അവരുടെ പരിഗണനക്കായി ഞങ്ങള്‍ സമര്‍പ്പിച്ചു. 2005 സെപ്റ്റംബര്‍ ഒന്നിനു കോട്ടയത്തും സെപ്റ്റംബര്‍ മൂന്നിനു എറണാകുളത്തും വെച്ച് തുടര്‍ ചര്‍ച്ചകള്‍ നടന്നു. സെപ്റ്റംബര്‍ 12-ന് സദ്ഗമയയില്‍ വെച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കയുമായി രണ്ടാം വട്ട ചര്‍ച്ചയും നടന്നു. അന്നത്തെ കൂടിയാലോചനയിലെ തീരുമാനങ്ങള്‍ യാക്കോബായ പക്ഷക്കാരുടെ കാത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമനുമായി പങ്കുവെക്കാന്‍ ഭാരത് ടൂറിസ്റ്റ് ഹോം വെന്യുവില്‍ കൃഷ്ണയ്യര്‍ ഒരു യോഗം വിളിച്ചു. ഇരുപക്ഷത്തെയും അഭിസംബോധന ചെയ്ത് അന്ന് കൃഷ്ണയ്യര്‍ നടത്തിയ ആമുഖ സംഭാഷണത്തിലെ ആദ്യ വാക്കുകള്‍ ഇവിടെ പങ്കുവെക്കേണ്ടതാണ്: ''നിങ്ങളുടെ കൂട്ടത്തിലെ പാതിരിമാരുടെ വിശുദ്ധ ശരീരം നടുറോട്ടിലൂടെ വലിച്ചിഴച്ച മനുഷ്യത്വഹീനമായ സംഭവം അനുസ്മരിച്ചുകൊണ്ട് യേശു ഭഗവാന്റെ അനുയായികളോട് ഞാന്‍ പ്രവാചകന്‍ മുഹമ്മദിന്റെ മനുഷ്യത്വപരമായ നടപടി ഓര്‍മപ്പെടുത്തട്ടെ. പ്രവാചകനും അനുചരന്മാരും ഇരിക്കുമ്പോള്‍ ഒരു ശവമഞ്ചം അവര്‍ക്കു മുമ്പിലൂടെ കൊണ്ടുപോയി.  ആ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി ആദരപൂര്‍വം എഴുന്നേറ്റുനിന്നു. അനുയായികള്‍ പ്രവാചകരേ, അത് ജൂതന്റെ ശവശരീരമല്ലേ എന്ന സംശയം പ്രകടിപ്പിച്ചപ്പോള്‍, അത് മനുഷ്യനാണ്, ദൈവത്തിന്റെ സൃഷ്ടി, ഏത് മനുഷ്യ ശരീരത്തോടും നാം ആദരവ് കാണിക്കണം എന്ന് പ്രവാചകന്‍ മുഹമ്മദ് പ്രതിവചിക്കുകയുണ്ടായി. മുഹമ്മദ് നബി മനുഷ്യരോട് ഭക്തിബഹുമാനാദരവ് കാണിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ക്രിസ്തുവിന്റെ അനുയായികള്‍ ശവശരീരം വലിച്ചിഴക്കുന്നു! ലജ്ജാകരം.'' പുരോഹിത ശ്രേഷ്ഠര്‍ നമ്രശിരസ്‌കരായി മൗനമവലംബിച്ചു.

മഅ്ദനി മനുഷ്യാവകാശ പ്രശ്‌നത്തിലെ അദ്ദേഹത്തിന്റെ ഇടപെടലാണ് മറ്റൊന്ന്. വിചാരണ തടവുകാരനായി മഅ്ദനി വര്‍ഷങ്ങളായി ജയിലിലാണ്. പ്രമേഹ രോഗവും ഹൃദ്രോഗവും മൂലമുള്ള അവശതകള്‍ വേറെയും. ഇതെല്ലാം മനസ്സിലാക്കിയ കൃഷ്ണയ്യര്‍ അദ്ദേഹത്തെ പരോളില്‍ വിടാന്‍ ഇരു സംസ്ഥാനത്തെയും ഗവണ്‍മെന്റുകളോട് ആവശ്യപ്പട്ടു. യാതൊരു തരത്തിലും ഓടി രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത ഈ മനുഷ്യനെ പരോളില്‍ വിടാനുള്ള നടപടികള്‍ ഇരു ഗവണ്‍മെന്റുകളും ഒരുമിച്ച് എടുക്കണമെന്ന് സര്‍ക്കാറുകളോട് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി കേരള ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്നും അദ്ദേഹമെഴുതി. തമിഴ്‌നാട് സര്‍ക്കാര്‍ ദയാപരമായി പ്രശ്‌നത്തെ സമീപിക്കണമെന്ന് അദ്ദേഹം അവിടത്തെ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിഷയം പഠിച്ച് മഅ്ദനിക്ക് നീതി നല്‍കണമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ ജഡ്ജിമാരോടും അഭ്യര്‍ഥിക്കുകയുണ്ടായി. ഇങ്ങനെ, പറഞ്ഞുതുടങ്ങിയാല്‍ നീതിക്കും സൗഹാര്‍ദത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ഒരായിരം സ്മരണകള്‍ എഴുതാന്‍ സാധിക്കും. 

കൃഷ്ണയ്യരും 

ജമാഅത്തെ ഇസ്‌ലാമിയും

എഫ്.ഡി.സി.എയുടെ രൂപീകരണത്തോടെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒട്ടേറെ പരിപാടികളില്‍ കൃഷ്ണയ്യരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തെ തങ്ങളുടെ ആളാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍, കണ്ണൂര്‍ രാഷ്ട്രീയ സംഘര്‍ഷഭൂമിയായ സന്ദര്‍ഭത്തില്‍ അദ്ദേഹം സമാധാന ദൗത്യത്തിന് ഇറങ്ങിയപ്പോള്‍, ജമാഅത്തെ ഇസ്‌ലാമിയുടെ വക്താവായി വരെ കൃഷ്ണയ്യരെ ചിത്രീകരിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെയും അദ്ദേഹത്തെയും ബന്ധപ്പെടുത്തി ഈ വിഷയത്തില്‍ ജന്മഭൂമി ലേഖന പരമ്പര പോലും അന്ന് എഴുതുകയുണ്ടായി. പക്ഷേ, അതൊന്നും കൃഷ്ണയ്യരും ജമാഅത്തും തമ്മിലുള്ള ബന്ധത്തിന് പോറലേല്‍പിച്ചില്ല.  1998 ഏപ്രിലില്‍ വേങ്ങര കൂരിയാട് സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനം,  1999-ല്‍ ഏപ്രില്‍ 17 മുതല്‍ മേയ് 16 വരെ  ഒരു മാസം നീണ്ടുനിന്ന, പലിശക്കെതിരെയുള്ള കാമ്പയിന്‍ ഉദ്ഘാടനം, 2005-ലെ മനുഷ്യാവകാശ കാമ്പയിന്റെ ഉദ്ഘാടനം, എ.പി.സി.ആറിന്റെയും ജസ്റ്റീഷ്യയുടെയും പരിപാടികള്‍, ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിദ്യാര്‍ഥി സമ്മേളനങ്ങള്‍ തുടങ്ങിയവയിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്‌ലാമി എറണാകുളത്ത് സംഘടിപ്പിക്കാറുള്ള ഇഫ്ത്വാര്‍ പാര്‍ട്ടിയിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. മാധ്യമത്തിലും പ്രബോധനത്തിലുമെല്ലാം, നീതിക്കു വേണ്ടി ശബ്ദിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ പലതവണ മഷി പുരണ്ടിട്ടുണ്ട്.

എറണാകുളം മറൈന്‍ ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി നയിച്ച യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കവെ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് കൃഷ്ണയ്യര്‍ സ്റ്റേജിലേക്ക് വിരല്‍ ചൂണ്ടി 'ഇവര്‍ തീവ്രവാദികളാണെങ്കില്‍ ഞാനും തീവ്രവാദി' എന്ന് സധൈര്യം പ്രഖ്യാപിച്ചത്  പത്രകോളങ്ങളില്‍ സ്ഥലം പിടിച്ച വാര്‍ത്തയായിരുന്നു. കോഴിക്കോട് സന്ദര്‍ശന സമയത്ത് മലര്‍വാടി വാര്‍ഷിക പതിപ്പിന്റെ ഉദ്ഘാടന സമര്‍പ്പണം 99-മത്തെ വയസ്സിലും നിര്‍വഹിക്കാന്‍ കൃഷ്ണയ്യര്‍ സമയം അനുവദിച്ചത് ഈ സംഘടനയോടുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.

2013-ല്‍ ആരംഭിച്ച ഒരു ചാനലിന്റെ ഡോക്യുമെന്റേഷനുവേണ്ടി ഒരു മുതിര്‍ന്ന മുസ്‌ലിം കോളമിസ്റ്റ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ കാണാനെത്തി. നാദാപുരത്തേക്കുള്ള യാത്രയ്ക്കിടയിലെ വിശ്രമവേളയില്‍ അഭിമുഖത്തിനു സമയമനുവദിച്ചു: 'താങ്കള്‍ തീവ്രവാദ മൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ രക്ഷാധികാരത്തിനു കീഴിലുള്ള FDCA-യുമായി സജീവമായി സഹകരിക്കുന്നതില്‍ മതേതരവിശ്വാസികള്‍ക്ക് താങ്കളോട് വെറുപ്പുണ്ട്' എന്ന് കോളമിസ്റ്റ് പറഞ്ഞപ്പോള്‍ ഉടന്‍വന്നു മറുപടി: ''തെറ്റിദ്ധാരണയാണ് വെറുപ്പിനു കാരണം. ഞാന്‍ ഒരു സംവിധാനത്തോട് സഹകരിക്കുന്നതും ഇടപെടുന്നതും ബന്ധപ്പെട്ടവര്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങളും ലക്ഷ്യങ്ങളും വിലയിരുത്തിയാണ്. സൂചിപ്പിച്ച സംഘടന മനുഷ്യാവകാശ, ജനാധിപത്യ മതസൗഹാര്‍ദ മേഖലയില്‍ ക്രിയാത്മകമായ സംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യേണ്ട ആവശ്യമെനിക്കില്ല. മറ്റുള്ളവര്‍ ആരോപിക്കുന്ന തീവ്ര-മൗലികവാദ സമീപനങ്ങള്‍ക്ക് പകരം തികഞ്ഞ സൗഹൃദത്തിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അവര്‍ വിശ്വസിക്കുന്നതായിട്ടാണ് അനുഭവം. സംഘടനയുടെ പേരു നോക്കിയല്ല, അവരുടെ പ്രവര്‍ത്തനത്തിലെ ഉദ്ദേശ്യശുദ്ധിയെയും സമര്‍പ്പണത്തെയുമാണ് ഞാന്‍ പിന്തുണക്കുന്നത്.''

സ്വകാര്യമായ ചില നിമിഷങ്ങള്‍

സംഘടനാപരമായ ഞങ്ങളുടെ അടുപ്പം കുടുംബത്തിലെ സന്തോഷങ്ങളിലും ആഹ്ലാദങ്ങളിലുമെല്ലാം പങ്കുചേരുന്ന ഒരു കാരണവരായി കൃഷ്ണയ്യരെ മാറ്റിയിരുന്നു. ഫാറൂഖ് കോളേജ് സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ 10-ാം വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍നിന്ന് താഴെ ഇറങ്ങുമ്പോള്‍  'ആരാണ് മിസ്സ് ഹബീബ ഹുസൈന്‍' എന്നാരാഞ്ഞു. ഹബീബയോട് കൈകൂപ്പി 'മിസ്റ്റര്‍ ഹുസൈന്റെ മകള്‍ അല്ലേ, നന്നായി പഠിക്കണം. മികച്ച നേട്ടം കൈവരിക്കണം' എന്ന് ആശംസിച്ചു. ഹബീബക്ക് ബി.എക്ക് റാങ്ക് കിട്ടിയതറിഞ്ഞ് അനുമോദിക്കാന്‍ വീട്ടിലേക്ക് വിളിച്ചവരുടെ കൂട്ടത്തില്‍ ജസ്റ്റിസ് കൃഷ്ണയ്യരും ഉണ്ടായിരുന്നു. മികച്ച വിജയം നല്ല അച്ചീവ്‌മെന്റാണ്. സാമൂഹിക ശാസ്ത്രത്തില്‍ റാങ്ക് ലഭിക്കുക എളുപ്പമല്ല. എനിക്കൊരു ഉപദേശമുണ്ട്. നിയമം പഠിക്കണം. എല്‍.എല്‍.എം എടുക്കണം. മുസ്‌ലിം സമുദായത്തില്‍ സ്ത്രീ അഭിഭാഷകരുടെ കുറവ് നികത്തണം- ഇതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. കൃഷ്ണയ്യരുടെ നിര്‍ദേശമനുസരിച്ച്  നിയമപഠനത്തിനുള്ള എന്‍ട്രന്‍സ് കോച്ചിംഗിനു മകള്‍ ശ്രമിച്ചു. അതിനിടെയാണ് ദല്‍ഹിയില്‍ സൈക്കോളജിക്ക് പ്രവേശനം കിട്ടിയത്. സൈക്കോളജിയോട് അനുരാഗാത്മകമായ ഭ്രമം കാരണം നിയമം പഠിക്കാനുള്ള താങ്കളുടെ ഉപദേശം കൈക്കൊള്ളാന്‍ കഴിയില്ലെന്നവള്‍ ക്ഷമാപണം നടത്തിയപ്പോള്‍, അതാണ് ഇഷ്ടവും ആഗ്രഹവുമെങ്കില്‍ അത് പഠിക്കണം എന്നായിരുന്നു കൃഷ്ണയ്യരുടെ മറുപടി. ഒരുപാട് തിരക്കുകളുള്ള, ഇന്ത്യയും ലോകവും അറിയുന്ന ഒരു വ്യക്തി നമ്മുടെ കുടുംബ വിശേഷങ്ങള്‍ അന്വേഷിക്കുന്നു. മകളുടെ വിജയത്തില്‍ അവളെ നേരിട്ട് അഭിനന്ദനമറിയിക്കുന്നു. ഇങ്ങനെ ലാളിത്യത്തിന്റെ, വിനയത്തിന്റെ ഒരു മുഖവും കൃഷ്ണയ്യര്‍ക്കുണ്ട്. എന്തും അദ്ദേഹത്തോട് തുറന്നു പറയാമായിരുന്നു. ഉള്‍ക്കൊള്ളേണ്ടതാണെങ്കില്‍ അതംഗീകരിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു.

ഒരു യാത്ര കഴിഞ്ഞ് കൃഷ്ണയ്യരോടൊത്ത് നാദാപുരത്ത് നിന്ന് മടങ്ങുന്ന സന്ദര്‍ഭം. അദ്ദേഹം ക്ഷീണിതനായി കാറില്‍ ചാരിയിരിക്കുകയാണ്. ''ഇനി പരിപാടികളൊക്കെ നിര്‍ത്തുകയാണ്, വയ്യ.'' എന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞു. ''എങ്കില്‍ ദ വെരി നക്സ്റ്റ് ഡേ യുവില്‍ ഡൈ, സാര്‍'' എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്റെ മറുപടിയുടെ പൊരുളെന്തെന്ന് അദ്ദേഹം ആരാഞ്ഞു. അങ്ങയെ സംബന്ധിച്ചേടത്തോളം സാമൂഹിക ഇടപെടലുകള്‍ ഒരു മെഡിക്കല്‍ ലഞ്ചാണ്. ഈ ആക്ടിവിസം ഉപേക്ഷിച്ചാല്‍ പിന്നെ താങ്കള്‍ എല്ലാവരും ചെയ്യുന്ന തിന്നുക, കുടിക്കുക, ഉറങ്ങുക എന്ന സ്വന്തം അജണ്ടയില്‍ ഒതുങ്ങും. അത് മരണ തുല്യമായിരിക്കും.'' എന്റെ വിശദീകരണം കേട്ടപ്പോള്‍ 'എങ്കില്‍ പ്രവര്‍ത്തനം തുടരുകതന്നെ' എന്നദ്ദേഹം ആത്മഗതം ചെയ്തു. അസുഖബാധിതനായിക്കിടക്കുന്ന സന്ദര്‍ഭത്തില്‍ ഫോണില്‍ വിളിച്ചു സുഖ വിവരങ്ങള്‍ അന്വേഷിക്കവെ 'ഭക്ഷണം കഴിക്കാറുണ്ടോ' എന്ന കുശലാന്വേഷണത്തില്‍ 'മനസ്സിനൊരു സുഖമില്ല ഹോ' എന്നദ്ദേഹം മറുപടി പറഞ്ഞു. ''അങ്ങേയ്ക്ക് മനസ്സിനു സുഖമില്ലായ്മയോ? പാവപ്പെട്ടവരുടെയും ദലിതരുടെയും ആദിവാസികളുടെയും ദുഃഖങ്ങളെ മനസ്സിലേറ്റിയ താങ്കള്‍ക്ക് മനസ്സാന്നിധ്യമില്ലായ്മയോ! അങ്ങ് ദയാപരനായ ഏകദൈവത്തില്‍ ശരണം പ്രാപിച്ചു പ്രാര്‍ഥിക്കൂ; പരലോക ജീവിതത്തില്‍ വിശ്വസിക്കൂ. കാരുണ്യവാനായ ദൈവം തമ്പുരാന്‍ സ്വാമിക്ക് മനസ്സുഖം നല്‍കും. ദൈവം താങ്കളെ കൈവെടിയുകയില്ല. മറ്റാരും നല്‍കുന്നതിനേക്കാളും പരമമായ സുഖം താങ്കള്‍ക്ക് ലഭിക്കും.'' ഉടനെ ഫോണില്‍ കൃഷ്ണയ്യരുടെ ശബ്ദം കനത്തു: ''എന്നോട് ഇത്ര ആധികാരികമായി ദൈവത്തെക്കുറിച്ചും പരലോകചിന്തയെക്കുറിച്ചും ആരും സംസാരിച്ചിട്ടില്ല. ലൈഫ് ആഫ്റ്റര്‍ ഡെത്തിനെക്കുറിച്ച് ഞാനൊരു പുസ്തകം രചിച്ചിട്ടുണ്ട്. അത് ഓര്‍മിപ്പിച്ച ഹുസൈന് നന്ദി'' എന്ന് പറഞ്ഞു ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

അക്ഷരാര്‍ഥത്തില്‍ കൃഷ്ണയ്യര്‍ മതനിരപേക്ഷകരുടെ അത്താണിയായിരുന്നു, ആശ്രയമായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം രവിപുരം വൈദ്യുതി ശ്മശാനത്തില്‍ ചാരമായതോടെ ഈ മനുഷ്യസ്‌നേഹി നിലക്കൊണ്ട മനുഷ്യാവകാശ-മതസൗഹാര്‍ദ-സമുദായ സൗഹാര്‍ദ സന്ദേശം നെഞ്ചിലേറ്റാന്‍ ഇന്ത്യയില്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യം ബാക്കിയാവുകയാണ്. യഥാര്‍ഥത്തില്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത് വളരെ പ്രസക്തം: we are lost. തിരിച്ചുവരാത്ത വിധം ഈ നഷ്ടം നികത്താന്‍ ആരാലും സാധ്യമല്ലതന്നെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍