അന്യോന്യം, സ്റ്റാറ്റസ്‌കോ
നേരത്തെ സൂചിപ്പിച്ച ഒരു കാര്യമുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, പാര്‍സികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും ഇടപഴക്കവും നേരത്തേ ഉണ്ടായിരുന്നു; ഇപ്പോഴും ഉണ്ട്. ഹിന്ദുത്വ ബ്രിഗേഡോ വഴിതെറ്റിയ ന്യൂനപക്ഷ തീവ്രവാദി ഗ്രൂപ്പുകളോ വമിക്കുന്ന വര്‍ഗീയ വിഷത്തിന് അതിനെ ഇല്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഗീയ കലാപങ്ങള്‍ നടന്നു കഴിഞ്ഞാല്‍ ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന് വലിയ തോതിലുള്ള മാനുഷിക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്താറുള്ളത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ തീവ്രഹിന്ദുത്വത്തിനെതിരെ വളരെ ശക്തമായി തന്നെ ഹിന്ദുസമൂഹത്തിലെ വലിയൊരു വിഭാഗം പ്രതികരിക്കുകയുണ്ടായി. സാധാരണ ജീവിതത്തില്‍ വ്യത്യസ്ത മതസമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും സഹകരണവും ഭംഗമില്ലാതെ തുടരുന്നു എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ ഈ പങ്കാളിത്തവും ഇടപഴക്കവും കൂടുതല്‍ പ്രകടമാണ്. ഒരു സമൂഹവും സ്വന്തം തുരുത്തുകളില്‍ വേറിട്ടല്ല നിലകൊള്ളുന്നത്.
ചരിത്രത്തില്‍ നിന്ന് മറ്റൊരു ഉദാഹരണമാണ് മുസ്‌ലിം പണ്ഡിതന്മാരും സാധാരണക്കാരും ഒരുപോലെ വളരെ ആവേശത്തോടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടത്. വിശ്വാസമോ ആദര്‍ശമോ വ്യത്യസ്തമാവുന്നത് പങ്കാളിത്തത്തിനോ സഹകരണത്തിനോ തടസ്സമാവുന്നില്ല എന്നാണ് അത് നല്‍കുന്ന പാഠം. അതേസമയം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപക്ഷേ അപവാദമാണ്; പതിവ് രീതിയല്ല.
ന്യൂനപക്ഷം എണ്ണത്തില്‍ പ്രബലമായിരിക്കുന്ന ഏതൊരു സമൂഹത്തിലും ഹിന്ദുത്വവാദക്കാരും മറ്റും ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക ലയനം ഒട്ടേറെ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തും. അപകടങ്ങളും സംഘര്‍ഷങ്ങളും അതിന്റെ വഴിയില്‍ പതിയിരിപ്പുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ വലിയൊരു ന്യൂനപക്ഷമാണ്. ഏത് കണക്ക് കൂട്ടല്‍ പ്രകാരവും അവര്‍ പത്ത് കോടിയില്‍ കുറയില്ല. സ്വന്തം വിശ്വാസത്തോടും മൂല്യങ്ങളോടും അവര്‍ക്കുള്ള പ്രതിബദ്ധത ശക്തവും എന്നെന്നും നിലനില്‍ക്കുന്നതുമാണ്. എന്ന്മാത്രമല്ല ഈ മൂല്യങ്ങള്‍ അവരുടെ ചിന്തയിലും മനോഭാവത്തിലും ആഴത്തില്‍ വേരിറങ്ങുകയും പ്രായോഗിക ജീവിതത്തിലുടനീളം അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ സാംസ്‌കാരിക തനിമയെ ഇല്ലാതാക്കാനോ ലയിപ്പിക്കാനോ നടത്തുന്ന ഏത് ശ്രമത്തെയും മുസ്‌ലിം സമൂഹം അതിശക്തമായി ചെറുക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല, അത്തരം നീക്കങ്ങള്‍ സമുദായത്തില്‍ ഒടുങ്ങാത്ത അമര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും അത് മനസ്സറിഞ്ഞുള്ള സഹകരണത്തിനും ഇടപഴക്കത്തിനും വിഘാതം സൃഷ്ടിച്ച് ദേശീയ യത്‌നങ്ങളെപ്പോലും തടസ്സപ്പെടുത്തുകയും ചെയ്യും.
'അന്യോന്യ'വും അന്തര്‍സാമുദായിക ബന്ധങ്ങളും
ക്രൈസ്തവ-മുസ്‌ലിം ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന് ചര്‍ച്ച് ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. യൂറോപ്യന്‍ ചര്‍ച്ചുകളുടെ സമിതി 'ഇസ്‌ലാം യൂറോപ്പില്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ക്രിസ്ത്യന്‍-മുസ്‌ലിം 'അന്യോന്യം' (Reciprocity) ആണ് ബദല്‍ മാര്‍ഗമായി ഉയര്‍ത്തിക്കാട്ടിയത് (Encounter 2:1/PP.70-5). പകയും വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ ലോകത്ത് ഒരു ആഗോള സദാചാര സംഹിത (Global Ethics) ഉണ്ടായിവരികയാണ് വേണ്ടത് എന്ന് നിര്‍ദേശിച്ചവരും ഉണ്ടായിരുന്നു.
ഈ ബദല്‍ രീതി ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അത്ര പ്രസക്തമല്ലെങ്കിലും, ഏതാണ്ട് ഇതേ രീതിയിലുള്ള ചില അഭിപ്രായങ്ങള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നത് കൊണ്ട് അതിനെക്കുറിച്ചു ഹ്രസ്വമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. സംഘ് കേന്ദ്രങ്ങളുടെ വാദം ഇതാണ്: സാമൂഹിക മണ്ഡലങ്ങളിലെ ഹിന്ദു രീതികളും ആചാരങ്ങളും കൈക്കൊള്ളാന്‍ മുസ്‌ലിംകള്‍ വിസമ്മതിക്കുന്നത് കാരണം ഹിന്ദു-മുസ്‌ലിം ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീണിരിക്കുന്നു. അതിനാല്‍ ഹിന്ദു ആഘോഷങ്ങളിലെയും മറ്റും മതാചാരങ്ങളെ വിസമ്മതിക്കുന്ന നിലപാടില്‍നിന്ന് അവര്‍ പിന്തിരിയണം. ഇങ്ങനെയൊരു വാദം സംഘ്പരിവാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഓരോ സമൂഹവും ഇതര സാമുദായികാചാരങ്ങളെ സ്വീകരിക്കുക എന്നത് ഇന്ത്യയിലെ ജനകീയ സംവാദങ്ങളില്‍ ഒരു വാദമുഖമായി ഇന്നുവരെയും ഉയര്‍ന്നുവന്നിട്ടില്ല.
മൂല്യങ്ങളും ആചാരങ്ങളും പരസ്പരം വെച്ചുമാറുക എന്ന നിര്‍ദേശം വളരെ അപായകരമാണെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. പാക് ചിന്തകനായ ഖുര്‍റം മുറാദ് പറയുന്നത്, ഈ ആശയം 'തിന്മക്ക് തിന്മ' എന്ന വളരെ നിഷേധാത്മകമായ രീതിയില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് (Khurram Murad: Christian/Muslim Reciprocity-Some Comments, Encounter 2:2 (1996) P.199).
നാമാഗ്രഹിക്കുന്നത് നമ്മുടെ മതപരവും ധാര്‍മികവുമായ ഐഡന്റിറ്റി കാത്തുസൂക്ഷിച്ച് കൊണ്ടുതന്നെ വിവിധ സമൂഹങ്ങളുടെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വം സാധ്യമാകണമെന്നാണ്. 'അന്യോന്യം' എന്ന ആശയം പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ മുസ്‌ലിംകള്‍ ഖുര്‍ആനിലെയും സുന്നത്തിലെയും ചില മൂല്യങ്ങള്‍ കൈയൊഴിക്കേണ്ടതാണെന്നോ, ഏറ്റവും ചുരുങ്ങിയത് സന്ദര്‍ഭത്തിനനുസരിച്ച് അവയെ വ്യാഖ്യാനിക്കേണ്ടതാണെന്നോ ഒക്കെ വന്നുകൂടുന്നുണ്ട്. ഖുര്‍റം മുറാദ് ചൂണ്ടിക്കാട്ടിയ പോലെ, അധാര്‍മികമാണ് ഇത്തരമൊരു സമീപനം. മറ്റു സംസ്‌കാരങ്ങളില്‍ നിന്നും ചില ഘടകങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമില്ലേ എന്നൊക്കെ തത്ത്വവിചാരം ചെയ്യുമെങ്കിലും, മതകീയ സ്വത്വത്തിന്റെ നിഷേധത്തിലാണ് അത് ചെന്നെത്തുക എന്ന കാര്യം വിസ്മരിക്കരുത്.
അതുപോലെ തന്നെ, ഒരു ആഗോള സദാചാര സംഹിത ഉണ്ടാക്കിക്കളയാം എന്ന നിര്‍ദേശവും തീര്‍ത്തും അപ്രായോഗികമാണ്. കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്തതും അവ്യക്തവുമായ ഒരു നിര്‍ദേശം മാത്രമാണത്. മതത്തെയും സദാചാരത്തെയും മതനിരപേക്ഷമാക്കുന്നതിന് തുല്യമാണത്. ''തങ്ങളുടെ സദാചാര അടിസ്ഥാനങ്ങള്‍ തമ്മില്‍ സാമ്യതകള്‍ ഉണ്ടെന്ന് സമ്മതിക്കാമെങ്കിലും, ഓരോ മതത്തിന്റെയും സദാചാര വീക്ഷണകോണുകള്‍ വ്യത്യസ്തമാണ്. അതിന്റെ അര്‍ഥ സൂചനകളിലൊക്കെ ഈ മാറ്റം പ്രകടമാണ്. 'മതകീയമായ സദാചാര ആവിഷ്‌കാരങ്ങളെയെല്ലാം അറുത്തുമാറ്റി അമൂര്‍ത്തമായ ഒരു സദാചാര സങ്കല്‍പ്പത്തെ പകരം വെക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ നമുക്ക് അഭിനന്ദിക്കാമെന്ന് മാത്രം' (കൂടുതല്‍ വായനക്ക് മുറാദ്, Encounter 2:2 (1996), Christopher Lamb: Beyond Reciprocity: Encouter 3:1 (1997), Mohamed Talbi: ls Cultural and Religious Coexistence Possible? Encouter 1:2 (1995).
ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വരുമ്പോള്‍ ഈ നിര്‍ദേശത്തിന്റെ അപകടം കൂടുതല്‍ ബോധ്യപ്പെടും. സാമൂഹിക ഇടപഴക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹം വളരെ ദുര്‍ബലനായ പങ്കാളിയാണെന്നത് ഒരു പച്ച യാഥാര്‍ഥ്യം മാത്രമാണ്. സ്വാഭാവികമായും അന്യോന്യമുള്ള കടമെടുപ്പില്‍ ചെറിയ വീഴ്ചകള്‍ക്ക്‌വരെ ദുര്‍ബല സമൂഹം മേധാശക്തിയുള്ള സമൂഹത്തില്‍നിന്ന് കഠിനമായ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വന്നേക്കും. ഈ അന്യോന്യം പ്രായോഗിക ജീവിതത്തിലേക്ക് വരുമ്പോള്‍, മുസ്‌ലിം സമൂഹത്തിന് അതിന്റെ ചില ചിഹ്‌നങ്ങളെ ചില്ലറ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കൈയൊഴിക്കേണ്ടതായും വന്നേക്കും. നിതാന്ത ശത്രുതക്കാണ് അത് വഴിവെക്കുക. ഇടപഴകുന്ന സമൂഹങ്ങള്‍ കഴിവിലും ശക്തിയിലും ഒരു താരതമ്യവുമില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം.
സ്റ്റാറ്റസ്‌കോ വാദം
ഒരു സമൂഹത്തില്‍ വിവിധ സംസ്‌കാരങ്ങളും മതകീയ കൂട്ടായ്മകളും ഇപ്പോള്‍ എങ്ങനെയാണോ ഉള്ളത് അവ അതേപോലെ നിലനിര്‍ത്തുക. ബഹുസ്വര സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് ചിലര്‍ ഉയര്‍ത്തിക്കാട്ടുന്ന പരിഹാരമാണിത്. നിലനില്‍ക്കുന്ന സാംസ്‌കാരികവും മൂല്യപരവുമായ വ്യത്യാസങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ അനുവദിച്ചുകൂടാ. ഓരോ സാംസ്‌കാരത്തിനും അതിന്റെ വേരുകളിലേക്കിറങ്ങി നിലയുറപ്പിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. എന്നിട്ട് വ്യതിരിക്തമായ ഈ ഓരോ വിഭാഗവും രാഷ്ട്രനിര്‍മിതിക്കുവേണ്ടി ഒത്തുചേരണം. ഇങ്ങനെയാവുമ്പോള്‍ സമൂഹത്തിലെ അസ്വാരസ്യങ്ങള്‍ വലിയ അളവില്‍ ഇല്ലാതാക്കാനാവുമെന്നും വൈവിധ്യത്തിന്റെ സൗന്ദര്യം കൂടുതല്‍ പ്രശോഭിതമാവുമെന്നും സ്റ്റാറ്റസ്‌കോ വാദക്കാര്‍ സമര്‍ഥിക്കുന്നു.
രണ്ട് അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെയൊരു വാദം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. ആ അനുമാനങ്ങള്‍ക്ക് അവയുടേതായ പരിമിതികളുണ്ട്. ഒന്നാമത്തെ അനുമാനം ഇതാണ്: ഉള്ളത് ഉള്ളതുപോലെ നിലനിര്‍ത്തലാണ് സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനുള്ള ഏറ്റവും തീര്‍ച്ചയായ വഴി. ഏത് മാറ്റവും സാമൂഹികമായി ഹാനികരമായിരിക്കും എന്ന അനുമാനം എപ്പോഴും ശരിയായിരിക്കണമെന്നില്ല. കാഴ്ചപ്പാടിലും നിലപാടുകളിലും മാറ്റങ്ങളുണ്ടാവുന്നത് ആരോഗ്യകരമായ പരിവര്‍ത്തനങ്ങളിലേക്കായിരിക്കുമല്ലോ നയിക്കുക. മാറ്റത്തെക്കുറിച്ചുള്ള ജനാധിപത്യ കാഴ്ചപ്പാടിനെ നിരസിക്കുന്നുണ്ട് രണ്ടാമത്തെ അനുമാനം. ജനായത്ത സ്വാതന്ത്ര്യം അതിന്റെ ഊര്‍ജം വലിച്ചെടുക്കുന്നത് വിയോജിക്കാനും വിസമ്മതിക്കാനുമുള്ള അവകാശം ശ്രദ്ധാപൂര്‍വം പരിരക്ഷിച്ചുകൊണ്ടാണ്. വിയോജിപ്പുകളെ നിഷ്‌കാസനം ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്. വിയോജിക്കാനുള്ള അവകാശവും സ്റ്റാറ്റസ്‌കോ നിലനിര്‍ത്തലും ഒത്ത് പോവണമെന്നില്ല. യുക്തിസഹമായ വാദങ്ങളും സംവാദങ്ങളും കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, മാറ്റമേ പാടില്ല എന്ന ആശയത്തോട് യോജിക്കാനാവില്ല. ലോകത്ത് നിലനില്‍ക്കുന്ന സകല തരത്തിലുള്ള മതവിശ്വാസങ്ങളും ആചാരങ്ങളും സാമൂഹിക ഘടനകളുമൊക്കെ ഒരേപോലെ മനുഷ്യകുലത്തിന് പ്രയോജനപ്രദമാണ് എന്ന വാദവും ഒട്ടും യുക്തിസഹമല്ല. എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്ക് എന്നത് സുബദ്ധമായ ഒരാശയമല്ല; ഒരു സങ്കല്‍പം മാത്രമാണ്.
വിവിധ മതങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നാം പരിശോധിക്കുന്നപക്ഷം ആശയപരമായി അവ പല തലത്തിലാണ് നിലകൊള്ളുന്നത് എന്ന് കാണാം. ഉദാഹരണത്തിന്, 'മോക്ഷം.' എല്ലാ മതങ്ങളും മോക്ഷത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഓരോ മതത്തിലും അതിനെക്കുറിച്ച സങ്കല്‍പങ്ങള്‍ വ്യത്യസ്തമാണ്. എന്നുമാത്രമല്ല, മതകീയാശയങ്ങളില്‍ വളരെ കടകവിരുദ്ധമായതും കണ്ടെന്ന് വരും. ബഹുദൈവത്വം ഉദാഹരണം. ഇസ്‌ലാമിലെ ഏകദൈവത്വത്തിന് വിരുദ്ധമാണിത്. അതുപോലെ, സമത്വം, ആഗോള സാഹോദര്യം പോലുള്ളവ ഇസ്‌ലാമിക ദര്‍ശനത്തില്‍ കേന്ദ്ര സ്ഥാനത്ത് നിലകൊള്ളുമ്പോള്‍, ചില മതസമൂഹങ്ങളില്‍ ജനങ്ങള്‍ ജാതികളും ശ്രേണികളുമായി തരംതിരിക്കപ്പെട്ട നിലയിലാണുള്ളത്.
(തുടരും)
Comments