Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് എന്തിന്?

അബൂസ്വാലിഹ

അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് എന്തിന്?

ഫ്ഗാനിസ്താനിലെ കഴിഞ്ഞ രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും അവസാനത്തെ രണ്ട് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ ഡോ. അബ്ദുല്ല അബ്ദുല്ലയായിരുന്നു. രണ്ട് ഘട്ടങ്ങളിലും വിജയത്തിലേക്ക് നീങ്ങുകയായിരുന്ന തന്നെ ഇടക്ക് വെച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ചവിട്ടിപ്പുറത്താക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ തവണ പരാജയപ്പെട്ടത് മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയോട്. പരാജയം സമ്മതിക്കാന്‍ അദ്ദേഹം തുടക്കത്തില്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് പിന്‍മാറി. 2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത് ഡോ. അശ്‌റഫ് ഗനിയോട്. ഈ തെരഞ്ഞെടുപ്പിനെയും പിന്നില്‍ കളിക്കുന്ന ശക്തികള്‍ അട്ടിമറിച്ചതാണെന്ന് മുമ്പത്തേക്കാളേറെ വ്യക്തമായിരുന്നു.

അഫ്ഗാനിലെ ജനസമ്മിതിയുള്ള നേതാക്കളില്‍ ഒന്നാമനാണ് ഡോ. അബ്ദുല്ല അബ്ദുല്ല. താജിക് വംശജരാണ് അദ്ദേഹത്തിന്റെ പ്രധാന പിന്‍ബലമെങ്കിലും (അദ്ദേഹത്തിന്റെ മാതാവ് താജിക് വംശജയാണ്) അദ്ദേഹത്തിന്റെ പിതാവ് പഷ്തൂന്‍ വിഭാഗക്കാരനായത് കൊണ്ട് ആ പ്രബല വിഭാഗവുമായും അദ്ദേഹത്തിന് ആഴത്തില്‍ ബന്ധമുണ്ട്. ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയായി അദ്ദേഹത്തിന് നിലകൊള്ളാന്‍ കഴിയും. എന്നാല്‍, അശ്‌റഫ് ഗനി എങ്ങുമുണ്ടായിരുന്നില്ല. അമേരിക്ക ഇറങ്ങിക്കളിച്ചിട്ടും ഗനിക്ക് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ നേടാനായത് 31.6 ശതമാനം മാത്രം. അബ്ദുല്ല അബ്ദുല്ലക്ക് 45 ശതമാനം ഉണ്ടായിരുന്നു. ഒന്നാം റൗണ്ടില്‍ തന്നെ അബ്ദുല്ല 50 ശതമാനം വോട്ട് നേടി വിജയം ഉറപ്പിക്കുമായിരുന്നു. പക്ഷേ, ആരോ ഇടപെട്ട് വോട്ടിംഗ് ശതമാനം അമ്പതിലേക്കെത്താന്‍ സമ്മതിച്ചില്ല. അട്ടിമറി നടന്നിട്ടും ഒന്നാം റൗണ്ടില്‍ 14 ശതമാനം വോട്ടിന് പിന്നിലായ അശ്‌റഫ് ഗനി രണ്ടാം റൗണ്ടില്‍ 56.44 ശതമാനം വോട്ട് നേടി ജയിക്കുന്നതാണ് പിന്നീട് കണ്ടത്.

ഈ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ മുമ്പത്തെപ്പോലെ അബ്ദുല്ല അബ്ദുല്ല തയാറായില്ല. ഏതാനും മാസങ്ങള്‍ നീണ്ടു അനിശ്ചിതത്വം. പിന്നീട് ദേശീയൈക്യം മുന്‍നിര്‍ത്തി അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഉണ്ടാക്കിയ ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം തയാറായി. അതു പ്രകാരം അബ്ദുല്ല അബ്ദല്ല ഏറെക്കുറെ പ്രധാനമന്ത്രിയുടെ അധികാരമുള്ള ചീഫ് എക്‌സിക്യൂട്ടീവ് എന്ന പുതുതായി ഉണ്ടാക്കിയ സ്ഥാനം ഏറ്റെടുത്തു. അശ്‌റഫ് ഗനി പ്രസിഡന്റായും അധികാരമേറ്റു.

അധികാരമേറ്റയുടനെ അമേരിക്ക ചെയ്തത് പുതിയ പ്രസിഡന്റിനെ കൊണ്ട് അവര്‍ തന്നെ എഴുതിയുണ്ടാക്കിയ ഒരു കരാറില്‍ ഒപ്പിടുവിക്കുകയാണ്. അമേരിക്കയുടെ പാവ തന്നെയായിരുന്ന മുന്‍ പ്രസിഡന്റ് കര്‍സായി പോലും ഒപ്പിടാന്‍ തയാറാകാതിരുന്ന കരാറാണിത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് പിന്നില്‍ ആരുടെ കൈകളാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാവുകയും ചെയ്തു.

കരാറില്‍ പറയുന്ന പ്രധാന കാര്യം,  ഒരു വിഭാഗം അമേരിക്കന്‍ സൈനികര്‍ക്ക് അഫ്ഗാനിസ്താനില്‍ തുടരാം എന്നാണ്. ഒബാമ പാക്കേജ് പ്രകാരം, ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ വിടേണ്ടതാണ് (പിന്മാറ്റത്തിന്റെ പ്രതീകാത്മകമായ നാടകങ്ങള്‍ അരങ്ങേറിക്കഴിഞ്ഞു). അതിനെ ദുര്‍ബലപ്പെടുത്തുന്നതാണ് ഫലത്തില്‍ ഈ ഏകപക്ഷീയ കരാര്‍. അഫ്ഗാനില്‍ എവിടെയും ഈ അമേരിക്കന്‍ സൈന്യത്തിന് നിലയുറപ്പിക്കാം. ഈ സൈന്യത്തെ പിന്‍വലിക്കുന്ന വര്‍ഷവും കരാറില്‍ ഒരിടത്തുമില്ല. പിന്‍വലിക്കുന്ന കാര്യം ഏതെങ്കിലുമൊരു കക്ഷി രണ്ടു വര്‍ഷം മുമ്പെങ്കിലും സൂചിപ്പിച്ചിരിക്കണം എന്ന് മാത്രമാണ് കരാറിലുള്ളത്.

അഫ്ഗാന്‍ തെരഞ്ഞെടുപ്പ് വിശകലനങ്ങളിലൊന്നും ഈ അപകടകരമായ കരാര്‍ പരാമര്‍ശിക്കപ്പെടുന്നില്ല. 

നാരായണ ഗുരുവിന്റെ 
'ദൈവദശകം' അറബിയില്‍

ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ
രാവിവന്‍തോണി നിന്‍പദം.....

നൂറു വര്‍ഷം മുമ്പ് ശിവഗിരി മഠത്തിലെ കുട്ടികള്‍ക്കും അന്തേവാസികള്‍ക്കും ചൊല്ലാനായി  ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ഥനാഗീതമായ ദൈവദശകത്തിന്റെ തുടക്കമാണിത്. ഇന്നും ലോകമെങ്ങുമുള്ള ഗുരുഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആത്മീയാനുഭൂതി പകരുന്ന ശ്ലോകങ്ങള്‍. 1914-ല്‍ ഗുരു രചിച്ച  പത്തു ശ്ലോകങ്ങളടങ്ങുന്ന ദൈവദശകം അര്‍ഥവും വ്യാഖ്യാനവും ഉള്‍പ്പെടെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ദുബൈയിലെ ഗുരു ഭക്തര്‍. ദൈവദശകം ശതാബ്ദിയുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ വളരെ വിപുലമായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദൈവദശകം അറബ് ലോകത്തിനു മുന്നിലേക്ക് കൂടി എത്തിക്കുന്നത്. 

ദൈവദശകത്തെ തത്ത്വ ചിന്താപരമായി വ്യാഖ്യാനിച്ച് ഗുരു നിത്യചൈതന്യ യതി 1978-ല്‍ ഇംഗ്ലീഷില്‍ എഴുതിയ 'യൂനിവേഴ്‌സല്‍ പ്രെയര്‍'’ എന്ന പുസ്തകം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് മൂവാറ്റുപുഴ സ്വദേശിയും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനുമായ ലത്വീഫ് ഉമരിയാണ്. ‘'അദ്ദുആഉല്‍ ആലമി' എന്നാണ് വിവര്‍ത്തനത്തിന്റെ പേര്. ദൈവദശകത്തിന്റെ അര്‍ഥതലങ്ങളെ വ്യാഖ്യാനിച്ചിരിക്കുകയാണ് യതി തന്റെ പുസ്തകത്തില്‍.

ബഹ്‌റൈന്‍ പാര്‍ലമെന്റ്  മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്
വിജയിച്ചവരില്‍ കൂടുതലും പുതുമുഖങ്ങള്‍

ഹ്‌റൈന്‍ പാര്‍ലമെന്റ്- മുനിസിപ്പല്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ കൂടുതലും പുതുമുഖങ്ങള്‍. പാര്‍ലമെന്റ് സീറ്റിലേക്ക് 30-ഉം മുനിസിപ്പല്‍ കൗണ്‍സില്‍ സീറ്റുകളിലേക്ക് 23 പേരുമാണ് പുതുമുഖങ്ങളായി എത്തിയിട്ടുള്ളത്. കാപിറ്റല്‍, മുഹറഖ്, ഉത്തരം, ദക്ഷിണം എന്നിങ്ങനെ ബഹ്‌റൈനില്‍ നാല് ഗവര്‍ണേറ്റുകളാണുള്ളത്. ഇതില്‍ 40 സീറ്റുകള്‍ പാര്‍ലമെന്റിലേക്കും മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് 30 സീറ്റുകളുമാണുള്ളത്. നേരത്തേയുണ്ടായിരുന്ന അഞ്ച് ഗവര്‍ണേറ്റുകളാണ് ഇപ്പോള്‍ നാലാക്കി പുനര്‍നിര്‍ണയിച്ചത്. അതോടൊപ്പം നിലവിലെ മനാമ മുനിസിപ്പാലിറ്റി മനാമ കാപിറ്റല്‍ സെക്രട്ടറിയേറ്റ് കൗണ്‍സില്‍ ആക്കി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. രാജാവ് നേരിട്ട് ഇവിടെ നോമിനികളെ നിയമിക്കുകയായിരുന്നു. 2011-ലെ കലാപത്തിന് മുമ്പ് പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷ കക്ഷികളായ അല്‍ വിഫാഖിന് 18 അംഗങ്ങളുണ്ടായിരുന്നു. ഇഖ്‌വാന്‍ അനുകൂല കക്ഷിയായ അല്‍ മിമ്പര്‍ അല്‍ വത്വനിക്ക് 3-ഉം സലഫീ ധാരയിലുള്ള അല്‍ അസാലക്ക് 4-ഉം ആയിരുന്നു അന്നത്തെ കക്ഷിനില. ബാക്കിയുള്ളവര്‍ സ്വതന്ത്രരും. എന്നാല്‍ കലാപാനന്തരം പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയും രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. മാത്രവുമല്ല കഴിഞ്ഞ മാസം മുതല്‍ അവര്‍ക്ക് മൂന്ന് മാസത്തേക്ക് രാജ്യത്ത് പ്രവര്‍ത്തന വിലക്കുമുണ്ട്. 

നവംബര്‍ 22-നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.  രാജ്യത്ത് 3.21 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതര ജനാധിപത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തവരെ വിജയികളായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തവരില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കായി രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തും. അതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവരെ വിജയികളായി പ്രഖ്യാപിക്കും. ബഹ്‌റൈന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഇത്തവണ ആറ് വനിതകള്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇതില്‍ മൂന്ന് പേര്‍ പാര്‍ലമെന്റിലേക്കും മൂന്ന് പേര്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2002-ലും 2006-ലും നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരു വനിതക്ക് പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2010-ല്‍ ഒരാള്‍ വിജയം കണ്ടു. ഈ തവണ ഇത് ആറായി വര്‍ധിച്ചു. ഗള്‍ഫ്-മുസ്‌ലിം നാടുകളില്‍ പൊതുരംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചനയായി ഇതിനെ കാണാം.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വേണ്ടത്ര ഗൗരവത്തിലാണോ തെരഞ്ഞെടുപ്പിനെ കണ്ടത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വളരെ പരിമിതമായ സീറ്റുകളിലാണ് ഇവര്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്. അതില്‍ തന്നെ പലര്‍ക്കും വിജയം കണ്ടെത്താനായില്ല. അല്‍ അസാലക്ക് രണ്ടും അല്‍ മിമ്പറിന് ഒരു സ്വതന്ത്രനുമാണ് ആകെ കിട്ടിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ അല്‍ അസാലയും അല്‍ മിമ്പറും സഖ്യമുണ്ടാക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിരുന്നു. ചില വിഷയങ്ങളില്‍ ഇരുകൂട്ടരും നീക്കുപോക്കുകള്‍ക്ക് തയാറാവാത്തതാണ് ഈ തവണ സഖ്യം അസാധ്യമാക്കിയത്. 

ജമാല്‍ ഇരിങ്ങല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍