Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

വസന്തം വിരിയുന്ന വീടകം

പി.കെ ജമാല്‍ /വീടകം

         സമൂഹ നിര്‍മാണത്തിലും സംവിധാനത്തിലും പങ്കുവഹിക്കുന്ന മുഖ്യ ഘടകമാണ് കുടുംബം. സ്‌നേഹം, വാത്സല്യം, കരുണ, ദയ, അലിവ്, അനുകമ്പ, സഹാനുഭൂതി, ബഹുമാനം, ആദരവ്, ആര്‍ദ്രത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ ശീതളഛായയില്‍ വളരുന്ന വീട്ടിലെയും കുടുംബത്തിലെയും സന്തതികള്‍ ശക്തവും ഭദ്രവുമായ സമൂഹത്തിന് അടിത്തറയായിത്തീരുന്നു. വ്യക്തി, കുടുംബം, സമൂഹം, ദേശം, രാഷ്ട്രം എന്ന ശ്രേണീബദ്ധമായ പരികല്‍പനയിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ കുടുംബത്തിന് പ്രധാന സ്ഥാനം നല്‍കിയതായി കാണാം. സ്‌നേഹമാണ് അഖില സാരമെന്ന സിദ്ധാന്തത്തില്‍ ഊന്നി കുടുംബജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും, പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും തള്ളിപ്പറയുകയും ചെയ്ത ഇസ്‌ലാം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിന്നാധാരമായ ഘടകങ്ങള്‍ എന്ന നിലക്കാണ് ആണ്‍-പെണ്‍ വിഭാഗത്തെ കാണുന്നത്. ആദിപിതാവ് ആദമിനെയും മാതാവ് ഹവ്വായെയും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍, അവരിലൂടെ പിറവിയെടുത്ത് വളര്‍ന്നുവികസിച്ച മനുഷ്യ മഹാ കുടുംബത്തിന്റെ ഇഹ-പര ക്ഷേമത്തിന് നിദാനമായ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു'' (അന്നിസാഅ് 1).

നന്മനിറഞ്ഞ വ്യക്തിയാണ് നല്ല കുടുംബത്തിന്റെ അടിത്തറ. കുടുംബത്തിന് രൂപം നല്‍കുന്ന വ്യക്തിയുടെ ചിന്തയും കര്‍മവും ദൈവഭയത്തില്‍ അധിഷ്ഠിതമാവണം എന്നതാണ് ഇസ്‌ലാമിന്റെ ആദ്യശാസന. നന്മയുടെ നിറവില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് നല്ല സമൂഹത്തിന് പിറവി നല്‍കുന്നത്. സമൂഹത്തിന്റെ നിര്‍മിതിയില്‍ കുടുംബങ്ങള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഗ്രഹിച്ചതുകൊണ്ടാണ് ചിന്തകന്മാരും പണ്ഡിതന്മാരും ഗവേഷകരും സാമൂഹിക ശാസ്ത്രജ്ഞരും ധിഷണാപടുക്കളും കുടുംബത്തെക്കുറിച്ച് അഗാധമായി പഠിക്കുകയും പരിചിന്തനം നടത്തുകയും ചെയ്തത്. സമൂഹത്തിന്റെ സംവിധാനത്തില്‍ കുടുംബഘടനയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു ഇസ്‌ലാമിക ശരീഅത്ത്. കുടുംബത്തിന്റെ ആത്മീയവും ഭൗതികവും ധാര്‍മികവും സാമൂഹികവും സദാചാരപരവും വൈകാരികവുമായ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന നിയമങ്ങളും ചട്ടങ്ങളും അത് ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നാനാതരം പ്രശ്‌നങ്ങളെ സമഗ്രമായും വിശദമായും ഇസ്‌ലാം കൈകാര്യം ചെയ്യുന്നു എന്നതാണ് മറ്റു മതങ്ങളില്‍ നിന്ന് അതിനെ വേറിട്ടുനിര്‍ത്തുന്നത്. ആണ്‍-പെണ്‍ വര്‍ഗ പക്ഷപാതങ്ങള്‍ക്കും വിവേചനത്തിനും അതീതമായി മനുഷ്യവര്‍ഗം എന്ന പരികല്‍പനയില്‍ ഊന്നി അല്ലാഹു മാനവതയെ ആദരിച്ച വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കരയിലും കടലിലും അവരെ നാം വാഹനത്തിലേറ്റുകയും വിശിഷ്ട വിഭവങ്ങള്‍ പ്രദാനം ചെയ്ത് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം ശ്രേഷ്ഠമായ പദവി നല്‍കുകയും ചെയ്തിരിക്കുന്നു'' (അല്‍ഇസ്രാഅ് 70). മാനവരാശിയുടെ ഔന്നത്യവും മഹത്വവും വിളംബരം ചെയ്യുന്ന ഈ ദൈവിക സൂക്തം പ്രഘോഷണം ചെയ്യുന്ന വസ്തുതകള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. വര്‍ഗ-വര്‍ണ-ഭാഷാ പരിഗണനകള്‍ക്ക് അതീതമായ മനുഷ്യ മഹത്വം.

2. മനുഷ്യ വര്‍ഗം ഒരു ആത്മാവില്‍ നിന്ന് ഉത്ഭൂതമായതാണെന്ന സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാനവികൈക്യവും ഏകതയും.

3. ദൈവഭയം മാത്രമാണ് മഹത്വത്തിന്റെ മാനദണ്ഡം. ഇത് സമൂഹജീവിതത്തില്‍ സദ്ഫലങ്ങള്‍ ഉളവാക്കുന്നു.

4. ആരാധനക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതോടൊപ്പം വിട്ടുവീഴ്ചയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്ത്വത്തില്‍ അധിഷ്ഠിതമായ പ്രായോഗിക സമീപനങ്ങള്‍.

കുടുംബം ആരംഭ ബിന്ദു

മാനവികതയെ വിലമതിക്കുന്ന ഈ സിദ്ധാന്തങ്ങളുടെയെല്ലാം പിറവിയും വളര്‍ച്ചയും വികാസവും കുടുംബമെന്ന ബിന്ദുവില്‍ നിന്നാണ് ആരംഭിക്കുന്നത്. കുടുംബഘടനയുടെ ഭദ്രമായ നിലനില്‍പിന്നാധാരമായ വ്യവസ്ഥകള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ അവിഭാജ്യ ഘടകമായിത്തീരുന്നതും ഈയടിസ്ഥാനത്തിലാണ്. കുടുംബസംവിധാനം, സന്താനോല്‍പാദനം, ജീവിത വിശുദ്ധി എന്നിവയുടെയെല്ലാം അടിസ്ഥാനം നിയമാനുസൃതമായ വിവാഹമാണെന്ന് ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ അനുശാസനയനുസരിച്ച് വിവാഹം കേവല സാമൂഹിക ഉടമ്പടിയോ കരാറോ അല്ല. പ്രത്യുത നാഗരികവും ഭൗതികവും ആത്മീയവും മതപരവുമായ നിരവധി താല്‍പര്യങ്ങളുടെ സംരക്ഷണം വിവാഹം മുഖേന സംസിദ്ധമാവുന്നുണ്ട്. സമൂഹത്തിന്റെ സദാചാരനിഷ്ഠമായ നിലനില്‍പും തലമുറകളുടെ അന്യൂനമായ വംശവിശുദ്ധിയും വിവാഹം ഉറപ്പുവരുത്തുന്നുണ്ട്. സാമൂഹിക ജീവിതത്തിന്റെ ദിശാനിര്‍ണയത്തിനാസ്പദമായ ഉറച്ച നിലപാടുകള്‍ ഇഛാശക്തിയോടെ നടപ്പാക്കുന്നതിന് ഖുര്‍ആന്‍ ഉപയോഗിക്കുന്ന പൊതുസംജ്ഞയായ 'മീഥാഖ്' എന്ന പദമാണ് വിവാഹത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചിട്ടുള്ളത്. ''നിങ്ങള്‍ അന്യോന്യം ഇഴുകിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് ബലിഷ്ഠമായ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ....'' (അന്നിസാഅ് 21) എന്ന് ഖുര്‍ആന്‍ വിവാഹബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അര്‍ഥമാക്കുന്നത്, 'മീഥാഖി'നെ കുറിച്ച ഈ വിവക്ഷയാണെന്ന് ഇബ്‌നു കസീര്‍ വിശദീകരിക്കുകയും ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം അതിന് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. രണ്ട് കുടുംബങ്ങളില്‍ ഭിന്ന അഭിരുചികളും അഭിനിവേശങ്ങളുമായി കഴിഞ്ഞുകൂടിയ സ്ത്രീയും പുരുഷനും വിവാഹ കരാറോടെ കുടുംബമെന്ന പുതിയ സ്ഥാപനത്തിന് അടിത്തറ പാകുന്നു എന്ന സത്യം അംഗീകരിക്കുന്നതോടെ അവരില്‍ ചില ഉത്തരവാദിത്തങ്ങള്‍ വന്നു ഭവിക്കുന്നുണ്ട്.

1. വിവാഹജീവിതത്തിലേക്കുള്ള മാറ്റത്തിന് മാനസികമായും ശാരീരികമായും സ്വഭാവപരമായും സന്നദ്ധരാവുക.

2. ശരീഅത്ത് അനുശാസിക്കുന്ന കുടുംബത്തിന്റെ നിര്‍മിതി തങ്ങളില്‍ നിന്നാവശ്യപ്പെടുന്ന ചുമതലകളെക്കുറിച്ച് ദമ്പതികള്‍ക്ക് ബോധ്യമുണ്ടാവുക.

3. ജീവിതത്തിലുടനീളം സംതൃപ്തിയും സന്തുഷ്ടിയും നിറഞ്ഞുനില്‍ക്കാന്‍ ഏറ്റവും ആവശ്യം, മറ്റു താല്‍പര്യങ്ങള്‍ക്കൊന്നും വശംവദരാവാതെ പൂര്‍ണ മനസ്സോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. വിവാഹം ലക്ഷ്യമല്ല, മഹത്തായ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗമാണ്.

4. വൈവാഹിക നിയമങ്ങളെക്കുറിച്ചും പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ അവ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഇസ്‌ലാമിക രീതികളെക്കുറിച്ചുമുള്ള സാമാന്യ ജ്ഞാനം ദമ്പതികള്‍ക്ക് വേണം. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചേക്കാവുന്ന വിവാഹമോചനത്തിന്റെ ഭവിഷ്യ ഫലങ്ങളെക്കുറിച്ചും മക്കളില്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ധാരണ ആവശ്യമാണ്.

5. നേരത്തേ വിവാഹിതരായവരുടെ ജീവിതാനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.

അവകാശങ്ങള്‍ക്കെന്നത് പോലെ ബാധ്യതകള്‍ക്കും വിശാലമായ ഇടം വിവാഹജീവിതത്തില്‍ ഉണ്ട്. ദമ്പതികള്‍ മറക്കരുതാത്തതാണ് ഈ യാഥാര്‍ഥ്യം.

ഒരു നോക്ക്, ഒരു വാക്ക്, ഒരു താങ്ങ്

ദമ്പതികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും കരുണയുടെയും വികാരങ്ങളാണ് വിവാഹജീവിതത്തിന് ഈടുപകരുന്നത്. മനഃശാന്തി നല്‍കുന്ന വൈവാഹിക ജീവിതത്തിന് അനുപേക്ഷ്യ ഘടകമാണ് പരസ്പര സ്‌നേഹം. അന്തഃസംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമിടയില്‍ കഴിയേണ്ടിവരുന്ന പുരുഷന് സാന്ത്വനത്തിന്റെ വാക്കും ആശ്വാസത്തിന്റെ താങ്ങും സ്‌നേഹത്തിന്റെ നോക്കും നല്‍കി ജീവിതം ആസ്വാദ്യമധുരമാക്കാന്‍ കഴിയുക സ്ത്രീക്കാണ്. വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രേമത്തിന്റെയും അനുരാഗത്തിന്റെയും വികാരമാണ്. അത് 'മവദ്ദത്തി'ന്റെ ഘട്ടമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചു. വയസ്സാകുന്തോറും വാര്‍ധക്യത്തിന്റെ അവശതകള്‍ ബാധിച്ചാല്‍ ദമ്പതികള്‍ക്കിടയില്‍ മുന്നിട്ടു നില്‍ക്കുന്ന വികാരം കരുണയുടെയും ആര്‍ദ്രതയുടേതുമായിരിക്കും. ഇത് 'റഹ്മത്തി'ന്റെ ഘട്ടമായാണ് ഖുര്‍ആന്‍ കാണുന്നത്. ''നിങ്ങള്‍ക്ക് മനഃശാന്തിയോടെ ഒത്തുചേരേണ്ടതിന് നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (അര്‍റൂം 21). ആദ്യഘട്ടം 'മവദ്ദത്തും' ഒടുവിലെ ഘട്ടം 'റഹ്മത്തു'മാണെന്ന് സൂചിപ്പിക്കുന്നു ഖുര്‍ആന്‍.

പരസ്പരം സഹകരണ മനോഭാവത്തോടെ ജീവിത ഭാരങ്ങള്‍ പങ്കിടാന്‍ ദമ്പതികള്‍ കാണിക്കുന്ന ഔത്സുക്യം ഈടുറ്റ ദാമ്പത്യ ബന്ധത്തിന് വഴിവെക്കും. വീടകത്ത് വിരിയുന്ന സ്‌നേഹത്തിന്റെ വസന്തം വീടിന് പുറത്തും സൗരഭ്യം പരത്തും. സൗമ്യതയുടെയും സന്മനോഭാവത്തിന്റെയും സദ്ഭാവനയുടെയും കുളിര്‍മയുള്ള വീടുകളില്‍ വളരുന്ന സന്തതികള്‍ക്ക് സമൂഹത്തില്‍ മറിച്ചൊരു സ്വഭാവം പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നത് അനുഭവ സത്യമാണ്. ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നീ അടിസ്ഥാന ഘടകങ്ങളില്‍ രൂപം കൊള്ളുന്ന കുടുംബത്തില്‍ ഉണ്ടാവേണ്ട അതിപ്രധാനമായ ഒന്നാകുന്നു കൂടിയാലോചനാ സംസ്‌കാരം. പരസ്പരം ഉള്ളുതുറന്ന് സംസാരിച്ചും ചര്‍ച്ച ചെയ്തും കുടുംബ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയുകയെന്നത് മഹാ ഭാഗ്യമാണ്. എല്ലാ തലങ്ങളിലും കൂടിയാലോചനകള്‍ക്ക് അനുശാസിക്കുന്ന ഇസ്‌ലാമിന്റെ ഈ സംസ്‌കാരം പൂര്‍ണമായി ഉള്‍ക്കൊണ്ടായിരുന്നു നബി (സ)യുടെ കുടുംബജീവിതം.

കുടുംബത്തോടുള്ള നല്ല പെരുമാറ്റമാണ് ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ മാനദണ്ഡമെന്ന് നബി(സ)വ്യക്തമാക്കി. ''നിങ്ങളില്‍ ഉത്തമന്‍ തന്റെ കുടുംബത്തോട് നന്മയില്‍ വര്‍ത്തിക്കുന്നവനാകുന്നു.'' 'ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായ രീതിയില്‍ പെരുമാറുന്നവനാകുന്നു' എന്ന് പ്രവാചകന്‍ തന്നെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വ്യക്തിത്വത്തിലെ ഈ വിശിഷ്ട ഭാവത്തെയാണ് വെളിവാക്കുന്നത്. 'ഭൗതിക ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വരദാനം സദ്‌വൃത്തയായ ഭാര്യയാകുന്നു' എന്ന് സൂചിപ്പിച്ച പ്രവാചകന്‍ സ്ത്രീകളുടെ സ്വര്‍ഗപ്രവേശത്തിന് ഏറ്റവും കുറഞ്ഞ ഉപാധികളേ വെച്ചുള്ളൂ. ''സത്രീ അഞ്ചു നേരം നമസ്‌കരിക്കുകയും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും പാതിവ്രത്യം കാത്തുസൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവള്‍ ആഗ്രഹിക്കുന്ന കവാടത്തിലൂടെ അവള്‍ക്ക് സ്വര്‍ഗത്തില്‍ കടക്കാം.'' കുടുംബ സ്ഥാപനത്തില്‍ മാതാക്കള്‍ക്കുള്ള പങ്ക് എടുത്തു പറഞ്ഞ നബി(സ) 'സ്വര്‍ഗം മാതാക്കളുടെ കാല്‍ച്ചുവട്ടിലാണ്' എന്ന് പഠിപ്പിച്ചു. മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമുള്ള അവകാശങ്ങളും ബാധ്യതകളും നിര്‍ണയിച്ചു നല്‍കിയ പ്രവാചകന്‍ 'കുടുംബബന്ധം അറുത്തു മാറ്റിയവന്‍ സ്വര്‍ഗപ്രവേശത്തിന് അര്‍ഹനാവില്ലെ'ന്ന് ഗൗരവത്തോടെ ഉണര്‍ത്തി.

വിവാഹം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ട്, സന്താനപരിപാലനം, വിവാഹമോചനം, ദമ്പതികള്‍ക്കിടയിലെ പ്രശ്‌നപരിഹാര രീതികള്‍ തുടങ്ങി കുടുംബജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ഭദ്രമായ കുടുംബബന്ധത്തിന് ഊനമണച്ചേക്കാവുന്ന എല്ലാ പഴുതുകളും അടച്ചു. വിവാഹേതര ബന്ധങ്ങളുടെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിച്ച ഖുര്‍ആന്‍ വ്യഭിചാരമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിച്ചു. സ്ത്രീ-പുരുഷ ബന്ധത്തിന്റെ അതിരുകള്‍ നിശ്ചയിച്ച പോലെ ഭാര്യാ-ഭര്‍ത്താക്കന്മാരുടെ അവകാശങ്ങളും ബാധ്യതകളും വിവരിച്ചു. ''സ്ത്രീക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെത്തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്'' (അല്‍ബഖറ 228). 'അവര്‍ നിങ്ങളുടെ വസ്ത്രമാകുന്നു, നിങ്ങള്‍ അവരുടെ വസ്ത്രവുമാകുന്നു' എന്ന ഖുര്‍ആന്റെ വര്‍ണനയെക്കാള്‍ മനോഹരമായി ദാമ്പത്യബന്ധത്തെ നിര്‍വചിക്കാന്‍ ആര്‍ക്ക് കഴിയും!

വീട്, കുടുംബം എന്നീ സുന്ദര സങ്കല്‍പങ്ങള്‍ വളര്‍ത്തി മനുഷ്യബന്ധങ്ങളുടെ പവിത്രത ഉയര്‍ത്തിക്കാട്ടുന്ന ഇസ്‌ലാമിന്റെ മഹത്വം തിരിച്ചറിയേണമെങ്കില്‍ പാശ്ചാത്യ നാടുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന 'സര്‍വതന്ത്ര സ്വാതന്ത്ര്യ'ത്തിന്റെ തിരിച്ചടികള്‍ പഠിക്കണം. പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തെറ്റായ സംസ്‌കാരവും ചിന്താരീതികളും കാഴ്ചപ്പാടുകളും അവിടങ്ങളിലെ വിവാഹനിരക്കില്‍ ഉണ്ടായ തകര്‍ച്ചയില്‍ പ്രതിഫലിച്ചതായി കാണാം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളില്‍ ഏറിയ പങ്കും വിവാഹേതര ബന്ധത്തിലൂടെയുള്ളതാവും എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം ചൂണ്ടിക്കാട്ടുന്നു: ''2016-ഓടെ ബ്രിട്ടനിലെ കുഞ്ഞുങ്ങള്‍ ഏറിയ പങ്കും വിവാഹബന്ധത്തിന് പുറത്താവും പിറന്നുവീഴുക.'' അവിവാഹിതരായ അമ്മമാര്‍ക്ക് പിറന്ന കുഞ്ഞുങ്ങള്‍ സര്‍വ റെക്കോര്‍ഡുകളെയും തകര്‍ത്ത് കഴിഞ്ഞ വര്‍ഷം 47.6 ശതമാനമായി ഉയര്‍ന്നെന്ന് പത്രം പറയുന്നു. വിവാഹിതരായ ദമ്പതികള്‍ക്ക് നികുതി സൗജന്യമുള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കി വിവാഹജീവിതത്തെ ശക്തിപ്പെടുത്താന്‍ നടപടി വേണമെന്ന് മുന്‍ കുടുംബകാര്യ മന്ത്രി ലാഫ്ടണ്‍ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ വിവാഹേതര ബന്ധത്തിലൂടെ പിറന്നു വീണ കുഞ്ഞുങ്ങളുടെ എണ്ണം 346595 ആണ്. 2011-ലെ സെന്‍സസ് അനുസരിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവാഹനിരക്ക് നാല്‍പത്തഞ്ച് ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിലും വെയില്‍സിലും 11 ദശലക്ഷം ആളുകള്‍ വിവാഹം വേണ്ടെന്ന് വെച്ച് അവിവാഹിതരായി ജീവിക്കുമ്പോള്‍ അഞ്ച് ദശലക്ഷം അവിവാഹിതര്‍ തങ്ങളുടെ പങ്കാളികളുമൊത്ത് 'ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ' കഴിയുന്നു. ബ്രിട്ടനിലെ തിങ്ക് ടാങ്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്‍സര്‍വേറ്റീവ് ആന്റ് പെന്‍ഷന്‍ സെക്രട്ടറി ലയന്‍ഡങ്കന്‍ സ്മിത്ത് സ്ഥാപിച്ച സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ബ്രിട്ടനിലെ വിവാഹ നിരക്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ച സര്‍വ വിനാശത്തിലേക്കുള്ള വീഴ്ചയാണെന്ന് പരിതപിക്കുന്നു (ടെലിഗ്രാഫ് 2013 ജൂലൈ 10). 

വ്യക്തി, വിവാഹം, കുടുംബം, സമൂഹം എന്നീ വിവിധ ശ്രേണികളിലൂടെ വളര്‍ന്നു വികസിക്കുന്ന മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിന്നാധാരമായി നിലകൊള്ളുന്ന വ്യക്തമായ അധ്യാപനങ്ങള്‍ കാഴ്ചവെക്കുന്ന ഇസ്‌ലാമിന്റെ നന്മ, പാശ്ചാത്യ രാജ്യങ്ങളിലെ ദുരനുഭവങ്ങള്‍ അറിയുമ്പോഴാണ് തിരിച്ചറിയാനാവുക. ബ്രിട്ടന്‍ ഉദാഹരണം മാത്രം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍