Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-14

         ഹയ്യ് സംസാരിക്കുകയില്ലെന്ന് അറിഞ്ഞപ്പോള്‍ അവനുമായി കൂട്ടുകൂടുന്നത് കൊണ്ട് തന്റെ വിശ്വാസത്തിന് കേടൊന്നും സംഭവിക്കുകയില്ലെന്ന ധൈര്യം അബ്‌സാലിന് ലഭിച്ചു. അവനെ സംസാരവും മതവും വിജ്ഞാനവും പഠിപ്പിക്കാനും അതുവഴി ദൈവത്തിന്റെ സാമീപ്യവും പ്രതിഫലവും നേടാനും അവന്‍ ആഗ്രഹിച്ചു. അങ്ങനെ അവന്‍ ഹയ്യ്ബ്‌നു യഖ്ദാനെ ഭാഷ പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യം ഓരോ വസ്തുവിനെ ചൂണ്ടിക്കാണിച്ച് അവയുടെ പേരുകള്‍ പറഞ്ഞുകൊടുത്തു.  അവ പലവട്ടം ആവര്‍ത്തിക്കുകയും അവനെക്കൊണ്ട് അതുപോലെ പറയിപ്പിക്കുകയും ചെയ്തു. അങ്ങനെ പതുക്കെ പതുക്കെ പുരോഗതി നേടി എല്ലാ നാമങ്ങളും അവന്‍ ഹൃദിസ്ഥമാക്കി.

കുറഞ്ഞകാലം കൊണ്ട് ഹയ്യ് സംസാരിക്കാന്‍ പഠിച്ചപ്പോള്‍ അവന്റെ ജീവിതരീതിയെക്കുറിച്ച് അബ്‌സാല്‍ അന്വേഷിച്ചു. ആ ദ്വീപില്‍ എത്തിപ്പെട്ടത് എവിടെ നിന്നാണെന്നും എങ്ങനെയാണെന്നും തിരക്കി. തന്റെ ജനനത്തെക്കുറിച്ച് തനിക്കൊന്നും നിശ്ചയമില്ലെന്നായിരുന്നു ഹയ്യിന്റെ മറുപടി. തന്നെ പോറ്റിവളര്‍ത്തിയ മാന്‍പേടയൊഴികെ മറ്റൊരു മാതാവിനെയോ പിതാവിനെയോ തനിക്കറിയില്ലെന്നും അവന്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ ജീവിതത്തെപ്പറ്റി ആദ്യം തൊട്ട് അവസാനം വരെ അവന്‍ വിവരിച്ചു. ജ്ഞാനത്തിന്റെ ഓരോ പടവും കയറിക്കയറി ഒടുവില്‍ ദൈവവുമായുള്ള സമ്പൂര്‍ണ ഐക്യത്തിലും വിലയത്തിലും എത്തിച്ചേര്‍ന്നതെങ്ങനെയെന്നും വിശദീകരിച്ചു.

ഹയ്യിന്റെ വിവരണം അബ്‌സാല്‍ സശ്രദ്ധം കേട്ടു. ഭൗതികലോകത്തിനപ്പുറമുള്ള സത്തകള്‍, അവക്ക് പരമസത്യത്തെക്കുറിച്ചുള്ള ജ്ഞാനം, പരിശുദ്ധനും  അത്യുന്നതനുമായ ദൈവത്തിന്റെ സുന്ദരമായ ഗുണവിശേഷങ്ങള്‍, ദൈവത്തില്‍ വിലയം പ്രാപിച്ചവര്‍ക്ക് കിട്ടുന്ന വെളിപാടുകള്‍, ദൈവപ്രേമികള്‍ അനുഭവിക്കുന്ന അനുരാഗത്തിന്റെ തീവ്ര വേദന-ഇവയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അബ്‌സാലിന് ഒരു കാര്യം ബോധ്യപ്പെട്ടു. ശരീഅത്തില്‍ പറഞ്ഞിട്ടുള്ള അല്ലാഹു, മലക്കുകള്‍, ദൈവിക ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യദിനം, സ്വര്‍ഗനരകങ്ങള്‍, രക്ഷാശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഹയ്യ് ബ്‌നു യഖ്ദാന്‍ തന്റെ വെളിപാടില്‍ കണ്ട കാര്യങ്ങളുടെ പ്രതീകങ്ങള്‍ മാത്രമാണ്. അവന്റെ ഹൃദയത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുന്നതായും അവന്റെ മനസ്സിലെ അഗ്നി ജ്വലിച്ചിരിക്കുന്നതായും അവനില്‍ യുക്തിയും പാരമ്പര്യവും സമന്വയിച്ചിരിക്കുന്നതായും അവന്‍ മനസ്സിലാക്കി. വ്യാഖ്യാനത്തിന്റെ വഴികള്‍ അവന് എളുപ്പമായിരിക്കുന്നു. ശരീഅത്തിലെ യാതൊരു പ്രശ്‌നവും അവന് ദുര്‍ഗ്രഹമായി അവശേഷിക്കുന്നില്ല. അവന്റെ മുന്നില്‍ ഒരു കാര്യവും അടഞ്ഞുകിടക്കുന്നില്ല. അവന് ഒരു കാര്യവും  അവ്യക്തമായിരിക്കുന്നില്ല. അവന്‍ ജ്ഞാനിയായിരിക്കുന്നു.

അതോടെ ഹയ്യ്ബ്‌നു യഖ്ദാനോട് അബ്‌സാലിന് ബഹുമാനവും ആദരവും തോന്നി. ഹയ്യ് ഭയദുഃഖങ്ങളില്ലാത്ത പുണ്യവാളന്മാരുടെ ഗണത്തില്‍ പെട്ടവനാണ് അവനെന്ന് ഉറപ്പായി. അവനെ സേവിച്ചും അനുകരിച്ചും കഴിയാനും സ്വന്തം സമുദായത്തില്‍ നിന്ന് പഠിച്ച ശരീഅത്തിലെ കര്‍മങ്ങള്‍ അവന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അനുഷ്ഠിക്കാന്‍ അബ്‌സാല്‍ തീരുമാനിച്ചു.

പിന്നെ ഹയ്യ്ബ്‌നു യഖ്ദാന്‍അബ്‌സാലിന്റെ വിശേഷങ്ങളെയും ജീവിത രീതികളെയും കുറിച്ച് അന്വേഷിച്ചു. തന്റെ ദ്വീപിനെയും അതില്‍ വസിക്കുന്ന ജനങ്ങളെയും പ്രവാചകന്‍ സ്ഥാപിച്ച ആ സമുദായം അവിടെ എത്തുന്നതിനു മുമ്പുള്ള അവരുടെ ജീവിത രീതികളെയും അതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെയും പറ്റി വിവരിച്ചു. അതോടൊപ്പം സ്വര്‍ഗം, നരകം, പുനരുത്ഥാനം, വിചാരണാ സഭ, മീസാന്‍, സ്വിറാത്ത് തുടങ്ങിയ അതിഭൗതിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ശരീഅത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചും വിവരിച്ചുകൊടുത്തു. അതെല്ലാം ഹയ്യ്ബ്‌നു യഖ്ദാന്‍ വളരെ വേഗം മനസ്സിലാക്കി. തന്റെ വെളിപാടില്‍ കണ്ട കാര്യങ്ങളോട് വിയോജിക്കുന്ന ഒന്നും അവയിലുണ്ടായിരുന്നില്ല. ആ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്ത വ്യക്തി സത്യസന്ധനും ദൈവം നിയോഗിച്ചയച്ച പ്രവാചകനുമാണെന്ന് സ്വയം ബോധ്യപ്പെട്ട് ആ പ്രവാചകനില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു.

അനന്തരം പ്രവാചകന്‍ ഉപദേശിച്ച കര്‍മങ്ങളെയും ആരാധനകളെയും കുറിച്ച് ഹയ്യ് അന്വേഷിച്ചു. അപ്പോള്‍ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളെക്കുറിച്ച് അബ്‌സാല്‍ വിവരിച്ചുകൊടുത്തു. അവന്‍ അതെല്ലാം അംഗീകരിച്ചു. താന്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്ത പ്രവാചകന്റെ നിര്‍ദേശമെന്ന നിലക്ക് അവയെല്ലാം അനുഷ്ഠിക്കാന്‍ സ്വയം തീരുമാനിക്കുകയും ചെയ്തു.

എങ്കിലും രണ്ടു കാര്യങ്ങള്‍ അവനെ അത്ഭുതപ്പെടുത്തി. അവയിലടങ്ങിയ യുക്തി അവന് മനസ്സിലാക്കാനായില്ല. ദൈവിക ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മനുഷ്യന് വിവരിച്ചുകൊടുത്തപ്പോള്‍ പ്രവാചകന്‍ എന്തിന് ഉദാഹരണങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചു എന്നതായിരുന്നു ഒന്നാമത്തെ പ്രശ്‌നം. അതുകൊണ്ടാണല്ലോ മനുഷ്യന്‍ ദൈവത്തിന് മൂര്‍ത്ത രൂപങ്ങള്‍ സങ്കല്‍പിക്കാനും ദൈവത്തിന് നിരക്കാത്ത ആശയങ്ങള്‍ അവന്റെ മേല്‍ ആരോപിക്കാനും ഇടയായത്. അതുപോലെ വരുംജീവിതത്തിലെ രക്ഷാശിക്ഷകളെക്കുറിച്ച് പറഞ്ഞതും അവന് വിചിത്രമായി അനുഭവപ്പെട്ടു. രണ്ടാമത്തെ കാര്യം ഇതായിരുന്നു: എന്തിനാണ് ദൈവം ഈ ആരാധനകളും കര്‍മങ്ങളും കൊണ്ട് മതിയാക്കുകയും, സമ്പത്ത് വര്‍ധിപ്പിക്കാനനുവദിക്കുകയും ഭക്ഷണത്തിന്റെ കാര്യത്തില്‍ വിശാലത കൈക്കൊള്ളുകയും ചെയ്തത്? അതുകൊണ്ടാണല്ലോ അവര്‍ തെറ്റായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും സത്യത്തില്‍ നിന്ന് അകലുകയും ചെയ്യുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായതല്ലാതെ ആരും ആഹരിക്കരുതെന്നായിരുന്നു അവന്റെ അഭിപ്രായം. സമ്പത്തിനെക്കുറിച്ചാകട്ടെ, അതൊരു ആവശ്യമാണെന്ന് തന്നെ അവന് തോന്നിയിരുന്നില്ല.

ശരീഅത്തില്‍ സകാത്ത്, കച്ചവടം, പലിശ, പുനരുത്ഥാനം, രക്ഷാ ശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ വിവരിച്ചിരിക്കുന്നതും അവന് ഏറെ വിചിത്രമായി അനുഭവപ്പെട്ടു. അവയെല്ലാം ഉപരിപ്ലവമാണെന്നായിരുന്നു അവന്റെ പക്ഷം. കാര്യങ്ങള്‍ നേര്‍ക്കുനേരെ മനുഷ്യന് വിവരിച്ചുകൊടുത്താല്‍ അവര്‍ ഇത്തരം അനാവശ്യകാര്യങ്ങളെല്ലാം വലിച്ചെറിഞ്ഞ് സത്യത്തെ പിന്‍പറ്റും. ഇവയൊന്നും കൂടാതെത്തന്നെ അവര്‍ തൃപ്തിപ്പെടും. മാത്രമല്ല, സകാത്ത് ഈടാക്കാന്‍ മാത്രം സമ്പത്ത് ആരും കൈവശം വെക്കുകയില്ല. കടത്തിന്റെ പേരില്‍ ആരുടെയും കൈ വെട്ടേണ്ടിവരികയോ കൊള്ളയടിച്ചതിന്റെ പേരില്‍ ജീവനെടുക്കേണ്ടിവരികയോ ഇല്ല.

എല്ലാ മനുഷ്യരും പരിശുദ്ധമായ പ്രകൃതിയും പരിപക്വമായ ബുദ്ധിയും അചഞ്ചലമായ മനസ്സും ഉള്ളവരാണെന്ന ധാരണയിലാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. അവരുടെ മണ്ടത്തരത്തെയും പക്വതയില്ലായ്മയെയും വീക്ഷണ വൈകല്യങ്ങളെയും ചാഞ്ചാട്ടങ്ങളെയും കുറിച്ച് അവന്‍ മനസ്സിലാക്കിയിരുന്നില്ല. അവര്‍ മൃഗങ്ങളെപ്പോലെയോ അവറ്റകളേക്കാള്‍ തരംകെട്ടവരോ ആണെന്നും അവന്‍ അറിഞ്ഞിരുന്നില്ല.

മനുഷ്യനോട് അവന് അതിരറ്റ സ്‌നേഹവും വാത്സല്യവും തോന്നി. അവര്‍ക്ക് സത്യമാര്‍ഗം കാണിച്ചുകൊടുക്കാന്‍ അവന്‍ ആഗ്രഹിച്ചു. തന്നിലൂടെ അവര്‍ രക്ഷപ്രാപിക്കാന്‍ കൊതിച്ചു. അങ്ങനെ അവരുടെയടുക്കല്‍ എത്തിച്ചേരാനും അവരോട് സത്യം തുറന്ന് പറയാനും അവന്‍ തീരുമാനിച്ചു. ഈ തീരുമാനം അബ്‌സാലിനെ അറിയിക്കുകയും അവരുടെ അടുത്തെത്താനുള്ള മാര്‍ഗത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു.

ജനങ്ങളുടെ സ്വഭാവ വൈകല്യങ്ങളെക്കുറിച്ചും അല്ലാഹുവിന്റെ കല്‍പനകളോടുള്ള അവരുടെ വിമുഖതയെക്കുറിച്ചും അബ്‌സാല്‍ പറഞ്ഞെങ്കിലും അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അവന് സാധിച്ചില്ല. തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ മനസ്സ് അവനെ അനുവദിച്ചില്ല. അബ്‌സാലാകട്ടെ, അവന്‍ മുഖേന തന്റെ പരിചയക്കാരില്‍ ചിലരെ അല്ലാഹു സന്മാര്‍ഗത്തിലാക്കിയേക്കാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് അവനോട് സഹകരിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. രണ്ടു പേരും കടല്‍ക്കരയില്‍ ചെന്ന് കടല്‍ കടക്കാനുള്ള എന്തെങ്കിലും ഒരു വഴി അല്ലാഹു തുറന്നുകൊടുക്കുംവരെ രാവും പകലും വിടാതെ അവിടെത്തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു.

ഒടുവില്‍ അല്ലാഹുവിന്റെ ഇഛയാല്‍, കടലില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കപ്പല്‍ വഴി തെറ്റി. കാറ്റും തിരമാലകളും അതിനെ തീരത്തേക്ക് കൊണ്ടുവന്നു. രണ്ട് മനുഷ്യര്‍ കടല്‍തീത്ത് ഇരിക്കുന്നത് കപ്പല്‍ യാത്രക്കാരുടെ ദൃഷ്ടിയില്‍ പെട്ടു. അവര്‍ അടുത്തുവന്നപ്പോള്‍ അബ്‌സാല്‍ അവരുമായി സംസാരിക്കുകയും തങ്ങളെ അവരോടൊപ്പം കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. അവരത് അംഗീകരിച്ച് രണ്ടു പേരെയും കപ്പലില്‍ കയറ്റിയിരുത്തി. അപ്പോള്‍ അല്ലാഹു ഒരു കാറ്റിനെ അയച്ച് കുറഞ്ഞ സമയം കൊണ്ട് അവരെ അവര്‍ ആഗ്രഹിച്ച ദ്വീപില്‍ എത്തിച്ചു.

അവരെ കണ്ട് അബ്‌സാലിന്റെ കൂട്ടുകാരും പരിചയക്കാരുമായ ആളുകള്‍ ഒരുമിച്ചുകൂടി.അബ്‌സാല്‍ അവര്‍ക്ക് ഹയ്യ്ബ്‌നു യഖ്ദാനെ പരിചയപ്പെടുത്തി. അവനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ അവനെ പൊതിഞ്ഞു. ജനങ്ങള്‍ ഉയര്‍ന്ന ബുദ്ധിയും ഗ്രഹണശേഷിയും ഉള്ളവരാണെന്നും അവരെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ സാധിക്കുകയില്ലെന്നും അബ്‌സാല്‍ അവനോട് പറഞ്ഞു.

അബ്‌സാലിന്റെ കൂട്ടുകാരനായ സലാമാന്‍ ആയിരുന്നു ആ ദ്വീപിലെ പ്രധാനി. ജനങ്ങളുമായി സഹവസിക്കാന്‍ ഇഷ്ടപ്പെടുന്നവനും ഏകാന്തവാസത്തില്‍ താല്‍പര്യമില്ലാത്തവനുമായിരുന്നു അയാള്‍. ഹയ്യ്ബ്‌നു യഖ്ദാന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. കാര്യങ്ങളുടെ ഉള്‍പൊരുളുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു. എന്നാല്‍, അവന്‍ ബാഹ്യകാര്യങ്ങളില്‍ നിന്ന് അല്‍പം ഉയരുകയും, അവര്‍ നേരത്തെ മനസ്സിലാക്കിവെച്ചതില്‍ നിന്ന് വ്യത്യസ്തമായ സത്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ അവര്‍ പിറകോട്ടുവലിഞ്ഞു. അവന്‍ പറയുന്ന കാര്യങ്ങളോട് അവരുടെ മനസ്സുകള്‍ക്ക് വെറുപ്പും അകല്‍ച്ചയും തോന്നി.  ഒരു പരദേശിയാണെന്ന പരിഗണന കൊണ്ടും തങ്ങളുടെ കൂട്ടുകാരനായ അബ്‌സാലിനോടുള്ള ആദരവു കൊണ്ടും അവര്‍ അതൃപ്തി പുറത്ത് കാണിക്കുകയുണ്ടായില്ലെങ്കിലും ഹൃദയത്തിന്റെ ഉള്ളില്‍ അവര്‍ക്ക് അവനോട് വിദ്വേഷമുണ്ടായിരുന്നു.

അതൊന്നും കണക്കിലെടുക്കാതെ  ഹയ്യ്ബ്‌നു യഖ്ദാന്‍ രാവും പകലും സ്‌നേഹപൂര്‍വം അവരുമായി സംവദിച്ചു. പരസ്യമായും സ്വകാര്യമായും അവര്‍ക്ക് സത്യം പറഞ്ഞുകൊടുത്തു. പക്ഷേ, അതെല്ലാം അവരുടെ കോപം വര്‍ധിപ്പിക്കുകയേ ചെയ്തുള്ളൂ. നന്മയെ ഇഷ്ടപ്പെടുന്നവരും സത്യത്തെ ആഗ്രഹിക്കുന്നവരുമായിരുന്നുവെങ്കിലും അവരുടെ പ്രകൃതിയുടെ അപക്വത കാരണം അതിനെ യഥാര്‍ഥ വഴിയിലൂടെ തേടുവാനും, യഥാര്‍ഥ കവാടത്തിനോട്  ചോദിക്കാനും, യഥാര്‍ഥ രീതിയില്‍  സ്വീകരിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല. മറിച്ച്, മറ്റുള്ളവരെ പോലെ സാധാരണ വഴിയിലൂടെ അത് സ്വായത്തമാക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. അതോടെ അവരെക്കുറിച്ചുള്ള പ്രതീക്ഷ അവന് നഷ്ടപ്പെട്ടു. അവരെ സംസ്‌കരിക്കാമെന്നുള്ള ആശക്ക് ക്ഷമതേറ്റു.

അതിനു ശേഷം ജനങ്ങളിലെ വ്യത്യസ്ത വര്‍ഗങ്ങളെ അവന്‍ അവലോകനം ചെയ്തു. അപ്പോള്‍ ഓരോ വിഭാഗവും അതിന്റെ കൈവശമുള്ളതില്‍ സംതൃപ്തരും സന്തുഷ്ടരുമാണെന്ന്  കണ്ടു. അവരുടെ ദൈവം അവരുടെ ദേഹേഛകളാണ്. അവര്‍ ആരാധിക്കുന്നത് അവരുടെ കാമനകളെയാണ്. ഭൗതിക വിഭവങ്ങള്‍ കുന്നുകൂട്ടുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. പരസ്പര മത്സരം അവരെ അശ്രദ്ധരാക്കിയിരിക്കുന്നു. ഖബ്‌റുകളില്‍ എത്തിച്ചേരുന്നതുവരെ അവരത് തുടരുന്നു. അതിനാല്‍ ഉപദേശങ്ങള്‍ അവരില്‍ ഫലിക്കുകയില്ല. സംവാദങ്ങള്‍ അവരുടെ ദുശ്ശീലങ്ങളെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. നല്ല വാക്കുകള്‍ അവരില്‍ വിലപ്പോവുകയില്ല. യുക്തിദീക്ഷ അവരില്‍ ഏശുകയില്ല. അജ്ഞത അവരെ മൂടിയിരിക്കുന്നു. ''അല്ലാഹു അവരുടെ ഹൃദയങ്ങളിലും കാതുകളിലും മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകളില്‍ മൂടിയുണ്ട്. ഭയങ്കരമായ ശിക്ഷ അവര്‍ക്കുണ്ട്'' (ഖുര്‍ആന്‍ 2:7).

ശിക്ഷയുടെ മതിലുകള്‍ അവരെ വലയം ചെയ്തിരിക്കുന്നു. ഇരുളിന്റെ തിരശ്ശീലകള്‍ അവരെ മൂടിയിരിക്കുന്നു. അവരില്‍ കുറച്ചു പേരൊഴികെ മറ്റുള്ളവരൊക്കെയും ഐഹികലോകത്തില്‍ മാത്രം താല്‍പര്യമുള്ളവരാണ്. ലളിതവും അനായാസവുമായിരുന്നിട്ട് പോലും, തങ്ങളുടെ മതപരമായ ബാധ്യതകളെയും അനുഷ്ഠാനങ്ങളെയും അവര്‍ പിറകിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. അവ കൊടുത്തിട്ട് വില കുറഞ്ഞ കാര്യങ്ങളെ അവര്‍ വാങ്ങിയിരിക്കുകയാണ്. കച്ചവടവും വ്യാപാരവും ദൈവസ്മരണയില്‍ നിന്ന് അവരെ അകറ്റിയിരിക്കുന്നു. 'കണ്ണുകളും ഹൃദയങ്ങളും ഇളകിമറിയുന്ന ദിവസത്തെ' അവര്‍ ഭയപ്പെടുന്നില്ല. ഇതെല്ലാം കണ്ടപ്പോള്‍ ഒരു കാര്യം അവന് കൃത്യമായി ബോധ്യപ്പെട്ടു. വെളിപാടിന്റെ ഭാഷയില്‍ അവരോട് സംസാരിക്കുന്നത് ഫലം ചെയ്യുകയില്ല. അവരുടെ കഴിവിന് അപ്പുറമുള്ള പ്രവൃത്തികള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ഉചിതമല്ല. ബഹുജനങ്ങളെ സംബന്ധിച്ചേടത്തോളം ദൈവിക നിയമങ്ങള്‍ ഈ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരെയാക്കുന്നതിനു വേണ്ടിയുള്ളതാണ്. അതായത് ഇവിടെ അവരുടെ ജീവിതം സുഖകരമായിരിക്കണം. ഒരു മനുഷ്യനും മറ്റൊരാളുടെ സ്വത്തില്‍ കൈയേറ്റം നടത്തരുത്. അവരില്‍ അപൂര്‍വം ചിലര്‍ മാത്രമേ പലലോകത്തിലെ ആനന്ദ സൗഭാഗ്യങ്ങള്‍ക്ക് അര്‍ഹരാവുകയുള്ളൂ. പരലോകത്തിനു വേണ്ടി കൃഷിയിറക്കുന്നവരും സത്യവിശ്വാസിയായിക്കൊണ്ട് അതിനു ചെയ്യേണ്ട പരിശ്രമങ്ങളൊക്കെ ചെയ്യുന്നവരുമാണ് അവര്‍. എന്നാല്‍, ധിക്കരിക്കുകയും ഐഹിക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തവരുടെ സങ്കേതം നരകമത്രെ.

ഒരാള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് വീണ്ടും ഉറക്കത്തിലേക്ക് മടങ്ങുന്നതിനിടയിലുള്ള അയാളുടെ ജീവിതത്തെ നീ പരിശോധിച്ചു നോക്കുക. വില കുറഞ്ഞ ചില ഭൗതിക വസ്തുക്കള്‍ സ്വായത്തമാക്കാനുള്ള പരിശ്രമങ്ങളല്ലാതെ മറ്റൊന്നും അയാള്‍ ചെയ്യുന്നതായി നീ കാണുകയില്ല. അതായത് സമ്പത്ത് വാരിക്കൂട്ടുക, സുഖം ആസ്വദിക്കുക, പ്രശസ്തി കൈവരിക്കുക, മനസ്സിന്റെ സ്വസ്ഥതക്ക് വേണ്ടി പ്രതികാരം ചെയ്യുക, സ്വയം രക്ഷക്ക് വേണ്ടി ശക്തി നേടുക, നിയമം അനുശാസിക്കുന്ന ചില ബാഹ്യമായ കര്‍മങ്ങള്‍ അനുഷ്ഠിച്ച് നല്ലവനായി ചമയുകയോ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയോ ചെയ്യുക തുടങ്ങിയ ചില കാര്യങ്ങള്‍ മാത്രമാണ് അയാള്‍ ചെയ്യുന്നതെങ്കില്‍ അതിനേക്കാള്‍ ക്ലേശകരവും ദുരിതപൂര്‍ണവുമായതും മറ്റെന്താണുള്ളത്! ഇരുണ്ട സമുദ്രത്തില്‍ അട്ടിയട്ടിയായി കിടക്കുന്ന ഇരുളുകള്‍ മാത്രമാണ് ഇവ. 'അതില്‍ കടന്നുചെല്ലാത്ത ഒരാളും നിങ്ങളുടെ കൂട്ടത്തിലില്ല. ദൈവത്തിന്റെ മാറ്റമില്ലാത്ത വിധിയാണത്.'

അങ്ങനെ ജനങ്ങളുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് അവന്‍ മനസ്സിലാക്കി. അവരില്‍ അധികപേരും വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ക്ക് തുല്യരാണ്. പ്രവാചകന്‍ വിശദീകരിച്ചതും ദൈവിക നിയമത്തില്‍ പറഞ്ഞിട്ടുള്ളതും മാത്രമാണ് ജ്ഞാനവും സന്മാര്‍ഗവും സൗഭാഗ്യവും എന്ന് അവന്‍ അറിഞ്ഞു. അവക്കപ്പുറം മറ്റൊരു മാര്‍ഗമില്ല. അതിനോട് യാതൊന്നും കൂട്ടിച്ചേര്‍ക്കേണ്ടതില്ല. ഓരോ മനുഷ്യന്നും ഓരോ പ്രത്യേക ചുമതലകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും അവര്‍ക്ക് പ്രകൃതി നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിവും ശേഷിയും ഉള്ളവരാണ്. ''അതായിരുന്നു മുന്‍ഗാമികളില്‍ അല്ലാഹുവിന്റെ നടപടിക്രമം. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ ഒരു മാറ്റവും നിനക്ക് കാണാനാവുകയില്ല.''

അങ്ങനെ, അവന്‍ സലാമാനിന്റെയും കൂട്ടുകാരുടെയും അടുക്കലേക്ക് തിരിച്ചുചെന്നു. അവരോട് പറഞ്ഞ കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. അവ പൊറുത്തുകൊടുക്കാന്‍ അപേക്ഷിച്ചു. അവരുടെ അഭിപ്രായം തന്നെയാണ് തനിക്കും ഉള്ളതെന്ന് അവരോട് ഏറ്റുപറയുകയും അവരുടെ പെരുമാറ്റച്ചട്ടങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ശരീഅത്ത് നിയമത്തിന്റെ പരിധികളും അനുഷ്ഠാന കര്‍മങ്ങളും മുറുകെപ്പിടിച്ചു ജീവിക്കാന്‍ അവരോട് അഭ്യര്‍ഥിച്ചു. തങ്ങള്‍ക്ക് പ്രസക്തമല്ലാത്ത കാര്യങ്ങളില്‍ ആഴ്ന്നിറങ്ങി ചിന്തിക്കരുത്, ദൈവിക നിയമത്തിലെ ദുര്‍ഗ്രഹമായ കാര്യങ്ങളില്‍ വിശ്വസിക്കുകയും അവ അംഗീകരിക്കുകയും ചെയ്യണം; അനാചാരങ്ങളെയും ദേഹേഛകളെയും കൈവെടിയണം. സച്ചരിതരായ പൂര്‍വസൂരികളെ പിന്‍പറ്റണം. പുതുതായി ഉണ്ടാക്കപ്പെട്ട വിശ്വാസാചാരങ്ങളെ ഉപേക്ഷിക്കണം. ബഹുഭൂരിപക്ഷം ജനങ്ങളും അനുവര്‍ത്തിക്കുന്ന, ശരീഅത്ത് നിയമങ്ങളിലുള്ള ഉദാസീനതയും ദുന്‍യാവിനോടുള്ള ആര്‍ത്തിയും കൈവെടിയണം. ഈ കാര്യങ്ങളിലൊക്കെ നല്ല ശ്രദ്ധയും കരുതലും ഉണ്ടായിരിക്കണമെന്നും അവന്‍ അവരോട് ഊന്നിപ്പറഞ്ഞു.

നന്മ ആഗ്രഹിക്കുന്നവരും എന്നാല്‍ പ്രകൃതിപരമായ ചില പാകക്കുറവുകള്‍ ഉള്ളവരുമായ ആ ജനസമൂഹത്തിന് ഇത്തരമൊരു മാര്‍ഗത്തിലൂടെയല്ലാതെ മോചനം സാധ്യമാവുകയില്ലെന്ന് അവനും കൂട്ടുകാരന്‍ അബ്‌സാലും മനസ്സിലാക്കി. ഈ അവസ്ഥയില്‍ നിന്ന് ന്യായവാദത്തിന്റെയും അനുമാനത്തിന്റെയും മേഖലയിലേക്ക് അവരെ ഉയര്‍ത്തിയാല്‍ അവര്‍ക്കത് ഗുണം ചെയ്യുകയില്ല. സൗഭാഗ്യം സിദ്ധിച്ചവരുടെ പദവയില്‍ അവര്‍ എത്തുകയുമില്ല. മറിച്ച് അവര്‍ ഇടറിവീഴുകയും അവരുടെ അന്ത്യം ദയനീയമാവുകയും ചെയ്യും. എന്നാല്‍, നിലവിലുള്ള അവസ്ഥയില്‍ മരണം വരെ തുടരുകയാണെങ്കില്‍ അവര്‍ രക്ഷപ്പെടുകയും 'വലതുപക്ഷത്ത്' നില്‍ക്കാന്‍ പ്രാപ്തരാവുകയും ചെയ്യും. എങ്കിലും, അവരെ മറികടന്ന് കൂടുതല്‍ മുന്നേറിയവര്‍ മുന്‍നിരയില്‍ എത്തുന്നതാണ്. അവരായിരിക്കും ദൈവത്തിന്റെ ഏറ്റവും സമീപസ്ഥര്‍.

അങ്ങനെ രണ്ടുപേരും അവരോട് വിട പറഞ്ഞു. തങ്ങളുടെ ദ്വീപിലേക്ക് തിരിച്ചുപോകാന്‍ കഴിയുന്ന സമയത്തിനു വേണ്ടി അവര്‍ കാത്തുനിന്നു. ഒടുവില്‍ അല്ലാഹുവിന്റെ സഹായം ആഗതമാവുകയും കടല്‍ കടക്കാനുള്ള സൗകര്യം അവര്‍ക്ക് കരഗതമാവുകയും ചെയ്തു. ദ്വീപില്‍ തിരിച്ചെത്തിയ ശേഷം  ഹയ്യ്ബ്‌നു യഖ്ദാന്‍ തന്റെ അത്യുന്നത സ്ഥാനത്ത് തിരിച്ചെത്തുന്നതിനുവേണ്ടി മുമ്പ് അനുഷ്ഠിച്ചിരുന്ന പരിശീലന മുറകളില്‍ മുഴുകയും ആ സമുന്നത പദവി വീണ്ടെടുക്കുകയും ചെയ്തു. അബ്‌സാലാകട്ടെ അവന്റെ കാല്‍പാടുകളെ പിന്തുടര്‍ന്ന്, അവനോടൊപ്പം പുരോഗതി നേടുകയും അവന്‍ എത്തിയതിന്റെ തൊട്ടടുത്ത പദവിയില്‍ എത്തുകയും ചെയ്തു. അങ്ങനെ ആ ദ്വീപില്‍ അല്ലാഹുവിനെ ആരാധിച്ചും സേവിച്ചും കൊണ്ട് മരണം വരെ ഇരുവരും കഴിഞ്ഞുകൂടി. 

(അവസാനിച്ചു)

വിവ: റഹ്മാന്‍ മുന്നൂര്
ചിത്രീകരണം: എം. കുഞ്ഞാപ്പ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍