ഗാന്ധിയോ ഗോഡ്‌സെയോ?
മനുഷ്യന്‍ അവന്റെ ദീര്‍ഘകാലത്തെ ചരിത്രത്തില്‍ ഒട്ടേറെ മൗലിക ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. വേണ്ടത്, ദൈവമോ പിശാചോ? ഭൗതികതയോ ആത്മീയതയോ? നന്മയോ തിന്മയോ? സ്വാതന്ത്ര്യമോ അടിമത്തമോ? ഈ വിരുദ്ധ ശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് മനുഷ്യ ചരിത്രം എന്ന് പറയുന്നത്. ഈ ആശയ യുദ്ധങ്ങളില്‍ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. വിജയ പരാജയങ്ങള്‍ മാറി മാറിവരും. ഈ പോരാട്ടങ്ങള്‍ അവസാനിക്കാനുള്ളതല്ല. മനുഷ്യകുലത്തിന്റെ അന്ത്യശ്വാസം വരെ അവ തുടരും. ഭൂമി വിട്ട് മറ്റു ഗ്രഹങ്ങളില്‍ നമുക്ക് അധിവാസമുറപ്പിക്കാന്‍ സാധ്യമായാല്‍ ഈ ആശയപ്പോരാട്ടങ്ങള്‍ അവിടെയുമുണ്ടാവുമെന്ന് ഉറപ്പിക്കാം.
ഈ ആശയ സമരങ്ങളില്‍ നിന്ന് നാം ഇന്ത്യക്കാരും ഒഴിവല്ല. ബ്രിട്ടീഷ് ഭരണത്തിലൂടെ കടന്നുപോയ ഇന്ത്യ 1947-ല്‍ സ്വാതന്ത്ര്യം നേടി. 1950-ല്‍ അത് ഒരു റിപ്പബ്ലിക്കാവാന്‍ തീരുമാനമെടുത്തു. വിഭജനത്തിന്റെ മുറിവുകളില്‍ നിന്ന് ചോര വാര്‍ന്നുകൊണ്ടിരുന്നപ്പോഴും, സ്വതന്ത്ര ഇന്ത്യയുടെ സ്രഷ്ടാക്കളായ അന്നത്തെ നേതാക്കള്‍ തീരുമാനിച്ചത് ഈ പുതിയ രാഷ്ട്രം ബഹുമത, ബഹുവംശീയ, ബഹുഭാഷാ വൈവിധ്യങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നായി നിലനില്‍ക്കട്ടെ എന്നാണ്. പ്രവിശാലമായ ഈ രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അത് സ്വാംശീകരിച്ചു. ഈ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഫെഡറല്‍ സ്റ്റേറ്റുകളുടെ കൂട്ടായ്മയായിരുന്നു ഇന്ത്യ. അത് ജനാധിപത്യ സംവിധാനത്തെ സ്വീകരിക്കുകയും എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുകയും ചെയ്തു.
എല്ലാ മതങ്ങള്‍ക്കും നമ്മുടെ ഭരണഘടന തുല്യ പരിഗണനയും ആദരവും നല്‍കുന്നുണ്ട്. നമ്മുടെ രാഷ്ട്രം സെക്യുലറും ആണ്. സെക്യുലര്‍ എന്നതിനെ മതവിരുദ്ധം എന്നല്ല, മതനിരപേക്ഷം എന്നാണ് ഭരണഘടനാ നിര്‍മാതാക്കള്‍ വ്യാഖ്യാനിച്ചത്. മതകാര്യങ്ങളില്‍ ഭരണകൂടം ഇടപെടുകയില്ല. പരമാവധി വിട്ടുവീഴ്ച ചെയ്തുകൊണ്ട് എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടത്ര ഇടം അനുവദിക്കും. ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍ പോലുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമനിര്‍മാണത്തിലൂടെ തന്നെ സംരക്ഷണ കവചമൊരുക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള അസ്വസ്ഥത നിറഞ്ഞ നാളുകളിലാണ് നാഥുറാം ഗോഡ്‌സെ, സെക്യുലരിസം എന്ന് നാം വിളിക്കുന്ന മത സമ വിഭാവനക്കെതിരെ ആദ്യ വെടിയുതിര്‍ത്തത്. രാഷ്ട്ര പിതാവിന്റെ ദുര്‍ബല ശരീരത്തിന് നേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല അത്. ആ ചരിത്ര പുരുഷന്‍ നിലകൊണ്ട ആദര്‍ശത്തിനും ആശയങ്ങള്‍ക്കും നേരെയുള്ള ആക്രമണം കൂടിയായിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മ വര്‍ഷത്തില്‍ സെക്യുലരിസം എന്ന ആശയം പുതിയ പല വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതായി നാം കാണുന്നു; കേന്ദ്രത്തില്‍ അധികാര മാറ്റമുണ്ടായ സാഹചര്യത്തില്‍ വിശേഷിച്ചും.
ആശയപരമായി ആര്‍.എസ്.എസ്സിനോട് ചേര്‍ന്നു നില്‍ക്കുന്ന നമ്മുടെ പുതിയ പ്രധാനമന്ത്രി 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതല്ലാത്ത മറ്റൊരു നയവും നമ്മെ ഒന്നിപ്പിക്കുകയോ പുരോഗതിയിലേക്ക് നയിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നുണ്ടാവണം. സമാധാനവും സൗഹൃദവും സാമുദായികൈക്യവും പുരോഗതി കൈവരിക്കാന്‍ മാത്രമല്ല അനിവാര്യമായിട്ടുള്ളത്. അവയൊന്നുമില്ലെങ്കില്‍ രാഷ്ട്രത്തിന്റെയും ഫെഡറല്‍ സംവിധാനത്തിന്റെയും നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടും എന്നതാണ് സ്ഥിതി. ഭരണകൂടങ്ങള്‍ വരും, പോകും. അപ്പോഴെല്ലാം ഇന്ത്യ എന്ന ഈ മഹാരാജ്യം ഐക്യത്തോടെ, കെട്ടുറപ്പോടെ നിലനില്‍ക്കണം. ഇതാണ് മതകീയനായ ഗാന്ധിയും ലിബറലായ നെഹ്‌റുവും വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടിരുന്ന വാജ്‌പേയിയും നല്‍കിയ സന്ദേശം. ഇപ്പോഴത്തെ ഭരണകൂടം ഈ സന്ദേശം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണെങ്കില്‍ അവര്‍ക്ക് ചരിത്രത്തില്‍ മാന്യമായ സ്ഥാനമുണ്ടാവും. ഇനി, തമ്മില്‍ തല്ലിച്ചും സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കിയും മുന്നോട്ടു പോകാനാണ് ശ്രമമെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ട വളരെ വലുതാണെന്ന് അവരെ ഓര്‍മിപ്പിക്കുക മാത്രം ചെയ്യട്ടെ.
ഗാന്ധി വേണോ ഗോഡ്‌സെ വേണോ? ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മൗലികമായ ചോദ്യം. ഗാന്ധിയെ പിന്തുണച്ച് മില്യന്‍ കണക്കിനാളുകളുള്ളപ്പോള്‍, ഗോഡ്‌സെയെ തളളി അത്രയോ അതിലധികമോ ആളുകള്‍ രംഗത്തുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
(റേഡിയന്‍സ് 2014 നവംബര്‍ 29)
Comments