Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

അനുഭവങ്ങളുടെ ഓര്‍മച്ചെപ്പാണ് ഓരോ വീടും

ബഷീര്‍ തൃപ്പനച്ചി /വീടകം

         'നിയ്യ് പേടിക്കേണ്ട. രണ്ട് ആണ്‍കുട്ട്യേളല്ലേ... നരിക്കും കുറുക്കനും കൊടുക്കാതെ ഓലെ വലുതാക്കിയാല്‍, പിന്നെ അന്നെ ഓല് നോക്കിക്കോളും.' ഉമ്മയുടെ ഉപ്പ തന്റെ വീടിനടുത്ത് കുടില്‍ കെട്ടി ഞങ്ങളെ അങ്ങോട്ട് താമസിപ്പിച്ചപ്പോള്‍ ഉമ്മയോട് പറഞ്ഞ വാചകമാണിത്. എനിക്ക് മൂന്നും ജ്യേഷ്ഠന് അഞ്ചുമായിരുന്നു അന്ന് പ്രായം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരും ഓല കൊണ്ടുള്ള വാതിലുമായിരുന്നെങ്കിലും ആ 'പുതിയ വീട്' ഞങ്ങളുടെ സ്വര്‍ഗമായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഉമ്മയുടെ വീട്ടില്‍നിന്ന് ഒരു റൂമും അതിനോട് ചേര്‍ന്ന് തന്നെ അടുക്കളയുമുള്ള ആ കൊച്ചുകുടിലിലേക്കുള്ള മാറ്റം സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ഞങ്ങള്‍ കണ്ടത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഉമ്മയോടൊപ്പം, കുട്ടികളായ ഞങ്ങളോട് അരുതുകള്‍ കല്‍പ്പിക്കാന്‍ ആണുങ്ങളില്ലാത്ത വീടകം. പുറത്തിറങ്ങിയാല്‍ മുമ്പില്‍ തറവാട് വീടും ഉമ്മയുടെ ഉമ്മയും ഉപ്പയും ആങ്ങളമാരുമുണ്ടെങ്കിലും അകത്ത് ഞങ്ങള്‍ മാത്രമായിരുന്നു. പതിയെ പതിയെ ആ ചെറിയ കുടിലിനകത്ത് ഞങ്ങളൊരു വലിയ സ്‌നേഹ സാമ്രാജ്യം തന്നെ പണിതു. മഴക്കാലത്ത് മേല്‍പ്പുരയിലെ പുല്ലുകളുടെ വിടവിലൂടെ അകത്തേക്ക് നൂണ്ടിറങ്ങുന്ന മഴനൂലുകളെയും, പുല്‍മെത്തയുടെ സുഖത്തില്‍ അവിടെ താവളമാക്കിയ വിഷമില്ലാത്ത പാമ്പുകളെയും, ഈ വീട്ടിനകത്ത് 'ഞങ്ങള്‍ക്കും സ്ഥലം ബാക്കിയുണ്ടല്ലോ' എന്ന് അവകാശപ്പെട്ടെത്തിയ പൂച്ചയെയും കുഞ്ഞുങ്ങളെയുമെല്ലാം വീട്ടംഗങ്ങളായി കരുതി സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിച്ചു.

നരിക്കും കുറുക്കനും കൊടുക്കാതെ ഞങ്ങളെ വളര്‍ത്താന്‍ ഉമ്മ, ഉപ്പയുടെ റോള്‍ കൂടി ഏറ്റെടുത്തു. ആ ഇരട്ട റോള്‍ വഹിക്കാന്‍ ഉമ്മ പ്രയാസപ്പെടുന്നത് കണ്ടിട്ടാവണം അമ്മാവന്മാര്‍, അവരെല്ലാം പഠിച്ചിറങ്ങിയ യതീംഖാനയിലേക്ക് കൂടുതല്‍ മികച്ച സംരക്ഷണാര്‍ഥം ഞങ്ങളെ പറിച്ചുനട്ടു. ഉമ്മയില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ആദ്യത്തെ നാടുകടത്തലായിരുന്നു അത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ നിന്ന് എല്ലാ ആധുനിക സൗകര്യവുമുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കുള്ള ആ കൂടുമാറ്റം ഭൗതികാര്‍ഥത്തില്‍ സ്വപ്ന സമാനമായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബിരിയാണിയുള്ള യതീംഖാനയിലെ സുഭിക്ഷമായ ആ നാളുകളിലും ഞങ്ങളേറെ കൊതിച്ചത് മാസത്തിലൊരിക്കല്‍ ഉമ്മയോടൊപ്പം ആ കുടിലില്‍ അന്തിയുറങ്ങാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായിരുന്നു. ഉമ്മയോടൊപ്പമുള്ള കഞ്ഞികുടി തന്നെയായിരുന്നു യതീംഖാനയിലെ ബിരിയാണിയേക്കാള്‍ ഞങ്ങളാസ്വദിച്ചത്. അകത്തും പുറത്തും തീക്കനല്‍ പുകഞ്ഞ് ആ കോണ്‍ക്രീറ്റ് സംരക്ഷണ കേന്ദ്രത്തില്‍ എങ്ങനെയോ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. 'എല്ലാ സൗകര്യവുമുള്ളിടത്ത് പഠിപ്പിക്കാന്‍ ചേര്‍ത്തിട്ട് തിരിച്ചുവന്നിരിക്കുന്നു' എന്ന ശകാരമായിരുന്നു ചുറ്റും. അവര്‍ക്കറിയില്ലല്ലോ ഉമ്മ കൂടെയില്ലാത്ത കെട്ടിടം, അതിലെത്ര സൗകര്യങ്ങളുണ്ടായാലും അതൊരു വീടാകില്ലെന്ന്. ഉമ്മയുണ്ടായിരിക്കെ കുട്ടിക്കാലത്ത് ആ സാന്നിധ്യമനുഭവിക്കാനാവാതെ പിന്നെയെന്ത് സംരക്ഷണവും സ്‌നേഹ പരിചരണവുമാണ്? കുഞ്ഞുങ്ങളെ ഉമ്മമാരില്‍ നിന്ന് പറിച്ച് കൊണ്ട് പോയി യതീംഖാനകളിലെ കൃത്രിമ സംരക്ഷണ പാളികള്‍ക്ക് കീഴെ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന, സമുദായത്തിലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഇന്നുമറിയാതെ പോകുന്ന മാതൃപാഠങ്ങളാണിത്.

വീട്ടിനകത്തെ ഓരോ അംഗത്തിനും പകരക്കാരില്ല. ഉപ്പയില്ലാത്ത വീടിന്റെ കുറവ് മറ്റൊരാളെ കൊണ്ട് നികത്താനാവില്ല. ഉമ്മയില്ലാത്ത വീടിന് എത്ര നിലകളുണ്ടായിട്ടെന്ത്? ഒരു കുഞ്ഞിക്കാലിന്റെ സ്പര്‍ശം അനുഭവിക്കാന്‍ കഴിയാത്ത വീട് ആ കുറവ് വിളിച്ചറിയിക്കും. ഉപ്പ മുതല്‍ കുഞ്ഞുവരെ ഒരുമിച്ചുണ്ടുറങ്ങുമ്പോഴാണ് ഒരു കെട്ടിടം വീടായി മാറുന്നത്. ഇത്തരമൊരു വീട്ടില്‍നിന്ന് എത്ര തന്നെ മനോഹരമായ തീരങ്ങളിലേക്ക് മാറി താമസിച്ചാലും അധിക ദിവസം അവിടെ തങ്ങാന്‍ നമുക്കാവില്ല. വീടൊരു അച്ചുതണ്ടായി നമ്മുടെ യാത്രകള്‍ നിയന്ത്രിക്കും. എത്രദൂരം താണ്ടിയാലും തിരിച്ച് വീട്ടിലേക്കെത്തണമല്ലോ എന്ന ഉള്‍വിളി അകത്ത് നിന്നുയരും. വിമാനവും കപ്പലുമേറിയാലും ആ അച്ചുതണ്ടിന്റെ ആകര്‍ഷണ വലയം ഭേദിക്കാന്‍ നമുക്കാവില്ല. ഞാനെത്ര അകലെയാണെന്നത് വീട്ടില്‍നിന്ന് എത്ര ദൂരത്താണ് ഞാനുള്ളതെന്നതിനെ അടിസ്ഥാനപ്പെടുത്തിയാവുന്നത് അതുകൊണ്ടാണ്.

ഹൈസ്‌കൂള്‍ പ്രായമെത്തിയപ്പോള്‍ ഓടിട്ട പുതിയ വീട് പണിയാന്‍ സ്‌നേഹത്തിന്റെ ആ മണ്‍കൂര പൊളിച്ചു. ഉമ്മ അപ്പോള്‍ കരയുന്നുണ്ടായിരുന്നു. ആ കുടില്‍ കെട്ടിപ്പൊക്കാന്‍ ഉമ്മക്കൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ വല്യുപ്പ അപ്പോഴേക്കും മരിച്ചിരുന്നു. വല്യുപ്പയുടെ ഓര്‍മയിലും, ആ മണ്‍വീട് നല്‍കിയ സംരക്ഷണവുമോര്‍ത്തിട്ടാണ് ഉമ്മ കരഞ്ഞത്. പുതിയ വീട് വെക്കാനാണെങ്കിലും അത്രയെളുപ്പം പൊളിച്ചു കളയാവുന്നതല്ല ഒരു കുടിലുമെന്ന് മനസ്സിലായത് അന്നാണ്. ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ ഓര്‍മപ്പുസ്തകമാണ് ഓരോ വീടും. അത് പൊളിക്കുമ്പോള്‍ ആ ഓര്‍മകള്‍ക്ക് കൂടിയാണ് പരിക്കേല്‍ക്കുന്നത്. അതിനകത്ത് ജീവിച്ച കാലത്തോളമുള്ള സുഖദുഃഖ ഭാവങ്ങളുടെ നിശ്ശബ്ദ ചിത്രങ്ങള്‍ ആ വീടിന്റെ ചുമരില്‍ പതിഞ്ഞുകിടപ്പുണ്ട്. മറ്റൊരു വീടൊരുക്കുമ്പോള്‍ ജീവിതം കൊണ്ട് ആ ചിത്രം വരച്ചവര്‍ പെട്ടെന്ന് അതെല്ലാം മായ്ച്ചുകളയുന്നതെങ്ങനെ സഹിക്കും! വല്യുപ്പ മരിച്ചശേഷം ഉമ്മയുടെ തറവാട്ടില്‍നിന്ന് ഓരോരുത്തരായി കൂടുതല്‍ സൗകര്യമുള്ള പുതിയ വീടുകളിലേക്ക് പോയപ്പോഴും വല്യുമ്മ ആ വീട്ടില്‍ തന്നെ തുടരാനിഷ്ടപ്പെട്ടത് ഓര്‍മകള്‍ തന്നോട് ചേര്‍ത്തുപിടിക്കാനായിരുന്നു. പ്രിയപ്പെട്ടവന്റെ മരണത്തിനും, കുട്ടികളും പേരമക്കളുമായി ഒരുപാട് ജന്മങ്ങള്‍ക്കും സാക്ഷിയായ ആ തറവാട് വീട്ടില്‍ നിന്നകന്ന് ഒന്നിലധികം ദിവസം മറ്റൊരിടത്ത് തങ്ങാന്‍ വല്യുമ്മയുടെ മനസ്സനുവദിച്ചില്ല. ഒടുവില്‍ ചെറിയ മകന്‍ അധികം അകലെയല്ലാതെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്ത് പുതിയ വീട് വെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വല്യുമ്മ അവനോടൊപ്പം അങ്ങോട്ട് താമസം മാറ്റി. പക്ഷേ, അപ്പോഴും തറവാട് വീട് പൊളിക്കരുതെന്ന്  നിബന്ധനയുണ്ടായിരുന്നു വല്യുമ്മാക്ക്. 'ഞാന്‍ ജീവിക്കുന്ന കാലത്തോളം അതവിടെ കിടക്കട്ടെ. മരിച്ചാല്‍ പിറ്റേ ദിവസം നിങ്ങള്‍ മക്കള്‍ക്കിഷ്ടമുള്ളത് ചെയ്‌തോളീ...' എന്തിനീ പിടിവാശിയെന്ന് ചോദിക്കാം. ഒരായുഷ്‌കാലത്തെ തന്റെ ജീവിതത്തിലെ വസന്തത്തിനും ശിശിരത്തിനും കൂട്ടായ വീടാണത്. അവരുടെ എത്ര സ്വപ്നങ്ങള്‍, സന്തോഷങ്ങള്‍, അതിനകത്ത് ചിറകടിച്ചിട്ടുണ്ടാകും! അവര്‍ കടിച്ചമര്‍ത്തിയ വേദനകള്‍, പ്രയാസങ്ങള്‍ ആ ചുമരുകള്‍ വരച്ചുവെച്ചിട്ടുണ്ടാകും! ആ വീട് കാണുമ്പോള്‍ അതെല്ലാമാവും അവര്‍ക്കോര്‍മ വരുന്നത്. അതില്ലാതാകുമ്പോള്‍ ആ ഓര്‍മകളും നഷ്ടപ്പെടുമോയെന്ന് അവര്‍ ഭയന്നാല്‍, ആ ഉത്കണ്ഠകളെ തള്ളിക്കളയാന്‍ ആര്‍ക്ക് സാധിക്കും. ഓര്‍മകളുടെ വേരറ്റാല്‍ മനുഷ്യജീവിതം പിന്നെയെന്തിന് കൊള്ളാം. അനേകം ജീവിതങ്ങളുടെ ഓര്‍മച്ചെപ്പായ ഒരു വീടും വെറും മണ്ണും ചുമരുമല്ല. പലപ്പോഴും അതിനകത്ത് പാകം ചെയ്തതും വിളമ്പിയിരുന്നതുമെല്ലാം ജീവിതങ്ങള്‍ തന്നെയാവും.

അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് വീട്ടില്‍ സൗകര്യം വര്‍ധിക്കുന്നില്ലെന്നും പുതിയൊരു വീടൊരുക്കാന്‍ സമയമായെന്നും കൂടെയുള്ളവള്‍ പറയുമ്പോഴെല്ലാം കുടഞ്ഞുതെറിപ്പിക്കാനാവാത്ത ബാല്യകൗമാരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്ന വീടോര്‍മകള്‍ മനസ്സിലേക്ക് വരും. അത് പങ്കുവെച്ചിട്ടും അവളുടെ മനസ്സിലെ ആധികളെ തണുപ്പിക്കാന്‍ എനിക്കായിരുന്നില്ല. പക്ഷേ, ഈയിടെയുണ്ടായ രണ്ട് വീടനുഭവങ്ങള്‍ അവളെയും ഈ വീടകത്തോട് അനുരാഗമുള്ളവളാക്കിയിരിക്കുന്നു. പ്രസവം എന്നത് ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ മാത്രം നടക്കേണ്ട 'രോഗമായ' ഈ 2014-ല്‍ ഞങ്ങളുടെ കുഞ്ഞിന് ഈ വീടിനകത്താണവള്‍ ജന്മം കൊടുത്തത്. അവളുടെ പേറ്റുനോവിന്റെ കിതപ്പും വിയര്‍പ്പും ഒപ്പിയെടുത്തത് ഈ വീടകമാണ്. ആ കുഞ്ഞ് പിറന്ന് ഇരുപത്തേഴാം നാളില്‍ അവനുറങ്ങിക്കിടക്കെ അവന്റെ മുകളിലെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അകത്ത് കുഞ്ഞും പുറത്ത് ഞങ്ങള്‍ ഉമ്മയും ഉപ്പയും വല്യുമ്മയും. കരച്ചിലും ബഹളത്തിനുമിടയില്‍ റൂമിനകത്ത് കയറിയപ്പോള്‍ ആ കാഴ്ച കണ്ട് തരിച്ചുനിന്നു... ചുറ്റും പൊട്ടിയ ഓടുകളും മരക്കഷ്ണങ്ങളും. മണ്ണും പൊടിയും പുരണ്ട് കുഞ്ഞ് ഒരു പോറലുമില്ലാതെ വീടിന് മുകളിലെ തുറന്ന ആകാശം നോക്കി കിടക്കുന്നു! അല്ലാഹുവിനെ സ്തുതിച്ച് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയെ ഏല്‍പിച്ചു. ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയവരെല്ലാം, കുഞ്ഞിനെ രക്ഷിച്ച ദൈവത്തെ വാഴ്ത്തി. അപ്പോള്‍ ഞാന്‍, പൊളിഞ്ഞു വീണ ആ വീടിന് മുകളിലേക്ക് നോക്കി. കുഞ്ഞ് കിടന്നിരുന്നതിന്റെ നേരെ മുകളില്‍ തൂങ്ങിയാടുന്ന മരക്കഷ്ണങ്ങളും ഓടുകളും, 'ഞങ്ങളും വീഴേണ്ടവയായിരുന്നു. പക്ഷേ, നിന്റെ കുഞ്ഞ് താഴെ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇവിടെ തന്നെ നിന്നതാണെ'ന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെയടുത്ത് അവന്റെ ഉമ്മയില്ലെന്നറിഞ്ഞപ്പോള്‍ വീട് തന്നെ സ്വയം ഒരു 'ഉമ്മ'യാവുകയായിരുന്നു. അവളെക്കാള്‍ എന്നെ പരിചയമുള്ള ആ വീടിന് എന്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാതിരിക്കാനാവും? ഈ വീടിനെ സ്‌നേഹിക്കാന്‍ ഇതിനേക്കാള്‍ മറ്റെന്ത് ഓര്‍മകള്‍ വേണം! നാളെ ഞങ്ങള്‍ മറ്റൊരു വീട് പണിതുയര്‍ത്തിയേക്കാം. അപ്പോഴും വീട്ടിനകത്തെ ഉമ്മയോര്‍മകള്‍ പോലെ ഈ വീടോര്‍മകളെയും ഞങ്ങള്‍ താലോലിച്ച് കൊണ്ടേയിരിക്കും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍