Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

പണ്ഡിതര്‍ ദൗത്യം മറക്കുമ്പോഴാണ് <br>സമുദായം ദുഷിക്കുന്നത്

എം.എ നൂറുദ്ദീന്‍ ലബ്ബ ദാരിമി /ലേഖനം

         വിവാഹ ധൂര്‍ത്തിനും അത്യാര്‍ഭാടത്തിനും, പെരുകിവരുന്ന അനാചാരങ്ങള്‍ക്കുമെതിരെ മുസ്‌ലിം സംഘടനാ കൂട്ടായ്മയുടെ പതിനഞ്ചിന നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാണ്. പവിത്രമായ വിവാഹത്തെ അനാചാരങ്ങളും ആര്‍ഭാടങ്ങളുംകൊണ്ട് മലീമസമാക്കുന്ന ഈ കാലഘട്ടത്തില്‍ സമുദായത്തിലെ പണ്ഡിതന്മാരും നേതാക്കളും ഉണര്‍ന്നെഴുന്നേല്‍ക്കുകയും വിഭാഗീയത മറന്ന് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തത് പ്രതീക്ഷ നല്‍കുന്നു.

ഇസ്‌ലാമിക നിയമത്തിനും സംസ്‌കാരത്തിനും വിധേയമായി മാത്രം വിവാഹവും അനുബന്ധ കാര്യങ്ങളും നടക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക വഴിയെന്നതാണ് പ്രസ്തുത നിര്‍ദേശങ്ങളുടെ ആകത്തുക. മുഴുവന്‍ സംഘടനകളുടെയും കൂട്ടായ തീരുമാനമായതിനാല്‍ മഹല്ലടിസ്ഥാനത്തില്‍ അവ നടപ്പിലാക്കുക എളുപ്പമാണ്. ജമാഅത്ത് കമ്മിറ്റികള്‍ മഹല്ല് നിവാസികളെ നിര്‍ദേശങ്ങള്‍ വായിച്ച് കേള്‍പ്പിക്കുകയും ഖത്വീബ് പ്രഭാഷണത്തിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം.

മുസ്‌ലിം സംഘടനാ നേതാക്കളും പണ്ഡിതന്മാരും ദീനീ വിഷയത്തില്‍ ഏകോപിച്ച് ഒരു തീരുമാനം കൈക്കൊണ്ടു എന്ന് കേള്‍ക്കുന്നത് തന്നെ മുസ്‌ലിം ഉമ്മത്തിന് ആവേശമാണ്. സങ്കുചിതമായ സംഘടനാ പക്ഷപാതിത്വത്തിന്റെ പേരില്‍ ഭിന്നിച്ച് നില്‍ക്കുന്ന സമുദായാംഗങ്ങള്‍ക്കിടയിലുള്ള വൈരം നീങ്ങുവാനും മനസ്സുകള്‍ തമ്മിലുള്ള അകലം കുറയുവാനും അത് കാരണമായേക്കും. ചുരുക്കം ചില പണ്ഡിതന്മാരുടെയോ നേതാക്കളുടെയോ ഇടയിലുള്ള നിസ്സാരമോ, ചിലപ്പോള്‍ അനാവശ്യമോ ആയ തര്‍ക്കങ്ങളാണ് ഈ ഉമ്മത്തിനെ പല കഷ്ണങ്ങളാക്കിത്തീര്‍ത്തിട്ടുള്ളത്. അവര്‍ ഒന്നിച്ചാല്‍ സമുദായം മുഴുവന്‍ ഒന്നിച്ചു. പക്ഷേ ഈ ഉമ്മത്തിന്റെ ഐക്യത്തില്‍ അവര്‍ക്കൊട്ടും താല്‍പര്യമില്ല. ''നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ച് ഒറ്റക്കെട്ടായി നിലകൊള്ളുക, നിങ്ങള്‍ ഭിന്നിക്കരുത്'' (ഖുര്‍ആന്‍ 3:103) എന്ന പ്രഖ്യാപനത്തിന് അത്തരക്കാര്‍ വില കല്‍പ്പിക്കുന്നില്ല.

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്. വിവാഹമാകട്ടെ കുടുംബത്തിന്റെ അസ്ഥിവാരവും. വിവാഹവും കുടുംബസംവിധാനങ്ങളും സുശക്തമായി നിലനില്‍ക്കുന്ന കാലത്തോളമേ മനുഷ്യസമൂഹം തന്നെ നിലനില്‍ക്കുകയുള്ളൂ. അതിനാല്‍ വിവാഹത്തെയും കുടുംബജീവിതത്തെയും ഇസ്‌ലാം ശക്തമായി പ്രോത്സാഹിപ്പിക്കുകയും വിവാഹകര്‍മം വളരെ ലളിതമാക്കുകയും ചെയ്തിരിക്കുന്നു. വധു, വരന്‍, വധുവിന്റെ രക്ഷാകര്‍ത്താവ്, രണ്ട് സാക്ഷികള്‍ ഇവര്‍ ഒത്തുചേര്‍ന്ന് അംഗീകരിച്ചാല്‍ വിവാഹം എവിടെ വെച്ചും നടത്താവുന്നതാണ്. പള്ളിയില്‍ വെച്ചാകല്‍ ഉത്തമമാണ്.

ലക്ഷങ്ങള്‍ മുടക്കിയ വലിയ ഹാളുകള്‍ വിവാഹത്തിന് ആവശ്യമില്ല. വിവാഹ യാത്രകളും കഴിവതും കുറക്കണം. വരന്‍ തന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമൊത്ത് വധൂഗൃഹത്തില്‍ ചെന്ന് അവളെ വിവാഹം ചെയ്തുകൊണ്ടു പോവുക. അതിന് ഒന്നോ രണ്ടോ ചെറിയ വാഹനങ്ങള്‍ മതി എന്നു വെക്കാവുന്നതാണ്. പതിനായിരങ്ങള്‍ പൊടിപൊടിച്ചുള്ള വലിയ ലക്ഷ്വറി ബസ്സുകള്‍ ഒഴിവാക്കുക.

എന്നാല്‍ വരനോടൊപ്പം പോകുന്നതിന് താല്‍പര്യമുള്ളവര്‍ സ്വന്തം വാഹനത്തിലോ സ്വന്തം ചെലവിലോ പോവുക. ആവശ്യപ്പെടാതെ നാം നല്‍കുന്ന അത്തരം സഹകരണം നമുക്ക് പുണ്യകര്‍മമാണ്. വീട്ടുകാര്‍ക്ക് ഒരാശ്വാസവും.

ഫോട്ടോ, വീഡിയോ തുടങ്ങിയവ പരമാവധി ഒഴിവാക്കേണ്ടതാണ്. വളരെ ആവശ്യമെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗപ്പെടുത്തുക. വീടിനകത്തും പുറത്തും പരതി നടന്ന് സ്ത്രീകളുടെ നഗ്‌നത പോലും ഒപ്പിയെടുക്കുന്ന വീഡിയോ സംവിധാനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. ചുറ്റുഭാഗത്തും വീഡിയോക്കാര്‍ അണിനിരന്ന് വിവാഹരംഗം ഒരു നാടകവേദിയാക്കരുത്.

എന്നാല്‍ വിവാഹം ആഘോഷമാക്കാവുന്നതാണ്. ദഫ് മുട്ടും പാട്ടും അനുവദനീയമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി(സ) അതനുവദിച്ചതായി ചില റിപ്പോര്‍ട്ടുകളില്‍ കാണാവുന്നതാണ്. എന്നാല്‍ അതിര് കവിയരുത്. സമ്പത്ത് ധൂര്‍ത്തടിച്ചുകൊണ്ടുള്ളതാണ് ഇന്ന് നടക്കുന്ന 'മൈലാഞ്ചിക്കല്യാണം.' ഇത് അന്യായമാണ്. പെണ്ണിനെ അണിയിച്ചൊരുക്കി പൊതുവേദിയിലിരുത്തുകയും മണിക്കൂറുകളോളം അന്യപുരുഷന്മാരുള്‍പ്പെടെയുള്ളവര്‍ വായില്‍ മധുരം വെച്ചുകൊടുക്കുകയും ചെയ്യുന്ന രീതി ഇസ്‌ലാമികമല്ല. അത് തടയപ്പെടേണ്ടതാണ്. മൈലാഞ്ചിക്കല്യാണത്തിന് കൊഴുപ്പ് കൂട്ടാന്‍ ആയിരങ്ങള്‍ മുടക്കി ഗായകസംഘത്തെ കൊണ്ടുവരുന്നതും ഒഴിവാക്കണം. എന്നാല്‍ വിവാഹത്തിനൊത്ത് കൂടുന്നവര്‍ പാടി സന്തോഷിക്കുന്നത് കുറ്റകരമല്ല. അതിര് കവിയരുത് എന്നുമാത്രം.

വിവാഹശേഷം വലീമത്ത് (അതിഥി സല്‍ക്കാരം) സുന്നത്താണ്. അത് അവരവരുടെ കഴിവനുസരിച്ച് മാത്രമായി ചുരുക്കുക. സമ്പന്നര്‍ നടത്തുന്ന അതി സമൃദ്ധമായ സല്‍ക്കാര രീതികള്‍ ശേഷിയില്ലാത്തവര്‍ അനുകരിക്കരുത് ''വിവാഹങ്ങളില്‍ അനുഗൃഹീതമായത് ചെലവ് കുറഞ്ഞ വിവാഹമാണെന്ന്'' നബി(സ) പറഞ്ഞിട്ടുണ്ട്. ആ ഉപദേശം മുറുകെപ്പിടിക്കുക.

ഭാരിച്ച സാമ്പത്തിക ബാധ്യതകളൊന്നും വിവാഹ കാര്യത്തില്‍ ഇരുവിഭാഗവും ഏറ്റെടുക്കരുത്. വിവാഹത്തിലെ നിര്‍ബന്ധ സാമ്പത്തിക ബാധ്യത പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന മഹ്‌റ് (വിവാഹ മൂല്യം) മാത്രമാണ്. അത് തീരെ നിസ്സാരമാക്കുകയോ അമിതമാക്കുകയോ അരുത്. മിതമാക്കലാണ് ഉത്തമം. കുടുതല്‍ മഹ്‌റ് വാഗ്ദാനം ചെയ്ത് സ്ത്രീധനത്തുകയുടെ വലിപ്പം കൂട്ടാന്‍ ശ്രമിക്കുന്നവരുണ്ട്. അത് കടുത്ത അക്രമവും വഞ്ചനയുമാണ്. മഹത്തായ വിവാഹകര്‍മം അതിലൂടെ കളങ്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആന്റെ കല്‍പനക്കെതിരാണത്. ''നിനക്ക് കൂടുതല്‍ ഇങ്ങോട്ട് ലഭിക്കണമെന്ന് മോഹിച്ച് നീ ആര്‍ക്കും നന്മ ചെയ്യരുത്'' (ഖുര്‍ആന്‍ 74:6). മഹ്‌റാകട്ടെ പുരുഷന്റെ ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്.

ക്ഷണിച്ച്‌വരുത്തുന്ന അതിഥികള്‍ക്ക് മാന്യമായി ഭക്ഷണം നല്‍കുക. 'ബൊഫെ' എന്ന പേരില്‍ അതിഥികളെ, ഭിക്ഷക്കാരെയെന്നോണം പാത്രവുമായി ക്യൂ നിര്‍ത്തുന്നത് ശരിയല്ല. ബൊഫെയെന്നാല്‍ ഇതല്ലല്ലോ. വലിയ തളികയില്‍ ഭക്ഷണം വെച്ച് അതിഥികള്‍ക്ക് അതിന് ചുറ്റുമിരുന്ന് ഇഷ്ടാനുസാരം കഴിക്കാന്‍ അവസരമൊരുക്കലാണത്.

വിവാഹ സമയത്തും തൊട്ടടുത്ത ദിവസങ്ങളിലും നടക്കാറുള്ള നാട്ട്‌നടപ്പുകള്‍ മുഴുവന്‍ നിഷിദ്ധവും അനിസ്‌ലാമികവും എന്ന് വിലയിരുത്തിക്കൂടാ. അവ മതത്തിന്റെ പേരില്‍ പടച്ചുണ്ടാക്കുകയോ നിലവിലുള്ള സുന്നത്തുകള്‍ക്കെതിരാകുന്നതോ ആയാല്‍ തെറ്റായിത്തീരും. ഇല്ലെങ്കില്‍ അനുവദനീയവും. എന്നാല്‍ ഒരാള്‍ അത് പിന്തുടരുന്നില്ലെങ്കില്‍ അയാളെ അതിന് നിര്‍ബന്ധിക്കരുത്. താലികെട്ടല്‍ ഒരു ഇസ്‌ലാമിക ആചാരമല്ല. ബോധവല്‍ക്കരണത്തിലൂടെ അതൊഴിവായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ തന്റെ ഭാര്യക്ക് വിവാഹശേഷം മാല നല്‍കിയാല്‍ അത് കുറ്റകരമല്ല; അനുവദനീയമായ ഒരു നാട്ടാചാരമാണ്. നികാഹ് നടന്നത് മുതല്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. തന്റെ ഭാര്യക്ക് എന്ത് നല്‍കാനും ഭര്‍ത്താവിന്നവകാശമുണ്ട്. സ്ത്രീക്ക് വെറുതെ ലഭിക്കുന്ന ഒരാനുകൂല്യം നാമെന്തിന് തടയുന്നു? ഒരാള്‍ അത് പിന്തുടരുന്നില്ലെങ്കില്‍ അയാള്‍ ആക്ഷേപിക്കപ്പെടുകയും ചെയ്തുകൂടാ. അതൊരു മതചടങ്ങാക്കുന്നതാണ് ശരികേട്. വീട്ടുകാര്‍ തമ്മില്‍ കൈമാറുന്ന ഉപഹാരങ്ങള്‍, പാരിതോഷികങ്ങള്‍ തുടങ്ങിയവയും അക്കൂട്ടത്തില്‍ പെടുന്നു.

സമ്മര്‍ദത്തിലൂടെ വാങ്ങുകയും സ്വന്തം ധനം പോലെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് നിഷിദ്ധമായ സ്ത്രീധന സമ്പ്രദായമാണ്. എന്നാല്‍ സമ്പത്തുള്ളവര്‍ വിവാഹിതയായ തന്റെ മകള്‍ക്കോ ഭര്‍ത്താവിനോ സ്വാഭീഷ്ടപ്രകാരം പണമായോ അല്ലാതെയോ നല്‍കുന്നതെന്തും കുറ്റകരമല്ല. എന്നാല്‍ അത് ലഭിക്കാത്തതിന്റെ പേരില്‍ സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഉണ്ടാകുന്ന എത്ര ചെറിയ പീഡനവും നിഷിദ്ധമാണ്; ശിക്ഷാര്‍ഹവുമാണ്.

ധാരാളം അന്ധതകളും അനാചാരങ്ങളും ഇത്തിക്കണ്ണിപോലെ ഇന്ന് മുസ്‌ലിം സമുദായത്തെ ബാധിച്ചിട്ടുണ്ട്. ശക്തമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ അവ കുറച്ചുകൊണ്ടു വരാന്‍ ശ്രമിക്കേണ്ടതുണ്ട്. മുസ്‌ലിം പൊതുജനം മോശക്കാരായത് കൊണ്ടല്ല. പണ്ഡിതന്മാരുടെ അനാവശ്യമായ ഭിന്നതയാണ് അതിന് തടസ്സമായിട്ടുള്ളത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എത്ര കടുത്തതാണെങ്കിലും ഒരു വിഭാഗം അതിനെ എതിര്‍ക്കുമ്പോള്‍, മറുവിഭാഗം അതിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കടുത്ത ബിദ്അത്തുകള്‍ തഴച്ച് വളരുന്നതിന് കേരളത്തെ വളക്കൂറുള്ള മണ്ണാക്കിയത് ഈ വിരുദ്ധ നിലപാടാണ്.

മുസ്‌ലിംകളില്‍ കടന്ന്കൂടിയ അന്ധവിശ്വാസങ്ങളെ എതിര്‍ത്ത് തോല്‍പിച്ച് മുസ്‌ലിം ബഹുജനങ്ങളെ നേര്‍വഴിക്ക് നയിക്കുകയും അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കേരളക്കരയില്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുക്കുകയും ഒന്നിനൊന്നായി ഒട്ടേറെ സംഘടനകള്‍ പെറ്റുപെരുകുകയും ചെയ്തു. സംഘടനകള്‍ തമ്മില്‍ നിസ്സാര കാര്യങ്ങളില്‍ പോലും തര്‍ക്കിച്ചും കലഹിച്ചും പരസ്പരം ശത്രുതയും സ്പര്‍ധയും പുലര്‍ത്താന്‍ തുടങ്ങി. തുടര്‍ന്ന് 'ദഅ്‌വ' രംഗത്ത് കടുത്ത ഏറ്റുമുട്ടലായി. അതോടെ സമുദായത്തിന്റെ തകര്‍ച്ചയും ആരംഭിച്ചു. സംഘടനകള്‍ എത്രയെന്ന് എണ്ണിക്കണക്കാക്കാന്‍ പറ്റാതായിരിക്കുന്നു. എല്ലാ സംഘടനകളുടെയും അടിസ്ഥാനം ഒന്നാണെന്ന് കാണാന്‍ കഴിയാത്തവിധം പരസ്പരം ശിര്‍ക്കും കുഫ്‌റും ബിദ്അത്തും ആരോപിച്ച് ഓരോ സംഘടനയും ഓരോ മതമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് തികച്ചും സങ്കടകരമാണ്. 'ജനങ്ങള്‍ക്ക് ഒരു കാലം വരും. ആകാശത്തിന്റെ ചുവട്ടില്‍ ഏറ്റവും നാശകാരികള്‍ അന്ന് പണ്ഡിതന്മാരായിരിക്കും.' എന്ന് നബി(സ) പറഞ്ഞത് എത്ര ശരി!

സംഘടനകള്‍ വര്‍ധിച്ചപ്പോള്‍ സ്ഥാപനങ്ങള്‍ വര്‍ധിച്ചു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഓരോ സംഘടനയും മതത്തിന്റെ പേരില്‍ പടച്ചുണ്ടാക്കിയ വിശ്വാസ-ആചാരങ്ങള്‍ സമര്‍ഥമായി ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാകത്തിലാണ് മക്കളെ സ്ഥാപനങ്ങള്‍ പുറത്ത്‌വിടുന്നത്.

നാം ഉണരണം, പണ്ഡിത കൂട്ടായ്മകള്‍ ഇനിയുമുണ്ടാകണം. ശരീരങ്ങള്‍ അടുത്തിരുന്നാല്‍പോരാ, മനസ്സുകള്‍ തമ്മില്‍ ഒന്നിക്കണം. അതിലൂടെ മാത്രമേ യഥാര്‍ഥ ഐക്യം സാധ്യമാകൂ. അതിന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സത്യസന്ധമായ ചര്‍ച്ചകള്‍ നടക്കണം. 'നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിലേക്കും റസൂലിലേക്കും അത് നിങ്ങള്‍ മടക്കണം.' എന്ന കല്‍പനക്ക് പൂര്‍ണമായി കീഴ്‌പ്പെടുക. 'ഞാന്‍ നിങ്ങള്‍ക്ക് രണ്ട് കാര്യങ്ങള്‍ ഉപേക്ഷിച്ച് പോകുന്നു. അത് നിങ്ങള്‍ മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിതെറ്റുകയില്ല' എന്ന പ്രവാചക വചനം നാം മുഖവിലക്കെടുക്കണം. 'നിങ്ങള്‍ (അനാവശ്യമായി) തര്‍ക്കിക്കരുത്. നിങ്ങള്‍ ഛിന്നഭിന്നമാകും, നിങ്ങളുടെ (കാറ്റു) വാസന പോകും' എന്ന മുന്നറിയിപ്പ് നാം അവഗണിക്കാതിരിക്കുക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍