Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

വീടകങ്ങളിലെ എഴുത്തും വായനയും <br>ചില വിചാരങ്ങള്‍

കെ.പി സല്‍വ /വീടകം

         'ആരാണ് നിങ്ങള്‍?' എന്ന ചോദ്യം ഒരു വ്യക്തിയെയാണ് അന്വേഷിക്കുന്നത്. ഈ ചോദ്യം നാം എപ്പോഴും മറ്റുള്ളവരോട് ചോദിക്കുകയും സ്വയം ചോദിക്കാതിരിക്കുകയും ചെയ്യുന്നു. മനുഷ്യന്‍, സ്ത്രീയായും മുസ്‌ലിം സ്ത്രീയായും മുസ്‌ലിം കുടുംബിനിയായും ചെറിയ കൂട്ടമായും മാറുമ്പോഴും അതിനകത്ത് തന്നെ വൈവിധ്യം നിലനില്‍ക്കുമ്പോഴും ഈ ചോദ്യം കൂടുതല്‍ മൂര്‍ത്തമായ ഉത്തരം തേടുന്നുണ്ട്. ചെറുതോ വലുതോ ആയ ഗണമായിരിക്കുമ്പോഴും ഈ ചോദ്യത്തിലേക്കാണ് മനുഷ്യന്‍ വളരേണ്ടത്.

'അല്ലാഹുവിന്റെ ഖലീഫ'യാണ് മുസ്‌ലിം സ്ത്രീ. ഖിലാഫത്തിന്റെ സാക്ഷാത്കാരമാണ് അവളുടെ ജീവിതം. മനുഷ്യനില്‍ അല്ലാഹു ചേര്‍ത്തുവെച്ചിട്ടുള്ള ഗുണങ്ങളെ അല്ലെങ്കില്‍ സത്തയെ മനുഷ്യ ജീവിതം കൂടുതല്‍ നന്മയുള്ളതാക്കുവാന്‍, മനോഹരമാക്കുവാന്‍, ദൈവിക നീതി നടപ്പിലാക്കുവാന്‍ വേണ്ടി ആവിഷ്‌കരിക്കലാണ് ഖിലാഫത്ത്. അത്തരം ആവിഷ്‌കാരങ്ങളാണ് കലയും തൊഴിലും കുടുംബവും സംഘടനയുമെല്ലാം. ഈ നിലപാടില്‍ നിന്നുകൊണ്ട് മുസ്‌ലിം കുടുംബിനിയുടെ വായന, പഠനം, എഴുത്ത് എന്നിവ വിശകലനം ചെയ്യുകയാണ്.

പ്രത്യുല്‍പാദന മാധ്യമമെന്ന ജൈവിക സത്തയുള്ളവരാണ് സ്ത്രീകള്‍. നൈരന്തര്യ സ്വഭാവമുള്ള പ്രത്യുല്‍പാദനത്തിനും ശിശുപരിപാലനത്തിനും ഗാര്‍ഹികാന്തരീക്ഷമാണ് ഏറ്റവും നല്ലത്. പക്ഷേ പ്രജനനമെന്നത് സ്ത്രീയവസ്ഥകളില്‍ ഒന്ന് മാത്രമാണ്. പ്രജനന കാലം 'സ്ത്രീ ആയുസ്സി'ന്റെ ഒരു ഭാഗം മാത്രമാണ്. സ്ത്രീ എന്നാല്‍ കുടുംബം എന്ന സമീകരണത്തിലൂടെ അവരുടെ മറ്റ് സത്തകളെ നിഷേധിക്കുന്നത് പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ ചില സൗകര്യങ്ങളാണ്. കുടുംബമെന്ന ഇടത്തെ അലട്ടാത്ത ആവിഷ്‌കാരങ്ങള്‍ സ്ത്രീകള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്. തയ്യല്‍, കൃഷി, കാറ്ററിംഗ്, പെയ്ന്റിംഗ് തുടങ്ങിയവ ഇതില്‍പെടും. അപ്പോഴും ഇവക്ക് ലഭിക്കുന്ന പ്രോത്സാഹനം വായന, പഠനം, എഴുത്ത് എന്നിവക്ക് കിട്ടുകയില്ല. ഇവിടെ സാമ്പത്തിക താല്‍പര്യമാണ് വില്ലന്‍. വായനയും പഠിത്തവും സാമ്പത്തിക ചെലവുണ്ടാക്കുന്നവയാണ്. എഴുതുന്നവര്‍ മാത്രം വിചാരിച്ചാല്‍ പണം ഉണ്ടാവുകയുമില്ല. കുടുംബത്തെ പരിഗണിക്കാനുതകുന്ന ഒഴിവ് സമയം കൂടുതലുള്ളത് കൊണ്ടാണ് അധ്യാപനവൃത്തി സ്ത്രീകള്‍ക്ക് പറ്റിയ മേഖലയായി മാറുന്നത്.

നവോത്ഥാനം പുരുഷകേന്ദ്രീകൃതമായിരുന്നു. അത് പുനര്‍നിര്‍മിച്ച പൊതുമണ്ഡലങ്ങളും അങ്ങനെത്തന്നെ. പുരുഷനും അവന്റെ പ്രോത്സാഹനങ്ങളും കടന്നുചെല്ലാതെ വീടകവും, സ്‌ത്രൈണതയെ ഉള്‍ക്കൊള്ളാതെ പൊതുമണ്ഡലവും വെള്ളം കേറാത്ത കാബിനുകളായി നിലനില്‍ക്കുകയാണ്. ഇത് രണ്ടും ജനാധിപത്യവല്‍ക്കരിക്കാത്തിടത്തോളം കുടുംബിനിയുടെ വായന, പഠനം, എഴുത്ത് എന്നിവ ശ്രമകരമാണ്.

ഇനിയുള്ളത് മുസ്‌ലിം എന്ന അവസ്ഥയാണ്. തങ്ങളുടെ 'ഖിലാഫത്ത്' തിരിച്ചറിഞ്ഞവര്‍ ശാരീരികവും, സര്‍ഗാത്മകവും, ബൗദ്ധികവുമൊക്കെയായ മേഖലകളില്‍ സക്രിയരായിരിക്കും. ഈ തിരിച്ചറിവ് പ്രതികൂലാവസ്ഥകളെയും കെട്ടുപാടുകളെയും മറികടക്കാന്‍ സഹായിക്കുകയും ചെയ്യും.

വായനയും പഠനവും എഴുത്തും പരസ്പരബന്ധിതമെങ്കിലും വ്യത്യസ്തങ്ങളാണ്. എഴുത്തിലേക്കെത്തുന്ന വായനയും പഠിത്തവുമാണ് ഇവിടെ പരിഗണിക്കുന്നത്. മുസ്‌ലിം വീടകങ്ങള്‍ പൊതുവെ വായനയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. എങ്കിലും ചുമതലകളുടെ വീടകം തന്നെ ചുമലിലുള്ളത് കൊണ്ട് കുടുംബിനിയെ സംബന്ധിച്ചിടത്തോളം വായന ഒരു സന്നദ്ധതയാണ്. സമകാലിക ലോകത്തിന്റെ ആശയ ചിന്താ മണ്ഡലങ്ങളെ പരിചയപ്പെടാനും ഭാഷ സ്വായത്തമാക്കാനും വായന കൂടിയേ തീരൂ. ഗൗരവ വായനയും ലഘുവായനയും ഏതെങ്കിലും വിധത്തിലുള്ള അറിവ് തരുന്നവയാണ്. ഒന്നും വായിക്കാനില്ലാത്തിടത്ത് കിട്ടുന്നതെന്തും വായിക്കുമെന്നും ധാരാളം വായിക്കാനുള്ളിടത്ത് തെരഞ്ഞെടുത്ത് വായിക്കുമെന്നും തീരുമാനിക്കാം. വായിക്കാന്‍ വേണ്ടി മാത്രമുള്ള വായനക്ക് ബാധകമല്ലെങ്കിലും എങ്ങനെ വായിക്കണം, എന്ത് വായിക്കണം എന്നത് പ്രശ്‌നമാണ്. എഴുതിയവരുടെ വീക്ഷണകോണിലൂടെ വായിച്ചുകഴിഞ്ഞാല്‍ എഴുതിയത് നമുക്ക് മനസ്സിലാക്കാം. പക്ഷേ എഴുത്തുകാരുടെ രാഷ്ട്രീയം മനസ്സിലായെങ്കിലേ എഴുത്തിന്റെ രാഷ്ട്രീയം വായിക്കാന്‍ സാധിക്കൂ. ഇടപെടലുകള്‍ക്കും പഠനങ്ങള്‍ക്കുമായി വായിക്കുമ്പോള്‍ ഈ പശ്ചാത്തല ധാരണ അനിവാര്യമാണ്. നല്ല ഭാഷ വായിക്കുമ്പോള്‍ വായനക്കാരുടെ ഭാഷാശേഷിയും വളരാതിരിക്കില്ല. ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള മണം പോലെ ആശയങ്ങളെ വാക്കുകള്‍ കൊണ്ട് അനുഭവിപ്പിക്കുന്ന എഴുത്തുകള്‍ ഒരു വൈഭവമാണ്.

വായനക്കുള്ള ഉരുപ്പടികളുടെ ലഭ്യതയാണ് കുടുംബിനികളുടെ വലിയൊരു പ്രശ്‌നം. നവസാമൂഹിക മാധ്യമങ്ങള്‍ നല്ലൊരു മാര്‍ഗമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലിയ സ്രോതസ്സ് എന്റെ സുഹൃത്തുക്കളാണ്. പുസ്തകങ്ങളും കട്ടിംഗുകളും ലിങ്കുകളും കൈമാറുന്ന, വായനയെ സ്‌നേഹിക്കുന്ന വായിപ്പിക്കുന്ന സുഹൃത്തുക്കള്‍.

വായന, നിരീക്ഷണം, മൗനം, അപഗ്രഥനം, ചര്‍ച്ച തുടങ്ങിയ മാര്‍ഗങ്ങളെല്ലാം പഠനത്തിനവലംബിക്കാവുന്നതാണ്. അധികം പുറത്തുപോകാത്ത കുടുംബിനി എന്ന നിലക്ക് ഇക്കാര്യത്തിലും എനിക്ക് സഹായത്തിനെത്താറുള്ളത് ഈ സുഹൃദ്‌വൃന്ദമാണ്. സാധ്യമായ വഴികളിലൂടെയും ഞങ്ങള്‍ സംവദിക്കാറുണ്ട്. ചിലപ്പോഴെല്ലാം കൂടിയിരിക്കാറുമുണ്ട്. ഈ കൂട്ടമില്ലായിരുന്നുവെങ്കില്‍ എന്റെ എഴുത്ത് മറ്റൊരു വിധത്തിലാവുമായിരുന്നു. നവ സാമൂഹിക മാധ്യമങ്ങള്‍ ഇവിടെയും പ്രസക്തമാണ്.

പിന്നാക്കം, മുസ്‌ലിം, സ്ത്രീ എന്നിങ്ങനെ മൂന്ന് തരത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരാണ് മുസ്‌ലിം സ്ത്രീകള്‍. അത്രയും തന്നെ വിധേയപ്പെടല്‍ കുടുംബത്തിനകത്തുമുണ്ട്. അതുകൊണ്ട് തന്നെ മുസ്‌ലിം സ്ത്രീ/കുടുംബിനി എന്തെഴുതട്ടെ, അതൊരിടപെടലാണ്. അവരെക്കുറിച്ച പഠനങ്ങള്‍, നിരീക്ഷണങ്ങള്‍, ചിന്തകള്‍, അനുഭവങ്ങള്‍, സന്ദേഹങ്ങള്‍, സൗകര്യങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം പുറത്ത് വരേണ്ടത് അവരിലൂടെത്തന്നെയാണ്.

എഴുത്ത് എഴുതിത്തന്നെ തെളിയേണ്ട ഒന്നാണ്. സമ്മര്‍ദങ്ങളുണ്ടാവുമ്പോഴാണ് എഴുതുന്നത്. ഡെഡ് ലൈന്‍ ഒരു സമ്മര്‍ദമാണ്. പക്ഷേ അതിനും മുമ്പേ എഴുതിത്തുടങ്ങേണ്ടതുണ്ട്. എഴുതാന്‍ തോന്നുമ്പോഴൊക്കെ എഴുതുക. അതാരും കണ്ടില്ലെങ്കിലും പ്രസിദ്ധീകരിച്ചില്ലെങ്കിലും, വെറുതെയാവില്ല. ആശയങ്ങള്‍ക്ക് വ്യക്തത, വാക്കുകള്‍ക്ക് കണിശത, പ്രയോഗങ്ങള്‍ക്ക് പൂര്‍ണത എല്ലാം കൊടുക്കാന്‍ ഈ എഴുത്തിന് കഴിയും. പ്രാദേശികവും കുടുംബത്തിനകത്തുമുള്ള (പെണ്‍) കൂട്ടായ്മകളില്‍ അവതരിപ്പിക്കുക. നവസാമൂഹിക മാധ്യമങ്ങളില്‍ പ്രകാശിപ്പിക്കുക ഇതെല്ലാമാണ് എഴുത്തിന്റെ തുടക്കം.

വ്യക്തവും കൃത്യവുമായ സാമൂഹിക, രാഷ്ട്രീയ വിശകനങ്ങള്‍ നടത്തുന്ന ഒരുപാട് സ്ത്രീകളെ എനിക്കറിയാം. സൂക്ഷ്മ നിരീക്ഷണങ്ങളില്‍നിന്ന് വരുന്ന, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വാഗ്പ്രയോഗങ്ങള്‍ കൂട്ടിനുള്ളവരുണ്ട്. നന്നായി കഥകള്‍ മെനയുന്നവരുണ്ട്. അവയൊന്നും പങ്കുവെച്ച് പാകപ്പെട്ട് മഷി പുരളുന്നില്ല എന്നത് വായനക്കാരുടെ നഷ്ടമാണ്. ആണെഴുത്ത് പോലെയല്ല പെണ്ണെഴുത്ത്. എഴുതാനാവശ്യമായ എല്ലാ സൗകര്യങ്ങളും സേവനങ്ങളും കുടുംബത്തിനുള്ളില്‍ പുരുഷന് ലഭിക്കുമ്പോള്‍, എല്ലാം കഴിഞ്ഞതിന് ശേഷമോ, എല്ലാത്തിനുമിടക്കോ ആയിരിക്കും പെണ്ണെഴുതുന്നത്. പലപ്പോഴും വീട്ടുകാരുടെയും സഹോദരങ്ങളുടെയും അയല്‍വാസികളുടെയും കൂടി സഹനവും സന്നദ്ധതയും സഹായവുമാണ് അവളുടെ എഴുത്ത്. അഥവാ ആവിഷ്‌കാരത്തിന്റെ നന്മ എത്തിച്ചേരുന്ന വൃത്തം വളരെ വലുതാണ്. അതുകൊണ്ട് നിങ്ങളാരാണെന്ന് ചോദിച്ചുകൊണ്ടേയിരിക്കുക. നിങ്ങള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍