മക്കളെ വളര്‍ത്തണ്ട, <br>അവരെ വളരാനനുവദിച്ചാല്‍ മതി
ഒരു കലാകാരന്റെ കരവിരുതോടെ ആസ്വദിച്ചു ചെയ്തിരുന്ന, സ്വാഭാവികമായി സംഭവിച്ചുപോന്നിരുന്നതാണ് പഴയകാലത്ത് രക്ഷാകര്‍തൃത്വം (പാരന്റിംഗ്). മികച്ച വിദ്യാഭ്യാസവും മനശ്ശാസ്ത്രപരമായ സമീപനരീതികളും സ്വായത്തമാക്കിയ പുതിയകാലത്ത് പക്ഷേ, രക്ഷിതാക്കളെ ആത്മസംഘര്‍ഷത്തിലകപ്പെടുത്തുന്ന കര്‍മമായി അത് മാറുന്നു എന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്നു.
ലോകത്തിലെ ഏറ്റവും അമൂല്യമായ സൃഷ്ടിയാണ് മനുഷ്യ ശിശു. ഒരു കുഞ്ഞിന്റെ ശാരീരിക-ബൗദ്ധിക-മാനസിക-വൈകാരിക വികാസത്തിനു വേണ്ട പിന്തുണയും പ്രചോദനവും നല്‍കി കൂടെ നില്‍ക്കേണ്ടവരാണ് രക്ഷിതാക്കള്‍. സ്വന്തം താല്‍പര്യത്തിനനുസരിച്ച് 'വളര്‍ത്തുകയല്ല', മക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് 'വളരാന്‍' അനുവദിക്കലാണ് രക്ഷാകര്‍തൃത്വം.
ശാരീരിക ബൗദ്ധിക വളര്‍ച്ചക്കാവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കി പിതാവ് കൂടെ നില്‍ക്കുമ്പോള്‍ മാനസിക വൈകാരിക വളര്‍ച്ചയെ തൊട്ടറിഞ്ഞ് ഉദ്ദീപിപ്പിക്കേണ്ടത് മാതാവാണ്. കരുണാവാരിധിയായ പ്രപഞ്ചനാഥന്‍ ഒരു കുഞ്ഞിനെ വിശ്വസിച്ചേല്‍പിച്ചത് ഉമ്മയുടെ മടിത്തട്ടിനെയാണ്. തലമുറകളുടെ ശില്‍പിയായും യുഗങ്ങളുടെ മാതാവായും സ്ത്രീ അവരോധിക്കപ്പെടുന്നത്, ശ്രമകരവും ഉത്തരവാദിത്തപൂര്‍ണവുമായ ഒരു ദൗത്യത്തിന്റെ കാവലാളാവുക എന്ന അര്‍ഥത്തിലാണ്.
എന്നാല്‍, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, ശിശുപരിപാലനം തുടങ്ങിയ ഭൗതിക പ്രക്രിയയിലൂടെ കടന്നുപോകുന്ന കേവല ശരീരപ്രധാനമായ കര്‍മമായിട്ടാണ് മാതൃത്വം പൊതുവെ ധരിക്കപ്പെടുന്നത്. ശാരീരിക ധര്‍മത്തോടൊപ്പം മനസ്സും വികാരവും പങ്കുവെച്ചുകൊണ്ടുള്ള അതിമഹത്തായ ഒരു ദൗത്യമാണതെന്ന ബോധ്യം സ്ത്രീകള്‍ക്കു പോലും ഉണ്ടോ എന്ന് സംശയമാണ്.
ഗര്‍ഭാശയത്തില്‍ ജീവന്‍ തുടിക്കുന്ന നിമിഷം മുതല്‍ ഉമ്മയുടെയും കുഞ്ഞിന്റെയും ശാരീരികാരോഗ്യത്തിന് നാം കൊടുക്കുന്ന ശ്രദ്ധയും പരിഗണനയും പരിചരണവും അതിന്റെ പകുതി അളവിലെങ്കിലും ഇരു കൂട്ടരുടെയും മാനസിക-വൈകാരിക സന്തുലിതാവസ്ഥക്കു വേണ്ടി നല്‍കാറുണ്ടോ എന്ന ചോദ്യമാണ് പ്രസ്തുത സംശയത്തിന് നിദാനം.
ഗര്‍ഭകാലത്തും ജനന ശേഷവും ഉമ്മയുടെ ചൂടും ചൂരും മാത്രമല്ല, മാതൃചിത്തത്തിന്റെ സങ്കട-സന്താപ-സംഘര്‍ഷങ്ങളുടെ ഏറ്റക്കുറച്ചിലുകളും കുഞ്ഞിന്റെ മാനസിക വൈകാരിക തലങ്ങിലേക്ക് പ്രസരിക്കും. ശൈശവ-ബാല്യ-കൗമാര ഘട്ടങ്ങളില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്ന സ്വഭാവ വൈകല്യങ്ങളും വൈകൃതങ്ങളും കാണുമ്പോഴാണ് നാം ഇത് മനസ്സിലാക്കുന്നത്.
ഉമ്മയുടെ ചിന്തയും മനോനിലയും ശബ്ദവും സംസാരവും വരെ ഹൃദയമിടിപ്പിലൂടെ മനസ്സിലാക്കുന്ന ഗര്‍ഭസ്ഥശിശു, ജനനശേഷം സ്വഭാവ-സംസ്‌കാര പൈതൃകത്തിന്റെ ബാലപാഠങ്ങള്‍ മുലപ്പാലിലൂടെ സ്വീകരിക്കുമ്പോള്‍ അല്ലാഹു മഹിതമായി ചിട്ടപ്പെടുത്തിയ മടിത്തട്ട് ഒരു വ്യക്തിയെ കടഞ്ഞെടുക്കാന്‍ തുടങ്ങുകയാണ്. ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിടുകയാണ്. ഒരു യുഗത്തിന്റെ ആവിഷ്‌കാരത്തിന് താരാട്ടു പാടുകയാണ്. ആ താരാട്ടിലുള്ളത് ഉമ്മയുടെ സമീപനങ്ങളും നിലപാടുകളുമാണ്. ഉമ്മയുടെ വിരല്‍ തുമ്പിലുള്ളത് ദിശാബോധത്തിന്റെ ചൂണ്ടു പലകയാണ്. ആ ചുടു ചുംബനങ്ങളിലുള്ളത് ജീവിതാന്ത്യം വരെ അറ്റുപോകാത്ത ശുദ്ധവും ആത്മാര്‍ഥവുമായ വൈകാരിക ബന്ധത്തിന്റെ തീക്ഷ്ണതയാണ്.
ശൈശവ-ബാല്യ-കൗമാര-യൗവന ഘട്ടങ്ങളില്‍ മാതാവിന്റെ സ്വാധീനവും ഇടപെടലുകളും അതിപ്രധാനം തന്നെയെന്ന് ചുരുക്കം. രക്ഷാകര്‍തൃത്വം അത്യന്തം ശ്രമകരവും സങ്കീര്‍ണവുമായ അധ്വാനമായി മാറിയ ഇക്കാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ മാതാവിന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് ചില പുനരാലോചനകള്‍ അനിവാര്യമാകുന്നത് അതുകൊണ്ടാണ്.
വെച്ചു വിളമ്പിയും വസ്ത്രമലക്കിയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം, കുഞ്ഞിന്റെ മാനസിക വൈകാരിക തലങ്ങളെ പിടിച്ചുലക്കുകയും പിടിച്ചു നിര്‍ത്തുകയും ചെയ്യാന്‍ കഴിയുന്ന മാസ്മരിക ശക്തിയാണ് മാതൃത്വം എന്ന് ഉമ്മമാര്‍ ആദ്യം മനസ്സിലാക്കുക. നമ്മുടെ സങ്കല്‍പത്തിന് അന്യവും അതീതവുമായ മേഖലകളിലൂടെ മക്കള്‍ സഞ്ചരിക്കുമ്പോള്‍ അവരുടെ ഗതിവിഗതികള്‍ നിര്‍ണയിക്കാനും നിയന്ത്രിക്കാനുമാകാതെ തളര്‍ന്നുപോകുന്ന നാം സ്വന്തം കഴിവുകേടിനെ മറക്കാന്‍ 'മാറിയ കാലം' എന്ന പഴിചാരലിന്റെ കുട പിടിക്കുന്നത് അത്ര നന്നല്ല.
കാലത്തിന്റെ കോലം കെട്ടലായും മാറ്റത്തിന്റെ പ്രതിഫലനമായും പുതിയ തലമുറയെ എഴുതിത്തള്ളുന്നത് ഒരുതരം ഒളിച്ചോട്ടമാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും തദനുസൃതമായി യുക്തിപരവും ബുദ്ധിപരവുമായ സമീപനങ്ങള്‍ രൂപപ്പെടുത്താനും കഴിയാത്ത ദൗര്‍ബല്യം കൂടി അതിനകത്തുണ്ട്.
ഏഴു വയസ്സുവരെ കൂടെ കളിക്കാനും 12 വയസ്സുവരെ കൂടെ പഠിക്കാനും കൗമാരത്തില്‍ കൂടെയിരുന്ന് കൂട്ടുകൂടാനും കഴിയുന്ന മാതാവിന് ഒരുപാട് ജീവിത പാഠങ്ങള്‍ കുട്ടിക്ക് പകര്‍ന്നു നല്‍കാന്‍ കഴിയും. കൂട്ടും കളിയും പഠനവും ഉമ്മയുടെ സാന്നിധ്യം കൊണ്ട് ശക്തവും സാമീപ്യം കൊണ്ട് ഹൃദ്യവുമാകണം.
താരാട്ടു പാടിയുറക്കാനും കഥകള്‍ പറഞ്ഞ് രസിപ്പിക്കാനും കൂടെയിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കാനും സമയവും സൗകര്യവുമില്ലാത്ത രക്ഷാകര്‍തൃത്വത്തെ കണ്ടുമടുത്ത നമ്മുടെ മക്കള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും വൈകാരിക ശൂന്യതയും ആരുണ്ടാക്കിയതാണ്? ആരാണിവിടെ മാറിയത്? രക്ഷിതാക്കളോ, മക്കളോ? അതോ ഒന്നുമറിയാത്ത കാലമോ? ഉപ്പയുടെ മുഖം കണ്ട് ഉറങ്ങാനും ഉമ്മയുടെ മുഖം കണ്ട് ഉണരാനുമുള്ള ഭാഗ്യം നമ്മുടെ ബാല്യത്തിനുണ്ടായിരുന്നു. തിരക്കുപിടിച്ച ലോകത്ത് അതിനേക്കാള്‍ തിരക്കുകൂട്ടി ഓടുന്ന നാം സൃഷ്ടിച്ച ശൂന്യത നികത്താന്‍ നമ്മുടെ മക്കള്‍ സ്‌നേഹഭാഷണത്തിനും നേരമ്പോക്കിനുമായി ഫേസ്ബുക്കിലും വാട്‌സ് ആപിലും ചേക്കേറുമ്പോള്‍ അത് കാലത്തിന്റെ കോലം കെട്ടലായി നാം വിധിയെഴുതുന്നു. മാറിയ ജീവിതശൈലിയുടെ അനിവാര്യതയായി തിരക്കിനെ കാണാമെങ്കിലും മൊബൈലും ബൈക്കും ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്ന പതിനഞ്ചുകാരന്റെ മുന്നില്‍ പൊട്ടിത്തെറിക്കുമ്പോള്‍, ഒഴിവുസമയമുണ്ടാക്കി കൂടെയിരിക്കാനും വൈകുന്നേരങ്ങളില്‍ കൂടെ നടക്കാനും സമയം കണ്ടെത്താന്‍ കഴിയാതെ പോയ പിതാവിന്റെ ഗതികേട് കൂടിയാണതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. മിസ്ഡ് കോളിലും മെസേജിലും കാമുകനെ തേടുന്ന മകളുടെ നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുമ്പോള്‍ അവള്‍ക്ക് മനസ്സ് തുറക്കാന്‍ ഒരു നേരമെങ്കിലും ഇരുന്നു കൊടുക്കാത്ത ഉമ്മയാണ് താനെന്ന സത്യം ഓര്‍ക്കേണ്ടതുണ്ട്.
കാലത്തിനും കുട്ടികള്‍ക്കും സംഭവിച്ച മാറ്റത്തെക്കുറിച്ച് പരിതപിക്കുമ്പോള്‍ നമുക്ക് സംഭവിച്ച മാറ്റം നാം അറിയാതെ പോകുന്നു. മാറിയ രക്ഷാകര്‍തൃത്വത്തിന്റെ ബാക്കിപത്രം കൂടിയാണ് മാറിയ തലമുറ എന്നു സാരം.
ചെറുപ്രായത്തില്‍ തന്നെ ധാരാളം വിവരങ്ങള്‍ സ്വായത്തമാക്കുന്ന പുതുതലമുറക്ക് മുന്നില്‍ രക്ഷിതാക്കള്‍ വിശേഷിച്ചും ഉമ്മമാര്‍ അജ്ഞരോ അറിവ് കുറഞ്ഞവരോ ആയി മാറുന്നത് അത്യന്തം ഖേദകരമാണ്. സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും സ്വന്തമായി വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോഴും അവയുടെ ഉപയോഗത്തിന് പത്ത് വയസ്സുകാരനായ മകന്റെ സഹായം അനിവാര്യമായി വരുന്ന തരത്തില്‍ മക്കളുടെ മുന്നില്‍ വിഡ്ഢിവേഷം കെട്ടിയാടുന്ന ഉമ്മമാരെയോര്‍ത്ത് പരിതപിക്കുക.
ഹൈടെക് യുഗത്തിലാണ് നമ്മുടെ മക്കള്‍ ജനിച്ചുവീഴുന്നത്. അവരുടെ കളിപ്പാട്ടം മൊബൈലും ലാപ്‌ടോപ്പുമാണ്. അവര്‍ കേള്‍ക്കുന്ന താരാട്ട് റിംഗ് ടോണുകള്‍ ആണ്. അവര്‍ പിച്ചവെക്കുന്നത് കമ്പ്യൂട്ടര്‍ യുഗത്തിലാണ്. അവര്‍ മത്സരിക്കുന്നത് റിയാലിറ്റി ഷോകളിലാണ്. പച്ചയായ ജീവിതാനുഭവങ്ങളെയല്ല അവര്‍ കാണുന്നത്, 'മലയാളി ഹൗസി'ലെ 'വെറുതെ അല്ല ഭാര്യ'മാരെയാണ്. അവരുടെ കൂട്ടുകാര്‍ 'കുട്ടിപ്പട്ടാള'ങ്ങളാണ്. അവരുടെ ഫാന്‍സ് അസോസിയേഷന്‍ 'ഡിഫോര്‍ ഡാന്‍സ്' ആണ്. അവര്‍ കാണുന്ന അമ്മമാര്‍ 'രാരി രാരീരം' പാടി മത്സരിക്കുകയാണ്.
കച്ചവടവത്കൃത ലോകത്ത് സാംസ്‌കാരിക അധിനിവേശത്തിന്റെ ഈ പുതിയ കാലത്ത് മക്കള്‍ക്ക് ദിശാബോധം നല്‍കുക എന്നത് ഗൃഹപരിപാലനം മാത്രം ആജീവനാന്ത ചുമതലയായി ഏറ്റെടുത്ത ഉമ്മമാരെ സംബന്ധിച്ചേടത്തോളം ശ്രമകരം തന്നെയാണ്. ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളും ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുമില്ലാത്ത ലോകത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുക സാധ്യമല്ലെന്ന് നമുക്കറിയാം. നാം വളര്‍ന്ന രീതിയില്‍ അവരെ വളര്‍ത്തുക എന്നത് പ്രായോഗികവും ബുദ്ധിപരവുമല്ല. കുട്ടികള്‍ക്ക് വളരാനും വികസിക്കാനും വേണ്ട സാഹചര്യം ഒരുക്കുന്നവരാണ് നാം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വളര്‍ന്നു വികസിക്കാന്‍ പാകത്തില്‍ കുട്ടികളെ ഒരുക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. കാലത്തെ പഠിക്കുക; കാലത്തിനൊപ്പം സഞ്ചരിക്കുക- ഉമ്മമാര്‍ ഒന്നാമതായി വേണ്ടത് അതാണ്. മക്കളുടെ മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനം നേടിയെടുക്കുക. അവരുടെ വഴിയിലെ കല്ലും മുള്ളും മാറ്റി മാര്‍ഗം സുഗമമാക്കാനാവശ്യമായ ലോക വിവരവും യുക്തിബോധവും ആര്‍ജിച്ചെടുക്കുക. ആര്‍ഭാടങ്ങളുടെയും ചടങ്ങ്- മാമൂലുകളുടെയും ലോകത്ത് നിന്ന് പുറത്ത് കടക്കുക. നമ്മുടെ അജ്ഞത കുട്ടിയും ദുരുപയോഗം ചെയ്യാതിരിക്കാന്‍ കാലത്തിനൊത്ത് ഉയര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രാപ്തി നേടുക.
ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ വാശിപിടിച്ചപ്പോള്‍ ഉപ്പ ഗള്‍ഫില്‍ നിന്നൊരു ലാപ് ടോപ്പ് കൊടുത്തയച്ചു. അതിന്റെ കസ്റ്റോഡിയനായതും പാസ്‌വേര്‍ഡ് തീരുമാനിച്ചതും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉമ്മ. മകനെ അറിയാനും നയിക്കാനുമുള്ള കഴിവ് നേടാനായി അവര്‍ കമ്പ്യൂട്ടര്‍ പഠനവും ആരംഭിച്ചു. ഇതൊരു അനുഭവമാണ്. സ്‌കൂള്‍ ഓഫീസില്‍ വിളിച്ചുവരുത്തി അവരെ അഭിനന്ദിക്കുകയുണ്ടായി. വളരെ വിരളമായി മാത്രം കാണുന്ന ഇത്തരം മാതാക്കളുടെ കൂട്ടത്തില്‍ അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു മാതാവായി അവര്‍.
നമ്മുടെ ചെറുപ്പകാലം അനുസരണത്തിന്റേതായിരുന്നു. രക്ഷിതാക്കള്‍ കല്‍പിക്കും, മക്കള്‍ അനുസരിക്കും. ഇന്ന് ചിത്രം മാറി. ചിലപ്പോഴെങ്കിലും മക്കള്‍ പറയുന്നത് നാം അനുസരിക്കേണ്ടതായിവരുന്നു. കുട്ടികള്‍ നമ്മെക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ ആര്‍ജിക്കുന്നു എന്നതാണതിന്റെ ഒരു കാരണം. സ്വന്തമായ അഭിപ്രായങ്ങളും വീക്ഷണവും നിലപാടുകളുമുണ്ട് പുതിയ തലമുറക്ക്. അവരുടെ ഈ പ്രായത്തില്‍ നമുക്കില്ലാതിരുന്ന തിരിച്ചറിവുകളുണ്ട്. സ്വതന്ത്ര വ്യക്തികളാണവര്‍. നമ്മുടെ വിദ്യാഭ്യാസവും വിവാഹവും തീരുമാനിച്ചത് രക്ഷിതാക്കളായിരുന്നു. എന്നാല്‍, നമ്മുടെ മക്കള്‍ക്ക് അവരുടെ വിദ്യാഭ്യാസ-വിവാഹ വിഷയങ്ങളില്‍ സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങളുണ്ട്. അതിനാല്‍ അവരെ സ്വതന്ത്ര വ്യക്തികളായി അംഗീകരിച്ചുകൊണ്ടും മാനിച്ചുകൊണ്ടും കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനങ്ങളെടുക്കുക, തിരുത്തലുകള്‍ വരുത്തുക എന്നതാണ് പ്രായോഗികം.
ഒരു മണിക്കൂറെങ്കിലും കുട്ടിയുടെ കൂടെയിരിക്കാന്‍-കൗമാരത്തില്‍ വിശേഷിച്ചും- നമുക്ക് സാധിക്കുന്നില്ല എന്നതാണ് നമ്മുടെ മക്കള്‍ അനുഭവിക്കുന്ന ഏറ്റവും പുതിയ ദാരിദ്ര്യവും ശൂന്യതയും. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാനും പറയാനുമുണ്ട്; പ്രത്യേകിച്ച് അവര്‍ കാണുന്ന ലോകത്തെക്കുറിച്ച്. 'സമരമുഖത്തെ ചുംബനം' കാണുന്നവരാണവര്‍. മാറിമറിയുന്ന മദ്യനയത്തില്‍ ആടിയുലയുന്ന സമൂഹത്തെ വീക്ഷിക്കുന്നവരാണവര്‍. അനുകരണ ഭ്രമത്തിന്റെ ഭ്രാന്തമായ ആവേശത്തില്‍ വേഷവും ഫാഷനും രൂപപ്പെടുത്തുന്ന ലോകത്തെ ദര്‍ശിക്കുന്നവരാണവര്‍. നമ്മുടെ ബാല്യകാലത്തിന് ഇത്തരം കാഴ്ചകളുടെ വിശേഷങ്ങളൊന്നും തന്നെ പറയാനില്ലെന്നോര്‍ക്കുമ്പോള്‍ പൊട്ടിത്തെറിച്ചും രക്തം തിളപ്പിച്ചും മക്കളുടെ മുമ്പില്‍ ഉറഞ്ഞുതുള്ളുന്നതിനു പകരം മനസ്സ് തണുപ്പിച്ചും വികാരത്തെ ശമിപ്പിച്ചും അവരോടൊപ്പം ഇരിക്കുക; നമുക്കും അവര്‍ക്കും മനസ്സ് തുറക്കാന്‍. അവിടെ വീക്ഷണങ്ങളും നിലപാടുകളും പങ്കുവെക്കുക. ആകാശത്തിനു താഴെയുള്ള ഏത് വിഷയവും ചര്‍ച്ചക്ക് എടുക്കുക. സ്‌നേഹത്തോടെ, സഹിഷ്ണുതയോടെ തിരുത്തലുകള്‍ വരുത്തുക. പ്രവിശാലമായ ഈ ലോകത്തിന്റെ ചലനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം എന്നു മാത്രം.
സ്‌നേഹത്തിനു വേണ്ടി ദാഹിക്കുന്നവരാണ് നമ്മുടെ മക്കള്‍. മൊബൈലും ബൈക്കും വാങ്ങിക്കൊടുത്ത് അവരെ സ്‌നേഹിക്കാന്‍ ശ്രമിക്കുന്നു ചിലര്‍. ചേര്‍ത്തുപിടിക്കാനും തലോടാനും ചുംബനം നല്‍കി യാത്രയയക്കാനും കഴിയുന്ന ഉമ്മമാരാണ് മക്കളുടെ ശക്തിയും ആവേശവും എന്ന് നാം തിരിച്ചറിയുക. മക്കളാണ് നമ്മുടെ സമ്പാദ്യവും അലങ്കാരവും. അവര്‍ക്ക് പത്തരമാറ്റ് സൗന്ദര്യം നല്‍കാന്‍ മാതൃസ്‌നേഹത്തിനേ കഴിയൂ. നാം അനുഭവിച്ചത് സുഖകരവും സുരക്ഷിതവും സംഘര്‍ഷരഹിതവുമായ ബാല്യമായിരുന്നു. പാടത്തും പറമ്പിലും മാവിന്‍ ചുവട്ടിലും ആണ്‍-പെണ്‍ ഭേദമന്യേ ഒത്തുകൂടി കളിച്ചുല്ലസിച്ചിരുന്ന സുന്ദര ബാല്യം. പ്രസ്തുത മാനസികോല്ലാസം ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാണ്. സംഘര്‍ഷങ്ങളുടെ ലോകത്താണവര്‍ ജീവിക്കുന്നത്. മൂന്നര വയസ്സില്‍ തന്നെ ഭാരമുള്ള പഠനം ചുമലിലേറ്റുന്നു. പിന്നീടങ്ങോട്ട് രക്ഷിതാക്കളും സഹപാഠികളും സമൂഹവും അവര്‍ക്ക് കൊടുക്കുന്ന സംഘര്‍ഷങ്ങള്‍ നിരവധിയാണ്. മാത്സര്യത്തിന്റെ സംഘര്‍ഷങ്ങള്‍. മാറ്റുരക്കലിന്റെ വീര്‍പ്പുമുട്ടലുകള്‍, ആ ഇളം മനസ്സുകളില്‍ സ്‌നേഹത്തിന്റെ മഞ്ഞുമഴ പെയ്യിക്കാന്‍ ഉമ്മമാര്‍ക്കാണ് കഴിയുക. പൊക്കിള്‍ക്കൊടിയില്‍ തുടങ്ങിയ ആ സ്‌നേഹബന്ധം വലയം ഭേദിച്ച് പുറത്തുപോകാനാവാത്ത വിധം ഭദ്രവും ശക്തവുമാക്കി നിലനിര്‍ത്താന്‍ പ്രാപ്തയായിരിക്കണം ഉമ്മ. അനുസരിപ്പിച്ചുകൊണ്ടല്ല; അനുനയിപ്പിച്ചുകൊണ്ടാണത് സാധ്യമാക്കേണ്ടത്.
ബുദ്ധിയും യുക്തിയും നയവും അനിവാര്യമായ ഒരു ദൗത്യമാണ് മാതൃത്വം എന്നു സാരം. അതിന് ഒന്നാമതായി വേണ്ടത് ഗൃഹപരിപാലനത്തെ ക്രമീകരിച്ചുകൊണ്ട് ഒഴിവു സമയം കണ്ടെത്തുക എന്നതാണ്.
മാതാവ് സുഹൃത്തല്ല; എന്നാല്‍ മക്കളോട് സൗഹൃദത്തോടെ (ഫ്രന്റ്‌ലി) ഇടപെടുന്നവര്‍ ആകണം. ഉമ്മയുടെ ശക്തിയും ആവേശവുമാണ് മക്കളെ നയിക്കേണ്ടത്. 'എന്റെ ഉമ്മ എപ്പോഴും എന്നോടൊപ്പം നില്‍ക്കു'മെന്ന ഉറച്ച വിശ്വാസം മക്കളില്‍ സൃഷ്ടിക്കുക. എങ്കില്‍ ഏത് തെറ്റും ഉമ്മയുടെ മുന്നില്‍ ഏറ്റുപറയാനുള്ള സത്യസന്ധതയും ആത്മാര്‍ഥതയും അവരിലുണ്ടാകും. സ്‌നേഹ ബുദ്ധ്യാ ഉമ്മ അത് തിരുത്തുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടാകും. ഒരിക്കല്‍ പോലും അവരെ സംശയിക്കേണ്ടിവരില്ല; അവരെയോര്‍ത്ത് ഉറക്കം നഷ്ടപ്പെടുകയില്ല.
ചുരുക്കത്തില്‍, കൂടെ കളിക്കാനും കൂടെ പഠിക്കാനും കൂട്ടുകാരെ പോലെയാകാനും കഴിയുന്ന മാതൃത്വമാണ് മക്കളുടെ ഭാഗ്യം. അതിലൂടെ അവര്‍ ഉമ്മയെ അറിയുന്നു. ഉപ്പയെ മനസ്സിലാക്കുന്നു. ലോകത്തെ പഠിക്കുന്നു. ലോക സ്രഷ്ടാവിനെ മനസ്സിലാക്കുന്നു. സ്വന്തത്തെ അറിയുന്നു. എല്ലാറ്റിലുമപരി സ്വന്തം ജീവിത ലക്ഷ്യം തിരിച്ചറിയുന്നു.
Comments