Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

അറബ് വസന്തം അവസാനിക്കുന്നില്ല

ഫഹ്മീ ഹുവൈദി /വിശകലനം

         അറബ് വിപ്ലവം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടക്ക് ചില തിരിച്ചടികള്‍ നേരിട്ടുവെങ്കിലും വിപ്ലവം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഹുസ്‌നി മുബാറകിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടിതിവിധി കേട്ട് പലരും അമര്‍ഷം രേഖപ്പെടുത്തി. തുനീഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിപ്ലവത്തെ എതിര്‍ത്തിരുന്ന കക്ഷി വിജയിച്ചതും, യമനിലെ രാഷ്ട്രീയ മണ്ഡലത്തില്‍ അലി അബ്ദുല്ല സ്വാലിഹ് ഇപ്പോഴും മുഖ്യ റോള്‍ വഹിക്കുന്നതും, ലിബിയയിലെ ആഭ്യന്തര യുദ്ധവുമൊക്കെ പലരിലും കടുത്ത നിരാശയുണ്ടാക്കുന്ന വാര്‍ത്തകളാണ്. നാലു വര്‍ഷമായി തുടരുന്ന സിറിയന്‍ വിപ്ലവത്തിന് അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയാത്തതും, രംഗം മുഴുവന്‍ വഷളാക്കുന്ന വിധത്തില്‍ ഐ.എസ് എന്ന തികച്ചും ദുരൂഹമായ വിഭാഗത്തിന്റെ രംഗപ്രവേശവും നിരാശയുടെ ആഴം കൂട്ടുന്നു. 

അതേസമയം, തങ്ങളുടെ അധികാരം നിലനിര്‍ത്തുവാനും സമാന ചിന്താഗതിക്കാരുമായി ഐക്യദാര്‍ഢ്യപ്പെട്ട് അറബ് വസന്തത്തെ പരാജയപ്പെടുത്താനും ചിലര്‍ നടത്തുന്ന ശ്രമങ്ങളും നമുക്കറിയാം. വിപ്ലവത്തിന്റെ വഴിമുടക്കാനാണ് അവര്‍ ഇപ്പോള്‍ ശക്തി സംഭരിക്കുന്നതും മീഡിയയെ ഉപയോഗപ്പെടുത്തുന്നതും ഡീപ് സ്‌റ്റേറ്റിനെ മാളത്തില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതുമെല്ലാം. വസന്താന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ തുനിഞ്ഞിറങ്ങിയ ഇക്കൂട്ടര്‍ ചരിത്രത്തോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. അറബ് വസന്തം നേരിട്ട തിരിച്ചടികള്‍ മൂലം നിരാശ പൂണ്ട് പരസ്യമായി അതിന്റെ ചരമം പ്രഖ്യാപിച്ച് ആ ഏടുതന്നെ മടക്കിവെച്ചവരുമുണ്ട്. 

അറബ് വസന്തത്തിനേറ്റ പരാജയങ്ങളും തിരിച്ചടികളും നിഷേധിക്കുന്നില്ല. അതുപോലെ പ്രതിവിപ്ലവം നേടിയ മുന്നേറ്റങ്ങളും നമുക്ക് ബോധ്യമുള്ളതാണ്. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അറബ് വസന്തം അവസാനിച്ചു എന്ന് വിധിക്കാന്‍ ചരിത്രാവബോധം നമ്മെ അനുവദിക്കുന്നില്ല. പിന്നിട്ട പാതയിലെ പിഴവുകള്‍ മനസ്സിലാക്കാനും ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനും തിരിച്ചടികള്‍ നമ്മെ സഹായിക്കും എന്നതിലപ്പുറം, ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ക്കുന്ന ഒരു തീര്‍പ്പിലെത്താന്‍ നമുക്കാവില്ല.

ഇന്തോനേഷ്യയിലെ പ്രമുഖ ഗവേഷകനും ജക്കാര്‍ത്തയിലെ കോളേജധ്യാപകനുമായ പ്രഫസര്‍ സാലിം സഈദ് രണ്ടാഴ്ച മുമ്പ് കെയ്‌റോയില്‍ വരികയുണ്ടായി. ജനുവരി 25 വിപ്ലവവും തുടര്‍ന്ന് ഈജിപ്തിലുണ്ടായ മാറ്റങ്ങളും പഠിക്കാനാണ് അദ്ദേഹമെത്തിയത്. 2013 ജൂലൈ 3-ന് മുഹമ്മദ് മുര്‍സി അട്ടിമറിക്കപ്പെട്ടതും ശേഷം രാജ്യം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചതുമൊക്കെയാണ്   പഠനവിഷയങ്ങള്‍. സൈനിക സംവിധാനങ്ങളും രാഷ്ട്രീയ വിഭാഗങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക പഠനവിഷയമായെടുത്ത അദ്ദേഹം ഈജിപ്ഷ്യന്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഒരു പുസ്തകത്തിന്റെ രചനയിലാണിപ്പോള്‍. ഈജിപ്തിലെ പല ബുദ്ധിജീവികളെയും അദ്ദേഹം നേരില്‍ കണ്ട് നിലവിലെ സംഭവങ്ങളെ സൂക്ഷ്മ വിശകലനം നടത്തിവരികയാണ്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും പൗരസമൂഹവുമായി അകല്‍ച്ചയില്‍ കഴിയുന്നു എന്നതാണ്,  2011 വിപ്ലവത്തിനു ശേഷമുള്ള ഈജിപ്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി അദ്ദേഹം കണ്ടെത്തിയത്. രാഷ്ട്രീയ ഭൂമികയില്‍ വലിയ വിടവാണ് അത് സൃഷ്ടിച്ചത്. സൈനിക സംവിധാനമാണ് ആ വിടവ് നികത്തുന്നത്. ഈ വിഷയത്തില്‍ ഇന്തോനേഷ്യയും ഈജിപ്തും തമ്മില്‍ ചില സമാനതകളുണ്ടെന്നും നിരീക്ഷിക്കപ്പെട്ടു. ഇന്തോനേഷ്യയില്‍ 1967- ല്‍ അധികാരത്തിലേറിയ ജനറല്‍ സുഹാര്‍ത്തോ, ഹുസ്‌നി മുബാറകിനെ പോലെ ആ പദവിയില്‍ 30 വര്‍ഷം തികച്ചു. ദുര്‍ഭരണവും അഴിമതിയും രാജ്യത്ത് വ്യാപിച്ചതോടെ പൗരസഞ്ചയം പാടെ അവഗണിക്കപ്പെട്ടു. ജനകീയ പ്രക്ഷോഭത്തിലൂടെയാണ് രാജ്യം പിന്നീട് അതില്‍ നിന്ന് മോചിതമായത്. എന്നാല്‍, നീണ്ട ഏകാധിപത്യ ഭരണം ആ രാജ്യത്തെ പൗരന്മാരെ ഈജിപ്തിലേതിനു സമാനമായ ഒരുതരം നിസ്സഹായതയിലേക്ക് കൊണ്ടെത്തിച്ചിരുന്നു. ആ ശൂന്യതയിലാണ് പിന്നീട് കുറച്ച് കാലം ഇന്തോനേഷ്യ മുന്നോട്ടു പോയത്. തുടര്‍ന്ന് ഭരണത്തിലെത്തിയ പ്രഫ. ബുര്‍ഹാനുദ്ദീന്‍ ഹബീബി പിന്നീടുള്ള പരിവര്‍ത്തനഘട്ടം സമര്‍ഥമായി കൈകാര്യം ചെയ്തതോടെയാണ് ഇന്തോനേഷ്യ ജനാധിപത്യ വഴിയിലെത്തുന്നത്. അങ്ങനെ പുത്തനുണര്‍വ് ലഭിച്ച അവിടത്തെ പൗരസമൂഹത്തിന്റെ ജാഗ്രതയാണ് അട്ടിമറികളെയും രാഷ്ട്രീയ ഗൂഢാലോചനകളെയും മറികടക്കാന്‍ സഹായിച്ചത്. വരാനിരിക്കുന്ന ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ നിരീക്ഷിച്ച പ്രഫ. സഈദ്, നിലവിലെ രാഷ്ട്രീയ രംഗത്ത് സംജാതമായ വലിയ ശൂന്യതയെ  തിരിച്ചറിയുന്നുണ്ട്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ ജനാധിപത്യ മാര്‍ഗം വീണ്ടെടുക്കുകയല്ലാതെ വഴിയില്ല. ജനാധിപത്യത്തിലേക്കുള്ള പ്രവേശനത്തിന് വലിയ വിലയൊടുക്കേണ്ടതായും വരും. അതിനുള്ള തയാറെടുപ്പും ആവശ്യമാണ്. വിജയത്തിലേക്കുള്ള വഴിയില്‍ പരാജയത്തിന്റെ തലങ്ങളിലൂടെ ഇനിയും കടന്ന് പോകേണ്ടതുണ്ട്. 

വിശദമായ ചര്‍ച്ച ആവശ്യമായ വിഷയമാണ് ഈജിപ്ഷ്യന്‍ അനുഭവങ്ങള്‍; നിലവിലെ ധ്രുവീകരണ പശ്ചാത്തലത്തില്‍ അത് ദുഷ്‌കരമാണെങ്കിലും. പൗരസമൂഹത്തിന്റെ പക്വതയെ വിനഷ്ടമാക്കുന്നതും പൊതു നന്‍മയെ അതിജയിക്കുന്നതും വിവിധ തലങ്ങളിലുള്ള യോജിപ്പുകളെ മറികടക്കുന്നതുമാണ് ധ്രുവീകരണം. പ്രൊഫ. സഈദിന്റെ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു പക്ഷേ, തുനീഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തിന്റെയും ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ ആപേക്ഷിക പരാജയത്തിന്റെയും കാരണവും അതായിരിക്കാം. 

ഒരു ഭരണകൂടത്തെ വീഴ്ത്തി സമാനമായ മറ്റൊരു ഭരണകൂടത്തെ വാഴിക്കാനുള്ള പ്രക്ഷോഭമായിരുന്നു അറബ് വസന്തം എന്നത് തെറ്റായ വായനയാണ്. ഭരണത്തിലിരിക്കുന്നവരുടെ സ്വഭാവദൂഷ്യമാണ് വിപ്ലവത്തിന്റെ കാരണം എന്ന് വിധിയെഴുതുന്നതും ശരിയല്ല. സമൂഹത്തിന്റെ  സിരകളിലൊഴുകിയ പുത്തനുണര്‍വായിരുന്നു യഥാര്‍ഥത്തില്‍ അറബ് വസന്തം. വിപ്ലവാവേശവും രാഷ്ട്രീയ, സാമൂഹിക അനീതികള്‍ക്കെതിരിലുള്ള വികാരവുമായിരുന്നു അതിനെ നയിച്ചത്. ചരിത്രപരമായ പരിവര്‍ത്തനമാണ് അറബ് വസന്തത്തില്‍ സംഭവിച്ചത്. അതിന്റെ ലക്ഷ്യം നേടാന്‍ പരിമിതമായ വര്‍ഷങ്ങള്‍ മതിയാവില്ല. കുറഞ്ഞ അധ്വാനവും വലിയ സഹിഷ്ണുതയും നല്‍കി പരിപൂര്‍ണവും വേഗമേറിയതുമായ വിപ്ലവത്തിലൂടെ കുറഞ്ഞ കാലം കൊണ്ട് ജനാധിപത്യത്തിലേക്കുള്ള  പരിവര്‍ത്തനം പൂര്‍ത്തിയാക്കിയ സംഭവങ്ങള്‍ ചരിത്രത്തില്‍ നാം കേട്ടിട്ടില്ല. യഥാര്‍ഥ വിപ്ലവത്തേക്കാള്‍ ശൗര്യവും വീര്യവും കുറഞ്ഞ ഒരു പ്രതിവിപ്ലവത്തെ കുറിച്ചും നമ്മുടെ സാമൂഹികശാസ്ത്ര ചരിത്രത്തിന് പറയാനില്ല. യാഥാര്‍ഥ്യം മറിച്ചാണ്. കൂടുതല്‍ അപകടകരവും ഹിംസാത്മകവും അതോടൊപ്പം വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ മോശമായ അവസ്ഥയിലെത്തിക്കുന്നതുമായ പ്രതിവിപ്ലവമാണ് ചരിത്രത്തിലുടനീളം കണ്ടു പോന്നത്. കാരണം വര്‍ഷങ്ങളായി കൈവശം വെക്കുന്ന വലിയ നേട്ടങ്ങള്‍ നഷ്ടപ്പെടുന്നതിലുള്ള ഭയമാണ് പ്രതിവിപ്ലവകാരികളെ നയിക്കുന്നത്. 

എല്ലാ വിപ്ലവങ്ങള്‍ക്കും ശേഷം ശക്തമായ പ്രതിവിപ്ലവങ്ങളുണ്ടായിട്ടുണ്ട്. അളവില്‍ മാറ്റമുണ്ടെങ്കിലും അവക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു. ഫ്രഞ്ച് വിപ്ലവം നടന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ബോര്‍ബോണ്‍ കുടുംബം അധികാരത്തില്‍ തിരിച്ചെത്തുകയുണ്ടായി. ഇറാനിലെ ഷാ രാജാവ്, മുഹമ്മദ് മുസ്വദ്ദിഖിന്റെ വിപ്ലവത്തിനു(1953) ശേഷം  അധികാരം തിരിച്ചുപിടിച്ചു. ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ കീഴില്‍ നടന്ന പ്രതിവിപ്ലവത്തിന് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലെത്തിയ സല്‍വദോര്‍ അലന്‍ദിയെ അട്ടിമറിക്കാനായതും ചരിത്രം.  

അതിനുമപ്പുറം, പ്രതിവിപ്ലവത്തിന്റെ വിജയസാധ്യത വളരെ വലുതാണ്. കാരണം, അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ അവരുടെ കൈവശമാണുള്ളത്. അതുപോലെ, പ്രതിവിപ്ലവത്തിന്റെ ഗുണഭോക്താക്കളെ അതിന്റെ ഭാഗഭാക്കാക്കാനും അവര്‍ക്ക് സാധിക്കുന്നു. സാമൂഹിക സംവിധാനത്തെ തകര്‍ത്തുകൊണ്ട് സാമൂഹിക ശക്തികളെ ദുര്‍ബപ്പെടുത്താനും അതിനു കഴിയും. അധികാരവും സമ്പത്തും കൈവശം വെക്കുന്നതിനാല്‍ സാമൂഹിക ഘടനയെ കുറിച്ച വ്യക്തമായ ധാരണ അവര്‍ക്കുണ്ടാവും. കൂടാതെ, അതിനെ മുറിവേല്‍പ്പിക്കാനും വശീകരിക്കാനുമുള്ള വഴിയും അവര്‍ക്ക് വശമുണ്ടാകും. അതിനായി ധാരാളം പണം മുടക്കാനും അവര്‍ ഒരുക്കമാണ്.

പ്രശസ്ത അമേരിക്കന്‍ ചിന്തകന്‍ പ്രഫ. ഫ്രാന്‍സിസ് ഫുക്കുയാമയുടെ ഈയിടെ പുറത്തിറങ്ങിയ 'രാഷ്ട്രീയ വ്യവസ്ഥയും രാഷ്ട്രീയ ജീര്‍ണതയും' (Political Order and Political Decay) എന്ന പുസ്തകത്തില്‍ അറബ് വസന്തവും അതിന്റെ പരിണിതിയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. മിക്ക പാശ്ചാത്യ ചിന്തകരും അറബ് വസന്തത്തിന്റെ നിലവിലെ പരിണിതിയില്‍ നിരാശരാണ്. അവരുടെ അഭിപ്രായത്തില്‍ വസന്തത്തിനു മുമ്പത്തെ അവസ്ഥയേക്കാള്‍ മോശമാണ് നിലവിലെ കാര്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍  അധികാരത്തിലെത്തിയതോടെ പ്രതിസന്ധികള്‍ രൂക്ഷമാവുകയാണ് ചെയ്തതെന്നു അവര്‍ കരുതുന്നു. അവര്‍ക്ക് മറുപടിയായി ഫുക്കുയാമ എഴുതുന്നു: ''പ്രതിസന്ധികളെ കുറിച്ച് പറയുകയും അറബ് വിപ്ലവത്തെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ സുദീര്‍ഘവും പ്രശ്‌ന സങ്കീര്‍ണവുമായിരുന്ന യൂറോപ്യന്‍ വിപ്ലവത്തെ വിസ്മരിക്കുകയാണ് ചെയ്യുന്നത്. 1848- ലെ യൂറോപ്യന്‍ ജനകീയ വിപ്ലവത്തിനു ശേഷം യൂറോപ്പില്‍ ജനാധിപത്യത്തിന് സ്ഥിരതയും വേരോട്ടവും ലഭിക്കാന്‍ പിന്നെയും ഒരു നൂറ്റാണ്ട് (ഫ്രഞ്ച് വിപ്ലവം) വേണ്ടി വന്നു.'' ഫുകുയാമ തുടരുന്നു: ''അറബ് ലോകത്ത് ജനാധിപത്യം പുലരാന്‍ നീണ്ടകാലം നാം ഇനിയും കാത്തിരിക്കേണ്ടി വരും. അതത്രയും പ്രശ്‌ന കലുഷിതവുമായിരിക്കും. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്നതിന്റെയും അധികാര കൈമാറ്റത്തിന്റെയും പ്രാധാന്യം അറബ് ജനത ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം, സാതന്ത്ര്യത്തെ മാനിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കലും നിലനിര്‍ത്തലും അത്ര എളുപ്പമല്ല.''

ഫ്രാന്‍സിലെ ലെ മെന്‍ഡ് (Le Monde) പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോക രാജ്യങ്ങളിലെ ജനാധിപത്യ വികാസത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 1970 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ലോകത്തിലെ വിഭവങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചു. 1974-ല്‍ ജനാധിപത്യ രാജ്യങ്ങളുടെ എണ്ണം 40 മാത്രമായിരുന്നെങ്കില്‍ ഇന്നത് 120 രാജ്യങ്ങളാണ്. എന്നാല്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസറും ജനാധിപത്യ പഠനങ്ങളില്‍ വിദഗ്ധനുമായ ലാറി ദയ്മണ്ടി(Larry Diamond)ന്റെഅഭിപ്രായത്തില്‍ ലോകം ഇന്ന് കടന്നു പോകുന്നത് ജനാധിപത്യ മുരടിപ്പെന്ന് വിളിക്കാവുന്ന ഒരവസ്ഥയിലൂടെയാണ്. 

ജനാധിപത്യ അവസരങ്ങള്‍ക്ക് നേര്‍ത്ത സാധ്യതകള്‍ മാത്രമുള്ള അറബ് രാജ്യങ്ങളിലെ പൊതു പ്രതിഭാസമാണ് ജനാധിപത്യ മുരടിപ്പ്. അതിന്റെ കാരണം വ്യത്യസ്ത താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന സാമൂഹിക ഘടന പ്രബലമായതാവാം. അല്ലെങ്കില്‍, ജനാധിപത്യ ആശയത്തെ ദുര്‍ബലമാക്കുന്ന പെട്രോള്‍ വസന്തമാകാം. അതുമെല്ലങ്കില്‍ വരേണ്യ വിഭാഗത്തെ ഭിന്നിപ്പിച്ച് അതിന്റെ റോള്‍ തന്നെ അപ്രസക്തമാക്കുന്ന ധ്രുവീകരണമാകാം. എന്നാല്‍ ഇതൊക്കെയും മാറാന്‍ സാധ്യതയുള്ള അവസ്ഥകളാണ്. അറബ് വസന്തത്തിന്റെ പ്രയാണത്തിനു മുമ്പില്‍ വിലങ്ങുതടിയായി നില്‍ക്കുന്ന വന്‍മതിലായി അതിനെ കാണാനാവില്ല. സമൂഹം അതിന്റെ പ്രബുദ്ധത വീണ്ടെടുക്കുകയും സാമൂഹിക നേതൃത്വം ജനങ്ങളോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്താല്‍ വിശേഷിച്ചും. പ്രതിവിപ്ലവത്തിന്റെ ആക്രമണം ശക്തമാണെന്നത് ശരിയാണ്. അതിന്റെ സാധ്യതകളും അതിന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും മുന്നേറാനും വിജയിക്കാനുമുള്ള അവസരം നല്‍കുന്നുണ്ട്. പൊതുജനാഭിപ്രായം വികലമാക്കുന്നതിലും ജനങ്ങളെ ഭയപ്പെടുത്തുന്നതിലും അവരെ പിന്തുണക്കുന്ന മീഡിയയുടെ പങ്കും ചെറുതല്ല. ഇത് തുനീഷ്യയില്‍ വളരെ പ്രകടമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിവിപ്ലവകാരികളായ വിഭാഗത്തിനനുകൂലമായി ഭൂരിപക്ഷം വോട്ടു ചെയ്യുന്ന വിധത്തില്‍ ഭീതിപ്പെടുത്തല്‍ വ്യാപകമായിരുന്നു. പഴയ ഏകാധിപത്യ വ്യവസ്ഥക്കെതിരെ പോരാടി ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട വിഭാഗത്തില്‍ നിന്ന് ജനങ്ങളെ അകറ്റാനും ആ ശ്രമങ്ങള്‍ക്ക് സാധിച്ചു. എല്ലാം ശരി തന്നെ. എന്നാല്‍, ജനാധിപത്യത്തിലേക്കുള്ള പ്രയാണം വളരെ ക്ലേശമേറിയതും ദുര്‍ഘടവുമാണ് എന്നതും അറബ് വസന്തം ഏതെങ്കിലും പാര്‍ട്ടികളുടെയോ നേതാക്കളുടെയോ പ്രവര്‍ത്തനഫലമല്ല എന്നതും മറിച്ച് ജനതയുടെ ഇച്ഛാശക്തിയുടെ സൃഷ്ടിയാണെന്നതും നാമറിയേണ്ട മറ്റു ശരികളാണ്. ജനങ്ങളുടെ ഇഛാശക്തി പരാജയപ്പെടില്ല എന്നതിനും അതിനെ മറികടക്കാനുള്ള ശ്രമങ്ങളെല്ലാം താല്‍കാലികമാണെന്നതിനും അത്തരം ശ്രമങ്ങള്‍ക്ക് നിലനില്‍പില്ല എന്നതിനും ചരിത്രം സാക്ഷി. 

വിവ: നാജി ദോഹ
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍