Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

മതേതരത്വത്തിന്റെ മരണമണി

റഹ്മാന്‍ മധുരക്കുഴി

മതേതരത്വത്തിന്റെ മരണമണി

2002-ലെ ഗുജറാത്ത് വംശഹത്യാ സംഭവത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ചോദ്യം ചെയ്യാന്‍ തക്ക തെളിവുകളില്ലെന്ന് സുപ്രീംകോടതി നിയമിച്ച അന്വേഷണ കമീഷന്‍ പറയുന്നു.

പ്രസ്തുത സംഭവത്തില്‍ മോദിയുടെ പങ്കില്‍ സംശയമുള്ളവരല്ല രാജ്യത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും. മോദിക്ക് വര്‍ഷങ്ങളോളം വിസ നിഷേധിച്ച അമേരിക്കയെ പോലുള്ള വിദേശ രാഷ്ട്രങ്ങളും തഥാ. മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടതെന്ന്, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് മോദി നിര്‍ദേശിച്ചതിന് താന്‍ സാക്ഷിയാണെന്ന് സഞ്ജീവ് ഭട്ട് കോടതിയില്‍ ബോധിപ്പിച്ചതാണ്.

ഗുജറാത്ത് കലാപകാലത്ത് ഇന്റലിജന്‍സ് എ.ഡി.ജിപിയായിരുന്ന ശ്രീകുമാര്‍ പറയുന്നു: ''പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തില്‍, തന്റെ മുമ്പില്‍ ഉപവിഷ്ടരായ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും ഡി.ജി.പിയും പോലീസ് കമീഷണറുമടക്കമുള്ളവരോട് നരേന്ദ്രമോദി പറഞ്ഞതിങ്ങനെ: ''ഹിന്ദു ജനതയെ സംബന്ധിച്ചേടത്തോളം ഏറ്റവും ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ നിങ്ങള്‍ പോലീസുകാര്‍ ഒരു വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍, തുല്യമായി ഹിന്ദുക്കളെയും മുസ്‌ലിംകളെയും അറസ്റ്റ് ചെയ്യും. അതിവിടെ പറ്റില്ല. മൂന്ന് ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്. ഇത് നിങ്ങളോട് പ്രത്യേകമായി ഞാന്‍ നിര്‍ദേശിക്കുകയാണ്'' (കേരള ശബ്ദം, 2008 ഒക്‌ടോബര്‍ 19). 'ഹിന്ദുക്കള്‍ പ്രതികാരം ചെയ്യും, നിങ്ങള്‍ ഇടപെടരുത്' എന്ന് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചപ്പോള്‍ തന്നെ ഐ.പി.സി 120 ബി അനുസരിച്ചുള്ള ഗൂഢാലോചന എന്ന കുറ്റകൃത്യം നരേന്ദ്രമോദി ചെയ്തുകഴിഞ്ഞു. പിന്നെ എങ്ങനെ പറയാന്‍ കഴിയും നരേന്ദ്രമോദിക്ക് കലാപത്തിനുള്ള ഗൂഢാലോചനയില്‍ ഒരു പങ്കുമില്ലെന്ന് എന്നാണ് ശ്രീകുമാര്‍ ചോദിക്കുന്നത്.

ഇപ്പോഴിതാ ഗോധ്ര സംഭവം അന്വേഷിച്ച നാനാവതി കമീഷന് മുന്നില്‍ നരേന്ദ്രമോദിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ നിര്‍ണായക തെളിവ് നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് വിടാന്‍ ഒരുങ്ങുകയാണ്!

പ്രവീണ്‍ തൊഗാഡിയയുടെ വര്‍ഗീയ വിദ്വേഷ പ്രസംഗ കേസ് പിന്‍വലിച്ച കേരള സര്‍ക്കാരിന്റെ നിലപാടും ഇതിനോട് ചേര്‍ത്തുപറയേണ്ടതാണ്. ഇത് ഗുരുതരമായ കേസ്സായതിനാല്‍ പിന്‍വലിക്കരുതെന്ന അന്നത്തെ കോഴിക്കോട് സിറ്റി പോലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് വര്‍ഗീയതക്കെതിരെ സദാ ഗര്‍ജിക്കുന്ന നമ്മുടെ മതേതര സര്‍ക്കാര്‍ ഈ മതവിദ്വേഷ പ്രസംഗ കേസ് പിന്‍വലിച്ചിരിക്കുന്നത്.

നിരപരാധികര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, മതവിദ്വേഷ പ്രസംഗത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിച്ചു പോരുന്ന തൊഗാഡിയയുടെ പേരിലുള്ള ഗുരുതരമായ കേസുകള്‍ പിന്‍വലിക്കപ്പെടുന്നു! നിയമത്തിന് മുന്നില്‍ സര്‍വരും സമന്മാരെന്ന തത്ത്വം നഗ്നമായി ബലി കഴിക്കപ്പെടുകയാണിവിടെ.

റഹ്മാന്‍ മധുരക്കുഴി

പാരായണം ചെയ്യാന്‍ മാത്രം പഠിച്ച നമ്മള്‍

മുഹമ്മദ് ശമീം, കെ.പി ഇസ്മാഈല്‍ എന്നിവരുടെ ലേഖനങ്ങള്‍ (ലക്കം 2876) ശ്രദ്ധേയമായിരുന്നു. നമസ്‌കാരാദി ആരാധനാ കര്‍മങ്ങള്‍ സ്വയംതന്നെ ഒരു ലക്ഷ്യമല്ലെന്നും മറിച്ച് മഹത്തായ സത്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണെന്നും നാം മറന്നുപോകുന്നു. അതുപോലെ വിശുദ്ധ ഖുര്‍ആന്‍ മുറപോലെ പാരായണം ചെയ്യുന്നു. പക്ഷേ, അന്തഃസത്ത നാം മനസ്സിലാക്കുന്നില്ല; നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നില്ല. വര്‍ത്തമാനകാല മുസ്‌ലിംകളുടെ ജീവിതം തന്നെയാണ് ഇതിന് സാക്ഷി.

ലൈക്ക് പേജില്‍ മജീദ് കുട്ടമ്പൂര്‍ എഴുതിയ 'ഭക്ഷണത്തിലൂടെ രോഗങ്ങള്‍ വിരുന്നെത്തുന്നു' എന്ന  ലേഖനവും (ലക്കം 2877) ശ്രദ്ധേയമായി. മലയാളിയുടെ രോഗാതുരത വര്‍ധിപ്പിക്കുന്നതില്‍ വിഷം കലര്‍ന്ന ഭക്ഷണം വലിയ പങ്കുവഹിക്കുന്നു. പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവയില്‍ വിഷം കലരുന്ന ഒരു ദുരന്തകാലത്താണ് നാം ജീവിക്കുന്നത്. ഈ വിഷയത്തില്‍ സമൂഹവും ഭരണാധികാരികളും പുലര്‍ത്തുന്ന കുറ്റകരമായ നിസ്സംഗതക്കുള്ള ശിക്ഷയാണ് നാം അനുഭവിക്കുന്നത്.

പി. റഫീഖ് മണ്ണാര്‍ക്കാട്

'എനിക്കെന്ത് കിട്ടും' 

ലൈക്ക് പേജില്‍ സാലിഹ് കോട്ടപ്പള്ളി എഴുതിയ 'പ്രച്ഛന്ന ഫാഷിസം സമുദായത്തിനകത്തേക്കോ?' (ലക്കം 2878) എന്ന ലേഖനം ഒരു മത സംഘടനാ നേതാവ് എത്രമാത്രം തരം താഴാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ആയിരങ്ങള്‍ വംശീയ ഉന്മൂലനത്തിന് വിധേയരായാലും, പതിനായിരങ്ങള്‍ ഭവനങ്ങളില്‍ നിന്ന് തുരത്തപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ പോലും നിര്‍ഭയരായി കഴിയാന്‍ സാധ്യമാകാതെ നിസ്സഹായരായാലും അത്തരക്കാര്‍ക്കതൊരു പ്രശ്‌നമല്ല. തനിക്കെന്ത് കിട്ടും എന്നതു മാത്രമാകുന്നു ഉന്നം.

വി.പി അബ്ദുര്‍റസ്സാഖ്, മുന്നിയൂര്‍

അവരെങ്ങനെയാണ് ഈ തെരുവിലെത്തിയത്

ങ്ങനെയൊരു കുറിപ്പ് എഴുതണോ എന്ന് പലവട്ടം ആലോചിച്ചു. പച്ചയായ ജീവിതാനുഭവങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ എഴുതാതിരിക്കാന്‍ വയ്യ.

ഓഫീസിലേക്ക് പോവുന്ന വഴിക്കാണ് എറണാകുളം സൗത്ത് ഓവര്‍ ബ്രിഡ്ജ്. അതിനു താഴെ റെയില്‍വേ ലൈനിനോട് ചേര്‍ന്ന് പ്രായമായ ഒരു സ്ത്രീയെ സ്ഥിരം കാണാറുണ്ട്. ഭിക്ഷ യാചിക്കലാണ് അവരുടെ പ്രധാന പണി. ശുഷ്‌കിച്ച ശരീരം. തെറി പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ കൂടെ ഏകദേശം മുഖസാമ്യമുള്ള, 35-40- വയസ്സ് തോന്നിക്കുന്ന മൂന്ന് ചെറുപ്പക്കാരും ഉണ്ടാകാറുണ്ട്. ഇവരൊരുമിച്ച് മദ്യപിക്കുന്നതും ഭിക്ഷയെടുക്കുന്നതും കണ്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇവരുടെ കഥ അറിയുന്നത്. ഇവര്‍ അമ്മയും മക്കളുമാണ്. പതിനായിരം രൂപക്കടുത്ത് ആ സ്ത്രീക്ക് ഫാമിലി പെന്‍ഷന്‍ കിട്ടുമായിരുന്നത്രെ. അവരുടെ ഭര്‍ത്താവ് പട്ടാളക്കാരനായിരുന്നു. മൂന്നു ആണ്‍ മക്കള്‍. അവരാണ് ആ തെരുവ് ജീവിതത്തില്‍ കൂടെയുള്ളത്.

എങ്ങനെയാണ് അവര്‍ ഇവിടെ എത്തിപ്പെട്ടത്?  മദ്യപാന ശീലമാണ് അവരുടെ ജീവിതത്തിലെ വില്ലന്‍. ഭര്‍ത്താവ് കൊണ്ടുവരുന്ന 'ആര്‍മി ക്വോട്ട'യില്‍ നിന്ന് തുടങ്ങിയ ശീലം പിന്നീട് സ്ഥിരമായി. ഇതു കണ്ട് വളര്‍ന്ന മക്കളും കുടി തുടങ്ങി. ഭര്‍ത്താവിന്റെ മരണശേഷം അമ്മയും മക്കളും ഒരുമിച്ചായി മദ്യപാനം. ഇതിനിടയില്‍ മക്കളുടെ കല്യാണം കഴിഞ്ഞു. പക്ഷേ, മദ്യപാനത്തിനു മാത്രം മാറ്റമൊന്നുമുണ്ടായില്ല. അത് കുടുംബത്തില്‍ പ്രശ്‌നമായി. ബഹളവും വഴക്കും പതിവായി. ഭാര്യമാര്‍ പിണങ്ങിപ്പോയി, കേസായി. എന്നിട്ടും അമ്മയും മക്കളും മദ്യപാനം നിര്‍ബാധം തുടര്‍ന്നു. മക്കള്‍ ജോലിക്ക് പോകുന്നത് വല്ലപ്പോഴുമായി. കടം പെരുകി. വീടും സ്ഥലവും വിറ്റു. അവസാനം തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു. ഇപ്പോള്‍ ഭിക്ഷ യാചിച്ചും പഴയ സാധനങ്ങള്‍ പെറുക്കിവിറ്റും പാലത്തിനടിയില്‍ ജീവിതം തീര്‍ക്കുന്നു. ഇവരുടെ അയല്‍വാസിയായിരുന്ന സുഹൃത്താണ് ഈ കഥകള്‍ പറഞ്ഞത്.

ഈ കുറിപ്പ് എഴുതുന്നതിന് തൊട്ടുമുമ്പും ആ അമ്മയെയും മക്കളെയും കണ്ടിരുന്നു. മാലിന്യ കൂമ്പാരങ്ങള്‍ക്കും തെരുവു നായകള്‍ക്കുമൊപ്പം, നീട്ടിയ കൈയും ദൈന്യതയൂറുന്ന മുഖവുമായി. മനസ്സില്‍ ഒരു നോവ്, ഇതുപോലെ മദ്യപാനം തകര്‍ത്തെറിഞ്ഞ എത്ര കുടുംബങ്ങളുണ്ടാവും നമ്മുടെ നാട്ടില്‍! എത്ര പേര്‍ ഇനിയും ഇതുപോലെ ജീവിതം തകര്‍ന്ന് തെരുവിലേക്ക് ഇറങ്ങാന്‍ കിടക്കുന്നു!

മൊയ്‌നുദ്ദീന്‍ അഫ്‌സല്‍, തുറഴൂര്‍, ആലപ്പുഴ

ഇങ്ങനെ പുരോഗമിച്ചാല്‍ 
നമ്മുടെ നാടെന്താകും?

ചിരസ്ഥായിയായി നിലനില്‍ക്കുന്ന സ്വകാര്യതയെ പരസ്യവത്കരിക്കുന്നതിലൂടെ മൂല്യങ്ങളെ പാശ്ചാത്യവത്കരിക്കുകയാണ്, ജനാധിപത്യത്തിന്റെ അകമ്പടിയോടെ ചുംബന സമരവാദികള്‍ ചെയ്യുന്നത്. ചുംബന സമര പേക്കൂത്തുകളെ കാലിക വിചാരണകളോടെ അടയാളപ്പെടുത്താനും കൃത്യമായ സര്‍ഗാവിഷ്‌കാരങ്ങളിലൂടെ പ്രതിരോധിക്കാനും പ്രബോധനത്തിന് (ലക്കം 2877) സാധ്യമായിട്ടുണ്ട്. ആശയങ്ങള്‍ തിട്ടപ്പെടുത്തിയും വസ്തുതകള്‍ നിരത്തിയും ചോദ്യോത്തര ശൈലിയില്‍ ഡോ. ജമീല്‍ അഹ്മദ് എഴുതിയ ലേഖനം ഹൃദ്യമായി.

ടി. അര്‍ഷദ് പാലക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍