ഫാഷിസത്തിലേക്ക് പാഞ്ഞടുക്കുന്ന ഈജിപ്ത്
ജനാധിപത്യം സൈനിക, ജുഡീഷ്യല്‍ ഫാഷിസത്തിന് വഴിമാറുന്ന ദയനീയ കാഴ്ചകളാണ് ഈജിപ്തില്‍നിന്ന് പുറത്തുവരുന്നത്. ഹുസ്‌നി മുബാറക്കെന്ന ഏകാധിപതിയെ പടിയിറക്കിയ ജനാധിപത്യ പ്രക്ഷോഭം ഈജിപ്തിനു സമ്മാനിച്ച വെളിച്ചം തല്ലിക്കെടുത്തിയവര്‍ ആ നാടിനെ അന്ധകാരത്തിലേക്ക് തെളിച്ചു കൊണ്ടുപോവുന്നു. ലോകത്ത് എല്ലായിടത്തും ജനാധിപത്യം വേണമെന്നും എന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്നതിനാല്‍ അറബ് ലോകത്ത് ഏകാധിപതികളും സ്വേഛാധിപതികളും നിലനില്‍ക്കണമെന്നും വാദിക്കുന്ന പടിഞ്ഞാറന്‍ കാപട്യത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഈജിപ്ത് നല്‍കുന്നത്. പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്തി നടത്തുന്ന നിയമവിരുദ്ധമായ തെരഞ്ഞെടുപ്പിലൂടെ മര്‍ദകനായ ഒരു പട്ടാളമേധാവിയുടെ പട്ടാഭിഷേകത്തിന് ഈമാസമൊടുവില്‍ അവിടെ വേദിയൊരുങ്ങുകയാണ്.
കൊല്ലും കൊലയും മുഖമുദ്രയാക്കിയ ഭീകര ഭരണകൂടത്തിന് മുഖ്യ കാര്‍മികത്വം വഹിച്ച അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും അതിന് കയ്യൊപ്പ് ചാര്‍ത്തുന്ന ജുഡീഷ്യറിയും ജനാധിപത്യ സമൂഹത്തിനു മുന്നില്‍ ഈജിപ്തിനെ പരിഹാസ പാത്രമാക്കിയിട്ടുണ്ട്. തെരുവുകളിലും കോടതി മുറികളിലും ജനങ്ങളെ കശാപ്പു ചെയ്യുകയെന്നത് വ്രതമായി സ്വീകരിച്ച ഒരു ഭരണകൂടമാണ് ഈജിപ്തിലേത്. രാജ്യ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും അതിന്റെ ആയിരത്തിലേറെ പ്രവര്‍ത്തകരെയും അനുകൂലികളെയും വധശിക്ഷക്ക് വിധിക്കുകയും ചെയ്ത സൈനിക ഭരണത്തിന്റെ അപ്പോസ്തലന്മാര്‍ ജനാധിപത്യത്തിന്റെ പുറന്തോടണിയുന്നു.
കഴിഞ്ഞ ജൂലൈ മാസം റാബിയ അല്‍ അദവിയയില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനാധിപത്യ പോരാളികളെ അഭിസംബോധന ചെയ്ത് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പരമോന്നത നേതാവ് മുഹമ്മദ് ബദീഅ് പറഞ്ഞു: 'നമ്മുടെ പ്രക്ഷോഭം സമാധാനപരമായിരിക്കണം, അധികാരികളുടെ ഭാഗത്തുനിന്ന് ഭീകരമായ പ്രകോപനങ്ങള്‍ ഉണ്ടായാലും അതില്‍ മാറ്റമുണ്ടാവരുത്.' അദ്ദേഹം തുടര്‍ന്നു: 'നമ്മുടെ വിപ്ലവം സമാധാന പാതയിലുള്ളതാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും... നമ്മുടെ സമാധാന പ്രക്ഷോഭത്തിന് വെടിയുണ്ടകളേക്കാള്‍ കരുത്തുണ്ട്, പീരങ്കികളേക്കാള്‍ ശക്തിയുമുണ്ട്... ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ഈ മാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യാന്‍ പോലും നാം ഒരുക്കമാണ്...'
'പൊളിറ്റിക്കല്‍ എക്‌സിക്യൂഷന്‍' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 28-ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗത്തില്‍ ബദീഇന്റെ സമാധാന ആഹ്വാനം ഉദ്ധരിക്കുകയുണ്ടായി. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ട ശേഷവും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പരമോന്നത നേതാവ് മുഹമ്മദ് ബദീഅ് തന്റെ പൊതു പ്രസംഗങ്ങളില്‍ സമാധാനപൂര്‍ണമായ പ്രക്ഷോഭ സമരങ്ങള്‍ക്കാണ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും അദ്ദേഹത്തെയും വധശിക്ഷക്ക് വിധിക്കുകയാണുണ്ടായതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. ജയിലുകളില്‍ ദുരിതമനുഭവിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ക്കും മറ്റു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കും സൈനികരാല്‍ കൊലചെയ്യപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്കും നീതി ലഭ്യമാക്കാന്‍ ഗൗരവപൂര്‍ണമായ ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നും പത്രം ഓര്‍മിപ്പിക്കുന്നുണ്ട്.
2014 ഏപ്രില്‍ 28ന് ബദീഇനും 682 പേര്‍ക്കും ഈജിപ്ഷ്യന്‍ ജഡ്ജി സയ്യിദ് യൂസുഫ് വധശിക്ഷ വിധിച്ചു. ഒരു പോലീസ് ഓഫീസറുടെ മരണത്തിന് ഇടയാക്കുന്ന വിധത്തില്‍ കലാപത്തിന് പ്രേരണനല്‍കിയെന്നായിരുന്നു കുറ്റം. രണ്ടായിരത്തി അഞ്ഞൂറിലേറെ നിരപരാധികളെ തോക്കും പീരങ്കിയും ഉപയോഗിച്ച് നിഷ്ഠൂരമായി കൊന്നൊടുക്കിയ പോലിസുകാരെയും അതിന് ഒത്താശ ചെയ്ത ഭരണകൂട ഭീകരരെയും ശിക്ഷിക്കാനല്ലല്ലോ മുബാറക്കിന്റെയും അല്‍ സീസിയുടെയും അച്ചാരം പറ്റി ജീവിക്കുന്ന ഈ ജഡ്ജിയെയും അയാളുടെ ശിങ്കിടികളെയും ചുമതലപ്പെടുത്തിയിരുന്നത്. പക്ഷേ, ഹിറ്റ്‌ലറുടെ കോടതിയില്‍ പോലും നടക്കാതിരുന്ന വിചാരണയാണ് ഇവിടെ അരങ്ങേറിയത്. 682 പേരെ കൊല്ലാന്‍ വിധിക്കാന്‍ കോടതിയെടുത്ത സമയം വെറും എട്ടു മിനിറ്റ്! പിരമിഡുകളുടെ പേരില്‍ ലോകാല്‍ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഈജിപ്തിന് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി!! മാര്‍ച്ച് അവസാനം ഇതേ ജഡ്ജി 529 ബ്രദര്‍ഹുഡ് അനുകൂലികളെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇരുപതു മുതല്‍ നാല്‍പതുവരെയായിരുന്നു ഇവരുടെ പ്രായം. ഗ്രാന്റ് മുഫ്തിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അവരില്‍ 37 പേര്‍ ഒഴികെയുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി. പുതിയ വിധിയിലും ഗ്രാന്റ് മുഫ്തിയാണ് തീരുമാനമെടുക്കേണ്ടത്.
സയ്യിദ് യൂസുഫിനെ ജഡ്ജിയെന്നോ അതല്ല, മറ്റെന്തെങ്കിലുമാണോ വിളിക്കേണ്ടതെന്ന് വായനക്കാര്‍ തീരുമാനിക്കുക. ഒരു മാസത്തിനിടയില്‍ ഈ മനുഷ്യന്‍ കൊല്ലാന്‍ വിധിച്ചവരുടെ എണ്ണം 1212. ലോകത്താകമാനം കഴിഞ്ഞ വര്‍ഷം വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം ഇത്രത്തോളം വരില്ല. മരണശിക്ഷ 1976-ല്‍ തിരികെ കൊണ്ടുവന്ന ശേഷം അമേരിക്കയില്‍ വധിക്കപ്പെട്ടവരുടെ എണ്ണം 1378. ഈജിപ്തില്‍ തന്നെ ഹുസ്‌നി മുബാറക്കിന്റെയും അതിനു തൊട്ടുമുമ്പ് ഭരിച്ച അന്‍വര്‍ സാദാത്തിന്റെയും കാലത്ത് (1980 മുതല്‍ 2011 വരെ) വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ പോലും (709) ഇതിന്റെ അയലത്ത് വരില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന് ഇത്രയും പേരെ കൊല്ലാന്‍ ഉത്തരവിട്ട ജഡ്ജിയവര്‍കള്‍ 37 ജയില്‍ പുള്ളികളുടെ കൂട്ടക്കൊലയില്‍ നേരിട്ട് പങ്കുവഹിച്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് നല്‍കിയ ശിക്ഷ വെറും പത്തു കൊല്ലം! ഏതുസമയത്തും ശിക്ഷ ഇളവ് ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 22 പേരെ മാത്രം കയറ്റാവുന്ന ഒരു വാനില്‍ 37 പേരെ കുത്തിത്തിരുകുകയും വാനിനകത്തേക്ക് ഈ ഉദ്യോഗസ്ഥന്‍ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ എറിയുകയും ചെയ്തതാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്. നിങ്ങള്‍ തെരുവില്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിക്കുന്നില്ലെങ്കില്‍ ജഡ്ജിമാരാണ് നിങ്ങളുടെ ജീവനെടക്കുകയെന്നാണ് ഒരു അഭിഭാഷകന്‍ വിധിയെക്കുറിച്ച് പ്രതികരിച്ചത്.
മുബാറക്കിന്റെ പിണിയാളുകളായ ഈ മര്‍ദക ഭീകര ഭരണകൂടം ഈജിപ്തിനെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബ്രദര്‍ഹൂഡിനെ വേട്ടയാടുമ്പോള്‍ അല്‍ സീസിയെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചവരും ഇപ്പോള്‍ ജയിലറകളിലാണ്. മുബാറക്ക് ഭരണകൂടത്തെ താഴെയിറക്കാന്‍ ബ്രദര്‍ഹുഡിനൊപ്പം പ്രക്ഷോഭം നയിക്കുകയും ഒടുവില്‍ മുബാറക്ക് അനുകൂലികള്‍ക്കൊപ്പം ചേര്‍ന്ന് മുര്‍സിയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തവരാണ് ഏപ്രില്‍ 6 പ്രസ്ഥാനക്കാര്‍. എന്നാല്‍ മുര്‍സിയെ പുറത്താക്കിയത് മുബാറക്ക് അനുകൂലികളും സൈനിക മേധാവികളും ചേര്‍ന്നുള്ള കൂട്ടുഭരണത്തിനാണെന്ന് മനസ്സിലായപ്പോള്‍ സീസിക്കെതിരെ അവര്‍ രംഗത്തിറങ്ങി. സൈനിക ഭരണത്തിനെതിരെ ശബ്ദിച്ചതിന് സംഘടനയെ നിരോധിക്കുകയും നേതാക്കളായ അഹ്മദ് മാഹിര്‍, മുഹമ്മദ് ആദില്‍, അഹ്മദ് ദൗമ എന്നിവരെ ജയിലിലടക്കുകയും ചെയ്തിരിക്കുന്നു. മുര്‍സി പോയാല്‍ നൈല്‍ നദിയിലെ വെള്ളമൊഴുകുന്നതുപോലെ ജനാധിപത്യവും സ്വാതന്ത്ര്യവും ഈജിപ്തിലങ്ങോളമിങ്ങോളം ഒഴുകുമെന്ന് സ്വപ്നം കണ്ടവരാണിവര്‍. പട്ടാള ഭരണത്തിന്റെ ഭീകരതക്കെതിരെ രംഗത്തിറങ്ങിയതിന് ഇവര്‍ക്ക് കിട്ടിയത് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ. പോലീസിന്റെ അനുമതിയില്ലാതെ പത്തോ അതിലേറെയോ പേര്‍ തെരുവില്‍ ഒത്തുകൂടരുതെന്ന നിയമം ലംഘിച്ചുവെന്നതാണ് കുറ്റം. മുര്‍സി ഭരണത്തില്‍ നിര്‍ബാധം പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഏപ്രില്‍ പ്രസ്ഥാനക്കാര്‍ ഇപ്പോള്‍ പറയുന്നത്. നിയമം ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്താന്‍ ഇവര്‍ ആലോചിച്ചിരുന്നെങ്കിലും ഭവിഷ്യത്തുകള്‍ ഭയന്ന് പിന്തിരിഞ്ഞു. ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ലെന്നതാണ് യാഥാര്‍ഥ്യം. ജനങ്ങള്‍ ശബ്ദിക്കാന്‍ മടിക്കുന്നു. ചെറിയൊരു പ്രതിഷേധ സ്വരം പോലും അടിച്ചമര്‍ത്തപ്പെടുമെന്നും വര്‍ഷങ്ങളുടെ ജയില്‍ വാസമായിരിക്കും ശിക്ഷയെന്നും അവര്‍ ഭയപ്പെടുന്നു. പ്രക്ഷോഭകാലത്ത് ഇവരെ വാഴ്ത്തിയിരുന്ന ഗവണ്‍മെന്റ് അനുകൂല മാധ്യമങ്ങള്‍ക്ക് ഏപ്രില്‍ 6 പ്രസ്ഥാനക്കാര്‍ ഇപ്പോള്‍ ഇബ്‌ലീസുകളാണ്. ബ്രദര്‍ഹുഡിനെപ്പോലെ ഈജിപ്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്ന് ഭരണകൂടത്തെ അട്ടിമറിക്കുന്നവരായാണ് ഇവരെ മുദ്രയടിച്ചിരിക്കുന്നത്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും അപകടം പിടിച്ച മൂന്നു രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി പ്രവര്‍ത്തിക്കാത്തവരൊക്കെ ബ്രദര്‍ഹുഡ് അനുകൂലികളും ഇസ്‌ലാമിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമാണ്. ജനാധിപത്യ അട്ടിമറിക്കുശേഷം മാത്രം ആറു മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 20 പേര്‍ ജയിലില്‍ അടക്കപ്പെട്ടു. ചിലര്‍ മോചിതരായെങ്കിലും ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലിന്റെ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാരാഗൃഹങ്ങളിലേക്ക് തള്ളിയിരിക്കുന്നു. അല്‍ജസീറ ഇംഗ്ലീഷ് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായ പ്രമുഖ ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്രസ്റ്റെ, കൈറോ ബ്യൂറോ ചീഫ് മുഹമ്മദ് ഫഹ്മി, ബാഹിര്‍ മുഹമ്മദ് എന്നിവര്‍ ഡിസംബര്‍ 29 മുതല്‍ ജയിലിലാണ്. ലോക മാധ്യമ ദിനത്തിലാണ് ഏറ്റവുമൊടുവില്‍ അവര്‍ വിചാരണക്കായി കോടതി മുറിയിലെത്തിയത്. ദിവസത്തിന്റെ പ്രത്യേകത ബോധ്യപ്പെട്ട ജഡ്ജി മുഹമ്മദ് നാഗി അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും നിങ്ങള്‍ക്ക് ജാമ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അല്‍ ജസീറ അറബിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ അബ്ദുല്ല അല്‍ ശാമി മാസങ്ങളായി ജയിലിലാണ്. ഈ ഇരുപത്തഞ്ചുകാരന്റെ വിചാരണ പോലും തുടങ്ങിയിട്ടില്ല. വിചാരണ നടക്കണമെങ്കില്‍ കുറ്റം ചുമത്തണമല്ലോ. മാധ്യമ പ്രവര്‍ത്തകരെ മാത്രമല്ല, ഭരണകൂട ഭീകരതക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചതിന് രാഷ്ട്രീയ നിരീക്ഷകന്‍ അംറ് ഹംസാവിക്ക് രാജ്യം വിട്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.
അറബ് വസന്തമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പാടിപ്പുകഴ്ത്തിയിരുന്ന ഈജിപ്തിന്റെ ഇപ്പോഴത്തെ പോക്ക് അരാജകത്വത്തിലേക്കാണ്. ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകളെ പടിയിറക്കാനുള്ള ഗൂഢപദ്ധതികള്‍ ചില അറബ് രാജ്യങ്ങളില്‍തന്നെ രൂപം കൊള്ളുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുകയോ പരോക്ഷ പിന്തുണ നല്‍കുകയോ ചെയ്യുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അല്‍ജീരിയയില്‍ അവരത് ചെയ്തു. ലക്ഷത്തിലേറേ പേര്‍ക്കാണ് അതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഈജിപ്തിലും അവരുടെ മൗനം സൈനിക ഭീകരര്‍ക്ക് ജനങ്ങളെ കൊല്ലാനുള്ള ലൈസന്‍സായി. ചില അറബ് നേതാക്കള്‍ക്ക് ബ്രദര്‍ഹുഡ് മുമ്പേ പേടിസ്വപ്നമായിരുന്നു. ഒടുവില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയപ്പോള്‍ അതിനെ താഴെയിറക്കലായി മുഖ്യലക്ഷ്യം. ബ്രദര്‍ഹുഡ് ഗവണ്‍മെന്റ് നിലവില്‍ വന്നപ്പോള്‍ ട്വിറ്ററിലൂടെ 'അനുശോചിക്കു'കയും സൈനിക അട്ടിമറി നടന്നപ്പോള്‍ തന്റെ ദൗത്യം പൂര്‍ത്തിയായെന്ന് വീണ്ടും ട്വീറ്റ് ചെയ്ത സുരക്ഷാ മേധാവികള്‍ വരെയുണ്ട് അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍. മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഒരു രിയാല്‍ പോലും സഹായം നല്‍കാത്തവര്‍ ബ്രദര്‍ഹുഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മുബാറക്കിന്റെ 'അവശിഷ്ടങ്ങള്‍'ക്ക് സകല പ്രോല്‍സാഹനവും നല്‍കിയെന്നു മാത്രമല്ല, അട്ടിമറി നടന്നതിനു പിന്നാലെ 15 ബില്യന്‍ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
കുറേ അന്തര്‍ നാടകങ്ങള്‍ക്കുശേഷം ജൂലൈ മൂന്ന് അട്ടിമറിയുടെ സൂത്രധാരന്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി ജനാധിപത്യത്തിന്റെ കപടവേഷവുമായി രംഗത്തുവന്നിരിക്കുന്നു. വര്‍ഷങ്ങളായി ഹുസ്‌നി മുബാറക്കിന്റെ നാടകങ്ങള്‍ കണ്ടുമടുത്ത ജനങ്ങള്‍ ഇത്തവണ കാണാന്‍ പോകുന്നത് മുബാറക്കിന്റെ വിശ്വസ്ത അനുയായിയുടെ അഭ്യാസങ്ങളെന്ന വ്യത്യാസം മാത്രം. താനിത്രയും കാലം നടത്തിയ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പാപഭാരം പേറുമ്പോഴും സീസിയില്‍ ഭാവി ഈജിപ്തിന്റെ പ്രതീക്ഷകള്‍ കാണുന്നുണ്ടെന്ന് പറയാന്‍ മുന്‍ ഏകാധിപതിക്ക് നാണമില്ല. അരുമ ശിഷ്യനാണ് ഭരണത്തിലേറാന്‍ പോകുന്നതെന്നതിനാല്‍ തന്റെയും മക്കളുടെയും മോചനവും ഭാവി പ്രസിഡന്റായി താന്‍ കുപ്പായം തുന്നിവെച്ചിരുന്ന മകന്‍ ജമാലിന്റെ അധികാരത്തിലേക്കുള്ള പ്രയാണവുമൊക്കെ മുബാറക്ക് സ്വപ്നം കാണുന്നുണ്ടാവണം. സീസിക്കെതിരെ മല്‍സരിക്കുന്നത് കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഹംദീന്‍ സബാഹി മാത്രം. മുര്‍സിയെ താഴെയിറക്കാന്‍ രൂപംകൊണ്ട ദേശീയ സഖ്യത്തിന്റെ സൂത്രധാരന്‍ കൂടിയായിരുന്ന സബാഹിക്ക് അല്‍ സീസി അഭിമതനാവുന്നത് ഏത് തലത്തിലാണെന്നതും പരിശോധിക്കേണ്ടതുണ്ട്. മെയ് 26, 27 തീയതികളില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പട്ടാള ഭീകരന്‍ അല്‍ സീസിയെ പിന്തുണക്കാന്‍ സലഫിസ്റ്റുകളുടെ അല്‍ നൂര്‍ പാര്‍ട്ടി തീരുമാനിച്ചതില്‍ അല്‍ഭുതമില്ല. മുര്‍സിയെ അട്ടിമറിച്ചതു മുതല്‍ സീസിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും ഓശാന പാടുകയും ജനവിരുദ്ധമായ പുതിയ ഭരണഘടനക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തവരാണ് അവര്‍. ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും മറ്റു ഇസ്‌ലാമിക പാര്‍ട്ടികളും അട്ടിമറി വിരുദ്ധ സഖ്യവും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന സാഹചര്യത്തില്‍ അല്‍ നൂറിന്റെ പുതിയ ചാട്ടത്തിന് മാനങ്ങള്‍ ഏറെയാണ്.
ആയിരത്തിലേറെ പേരെ വധശിക്ഷക്ക് വിധിക്കുന്ന ഈജിപ്തിലെ ജുഡീഷ്യല്‍ ഭ്രാന്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന ഫാഷിസ്റ്റ് സമാന ഭീകര ഭരണത്തിന്റെ നിഷ്ഠൂരതയാണ്. ജൂലൈ മൂന്നിലെ സൈനിക അട്ടിമറിക്കുശേഷം ബ്രദര്‍ഹുഡിനെ ഈജിപ്തിന്റെ മണ്ണില്‍നിന്ന് ഉന്മൂലനം ചെയ്യുകയെന്ന നിലപാടാണ് സൈനിക ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. നിരായുധരായ പ്രതിഷേധക്കാരുടെ നേരെ വെടിയുതിര്‍ത്തതും ഇസ്‌ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 16,000ത്തോളം പ്രക്ഷോഭകരെ ജയിലില്‍ അടച്ചതും ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി മുദ്രകുത്തി നിരോധിച്ചതും ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് സ്വതന്ത്രരായി പോലും മല്‍സരിക്കുന്നതില്‍നിന്ന് നിരോധമേര്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായിരുന്നു.
ഇത്ര രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പട്ടാള ഭരണകൂടത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2006 ല്‍ ഫലസ്തീന്‍ അതോറിറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനോട് അമേരിക്ക സ്വീകരിച്ച രീതിയും ഇതു തന്നെയായിരുന്നു. കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോഴും ഈജിപ്ഷ്യന്‍ മിലിട്ടറി ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞത്. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ക്കാവട്ടെ, സൈനിക അട്ടിമറിയെ പരസ്യമായി അഭിനന്ദിക്കാന്‍ ഒരു മടിയുമുണ്ടായില്ല. അട്ടിമറിക്ക് പിന്തുണ നല്‍കിയ മേഖലയിലെ ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടി അവര്‍ ബ്രദര്‍ഹുഡിനേക്കാള്‍ ജനാധിപത്യം പുല്‍കുന്നവരാണെന്ന് തട്ടിവിടുകയും ചെയ്തു ഈ സയണിസ്റ്റ് പ്രചാരകന്‍. ഈജിപ്തിലെ ജനാധിപത്യക്കശാപ്പും ജുഡീഷ്യറിയുടെ മനുഷ്യവേട്ടയും ബോധ്യപ്പെട്ടിട്ടും അവിടേക്ക് 650 മില്യന്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, ഒബാമയുടെ പൊള്ളയായ ആദര്‍ശ പ്രസംഗത്തിന് മറുപടി നല്‍കാന്‍ സെനറ്റിന്റെ വിദേശകാര്യ സഹായ സബ് കമ്മിറ്റി ചെയര്‍മാന്‍ പാട്രിക് ലീഹിയെങ്കിലുമുണ്ടായി.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും മേഖലയിലെ അറബ് സഹായികളുടെയും ഇത്തരത്തിലുള്ള നിലപാടുകളാണ് ബ്രദര്‍ഹുഡ് വേട്ടക്ക് പട്ടാള ഭരണകൂടത്തിന് കരുത്തേകിയത്. ബ്രദര്‍ഹുഡിന്റെ ജനപിന്തുണയില്‍ വര്‍ഷങ്ങളായി അസ്വസ്ഥരായിരുന്ന ശത്രുക്കളും അവസരം ഉപയോഗിച്ചു. ഈജിപ്തിലെ ലിബറലുകള്‍ പട്ടാള അട്ടിമറിയെ പിന്തുണച്ച് ചെയ്ത ട്വീറ്റുകള്‍ പത്രപ്രവര്‍ത്തകനായ മാക്‌സ് ബ്ലൂമെന്‍താല്‍ ക്രോഡീകരിക്കുകയുണ്ടായി. ട്വീറ്റുകളില്‍ ഏറെയും അട്ടിമറിയെ ന്യായീകരിക്കുക മാത്രമല്ല, ആഘോഷിക്കുക കൂടിയായിരുന്നു. ജൂലൈ 26ലെ കൂട്ടക്കൊലയെ ആഘോഷിക്കുന്ന ട്വീറ്റുകള്‍ വരെ കൂട്ടത്തിലുണ്ട്. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വിചാരണ കൂടാതെ കൊല്ലണമെന്ന് ആവശ്യപ്പെട്ടുന്ന പോപ് ഗായകന്‍ അംറ് മുസ്ത്വഫയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് 24 മണിക്കൂറിനകം എണ്ണായിരത്തിലേറെ 'ലൈക്കുകള്‍' കിട്ടിയത്രെ. ഇതിനു പുറമെ മീഡിയയും ബ്രദര്‍ഹുഡിനെക്കുറിച്ച് നുണകളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവരുടെ ശതമാനക്കണക്കല്ല, അല്‍ സീസിയുടെ എണ്‍പതോ തൊണ്ണൂറോ ശതമാനത്തിന്റെ വിജയക്കണക്കാണ് കയ്‌റോയില്‍നിന്ന് വരാനിരിക്കുന്നത്. പക്ഷേ ജനാധിപത്യത്തിന്റെ തോലണിഞ്ഞ പട്ടാളക്കാരന്റെ മുഖംമൂടി വലിച്ചുകീറുന്ന രണ്ടാം അറബ് വസന്തത്തിനായിരിക്കും ഈജിപ്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തീയില്‍ മുളച്ച അറബ് ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനം വെയിലത്ത് വാടുമെന്ന് കരുതുന്നവര്‍ക്കാണ് തെറ്റു പറ്റാന്‍ പോകുന്നത്. അല്‍ജസീറ ടെലിവിഷന്‍ ചാനലിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വദ്ദാഹ് കന്‍ഫര്‍ ദി ഗാര്‍ഡിയനില്‍ എഴുതിയതാണ് യാഥാര്‍ഥ്യം. അഭിപ്രായ സ്വാതന്ത്യത്തെ അതിഭീകരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഭരണകൂടങ്ങളൊക്കെ പരാജയപ്പെട്ടിട്ടേയുള്ളൂ. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. അല്‍ജസീറക്ക് പ്രവേശനം നിഷേധിച്ച തുനീഷ്യയിലെ ബിന്‍ അലിയുടെയും ചാനലിനെ സയണിസ്റ്റുകളുടെ കുഴലൂത്തുകാരെന്ന് മുദ്രകുത്തിയ ഖദ്ദാഫിയുടെയും തീവ്രവാദികളുടെ മാധ്യമമെന്ന് കുറ്റപ്പെടുത്തിയ ഹുസ്‌നി മുബാറക്കിന്റെയും പരിണതി നാം കണ്ടു. സോഷ്യല്‍ മീഡിയയിലൂടെ മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ സമരം നയിക്കുന്ന യുവജനങ്ങളുടെ കാലമാണിതെന്നും ഏകാധിപത്യ ഭരണകൂടങ്ങളെ പേടിക്കുന്ന കാലമൊക്കെ അറബ് ലോകത്ത് കുഴിച്ചുമൂടപ്പെട്ടുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
Comments