ചര്‍ച്ചകള്‍ സമ്പൂര്‍ണ മദ്യ നിരോധത്തിലേക്ക് വരട്ടെ
സമ്പൂര്‍ണ മദ്യനിരോധത്തെ കുറിച്ച ചര്‍ച്ചകളാല്‍ സജീവമാണ് സമകാലിക കേരളം. മദ്യനിരോധ അജണ്ടകളുമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളും മത-രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ഈ ചര്‍ച്ചകളെ ഉറ്റുനോക്കുന്നത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ ചര്‍ച്ചയുടെ പ്രത്യേകത, ഒരു രാഷ്ട്രീയ വിഷയമായി മദ്യനിരോധ ചര്‍ച്ച മാറി എന്നതാണ്. മദ്യലോബികള്‍ പിടിമുറുക്കി ഈ അനുകൂലാന്തരീക്ഷത്തെ അട്ടിമറിച്ചില്ലെങ്കില്‍, കേരളം ഏറെ കാത്തിരുന്ന ഘട്ടംഘട്ട മദ്യനിരോധം എന്ന മഹിതമായ ആശയത്തിലേക്കുള്ള ധീരമായ ചുവടുവെപ്പായി ഈ സാഹചര്യം മാറും എന്ന് പ്രതീക്ഷിക്കാം. യാദൃഛികമായാണ് ഈ അന്തരീക്ഷം രൂപപ്പെടുന്നത്. 1992 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന നിലവാരം കുറഞ്ഞ ബാറുകള്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കി വാങ്ങി മദ്യകച്ചവടം നടത്തിവരികയായിരുന്നു. ഉദ്യോഗസ്ഥ-ഭരണ-രാഷ്ട്രീയ തലങ്ങളില്‍ നല്ല സ്വാധീനമുള്ളത് കൊണ്ട് അബ്കാരികള്‍ക്ക് ഇതിന് യാതൊരു പ്രയാസവും ഇതുവരെയും ഉണ്ടായിരുന്നില്ല.
21 വര്‍ഷമായി ഇതിനായി സ്വീകരിച്ച 'പണക്കിഴി സമീപനം' തന്നെയായിരുന്നു ഇത്തവണയും ബാര്‍ മുതലാളിമാരുടേത്. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കഴിഞ്ഞ മാര്‍ച്ച് 5 മുതല്‍ ഫയലുകള്‍ ഒപ്പിടാന്‍ മന്ത്രിസഭക്ക് അനുവാദമില്ലാത്ത അവസ്ഥ സംജാതമായപ്പോള്‍ സ്വാഭാവികമായി ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാറിന് കഴിയാതെ പോയതാണ്. കൃത്യസമയത്ത് തന്നെ മദ്യനിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കലവറയില്ലാതെ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരാറുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഇടപെടുകയും അത് മുഖ്യമന്ത്രിയെയും യു.ഡി.എഫ് മന്ത്രിസഭയെയും പ്രതിസന്ധിയില്‍ അകപ്പെടുത്തുകയുമാണുണ്ടായത്. ഇതിനിടയില്‍ 313 ബാറുകളുടെ അനുമതി പുതുക്കി നല്‍കിയതില്‍ അവ്യക്തതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സുധീര നിലപാടിനൊപ്പം മുസ്‌ലിം ലീഗിന്റെ മദ്യനിരോധ നിലപാടും രാഷ്ട്രീയ സമ്മര്‍ദത്തിന്റെ മുഖ്യ ഹേതുവായി മാറി. ലീഗ് മുമ്പും മദ്യവിരുദ്ധനിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയും കോടതികളുടെ നിരീക്ഷണങ്ങളും എല്ലാം ചേര്‍ന്നപ്പോഴാണീ രാഷ്ട്രീയ സമ്മര്‍ദം രൂപപ്പെട്ടത്. ഇതിനിടയില്‍ 56 ഹരജികള്‍ ഹൈക്കോടതിയിലും 22 ഹരജികള്‍ സുപ്രീം കോടതിയിലും സമര്‍പ്പിക്കപ്പെട്ടു. പലപ്പോഴും മദ്യലഭ്യത കുറക്കുന്നതിന് ആവശ്യമായ നിരീക്ഷണങ്ങള്‍ നടത്തിയ കോടതികള്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി നയം പ്രഖ്യാപിക്കാനാവശ്യപ്പെടുകയായിരുന്നു.ആദ്യം അല്‍പം കുറുമ്പുകാട്ടിയെങ്കിലും സുധീരനിലപാടിലെ കാര്‍ക്കശ്യത്തിനു മുമ്പില്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ മുട്ടുമടക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വരെ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതാണ് പിന്നീട് നാം കണ്ടത്. ഇതൊരു പ്രതിഛായ നിര്‍മ്മിതിയുടെ ഭാഗം കൂടിയാണ്. രാഷ്ട്രീയത്തില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതിഛായയുടെ തണലിലാണല്ലോ എല്ലാവരും നിലനില്‍ക്കുന്നത്. ഇതിനിടയില്‍ കെ എം മാണിയുടെ കേരളകോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം സമ്പൂര്‍ണമദ്യനിരോധം എന്ന ആശയവുമായി രംഗത്തു വന്നു. സമ്പൂര്‍ണമദ്യനിരോധത്തിനു വേണ്ടി നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തിവരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദം രൂപപ്പെടുത്തുന്നതിന് കരുത്ത് പകര്‍ന്നു. ഇടത് കക്ഷികള്‍ മദ്യവര്‍ജനത്തെ മുന്‍നിര്‍ത്തി, രാഷ്ട്രീയ അഭ്യാസത്തിന്റെ ഭാഗമാണെങ്കിലും ചില നിലപാടുകള്‍ പ്രഖ്യാപിച്ചതും, ബാര്‍ മുതലാളിമാര്‍ സര്‍ക്കാറിനെ കൈയിലൊതുക്കാന്‍ ഒഴുക്കുന്ന അഴിമതി പണത്തെക്കുറിച്ച് വി.എസും പിണറായിയും താക്കീത് നല്‍കിയതും ബാര്‍മുതലാളിമാര്‍ക്കെതിരെ കൂട്ടായ മുന്നേറ്റം എന്ന പ്രതീതി ജനിപ്പിച്ചു. ഇതിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ കളങ്കം സി.പി.എം നേതാവ് ഇ.പി ജയരാജന്‍ എം.എല്‍.എ തൊഴില്‍ പ്രശ്‌നം ഉന്നയിച്ച് ബാര്‍മുതലാളിമാര്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതാണ്. വി എസും പിണറായിയും അറിഞ്ഞാണോ ജയരാജന്‍ വിലക്കെടുക്കപ്പെട്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല. ബാര്‍ മുതലാളിമാര്‍ തൊഴിലാളികളുടെ ദൈന്യത ഉയര്‍ത്തിക്കാണിച്ചാണ് പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും അനുബന്ധമായി നടക്കുന്ന 418 ബാറുകളില്‍ മദ്യം കൊടുക്കാന്‍ മാത്രമായി ജോലി ചെയ്യുന്നവര്‍ എത്രയുണ്ടെന്നും, അണ്‍സ്‌കില്‍ഡ് ലേബര്‍മാരായി ജോലിചെയ്യുന്ന ഇവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയെന്നും സര്‍ക്കാര്‍ ഉടന്‍ പരിശോധിക്കണം. എണ്ണത്തില്‍ കുറവായ ഈ തൊഴിലാളികള്‍ക്ക് കൃത്യമായി പുനരധിവാസ പാക്കേജ് നടപ്പിലാക്കുക എന്നത് സര്‍ക്കാറിന് അത്ര പ്രയാസമുള്ള കാര്യമല്ല.
ഇതിനിടയില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭ ബാര്‍ഹോട്ടലിന് അനുമതി നല്‍കിയത് ഏറെ വിവാദമായി. 43 ല്‍ 12 അംഗങ്ങളുടെ ബലത്തില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം അലങ്കരിക്കുന്ന മുസ്‌ലിം ലീഗാണ് ഈ കടും കൈ ചെയ്തത്. എങ്കിലും മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെയും കെ.പി.സി.സിയുടെയും ധീരമായ ഇടപെടലുകള്‍ കാരണം അനുമതി പത്രിക പിന്‍വലിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത് ആശ്വാസകരമാണ്. പഞ്ചായത്തീരാജ്-നഗരപാലിക നിയമത്തിലെ 232-447 വകുപ്പുകള്‍ പുനഃസ്ഥാപിക്കപ്പെട്ടത് ഏറെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ്. ഇതിനെ തകിടം മറിക്കുന്ന 'കാഞ്ഞങ്ങാട് മോഡലുകള്‍' മുമ്പും ഉണ്ടായിട്ടുണ്ട്.
ഇത്തരം നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ജനങ്ങളും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും ജാഗ്രതയോടെ രംഗത്തുവരണം. മുന്‍ നഗരാസഭാംഗവും ബി.ജെ.പി നേതാവുമായ വ്യക്തി നടത്തുന്ന കാഞ്ഞങ്ങാട്ടെ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് വേണ്ടി അപേക്ഷ കൊടുത്തത് മുസ്‌ലിം ലീഗിന് 12, കോണ്‍ഗ്രസിന് 8, സി.പി.എമ്മിന് 16, ബി.ജെ.പിക്ക് 5, ഐ.എന്‍.എല്ലിന് 1, എസ്.ജെ.ഡിക്ക് 1 അംഗങ്ങളുള്ള 43 അംഗ നഗരസഭയിലാണ്. മദ്യലഭ്യത കുറച്ചു കൊണ്ടുവരാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവുന്നില്ല എന്നതിന് ഉദാഹരണംകൂടിയാണ് ഈ സംഭവം. കേസും ഭീഷണിയുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ഗവണ്‍മെന്റ് ഏജന്‍സികള്‍ തന്നെ തിരിയുന്നതും കാണാം. ഒടുവിലത്തെ ഉദാഹരണമാണ് ഭരണിക്കാവില്‍ ബീവറേജ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പന ശാലയുടെ അനുമതി പഞ്ചായത്ത് പുതുക്കി നല്‍കാത്തതിനെതിരെ ബീവറേജ് കോര്‍പ്പറേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസ്.
നിരോധത്തിലേക്കുള്ള വഴികള്‍
ഏറെ ഭയപ്പെടുത്തുന്നതാണ് കേരളം നേരിടുന്ന മദ്യ ഭീഷണി. 2013 ജൂണ്‍ 10 ന് എക്‌സൈസ് വകുപ്പു മന്ത്രി കേരളനിയമസഭയില്‍ വെച്ച പഴയ കണക്കു പ്രകാരം കേരളത്തിന്റെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. മുമ്പ് 300-ല്‍ ഒരാള്‍ എന്നതായിരുന്നു ശരാശരി എങ്കില്‍ ഇപ്പോള്‍ അത് 20 ല്‍ 1 എന്നായിരിക്കുന്നു. ജനസംഖ്യയില്‍ 5 ശതമാനം പൂര്‍ണ്ണമായി മദ്യത്തിനടിമകളായി എന്നര്‍ഥം. 1980-ല്‍ കുറഞ്ഞ പ്രായം 18 വയസ്സായിരുന്നെങ്കില്‍ ഇപ്പോഴത് 12-13 വയസ്സായി മാറിയിരിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ വരെ ക്യൂവിലെത്തുന്ന കാഴ്ച കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. കോഴിക്കോട്ടെ ഇംഹാന്‍സ്, സംസ്ഥാനത്തെ 14 ജില്ലകളിലെ രണ്ടായിരത്തോളം സ്‌കൂളുകളില്‍ 2010-ല്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ആണ്‍കുട്ടികളില്‍ 18 ശതമാനവും പെണ്‍കുട്ടികളില്‍ ഒരു ശതമാനവും തങ്ങളുടെ മദ്യപാനശീലം തുറന്നു പറയുകയുണ്ടായി. ഇതില്‍ 86 ശതമാനവും കൂട്ടുകെട്ടിലൂടെ ഈ ശീലത്തിലെത്തിയവരാണ്. 5 ശതമാനം അഛന്മാര്‍ ശീലിപ്പിച്ചവരാണ്. ബാക്കി സിനിമ ഹീറോകളെയും മറ്റും അനുകരിച്ച് ലഹരിയുടെ ലോകത്തേക്കെറിയപ്പെട്ടവരാണ്. ആലപ്പുഴയില്‍ രക്തം ഛര്‍ദിച്ച് വഴിയില്‍ വീണതിനെത്തുടര്‍ന്ന് അഡ്മിറ്റ് ചെയ്യപ്പെട്ട 13 വയസ്സുകാരന്‍ മെഡിക്കല്‍ കോളേജില്‍ ബോധം തെളിഞ്ഞപ്പോള്‍ പറഞ്ഞത് ഗള്‍ഫില്‍ നിന്ന് അവധിയില്‍ വരുന്ന പിതാവ് ശീലിപ്പിച്ചത് സ്വയം പരീക്ഷിച്ചപ്പോള്‍ അളവ് കൂടിപ്പോയി എന്നാണ്. പാലക്കാട്ടെ പ്രശസ്ത സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ആറംഗസംഘം 50 രൂപ വീതം ഷെയര്‍ ചെയ്ത് കുപ്പിവാങ്ങി ബാഗില്‍ ഒളിപ്പിച്ച് മൂത്രപ്പുര ബാറാക്കി മാറ്റിയതും പത്രത്തിലൂടെ നാം വായിച്ചു. തികഞ്ഞ ജാഗ്രതയോടെ ഈ കുട്ടികുടിയന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമം അനിവാര്യമാണ്. സ്‌കൂളധികൃതരും രക്ഷിതാക്കളും ഇതിനായി രംഗത്തുവരണം. മത-രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളുടെ മേല്‍ നോട്ടത്തില്‍ കേരളത്തെ സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമാക്കുന്നതിന് മൂന്ന് നിര്‍ദേശങ്ങള്‍:
മദ്യ ലഭ്യത കുറക്കുക
ഘട്ടം ഘട്ട മദ്യനിരോധത്തിന് ആദ്യം വേണ്ടത് മദ്യ ലഭ്യത കുറക്കാനുള്ള ക്രിയാത്മക നടപടികളാണ്. അതിന്റെ ഒന്നാമത്തെ നടപടിയായി 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാതിരുന്നതിനെ കണക്കാക്കാം (തീരുമാനം അട്ടിമറിച്ചില്ലെങ്കില്‍). കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 23712 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കേരള സ്റ്റേറ്റ് ബീവറേജ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 11 വര്‍ഷത്തിനുള്ളില്‍ 420 ശതമാനം വര്‍ധിച്ചു. 2001 ല്‍ 1694 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് 2013 ആയപ്പോഴേക്കും അത് 881818 കോടി രൂപയായി മാറി. 1981 ല്‍ ആകെ ഉണ്ടായിരുന്നത് 144 ബാറുകള്‍. പത്ത്‌വര്‍ഷം കഴിഞ്ഞപ്പോള്‍ എണ്ണം 742 ആയി ഉയര്‍ന്നു. 1988 ല്‍ 5.16 ലക്ഷം കെയ്‌സ് വിദേശമദ്യം വിറ്റിരുന്ന സ്ഥാനത്ത് 2012-ല്‍ അത് 1.02 കോടി കെയ്‌സുകളായി ഉയര്‍ന്നു. ഇക്കാലയളവിലൊക്കെ ഇരു മുന്നണികളും മാറി മാറി ഭരിക്കുന്നുണ്ടായിരുന്നു. 1984 ഫെബ്രുവരി 23 ന് ആരംഭിച്ച ബീവറേജ് കോര്‍പ്പറേഷന്റെ കീഴില്‍ 338 റീട്ടെയില്‍ ഔട്ടെലെറ്റുകളും 22 വെയര്‍ഹൗസുകളും പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷം 7240 കോടി രൂപയുടെ വരുമാനമാണത്രെ സര്‍ക്കാറിന് ഇവര്‍ ഉണ്ടാക്കിക്കൊടുത്തത്. കള്ള് ചെത്ത് തൊഴിലാളി സഹകരണസംഘങ്ങള്‍ നടത്തുന്ന നിരവധി കള്ളുഷാപ്പുകളും കേരളത്തിലുണ്ട്. ബാറുകള്‍ പൂട്ടിയതുപോലെ ബീവറേജ് ഔട്ട്‌ലെറ്റുകളുടെയും കള്ളുഷാപ്പുകളുടെയും എണ്ണം വെട്ടിക്കുറക്കണം. ഘട്ടം ഘട്ടമായി 10 ശതമാനം വീതം മദ്യത്തിന്റെ ലഭ്യതയും, ഉല്‍പാദനത്തിന്റെ അളവും വിതരണ കേന്ദ്രങ്ങളുടെ എണ്ണവും കുറക്കാനുള്ള ധീരമായ നീക്കം യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയാല്‍ 10 വര്‍ഷം കൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്താന്‍ സാധിക്കും.
ബോധവല്‍ക്കരണവും പുനരധിവാസവും
സമ്പൂര്‍ണ മദ്യനിരോധനത്തിന് കേരളത്തെ സജ്ജമാക്കാനുള്ള ധാര്‍മിക വിപ്ലവത്തിന് സര്‍ക്കാറും രാഷ്ട്രീയ സാമൂഹിക മതസംഘടനകളും നിരന്തരവും ശാസ്ത്രീയവുമായ ബോധവല്‍ക്കരണ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. മഹല്ലുകള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി പലതും ചെയ്യാന്‍ കഴിയും. പ്രത്യേകിച്ച് വിവാഹം, ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വര്‍ധിച്ചുവരുന്ന മദ്യസദസ്സുകള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കണം. കുടി നിര്‍ത്തി തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് മഹല്ല് നേതൃത്വം നല്‍കണം. മഹല്ലുകളും ഇടവകകളും ക്ഷേത്രകമ്മിറ്റികളും മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആസൂത്രണം ചെയ്യുന്ന ബോധവത്കരണ പരിപാടികള്‍ മത സാമുദായിക പരിഗണനകള്‍ക്കപ്പുറം പ്രാദേശികമായ വിശാലതാല്‍പര്യം ഉള്‍ക്കൊള്ളുന്നതായി മാറണം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മദ്യകച്ചവടക്കാര്‍, മദ്യത്തൊഴിലാളികള്‍ എന്നിവരെ പിന്തിരിപ്പിക്കാനും അവര്‍ക്കാവശ്യമായ പുനരധിവാസം നല്‍കാനും ശ്രമം വേണം. മദ്യ വ്യവസായം സമൂഹത്തില്‍ മാന്യമായ തൊഴില്‍ നല്‍കുന്ന മേഖലയല്ല എന്ന പൊതുബോധം വളര്‍ന്നുവരണം. അബ്കാരികളുടെ ആശ്രിതന്‍മാരായിത്തീരുന്ന രാഷ്ട്രീയ-സാമുദായിക നേതാക്കളെ തുറന്നെതിര്‍ക്കണം. നിലവില്‍ എം.എല്‍.എമാരിലും മന്ത്രിമാരിലും ബാര്‍മുതലാളിമാരും മദ്യകച്ചവടക്കാരുമുണ്ട് എന്നത് വസ്തുതയാണ്. മദ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ മതസാമുദായിക സംഘടനകളും മഹല്ല്-ഇടവക-ക്ഷേത്രകമ്മിറ്റികളും മെമ്പര്‍ഷിപ്പ്, ഭാരവാഹിത്വം എന്നിവ നല്‍കുന്നത് നിര്‍ത്തലാക്കണം.
നിയമ നടപടികള്‍ കര്‍ക്കശമാക്കുക
മദ്യലഭ്യത കുറച്ചുകൊണ്ട് വരുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഫൈവ്സ്റ്റാര്‍ ബാറുകളില്‍ വരെ ഇപ്പോള്‍ പുറത്തു കൗണ്ടറിട്ട് വില്‍പന നടത്തുന്നുണ്ട്. റൂമുകളില്‍ താമസക്കാര്‍ക്ക് മാത്രം നല്‍കാന്‍ അനുവാദമുള്ളിടങ്ങളില്‍ നടക്കുന്ന ഇത്തരം നിയമവിരുദ്ധ സംവിധാനങ്ങള്‍ അടച്ചുപൂട്ടണം. ബാര്‍ നടത്തിപ്പ് നഷ്ടമായിത്തീര്‍ന്നാല്‍ തന്നെ ബാര്‍മുതലാളിമാര്‍ ഒന്നൊന്നായി കൂടൊഴിഞ്ഞ് പൊയ്‌ക്കൊള്ളും. 2011-ല്‍ സമര്‍പ്പിക്കപ്പെട്ട, മൂന്നു കൊല്ലമായി പൂഴ്ത്തിവെക്കപ്പെട്ട മദ്യവുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ടില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പല ബാറുകളെയും കുറിച്ച വിവരങ്ങളുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ മുമ്പില്‍ വെച്ച് നടപടികള്‍ സ്വീകരിക്കണം.
രാജ്യത്ത് 1998 ല്‍ നടത്തിയ പഠനമനുസരിച്ച് കൊലപാതകങ്ങളില്‍ 84.7%, സ്ത്രീ കൈയേറ്റങ്ങളില്‍ 83.7%, കവര്‍ച്ചകളില്‍ 74.7%, ബലാല്‍സംഗങ്ങളില്‍ 69% മദ്യവുമായി ബന്ധപ്പെട്ടവയാണ്. കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ ശരാശരി 175.6 ആണെങ്കില്‍ കേരളത്തില്‍ ഇത് 306.5 ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം രാജ്യത്തെ വാഹനാപകടങ്ങളില്‍ അഞ്ചിലൊന്നും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണ്. 2011-12 ല്‍ കേരളത്തില്‍ മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലം 4000 പേരാണ് മരണമടഞ്ഞത്. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും രാസപരിശോധനയിലൂടെയും മറ്റും മദ്യപന്‍മാരെ കണ്ടെത്തി ലൈസന്‍സ് കൊടുക്കാതിരിക്കുകയും വേണം. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും പൊതുവാഹനങ്ങളില്‍ യാത്രചെയ്യുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാക്കണം. ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുംപ്രകാരം, 21 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നത് നിരോധിക്കുക, മദ്യപന്‍മാര്‍ക്ക് കാര്‍ഡ് ഏര്‍പ്പെടുത്തുക, നല്‍കുന്ന മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, ബാറുകളുടെയും ബീവറേജ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനദിനങ്ങള്‍ കുറക്കുക തുടങ്ങി ഫലപ്രദമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം, പുതിയ തലമുറയെ മദ്യാസക്തരാക്കിമാറ്റുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ന്യൂജനറേഷന്‍ സിനിമകളിലെ മദ്യപാനസീനുകള്‍ സെന്‍സര്‍ ചെയ്യുകയോ അവക്ക് പ്രദര്‍ശനാനുമതി കൊടുക്കാതിരിക്കുകയോ വേണം.
ചുരുക്കത്തില്‍ കേരളത്തെ മദ്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമത്തിന് ഏറെ അനുകൂലമായ സാഹചര്യമാണ് യാദൃഛികമാണെങ്കിലും കേരളത്തില്‍ രൂപപ്പെട്ട് വന്നിരിക്കുന്നത്. ഈ സാഹചര്യത്തെ അട്ടിമറിക്കാന്‍ ആരെയും സമ്മതിക്കാത്ത വിധം ജാഗ്രത കേരളസമൂഹം കാണിക്കണം. രാഷ്ട്രീയ-മത-സാമുദായിക സംഘടനകള്‍ ഒരുമിച്ച് മദ്യത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. തിന്മയുടെ നാരായവേരുകളിലൊന്നായ മദ്യത്തെ കെട്ടുകെട്ടിക്കാന്‍ സാധിച്ചാല്‍ അത് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ചരിത്ര സംഭവം തന്നെയായിരിക്കും.
Comments