Prabodhanm Weekly

Pages

Search

2014 മെയ്‌ 16

കൊടുങ്ങല്ലൂര്‍ പെരുമയും സാമൂഹിക ഉച്ചനീചത്വങ്ങളും

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ /തിരിഞ്ഞുനോക്കുമ്പോള്‍

കേരളത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി നവീന സാമൂഹിക, വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍. വിഷന്‍ 2016-ന്റെ മുഖ്യ ശില്‍പികളിലൊരാളുമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷന്‍ കൂടിയായ അദ്ദേഹം. പത്രപ്രവര്‍ത്തനം തൊട്ട് മനുഷ്യാവകാശ പോരാട്ടങ്ങളില്‍ വരെ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. സംഭവബഹുലമായ ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് ഈ ലക്കത്തില്‍ തുടക്കം കുറിക്കുന്ന ഓര്‍മക്കുറിപ്പിലൂടെ. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കേരളം കടന്നുപോയ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രവും ഓര്‍മക്കുറിപ്പില്‍ ഇതള്‍ വിരിയുന്നു.

         'മുസ്‌രിസ്' എന്ന് പേരുകേട്ട കൊടുങ്ങല്ലൂര്‍, പെരുമയുള്ള നാടായിരുന്നു. ചരിത്രപ്രസിദ്ധം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹതപ്പെട്ട പ്രദേശം. മൂന്ന് തലങ്ങളില്‍ കൊടുങ്ങല്ലൂരിന് വലിയ പൈതൃകമുണ്ട്; സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം. പ്രദേശത്തിന്റെ സാമൂഹികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ ഇവ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഏതാണ്ട് ഒരു ദ്വീപിന്റെ സ്വഭാവമാണ് കൊടുങ്ങല്ലൂരിന്. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം. വടക്കു ഭാഗത്ത് മാത്രമാണ് കരയുള്ളത്. അറബിക്കടലിന്റെ തീരത്തെ തുറമുഖനഗരിയെന്ന പ്രത്യേകത വ്യാപാര-വാണിജ്യത്തിന്റെ വലിയ സാധ്യതകള്‍ പ്രദേശത്തിനു നല്‍കുകയുണ്ടായി. അറബ്-ഗ്രീക്ക്-റോമന്‍ വ്യാപാരികള്‍ പണ്ടുമുതലേ ഇവിടെ കച്ചവടത്തിനെത്തിയിരുന്നു. പ്രധാന ഇന്ത്യന്‍ തുറമുഖം എന്ന ഖ്യാതിയുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കച്ചവട കേന്ദ്രമായി മാറി. സാമ്പത്തിക വളര്‍ച്ചകൊണ്ട് മാത്രമല്ല, മത-സാമൂഹിക-സാംസ്‌കാരിക രംഗത്തും സവിശേഷതകളുള്ള ചരിത്ര നഗരിയാകാന്‍ ഇത് കാരണമായി. ഗ്രീക്ക്-റോമന്‍ വ്യാപാരികളാണ് പ്രദേശത്തെ 'മുസ്‌രിസ്' എന്ന് വിശേഷിപ്പിച്ചത്.

ചേരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി എന്നതാണ് കൊടുങ്ങല്ലൂരിന്റെ രണ്ടാമത്തെ പ്രത്യേകത. ദക്ഷിണേന്ത്യയിലെ പ്രമുഖ ഭരണകൂടമായിരുന്നുവല്ലോ ചേരന്മാരുടേത്. കൊടുങ്ങല്ലൂരിലായിരുന്നു അവരുടെ രാജധാനി. 'ചേരമാന്‍' എന്നറിയപ്പെട്ടവരായിരുന്നു ആ രാജാക്കന്മാര്‍. അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ച് മക്കത്തേക്ക് പോയപ്പോള്‍, പെരുമ്പടപ്പ്‌സ്വരൂപം എന്നറിയപ്പെട്ടിരുന്ന കൊച്ചിരാജകുടുംബത്തിന്, രാജ്യം ഏല്‍പിച്ചുകൊടുക്കുകയായിരുന്നു. ചേരമാന്‍ പെരുമാക്കളുടെ ഒരു ഭാഗം തന്നെയായിരുന്നു പെരുമ്പടപ്പ്‌സ്വരൂപം. അതോടെയാണ്, 'കൊച്ചി രാജ്യം' പിറന്നത്. പിന്നീടിത് തിരുവിതാംകൂറുമായി ചേര്‍ന്ന് 'തിരുകൊച്ചി' എന്നറിയപ്പെട്ടു. കോവിലകത്തിന്റെയും രാജധാനിയുടെയും അവശിഷ്ടങ്ങള്‍ കൊടുങ്ങല്ലൂരിനടുത്ത ചേരമാന്‍പറമ്പില്‍, പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തില്‍ ഇപ്പോഴുമുണ്ട്. ഇതാണ് കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ പാരമ്പര്യം.

കച്ചവടാവശ്യാര്‍ഥം വന്ന വിദേശികള്‍ കൊടുങ്ങല്ലൂരിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മാത്രമല്ല, സാംസ്‌കാരിക വൈജാത്യങ്ങള്‍ക്ക് കൂടി കാരണക്കാരായി. അങ്ങനെയാണ് ഹൈന്ദവ-ഇസ്‌ലാം-ക്രൈസ്തവ മത സംസ്‌കാരങ്ങളും സാമൂഹിക ആചാരങ്ങളും കൊണ്ട് കൊടുങ്ങല്ലൂര്‍ സമ്പന്നമായത്. ദ്രാവിഡ പാരമ്പര്യമുള്ള ഹൈന്ദവതയായിരുന്നു പ്രദേശത്ത് നിലവിലുണ്ടായിരുന്ന ഒരു മതം. അതിന്റെ ചരിത്രവും സ്വഭാവവും ആചാരങ്ങളുമൊന്നും ഇവിടെ വിശകലനം ചെയ്യുന്നില്ല. അറബികള്‍ക്ക് ഇന്ത്യയുമായി പൊതുവെയും, കൊടുങ്ങല്ലൂരുമായി പ്രത്യേകിച്ചും ഉണ്ടായിരുന്ന കച്ചവട ബന്ധം ചരിത്രത്തില്‍ സുവിദിതമാണല്ലോ. മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പുതന്നെ ഈ ബന്ധം നിലനില്‍ക്കുന്നുണ്ട്. അറേബ്യയില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കാനാരംഭിച്ചതോടെ, അതിന്റെ വെളിച്ചം കച്ചവടക്കാരിലൂടെ കേരളത്തിലും എത്തുകയുണ്ടായി. വിശദാംശങ്ങളെ സംബന്ധിച്ച അഭിപ്രായാന്തരങ്ങള്‍ ഉണ്ടെങ്കിലും മാലിക്ബിന്‍ ദീനാറിന്റെ നേതൃത്വത്തില്‍ ഒരു പ്രബോധക സംഘം ഇന്ത്യയിലെത്തി. അവര്‍ കപ്പലിറങ്ങിയത് കൊടുങ്ങല്ലൂരിലായിരുന്നു. അവസാനത്തെ ചേരമാന്‍ പെരുമാള്‍, ഇസ്‌ലാം സ്വീകരിച്ച് മക്കത്തേക്ക് പോയതാണ് മറ്റൊരു സുപ്രധാന സംഭവം. ഇങ്ങനെ ഇന്ത്യയിലെ ഇസ്‌ലാമിക ചരിത്രത്തില്‍ സവിശേഷ ഇടം നേടിയ കൊടുങ്ങല്ലൂരില്‍, മാലിക്ബിന്‍ ദിനാറും സംഘവും ആദ്യത്തെ പള്ളി പണിയുകയും ചെയ്തു; കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ്. ഈ പള്ളിയുടെ പേരുതന്നെ രണ്ടു ചരിത്ര സംഭവങ്ങളെയും കോര്‍ത്തിണക്കുന്നതാണ്. ഈ ഇസ്‌ലാമിക പാരമ്പര്യത്തിന് ഇരുപതാം നൂറ്റാണ്ടില്‍ പിന്നെയും തുടര്‍ച്ചയുണ്ടായി എന്നതാണ് കൊടുങ്ങല്ലൂരിന്റെ മറ്റൊരു സവിശേഷത. കേരളത്തിലെ ഇസ്‌ലാമിക നവജാഗരണത്തിന്റെ വെളിച്ചം ഉദിച്ചുയര്‍ന്നതും ഇവിടെത്തന്നെയായത് യാദൃഛികമാകാനിടയില്ല. മഹത്തായ ദൈവനിശ്ചയമാണത് എന്ന് വിശ്വസിക്കുന്നതാണ് ഉചിതം.

ഇത്രയും മഹത്തരവും ആവേശദായകവുമായ പാരമ്പര്യമുള്ള കൊടുങ്ങല്ലൂരിലെ, എറിയാട് ഗ്രാമത്തിലാണ് ഞാന്‍ പിറന്നുവീണതും പിച്ചവെച്ച് വളര്‍ന്നതും. മതസൗഹാര്‍ദത്തിന്റെ ശ്രദ്ധേയമായൊരു പാരമ്പര്യം കൊടുങ്ങല്ലൂരിനുണ്ടായിരുന്നു. കുറുംബ ഭഗവതി ക്ഷേത്രം ഉള്‍പ്പെടെയുള്ള നിരവധി ഹൈന്ദവ ക്ഷേത്രങ്ങളും, തോമസ് പുണ്യവാളന്‍ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പള്ളിയും, മാലിക് ബിന്‍ ദീനാറിന്റെ നേതൃത്വത്തില്‍ പണിത ഇന്ത്യയിലെ പ്രഥമ മുസ്‌ലിം പള്ളിയും ഈ മതസൗഹൃദ പാരമ്പര്യത്തിന്റെ അടയാളക്കുറികളാണ്. ആദ്യകാലത്ത് കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും ബുദ്ധ-ജൈന മതങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തോടെ ജൂത മതത്തിനു ഇവിടെ അനുയായികള്‍ ഉണ്ടായിക്കാണും.

വിവിധ മത വിഭാഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. ഉറച്ച ഒരു സാഹോദര്യ ബന്ധം ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതായാണ് കുട്ടിക്കാലത്തെ എന്റെ അനുഭവം. അതിനു മുമ്പുള്ള, കേട്ടറിഞ്ഞ ചരിത്രവും അങ്ങനെത്തന്നെ. ഇന്ന് കാണപ്പെടുന്ന പോലെ യാതൊരു അകല്‍ച്ചയും അക്കാലത്ത് ഉണ്ടായിരുന്നില്ല. പള്ളി, ക്ഷേത്രം, ചര്‍ച്ച് തുടങ്ങിയവയെ എല്ലാ മതക്കാരും വളരെ ആദരവോടുകൂടിയാണ് സമീപിച്ചിരുന്നത്.  മതങ്ങളുടെ ആരാധനാലയങ്ങള്‍ തോളുരുമ്മി നില്‍ക്കുന്നുവെന്നത്, കൊടുങ്ങല്ലൂരിനെ സംബന്ധിച്ച് വെറും വാക്കായിരുന്നില്ല. അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ട പ്രായോഗിക സത്യമായിരുന്നു. അതുകൊണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നതായി യാതൊരു അനുഭവവും എനിക്ക് ഈ പ്രദേശത്തെക്കുറിച്ച് പറയാനില്ല. 

എന്നാല്‍, ജാതിഘടന നിലനിന്നിരുന്നുവെന്നത് ഒരു വസ്തുതയാണ്. ഹിന്ദു സമുദായത്തിനകത്ത് വരേണ്യജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള അന്തരവും ഉച്ചനീചത്വങ്ങളും ശക്തമായിരുന്നു. ഇസ്‌ലാമിന്റെ ആഗമനം അതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് വലിയ അളവിലൊന്നും ജാതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്ന് സമ്മതിക്കുന്നതാകും ശരി. ജാതീയതയുടെ ഉച്ചനീചത്വങ്ങളുമായി ഇവിടുത്തെ മുസ്‌ലിംകളും ഒരു പരിധിവരെ പൊരുത്തപ്പെട്ടു പോവുകയാണുണ്ടായത്. മൗനമായി അവരത് അംഗീകരിച്ചുവെന്നു മാത്രമല്ല, മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന്റെ സമീപനത്തിലും ജാതി പരിഗണിക്കപ്പെട്ടിരുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദ്യകാലത്ത് ഇസ്‌ലാമില്‍ ആകൃഷ്ടരായവരില്‍ ഈഴവരും ദലിതരും ഉള്‍പ്പെടെ താഴ്ന്നവരായി മുദ്രകുത്തപ്പെട്ടവര്‍ ധാരാളമുണ്ടായിരുന്നു. ജാതി ഉച്ചനീചത്വങ്ങളില്‍ നിന്നുള്ള മോചനമായാണ് അവര്‍ ഇസ്‌ലാമിനെ കണ്ടിരുന്നത്. അത് ആദ്യകാലത്ത് ശരിയുമായിരുന്നു. എന്നാല്‍, പിന്നീട് മുസ്‌ലിംകള്‍ക്ക് അത് മാതൃകയോടെ വേണ്ടത്ര തുടരാന്‍ കഴിഞ്ഞില്ല എന്നാണ് തോന്നുന്നത്. രാജകുടുംബത്തെ പിന്തുടര്‍ന്ന് ഉയര്‍ന്ന ജാതികളായി എണ്ണപ്പെട്ടവരില്‍ ചിലര്‍ ഇസ്‌ലാം സ്വീകരിക്കുകയും അവര്‍ തങ്ങളുടെ വരേണ്യത, മുസ്‌ലിംകളായ ശേഷവും കുറേയൊക്കെ കൊണ്ടുനടക്കുകയും ചെയ്തതാകാം ഇതിന്റെ കാരണം. ജാതീയത ഒട്ടും അംഗീകരിക്കാത്ത ഇസ്‌ലാമിന്റെ സമത്വാധിഷ്ഠിത സമീപനം ആദ്യകാല ഇസ്‌ലാമിക പ്രബോധകര്‍ പ്രാവര്‍ത്തികമാക്കി മാതൃക കാണിച്ചിരുന്നു. താഴ്ന്ന ജാതിക്കാരില്‍ പെട്ടവര്‍ ധാരാളമായി ഇസ്‌ലാം സ്വീകരിക്കാന്‍ ഇതു കാരണവുമായി. എന്നാല്‍ പില്‍ക്കാല മുസ്‌ലിംകള്‍ക്ക് ആ മാതൃക വേണ്ടവിധം പുലര്‍ത്താന്‍ കഴിഞ്ഞില്ല.  താഴ്ന്ന ജാതിക്കാര്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടെ, മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യേകമായി പരിഗണിക്കപ്പെടുകയും പഴയ അയിത്താചരണവും മറ്റും അവസാനിക്കുകയും ചെയ്തിരുന്നു. ജാതീയ ഉച്ചനീചത്വങ്ങള്‍ പഴയ രീതിയില്‍ പിന്നെ തുടര്‍ന്നിരുന്നില്ലെങ്കിലും, ഒരു തരം വിവേചനമാണ് പിന്നീടുണ്ടായിരുന്നത്. മുസ്‌ലിംകള്‍ എന്ന നിലയില്‍ പൊതുവെ സമത്വസമീപനം ഉണ്ടായിരുന്നെങ്കിലും മുസ്‌ലിം വരേണ്യര്‍ പാവങ്ങളെയും താഴ്ന്നവരെയും രണ്ടാം തരക്കാരായാണ് കരുതിയിരുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ പണക്കാരും പാവപ്പെട്ടവരും എന്ന വേര്‍തിരിവ് മിക്കപ്പോഴും 'ജാതി' മാനങ്ങളുള്ളതായിരുന്നു. ഇത്തരം'മേല്‍ജാതി മുസ്‌ലിംകള്‍', ' താഴ്ന്ന ജാതിക്കാരെ' ഒന്നിച്ചിരുത്തുകയോ, ഒരുമിച്ചു ഭക്ഷണം കഴിക്കുകയോ സമന്മാരായി കാണുകയോ ചെയ്തിരുന്നില്ല. ഈഴവരെയും ദലിതരെയും താഴ്ന്ന ജാതിക്കാരായി മാറ്റി നിര്‍ത്തിയ മുസ്‌ലിം പ്രമാണിമാരെ ചെറുപ്പത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂളില്‍, അവരുടെ കുട്ടികള്‍ മറ്റുള്ളവരോട് ഒന്നിച്ചിരുന്നു പഠിക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും, പുറത്ത് സാമൂഹിക ജീവിതത്തില്‍ 'സമത്വം' ഉണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ ചൈതന്യം ഉയര്‍ത്തിപ്പിടിക്കാന്‍ അക്കാലത്ത് മുസ്‌ലിംകളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് കുട്ടിക്കാലത്തെ എന്റെ അനുഭവം. ഇസ്വ്‌ലാഹി ധാരയില്‍ രൂപപ്പെട്ട മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ മുഖ്യശ്രദ്ധ വിശ്വാസം-അനുഷ്ഠാനം-വിദ്യാഭ്യാസം എന്നീ മേഖലകളിലായിരുന്നു. സാമൂഹിക ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇസ്വ്‌ലാഹീ സംരംഭങ്ങള്‍ക്ക് ഗൗരവപ്പെട്ട വിഷയമായിരുന്നില്ല. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരായ പോരാട്ടവും ആരാധന- അനുഷ്ഠാനങ്ങളിലെ കൃത്യതയും, വിദ്യാഭ്യാസ വളര്‍ച്ചയും ഇസ്വ്‌ലാഹിന്റെ പ്രവര്‍ത്തന മണ്ഡലമായി. ആ രംഗത്ത് വലിയ മുന്നേറ്റവും സാധ്യമായി. എന്നാല്‍, സാമൂഹിക ജീവിതവും അതിന്റെ ഗതിനിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സാമ്പത്തിക-രാഷ്ട്രീയ മേഖലകളും ഇസ്വ്‌ലാഹിന്റെ കര്‍മ്മമേഖലയായില്ല. അതുകൊണ്ട് സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ വലിയ അളവില്‍ പടപൊരുതാനും അവര്‍ക്കു കഴിഞ്ഞില്ല. മക്തി തങ്ങള്‍ക്കു ശേഷം ഇസ്‌ലാമിക പ്രബോധന രംഗത്തു കാര്യമായ ചുവടുവെപ്പുകള്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് സാധിക്കുകയുണ്ടായില്ല. ഒറ്റപ്പെട്ട പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടാകാമെങ്കിലും അമുസ്‌ലിം സമൂഹത്തെ വലിയ തോതില്‍ അഭിമുഖീകരിക്കാന്‍ ഇസ്വ്‌ലാഹിന്റെ സംഘടിത ശ്രമങ്ങള്‍ തുനിയുകയുണ്ടായില്ല. കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ ഇസ്വ്‌ലാഹി നവോത്ഥാനത്തിന്റെ ഇത്തരമൊരു പരിമിതി, സാമൂഹിക ജീവിതത്തിലെ അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ പ്രതിബന്ധമാവുകയും ചെയ്തു. 

മുസ്‌ലിം സമൂഹത്തില്‍ നിലനിന്ന വിവേചനപരമായ ഈ സമീപനം താഴ്ന്ന ജാതിക്കാരില്‍ കടുത്ത അമര്‍ഷത്തിനും വിദ്വേഷത്തിനും കാരണമായിട്ടുണ്ട്. പുറമെ ഭവ്യതയും വിനയവുമൊക്കെ കാണിച്ചുകൊണ്ടാണ് താഴ്ന്ന ജാതിക്കാര്‍ പെരുമാറിയിരുന്നതെങ്കിലും അവരുടെ ഉള്ളില്‍ കടുത്ത അമര്‍ഷം പുകഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെ അധഃകൃതരായി മുദ്രകുത്തപ്പെട്ടവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. വല്ലവരുടെയും മണ്ണില്‍ ജോലി ചെയ്യുകയും കൃഷിയിറക്കുകയും ചെയ്യുന്ന കുടിയാന്മാരായിരുന്നു അവര്‍. മുതലാളിമാരെ സേവിക്കേണ്ടത് അവരുടെ ബാധ്യതയായി നിശ്ചയിക്കപ്പെട്ടിരുന്നു. ഹിന്ദുജന്മിമാര്‍ മാത്രമല്ല, മുസ്‌ലിം പ്രമാണിമാരും ഇതില്‍ തുല്യരായിരുന്നു. ഇതും അധഃസ്ഥിത ജനതക്കിടയിലെ അമര്‍ഷത്തിന് വലിയ അളവില്‍ കാരണമായി. കമ്യൂണിസത്തിന്റെ വരവോടെയാണ് ഇതിന് വലിയ അളവില്‍ മാറ്റമുണ്ടായത്. ഇസ്‌ലാമിന്റെ സാമൂഹിക വിമോചനപരമായ വശം കുറേയൊക്കെ ഇവിടെ പ്രയോഗവല്‍ക്കരിച്ചത് കമ്യൂണിസമായിരുന്നുവെന്ന് ആലങ്കാരികമായി പറയാം. ഇത്തരമൊരു സാമൂഹികാന്തരീക്ഷം കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും കമ്യൂണിസത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. കേരളത്തില്‍ കമ്യൂണിസം പച്ചതൊട്ട ചില പ്രദേശങ്ങളിലെങ്കിലും ഇത്തരമൊരു ജാതിവിവേചനപരമായ സാമൂഹികാവസ്ഥ ഉണ്ടായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കമ്യൂണിസത്തിന്റെ വരവോടെ സാമൂഹിക വിവേചന സമീപനങ്ങള്‍ക്ക് ഒരളവോളം ശമനം വന്നുവെന്നത് ഞങ്ങളുടെ പ്രദേശങ്ങളില്‍ അനുഭവിച്ചറിയാന്‍ കഴിഞ്ഞ വസ്തുതയാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്, സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ അതിന്റെ സാമൂഹിക വിമോചന പാരമ്പര്യം ഇവിടെ തുടരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.  

(തുടരും)

തയാറാക്കിയത് : സദ്‌റുദ്ദീന്‍ വാഴക്കാട്

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം