ജീവിതപാഠങ്ങള്‍-5
ഹൃദയ സാന്നിധ്യമില്ലാതെ ആരാധനാ നിരതരാകുന്നവരേ, നിങ്ങളുടെ ഉപമ കഴുതയുടേതാകുന്നു. ആട്ടു യന്ത്രം കറക്കാനായി ചുറ്റും നടത്തുമ്പോള്‍ അതിന്റെ കണ്ണു മൂടിക്കെട്ടുന്നു. ഒരുപാടു ദൂരം പിന്നിട്ടുവെന്നാണ് അതിന്റെ ധാരണയെങ്കിലും വാസ്തവത്തില്‍ അത് ആട്ടുയന്ത്രം വിട്ടുപോയിട്ടേയില്ല. കഷ്ടം തന്നെ നിങ്ങളുടെ കാര്യം! നിങ്ങള്‍ നമസ്‌കാരത്തില്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നു. നോമ്പില്‍ വിശപ്പും ദാഹവും സഹിക്കുന്നു. പക്ഷെ, ഹൃദയത്തില്‍ ഒരണുപോലും ഇഖ്‌ലാസ്വോ ഈമാനോ ഇല്ലാതിരിക്കെ നിങ്ങള്‍ക്കവയില്‍നിന്ന് എന്തു ഗുണം ലഭിക്കാനാണ്, മടുപ്പും തളര്‍ച്ചയുമല്ലാതെ? ഹൃദയത്തിന്റെ കണ്ണുകള്‍ അപരന്റെ കീശയിലും പാത്രത്തിലും പാര്‍പ്പിടത്തിലുമായിരിക്കെ നിങ്ങള്‍ നമസ്‌കരിക്കുകയും നോമ്പു നോല്‍ക്കുകയും ചെയ്യുന്നു. പാരിതോഷികങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിങ്ങളവരെ ഉറ്റുനോക്കുന്നു. അതിനുവേണ്ടി നിങ്ങള്‍ അവര്‍ കാണ്‍കെ നോമ്പിലും മറ്റു ആരാധനകളിലും ഏര്‍പ്പെടുന്നു.
അല്ലാഹുവിനു പങ്കുകാരെ പ്രതിഷ്ഠിച്ചവരേ, സല്‍ഗുണങ്ങളില്‍നിന്നും ആത്മീയാവസ്ഥകളില്‍നിന്നും പുറംതിരിഞ്ഞ കപടരേ, അല്ലാഹു നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങളറിയുന്നില്ലേ? നിങ്ങളുടെ മേല്‍ അവന് അധികാരമുണ്ടെന്നും, നിങ്ങളുടെ അവകാശവാദങ്ങള്‍ക്ക് അവന്‍ തെളിവ് ആവശ്യപ്പെടുന്നുണ്ടെന്നും നിങ്ങളറിയുന്നില്ലേ?
നബി(സ) ഇവ്വിധം അരുളിയിരിക്കുന്നു- ''തെളിവു ഹാജരാക്കാന്‍ ആവശ്യപ്പെടാതെ ആളുകളുടെ അവകാശവാദങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ചിലര്‍ (അന്യായമായി) അപരരുടെ രക്തവും ധനവും ആവശ്യപ്പെടുമായിരുന്നു. അതിനാല്‍, അവകാശവാദമുന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണം. അവകാശവാദം നിഷേധിക്കുന്നവര്‍ സത്യംചെയ്യുകയും വേണം''.
നിങ്ങള്‍ എന്തുമാത്രം സംസാരിക്കുകയും, എത്ര കുറച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു! സത്യവാന്‍മാരെങ്കില്‍ നിങ്ങള്‍ സംസാരം ചുരുക്കി പ്രവൃത്തിയില്‍ ഉത്സുകരാവൂ.
ഒരാള്‍ അല്ലാഹുവെ അറിയാന്‍ തുടങ്ങുന്നതോടെ അയാളുടെ നാവടങ്ങുകയും, ഹൃദയം വാചാലമാവാന്‍ തുടങ്ങുകയും ചെയ്യുന്നു. അയാളുടെ അന്തരാത്മാവ് ശുദ്ധവും ശാന്തവുമാവുകയും, അല്ലാഹുവിനു മുന്നില്‍ അയാളുടെ പദവി ഉയരുകയും ചെയ്യുന്നു. അങ്ങനെ അയാള്‍ അല്ലാഹുവോട് തീവ്രമായ സ്‌നേഹത്തിലാവുകയും, അവനില്‍ ആശ്വാസം കണ്ടെത്തുകയും, മറ്റെല്ലാറ്റിനെയും ഉപേക്ഷിച്ച് സകലതിനും അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുന്നു.
അല്ലയോ ഹൃദയാഗ്നീ, ശാന്തവും ശീതളവുമാകൂ. ഹൃദയമേ, പര്‍വ്വതങ്ങള്‍ പറിച്ചുമാറ്റപ്പെടുകയും, ഭൂമി അതിന്റെ യഥാരൂപത്തില്‍ ദൃശ്യമാക്കപ്പെടുകയും ചെയ്യുന്ന ആ ദിനത്തിനായി ഒരുങ്ങിക്കൊള്‍ക. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും ഭരമേല്‍പിക്കലിന്റെയും(തവക്കുല്‍), അവനോടുള്ള പ്രണയാഭിലാഷങ്ങളുടെയും പാദങ്ങളില്‍ അന്ന് എഴുന്നേറ്റു നില്‍ക്കുന്നവരാകുന്നു യഥാര്‍ത്ഥ മനുഷ്യര്‍. പരലോകത്തിന് മുമ്പേ, ഇഹലോകത്ത് വെച്ചുതന്നെ അല്ലാഹുവെ അറിഞ്ഞവരാകുന്നു അവര്‍.
സൃഷ്ടികളുടെയും ഉപാധികളുടെയും(അസ്ബാബ്) പര്‍വതങ്ങള്‍ അന്നു പിഴുത് മാറ്റപ്പെടും. എന്നാല്‍, സകല ഉപാധികളുടെയും സ്രഷ്ടാവിന്റെ പര്‍വതങ്ങള്‍ തല്‍സ്ഥാനത്തുതന്നെ അവശേഷിക്കും. പരിണാമത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും ദിനമാകുന്നു പുനരുത്ഥാന നാള്‍. ആകാരവും ദൃഢതയും ഗാംഭീര്യവും കണ്ട് നിങ്ങള്‍ അത്ഭുതം കൂറുന്ന ഈ പര്‍വതങ്ങള്‍ അന്നു പിഴുതെടുക്കപ്പെടും. ആകാശം ഉരുക്കിയ ചെമ്പു കണക്കെ ആയിത്തീരും. വാനഭുവനങ്ങളുടെ ഭാവങ്ങളാകമാനം മാറ്റിമറിക്കപ്പെടും. ശരീഅത്തിന്റെയും കര്‍മാവിഷ്‌കാരങ്ങളുടേതുമുള്‍പ്പെടെ ഇഹലോകത്തിന്റെ ക്രമങ്ങളും വ്യവസ്ഥകളുമപ്പാടെ തകിടം മറിക്കപ്പെടുകയും, വിധിയുടെയും കര്‍മഫലങ്ങളുടെയും വിശ്രമത്തിന്റെയും ന്യായമായ ഓഹരിവെപ്പിന്റേതുമുള്‍പ്പെടെ പരലോകത്തിന്റെ ക്രമവും വ്യവസ്ഥയും സഥാപിതമാവുകയും ചെയ്യും.
അല്ലാഹുവേ, ആ ദിനത്തില്‍ ഞങ്ങളുടെ ഹൃദയത്തിനും ശരീരത്തിനും സ്ഥൈര്യം പ്രദാനം ചെയ്യേണമേ... ''റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറത്തി ഹസനതന്‍ വഖിനാ അദാബന്നാര്‍......''
വിവ: വി. ബഷീര്‍
Comments