Prabodhanm Weekly

Pages

Search

2014 മെയ്‌ 16

കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ദര്‍ശനം

കെ.പി ഇസ്മാഈല്‍ /ചിന്താവിഷയം

         പ്രബോധകന്റെ പ്രഥമ പാഥേയം അവന്റെ ജീവിതം തന്നെ. വാക്കുകളേക്കാള്‍ വാചാലമാണ് മാതൃകാ ജീവിതം. സ്വഭാവമേന്മയും ജീവിതവിശുദ്ധിയുമാണ് വ്യക്തിത്വത്തെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍. 'പരുഷ സ്വഭാവിയായിരുന്നെങ്കില്‍ നിന്റെ ചുറ്റുപാടുനിന്നും ആളുകള്‍ അകന്നുമാറുമായിരുന്നു' എന്ന് പ്രവാചകനോട് അല്ലാഹു പറയുന്നുണ്ട്. പൂവിന് സുഗന്ധം പോലെയത്രെ പ്രബോധകന് ആകര്‍ഷകമായ സ്വഭാവം. അനുചരന്മാരോടൊപ്പം അവരിലൊരാളായി അവരുടെ കണ്ണും കരളുമായി ജീവിച്ചു പ്രവാചകന്‍. സ്‌നേഹമസൃണമായ ആ സ്വഭാവ നൈര്‍മല്യത്തെ ഒപ്പിയെടുത്തവതരിപ്പിക്കുന്നു ഈ ഖുര്‍ആന്‍ വചനങ്ങള്‍: ''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവന്‍. നിങ്ങളുടെ കാര്യത്തില്‍ അതീവ തല്‍പരന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും'' (അത്തൗബ 128).

ലോകത്തിന്റെ തെറ്റായ പോക്കില്‍ പരിതപിക്കുന്നവനാണ് പ്രബോധകന്‍. അവന്‍ മാറ്റം ആഗ്രഹിക്കുന്നു. അതിന് ആദ്യം വേണ്ടത് അവനവന്‍ മാറുകയാണ്. 'ഈ ലോകത്ത് ഞാന്‍ കാണാനാഗ്രഹിക്കുന്ന മാറ്റം ആദ്യം എന്നിലാണുണ്ടാവേണ്ടത്'- ഗാന്ധിജി പറയുകയുണ്ടായി. സ്വയം മാറാതെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവില്ല. 'കൊച്ചു കുട്ടി കണ്ടമാനം മധുരം തിന്നുന്നു. അവനെ ഉപദേശിച്ച് നേരെയാക്കണം' ഒരമ്മ മുനിയെ സമീപിച്ച് അപേക്ഷിച്ചു. ഒരാഴ്ച കഴിഞ്ഞ് വരാന്‍ മുനി പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് അമ്മ കുഞ്ഞിനെയും കൂട്ടി വന്നു. മുനി കുട്ടിയോട് പറഞ്ഞു: 'മോന്‍ മധുരം അധികം തിന്നരുത്.' അവന്‍ പോയപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: 'ഗുരോ, ഇത് പറയാന്‍ അങ്ങ് ഒരാഴ്ച കാത്തിരുന്നതെന്ത്?' ഗുരു പറഞ്ഞു: 'ഒരാഴ്ച മുമ്പ് എനിക്കവനെ ഉപദേശിക്കാനുള്ള അര്‍ഹതയില്ലായിരുന്നു. ഞാനും മധുരം കഴിച്ചിരുന്നു. അപ്പോള്‍ മറ്റൊരാളെ അരുതെന്ന് ഉപദേശിക്കുന്നത് ആത്മവഞ്ചനയാവില്ലേ?' 'നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനു പറയുന്നു' എന്ന ഖുര്‍ആന്‍വാക്യം സത്യവിശ്വാസിയുടെ കാതില്‍ സദാ മുഴങ്ങേണ്ടതാണ്.

പ്രബോധകന് അനിവാര്യമായും ഉണ്ടായിരിക്കേണ്ടതാണ് പുഞ്ചിരിക്കുന്ന മുഖം. അതിരില്ലാത്ത സല്‍ഫലങ്ങള്‍ ഉളവാക്കുന്ന ഉത്തമ ഗുണമാണ് പുഞ്ചിരി. ഡേല്‍ കാര്‍ണി എഴുതി: ''ഒരു പുഞ്ചിരിയില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. കൊടുക്കാന്‍ ഏറെയുണ്ടുതാനും. കൊടുക്കുന്നവന് ഒന്നും കുറയുന്നില്ല. കിട്ടുന്നവനെ അത് സമ്പന്നനാക്കുന്നു. അതിനൊരു നിമിഷം മതി. അതിന്റെ ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കും. അത് വീട്ടില്‍ സന്തോഷം വിതക്കുന്നു. തൊഴിലിടങ്ങളില്‍ സൗഹൃദവും. സുഹൃദ്ബന്ധങ്ങളില്‍ മേലൊപ്പ് ചാര്‍ത്തുന്നു. അത് ക്ഷീണിതന് വിശ്രമമേകുന്നു. നിരാശയെ പ്രത്യാശയാക്കുന്നു. ഇരുണ്ട മനസ്സുകളില്‍ പ്രകാശം പരത്തുന്നു. കുഴപ്പങ്ങള്‍ക്ക് മറുമരുന്നാകുന്നു. അത് പണം കൊടുത്താല്‍ കിട്ടില്ല. യാചിച്ചു വാങ്ങാനുമാവില്ല. സ്വമനസ്സാല്‍ നല്‍കപ്പെടാത്തേടത്തോളം അതിന് മൂല്യമേതുമില്ല. നിങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിയാത്തവിധം ക്ഷീണിതരായിരിക്കും ചിലര്‍. നിങ്ങളതവര്‍ക്ക് കൊടുക്കൂ. അവരോളം അതര്‍ഹിക്കുന്നവരായി മറ്റാരുമില്ല.''

സ്വസഹോദരനോട് പുഞ്ചിരിക്കുന്നതു പോലും സ്വദഖയാകുന്നു എന്ന നബിവചനത്തിന് പത്തരമാറ്റ് മൂല്യമുണ്ട്. പ്രബോധന വഴിയില്‍ പുഞ്ചിരി വിരിയിക്കുന്ന സൗഹൃദത്തിന്റെ പൂക്കള്‍ വാടുകയില്ല. പുഞ്ചിരിയുമായി കടന്നുചെല്ലുന്ന പ്രബോധകനെ ആര്‍ക്കാണ് ആട്ടിയകറ്റാനാവുക! ദുര്‍മുഖവുമായി പ്രവേശിക്കുന്നയാളെ ആരാണ് സന്തോഷത്തോടെ സ്വീകരിക്കുക?

ആഭരണങ്ങളോ വിലകൂടിയ വസ്ത്രങ്ങളോ അല്ല ഒരാളെ അഴകുള്ളവനോ അഴകുള്ളവളോ ആക്കുന്നത്. യഥാര്‍ഥ അഴക് ഹൃദ്യമായ പെരുമാറ്റത്തിലാണ്. സത്യസന്ധത, ദയ, സഹജീവിസ്‌നേഹം, ദീനാനുകമ്പ, ധൈര്യം, മധുരഭാഷണം എന്നിവയൊക്കെയാണ് മനുഷ്യ മനസ്സിന്റെ ആഭരണങ്ങള്‍. ഇവയെല്ലാം സമ്മേളിച്ച അതുല്യ വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. അതുകൊണ്ടാണ് പൂവിലേക്ക് പൂമ്പാറ്റകളെന്ന പോലെ നബിയിലേക്ക് ജനങ്ങള്‍ ആകൃഷ്ടരായത്. നബിയുടെ വാക്കും നോക്കും പെരുമാറ്റവുമെല്ലാം അനുയായികള്‍ക്ക് അമൃതകണങ്ങളായി അനുഭവപ്പെട്ടു.

തങ്ങളുടെ അഭിമാനം മുറിപ്പെടുത്തുന്ന വ്യക്തിയുടെ അരികിലോ സദസ്സിലോ ഇരിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുകയില്ല. കുറ്റപ്പെടുത്തുന്ന നാക്ക് ആളുകളെ അകറ്റും. സാന്ത്വനിപ്പിക്കുന്ന വാക്ക് ആളുകളെ ആകര്‍ഷിക്കും. കണ്ടതും കേട്ടതും വിളിച്ചുപറയുന്നവനല്ല പ്രബോധകന്‍. പുറത്തുള്ള ശത്രുക്കളെക്കാള്‍ പ്രസ്ഥാനത്തിന് പരിക്കേല്‍പിക്കുക ദുസ്വഭാവികളായ പ്രവര്‍ത്തകരാണ്. അവര്‍ അകത്തുള്ളവരെ അടര്‍ത്തിമാറ്റുകയും പ്രബോധിത സമൂഹത്തെ വെറുപ്പിക്കുകയും ചെയ്യും. പ്രവാചകന്റെ പുതിയ പതിപ്പുകളാകണം പ്രബോധകന്‍. വിജ്ഞാനവും വിനയവും ആര്‍ദ്രതയുമെല്ലാം ഉള്‍ച്ചേര്‍ന്ന വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ പ്രബോധകന്‍ ബാധ്യസ്ഥനാണ്.

മനസ്സിന്റെ ജ്ഞാനസ്‌നാനമാണ് വായന. വായന പ്രബോധകന്റെ നിത്യജീവിതത്തിന്റെ ഭാഗമാകണം. ഇഖ്‌റഅ് എന്ന മാലാഖധ്വനി പ്രകമ്പനം കൊള്ളാത്ത ഒരു പ്രഭാതവും പ്രബോധകന്റെ ജീവിതത്തില്‍ ഉണ്ടാകാവതല്ല. ആയുധമോ കായികാധ്വാനമോ കൂടാതെ തന്നെ ആര്‍ക്കും അറിവിന്റെ കയങ്ങളില്‍ താഴ്ന്നിറങ്ങാം; അമൂല്യരത്‌നങ്ങളുമായി പൊങ്ങിവരാം. തികവൊത്ത ജീവിതത്തിന് അറിവിന്റെ രത്‌നാഭരണങ്ങള്‍ അനിവാര്യമാണ്. അറിവിന്റെ ഖനികളുടെ രാജപഥം അലങ്കരിക്കുന്നു ഖുര്‍ആന്‍. ഖുര്‍ആന്‍ വായന പ്രബോധകന്റെ ഒഴിച്ചുകൂടാനാകാത്ത ദിനചര്യയാകണം. അറിവിന്റെ അക്ഷയഖനി മാത്രമല്ല ഖുര്‍ആന്‍. മാനവികതയുടെ നീരുറവ കൂടിയാണത്. ആര്‍ദ്രമായ ഒരു മനസ്സ് സൂക്ഷിക്കാന്‍ ഖുര്‍ആന്റെ നിത്യ പാരായണം സഹായിക്കും.

പ്രബോധകന്‍ സംഭാഷണകലയിലും സാമര്‍ഥ്യം നേടണം. പറയാനുള്ളതെല്ലാം ശ്രോതാവിന്റെ നേരെ അടിച്ചുകയറ്റലല്ല സംഭാഷണം. അവന്റെ താല്‍പര്യവും മനസ്സുമറിഞ്ഞ് കാര്യങ്ങള്‍ സൗമ്യമായി അവതരിപ്പിക്കലാണ്. നാഥന്റെ വഴിയിലേക്ക് ക്ഷണിക്കുക എന്നു മാത്രമല്ല അല്ലാഹു പറഞ്ഞത്. 'യുക്തിയോടും സദുപദേശത്തോടും കൂടി' എന്നു കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഖുര്‍ആന്‍ പാകിയ അടിസ്ഥാന ശിലയില്‍ നിന്നുവേണം പ്രബോധനമാര്‍ഗത്തിലെ എല്ലാ സ്തംഭങ്ങളും പടുത്തുയര്‍ത്താന്‍.

പ്രബോധകന്റെ സമ്പാദ്യമെന്നത് ബാങ്ക് ബാലന്‍സല്ല; സുഹൃദ് ബന്ധങ്ങളാണ്. ഇസ്‌ലാമിന്റെ ഏറ്റവും വലിയ സംഭാവനയെന്തെന്ന ചോദ്യത്തിന് മനുഷ്യസ്‌നേഹവും സര്‍വചരാചരങ്ങളോടുമുള്ള കാരുണ്യവും എന്നാണുത്തരം. ഖുര്‍ആനും നബിചരിത്രവും സച്ചരിതരായ ഖലീഫമാരുടെ ജീവിതവുമാണതിന്റെ സാക്ഷ്യപത്രങ്ങള്‍. മതമല്ലാതെ മറ്റെന്താണ് മനുഷ്യസ്‌നേഹം പഠിപ്പിക്കുന്നതെന്ന് ബഷീര്‍ ഒരഭിമുഖത്തില്‍ അജിതയോട് ചോദിക്കുന്നുണ്ട്. ചുറ്റുമുള്ള ദരിദ്രരെയും രോഗികളെയും അവഗണിച്ച് സ്വന്തം സുഖസൗകര്യങ്ങളില്‍ മുഴുകുന്നവന്റെ ഈമാന് വിലയൊന്നുമില്ല. സല്‍ക്കര്‍മങ്ങള്‍ പ്രബോധകന്റെ കൂടപ്പിറപ്പുകളാകണം. 'വെള്ളമുള്ളിടത്ത് പച്ചപ്പുണ്ടാകുന്നു. വിശ്വാസമുള്ളിടത്ത് സല്‍ക്കര്‍മവും' എന്ന ഡോ. മുസ്ത്വഫസ്സിബാഇയുടെ വാക്കുകള്‍ ശ്രദ്ധേയമാണ് (ജീവിതപാഠങ്ങള്‍).

സഹജീവികളുടെ വിശപ്പ് അവഗണിച്ചുകൊണ്ട് പ്രബോധകന് ഒരടി മുന്നോട്ടുവെക്കാനാവില്ല. മനുഷ്യനെ അറിയുകയെന്നാല്‍ അവന്റെ വിശപ്പ് അറിയുക എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന ചോദ്യത്തിന് ബഷീറിന്റെ ഉത്തരം വിശപ്പ് എന്നാണ്. വിശക്കുന്ന വയറിനെ അവഗണിച്ചുകൊണ്ട് പ്രബോധകന്‍ അറിവിന്റെ ബിരിയാണി എത്ര പ്ലേറ്റ് വിളമ്പിയാലും ദരിദ്രനായ പ്രബോധിതന്റെ മുന്നില്‍ അതിന് എച്ചിലിന്റെ വില പോലുമുണ്ടാകില്ല. വിശപ്പിന്റെ പ്രശ്‌നം വളരെ ഗൗരവപൂര്‍ണമായാണ് ഖുര്‍ആന്‍ സമീപിച്ചിട്ടുള്ളത്. 'മതനിഷേധിയെ നീ കണ്ടുവോ' എന്നു ചോദിച്ചുകൊണ്ട് അല്ലാഹു നല്‍കുന്ന ഉത്തരം ഏതു ദൈവനിഷേധിയെയും മതേതരവാദിയെയും അത്ഭുതസ്തബ്ധനാക്കും. അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് അല്ലാഹുവിന്റെ കണ്ണില്‍ ദൈവനിഷേധി! വിശപ്പിനെ മതനിഷേധവുമായി ബന്ധിപ്പിക്കുന്ന വിശാല മാനവികത മറ്റെവിടെ കാണാനാകും? അപ്പോള്‍ വിശക്കുന്നവനെ അവഗണിക്കുന്ന പ്രബോധകന്‍ തന്നെയാകും നമ്പര്‍വണ്‍ ദൈവനിഷേധി.

നബിയുമായി സംവാദത്തിനു വന്ന ക്രൈസ്തവസംഘത്തിന്, പ്രാര്‍ഥനക്ക് സമയമായപ്പോള്‍ സ്വന്തം പള്ളിയില്‍ സൗകര്യമൊരുക്കിക്കൊടുത്ത പ്രവാചകന്‍ ഉദാത്തമായൊരു പ്രബോധന മാതൃകയാണ് കാഴ്ചവെച്ചത്. അന്യ മതസ്ഥരുടെ വിശ്വാസാചാരങ്ങളെ ആദരിക്കുക എന്നത് ദൈവിക താല്‍പര്യം കൂടിയാണ് എന്നതാണ് പ്രവാചക മാതൃക നല്‍കുന്ന പാഠം. ഹൃദയത്തില്‍ ഇടമില്ലാത്ത ഒരാള്‍ക്ക് സ്വന്തം വീട്ടില്‍ ഇടം നല്‍കാന്‍ ആരും തയാറാവുകയില്ല. നബിയുടെ ഹൃദയത്തില്‍ ഏത് മതക്കാരനും ആദരണീയമായ ഇടമുണ്ടായിരുന്നുവെന്നാണ് ഈ ചരിത്ര സംഭവം ഉറക്കെപ്പറയുന്നത്. 

ബുദ്ധിയുള്ള തലകള്‍ മാത്രമല്ല കരുണയുള്ള ഹൃദയങ്ങളുമാണ് പ്രബോധക സമൂഹത്തിന്റെ ഈടുറ്റ സമ്പത്ത്. കുന്നുകൂടിയ ധനമായിരുന്നില്ല നബിയുടെ കരുത്ത്. കരുണ വഴിയുന്ന ഹൃദയങ്ങളുള്ള ശിഷ്യന്മാരായിരുന്നു. ഇസ്‌ലാം ലോകത്തിന്റെ മതമായത് വാളും സമ്പത്തും കൊണ്ടായിരുന്നില്ല. അത് പ്രസരിപ്പിച്ച അതുല്യമായ കാരുണ്യവും സാഹോദര്യവും കൊണ്ടായിരുന്നു. ഭാവിയിലും അതിന്റെ വിജയം കുടികൊള്ളുന്നത് ഈ മൂല്യങ്ങളിലാണ്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം