Prabodhanm Weekly

Pages

Search

2014 മെയ്‌ 16

സംഗീതത്തിലെ കതിരും പതിരും

ടി.കെ.എം ഇഖ്ബാല്‍ /പ്രതികരണം

         'സ്‌ലാമിനോളം സംഗീതമുണ്ടോ?' എന്ന ജമീല്‍ അഹ്മദിന്റെ ലേഖനം (ലക്കം 2848) പ്രസക്തമായ ചില ചിന്തകള്‍ പങ്കുവെക്കുന്നുണ്ട്. ലേഖകന്‍ പറയുന്നതുപോലെ രണ്ട് ആത്യന്തികതകളില്‍ നിന്ന് കൊണ്ടാണ് ഇസ്‌ലാമിന്റെ  ആളുകള്‍ സംഗീതത്തെ സമീപിക്കുന്നത്. സംഗീതം ഉള്‍പ്പെടെ കലകളോട് പ്രകൃത്യാ തന്നെ ആഭിമുഖ്യം കുറഞ്ഞവരും, വളര്‍ന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ട് അങ്ങനെ ആയിത്തീര്‍ന്നവരുമായ ആളുകള്‍ തീര്‍ത്തും നിഷേധാത്മകമായ ഒരു നിലപാട് സ്വീകരിക്കുന്നത് കാണാം. തങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ അവര്‍ ഇസ്‌ലാമിലേക്ക് ആരോപിക്കുകയും ഖുര്‍ആനും ഹദീസുകളുമൊക്കെ ഉദ്ധരിച്ച് സംഗീതം നിഷിദ്ധമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറുവശത്ത്, ആധുനിക കലാ മാധ്യമങ്ങളുടെ മാസ്മരിക സ്വാധീനത്തില്‍ അകപ്പെട്ട്, സംഗീതത്തെ ഏതറ്റം വരെയും അനുവദനീയമാക്കാന്‍ പാടുപെടുന്നവരെയും കാണാം. യാഥാര്‍ഥ്യം ഇതിനിടയില്‍ എവിടെയോ ആണ്. സംഗീതോപകരണങ്ങളെക്കുറിച്ച് ഉദ്ധരിക്കപ്പെടുന്ന പ്രവാചക വചനങ്ങളെ അവയുടെ ചരിത്ര, സാമൂഹിക പരിസരവുമായി ചേര്‍ത്ത് വായിക്കണമെന്ന ലേഖകന്റെ അഭിപ്രായം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ശിര്‍ക്ക്, അസാന്മാര്‍ഗികത, 'ലഹ്‌വ്' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന വെറും നേരമ്പോക്ക്- ഇവയോട് ബന്ധപ്പെടുത്തിയാണ് അത്തരം പരാമര്‍ശങ്ങളധികവും. മദ്യപാനം, പലിശ, ചൂതാട്ടം എന്നിവയുടെ കാര്യങ്ങളിലുള്ളതുപോലെ ഒരു നിരോധം സംഗീതോപകരണങ്ങളുടെ വിഷയത്തില്‍ കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. തിന്മക്കെന്ന പോലെ നന്മയുടെ പ്രചാരണത്തിനും ഉപയോഗിക്കാവുന്ന ശക്തമായ ഒരു മാധ്യമം എന്ന നിലയിലുള്ള സംഗീതത്തിന്റെ പ്രസക്തി ഇസ്‌ലാം നിഷേധിക്കുന്നുവെന്ന് സമര്‍ഥിക്കാന്‍ തെളിവുകളൊന്നുമില്ല. പക്ഷേ, ഈയൊരു കാഴ്ചപ്പാടോടെ സംഗീതത്തെ ഉപയോഗിക്കുമ്പോള്‍, തെറ്റിലേക്ക് വഴുതിവീഴാതിരിക്കാന്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കേണ്ടതുണ്ട്. ലേഖകന്‍ പറയുന്നതുപോലെ, ഇസ്‌ലാമിലും സംഗീതത്തിലും പരിജ്ഞാനമുള്ളവരാണ് ഇത് ചെയ്യേണ്ടത്. പക്ഷേ, ഇത് രണ്ടും ഒരാളില്‍ ഒത്തുചേരുക എന്നത് ഇന്നത്തെ ചുറ്റുപാടില്‍ ഏതാണ്ട് അചിന്ത്യം തന്നെയാണ്. 

ഖുര്‍ആന്റെയും ഹദീസിന്റെയും അക്ഷരങ്ങള്‍ക്കപ്പുറം ആത്മാവിലേക്ക് മനസ്സും ചിന്തയും വ്യാപരിപ്പിക്കാന്‍ കഴിയുന്ന സഹൃദയത്വമുള്ള മത പണ്ഡിതന്മാര്‍ക്ക്, സംഗീത പരിജ്ഞാനമുള്ളവരുടെ സഹായത്തോടു കൂടി ചില മാര്‍ഗരേഖകള്‍ ഈ രംഗത്ത് സമര്‍പ്പിക്കാന്‍ കഴിയേണ്ടതാണ്.

ഇത്തരമൊരു പഠനത്തിന്റെയും അപഗ്രഥനത്തിന്റെയും അഭാവം കൊണ്ടാവാം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പോലും സംഗീതത്തോട് വളരെ ലാഘവത്വത്തോടെയുള്ള ഒരു സമീപനം ഇന്ന് സ്വീകരിച്ചുവരുന്നത്. ഒന്നുകില്‍ പൂര്‍ണമായും പുറംതിരിഞ്ഞു നില്‍ക്കുക, അല്ലെങ്കില്‍ യാതൊരു മുന്‍കരുതലുമില്ലാതെ സംഗീത പരിപാടികളെ പ്രോത്സാഹിപ്പിക്കുക. ഇതാണ് കാണപ്പെടുന്ന രീതി. ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന പല സംഗീത പരിപാടികളും ശരാശരി കൊമേഴ്‌സ്യല്‍ ഷോകളില്‍ നിന്ന് ഒരു വ്യതിരിക്തതയും അവകാശപ്പെടാനില്ലാത്ത വിധം തരംതാഴ്ന്നുപോകുന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്.

ജനങ്ങളെ ആകര്‍ഷിക്കുന്നതോടൊപ്പം പ്രബുദ്ധരാക്കാനും കൂടി കഴിയുന്ന ശക്തമായ കലാ മാധ്യമങ്ങളെക്കുറിച്ച അന്വേഷണങ്ങളൊക്കെ അവസാനിപ്പിച്ച്, എന്തിനും ഏതിനും ഒരു ഗാനമേളയാവാം എന്ന ലാഘവത്വത്തിലേക്ക് പ്രസ്ഥാനത്തിന്റെ പല പോഷക സംഘടനകളും എത്തിപ്പെട്ടോ എന്ന് സംശയം. ഗള്‍ഫ് നാടുകളിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെടുന്നത്. ഗൗരവാവഹമായ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പുതിയ ബദലുകള്‍ അന്വേഷിക്കുകയും ചെയ്യുന്ന മഹാ സമ്മേളനങ്ങളുടെ പരിസമാപ്തിയായി നടത്തപ്പെടുന്ന സംഗീത സന്ധ്യകള്‍, ആ സദസ്സിന്റെ ലക്ഷ്യത്തിന് അനുപൂരകമാവുന്നില്ലെന്നതോ പോകട്ടെ, അതിന്റെ സദ്ഫലങ്ങളെ മുഴുവന്‍ ഇല്ലാതാക്കിക്കളയും വിധം വെറും ശബ്ദഘോഷങ്ങളായി അവസാനിക്കുന്നത് വലിയൊരു ദുരന്തം തന്നെയല്ലേ?

പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവരുടെ നോട്ടക്കുറവും ദിശാബോധമില്ലായ്മയുമാണ് ഇത് വെളിപ്പെടുത്തുന്നത്. കേട്ടുപഴകിയ കുറെ ജനപ്രിയ ഗാനങ്ങള്‍ കാവ്യ ഭംഗിയോ അര്‍ഥഭംഗിയോ നോക്കാതെ, ഗായകര്‍ അവരുടെ ഇഷ്ടാനുസാരം അവതരിപ്പിക്കുന്ന ഒരു രീതിയാണ് പൊതുവെ കണ്ടുവരുന്നത്. ആസ്വാദകര്‍ക്ക് പുതിയ സന്ദേശങ്ങള്‍ നല്‍കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും നടത്തപ്പെടുന്നില്ല. ആശയപുഷ്ടിയും സംഗീതമാധുരിയും ഒത്തിണങ്ങിയ എത്രയോ നല്ല ഗാനങ്ങള്‍ മാപ്പിള ഗാന ശാഖയിലും അതിന് പുറത്തും ഉണ്ട്. അവയൊന്നും കണ്ടെത്തി അവതരിപ്പിക്കാന്‍ ശ്രമങ്ങളില്ല. ഹിറ്റ് ഗാനങ്ങള്‍ പാടിയാലേ സദസ്സിന് രസിക്കൂ എന്ന തെറ്റിദ്ധാരണയുടെ പുറത്ത്, ശിര്‍ക്കിനെയും അശ്ലീലതയെയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പോലും സ്റ്റേജ് ഷോകളില്‍ ചിലപ്പോഴെങ്കിലും കടന്നുവരുന്നു എന്നതാണ് സത്യം. അജ്മീര്‍ ഖ്വാജയുടെ അമാനുഷിക സിദ്ധികള്‍ വിവരിക്കുന്ന പ്രശസ്തമായ മലയാള ഗാനം ദോഹയില്‍ ഇതുപോലൊരു വേദിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാടിക്കേട്ടത് ഓര്‍ക്കുന്നു.

ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള 'അടിപൊളി' ഗാനങ്ങളുടെ അരങ്ങേറ്റത്തോടെയാണ് സംഗീതം പാട്ടിന്റെ വരികളെ വിഴുങ്ങിക്കളയുന്ന ശബ്ദഘോഷങ്ങളായി ഗാനമേളകള്‍ പരിണമിച്ചത്. ജമീല്‍ അഹ്മദ് തന്റെ ലേഖനത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയതു പോലെ, മാപ്പിളപ്പാട്ട് പോലെയുള്ള സാഹിത്യ ശാഖകള്‍ ജനകീയമായിത്തീര്‍ന്നത് സംഗീതോപകരണങ്ങളുടെ പിന്തുണ കൊണ്ടല്ല. ഒരു ജനതയുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും മുദ്രണം ചെയ്യുന്ന സാഹിത്യ രചനകള്‍ താള-ലയ ബദ്ധമായി ആവിഷ്‌കരിക്കപ്പെട്ടത് കൊണ്ടാണ് സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ അവതരിപ്പിച്ചാലും അവ ആസ്വാദ്യകരമായിത്തീരുന്നത്. അത് കൊണ്ടാണ് സാഹിത്യത്തെ മാറ്റിനിര്‍ത്തിയാല്‍ ഈ പാട്ടുകള്‍ക്ക് നിലനില്‍പില്ലാത്തത്. സംഗീതത്തിന്റെ അതിപ്രസരമില്ലാത്ത പാട്ടുകളും കവിതകളുമാണ് ആസ്വാദകന്റെ മനസ്സിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക. സോദ്ദേശ്യ സംഗീതത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ മനസ്സില്‍ വെക്കേണ്ട കാര്യമാണിത്. ഉപകരണ സംഗീതത്തെ അനിവാര്യമായ അളവില്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ലിറിക്‌സിന് പ്രാമുഖ്യം നല്‍കുന്ന ഒരു സംഗീത സംസ്‌കാരത്തെ വീണ്ടെടുക്കേണ്ട കാലമായിരിക്കുന്നു.

സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ കാണിക്കേണ്ട അനിവാര്യമായ വകതിരിവിനെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഇതിനേക്കാള്‍ പ്രധാനമാണ്, കലയിലും സംഗീതത്തിലും പുതിയ ബദലുകള്‍ കണ്ടെത്തുക എന്നത്. ജനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം പ്രതിധ്വനിപ്പിക്കുന്ന ജനപക്ഷ കലകളെക്കുറിച്ച് ചിന്തിക്കാനും ബാധ്യസ്ഥരാണ്. മാപ്പിളപ്പാട്ടും ഫോക്ക് സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ ബാന്‍ഡിനെക്കുറിച്ച ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. നന്മയുടെയും മൂല്യങ്ങളുടെയും പ്രചാരണത്തില്‍ സംഗീതത്തേക്കാള്‍ ശക്തമായ പങ്കുവഹിക്കാന്‍ കഴിയുന്ന നവ മാധ്യമങ്ങളുണ്ട്. അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുന്നതിനെക്കുറിച്ച ആലോചനകള്‍ പലേടത്തും നടക്കുന്നുമുണ്ട്. 

സംഗീതത്തെയും കലയെയും മൂല്യനിര്‍ണയം നടത്തുമ്പോള്‍, മനസ്സിനെ വിമലീകരിക്കാനും വിശ്വാസത്തെ പ്രചോദിപ്പിക്കാനും ദൃഢീകരിക്കാനും അവ ഉപകരിക്കുന്നുണ്ടോ എന്നാണ് മൗലികമായി നോക്കേണ്ടത്. ഒരു ഭൗതികവാദിയുടെ ഒരു വരി കവിതക്ക് പോലും ചിലപ്പോള്‍ ആധ്യാത്മികതയെ തൊട്ടുണര്‍ത്താന്‍ കഴിഞ്ഞെന്നിരിക്കും. 'ചെറിയൊരു പ്രാണനും കൈയില്‍ വെച്ചോടുന്നു, കനലില്‍ ചവിട്ടി നാം മര്‍ത്ത്യര്‍... എവിടെയീ യാത്രതന്നറ്റം? മരണമോ മറുപുറം നിലാവോ?' എന്ന് ശഹ്ബാസ് അമന്‍, സച്ചിദാനന്ദന്റെ  വരികള്‍ ആര്‍ദ്രമായി പാടുമ്പോള്‍, ആരാണ് ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചും മരണത്തിനപ്പുറമുള്ള ഒരു അസ്തിത്വത്തെക്കുറിച്ചും ചിന്തിച്ചു പോകാത്തത്? നന്മ എന്ന വാക്കിന് വിശാലമായ അര്‍ഥതലങ്ങളുണ്ട് ഇസ്‌ലാമില്‍- ജീവിതത്തിലായാലും കലയിലായാലും. സംഗീതത്തിലെ കതിരും പതിരും വേര്‍തിരിക്കുമ്പോള്‍ ഈ അറിവ് വളരെ പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ്, ഇസ്‌ലാമിനോളം വരില്ല ഒരു കലയും എന്ന തിരിച്ചറിവ്.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം