Prabodhanm Weekly

Pages

Search

2014 മെയ്‌ 16

ശരീഅത്തിനെതിരിലുള്ള കുപ്രചാരണങ്ങള്‍, വസ്തുതയെന്ത്?

അഡ്വ. കെ.പി. ഇബ്‌റാഹീം ആലുവ /ലേഖനം

         സര്‍വ്വ ലോക സ്രഷ്ടാവായ അല്ലാഹു തികഞ്ഞ നീതിമാനും എല്ലാവരോടും കരുണയുള്ളവനുമാണ്. അവന്‍ തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയ നിയമവ്യവസ്ഥയാണ് ഇസ്‌ലാമിക ശരീഅത്ത്. അത് കാരുണ്യവും നീതിയും നിറഞ്ഞതാണ്. എന്നാല്‍ അത് യഥാവിധി പഠിച്ചു പകര്‍ത്തി പ്രചരിപ്പിക്കാത്തതിനാലും ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടക്കുന്നതിനാലും പലപ്പോഴും ശരീഅത്ത് നിയമങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.

ഇസ്‌ലാമിക ശരീഅത്തിന് എതിരില്‍ ശബ്ദിക്കുന്നവര്‍ ഏറ്റവും കൂടുതലായി പ്രചരിപ്പിക്കുന്ന ഒന്നാണ് സ്ത്രീകളോടുള്ള ശരീഅത്തിന്റെ സമീപനം. വിശിഷ്യ സാമ്പത്തിക മേഖലയിലും അനന്തരാവകാശ നിയമങ്ങളിലും ശരീഅത്ത് വലിയ വീഴ്ചവരുത്തിയതായി അവര്‍ വാദിക്കുന്നു. ആയതിനാല്‍ ശരീഅത്ത് മാറ്റി മറിക്കണം എന്ന് പോലും അവര്‍ വാദിക്കുന്നു. അവരില്‍ ചിലര്‍ അതിനായി കേരള ഹൈകോടതിയെയും സമീപിച്ചു.

എന്നാല്‍ മറ്റെവിടെയും കാണാന്‍ കഴിയാത്തതും മാതൃകാപരവും നീതിയുക്തവുമായ അവകാശങ്ങളാണ് ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഴുവന്‍ മനുഷ്യരുടെയും മോചനത്തിനായി ആഗതനായ മുഹമ്മദ് നബി (സ) തന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് രണ്ടു വിഭാഗങ്ങളുടെ മേല്‍ ധാരാളം അതിക്രമങ്ങളും മറ്റും നടമാടിയിരുന്നു. അടിമകളും സ്ത്രീകളുമായിരുന്നു ആ രണ്ടു വിഭാഗങ്ങള്‍. പ്രവാചകന്‍ (സ) ഈ രണ്ടു വിഭാഗങ്ങളുടെയും മോചനത്തിനായി പ്രത്യേകം ശ്രദ്ധിച്ചു. പ്രവാചകന്‍ തന്റെ ശ്രമങ്ങള്‍ കേവലം ഉപദേശത്തിലും പ്രസംഗത്തിലും ഒതുക്കാതെ, അതിന് വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ തന്നെ സമര്‍പിച്ചു. മുഹമ്മദ് നബി (സ) ആഗതനാവുന്നതിന് മുമ്പ് അനന്തരസ്വത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. പോരാട്ടത്തിനും പ്രതിരോധത്തിനും ശക്തിയുള്ളവര്‍ക്ക് അഥവാ യുദ്ധം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ആ കാലത്ത് അറബികള്‍ക്കിടയില്‍ അനന്തരാവകാശം ഉണ്ടായിരുന്നുള്ളൂ. അതായത് സ്ത്രീകള്‍ക്കും യുദ്ധം ചെയ്യാന്‍ ആയിട്ടില്ലാത്ത കുട്ടികള്‍ക്കും അവര്‍ അനന്തരാവകാശം നല്‍കിയിരുന്നില്ല. അക്കാലത്തെ ജൂതന്മാര്‍ മരിച്ച ആളുടെ മൂത്ത പുത്രന് മാത്രമേ അവകാശം നല്‍കിയിരുന്നുള്ളൂ. യൂറോപ്പില്‍ 19-ാം നൂറ്റാണ്ട് വരെ സ്ത്രീകള്‍ക്ക് അനന്തരാവകാശം ഉണ്ടായിരുന്നില്ല. നമ്മുടെ നാട്ടില്‍ 1986-ല്‍ മേരി റോയ് കേസില്‍ സുപ്രീം കോടതിവിധി വരുന്നത് വരെ ക്രിസ്ത്യന്‍ പെണ്‍മക്കള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ലല്ലോ.

എന്നാല്‍ ഇസ്‌ലാം പുരുഷന്മാരെ അനന്തരാവകാശികളായി കണ്ടത് പോലെ സ്ത്രീകളെയും അവകാശികളായി കണ്ടു. ഇസ്‌ലാമിക ശരീഅത്തില്‍ അനന്തരാവകാശം നിഷേധിക്കപ്പെടാത്തവര്‍ ആറ് പേരാണ്. പിതാവ്, ഭര്‍ത്താവ്, മകന്‍, മാതാവ്, ഭാര്യ, മകള്‍ എന്നിവരാണവര്‍. എന്നാല്‍ ശരീഅത്ത് അനുസരിച്ച് തുല്യ പദവിയുള്ള പുരുഷന് ലഭിക്കുന്നതിന്റെ പകുതി മാത്രമേ സ്ത്രീക്ക് ലഭിക്കൂ. ഉദാഹരണത്തിന് മകന് 2 ലഭിക്കുമ്പോള്‍ മകള്‍ക്ക് 1 മാത്രമേ ലഭിക്കൂ. ആയതുപോലെ ഭര്‍ത്താവിന് മകള്‍ ഉള്ളപ്പോള്‍ നാലില്‍ ഒരുഭാഗം ലഭിക്കുമ്പോള്‍ ഭാര്യക്ക് എട്ടില്‍ ഒരു ഭാഗം മാത്രമേ ലഭിക്കൂ. എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്ക് ഓഹരി കുറവു വരുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

ലിംഗ വിവേചനമാണോ ഇസ്‌ലാം ഈ രീതിയില്‍ കുറവ് വരുത്താന്‍ കാരണം? ഒരിക്കലുമല്ല. പിന്നെ എന്താണ്? പുരുഷന് സ്ത്രീയെക്കാള്‍ ഉത്തരവാദിത്തം കൂടുതലാണ്. സ്ത്രീയുടെ സംരക്ഷണ ബാധ്യത പൂര്‍ണമായും പുരുഷനില്‍ അര്‍പ്പിതമാണ്. അവള്‍ക്ക് മറ്റാരുടെയും സംരക്ഷണബാധ്യത ഇല്ല എന്നു മാത്രമല്ല സ്വന്തം ആവശ്യത്തിന് പോലും ഒന്നും ചെലവഴിക്കേണ്ടതുമില്ല. സ്ത്രീയെക്കാള്‍ പുരുഷന് വിഹിതം കൂടുതല്‍ ലഭിക്കുന്ന ഒന്നു രണ്ട് സന്ദര്‍ഭങ്ങള്‍ നമുക്ക് പരിശോധിക്കാം. പിതാവിന് മാതാവിനെക്കാള്‍ കൂടുതല്‍ ലഭിക്കുന്നു. എന്ത് കൊണ്ട്? മരിച്ച വ്യക്തിയുടെ മാതാവായ തന്റെ ഭാര്യയുടെ ജീവിത ചെലവ്, മരിച്ച ആള്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ നിത്യജീവിത ചെലവ്, പെണ്‍മക്കളെ വിവാഹം ചെയ്തു അയക്കേണ്ട ചെലവ്, മരിച്ച ആള്‍ക്ക് അവിവാഹിതയോ വിവാഹമോചിതയോ ആയ സഹോദരി ഉണ്ടെങ്കില്‍ അവരുടെ ജീവിത ചിലവ് തുടങ്ങി പലപല ബാധ്യതകള്‍ പിതാവിലാണ് വന്നുചേരുന്നത്. എന്നാല്‍ മാതാവിനാകട്ടെ, മറ്റാര്‍ക്കും ചെലവിന് കൊടുക്കേണ്ടതില്ല എന്ന് മാത്രമല്ല, പിതാവ് ഉള്ള കാലത്തോളം അദ്ദേഹവും അദ്ദേഹത്തിന് ശേഷം ബാക്കിയുള്ള മക്കളും തന്റെ ജീവിതച്ചെലവു വഹിക്കുകയും ചെയ്യും. അപ്പോള്‍ പിതാവിന് മാതാവിനുള്ളതിനേക്കാള്‍ വിഹിതം കൂടുതല്‍ നല്‍കിയതില്‍ തെറ്റുണ്ടോ? ഇനി മുസ്‌ലിം സമൂഹത്തിലെത്തന്നെ ചിലയാളുകള്‍ വിമര്‍ശിക്കുകയും തിരുത്തണമെന്ന് പറയുകയും ചെയ്യുന്ന, പുത്രനും പുത്രിക്കുമുള്ള വിഹിതങ്ങളിലെ വ്യത്യാസം സംബന്ധിച്ച് നോക്കാം. പുത്രന് ലഭിക്കുന്നതിന്റെ പകുതി മാത്രമേ പുത്രിക്കു ലഭിക്കുന്നുള്ളൂ എന്നതാണ് ഇക്കൂട്ടര്‍ അനീതിയായി കാണുന്നത്. പുത്രന് തന്റെ സഹോദരി, അഥവാ മരിച്ചയാളുടെ പുത്രി അവിവാഹിതയാണെങ്കില്‍ അവളുടെ ദൈനംദിന ജീവിതച്ചെലവിന്റെ നടത്തിപ്പും. അവളെ കല്യാണം ചെയ്തയക്കേണ്ട ബാധ്യതയും, മരിച്ച പിതാവിന്റെ പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍, പുത്രന്നാണ്. മരിച്ച വ്യക്തിയുടെ ഭാര്യയുടെ, അഥവാ തന്റെ ഉമ്മയുടെ ജീവിത ചെലവ് വഹിക്കണം. തന്റെയും തന്റെ ഭാര്യ, മകള്‍ തുടങ്ങിയവരുടെയും ജീവിത ചെലവുകളും അയാള്‍ വഹിക്കണം. എന്നാല്‍, പരേതന്റെ പുത്രിക്ക് അഥവാ തന്റെ സഹോദരിക്ക് മറ്റാരുടെയും കാര്യങ്ങള്‍ നോക്കേണ്ടതില്ല എന്നു മാത്രമല്ല, തന്റെ  വിവാഹം വരെ തന്റെ ചെലവുകള്‍ പിതാമഹനോ സഹോദരനോ ഒക്കെ ആവും നിര്‍വഹിക്കുകയും ചെയ്യുക. വിവാഹശേഷം അത് അവളുടെ ഭര്‍ത്താവിന്റെ ചുമതലയുമായി. തനിക്ക് ലഭിച്ചതത്രയും അതുപോലെ സൂക്ഷിച്ചു വെക്കാം. എങ്കില്‍, മകന് മകളുടെ ഇരട്ടി നല്‍കിയ ഇസ്‌ലാമിക ശരീഅത്ത് നീതിപൂര്‍വ്വകമല്ല എന്ന് പറയാനാകുമോ? ഇത് തന്നെയാണ് ഭാര്യാ ഭര്‍ത്താക്കന്മാരുടെയും സഹോദര സഹോദരിമാരുടെയും മറ്റും കാര്യങ്ങളിലും കാണാന്‍ കഴിയുക. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നത്, ഉത്തരവാദിത്തം കൂടിയവര്‍ക്ക് കൂടുതല്‍ അവകാശം ന്യായമായും ലഭിക്കണം എന്ന് തന്നെയാണ്. നബി (സ) പറഞ്ഞതായി തിര്‍മിദിയും അബൂദാവൂദും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിന്റെ ആശയത്തില്‍ നമുക്ക് കാണാം: 'നഷ്ടം സഹിക്കുന്നവര്‍ക്കാണ് ലാഭത്തിന്റെ അവകാശം'. ഇസ്‌ലാമിക ശരീഅത്ത് അനന്തരാവകാശ നിയമത്തില്‍, തുല്യപദവിയിലുള്ള സ്ത്രീയെക്കാള്‍ പുരുഷന് കൂടുതല്‍ ഓഹരി നല്‍കുന്നത് അവന് ഉത്തരവാദിത്തം സ്ത്രീയേക്കാള്‍ കൂടുതല്‍ ഉള്ളതിനാലാണ്. ഇത് എങ്ങനെ അനീതിയാകും? ഇതില്‍ മാറ്റം വേണമെന്ന് പറയുന്നതിലെന്തുണ്ട് ന്യായം?

എന്നാല്‍ ഇന്ന് പല സ്ഥലങ്ങളിലും തലമുറകള്‍ പലത് കഴിഞ്ഞിട്ടും വീതം വെക്കാതിരിക്കുകയും, വീതിച്ചാല്‍ തന്നെ സ്ത്രീകളെ ഒഴിവാക്കി മുഴുവന്‍ സ്വത്തും ആണ്‍ മക്കള്‍ കൈയടക്കുകയും വിധവയായ മാതാവിനോ സഹോദരിമാര്‍ക്കോ ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത കാണപ്പെടുന്നു. 'അവര്‍ക്ക് വിവാഹ സമയം നല്‍കിയിരുന്നല്ലോ, പിന്നെ എന്തിന് വീണ്ടും...' എന്നും മറ്റും ചോദിക്കുന്നത് കേള്‍ക്കാം. ഇസ്‌ലാമിക അനന്തരാവകാശ നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാണീ ചോദ്യം. പ്രാദേശിക/മഹല്ല് പണ്ഡിതരും നേതാക്കളും ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് മരിച്ചയാളുടെ അവകാശികള്‍ക്ക് അവരുടെ വിഹിതം വീതിച്ചു നല്‍കാന്‍ സംവിധാനമുണ്ടാക്കുക എന്നതാണ് ഇതിന് ഒരു പരിഹാരം. സൂറഃ അന്നിസാഇലെ 11-ാം വാക്യത്തില്‍ 'ഇത് അല്ലാഹു നിശ്ചയിച്ച നല്‍കിയ കല്‍പനയാണ്' എന്നും 13-ാം വാക്യത്തില്‍ 'ഇതിനെ ലംഘിക്കരുത്' എന്നും പറയുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍  പ്രാദേശിക/ മഹല്ല് പണ്ഡിതരും നേതാക്കളും മുന്നിട്ടിറങ്ങണം. അതിന് കഴിയുന്നില്ലെങ്കില്‍, ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയെങ്കിലും ചെയ്യണം. ഇല്ല എങ്കില്‍ നാളെ വക്കീലന്മാര്‍ക്ക് യാതൊരു റോളും ഇല്ലാത്ത 'സൂപ്പര്‍ സുപ്രിം കോടതി'യില്‍ പണ്ഡിതന്മാരും നേതാക്കളും ഉത്തരം പറയേണ്ടിവരികതന്നെ ചെയ്യും.

പണ്ഡിതന്മാരുടെയും നേതാക്കളുടെയും ഇടപെടല്‍ കൊണ്ട് ഗുണം ലഭിക്കാതിരിക്കുകയോ, അവര്‍ ഒരു വേള ഇടപെടാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ തങ്ങളുടെ അവകാശം ലഭിക്കാന്‍ ആവശ്യമായ നിയമ നടപടി സ്വീകരിക്കുക എന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം. ഉദാഹരണത്തിന്, 24 സെന്റ് ഭൂമിയുള്ള ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് ഭാര്യയും ഒരു മകനും മകളും അനന്തരാവകാശികളായി ഉണ്ടെന്ന് വെക്കുക. സഹോദരിക്ക് വിവാഹ സമയത്ത് വാപ്പ പലതും നല്‍കിയിട്ടുള്ളതാണെന്നും ഉമ്മയെ മരണം വരെ താന്‍ നോക്കുന്നതിനാല്‍ ഉമ്മാക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്നും പറഞ്ഞ് മരിച്ച ആളുടെ മകന്‍ 24 സെന്റ് ഭൂമിയും കൈവശം വെക്കുകയാണെങ്കില്‍ 24 സെന്റില്‍ 7 സെന്റിന് താനും 3 സെന്റിന് തന്റെ ഉമ്മയും അവകാശിയാണ് എന്നും, പക്ഷെ സഹോദരന്‍ അര്‍ഹതപ്പെട്ട വിഹിതം തങ്ങള്‍ക്ക് നല്‍കുന്നില്ല എന്നു കാണിച്ച് സഹോദരിക്ക് അതായത് മരിച്ചയാളുടെ മകള്‍ക്ക് പാര്‍ട്ടിഷന്‍ സ്യൂട്ട് നല്‍കാം.

ശരീഅത്ത് വിമര്‍ശകരുടെ മറ്റൊരു ആരോപണം ഇതാണ്. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ പിതാവു ജീവിച്ചിരിപ്പില്ലെങ്കില്‍, പുത്രന്മാര്‍ മാത്രമോ, പുത്രന്മാരും പുത്രിമാരും ആണെങ്കിലോ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ക്കോ സഹോദരിമാര്‍ക്കോ അനന്തരാവകാശം ലഭിക്കുന്നില്ലല്ലോ. ഭാര്യയുടെയും മാതാവിന്റെയും അവകാശം കഴിച്ചു ബാക്കി മുഴുവന്‍ മക്കള്‍ക്ക് ലഭിക്കും. എന്നാല്‍, പുത്രന്മാര്‍ ഇല്ലാതെ പുത്രിമാര്‍ മാത്രമാണെങ്കില്‍ സഹോദരസഹോദരിമാര്‍ക്ക് അവകാശം ഉണ്ടാവുകയും ചെയ്യും. ഇത് ശരിയാണോ? ഇത് സ്ത്രീകളെ രണ്ടാം തരക്കാരാക്കുന്ന ഏര്‍പ്പാട് അല്ലേ? എന്താണിതിന് കാരണമെന്ന് നമുക്ക് നോക്കാം.

ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പിതാവോ പുത്രന്മാരോ ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ചയാളുടെ പുത്രിമാരെ വിവാഹം ചെയ്തയക്കല്‍ ഉള്‍പ്പെടെ എല്ലാ ജീവിത ചെലവുകളും, അവര്‍ വിവാഹമോചിതയാവുകയാണെങ്കില്‍ തുടര്‍ന്നുള്ള ജീവിത ചെലവുകളും വഹിക്കാന്‍ മരിച്ചയാളുടെ സഹോദരന്മാര്‍ ബാധ്യസ്ഥരാണ്. ഇന്നത്തെ കാലത്ത് അങ്ങനെയൊന്നും നടക്കുന്നില്ലല്ലോ എന്ന ചോദ്യം ഉയരാം. അലംഭാവം കാണിക്കുകയാണെങ്കില്‍ പിതൃവ്യന് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ വകുപ്പുണ്ട്. പിതാവും പിതാമഹനും പ്രായപൂര്‍ത്തിയായ സഹോദരന്മാരും ഇല്ലാത്ത അവിവാഹിതരും വിവാഹ മോചിതരുമായ സ്ത്രീകളുടെ സംരക്ഷണ ചുമതല മുസ്‌ലിം വ്യക്തി നിയമം പിതൃവ്യന്നാണ് നല്‍കുന്നത്. നിയമ നടപടി സ്വീകരിച്ചാല്‍ കോടതിയില്‍ നിന്നും ഉത്തരവു ലഭിക്കും. എന്നാല്‍ മരിച്ച വ്യക്തിക്ക് പുത്രന്മാര്‍ ഉണ്ടെങ്കില്‍ പിതൃവ്യന് ഇത്തരം ബാധ്യതകളോ ചുമതലയോ ഇല്ല. അതിനാലായിരിക്കാം, പുത്രന്മാര്‍ ഉള്ളപ്പോള്‍ പിതൃവ്യന് അവകാശം നല്‍കാത്തതും പുത്രിമാര്‍ മാത്രമാണെങ്കില്‍ അവകാശം നല്‍കുന്നതും. മുമ്പ് സൂചിപ്പിച്ചതുപോലെ ഉത്തരവാദിത്തം വന്നപ്പോള്‍ അവകാശം ലഭിച്ചു. ഉത്തരവാദിത്തം ഇല്ലാത്തപ്പോള്‍ അവകാശവും ഇല്ലാതായി. ഇതെങ്ങനെ അനീതിയാകും, സ്ത്രീകളെ രണ്ടാം തരക്കാരായി കാണലാകും?

ശരീഅത്ത് വിമര്‍ശകരുടെ കൈയിലെ മറ്റൊരു ആയുധമാണ് അനാഥ പൗത്രന്റെ അനന്തരാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇസ്‌ലാം അനാഥ സംരക്ഷണത്തിന് വളരെ വലിയ പ്രാധാന്യമാണ് കല്‍പിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ സൂറ അല്‍ മാഊനില്‍ 'അനാഥയെ അവഗണിക്കുന്നവന്‍ മത നിഷേധിയാണ്' എന്നും സൂറ: അള്ളുഹയില്‍ പ്രവാചകനോട് അല്ലാഹു 'നീ അനാഥയോട് പരുഷമായി പെരുമാറരുത്' എന്നും പറയുന്നുണ്ട്. അനാഥകളുടെ കാര്യങ്ങള്‍ ഇത്ര ഗൗരവമായി കാണുന്ന ഇസ്‌ലാം അനാഥര്‍ക്കുള്ള അനന്തരാവകാശ സ്വത്തിന്റെ കാര്യത്തില്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ഇസ്‌ലാമില്‍ അനന്തരമെടുക്കപ്പെടുന്ന ആളുടെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ സ്വത്തില്‍ മറ്റാര്‍ക്കും യാതൊരു അവകാശവും ഇല്ല. അദ്ദേഹത്തിന്റെ സ്വത്ത് അദ്ദേഹത്തിന് സ്വാഭീഷ്ടപ്രകാരം എന്തും ചെയ്യാം (എന്നാലും ഇവയ്ക്ക് ചില നിയന്ത്രണങ്ങള്‍ വെക്കുന്നുണ്ട്. അവ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നില്ല). ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങള്‍ പ്രകാരം പരേതന്റെ മരണ സമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്‍ച്ചക്കാര്‍ക്ക് മാത്രമേ അനന്തരാവകാശം ലഭിക്കുകയുള്ളൂ. ഒരാള്‍ മരണപ്പെടുന്നതോടെ മാത്രമേ അനന്തരസ്വത്ത് ഉണ്ടാകുന്നുള്ളൂ. പിന്തുടര്‍ച്ചാവകാശത്തെ കുറിച്ചു പറയുന്ന എല്ലാ സ്ഥലങ്ങളിലും ഖുര്‍ആന്‍, 'വിട്ടേച്ചുപോയ സ്വത്ത്' എന്നാണ് പറയുന്നത്. പ്രാതിനിധ്യ സിദ്ധാന്തം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് അംഗീകരിച്ചാല്‍ മാത്രമേ മറ്റു പുത്രന്മാര്‍ ഉള്ളപ്പോള്‍ അനാഥ പൗത്രന് അവകാശം ലഭിക്കുകയുള്ളൂ. മരിച്ച ആള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ക്ക് ലഭിക്കുമായിരുന്ന അവകാശം അയാളുടെ അവകാശികള്‍ക്ക് വിഹിതം വെച്ച് നല്‍കുന്ന സമ്പ്രദായമാണ് പ്രാതിനിധ്യ സിദ്ധാന്തം. ഇസ്‌ലാം ഈ സിദ്ധാന്തം അംഗീകരിക്കാത്തത് എന്തു കൊണ്ടാണ് എന്ന് നോക്കാം. 'എ' എന്ന ആള്‍ക്ക് ബി,സി എന്നീ രണ്ടു പുത്രന്മാര്‍ ഉണ്ട്. ബി എന്ന മകന്‍ പിതാവ് എ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണപ്പെടുന്നു. ബി മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഡി എന്ന ഭാര്യയും ഇ,എഫ് എന്നീ രണ്ടു മക്കളും ഉണ്ട്. വിധവയായ ഡി, ബിയുടെ മരണശേഷം ജി യെ വിവാഹം കഴിക്കുന്നു. എ മരണപ്പെടുന്നതിന് മുമ്പ് തന്നെ ഡി മരണപ്പെടുന്നു. തുടര്‍ന്നു എ മരിക്കുകയാണ്. പ്രാതിനിധ്യ രീതിയാണ് തുടരുന്നതെങ്കില്‍, എയുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്വത്ത് വീതം വെക്കുന്നതു എങ്ങനെ എന്നു നോക്കാം. പകുതി സ്വത്ത് അപ്പോള്‍ ജീവിച്ചിരിക്കുന്ന സി എന്ന മകന് ലഭിക്കുന്നു. ബാക്കി പകുതി ബിയുടെ അവകാശികള്‍ എന്ന നിലയില്‍ മക്കളായ 'ഇ'ക്കും,'എഫി'നും ഭാര്യയായിരുന്ന 'ഡി'ക്കും ലഭിക്കുന്നു. അതായത് എയുടെ പകുതി സ്വത്തില്‍ എട്ടില്‍ ഏഴ് ഇ,എഫ് എന്നീ മക്കള്‍ക്കും എട്ടില്‍ ഒന്ന് ഭാര്യയായിരുന്ന ഡിക്കും ലഭിക്കും. മക്കള്‍ക്ക് അവകാശം നല്‍കുമ്പോള്‍ ഭാര്യക്ക് നല്‍കാതിരിക്കല്‍ അനീതിയാണല്ലോ. ആയതിനാല്‍ ആ വ്യക്തി മരണപ്പെടുമ്പോള്‍ ജീവിച്ചിരുന്ന ഭാര്യക്കും അവകാശം നല്‍കണം. അപ്പോള്‍ എയുടെ സ്വത്തില്‍ പതിനാറില്‍ ഒന്നിന് ഡി അവകാശിയാകും. എ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഡി മരണപ്പെട്ടതിനാല്‍ പ്രാതിനിധ്യസിദ്ധാന്തം അനുസരിച്ച് ഡിക്ക് ലഭിക്കുന്ന പതിനാറില്‍ ഒന്നിന്റെ നാലില്‍ ഒന്ന് അവര്‍ മരിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് ആയിരുന്ന 'ജി'ക്കും ബാക്കി നാലില്‍ മൂന്ന് ഇ,എഫ് എന്നീ മക്കള്‍ക്കും ലഭിക്കും. അതായത് എയുമായി യാതൊരു ബന്ധവും ഒരു പക്ഷെ പരിചയം പോലും ഇല്ലാത്ത തികച്ചും അന്യനായ ജിക്കും എയുടെ സ്വത്തില്‍ അവകാശം ലഭിച്ചു. എയുടെ മരണ സമയം അദ്ദേഹത്തിന് 64 സെന്റ് സ്ഥലം ഉണ്ടായിരുന്നെങ്കില്‍ അതില്‍ ഒരു സെന്റിന് ജി അവകാശിയായി. ഇതെങ്ങനെ ന്യായമാകും? ഇതൊക്കെ ആയിരിക്കാം ഇസ്‌ലാം പ്രാതിനിധ്യ രീതി നിരസിച്ചതും ജീവിച്ചിരിക്കുന്ന പിന്തുടര്‍ച്ചക്കാര്‍ക്ക് മാത്രമായി അനന്തരാവകാശം നിജപ്പെടുത്തിയതും. മേല്‍ പറഞ്ഞത് ഒരു ഉദാഹരണം മാത്രം.

മുമ്പ് സൂചിപ്പിച്ചത് പോലെ ഇസ്‌ലാമില്‍ അനന്തരാവകാശത്തിന്റെ അതിപ്രധാന അടിസ്ഥാനം സംരക്ഷണ ചുമതലയിലൂടെ വരുന്ന ബാധ്യതകളും മറ്റുമാണ്. പിതാവ് മരിച്ച കുട്ടിയുടെ സംരക്ഷണ ബാധ്യത പിതാമഹനും അദ്ദേഹം ഇല്ലെങ്കില്‍ പിതൃവ്യനുമാണ്. പുത്രന്‍ ഉള്ളപ്പോള്‍ പൗത്രന്റെയും സംരക്ഷണ ചുമതല പിതാമഹന് ഇല്ലല്ലോ. ഇതെല്ലാം ആയിരിക്കാം, പുത്രന്‍ ഉള്ളപ്പോള്‍ പൗത്രന് അവകാശം ലഭിക്കാതിരിക്കാന്‍ മറ്റൊരു കാരണം.

മുന്‍കാലങ്ങളില്‍ കൂട്ടു കുടുംബ വ്യവസ്ഥയും മറ്റും ആയിരുന്നപ്പോള്‍ അനാഥ പൗത്രന് അവകാശം ഇല്ലാത്തത് ഒരു വലിയ പ്രശ്‌നമായിരുന്നില്ല. കൂട്ടുകുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും അന്യോന്യം അടുപ്പിച്ച് നിര്‍ത്തുന്ന ശക്തമായ കുടുംബ ചിന്ത സകല അംഗങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നു. അനാഥരുടെ പൂര്‍ണ സംരക്ഷണം കുടുംബ കാരണവര്‍ നല്ലപോലെ ഏറ്റെടുത്തിരുന്നു. പിതാമഹന്‍, പിതൃവ്യന്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ അവരെ ഒട്ടും അവഗണിച്ചിരുന്നില്ല. എന്നാല്‍ പഴയ കൂട്ടു കുടുംബ സംവിധാനം ഇല്ലാതാവുകയും, അണുകുടുംബങ്ങള്‍ വളര്‍ന്നു വരുകയും ചെയ്ത ഇന്നത്തെ സാഹചര്യത്തില്‍ അനാഥരുടെ സംരക്ഷണകാര്യത്തില്‍ രക്ഷിതാക്കള്‍ വലിയ വീഴ്ച വരുത്തുകയാണ്. എല്ലാവര്‍ക്കും തന്‍കുഞ്ഞ് ആണ് വലിയ കാര്യം. അപ്പോഴാണ് അനാഥ പൗത്രന്റെ അനന്തരാവകാശം ഒരു വലിയ വിഷയമായി വന്നിട്ടുള്ളത്.

എന്താണ് ഇതിന് ഇസ്‌ലാമികമായ പരിഹാരം? ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് ബാധകമായി ഭാവികാര്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന ലോക നാഥന്‍ നല്‍കിയ നിയമ വ്യവസ്ഥ ഈ വിഷയത്തില്‍ ഒന്നും പറയുന്നില്ലേ? നമുക്ക് നോക്കാം. ദായ ധനം ലഭിക്കാത്ത (അനന്തരാവകാശം ലഭിക്കാത്ത) അടുത്തബന്ധുകള്‍ക്ക് വസ്വിയ്യത്തു നിര്‍ബന്ധമാണെന്ന കല്‍പന അനുസരിച്ച് അനാഥ പൗത്രന്മാര്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പിതാമഹന്‍ ധാര്‍മികമായി ബാധ്യസ്ഥനാണ്. പിതാമഹന്‍ തന്റെ ജീവിതകാലത്ത് ഏതെങ്കിലും ഒരു മകന്‍ മരണപ്പെടുകയാണെങ്കില്‍ അവന്റെ അനാഥരായ മക്കളുടെ പേരിലേക്ക് മരിച്ചുപോയ മകന്‍ തന്റെ മരണ സമയത്ത് ജീവിച്ചിരിക്കുകയാണെങ്കില്‍ അവന് ലഭിക്കുമായിരുന്ന വിഹിതമോ, തന്റെ ആകെ സ്വത്തില്‍ വസിയ്യത്ത് അനുവദിക്കപ്പെട്ട മൂന്നിലൊന്നോ അനാഥ പൗത്രന്മാരുടെ പേരിലേക്ക് വസ്വിയ്യത്ത് ചെയ്തുവെക്കണം. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചു വസ്വിയ്യത്ത് നിര്‍ബന്ധമാണ് എന്ന് പ്രമുഖരായ ഇബ്‌നു ഉമര്‍,ജാബിര്‍, ഹസന്‍ ബസ്വരി, ഇബ്‌നു ഹജറുല്‍ അസ്ഖലാനി, അബ്ദുല്ലാഹിബ്‌നു ഉബയ്യ് തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഒരു മുസ്‌ലിമിന് വസ്വിയ്യത്ത് എഴുതി സൂക്ഷിക്കാതെ രണ്ടു രാത്രിപോലും കഴിച്ചു കൂട്ടുന്നത് അനുയോജ്യമല്ല എന്ന് നബി (സ) അരുളിയതായി ഇബ്‌നു ഉമര്‍ ഉദ്ധരിച്ചത് കാണാം. ഇതില്‍ നിന്നെല്ലാം  വസ്വിയ്യത്ത് നിര്‍ബന്ധമാണെന്ന് നമുക്ക് മനസ്സിലാകുന്നു. തന്റെ ജീവിതകാലത്ത് മക്കള്‍ മരണപ്പെടുന്ന പിതാക്കന്മാരെ പ്രാദേശിക/ മഹല്ല് പണ്ഡിതരും നേതാക്കളും ഈ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. പിതാമഹന്മാര്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ നിയമനടപടികളെ കുറിച്ചും ആലോചിക്കാവുന്നതാണ്. ഖുര്‍ആനും സുന്നത്തും ഈ രീതിയില്‍ എല്ലാം പറഞ്ഞിരിക്കുന്നതിനാല്‍ വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ് എന്നും ആയതിന് കല്‍പിക്കണമെന്നും ആവശ്യപ്പെട്ടു പരീക്ഷണാര്‍ഥം ഒരു  കേസ് നടത്തിനോക്കാവുന്നതാണ്. മുമ്പ് മുത്ത്വലാഖ് വിഷയത്തില്‍ യാതൊരു കാരണവും കൂടാതെയുള്ള വിവാഹമോചനത്തിന് നിയമപ്രാബല്യം നല്‍കരുതെന്ന് ആവശ്യപ്പെടുകൊണ്ടുള്ള കേസ്സില്‍ സുപ്രീം കോടതി, മദ്ധ്യസ്ഥ ചര്‍ച്ചയും ന്യായമായ കാരണവും ഇല്ലാതെയുള്ള ത്വലാഖിന് നിയമ പ്രാബല്യമില്ല എന്ന് വിധിച്ചത് പോലെ വസ്വിയ്യത്ത് കാര്യത്തിലും ഒരു വിധി ലഭിച്ചുകൂടായ്കയില്ല. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും ഇസ്‌ലാമിക സംഘടനകളും ഈ കാര്യം ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനമെടുക്കുന്നത് നന്നായിരിക്കും.

ഒരു കാര്യം ഇവിടെ വ്യക്തമാണ്. കേവല നിയമം കൊണ്ട് മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. അതിനാലാണ് ഇസ്‌ലാം ഈ മേഖലയില്‍ മനുഷ്യന്റെ പരലോക വിശ്വാസത്തിലും ധര്‍മബോധത്തിലും കാരുണ്യവികാരങ്ങളിലും ഊന്നിക്കൊണ്ടുള്ള നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അവയെല്ലാം പാലിച്ചാല്‍ മാത്രമേ നീതി നടപ്പിലാക്കാന്‍ കഴിയൂ. നിയമ ഭേദഗതി ഒരു പരിഹാരമല്ല.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം