വന്‍മതിലിന് വിള്ളലുണ്ടാക്കാന്‍ ഒബാമയുടെ സന്ദര്‍ശനം
ഏഷ്യന്‍ രാജ്യങ്ങളുമായി അമേരിക്കയുടെ ബന്ധം ശക്തമാക്കുക എന്ന അവകാശവാദവുമായി ഒബാമ ഭരണകൂടം ജപ്പാന്‍, മലേഷ്യ, ദക്ഷിണകൊറിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ നാല് രാജ്യങ്ങളില്‍ ഈയിടെ നടത്തിയ സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേവലം ഉഭയകക്ഷി സൗഹൃദ സന്ദര്‍ശനങ്ങളില്‍ പോലും കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ തന്ത്രപരമായി ഉള്‍ക്കൊള്ളിക്കുന്ന വാഷിംഗ്ടണിന്റെ ഈ പുതിയ നീക്കം ഹ്രസ്വമായിരുന്നെങ്കിലും അണിയറക്കാഴ്ചകള്‍കൊണ്ട് ഏറെ സമ്പന്നമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അമേരിക്കന്‍ വിദേശകാര്യ നയങ്ങളില്‍ ഏഷ്യന്‍ മേഖലയുമായുള്ള ബന്ധങ്ങളെക്കുറിച്ച് പ്രത്യേക പരാമര്‍ശ (Asia Pivot) ങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സവിശേഷ ശ്രദ്ധ ഈ മേഖലക്ക് നല്‍കിയിരുന്നില്ല. മധ്യപൗരസ്ത്യ മേഖലയിലെ ആഭ്യന്തര കാര്യങ്ങളിലും രാഷ്ട്രീയത്തിലും അമിതശ്രദ്ധയും പരിഗണനയും മൂലം ഈ മേഖല തീര്‍ത്തും അവഗണിക്കപ്പെട്ടുവെന്ന് വേണം കരുതാന്‍. പക്ഷെ മാറിവന്ന ആഗോളരാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങള്‍ മൂലം രൂപപ്പെട്ട് വരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ നേരിടാന്‍ പോകുന്ന പുതിയ ഭീഷണികള്‍ക്ക് തടയിടാനാണ് പുതിയ തന്ത്രങ്ങളുമായുള്ള പുറപ്പാടെന്നത് പകല്‍വെളിച്ചം പോലെ വ്യക്തം.
പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ശക്തമാക്കാനും ഉഭയകക്ഷി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമാണ് ഈ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി പി.ജെ ക്രൗളി അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, സന്ദര്‍ശിച്ച രാജ്യങ്ങളുമായി ഒബാമ നടത്തിയ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും മുഴച്ച് നിന്ന വിഷയങ്ങള്‍ പരിശോധിച്ചാല്‍ അങ്കിള്‍സാമിന്റെ യഥാര്‍ഥ ലക്ഷ്യം മറ്റൊന്നാണ് എന്ന സത്യം മറനീക്കി പുറത്തുവരും. ഉഭയകക്ഷി സംഭാഷണങ്ങള്‍ എന്ന പേരില്‍ നടത്തിയ ചര്‍ച്ചകളിലൊക്കെയും അതതു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ തങ്ങളുടെ സഹായം നിര്‍ലോഭം നല്‍കാന്‍ പിശുക്കുകാണിക്കാതിരുന്ന അമേരിക്ക, ആ രാജ്യങ്ങളുടെ ശത്രുക്കള്‍ തങ്ങളുടെ കൂടി ശത്രുക്കളാണെന്ന 'മഹാമനസ്‌കത'യും അറിയിച്ചതോടെ കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കാം. മധ്യപൗരസ്ത്യ മേഖലയിലെ ചില്ലറ ആഭ്യന്തര പ്രശ്‌നങ്ങളെ വേണ്ടവിധം മാര്‍ക്കറ്റ് ചെയ്ത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച പ്രായോഗിക പരിജ്ഞാനം വേണ്ടുവോളമുള്ള അമേരിക്ക ഈ കാല്‍വെയ്പിനെ ഒരു നല്ല തുടക്കമായിട്ടാണ് കാണുന്നത്.
ആണവായുധങ്ങള്‍ സംഭരിക്കുന്ന വടക്കന്‍ കൊറിയ പ്രകോപനങ്ങള്‍ക്ക് മുതിര്‍ന്നാല്‍ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ സന്ദര്‍ശനവേളയില്‍ ഒബാമ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തിയ ഒബാമ വടക്കന്‍ കൊറിയ ഏഷ്യക്ക് മാത്രമല്ല അമേരിക്കക്കും കനത്ത ഭീഷണിയാണ് എന്ന് പറയുകയുണ്ടായി. ചൈനയും ജപ്പാനുമായി നിലനില്‍ക്കുന്ന ദ്വീപിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജപ്പാന്റെ അധികാരം പരിമിതപ്പെടുത്താന്‍ ചൈന നടത്തുന്ന ഏത് ശ്രമങ്ങളെയും എതിര്‍ക്കുമെന്ന് ജപ്പാനില്‍ ഒബാമ വ്യക്തമാക്കി. ജപ്പാനുമായി രൂപപ്പെട്ടേക്കാവുന്ന പുതിയ സൗഹൃദത്തിന്റെ മറവില്‍ ചൈനക്കിട്ടൊരു വീക്ക് നല്‍കാന്‍ കിട്ടിയ അവസരമായിട്ടാണ് അമേരിക്ക ജപ്പാന്‍ ചങ്ങാത്തം വഴി ലക്ഷ്യമിടുന്നത്.
അരനൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് മലേഷ്യ സന്ദര്‍ശിച്ചത്. ക്വാലലമ്പൂരില്‍ ഒബാമ നടത്തിയ ചര്‍ച്ചകളില്‍ ഗൃഹപാഠം ചെയ്തതിന്റെ കണിശതയും കൃത്യതയും കാണാമായിരുന്നു. മലേഷ്യന്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ ചില അഭിപ്രായപ്രകടനങ്ങള്‍ വിമാന ദുരന്തത്തെപ്പോലെ തന്നെ അപകടകരമായിരുന്നുവെന്ന് ഒബാമ നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന് ഒരു രാഷ്ട്രീയ ചുവയുണ്ടെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. തകര്‍ന്ന വിമാനത്തിലെ യാത്രക്കാരില്‍ ചൈനക്കാരുമുണ്ടായിരുന്നതിനാല്‍ ചൈന പലപ്പോഴായി മലേഷ്യന്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയുണ്ടായി. തന്ത്രപരമായി പശ്ചാത്തലം തങ്ങള്‍ക്കനുകൂലമായും ചൈനക്കെതിരായും ഉപയോഗിക്കാന്‍ അമേരിക്കക്ക് ബുദ്ധിയാരും പറഞ്ഞുകൊടുക്കേണ്ടതില്ല.
പസഫിക് മഹാസമുദ്രത്തിന്റെ മറുഭാഗത്തേക്കുള്ള അമേരിക്കന്‍ താല്‍പര്യങ്ങളുടെ വിന്യാസത്തിന്റെയും മുന്‍ഗണനകളുടെ പുനക്രമീകരണത്തിന്റെയും കൂടാതെ സന്തുലിതമായ ഏഷ്യന്‍ നയ (Rebalancing to Asia)ത്തിന്റെയും ഭാഗമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ എന്ന് അമേരിക്കന്‍ അധികൃതര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ലോകസാമ്പത്തിക വ്യവസ്ഥയുടെ ശക്തി കേന്ദ്രമായി (Power House) ഏഷ്യന്‍ രാജ്യങ്ങള്‍ വളര്‍ന്നിരിക്കെ മധ്യപൗരസ്ത്യ നയങ്ങളെപ്പോലെത്തന്നെ പുതിയ ഏഷ്യന്‍ നയങ്ങളുമായി രംഗത്ത് വരേണ്ടത് ആവശ്യമാണെന്ന് അമേരിക്കക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
ഈ തിരിച്ചറിവിന് അനുബന്ധമായി അമേരിക്കയെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന 'ചൈന ഫാക്ടര്‍' (China Factor) ആണ് പുതിയ ഏഷ്യന്‍ സൗഹൃദത്തിന്റെ വഴികള്‍ ആരായാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. അമേരിക്കയുടെ മേഖലയിലേക്കുള്ള കടന്നുവരവ് പുതിയ ചേരികള്‍ക്ക് തുടക്കം കുറിക്കുകയും അമേരിക്കന്‍ ഇടപെടലുകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയും ചെയ്യുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു ആ അമേരിക്കന്‍ സഖ്യചേരിയും (American Allies) അല്ലാത്തവരും എന്ന വിഭാഗീയത രൂപപ്പെടുത്തിയാണ് മറ്റു മേഖലകളിലെന്ന പോലെ മധ്യപൗരസ്ത്യ ദേശത്തും അമേരിക്ക സാന്നിധ്യമറിയിച്ചത്. ഏഷ്യന്‍ മേഖലയിലെ രാഷ്ട്രീയ അന്തരീക്ഷം മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് തികച്ചും ഭിന്നമായതിനാല്‍ ഇത്തരം ഒരു തന്ത്രം ഏഷ്യന്‍ മണ്ണില്‍ ലക്ഷ്യം കാണുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. താല്‍ക്കാലികമായി രൂപപ്പെടുന്ന രാഷ്ട്രീയ ചേരികള്‍ അന്തിമവിശകലനത്തില്‍ ദീര്‍ഘകാലഫലങ്ങള്‍ നല്‍കുന്നവയല്ല എന്നാണ് മേഖലയിലെ രാഷ്ട്രീയ ചരിത്രം പഠിപ്പിക്കുന്നത്.
കാലങ്ങളായി ചൈനയുമായി നാവിക മേഖലയില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ തര്‍ക്കത്തിലാണ്. ഇത്തരം തര്‍ക്കങ്ങളില്‍ ഇടപെട്ട് ചൈനയെ എതിര്‍ക്കാനും ചേരികള്‍ വാര്‍ത്തെടുക്കാനുമുള്ള ശ്രമങ്ങളുടെ തുടക്കമാകും പുതിയ സന്ദര്‍ശനം. അതിലുപരി തന്ത്രപരമായ സാമ്പത്തിക -കച്ചവടക്കണ്ണുകളും ഈ സന്ദര്‍ശനത്തിന്റെ ഒളിയജണ്ടകളാണ് എന്ന് ഊഹിക്കാം. ഏഷ്യന്‍ മേഖലയിലെ ഒരു പ്രധാന ഭൗമരാഷ്ട്രീയ (Geopolitical) ശക്തിയാണ് മലേഷ്യ. ഈ ശക്തിയെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിലെ വിപണനതന്ത്രം അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ട്. ഉഭയകക്ഷി സൗഹാര്‍ദ്ദത്തിനപ്പുറം സാമ്പത്തിക വിപണന തന്ത്രങ്ങളാണ് മേഖലയിലേക്കുള്ള അമേരിക്കന്‍ കടന്നുകയറ്റത്തിന്റെ ലക്ഷ്യം.
ഒബാമ സന്ദര്‍ശിച്ച ഏഷ്യയിലെ നാല് രാജ്യങ്ങളുമായി വാഷിംഗ്ടന്ന് സൈനിക ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ 30,000 വും ജപ്പാനില്‍ 40,000 വും ഫിലിപ്പൈന്‍സില്‍ നൂറുകണക്കിനും അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. ഓരോ വര്‍ഷവും നൂറുകണക്കിന് മലേഷ്യന്‍ സൈനികര്‍ക്ക് അമേരിക്ക പരിശീലനം നല്‍കിവരുന്നു. ഈ ബന്ധങ്ങള്‍ ഊഷ്മളമാക്കിയാല്‍ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഇത് വളരെ സഹായകമാകും എന്ന് അമേരിക്ക ചിന്തിച്ചതാകാം. കൂടാതെ സിംഗപ്പൂരുമായും, തായ്‌വാന്‍, ആസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായും പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ചാല്‍ ഏഷ്യ-പെസഫിക് മേഖലയില്‍ ചൈനക്ക് ചുറ്റും അമേരിക്ക സ്വപ്നം കാണുന്നത് പോലെ സാങ്കേതികാര്‍ഥത്തിലുള്ള സൈനിക വലയം (Virtual Military Encirclement) നിലനിര്‍ത്താന്‍ കഴിയുമെന്ന കൂര്‍മ്മ ബുദ്ധിയും അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പിന്നാമ്പുറ ലക്ഷ്യമായി പറയപ്പെടുന്നു. മറ്റുരാജ്യങ്ങളുടെ മേല്‍ അധീശത്വവും മേല്‍ക്കോയ്മയും വിവിധ രൂപത്തില്‍ അടിച്ചേല്‍പിച്ച് സ്വന്തവും സ്വകാര്യവുമായ സ്വാധീനമേഖലകള്‍ (A Private Sphere of Influence) സൃഷ്ടിച്ചെടുക്കുകയാണ് അമേരിക്ക ഇത്തരം നയങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
അമേരിക്ക അറിയാതെ പോകുന്ന മറുവശം കൂടി ഇത്തരം നയങ്ങള്‍ക്കുണ്ട്. ഒബാമ നടത്തിയ ഓരോ സന്ദര്‍ശനവും ലോകത്ത് അമേരിക്കയുടെ വിശ്വാസ്യതക്ക് വിള്ളല്‍ വീഴ്ത്തുന്നതായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജസ്റ്റിന്‍ റെയ്‌മൊണ്‍ഡോ അഭിപ്രായപ്പെടുന്നുണ്ട്. ഓരോ രാജ്യത്തിന്റെയും ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന് സ്വയം ഏറ്റെടുക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് അമേരിക്കയുടെ വിശ്വാസ്യതയും ഇമേജുമാണ്.
അയല്‍ രാജ്യങ്ങളെ ചൊടിപ്പിക്കുന്ന നയങ്ങള്‍ തുടരുന്ന ചൈന മേഖലയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നത് സത്യമാണ്. ഇത് പരമാവധി മുതലാക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തിവരുന്നത്. അതുകൊണ്ടുതന്നെയാണ് സന്ദര്‍ശന നാടകത്തിന്റെ ഇതിവൃത്തവും ഡയലോഗുകളും ക്ലൈമാക്‌സും എല്ലാം ചൈനീസ് മയമായി മാറിയതും ഉഭയകക്ഷി സൗഹാര്‍ദം എന്നത് കേവലം പരസ്യവാചകമായി പരിണമിച്ചതും. ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം അവസാനിപ്പിച്ച് മനിലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൈനയുടെ നയങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ഒബാമ തുറന്നടിച്ചപ്പോള്‍ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ച സംശയത്തിന്നറുതിയായി. മധ്യപൗരസ്ത്യ ദേശത്ത് ശത്രുരാജ്യങ്ങളെ തേടിപ്പിടിച്ചപോലെ ഇനി ഏഷ്യന്‍ മേഖലയില്‍ ശത്രു ചേരിയെ തരപ്പെടുത്തിയിരിക്കുന്നു എന്ന തുറന്ന പറച്ചില്‍ കൂടിയായി ഇതിനെ വിലയിരുത്താം. മധ്യപൗരസ്ത്യ ദേശത്ത് 'ഇസ്‌ലാം പേടി'യാണ് ഈ ശത്രുതക്ക് കാരണമെങ്കില്‍ ഇങ്ങ് ഏഷ്യന്‍ മേഖലയില്‍ ചൈനയാണ് വില്ലന്‍. വര്‍ധിച്ചുവരുന്ന ഈ 'ചൈനപ്പേടി'യാണ് അമേരിക്കയെ അലോസരപ്പെടുത്തുന്നത്. മറുപക്ഷത്ത് അമേരിക്കന്‍ ഭീഷണിയെ മറികടക്കാന്‍ ചൈനയും പുതിയ മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ നഷ്ടപ്പെടുന്നത് അമേരിക്ക ആഗ്രഹിക്കുന്നത് പോലെ മേഖലയിലെ രാഷ്ട്രീയ സഹവര്‍ത്തിത്വമാണ്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. ചൈനയുടെ ദേശീയ പത്രമായ 'ചൈന ഡെയ്‌ലി' എഴുതിയ മുഖപ്രസംഗത്തില്‍ ചൈനയെ ശത്രുരാജ്യങ്ങളുടെ ലിസ്റ്റില്‍ പെടുത്തിയ അമേരിക്കന്‍ നടപടിയെ അതിശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കൂടാതെ ചൈന മേഖലയില്‍ നേടിവരുന്ന രാഷ്ട്രീയ സ്വാധീനത്തെ അമേരിക്ക ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ഈ സന്ദര്‍ശനമെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കി.
ചുരുക്കത്തില്‍, ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനം ഹ്രസ്വമായിരുന്നെങ്കിലും കുറച്ച് കാലത്തേക്കെങ്കിലും അനുബന്ധമായ പ്രശ്‌നങ്ങള്‍ക്കും പുതിയ വൈരങ്ങള്‍ക്കും വിത്തുപാകിയാണ് അവസാനിച്ചത്. പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ട് തുടര്‍ ചലനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് വാഷിംഗ്ടണ്‍ എന്ന് ഉറപ്പ്. തങ്ങള്‍ക്കെതിരായ ഏത് നീക്കത്തെയും നേരിടാന്‍ ചൈന തയ്യാറെടുക്കുകയും ചെയ്യുന്നു.
Comments