Prabodhanm Weekly

Pages

Search

2014 മെയ്‌ 16

മജ്‌ലിസെ മുശാവറയുടെ സുവര്‍ണ ജൂബിലി

         ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദിയായ അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ 50 വയസ്സിലെത്തിയിരിക്കുകയാണ്. അടുത്ത ആഗസ്റ്റ് മാസത്തില്‍ വിപുലമായ സുവര്‍ണ ജൂബിലി സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സയ്യിദ് ശഹാബുദ്ദീന്റെ നേതൃത്വത്തില്‍ അതിന്റെ പ്രാരംഭ നടപടികളാരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 19-ന് മജ്‌ലിസെ മുശാവറയുടെ കേന്ദ്ര ഓഫീസില്‍ ഇതുസംബന്ധിച്ച് സംഘാടക സമിതിയോഗം ചേര്‍ന്നിരുന്നു. കുറെ വര്‍ഷങ്ങളായി മുശാവറയിലെ ഘടകങ്ങള്‍ ഭിന്ന ഗ്രൂപ്പുകളായി വിഘടിച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാവരും ഒന്നിക്കുകയും പൂര്‍വോപരി ഐക്യത്തോടെ മുന്നോട്ടുപോകാന്‍ തയാറാവുകയും ചെയ്തിരിക്കുന്നു. സുവര്‍ണ ജൂബിലി കൊണ്ടാടുന്നത് ഈ സന്ദര്‍ഭത്തിലായത് ഏറെ സന്തോഷകരമാകുന്നു. അര നൂറ്റാണ്ട് മുമ്പ് മുശാവറ രൂപീകൃതമായപ്പോള്‍ ഏറ്റെടുത്ത ദൗത്യം ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ഈ ഏകോപനവും പുനരുത്ഥാനവും അതിന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ച പഴയ തലമുറയില്‍ പുതുജീവന്റെ തുടിപ്പുകളുയര്‍ത്തുമെന്നതില്‍ സംശയമില്ല. വിവിധ മദ്ഹബുകളിലും സംഘടനകളിലും പെട്ട പണ്ഡിതന്മാരും ചിന്തകന്മാരും ജനനേതാക്കളും സംഘടനാ വൈരങ്ങള്‍ മറന്ന്, വീക്ഷണ വൈജാത്യങ്ങള്‍ അവഗണിച്ച്, ഒരേ വേദിയില്‍ ഒന്നിച്ചിരുന്ന് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാരായാന്‍ തുടങ്ങിയപ്പോള്‍ ശോഭനമായ ഭാവിയുടെ ഒരുപാട് പൊന്‍കിനാക്കള്‍ കണ്ടവരാണവര്‍. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഹാ സഭകളും, പരസ്പരം കടിച്ചുകീറിയിരുന്ന നേതാക്കള്‍ തോളുരുമ്മിയിരിക്കുന്ന സ്റ്റേജുകളും അവരെ കോള്‍മയിര്‍ കൊള്ളിച്ചിരുന്നു.

1964 ആഗസ്റ്റിലാണ് മുസ്‌ലിം സമുദായത്തിന്റെ ഈ പൊതുവേദി രൂപം കൊണ്ടത്. ഒരര്‍ഥത്തില്‍ സമുദായം അന്നു നേരിട്ട ശോചനീയമായ പതിതാവസ്ഥയുടെ സൃഷ്ടിയായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകളോടനുവര്‍ത്തിക്കപ്പെട്ട അപരവത്കരണവും അവിശ്വാസവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും രക്തരൂഷിതമായ കലാപങ്ങളുടെ രൂപം പ്രാപിച്ചുകൊണ്ടിരുന്നു. സ്വന്തം അസ്തിത്വത്തിനെതിരെ ഗുരുതരമായ ഭീഷണിയുയര്‍ന്നത് കണ്ട് പരിഭ്രാന്തമായ സമുദായം. പണ്ഡിതന്മാരിലും നേതാക്കളിലും വലിയൊരു വിഭാഗത്തെ നൈരാശ്യവും നിസ്സഹായതയും വേട്ടയാടിയ കാലം. അന്ന് ജമാഅത്ത് പ്രസിദ്ധീകരണമായ ദഅ്‌വത്തിന്റെ പത്രാധിപര്‍ മുഹമ്മദ് മുസ്‌ലിം, ഡോ. സയ്യിദ് മഹ്മൂദ്, മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനി, മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മന്‍സ്വൂര്‍ നുഅ്മാനി, മൗലാനാ അബുല്ലൈസ് നദ്‌വി, ഡോ. അബ്ദുല്‍ ജലീല്‍ ഫരീദി, മൗലാനാ മുഹമ്മദ് യൂസുഫ് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമാ കാമ്പസില്‍ ഒത്തുചേര്‍ന്ന് മുസ്‌ലിം മജ്‌ലിസെ മുശാവറ എന്ന പേരില്‍ ഒരു ഫോറത്തിന് അടിത്തറയിട്ടു. രാജ്യത്തെ എല്ലാ മുസ്‌ലിം സംഘടനകളെയും സ്ഥാപനങ്ങളെയും മജ്‌ലിസിന്റെ ഘടകങ്ങളാക്കാനായിരുന്നു തീരുമാനം. മദ്ഹബ്പരവും സംഘടനാപരവുമായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സമുദായം പൊതുവില്‍ അനുഭവിച്ചുവരുന്ന യാതനകള്‍ ദൂരീകരിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍-വിശേഷിച്ചും ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ നിരാശയില്‍ നിന്നും അരക്ഷിതബോധത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് മജ്‌ലിസ് മുന്തിയ പരിഗണന നല്‍കി. സമുദായത്തെ, ഇതര സമുദായങ്ങളുമായി ചേര്‍ന്ന് നിന്ന് രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ സക്രിയമായ പങ്കുവഹിക്കാന്‍ സജ്ജരാക്കാനും പരിപാടികളിട്ടു. എന്നാല്‍ തുടക്കത്തിലേ വന്നുപെട്ട ചില ദൗര്‍ബല്യങ്ങള്‍ ഈ മാര്‍ഗത്തിലുള്ള മുശാവറയുടെ പ്രയാണത്തെ വളരെയേറെ മന്ദീഭവിപ്പിച്ചു. സംഘത്തിന്റെ പ്രചാരവും സ്വാധീനവും ഉത്തരേന്ത്യയില്‍ പരിമിതമായി എന്നതാണ് ഒന്ന്. ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അതില്‍ കാര്യമായ പ്രാതിനിധ്യമുണ്ടായില്ല. ഇതുമൂലം മജ്‌ലിസിനെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താന്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്കായില്ല. ദക്ഷിണേന്ത്യന്‍ മുസ്‌ലിംകളുടെ അനുഭവങ്ങളും ആവശ്യങ്ങളും പഠിക്കാനും മനസ്സിലാക്കാനും മജ്‌ലിസിനും കഴിഞ്ഞില്ല. 1967-ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ നിര്‍ഭാഗ്യകരമായ വിഘടനവും ഗ്രൂപ്പിസവും ഇതിനു പുറമെയാണ്. 2000-ത്തില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ രണ്ട് സമാന്തര സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ദുരവസ്ഥയുമുണ്ടായി. ഇങ്ങനെയൊക്കെയായിട്ടും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആ പ്രവര്‍ത്തനം തീരെ നിഷ്ഫലമായതുമില്ല. ലക്ഷ്യത്തിന്റെ വളരെ പുറകിലാണെങ്കിലും ദേശീയതലത്തില്‍ അവഗണിക്കാനാവാത്ത സല്‍ഫലങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങള്‍ സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ സംഘടനാ വൈജാത്യങ്ങളും അഭിപ്രായ വൈരുധ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്ന ഒരു പൊതുവികാരം സമുദായത്തില്‍ വളര്‍ത്തിയെടുത്തു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ദീനുല്‍ ഇസ്‌ലാമിനേക്കാളും മുസ്‌ലിം ഉമ്മത്തിനേക്കാളുമൊക്കെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്ന ചുരുക്കം ചില നേതാക്കളും അവരുടെ അനുയായികളും മാത്രമേ അപവാദമായിട്ടുള്ളൂ.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയുമായി ബന്ധപ്പെട്ട ഈ വേദി ഇപ്പോള്‍ പുനരേകീകരിക്കപ്പെട്ടിരിക്കുന്നു. പൂര്‍വോപരി ആവേശത്തോടെ ആസൂത്രിതമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. സമുദായത്തിന് പുതിയ സ്വപ്നങ്ങളും ദിശാബോധവും പ്രദാനം ചെയ്യുന്ന മഹത് സംരംഭമാണിത്. സയ്യിദ് ശഹാബുദ്ദീനെപ്പോലൊരു പ്രമുഖ വ്യക്തിത്വത്തിന്റെ രക്ഷാകര്‍തൃത്വവും ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെപ്പോലൊരു ധിഷണാശാലിയുടെ നേതൃത്വവും പുതിയ മുശാവറക്ക് ലഭിച്ച സൗഭാഗ്യങ്ങളാണ്. ഭൂതകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ ദീര്‍ഘ ദൃഷ്ടിയോടെ ഭാവിപരിപാടികളാവിഷ്‌കരിക്കാന്‍ അവര്‍ക്ക് കഴിയുമെന്നതില്‍ സംശയമില്ല. മജ്‌ലിസെ മുശാവറയെയും അതിന്റെ ആശയങ്ങളെയും ദക്ഷിണേന്ത്യയില്‍ വിപുലമായി പ്രചരിപ്പിക്കേണ്ടതുണ്ട്. 1964-ല്‍ മുശാവറ രൂപീകരിക്കുമ്പോഴുണ്ടായിരുന്ന സാഹചര്യത്തിന് ഇനിയും മാറ്റം വന്നിട്ടില്ല എന്നല്ല, മുസ്‌ലിംകളുടെ അപരവത്കരണം ഏറെ വ്യവസ്ഥാപിതമായിരിക്കുകയാണിപ്പോള്‍. സമുദായത്തിന്റെ സ്വത്വപ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുമെന്നാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വര്‍ധിതവീര്യം നല്‍കുന്ന സന്ദേശം. ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം മജ്‌ലിസെ മുശാവറ ശക്തിപ്പെടേണ്ടതും പ്രവര്‍ത്തന നിരതമാകേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇന്‍ശാ അല്ലാഹ് - ആഗസ്റ്റില്‍ നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനത്തോടെ ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ ആ പേരിനെ അന്വര്‍ഥമാക്കുംവണ്ണം വിപുലീകൃതമാകുമെന്നും സമുദായ ഐക്യത്തിന്റെ ദീപസ്തംഭമായി വിളങ്ങുമെന്നും നമുക്കാശിക്കാം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം