Prabodhanm Weekly

Pages

Search

2014 മെയ്‌ 16

നിലപാടുകളിലെ കണിശത സൗഹൃദത്തിലെ ഊഷ്മളത

എം.വി മുഹമ്മദ് സലീം /സ്മരണ

         എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി അല്ലാഹുവിങ്കലേക്ക് യാത്രയായി. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.

സ്‌കൂള്‍ ഫൈനല്‍ പാസായ ശേഷം മത വിദ്യാഭ്യാസം വ്യവസ്ഥാപിതമായി നടത്താന്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജിലാണ് ഞാന്‍ ചേര്‍ന്നത്. 1958-ലായിരുന്നു അത്. എസ്.എസ്.എല്‍.സി പാസ്സായി അറബിക്കോളേജില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ടതില്ല. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതോടൊപ്പം സിലബസ്സിലെ പാഠ്യവിഷയങ്ങള്‍ വിട്ടുപോകാതിരിക്കാന്‍ അഭിവന്ദ്യരായ ഗുരുനാഥന്മാര്‍ ഒഴിവു  സമയങ്ങളില്‍ അടിസ്ഥാന വിഷയങ്ങള്‍ പഠിപ്പിച്ചുതരുമായിരുന്നു. കുറെ ഗ്രനഥങ്ങള്‍ സമര്‍ഥരായ സഹപാഠികളുടെ സഹായത്തോടെ വായിച്ചു ഗ്രഹിച്ചു. ഈ പഠനത്തിന് താല്‍പര്യപൂര്‍വം സഹായിച്ച സതീര്‍ഥ്യരില്‍ ഒരാളായിരുന്നു ഒതായി സ്വദേശി മൂസക്കുട്ടി. ഗാഢമായിരുന്നു ഞങ്ങളുടെ സൗഹൃദം. അദ്ദേഹം ഒരു ഒഴിവുകാലത്ത് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു. ജുമുഅ നമസ്‌കാരത്തിന് ഒതായി ജുമുഅത്ത് പള്ളിയിലാണ് പോയത്. ആകര്‍ഷകമായ ഭാഷയില്‍ ജുമുഅ ഖുത്വ്ബ നടത്തിയ മൗലവിയെ മൂസക്കുട്ടി (മൗലവി) എനിക്ക് പരിചയപ്പെടുത്തിത്തന്നു. എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയെ അന്നാണ് ഞാനാദ്യമായി കാണുന്നത്. ജുമുഅ കഴിഞ്ഞ് അദ്ദേഹം ഒഴിഞ്ഞിരിക്കുമ്പോള്‍ മൂസക്കുട്ടി എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വല്ലാത്ത വശ്യതയുള്ള ശബ്ദമായിരുന്നു എ.പിയുടേത്. നര്‍മം അദ്ദേഹത്തിന് ജന്മസിദ്ധമായിരുന്നു. അന്ന് ഞങ്ങള്‍ അടുത്ത് പരിചയപ്പെട്ടു.

ആ പരിചയം പിന്നീട് പലപ്പോഴും പുതുക്കാന്‍ അവസരങ്ങളുണ്ടായി. 1960-ല്‍ ഞാന്‍ പഠനം ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്ക് മാറ്റി. ഇസ്വ്‌ലാഹീ പ്രസ്ഥാനങ്ങളായ മുജാഹിദും ജമാഅത്തും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു അത്. അബ്ദുല്‍ ഖാദിര്‍ മൗലവി ജമാഅത്തിനോട് മൃദുല സമീപനമാണ് സ്വീകരിച്ചിരുന്നത്. അതിനാല്‍ ഞങ്ങള്‍ മതപ്രബോധന രംഗത്ത് പലപ്പോഴും വേദികളില്‍ ഒന്നിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വാക്ചാതുരിയും നര്‍മശൈലിയും എന്നെ വളരെയേറെ ആകര്‍ഷിച്ചു. 1970-ല്‍ മുജാഹിദ് പണ്ഡിതന്മാരും ജമാഅത്ത് നേതാക്കളും ചേര്‍ന്ന് ഒരു കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. 'ഇസ്‌ലാമിനെ പരിചയപ്പെടുക' എന്നതായിരുന്നു പ്രമേയം. കേരളം മുഴുവന്‍ വ്യവസ്ഥാപിതമായി തൗഹീദ് പ്രചരിപ്പിക്കാന്‍ സഹായകമായ ഒരു മഹല്‍ സംരംഭമായിരുന്നു ആ കാമ്പയിന്‍.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ജിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രഭാഷണങ്ങള്‍ ഒരു വേനല്‍ക്കാലം മുഴുവന്‍ അന്തരീക്ഷത്തെ മുഖരിതമാക്കി. മലബാറിലെ കാമ്പയിനില്‍ മുജാഹിദ് ഭാഗത്ത് നിന്ന് പ്രസംഗിക്കാന്‍ നിശ്ചയിക്കപ്പെട്ടത് എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു. ശാന്തപുരത്ത് അധ്യാപകനായിരുന്നതിനാല്‍ ക്ലാസ്സിന് മുടക്കം തട്ടാതെ അദ്ദേഹത്തോടൊപ്പം ഞാനും വേദി പങ്കിട്ടു. ശ്രോതാക്കള്‍ക്ക് അദ്ദേഹത്തിന്റെ പ്രസംഗത്തോടായിരുന്നു കൂടുതല്‍ ഇഷ്ടം. എന്നാല്‍ എന്റെ പ്രസംഗത്തിന്റെ മഹിമ പറയാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ആഴ്ചകള്‍ നീണ്ടുനിന്ന പ്രസ്തുത പരിപാടിയില്‍ ഞങ്ങള്‍ ഏകസ്വരത്തില്‍ തൗഹീദ് പരിചയപ്പെടുത്തി സംസാരിച്ചു. കാമ്പയിനില്‍ അസ്വസ്ഥരായ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അടങ്ങിയിരുന്നില്ല. കാമ്പയിനിന്റെ മുന്നിലും പിന്നിലുമായി അവര്‍ വഅള് പരമ്പര നടത്തി. 'മുജ-ജമ'കളെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ചു.

ജയിക്കാന്‍ വേണ്ടി യാഥാസ്ഥിതികര്‍ സ്വീകരിക്കുന്ന വാദപ്രതിവാദശൈലി പൊതുജനങ്ങളെ ഇളക്കിവിടുക എന്നതായിരുന്നു. അതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട മധ്യസ്ഥന്മാര്‍ക്ക് മുമ്പില്‍ വാദപ്രതിവാദം നടത്താന്‍ തയാറാണെന്ന് ഞാന്‍ തിരിച്ചു വെല്ലുവിളിച്ചു. എന്നാല്‍ എ.പിയുടെ ഊഴം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ''സലീം മൗലവി പറഞ്ഞ നിബന്ധനകളൊന്നുമില്ലാതെ വാദപ്രതിവാദത്തിന് തയാര്‍!'' ഇത് മാത്രമാണ് എന്റെ ഓര്‍മയില്‍ ഞങ്ങള്‍ തമ്മില്‍ പ്രസ്തുത പരിപാടിയില്‍ രണ്ടഭിപ്രായമുണ്ടായ ഏക സന്ദര്‍ഭം! 

പില്‍ക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് അദ്ദേഹം ധാരാളം വാദപ്രതിവാദങ്ങള്‍ നടത്തുകയുണ്ടായി. ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നതും എടുത്തു പറയാറുള്ളതുമായ പരിപാടി ചേകനൂര്‍ മൗലവിയുടെ ഹദീസ് നിഷേധത്തിനെതിരില്‍ നടത്തിയ വാദപ്രതിവാദങ്ങളാണ്. എ.പിയുടെ നര്‍മങ്ങളെ കളിയാക്കി ചേകനൂര്‍ പൊതുജനത്തെ കൈയിലെടുത്ത പല സന്ദര്‍ഭങ്ങളും ഓര്‍മവരുന്നു.

നാട്ടില്‍ ഒന്നിച്ചു നടത്തിയ കാമ്പയിന്‍ ജമാഅത്തിന് കൂടുതല്‍ വളര്‍ച്ചയുണ്ടാക്കിയെന്ന് വിലയിരുത്തിയ ചില ഇസ്‌ലാഹി പണ്ഡിതന്മാരുടെ ശ്രമഫലമായി ഇരു വിഭാഗവും അകലുകയും അകല്‍ച്ച ശത്രുതയോളം വളരുകയുമുണ്ടായി. ജമാഅത്ത് പിഴച്ചുപോയെന്ന് അവര്‍ പ്രചരിപ്പിച്ച പ്രശ്‌നങ്ങളില്‍ അക്കമിട്ട് മറുപടി പറയുന്ന ഏതാനും പരിപാടികള്‍ ഞാന്‍ എടവണ്ണ, കൊച്ചി തുടങ്ങിയ മുജാഹിദ് മേഖലകളില്‍ നടത്തിയിരുന്നു. ഖത്തറിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും ഇതെല്ലാം വിശദീകരിച്ചു കൊടുത്തിരുന്നു. അതിനാല്‍ മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ അക്കാലത്ത് പേരെടുത്ത് പറഞ്ഞ പ്രതിയോഗിയായിരുന്നു ഞാന്‍. 

ആയിടക്ക് മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി ഒരിക്കല്‍ ഖത്തറില്‍ വന്നു. 1971 മുതല്‍ എന്റെ പ്രവര്‍ത്തന മേഖല ഖത്തറിലായിരുന്നു. എന്നോട് പഴയ അതേ സൗഹൃദവും ഊഷ്മള ബന്ധവും തന്നെ; ഒട്ടും കലവറയില്ലാതെ. മുജാഹിദ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ ചില വിഷയങ്ങളവതരിപ്പിക്കാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. കര്‍മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ വിശാല മനസ്സോടെയാണ് അദ്ദേഹം ചര്‍ച്ച ചെയ്യാറുണ്ടായിരുന്നത്. താന്‍ മനസ്സിലാക്കിയ സത്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആ കണിശത ഞാന്‍ എന്നും ആദരിക്കുന്ന സവിശേഷതയാണ്.

കെ.എന്‍.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായ ശേഷവും തമ്മില്‍ കാണുമ്പോഴെല്ലാം സ്‌നേഹ മസൃണമായ നര്‍മഭാഷണത്തിലൂടെ പരിചയം പുതുക്കാന്‍ എ.പി ശ്രദ്ധിച്ചിരുന്നു. ഔദ്യോഗിക പദവികളൊന്നുമില്ലാതെയാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നത്. അതിനാല്‍ ഔപചാരികതയുടെ ഛായ ആ പെരുമാറ്റത്തിലുണ്ടായിരുന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

കേരളീയ മനസ്സുകളില്‍ തൗഹീദ് പുനഃസ്ഥാപിക്കാനും അനാചാരങ്ങള്‍ക്കറുതിവരുത്താനും യത്‌നിച്ച ആ കര്‍മയോഗിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ. അദ്ദേഹം പ്രതിനിധീകരിച്ച സംഘടനക്ക് പറ്റിയ പകരക്കാരനെ അല്ലാഹു നല്‍കുമാറാകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും അല്ലാഹു സഹനശേഷിയും ആശ്വാസവും നല്‍കുമാറാകട്ടെ. ആമീന്‍.

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം