Prabodhanm Weekly

Pages

Search

2014 മെയ്‌ 16

എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി പണ്ഡിതന്‍, സംഘാടകന്‍

ടി.കെ അബ്ദുല്ല /സ്മരണ

എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി (1933-2014)

എടവണ്ണ പത്തപ്പിരിയത്ത് പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും കിളിയംകുന്നത്ത് ഫാത്വിമയുടെയും മകനായി 1933 ഏപ്രിലില്‍ ജനനം. 1951 മുതല്‍ മുഹാജിദ് പ്രസ്ഥാന പ്രവര്‍ത്തകനായി. '71 മുതല്‍ '96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. '96 മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യ പത്രാധിപര്‍, എടവണ്ണ ജാമിഅ നദ്‌വിയ്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി, കേരള ഹജ്ജ് കമ്മിറ്റിയംഗം, പാവിട്ടപ്പുറം അസ്സബാഹ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കോഴിക്കോട്ട് വിവിധ സ്ഥലങ്ങളിലെ പള്ളിദര്‍സുകളിലായിരുന്നു പ്രാഥമിക മതപഠനം. പിന്നീട് ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി. ശേഷം വിളയില്‍ പറപ്പൂര്‍ സ്‌കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് എടവണ്ണ ഇസ്‌ലാഹിയ്യ ഓറിയന്റല്‍ ഹൈസ്‌കൂള്‍, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ്, വളവന്നൂര്‍ അറബിക് കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. വളവന്നൂര്‍ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിച്ചു.

'93 മുതല്‍ എടവണ്ണ ജാമിഅ നദ്‌വിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായിരുന്നു. അറബി, ഉര്‍ദു, തമിഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. കെ.പി മുഹമ്മദ് മൗലവിയുമായി ചേര്‍ന്ന് 'തഖ്‌ലീദ്' എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. 'ദൈവവിശ്വാസം ഖുര്‍ആനില്‍' എന്ന ലഘു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ചോദ്യവും മറുപടിയും' (രണ്ട് വാള്യം), 'പ്രാര്‍ഥന ഖുര്‍ആനില്‍', 'സകാത്ത് ഒരു മാര്‍ഗരേഖ' എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്. ഭാര്യ: ഒതായി കാരപ്പഞ്ചേരി ഹലീമ. മക്കള്‍: ആരിഫ് സെയ്ന്‍, ജൗഹര്‍ സാദത്ത്, ബുഷ്‌റ, ലൈല, ഷുഹൂദ. മരുമക്കള്‍: കെ.സി ഷാഹിന, ഇ.കെ നുബ്‌ല, ഉമര്‍ മണ്ണിശ്ശേരി, എം.എം. അക്ബര്‍, ആഷിഖ്.

         എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയെ ഞാന്‍ പരിചയപ്പെടുന്നത് 1960-കളിലാണ്. എന്നെക്കാള്‍ 4 വയസ്സ് കുറവുള്ള അദ്ദേഹം, ആ കാലഘട്ടത്തില്‍ തന്നെ മുജാഹിദ് പ്രസ്ഥാനത്തിലെ യുവ പണ്ഡിതനും പ്രഭാഷകനുമായി അറിയപ്പെട്ടുകഴിഞ്ഞിരുന്നു. ഞാനാകട്ടെ 1950-കള്‍ മുതല്‍ക്കേ പ്രബോധനം പത്രാധിപസമിതി അംഗമായും ജമാഅത്ത് സ്റ്റേജുകളിലെ പ്രസംഗകനായും പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു.  ഞങ്ങളുടെ വ്യക്തിബന്ധത്തിനും സൗഹൃദത്തിനും ഈ സംഘടനാ വ്യത്യാസം ഒട്ടും തടസ്സമായിരുന്നില്ല. എന്നു മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ചില പൊതുസ്റ്റേജുകളില്‍ ഞാനും എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയും സഹ പ്രസംഗകരായിരുന്നിട്ടുണ്ട്. കൊടിയത്തൂരിനടുത്ത പ്രദേശത്ത് യുക്തിവാദികള്‍ക്കെതിരായി സംഘടിപ്പിച്ച പൊതുയോഗം എടുത്തുപറയത്തക്കതാണ്. മുക്കം, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ ഇടത്തരം സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ ചില ചെറുപ്പക്കാര്‍ യുക്തിവാദവും സ്വല്‍പം കമ്യൂണിസവും ഒരു ഫാഷനായി കൊണ്ടുനടന്നിരുന്നു. കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലും ഈ പ്രവണത അക്കാലത്ത് അസാധാരണമായിരുന്നില്ല. കൊടിയത്തൂര്‍ ഭാഗത്ത് ഇതൊരു ശല്യമായി തോന്നിയ സന്ദര്‍ഭത്തിലാണ് യുക്തിവാദികള്‍ക്കെതിരെ പൊതു പരിപാടി സംഘടിപ്പിച്ചത്. എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയും ഞാനുമായിരുന്നു പ്രഭാഷകര്‍. ആ കാലഘട്ടങ്ങളില്‍ ഞാന്‍ ചെയ്ത ഏറ്റവും തിളക്കമുള്ള പ്രഭാഷണങ്ങളില്‍ ഒന്നായിരുന്നു മേല്‍ പറഞ്ഞ യുക്തിവാദി ഖണ്ഡന പ്രസംഗം. പരിചയ സമ്പന്നനായ ഒരു നല്ല പ്രഭാഷകനാണ് എ.പിയെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അന്നാണ്. 

ആദ്യകാലങ്ങളില്‍ മുജാഹിദായിരിക്കെത്തന്നെ ജമാഅത്ത് വിരോധിയായിരുന്നില്ല അദ്ദേഹം എന്നാണ് എന്റെ അനുഭവം. ഇസ്‌ലാമിക പ്രസ്ഥാനത്തോട് ചെറിയൊരു അനുഭാവം അക്കാലത്ത് അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. ആ കാലഘട്ടത്തില്‍ മുജാഹിദ് പ്രസ്ഥാനവും ജമാഅത്തും പൂര്‍ണമായി വേര്‍പെട്ടു കഴിഞ്ഞിരുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിലെ നേതാക്കളില്‍ ഒരു വിഭാഗം അപ്പോഴും ജമാഅത്തുമായി സഹകരിക്കുന്നവരായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ഉമര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഇബാദത്ത് വിഷയം കേന്ദ്രബിന്ദുവാക്കി മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെ ശത്രുപക്ഷത്ത് നിര്‍ത്തിയത് മുതല്‍ എ.പിയും സംഘടനാതലത്തില്‍ അതേ പക്ഷത്തായിരുന്നത് സ്വാഭാവികം. ഇതിനിടയിലും ജമാഅത്ത്- മുജാഹിദ് സംഘടനകള്‍ തമ്മില്‍ പല ഐക്യശ്രമങ്ങളും നടക്കുകയുണ്ടായി. അത്തരം ഐക്യശ്രമങ്ങളുമായി ബന്ധപ്പെട്ട് എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ, ജമാഅത്തുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച വസ്തുതകള്‍, എന്റെ 'നവോത്ഥാന ധര്‍മങ്ങള്‍' എന്ന പുസ്തകത്തില്‍ വായിക്കാവുന്നതാണ്. ഞാന്‍ എഴുതിവരുന്ന 'നടന്നുതീരാത്ത വഴികളില്‍' എന്ന ഓര്‍മക്കുറിപ്പിലും ഇതു സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. ആ കത്തുകളില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീനു വേണ്ടി ഒപ്പു രേഖപ്പെടുത്തിയത് എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നുവെന്നാണ് ഓര്‍മ. ഐക്യശ്രമവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം അബ്ദുല്‍ ഖാദിര്‍ മൗലവിയിലെ നര്‍മവും ഫലിതോക്തിയും പ്രകാശിപ്പിക്കുന്നതാണ്. മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ ഭിന്നിച്ചുനില്‍ക്കുന്നതില്‍ അതിയായ മനഃപ്രയാസമുള്ള മുസ്‌ലിം പൗരമുഖ്യരുടെയും അഭ്യസ്ത്യവിദ്യരുടെയും ഒരു സംഘമുണ്ടായിരുന്നു. അവര്‍ ഒരേസമയത്ത് ജമാഅത്തിനോടും മുജാഹിദിനോടും ബന്ധമുള്ളവരുമായിരുന്നു. അവരുടെ ഭാഗത്തുനിന്ന് പല ഐക്യശ്രമങ്ങളും നടക്കുകയുണ്ടായി. അക്കൂട്ടത്തില്‍ എറണാകുളത്തെ ബാവമൂപ്പനും ഇ.കെ അബ്ദുല്‍ ഖാദിര്‍ സാഹിബും മറ്റും ഉള്‍പ്പെടുന്ന പ്രമുഖരുടെ ഒരു സംഘം കോഴിക്കോട്ട് വെച്ച് നടത്തിയ ജമാഅത്ത് - മുജാഹിദ് ഐക്യസംഭാഷണം പ്രത്യേകം ഓര്‍ക്കുന്നു. ജമാഅത്ത് ഭാഗത്തുനിന്ന് കെ.സി അബ്ദുല്ല മൗലവി, ടി. ഇസ്ഹാഖലി മൗലവി എന്നിവരും ഞാനും സന്നിഹിതരായിരുന്നു. മുജാഹിദ് പ്രതിനിധി സംഘത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് എ.പിയായിരുന്നു. സംഭാഷണം വളരെ സൗഹൃദപരമായിരുന്നെങ്കിലും വിഷയം എവിടെയും എത്താതെ തട്ടിമുട്ടിയാണ് നീങ്ങിക്കൊണ്ടിരുന്നത്. ഈയൊരു ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ചായ ഏര്‍പ്പാട് ചെയ്തുകൊണ്ട് മധ്യസ്ഥ സംഘം എന്തോ കാര്യത്തിന് സദസ്സില്‍ നിന്ന് പോകാനിടയായി. ഒരു പക്ഷേ അല്‍പം മനം മടുപ്പും അതിനു കാരണമായിരിക്കും. മധ്യസ്ഥരില്ലാത്ത വേദിയില്‍ ഞങ്ങള്‍ മാത്രമായപ്പോള്‍ എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി പറഞ്ഞ ഫലിതം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. വളരെ സരസമായി, ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഈ നല്ല മനുഷ്യരെ ഓര്‍ത്തു സങ്കടവും സഹതാപവും തോന്നുന്നു. എത്ര വലിയ ജോലിത്തിരക്കുകള്‍ക്കിടയിലാണ് ഇവര്‍ നമുക്ക് വേണ്ടി വിലപ്പെട്ട സമയവും അധ്വാനവും നീക്കിവെച്ചിരിക്കുന്നത്. ഈ നല്ല മനുഷ്യരുണ്ടോ നമ്മെ മനസ്സിലാക്കിയിരിക്കുന്നു! നമ്മളെ യോജിപ്പിക്കാന്‍ കഴിയില്ലെന്ന് ഈ ശുദ്ധാത്മാക്കള്‍ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാനാണ്?'' എ.പി പറഞ്ഞത് ഫലിതമാണെങ്കിലും അത് യാഥാര്‍ഥ്യത്തോട് വളരെ അടുത്തതാണ്.തെറ്റിപ്പിരിഞ്ഞ മുജാഹിദ് വിഭാഗങ്ങളെ പുനരേകീകരിക്കാന്‍ നടത്തപ്പെട്ട പല ശ്രമങ്ങളും വിജയം കണ്ടെത്താതെയാണല്ലോ എ.പിക്കു യാത്രയാകേണ്ടിവന്നത്. അതിലദ്ദേഹം ഏറെ ദുഃഖിതനായിരുന്നുവെന്നാണ് അടുത്തവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. 

എ.പിയും ഞാനും തമ്മില്‍ വളരെ അടുത്ത വ്യക്തിബന്ധമാണ് ഉണ്ടായിരുന്നതെങ്കിലും ആഗ്രഹിക്കുന്നതുപോലെ പരസ്പരം കണ്ടുമുട്ടാന്‍ കഴിയാറില്ലായിരുന്നു. കേരള മുസ്‌ലിം സൗഹൃദവേദി സജീവമായ കാലത്താണ് ഇടക്കെല്ലാം കാണാറുണ്ടായിരുന്നത്. സൗഹൃദവേദിയില്‍ മുജാഹിദ് പക്ഷത്തുനിന്ന് എ.പിയും ജമാഅത്ത് പക്ഷത്തുനിന്ന് ഞാനും അംഗങ്ങളായിരുന്നതുകൊണ്ട് പലപ്പോഴും സൗഹൃദം പുതുക്കാന്‍ സന്ദര്‍ഭങ്ങളുണ്ടായി.

ഒരിക്കല്‍ എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി ഞാനുമായി മനസ്സ് തുറന്ന ഒരു സംഭവം പ്രത്യേകം ഓര്‍ക്കുന്നു. അദ്ദേഹം സുഖമില്ലാതെ വീട്ടില്‍ വിശ്രമത്തിലാണെന്ന് അറിയാനിടയായി. എടവണ്ണക്കടുത്ത പത്തപ്പിരിയത്തെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പോയി. വേറെ ആളുകളൊന്നും ആ സമയത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല. എ.പി വര്‍ത്തമാനം പറയാന്‍ സന്തോഷമുള്ള മാനസികാവസ്ഥയിലായിരുന്നു. ഞങ്ങള്‍ സംഘടനാ മതില്‍ക്കെട്ടുകള്‍ കടന്ന് ഉള്ളുതുറന്ന വര്‍ത്തമാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എ.പി മനസ് തുറന്നു. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഉള്ളതിലധികം ഊതി വീര്‍പ്പിച്ച ഈ സംഘടനാ ശത്രുതയും വൈരാഗ്യവും ദീനിനും സമുദായത്തിനും ഗുണകരമാണോ എന്ന ചോദ്യം ഞാന്‍ എടുത്തിട്ടപ്പോള്‍ എ.പിയുടെ പ്രതികരണം ഫലിതം കലര്‍ന്ന ശൈലിയില്‍ കലവറയില്ലാത്തതായിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കമിങ്ങനെ: ''ടി.കെയോട് ഞാനൊരു കാര്യം തുറന്നു പറയാം. ഈ കാട്ടിക്കൂട്ടുന്നതെല്ലാം കുറെ അധികവും അനാവശ്യവുമാണെന്ന് അറിയാത്ത ആളല്ല ഞാന്‍. ഒരു സംഘടന ഉണ്ടായിക്കഴിഞ്ഞാല്‍ അത് നിലനിര്‍ത്തണമെങ്കില്‍ അങ്ങനെയൊക്കെ വേണ്ടിവരും. സംഘടനാ പക്ഷപാതിത്വത്തിന്റെ ഒരു മതില്‍ക്കെട്ട് തീര്‍ത്തെങ്കില്‍ മാത്രമേ അണികളെ സ്വന്തം സംഘടനയില്‍ തളച്ചിടാന്‍ പറ്റൂ. എല്ലാ വാതിലുകളും തുറന്നുവെച്ചാല്‍ അണികള്‍ പല വഴിക്കും പോകും. നിങ്ങള്‍ ജമാഅത്തുകാര്‍ക്കാണെങ്കില്‍ അണികളെ പിടിച്ചുനിര്‍ത്താന്‍ ഒരു ഹുകൂമത്തെ ഇലാഹിയ്യ സങ്കല്‍പമെങ്കിലുമുണ്ട്! അത് വരാന്‍ പോകുന്നതൊന്നുമല്ലെങ്കിലും, അണികളെ ആവേശം കൊള്ളിക്കാന്‍ ഉതകുന്നതാണ്. ഞങ്ങള്‍ക്ക് ഒരു ഗ്രാമപഞ്ചായത്ത് പോലും പറഞ്ഞ് ആളെ പിടിക്കാന്‍ പറ്റുകയില്ലല്ലോ. അതുകൊണ്ട് അല്‍പ സ്വല്‍പം സംഘടനാപക്ഷപാതിത്വമൊക്കെ വന്നുപോകുന്നുണ്ട്. അതൊക്കെ മാറ്റിയെടുക്കുന്ന നല്ലകാലം വന്നാല്‍ നന്നായിരുന്നു!''

പ്രഗത്ഭനായ മത പണ്ഡിതനെയും കരുത്തുറ്റ സംഘാടകനെയുമാണ് എ.പിയുടെ വിയോഗത്തോടെ മുജാഹിദ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്. മുറിഞ്ഞുപോയ ഐക്യശ്രമങ്ങള്‍ തുടരാന്‍ ഈ വേര്‍പാട് തടസ്സമാകാതിരിക്കട്ടെ. ദീനും സമുദായവും ലോകത്തും നമ്മുടെ രാജ്യത്തും എത്തിനില്‍ക്കുന്ന അവസ്ഥ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഭിന്നതകള്‍ ഉള്ളതോടു കൂടി ത്തന്നെ ദീനിന്റെയും സമുദായത്തിന്റെയും സുരക്ഷയെന്ന പൊതു തത്ത്വത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടുന്ന അവസാന സന്ദര്‍ഭങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. സമുദായത്തെ നയിക്കുന്ന മതപണ്ഡിതന്മാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും അല്ലാഹു സല്‍ബുദ്ധി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം