അവരുറങ്ങുന്നു ദാരിദ്ര്യത്തിന്റെ മെത്തയില്‍ ഭീതിപുതച്ച്
അസമിലെ കൊക്രാജറില്‍, കമര്‍പാറ ഗ്രാമത്തിലെ ആ കുടിലിനു മുമ്പില്‍ ഞങ്ങളെത്തിയത് രാവിലെ ഏതാണ്ട് ഒമ്പതു മണിക്കായിരുന്നു. ടാര്‍പോളിന്‍ കൊണ്ട് മറച്ചുകെട്ടിയ കുടിലിനുപുറത്ത് കുനിഞ്ഞുകൂടിയിരിക്കുന്ന വയോവൃദ്ധന്‍. സമീപത്ത് മണ്ണു വാരിക്കളിക്കുന്ന കുട്ടികള്‍. കൂരക്കുപുറത്ത് മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ അടുപ്പിലെ തീ കെടുത്തി എഴുന്നേല്‍ക്കുന്ന സ്ത്രീയെ കണ്ടപ്പോള്‍ ഭക്ഷണം പാകംചെയ്തുകഴിഞ്ഞുവെന്ന് മനസ്സിലായി. അടുപ്പത്തിരിക്കുന്ന പഴകിയ അലൂമിനിയപ്പാത്രം ആകാംക്ഷയോടെ തുറന്നുനോക്കി. കഞ്ഞിയെന്നൊ, ചോറെന്നൊ വേര്‍തിരിക്കാന്‍ പറ്റാത്ത, 'അരിപുഴുങ്ങിയത്'; കഷ്ടിച്ചു നാലഞ്ചുപേര്‍ക്ക് കഴിക്കാനുണ്ടാകും. 'ഡങ്ക' എന്നുവിളിക്കുന്ന പച്ചിലകള്‍ അതിനുമുകളില്‍ വിതറിയിരിക്കുന്നു. എന്റെ സംശയത്തിന് ലഭിച്ച മറുപടിയിങ്ങനെ: ''ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗവണ്‍മെന്റ് സൗജന്യനിരക്കില്‍ നല്‍കുന്ന അരി, അല്‍പം ദുര്‍ഗന്ധമൊക്കെയുണ്ടാകും. ഒരു വിധത്തിലാണത് കഴിക്കുന്നത്.'' ഈ പച്ചിലയിട്ടാല്‍ അരിയുടെ ദുര്‍ഗന്ധം പോയിക്കിട്ടുമായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ഉത്തരേന്ത്യയിലെ, പ്രത്യേകിച്ചും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജീവിതത്തിന്റെ സകലവിധ ദൈന്യതകളും, ആ ചുളുങ്ങിയ പാത്രത്തിനകത്ത് ഒതുക്കിവെച്ചിരിക്കുന്നതുപോലെ തോന്നി!
അസംഗ്രാമങ്ങളിലൂടെയുള്ള യാത്രയുടെ മൂന്നാം നാളായിരുന്നു അത്. തലസ്ഥാനമായ ഗുവാഹത്തിയും ഹൗളിയും സന്ദര്‍ശിച്ച ശേഷമാണ് ഞങ്ങള്‍ കൊക്രാജറിലെത്തിയത്. 20 ശതമാനമാണ് ജില്ലയിലെ മുസ്‌ലിം ജനസംഖ്യ. അസമിലെ, വിഷന്‍ 2016ന്റെയും കലാപബാധിതര്‍ക്കുവേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും കോഡിനേറ്റര്‍മാരിലൊരാളായ സൈഫുല്‍ ഇസ്‌ലാം ഫലാഹിയും ഒപ്പമുണ്ട്. വീതിയുള്ളതാണെങ്കിലും പലയിടത്തും പാടെ തകര്‍ന്ന് കിടക്കുന്ന റോഡിലൂടെയുള്ള ദീര്‍ഘയാത്ര ഏറെ ദുഷ്‌കരമായിരുന്നു. അഞ്ചുമണി കഴിഞ്ഞതോടെ റോഡ് വിജനമായിത്തുടങ്ങി. ഇരുട്ടുവീണുതുടങ്ങിയതോടെ ഒരുതരം ഭീതി മനസ്സില്‍ പടരുന്നുണ്ടായിരുന്നു. ബാര്‍പേട്ട, ദുബ്‌രി, കൊക്രാജര്‍ എന്നീ മൂന്ന് ബോഡോമേധാവിത്ത ജില്ലകളില്‍ 2012 ജൂലൈയില്‍ നടന്ന കലാപത്തിനുശേഷം 9 മാസങ്ങള്‍ കഴിഞ്ഞായിരുന്നു എന്റെ യാത്രയെങ്കിലും, അതുയര്‍ത്തിയ ഭയം വിട്ടുമാറിയിരുന്നില്ല. ഏതുനിമിഷവും വംശീയ വാദികള്‍ വീണ്ടും വേട്ടയാടാനെത്തുമെന്ന പേടി അസ്ഥാനത്തായിരുന്നില്ലെന്ന്, കൊക്രാജറില്‍ നിന്നുള്ള പുതിയ വംശഹത്യാ വാര്‍ത്തകള്‍ തെളിയിക്കുന്നു. മുപ്പതില്‍പരം പേരുടെ ജീവനെടുക്കുകയും കുറേയേറെ പേരെ കാണാതാവുകയും ചെയ്ത ഇപ്പോഴത്തെ മുസ്‌ലിംവിരുദ്ധ ബോഡോ കലാപ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് യാത്രയില്‍ കണ്ട, കലാപത്തിന്റെ ഇരകളുടെ ചോരവാര്‍ന്ന മുഖങ്ങള്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞുവരുന്നു.
ആര്‍ക്കും വേണ്ടാത്ത, ആരുടെയും കണക്കുപുസ്തകത്തില്‍ എഴുതപ്പെടാത്ത ദൈന്യജീവിതങ്ങളാണ് ഉത്തരേന്ത്യയിലെ മുസ്‌ലിം ജന്മങ്ങള്‍. ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, രോഗങ്ങള്‍,ഭൂരാഹിത്യം, ചേരിജീവിതം, ഭയം, വംശീയ അവഹേളനം ഇതൊക്കെയാണ് അവരുടെ വലിയ 'സമ്പാദ്യ'ങ്ങള്‍! ഒന്നാമതായി അവരുടെ പൗരത്വം തന്നെ പരുങ്ങലിലാണ്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍, ഇന്ത്യാ രാജ്യത്തിനുമേല്‍ പടര്‍ന്നു പിടിച്ച ഇത്തിള്‍ക്കണ്ണികള്‍, അതുമല്ലെങ്കില്‍ അബദ്ധത്തില്‍ ഇവിടെ പിറന്നു പോയവര്‍, പാകിസ്താനിലേക്കു പോകേണ്ടവര്‍, ഇതാണ് പലയിടങ്ങളിലും മുസ്‌ലിംകളെ സംബന്ധിച്ചപൊതുധാരണ. തിരിച്ചറിയല്‍ കാര്‍ഡും പൗരത്വരേഖകളും നിഷേധിക്കപ്പെട്ടവര്‍, ലഭിച്ച രേഖകള്‍ നശിപ്പിക്കാന്‍ വേണ്ടിയുള്ള കലാപങ്ങള്‍... അതുവഴി ജന്മനാട്ടില്‍ അന്യരാക്കപ്പെടുന്നവരുടെ വേദന വളരെ ആഴമുള്ളതാണെന്ന് പശ്ചിമബംഗാളിലെയും അസമിലെയും ചില ഗ്രാമങ്ങളില്‍ നിന്ന് നേരിട്ടറിയാന്‍ കഴിഞ്ഞു. ദാരിദ്ര്യത്തിന്റെ ആഴം ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുന്ന പശ്ചിമ ബംഗാളിലെ രതന്‍പൂര്‍ കവല. അതിന്റെ ഇരു ഭാഗങ്ങളിലായി കെട്ടിയുയര്‍ത്തിയ കുടിലുകള്‍ ഒരു അഭയാര്‍ഥി ഗ്രാമംപോലെ തോന്നിക്കുന്നു. അവര്‍ നാടോടി മുസ്‌ലിംകളാണ്. സ്വന്തമായി ഭൂമിയില്ല, അതു ലഭിക്കാന്‍ രേഖകളില്ല, അതുകൊണ്ട് സ്വന്തമായി വീടുമില്ല. ഒരു മാസം ഒരു സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്നു. പിന്നെ അടുത്ത തെരുവിലേക്ക്....അസമിലെ നാല്‍ബരി ജില്ലയില്‍ ചില ഗ്രാമങ്ങളില്‍ ടെന്റ് കെട്ടി താമസിക്കുന്നവരെ കാണാം. ബ്രഹ്മപുത്രാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ഇരകള്‍. പക്ഷേ, ഭൂമിയും വീടും രേഖകളുമെല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ 'സമ്മാനം' ബംഗ്ലാദേശി മുദ്രയാണ്. യഥാര്‍ഥത്തില്‍ അവര്‍ ഇന്ത്യക്കാരാണ്. പക്ഷേ, അവര്‍ ജന്മദേശത്ത് അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. ''ഒന്നുകില്‍ ഞങ്ങളെ ബംഗ്ലാദേശികളായി അംഗീകരിച്ച് അവിടുത്തെ പൗരത്വം തരണം, അല്ലെങ്കില്‍ അസമികളായി, ഇന്ത്യക്കാരായി അംഗീകരിക്കണം''- ഇതു പറയുമ്പോള്‍ അവരുടെ വികാരം എന്തായിരുന്നുവെന്ന് എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല.
ദാരിദ്ര്യത്തിന്റെ നട്ടുച്ച സൂര്യന്‍ തലക്കുമുകളില്‍ കത്തിനില്‍ക്കുന്നവരാണ് ഉത്തരേന്ത്യയിലെ കോടിക്കണക്കിന് മുസ്‌ലിംകള്‍. വിലകുറഞ്ഞ അരികൊണ്ടുണ്ടാക്കുന്ന 'ചോറുകഞ്ഞി'യാണവരുടെ സാധാരണ ഭക്ഷണം. എന്നാല്‍, ഭക്ഷണമുണ്ടെങ്കില്‍ മൂന്നു നേരവും അവര്‍ക്ക് ഒരേ മെനുവായിരിക്കും. ഭക്ഷണ വൈവിധ്യങ്ങളുടെ രുചിഭേദങ്ങളെക്കുറിച്ച വിദൂരസ്വപ്നങ്ങള്‍പോലും അവര്‍ക്കില്ല. പച്ചമുളകും ഉപ്പും ചേര്‍ത്ത് അരി പുഴുങ്ങിത്തിന്ന് ജീവിക്കുന്ന ജനത. അതിലേക്ക് പരിപ്പുകൂടിയുണ്ടെങ്കില്‍ അന്നവര്‍ക്ക് ആഘോഷ സുദിനമാണ്! അതിനു കൊതിച്ചിരിക്കുന്ന ജനലക്ഷങ്ങളെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അങ്ങനെയും കുറേ മനുഷ്യരുണ്ട് ഇന്ത്യയില്‍; പശ്ചിമ ബംഗാള്‍, ബിഹാര്‍, അസം, ഝാര്‍ഖണ്ഡ്, ദല്‍ഹി,യു.പി തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍; കുറച്ചു പേരൊഴികെ എല്ലാവരും.
പശ്ചിമ ബംഗാളിലെ റബിബാഗില്‍ വിഷന്‍ 2016-ന്റെ സ്‌കോളര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഗ്രാമം ചുറ്റിക്കണ്ടു. ബാലവാടിയില്‍ കുറേയെറെ കുട്ടികളുണ്ട്. 'നിറയെ കുട്ടികളാണല്ലോ, ഇപ്പോള്‍ എല്ലാവരും പഠിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലേ?' എന്റെ ചോദ്യത്തിന് ലഭിച്ച മറുപടിയിങ്ങനെ: ''ബാലവാടിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമുണ്ട്. അതിനാണവര്‍ ഇവിടെ എത്തുന്നത്. അതില്ലെങ്കില്‍ ആ കുട്ടികള്‍ പലപ്പോഴും പട്ടിണിയായിരിക്കും.'' അതെ, പട്ടിണി അവരുടെ തൊട്ടടുത്തുണ്ട്. അതിന് പിടികൊടുക്കാതിരിക്കാനാണവരുടെ നെട്ടോട്ടം. അതിനുമുമ്പില്‍ ജീവിതത്തിലെ മറ്റ് അത്യാവശ്യങ്ങള്‍പോലും അവര്‍ മറക്കുന്നു. വിദ്യാഭ്യാസം, വീട്, ചികിത്സ.... എല്ലാം. ജീവിച്ചിരുന്നെങ്കിലല്ലേ അതൊക്കെ ആവശ്യമുള്ളൂ. മുര്‍ഷിദാബാദിലെ ഭുര്‍കുണ്ഡയില്‍, റോഡരികിലെ കൊച്ചു കുടിലില്‍ വെച്ചാണ് അശ്ഫാഖുല്‍ ശൈഖിനെ കണ്ടുമുട്ടിയത്; രണ്ടു മക്കളും ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണി. ദിവസക്കൂലിക്കാരന്‍. ഒരു ദിവസത്തെ വരുമാനം 120രൂപ. മാസത്തില്‍ പതിനഞ്ച്‌നാള്‍, കൂടിയാല്‍ 20 ദിവസമാണ് ജോലിയുണ്ടാവുക. ഒരു ദിവസത്തെ വരുമാനം അന്നത്തെ ചെലവിന് തന്നെ കഷ്ടി. പിന്നെ, ജോലിയില്ലാത്ത ദിവസങ്ങളില്‍ എന്തുചെയ്യും? ''പട്ടിണികൂടാതെ കഴിയുന്നതിനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്. അതിനിടയില്‍ കുട്ടികളുടെ വിദ്യാഭ്യാസം, വീടിന്റെ അറ്റകുറ്റപണികള്‍, ചികിത്സ... ഇതൊന്നും ഞാന്‍ ആലോചിക്കാറില്ല'' - പറഞ്ഞു നിര്‍ത്തിയ അശ്ഫാഖുല്‍ ശൈഖിന്റെ നെടുവീര്‍പ്പില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ മൊത്തം തേങ്ങലുണ്ടായിരുന്നു.
പശ്ചിമ ബംഗാളിലെ റോഡുകള്‍ പോലെത്തന്നെയാണ് ഗവണ്‍മെന്റ് വരച്ച ദാരിദ്ര്യരേഖയും! അത് അപൂര്‍ണവും പൊട്ടിപ്പൊളിഞ്ഞതുമാണ്. ദാരിദ്ര്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഗവണ്‍മെന്റ് ചെയ്യുന്നത് രേഖ താഴ്ത്തി വരക്കുക എന്നതാണ്. എങ്ങനെ താഴ്ത്തി വരച്ചിട്ടും, ഇന്ത്യന്‍ മുസ്‌ലിംകളില്‍ 31 ശതമാനം ദരിദ്രരാണെന്ന് കണക്കുകള്‍ പറയുന്നു. ഗ്രാമങ്ങളില്‍ 30.2 ശതമാനവും നഗരങ്ങളില്‍ 33.9 ശതമാനവും മുസ്‌ലിംകള്‍ ദരിദ്രരാണെന്നും, നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ മുസ്‌ലിംകളാണെന്നുമുള്ള ഔദ്യോഗിക കണക്കുകള്‍ക്കും എത്രയോ അപ്പുറത്താണ്, ദാരിദ്ര്യത്തിന്റെ അനുഭവയാഥാര്‍ഥ്യം എന്ന് ഉത്തരേന്ത്യയിലെ ഓരോ മുസ്‌ലിം ഗ്രാമവും ചേരിയും നമ്മോട് പറയുന്നു. പശ്ചിമബംഗാള്‍ ഗ്രാമങ്ങളിലൂടെയും നഗരപ്രാന്തങ്ങളിലൂടെയും യാത്ര ചെയ്തപ്പോള്‍ ആദ്യം തോന്നിയത്, കേട്ടറിഞ്ഞ പോലെ പശ്ചിമബംഗാള്‍ മുസ്‌ലിംകള്‍ തന്നെയാണ് ഏറ്റവും ദരിദ്രര്‍ എന്നാണ്. പക്ഷെ, അസമില്‍ കണ്ടകാഴ്ചയും മറ്റൊന്നായിരുന്നില്ല. സംസ്ഥാനത്ത ജനസംഖ്യയുടെ 31 ശതമാനം വരുന്ന അസം മുസ്‌ലിംകള്‍ക്ക് ദാരിദ്ര്യത്തിനുപുറമെ നിരന്തരവംശഹത്യയെക്കുറിച്ച ഭയവും കൂടിയുണ്ട്. 20 വര്‍ഷത്തിലേറെയായി അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന മുസ്‌ലിംകളെ അസമില്‍ കാണാം. കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള സംസ്ഥാനമാണ് അസം എന്നോര്‍ക്കുക. എന്നാല്‍, പശ്ചിമ ബംഗാളിലെ ജനസംഖ്യയുടെ 24 ശതമാനം വരുന്ന മുസ്‌ലിംകള്‍ അത്തരമൊരു പേടിയില്‍ നിന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി സാമാന്യേന സുരക്ഷിതരാണ്. ബംഗാളിലെയും അസമിലെയും മുസ്‌ലിംകളെക്കാള്‍ ദാരിദ്ര്യത്തില്‍ ഒട്ടും പിന്നിലല്ല സംസ്ഥാനത്തെ ജനസംഖ്യയുടെ പതിനേഴ് ശതമാനം വരുന്ന ബിഹാര്‍ മുസ്‌ലിംകള്‍. പുരുണിയ, കത്തിഹാര്‍, കിഷന്‍ഗഞ്ച് തുടങ്ങി പശ്ചിമബംഗാളിനോട് ചേര്‍ന്നു കിടക്കുന്ന ബിഹാര്‍ ജില്ലകളിലാണ് ദരിദ്ര മുസ്‌ലിംകള്‍ ഏറ്റവുമധികം താമസിക്കുന്നത്. തലസ്ഥാന നഗരിയായ പറ്റ്‌നക്ക് സമീപം, 'ഹാറൂന്‍ നഗര്‍' എന്ന മുസ്‌ലിം കോളനി ബിഹാരി മുസ്‌ലിംകളിലെ ദാരിദ്ര്യത്തിന്റെ ആഴംമാത്രമല്ല, ദുരന്തം കൂടി വിളിച്ചോതുന്നതാണ്. ഒരു കനാലിനിരുവശവും പുറമ്പോക്കു ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ നൂറുകണക്കിന് കുടിലുകളില്‍ ആയിരക്കണക്കിന് മനുഷ്യ ജന്മങ്ങള്‍. അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു സംവിധാനവുമില്ലാത്ത ഈ കോളനിയില്‍ പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന അവസ്ഥവരെയുണ്ടായി. നഗരപ്രാന്തത്തിലാണ് കോളനിയെന്നത് അതിന് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കുകയും ചെയ്തു. സ്വന്തം ശരീരം വിറ്റ് കുടുംബം പുലര്‍ത്തേണ്ടിവരുന്ന മുസ്‌ലിം സ്ത്രീകളെ കുറിച്ച് ചിന്തിച്ചുനോക്കൂ. അത്രക്കുണ്ട് അവരുടെ പരാധീനതകള്‍! പുറത്തു നിന്നുവന്ന ദീനീബോധമുള്ള രണ്ടുമൂന്ന് ചെറുപ്പക്കാരാണ് അവരെ അതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം നടത്തിയത്. അത് വിജയം കണ്ടുവെങ്കിലും ദാരിദ്ര്യവും നിരക്ഷരതയും മറ്റും ഇപ്പോഴും അവര്‍ക്കു മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുവെന്ന് ആ യുവാക്കള്‍ പറയുകയുണ്ടായി. അങ്ങനെ എത്രയെത്ര ഗ്രാമങ്ങളും ചേരികളും. അവയെക്കുറിച്ചെല്ലാം എഴുതാന്‍ പേജുകള്‍ വേണ്ടിവരും. 'ദുനിയാ ഏക് തമാശാ ഹെ, ആശാ ഔര്‍ നിരാശാ ഹെ... അപ്നാ അപ്നാ കിസ്സാ ഹെ, അപ്ന അപ്നാ ഹിസ്സാ ഹെ....' കത്തിഹാറില്‍ നിന്ന് ബസ്മതിയയിലേക്കുള്ള ദുരിതംപിടിച്ച യാത്രയില്‍ കാറില്‍ മുഴങ്ങിക്കൊണ്ടിരുന്ന ആ ഗാനം അവരുടെ ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് തോന്നി. ദുരിതപ്പാടുകളില്‍ ഓരോ സംസ്ഥാനത്തിലെയും മുസ്‌ലിംകള്‍ക്ക് തങ്ങളുടെതായ കഥകളും ഭാഗധേയങ്ങളുമുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെയും നഗര പ്രാന്തങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ കാണുന്ന ഓരോ മുസ്‌ലിം മുഖവും നമ്മെ അസ്വസ്ഥപ്പെടുത്തും. മെലിഞ്ഞുണങ്ങിയ, വയറൊട്ടിയ, കണ്ണുകള്‍ കുഴിയിലേക്കിറങ്ങിയ, വാരിയെല്ലുകള്‍ എണ്ണിനോക്കാവുന്ന പേക്കോലങ്ങള്‍ ധാരാളം. അവരുടെ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കുക, അവിടെ പ്രതീക്ഷകളില്ല! വിദൂരതയിലേക്ക് നിരാശയോടെ നോക്കിക്കൊണ്ടിരിക്കുകയാണവര്‍. അവരുടെ കണ്ണുകളെ ഭയം ഭരിക്കുന്നു. അവരവിടെ അധികപ്പറ്റാണെന്ന് വിധിയെഴുതിയവര്‍, 'ഇത്തിള്‍ക്കണ്ണികള്‍' പറിച്ചുമാറ്റാന്‍ ഇടക്കിടെ തൃശൂലവുമേന്തിയിറങ്ങുന്നവര്‍ ചുറ്റിലുമുണ്ട്. അങ്ങനെ ദാരിദ്ര്യത്തിന്റെ 'പട്ടുമെത്ത'യില്‍ ഭീതി പുതച്ചാണ് അവരുറങ്ങുന്നത്. 'മുകളില്‍ ആകാശവും താഴെ ഭൂമിയും' എന്നു പോലും ഉത്തരേന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് പറയാനാകില്ല. കാരണം അവര്‍ക്ക് താഴെ ഭൂമിയില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഭൂരഹിതര്‍, അല്ലെങ്കില്‍ ഏറ്റവും കുറച്ച് ഭൂമിയുള്ളവര്‍ മുസ്‌ലിംകളാണ് എന്ന് കണക്കുകള്‍ പറയുന്നു. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഭയാര്‍ഥികളായി മുസ്‌ലിംകള്‍ ജീവിക്കുന്നത്; വിശേഷിച്ചും വന്‍നഗരങ്ങളില്‍. പിന്നെ മുകളിലെ ആകാശം, അത് കാണാന്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കണം. അങ്ങനെ തലയുയര്‍ത്താനുള്ള ത്രാണി അവര്‍ക്കില്ല. അവരുടെ ആത്മാഭിമാനം എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു. തങ്ങള്‍ ആരാണെന്ന തിരിച്ചറിവും സ്വന്തം വ്യക്തിത്വത്തെയും മതത്തെയും കുറിച്ച ബോധവും അവരില്‍ അധികപേര്‍ക്കുമില്ല. അതുകൊണ്ടാകണം പശ്ചിമബംഗാളിലെ ഗ്രാമപാതകളിലും ബിഹാറിലെ നഗരപ്രാന്തങ്ങളിലും അസമിലെ കലാപബാധിതപ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ ചേരികളിലുമൊക്കെ കണ്ടുമുട്ടിയ മുസ്‌ലിംകൂട്ടങ്ങള്‍ അല്ലാമാ ഇഖ്ബാലിന്റെ ഒരു കവിത ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു; ''യാത്രാ സംഘത്തിന് ചരക്കു നഷ്ടപ്പെട്ടതിലല്ല ദുഃഖം, ചരക്ക് നഷ്ടപ്പെട്ടു എന്ന ബോധം പോലും നഷ്ടപ്പെട്ടതിലാണ്.''
(തുടരും)
Comments