Prabodhanm Weekly

Pages

Search

2014 മെയ്‌ 16

മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പ്രതിസന്ധികള്‍ ആരുടെ സൃഷ്ടി?

സയ്യിദ് മന്‍സ്വൂര്‍ ആഗ /അന്താരാഷ്ട്രീയം

         ലോകത്തെങ്ങുമുള്ള ന്യൂനപക്ഷങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്; പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍. പ്രവാചകന്‍ തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റ (പലായനം)യോളം എത്തുന്നുണ്ട് മുസ്‌ലിം ന്യൂനപക്ഷ പീഡനത്തിന്റെ ചരിത്രം. അന്ന് മക്കയില്‍ ന്യൂനപക്ഷമായിരുന്ന മുസ്‌ലിം വിശ്വാസി സമൂഹം എത്ര മനുഷ്യത്വഹീനമായ മര്‍ദ്ദന മുറകളാണ് അഭിമുഖീകരിക്കേണ്ടി വന്നത്! ആ സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകനും അനുയായികള്‍ക്കും ഖുര്‍ആന്‍ നല്‍കുന്ന ഒരു മൗലിക ഉദ്‌ബോധനമുണ്ട്: ''യുക്തിയും സദുപദേശവും കൊണ്ട് ജനങ്ങളെ ദൈവിക സരണിയിലേക്ക് ക്ഷണിക്കുക. ഏറ്റവും മികവുറ്റത്‌കൊണ്ട് അവരുമായി സംവദിക്കുക'' (അന്നഹ്ല്‍:125). ഏറ്റവും യുക്തമായ രീതി (ഹിക്മ) അവലംബിക്കുക എന്നത് തന്നെയാണ് ഇന്ന് ഏറ്റവും പ്രസക്തമായിട്ടുള്ളത്. അതൊരിക്കലും ഹിംസയുടെ മാര്‍ഗമായിരിക്കില്ല.

ഏകദേശം 1.63 ബില്യനാണ് ഇന്ന് ലോകമുസ്‌ലിം ജനസംഖ്യ. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള 49 രാഷ്ട്രങ്ങളുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) എന്ന മുസ്‌ലിം രാഷ്ട്ര കൂട്ടായ്മയില്‍ ഇന്ന് 57 രാഷ്ട്രങ്ങളുണ്ട്; ആ രാഷ്ട്രങ്ങളില്‍ മാത്രം അധിവസിക്കുന്നത് 1.3 ബില്യന്‍ ജനങ്ങളാണ്. ബാക്കിയുള്ള മുസ്‌ലിംകള്‍ വിവിധ രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷമായി ജീവിക്കുന്നു. ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ക്കിടയിലെ മുഴുവന്‍ രാജ്യങ്ങളിലും ഏറിയോ കുറഞ്ഞോ അളവില്‍ ഇന്ന് മുസ്‌ലിംകള്‍ ജീവിക്കുന്നുണ്ട്. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ഗണ്യമായ ന്യൂനപക്ഷമാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍  176 മില്യനാണ് എന്ന കണക്ക് ശരിയാണെങ്കില്‍ അവര്‍ ലോകമുസ്‌ലിം ജനസംഖ്യയുടെ 10.09%വരും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മുസ്‌ലിം ജനസഞ്ചയം. ജനസംഖ്യാപരമായി മുസ്‌ലിംകള്‍ക്ക് നിര്‍ണായകത്വമുള്ള നിരവധി പ്രദേശങ്ങള്‍ ഇന്ത്യയിലുണ്ട്. ഒട്ടനവധി പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും ചര്‍ച്ച ചെയ്യാനുമുള്ള പൊതുവേദികളും സംവിധാനങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു.

എന്നാല്‍ ഇതല്ല മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മറ്റു പല രാജ്യങ്ങളുടെയും അവസ്ഥ. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാണ് അവിടങ്ങളിലെ മുസ്‌ലിം സമൂഹങ്ങള്‍. നേരിട്ടുള്ളതും പരോക്ഷവുമായ വംശ ശുദ്ധീകരണങ്ങള്‍ക്ക് അവര്‍ വിധേയമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ജീവന്‍, മതസ്ഥാപനങ്ങള്‍, വസ്ത്രധാരണ രീതികള്‍, മിനാരം പോലുള്ള ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഇവയൊക്കെ സംരക്ഷിക്കാന്‍ അവര്‍ പലേടത്തും പെടാപാട് പെടുകയാണ്. 'ഏറ്റവുമധികം നാഗരിക വികാസമുണ്ടായ രാഷ്ട്രങ്ങളി'ലെ സ്ഥിതിയും ഇത് തന്നെയാണ്. ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യങ്ങളിലും ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മുസ്‌ലിംകള്‍ വിധേയരാകുന്നുണ്ട്.

'നാഗരികമായി ഏറ്റവും വികസിച്ച','ലിബറല്‍' ആയ യൂറോപ്പിന് ബുദ്ധിപരമായും ശാരീരികമായും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുറിവേല്‍പ്പിച്ചതിന്റെ സുദീര്‍ഘ ചരിത്രമുണ്ട്. ഇത്തരം ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍ യൂറോപ്പും അമേരിക്കയും തന്നെയാണ്. അടുത്ത കാലത്ത് ഈ ചിന്താരീതിയില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ട് എന്നതും ശരിയാണ്. മുസ്‌ലിംകളുമായി ബന്ധം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് പോപ് ഫ്രാന്‍സിസ് കത്തോലിക്ക ലോകത്തിന് നല്‍കിയ ഉപദേശം ഉദാഹരണം. അദ്ദേഹം പറഞ്ഞു: കത്തോലിക്ക ചര്‍ച്ചിനെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനവിഭാഗമാണ്. ക്രിസ്ത്യാനികള്‍ മുസ്‌ലിം കുടിയേറ്റ വിഭാഗങ്ങളെ സ്‌നേഹത്തോടെയും ആദരവോടെയും സ്വീകരിക്കണം. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ അതേ നിലയില്‍ തന്നെ തങ്ങളും സ്വീകരിക്കപ്പെടണമെന്നാണല്ലോ ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുക (2013,നംവബര്‍ 26ന് വന്ന വാര്‍ത്ത).

മുസ്‌ലിംകളുമായി പല തരത്തിലുള്ള പോരുകളും, അവരെക്കുറിച്ച തെറ്റിദ്ധാരണകളും അവിശ്വാസവും ശത്രുതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോപിന്റെ ഈ സന്ദേശത്തിന് വളരെ പ്രാധ്യാന്യമുണ്ട്. പോപിന്റെ വിവേകപൂര്‍ണ്ണമായ ഈ വാക്കുകള്‍ കത്തോലിക്ക ലോകം ചെവികൊള്ളുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷങ്ങളോട് മാന്യമായി പെരുമാറുക എന്നത് പുതുമയുള്ള ആശയമല്ല. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി (സ), ന്യൂനപക്ഷങ്ങളുടെ ജീവന്നും സ്വത്തിന്നും അഭിമാനത്തിന്നും സംരക്ഷണം നല്‍കണമെന്നും അവരോട് സഹോദരന്മാരെപ്പോലെ പെരുമാറണമെന്നും തന്റെ അനുയായികളെ ഉണര്‍ത്തിയതായി കാണാം. ഇസ്‌ലാമിന്റെ ഈ ആദ്യകാലം ന്യൂനപക്ഷങ്ങളോടുള്ള മാതൃകാപരവും നീതിപൂര്‍ണവുമായ പരിചരണം കാരണം ലോക ചരിത്രത്തിലെ സുവര്‍ണ്ണയുഗമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ആ ചരിത്രത്തിന്റെ പുനഃസന്ദര്‍ശനം ലോകത്തിന് ഏറ്റവും അനിവാര്യമായ ഘട്ടമാണിത്.

ന്യൂനപക്ഷ വിഷയത്തില്‍ പുനരാലോചന ഉണ്ടായിവരുന്നതായി നാം സൂചിപ്പിച്ചു. യുറോപ്യന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളില്‍ ആ മാറ്റം കാണാനാവുന്നുണ്ട്. 2011 മാര്‍ച്ച് എട്ടിന് ജര്‍മന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു: ''ഇസ്‌ലാം എന്നത് ജര്‍മനിയിലെ ജീവിത രീതിയല്ല'' (ന്യൂയോര്‍ക്ക് ടൈംസ്). ഒന്നര വര്‍ഷത്തിന് ശേഷം ജര്‍മന്‍ ചാന്‍സലര്‍ അഞ്ചലാ മര്‍ക്കലിന്റെ പ്രസ്താവന: ''ഇസ്‌ലാം ജര്‍മനിയുടെ ഭാഗമാണ്'' (http://www. indianexpress.com/news/angela-merkel.says-islam-is-partof germany/1008622/). 2014 ജനുവരിയില്‍ സ്‌കൂളുകളില്‍ ഇസ്‌ലാം പാഠങ്ങള്‍ പഠിപ്പിക്കാന്‍ ജര്‍മനി തീരുമാനിക്കുകയുണ്ടായി. തദ്ദേശീയരുമായി കുടിയേറ്റ മുസ്‌ലിംകളെ ഉദ്ഗ്രഥിക്കാന്‍ വേണ്ടിയാണിത് (ന്യൂയോര്‍ക്ക് ടൈംസ്, ഫ്രാങ്ക്ഫര്‍ട്ട്, 2014 ജനുവരി 8).

ഫ്രഞ്ച് പ്രസിഡന്റ് ഓലന്റിന്റെ പ്രസ്താവനയും ശ്രദ്ധയര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞു: ''ഇസ്‌ലാം പൂര്‍ണമായും ഫ്രഞ്ച് മൂല്യങ്ങളുമായി ഒത്ത് പോകുന്നതാണ്''. പാരീസിലെ ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവന (ഏജന്‍സി റിപ്പോര്‍ട്ടുകള്‍,2014 ഫെബ്രുവരി 18).

സാമ്പത്തിക രംഗത്തും ഈ മാറ്റം ദൃശ്യമാണ്. ഈയടുത്ത കാലത്തുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടനും മറ്റു ചില രാജ്യങ്ങളും ഇസ്‌ലാമിക സമ്പദ്ഘടനയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ലോക ഇസ്‌ലാമിക് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രത്യാശിച്ചത് ഇങ്ങനയായിരുന്നു: ''ലോകത്തെ ഇസ്‌ലാമിക ഫിനാന്‍സിന്റെ മഹാ തലസ്ഥാനങ്ങളിലൊന്നായി ദുബൈ പോലെയും ക്വാലംലമ്പൂര്‍ പോലെയും ലണ്ടന്‍ മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബ്രിട്ടന്‍ ഇപ്പോള്‍ തന്നെ ഇസ്‌ലാമിക് ഫിനാന്‍സ് പോലുള്ള പ്രഫഷനല്‍ സേവനങ്ങളുടെ ഒരു പാശ്ചാത്യ കേന്ദ്രമായി മാറിയിട്ടുണ്ട്. ശരീഅത്തനുസൃത ഫിനാന്‍സിന്റെ ബ്രിട്ടനിലെ ആസ്തി 19 ബില്യന്‍ ഡോളറില്‍ എത്തിനില്‍ക്കുന്നു''. 2013-ലെ ഇസ്‌ലാമിക ഫിനാന്‍സിന്റെയും ബ്രിട്ടന്‍ കേന്ദ്രീകരിച്ചുള്ള 'ദ സിറ്റി' എന്ന ഫിനാന്‍സ് ലോബിഗ്രൂപ്പിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇസ്‌ലാം ശാപമല്ല, അനുഗ്രഹമാണ് എന്ന് തെളിയിക്കുന്ന വേറെയും ധാരാളം റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യ ദേശങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയിലും പുറംലോകത്തും എനിക്കുള്ള അനുഭവപരിചയം വെച്ച് പറയുകയാണെങ്കില്‍, നേരത്തെ പരാമര്‍ശിച്ച അവിശ്വാസം, സംശയം, ശത്രുത, വിവേചനം പോലുള്ളവ ലോകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങളാണ്. ഇസ്‌ലാമും അമുസ്‌ലിംകളും തമ്മില്‍ ആശയ വിനിമയത്തിന്റെ ഒരു മഹാവിടവ് നിലനില്‍ക്കുന്നു. ഇസ്‌ലാമിക വിശ്വാസത്തെ തെറ്റായും വികലമായും പ്രതിനിധീകരിക്കുക വഴി, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ അമുസ്‌ലിം ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുക വഴി മുസ്‌ലിംകള്‍ ഈ തെറ്റിദ്ധാരണകള്‍ പരത്തുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ഖിസ്വാസ്വ്,ഹുദൂദ് പോലുള്ള ഇസ്‌ലാമിക ശിക്ഷാനിയമ സംഹിതകളെക്കുറിച്ച വികലമായ ചിത്രീകരണങ്ങളും വ്യാപകമായി പ്രചരിക്കുന്നു. അനിയന്ത്രിതമായ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ 'ലിബറല്‍' സമൂഹങ്ങളില്‍ സര്‍വാംഗീകൃതമാണെങ്കിലും, നിയന്ത്രിതമായി മാത്രം ബഹുഭാര്യാത്വം അനുവദിക്കുന്ന ഇസ്‌ലാമിക ശരീഅത്തിന്നാണ് പഴി മുഴുവന്‍. ഈ രംഗത്ത് ബൗദ്ധികമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതോടൊപ്പം, മുസ്‌ലിം സമൂഹങ്ങളില്‍ പരിഷ്‌കരണ സംരംഭങ്ങള്‍ക്കും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ഇസ്‌ലാമികവും അല്ലാത്തതുമായ സ്വഭാവ രീതികളെ കുറിച്ച മുസ്‌ലിം സമൂഹങ്ങളുടെ തന്നെ തെറ്റിദ്ധാരണകളും അവരുടെ സാമൂഹിക നില അപകടത്തിലാകാന്‍ കാരണമായിട്ടുണ്ട്. യഥാര്‍ഥ രീതിയിലുള്ള പ്രബോധന പ്രവര്‍ത്തനം സമര്‍പ്പണ മനസ്സോടെ നടക്കുന്നില്ല എന്നതാണ് ഒരു പ്രധാന പ്രശ്‌നം. പലരും ജനങ്ങള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താറുണ്ട്. പക്ഷെ ആ ക്ഷണം അവരുടെ മദ്ഹബിലേക്കും മസ്‌ലകിലേക്കും കൂടിയുള്ള ക്ഷണമായാണ് മാറാറുള്ളത്. മതമീമാംസയുടെ വ്യത്യസ്ത വഴികളെ (മസാലിക്) ക്കുറിച്ച ചര്‍ച്ച പലപ്പോഴും വളരെ മോശമായ പതനത്തിലെത്തുകയും ഗ്രൂപ്പ് വഴക്കുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളില്‍ വരെ ഒരു പ്രത്യേക മദ്ഹബില്‍ അമിതമായി ഊന്നുന്ന പ്രവണത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നാം ശ്രദ്ധകൊടുക്കേണ്ട ഒരു പ്രധാന പ്രശ്‌നമേഖലയാണിത്. 

തുടരും

(2014 മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ വേള്‍ഡ് മുസ്‌ലിം ലീഗ് (W.M.L) 'മുസ്‌ലിം ലോകം പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ മക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം. അടുത്ത ലക്കങ്ങളില്‍ രോഹിംഗ്യ, ഉയിഗൂര്‍ മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ സവിശേഷം ചര്‍ച്ച ചെയ്യുന്നു)

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം