സിറാജുല്‍ ഹഖ് പാക് ജമാഅത്ത് അമീര്‍
ലാഹോര്‍: പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ അധ്യക്ഷനായി സിറാജുല്‍ ഹഖ് തെരഞ്ഞെടുക്കപ്പെട്ടു. പാക് ജമാഅത്തിന്റെ ഉപാധ്യക്ഷന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ ഇംറാന്‍ഖാന്റെ ഇന്‍സ്വാഫ് പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും ഖൗമി വത്വന്‍ പാര്‍ട്ടിയും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകക്ഷി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമാണ്. അഞ്ചു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തിരിക്കുന്നത്.
സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ മുനവ്വര്‍ ഹസന്‍, സെക്രട്ടറി ജനറല്‍ ലിയാഖത്ത് ബലൂച്, സിറാജുല്‍ ഹഖ് എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള അവസാന പാനലില്‍ ഉണ്ടായിരുന്നത്. കാല്‍ ലക്ഷത്തിലധികം വരുന്ന പാര്‍ട്ടി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സിറാജുല്‍ ഹഖിനെ പിന്തുണക്കുകയായിരുന്നു. ഖൈബര്‍-പക്തുണ്‍ഖ്വാ പ്രവിശ്യയില്‍ നിന്നുള്ള രണ്ടാമത്തെ ജമാഅത്ത് അധ്യക്ഷനാണ് അദ്ദേഹം. മിയാന്‍ തുഫൈല്‍ മുഹമ്മദിന് ശേഷം 1987-ല്‍ പാര്‍ട്ടി സാരഥ്യം കൈയേറ്റ ഖാദി ഹുസൈന്‍ അഹ്മദും ഇതേ പ്രവിശ്യക്കാരനായിരുന്നു. അപ്പോള്‍ ഖാദി ഹുസൈന് പ്രായം 49. പിന്നീട് 22 വര്‍ഷം സംഘടനയെ നയിച്ചു. സിറാജുല്‍ ഹഖ് സ്ഥാനമേറ്റെടുക്കുന്നത് 52-ാം വയസ്സില്‍. ഖാദിയെപ്പോലെ സിറാജുല്‍ ഹഖും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞയാള്‍. പാര്‍ട്ടികള്‍ക്കതീതമായി വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നേതാവ്. ഇങ്ങനെ ഇരുവരും തമ്മിലുള്ള സാമ്യങ്ങള്‍ നിരവധിയാണ്.
ലോവര്‍ ദീറിലെ സമര്‍ബാഗില്‍ 1962-ലാണ് സിറാജുല്‍ ഹഖിന്റെ ജനനം. തിമര്‍ഗര കോളേജിലായിരുന്നു ഡിഗ്രിക്ക് മുമ്പുള്ള പഠനം. പെഷവാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എജുക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. മൂന്ന് വര്‍ഷത്തോളം ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ ജംഇയ്യത്തുത്വലബയുടെ ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യാ ഘടകത്തിന്റെ തലവനായിരുന്നു. 1988-ല്‍ അതിന്റെ ആള്‍ പാകിസ്താന്‍ അധ്യക്ഷനായി. കുറച്ച് കാലം ഒരു സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി ചെയ്‌തെങ്കിലും വൈകാതെ രാജിവെച്ചു. പ്രവിശ്യയിലെ ജമാഅത്ത് ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നിട്ടുണ്ട്. പ്രവിശ്യയില്‍ മുത്തഹിദ മജ്‌ലിസെ അമല്‍ അധികാരത്തിലേറിയപ്പോള്‍ സീനിയര്‍ ഫിനാന്‍സ് മന്ത്രി ആയി നിയമിതനായെങ്കിലും, ജമാഅത്തിന്റെ പ്രവിശ്യാ സാരഥിയായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. 2009-ല്‍ പാക് ജമാഅത്തിന്റെ ഉപാധ്യക്ഷനായി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പല കാരണങ്ങളാല്‍ ജമാഅത്തിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. ജമാഅത്തിന് കിട്ടിയ മൂന്ന് പാര്‍ലമെന്റ് സീറ്റും ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ നിന്നായിരുന്നു. പ്രവിശ്യാ അസംബ്ലിയിലും ഏഴ് സീറ്റ് ലഭിച്ചു. സിറാജുല്‍ ഹഖിന്റെ നേതൃവൈഭവം തീര്‍ച്ചയായും ഈ നേട്ടത്തിന് പിന്നിലുണ്ട്. പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് നേതൃമാറ്റം നടന്നിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
Comments