Prabodhanm Weekly

Pages

Search

2014 മെയ്‌ 16

മുഹ്‌യിദ്ദീന്‍ മാല; ചര്‍ച്ചാ വിഷയവും രചയിതാവും

സമീര്‍ ബിന്‍സി മലപ്പുറം

മുഹ്‌യിദ്ദീന്‍ മാല; ചര്‍ച്ചാ വിഷയവും രചയിതാവും

         മുഹ്‌യിദ്ദീന്‍ മാലയെ കുറിച്ച് പ്രബോധനം ലക്കം 47-ല്‍ വരെ  എത്തിനില്‍ക്കുന്ന ചര്‍ച്ച, പ്രസ്തുത സംവാദത്തിനു തുടക്കം കുറിച്ച വി.എം കുട്ടി മാഷിന്റെ അഭിപ്രായങ്ങളില്‍ നിന്നും തെന്നിപ്പോയിരിക്കുന്നു. അഥവാ മാലയുടെ കാലഗണനയെ കുറിച്ചാണ് വി.എം കുട്ടി മാഷ് തന്റെ നിരീക്ഷണങ്ങള്‍ മുന്നോട്ടു വെച്ചത്. അതിനെ കുറിച്ചു ഈയുള്ളവനടക്കം മുന്നോട്ടു വെച്ച എതിര്‍ വാദങ്ങള്‍ ഇതുവരെ ഖണ്ഡിക്കപ്പെട്ടു കണ്ടിട്ടില്ല. അതിനു ശേഷം ബഹുമാന്യനായ ഡോ കെ.എം മുഹമ്മദ്  (ലക്കം 2849) ഉന്നയിച്ച കാര്യങ്ങളാകട്ടെ, മാലയിലെ ഉള്ളടക്കത്തെയും അതിലെ ദര്‍ശനങ്ങളെയും കുറിച്ചുള്ളതാണ്.  ''ഖാദി മുഹമ്മദിന്റെ മറ്റു രചനകള്‍ മാലയിലെ 'ബഹുദൈവത്വ ദര്‍ശനങ്ങളില്‍' നിന്ന് വേറിട്ട് നില്‍ക്കുന്നതാകയാല്‍, മാല ഖാദി മുഹമ്മദിന്റേതല്ല'' എന്ന, ആത്മാര്‍ഥമായ താര്‍ക്കിക യുക്തിയാണ് കെ.എം മുഹമ്മദിന്റെ അഭിപ്രായത്തില്‍ അടങ്ങിയിട്ടുള്ളത് (ഈ അഭിപ്രായം തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എം കുട്ടി മാഷും വാരാദ്യ മാധ്യമത്തില്‍   പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രബോധനത്തിലെ ചര്‍ച്ചയില്‍ അദ്ദേഹം കാലഗണനയെ  കുറിച്ച നിരീക്ഷണം മാത്രമാണ് പങ്കുവെച്ചത്). എന്നാല്‍ കെ.എം മുഹമ്മദ് മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങള്‍ തൗഹീദീ ദര്‍ശനത്തെ കുറിച്ചുള്ള മറ്റൊരു സംവാദത്തിന്റെ വിഷയമാണ്. മാലയുടെ ഉള്ളടക്കത്തിലെ തത്ത്വങ്ങളെയും വ്യാഖ്യാനത്തെയും സംബന്ധിച്ച സംവാദങ്ങള്‍ ഇതിനു മുമ്പും ഒരുപാട് നടന്നതാകയാല്‍ കെ.എം മുഹമ്മദിന്റെ അഭിപ്രായങ്ങള്‍ കേരളത്തിലെ വായനാ സമൂഹത്തിനു പുതുമയുള്ളതല്ല.

മാലയുടെ അവലംബങ്ങള്‍  'ബഹ്ജയും തക്മിലയും' ആണ് എന്ന് കെ.എം മുഹമ്മദും സമ്മതിക്കുന്നുണ്ട്. 'ഏകദൈവത്വത്തിനു നിരക്കാത്തത്' എന്ന നിലക്ക് അദ്ദേഹം മാലയില്‍ നിന്നുദ്ധരിക്കുന്ന വരികളൊക്കെയും ബഹ്ജയിലും തക്മിലയിലും  ഉള്ളതാണെന്ന് ആര്‍ക്കും മനസ്സിലാകും. ബഹ്ജയുടെ കര്‍ത്താവ് ഇമാം ശത്തനൂഫിയാകട്ടെ മഹാ പണ്ഡിതനും  മിസ്‌റില്‍ തഫ്‌സീര്‍ ദര്‍സ് നടത്തുന്നതില്‍  വിശ്രുതനുമായിരുന്നു. ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) പോലും ബഹ്ജയെ  ഉപജീവിച്ചു കൊണ്ടാണ് തന്റെ 'ഗിബ്ത്തുന്നാളിര്‍' എന്ന ശൈഖ് ജീലാനിയുടെ അപദാനങ്ങള്‍ രചിച്ചിട്ടുള്ളത്. തസവ്വുഫിന്റെ പരിപ്രേക്ഷ്യങ്ങള്‍ മനസ്സിലാക്കാതെ ബഹ്ജയിലെയും മറ്റും കാര്യങ്ങള്‍ വിമര്‍ശിക്കുന്നവര്‍ക്ക് ഇബ്‌നു ഹജര്‍ തന്നെ അതിന്റെ  മറുപടി വിശദീകരിച്ചിട്ടുള്ളതായി ഇമാം സഖാവി തന്റെ ഇബ്‌നു ഹജര്‍ ജീവചരിത്രമായ 'അല്‍ ജവാഹിറു വ ദ്ദുറര്‍' (പേ. 941)  ഉദ്ധരിച്ചതായി കാണാം. അപ്പോള്‍ പിന്നെ  കെ.എം മുഹമ്മദിന്റെ വിമര്‍ശങ്ങള്‍  ഇമാം ശത്തനൂഫി, അവരെ  ഉപജീവിച്ച അസ്ഖലാനി എന്നിവരിലേക്കൊക്കെ നീളും. സ്വൂഫീ തത്ത്വങ്ങളെയും സ്വൂഫീകൃതികളിലെ അലങ്കാര ഉപമകളെയും മനസ്സിലാക്കേണ്ട രീതി, തൗഹീദിനെ കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍, അതിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള  സംവാദത്തിലാണ് കെ.എം മുഹമ്മദിന്റെ അഭിപ്രായങ്ങള്‍ പ്രസക്തമാകുന്നത്. അത് ആ നിലക്ക് നടക്കേണ്ടത് തന്നെ. എന്നാല്‍ പ്രബോധനത്തില്‍ വി.എം കുട്ടി മാഷ് തുടക്കമിട്ട ചര്‍ച്ച അതല്ലല്ലോ.

ഒന്നുകില്‍ ഇത്തരം വിമര്‍ശനങ്ങള്‍ മേല്‍പറഞ്ഞ അവലംബ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളിലേക്കും അതിനെ അനുകൂലിച്ച  ഇമാമുകളിലേക്കും കൂടി നീട്ടുക. അതല്ലെങ്കില്‍ തങ്ങള്‍ മനസ്സിലാക്കിയതല്ലാത്ത വ്യാഖ്യാന വഴികളും മേല്‍കൃതികള്‍ക്ക് ഉണ്ടെന്നു മനസ്സിലാക്കുക. ഇതില്‍ ഏത് സമീപനവും ആര്‍ക്കും തങ്ങളുടെ അറിവിനും കണ്ടെത്തലിനുമനുസരിച്ച്  സ്വീകരിക്കാനും  അതില്‍ സംവാദം നടത്താനും  സ്വാതന്ത്ര്യമുണ്ടല്ലോ. പക്ഷേ, മറ്റു തെളിവുകളുടെ അഭാവത്തില്‍ ഒരു രചയിതാവിനെ രചനയില്‍ നിന്ന് 'പറിച്ചെടുക്കുന്നത്' ശരിയല്ല.

അതോടൊപ്പം, മാലയുടെ ആധ്യാത്മിക സൗന്ദര്യവും അതിലെ ഏക ദൈവ ദര്‍ശനത്തിന്റെ ആഴങ്ങളും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ മാലയെ സ്‌നേഹിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നവരും പരാജയപ്പെട്ടിട്ടുണ്ടെന്നും, മാലയെ ബാഹ്യമാത്രമായി വായിക്കപ്പെടുന്നതിനു അത് ഒരു കാരണമായിട്ടുണ്ടെന്നും  പറയാതെ വയ്യ.

സമീര്‍ ബിന്‍സി മലപ്പുറം

ചെമ്പകശ്ശേരിയിലെ 'ആശാന്‍'മാര്‍

         2847-ാം ലക്കത്തില്‍ ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ 'ഖാദി മുഹമ്മദും ഒരു ചരിത്ര ഘട്ടവും' എന്ന ലേഖനം നല്ല വായനാനുഭവമായിരുന്നു.

ചാലിയം കോട്ട പിടിച്ചടക്കാന്‍ മുസ്‌ലിംകള്‍ നടത്തിയ പോരാട്ടം വായിച്ചപ്പോഴാണ് അധികമാരും അറിയാത്ത മറ്റൊരു പോരാട്ട ചരിത്രം പങ്കുവെക്കണമെന്ന് തോന്നിയത്.

വടക്കന്‍ തിരുവിതാംകൂര്‍ രാജ്യമായ കൊച്ചിയെ അന്നത്തെ രാജാവില്‍ നിന്ന് ചെമ്പകശ്ശേരി രാജാവ് പിടിച്ചെടുത്തത് ചെമ്പകശ്ശേരിയുടെ 'ആശാന്‍'മാര്‍ എന്ന് അറിയപ്പെട്ടിരുന്ന മുസ്‌ലിം പോരാളികളുടെ പിന്‍ബലത്തിലായിരുന്നു. അവരില്‍ പ്രധാനികളായിരുന്നു ഹിന്ദു സമുദായത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച ആലിക്കുറുപ്പ് ആശാന്‍, മമ്മിക്കുറുപ്പ് ആശാന്‍, മൈതീന്‍ കുറുപ്പ് ആശാന്‍. പിന്നീട് ഈ സംഘം ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് ദേശത്ത് താമസിച്ചിരുന്നതായി കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലും പറയുന്നുണ്ട്.

അക്കാലത്ത് നൂറ് കണക്കിന് മുസ്‌ലിം പോരാളി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ നൂറ്റാണ്ട് മുമ്പ് നമസ്‌കാരത്തിനായി പണിത മുസ്‌ലിം പള്ളി ആ പരമ്പരയില്‍ പെട്ടവര്‍ പുതുക്കി പണിത് കാത്ത് സൂക്ഷിക്കുന്നു. പക്ഷേ, ഇന്ന് അവിടെ വെറും രണ്ട് മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളത്. ഉറച്ച വിശ്വാസികളായിരുന്ന അവര്‍ ജോലിയുടെ ഭാഗമായാണ് മാങ്കൊമ്പ് ക്ഷേത്രത്തിന് കാവല്‍ നിന്നത്. ക്ഷേത്രത്തില്‍ വിളക്കുകള്‍ കത്തിക്കുന്നത് പോലും ആശാന്മാരായ മുസ്‌ലിം പട്ടാളക്കാര്‍ ആയിരുന്നുവെന്നത് ചരിത്ര സത്യം.

മുഴുവന്‍ തടിയില്‍ തീര്‍ത്തിരിക്കുന്ന പുരാതനമായ ആലപ്പുഴ ജില്ലാ കോടതി പോലും അവരുടെ സംഭാവനയാണെന്ന് ഞങ്ങളുടെ കാരണവന്മാരായ ആശാന്മാരില്‍ നിന്ന് കേട്ടിട്ടുണ്ട്. 'ആശാന്‍'മാരുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തി അവ പ്രസിദ്ധീകരിക്കാന്‍ വല്ലവരും മുന്നിട്ടിറങ്ങുന്ന പക്ഷം കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന് അത് ചരിത്രപരമായ നേട്ടമായിരിക്കും.

ആശാന്‍ അബ്ദുര്‍റഹീം തുറവൂര്‍, ആലപ്പുഴ

ഗള്‍ഫ് മലയാളിയും സാമ്പത്തിക അച്ചടക്കവും

         ഗള്‍ഫ് ജീവിതം പരാമര്‍ശിക്കപ്പെടുമ്പോള്‍ അനിവാര്യമായും കടന്നുവരേണ്ട വിഷയമാണ് പ്രവാസിയുടെ സാമ്പത്തിക അച്ചടക്കവും ആസൂത്രണവും. പ്രബോധനം 46-ാം ലക്കം പ്രവാസ ജീവിതത്തിന്റെ മിക്ക തലങ്ങളും പരാര്‍മശിച്ചെങ്കിലും നടേ പറഞ്ഞ വിഷയം വേണ്ടത്ര ഗൗനിക്കാതെ പോയി.

40 ലക്ഷം ഇന്ത്യന്‍ വംശജര്‍ വിവിധ ജി.സി.സി രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. ഇവരില്‍ മഹാ ഭൂരിപക്ഷവും മലയാളികളാണ്. ഖത്തറിലെ ഏഴു ലക്ഷം ഇന്ത്യക്കാരില്‍ 60 ശതമാനവും കേരളീയരാണ്. ഇവരില്‍ അഭ്യസ്തവിദ്യരും തൊഴില്‍ വിദഗ്ധരുമുണ്ട്. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം നേടിയ അവിദഗ്ധ തൊഴിലാളികളാണ് ഏറെയും.

നാടിന്റെ വികസനത്തില്‍ ഗള്‍ഫ് മലയാളിയുടെ പങ്കു ചെറുതല്ല. കഠിനാധ്വാനിയായ ഗള്‍ഫുകാരന്‍ ഒരേസമയം മാതൃരാജ്യത്തെയും പോറ്റുനാടിനെയും സേവിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ കേരളവും, അംബര ചുംബികളായ കെട്ടിടങ്ങളും കോണ്‍ക്രീറ്റ് സൗധങ്ങളും നിറഞ്ഞ മിനി ഗള്‍ഫായി മാറി. പക്ഷേ, ഒരു ശരാശരി ഗള്‍ഫുകാരന്റെ സ്ഥിതിയെന്താണ്? ജീവിതം മരുഭൂമിക്ക് തീറെഴുതിക്കൊടുത്ത ഗള്‍ഫുകാരന്‍ തിരിച്ചുവരവ് ഭയപ്പെടുന്നതെന്ത് കൊണ്ടാണ്?

കരുതി വെപ്പില്ലാത്തവരും അസംഘടിതരുമാണ് ഗള്‍ഫ് മലയാളികള്‍. ഗള്‍ഫ് സാധനങ്ങള്‍ വാങ്ങിക്കൂട്ടി നാട്ടിലെത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരായിരുന്നു ആദ്യകാല പ്രവാസികള്‍. ഫോറിന്‍ സാധനങ്ങളോടുള്ള ഭ്രമം തെല്ലടങ്ങിയിട്ടുണ്ടെങ്കിലും ഗള്‍ഫുകാരന്റെ ധൂര്‍ത്തിനും ദുര്‍വ്യയത്തിനും പൊങ്ങച്ചത്തിനും അറുതി വന്നിട്ടില്ല. കൊട്ടാര സദൃശമായ വീടും ആഡംബര വാഹനവും ഗള്‍ഫുകാരന്റെ പൊങ്ങച്ചത്തിന്റെ നേര്‍ സാക്ഷ്യമാണ്. മരുപ്പറമ്പില്‍ ചോര നീരാക്കിയ ലക്ഷങ്ങള്‍ വിവാഹമാമാങ്കത്തിനും സല്‍ക്കാരത്തിനും വേണ്ടി വാരിയെറിയുന്ന പ്രവാസി നാളെയെക്കുറിച്ച് ചിന്തിക്കുന്നില്ല.

മോഹന വാഗ്ദാനം നല്‍കി നിക്ഷേപം സ്വീകരിക്കാന്‍ പാത്തും പതുങ്ങിയുമെത്തുന്ന വഞ്ചകന്മാരെ തിരിച്ചറിയാന്‍ ഗള്‍ഫ് മലയാളിക്ക് സാധിക്കുന്നില്ല. അമിത ലാഭവും നിക്ഷേപ സുരക്ഷയും ഉറപ്പ് കൊടുത്ത് പ്രവാസിയുടെ സമ്പാദ്യം അടിച്ചെടുക്കുന്ന വിരുതന്മാര്‍ പെരുകിവരികയാണ്. അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും ബിസിനസ് സംരംഭങ്ങളുമായി വിമാനം കയറിവരുന്ന 'മാന്യന്മാരു'ടെ കെണിയില്‍ വീണുപോകും മുമ്പെ രണ്ടുവട്ടം ആലോചിക്കാന്‍ പ്രവാസി സമയം കണ്ടെത്തണം. അങ്ങനെ നാട്ടിലും മറുനാട്ടിലുമായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുണ്ട്. അപമാനഭാരത്താല്‍ തല താഴ്ത്തി സങ്കടം ഉള്ളിലൊതുക്കുന്ന അസംഖ്യം മിസ്‌കീനുകള്‍!!

സുബൈര്‍ കുന്ദമംഗലം

         ജിബ്രാന്‍ എഴുതുന്ന പുതിയ പംക്തി 'റീഡിംഗ് റൂമി'ന് തുടര്‍ച്ചകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രബോധനം വായനക്കാരില്‍ ഏറിയ പങ്കും മറ്റു മത പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിക്കാത്തവരാണെന്നതാണനുഭവം. അവര്‍ക്ക് ഇതര പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കം അറിയാനും എഴുത്തുകളിലെ നെല്ലും പതിരും തിരിച്ചറിയാനും ഈ പംക്തി സഹായകമാവും. മലയാളനാടില്‍ കൊല്ലങ്ങളോളം പരേതനായ എം. കൃഷ്ണന്‍ നായര്‍ തുടര്‍ന്നിരുന്ന പംക്തി മറ്റു ആനുകാലികങ്ങളിലെ ഉള്ളടക്കമറിയാന്‍ ഏറെ ഉപകാരപ്പെട്ടിരുന്നു.

മമ്മൂട്ടി കവിയൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 83-85
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം