Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 11

സാറാ ബോക്കര്‍ ജീവിതം പറയുന്നു... <br>മാനത്ത് ഇരട്ട മാരിവില്ല് വിരിഞ്ഞ ദിനം...

പി.പി അബ്ദുല്ലത്തീഫ് പൂളപ്പൊയില്‍ /ഫീച്ചര്‍

         ജനിച്ചത് അമേരിക്കയിലെ തെക്കന്‍ ദാക്കോട്ടയിലെ ഒരു ചെറിയ പട്ടണത്തില്‍. ഫ്രഞ്ച്-നോര്‍വീജിയന്‍ വംശജയായ മാതാവിന്റെയും ജര്‍മന്‍ വംശജനായ പിതാവിന്റെയും മകള്‍. ശരിയും തെറ്റും എന്തെന്നുപദേശിക്കുന്ന ശീലമുള്ളവരായിരുന്നില്ല മാതാപിതാക്കള്‍. എന്റെ ഇഷ്ടാനുസാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കി. ഞാനെന്താകണമെന്ന് സ്വയം തീരുമാനിക്കട്ടെ എന്നതായിരുന്നു അവരുടെ തീരുമാനം. നിഷ്‌കളങ്കരും കഠിനാധ്വാനികളുമായിരുന്ന അവര്‍ അധികമൊന്നും എന്നോട് ആശയവിനിമയം നടത്താറുണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിനോട് ചേര്‍ന്ന് അവരൊരു ബാര്‍ നടത്തിയിരുന്നു. മുഴുസമയവും അവര്‍ തങ്ങളുടെ ബിസിനസ്സില്‍ മുഴുകി. ഞാനും മൂന്നു വയസ്സുകാരനായ എന്റെ ഏക സഹോദരനും ബേബി സിറ്റിങ്ങില്‍ കഴിഞ്ഞു.

ക്രിസ്തുമതവുമായി ബന്ധപ്പെട്ട ചില ഗ്രൂപ്പുകള്‍. മാതാവിന്റെ പ്രേരണയാല്‍ കുടുംബത്തോടൊപ്പം ഞായറാഴ്ചകളില്‍ ലൂതറന്‍ ചര്‍ച്ചില്‍ പോകും. അതുകൊണ്ട് ലൂതറന്‍ ക്രിസ്ത്യാനിയായിട്ടാണ് വളര്‍ന്നതെന്ന് പറയാം. ദൈവത്തില്‍ വിശ്വാസമുണ്ടെങ്കിലും ചര്‍ച്ച് വകകളായ പാട്ടും കുരിശും യേശുവിന്റെ ചിത്രങ്ങള്‍ പൂജിക്കലും എന്നെ തീരെ തൃപ്തയാക്കിയില്ല. ദൈവവും ദൈവപുത്രനുമായി ഒരേ സമയം പരിചയപ്പെടുത്തപ്പെട്ട യേശുവിന്റെ കുരിശുമരണം തീരെ ഉള്‍ക്കൊള്ളാനായിരുന്നില്ല. കാരണം എന്റെ മനസ്സിലെ ദൈവം മരണമില്ലാത്ത ദൈവമാണ്. ആത്മീയമായ അടുപ്പത്തേക്കാള്‍ അകല്‍ച്ചയാണ് അതെന്നിലുണ്ടാക്കിയത്. ദൈവവിശ്വാസം കൈവിട്ടിരുന്നില്ലെങ്കിലും ജീവിതത്തില്‍ എന്തോ ഒന്ന് നഷ്ടപ്പെട്ടതായി സദാ ഒരു തോന്നല്‍. ഹൃദയത്തിന് ഒരു ദ്വാരം വീണതുപോലെ. ദുഃഖവും ഏകാന്തതയുടെ അന്ധകാരവും ശരീരത്തിലെ ഓരോ കോശത്തിലും മനസ്സിലും ആത്മാവിലും തുളച്ചുകയറി. ആ ദ്വാരം മൂടാന്‍ ഒന്നിനുമായില്ല, വേദന വിട്ടൊഴിഞ്ഞില്ല. ഹൃദയവേദനകള്‍ മരവിപ്പിച്ച് ആശ്വാസം നേടാമെന്ന് കരുതിയാണ് വളരെ ചെറുപ്പത്തിലേ മദ്യത്തില്‍ അഭയം തേടിയത്. പക്ഷെ, അത് താല്‍ക്കാലികം മാത്രമായിരുന്നു. മദ്യത്തിന്റെ മരവിപ്പ് മാറിയാല്‍ ദുഃഖത്തിന്റെയും അസ്വസ്ഥതയുടെയും കയത്തിലേക്ക് വീണ്ടും എടുത്തെറിയപ്പെടുന്നു. രക്ഷപ്പെടലിനെക്കുറിച്ചായി പിന്നെ ചിന്ത. എന്നില്‍ നിന്നും ഞാനുള്ളിടത്തുനിന്നുമുള്ള രക്ഷപ്പെടല്‍. ഞാനെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. എന്നാല്‍ എവിടെയാണ് ഞാനുള്ളതെന്ന തിരിച്ചറിവുള്ളതിനാല്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു.

ഒരു പുതിയ തുടക്കം ആഗ്രഹിച്ചുകൊണ്ടാണ് മറ്റു പെണ്‍കുട്ടികളെപ്പോലെ  ജീവിതത്തിന്റെ അറ്റമില്ലാത്ത ആനന്ദം തേടി കോളേജ് പഠനം ഉപേക്ഷിച്ച് 19-ാം വയസ്സില്‍ ഫ്‌ളോറിഡയിലേക്ക് പോയത്. അവിടെ നിന്ന് ജീവിതം ആഘോഷിച്ചാനന്ദിക്കുന്നവരുടെ പറുദീസയായ മിയാമിയുടെ തെക്കന്‍ തീരത്തേക്കും. ഒരു പരിധിവരെ പുതിയ ലോകവും പരിസരവും ആനന്ദവും ആഹ്ലാദവും നല്‍കി. പക്ഷെ അതും ഉപരിപ്ലവമായിരുന്നു. ഹൃദയ വേദനയും ദുഃഖവും അങ്ങനെ തന്നെ അവശേഷിച്ചു.

ഹൃദയവേദന ശമിപ്പിക്കാനുള്ളതുമന്വേഷിച്ച് വീണ്ടും യാത്ര തുടര്‍ന്നു. മനഃശാസ്ത്രത്തിലേക്ക് തിരിഞ്ഞു. അതിനായി പുസ്തകങ്ങളെയും കാസറ്റുകളെയും വ്യായാമങ്ങളെയും അവലംബിച്ചു. മൊത്തത്തില്‍ ഇവയെല്ലാം എന്നില്‍ നല്ല പ്രതിഫലനമുണ്ടാക്കി. ജീവിതവുമായി മുന്നോട്ടു പോകാനുള്ള ശക്തി ലഭിച്ചതായി തോന്നി. ഫ്‌ളോറിഡന്‍ ജീവിത ശൈലിയില്‍ ആകൃഷ്ടയായി. വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടതിനാല്‍ പണത്തിന് പ്രയാസമുണ്ടായില്ല. പണം വന്ന വേഗത്തില്‍ തന്നെ ഷോപ്പിങ്ങിലൂടെയും പാര്‍ട്ടികളിലൂടെയും ചെലവായിപ്പോയി. എല്ലാറ്റിനും ഏതിനും പണം ആവശ്യമായതിനാല്‍ നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ കരസ്ഥമാക്കി. അത് കടത്തിനുമേല്‍ കടമാണ് സമ്മാനിച്ചത്. പക്ഷെ അന്നത്തെ ഒരു ദിവസത്തേക്ക് മാത്രം ജീവിക്കാന്‍ തീരുമാനിച്ച എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല.

അതിനിടെ എന്റെ ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ഞാന്‍ കൂടുതല്‍ ബോധവതിയായി. ശരീര-സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം സമയവും പണവും ചെലവഴിച്ചു. അങ്ങനെ ഞാനെന്റെ സൗന്ദര്യബോധത്തിന്റെ അടിമയായി. കേശാലങ്കാരം, വസ്ത്രം, ജിം എന്നിവക്കായി ഷോപ്പിങ് മാളുകളില്‍ രമിച്ചു. സൗന്ദര്യത്താല്‍ ജനം എന്നെ ശ്രദ്ധിക്കാനും എന്നില്‍ ആകൃഷ്ടയാകാനും തുടങ്ങിയാല്‍ അതെനിക്കാനന്ദവും ആത്മനിര്‍വൃതിയും നല്‍കുമെന്ന വിശ്വാസമായിരുന്നു ഇതിന് പ്രേരകം. ഞാന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പക്ഷെ, ആ നോട്ടങ്ങള്‍ എന്നില്‍ വെറുപ്പാണ് അവശേഷിപ്പിച്ചത്. അതെന്നെ ദുഃഖിതയാക്കി. ഇനി സന്തോഷത്തിനേത് വഴി? ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു.

തുടര്‍ന്ന് സ്‌നേഹത്തിനു പിന്നാലെ പോയി. കുറച്ചുകാലത്തേക്കെങ്കിലും എനിക്കത് സന്തോഷം നല്‍കി. പിന്നെ മതങ്ങളിലേക്കായി എന്റെ ശ്രദ്ധ. എല്ലാ തരം മതങ്ങളിലേക്കും. അധിക മതങ്ങളിലും ഒരു പ്രാപഞ്ചിക സത്യത്തെ തിരിച്ചറിയാന്‍ കഴിഞ്ഞത് എന്നില്‍ ആവേശമുണ്ടാക്കി. എല്ലാ മതങ്ങളും വ്യത്യസ്തമായി തോന്നിയെങ്കിലും സത്തയില്‍ എല്ലാം ഒന്നാണെന്ന് എനിക്കനുഭവപ്പെട്ടു. എന്റെ ആത്മീയാന്വേഷണത്തോടൊപ്പം സകല മനുഷ്യരോടും അതുപോലെ സമാധാനത്തോടുമുള്ള സ്‌നേഹവും എന്റെ ഹൃദയത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു. പൗരസ്ത്യ ധ്യാനങ്ങളും യോഗയും പോലുള്ള ആധ്യാത്മിക പഠനത്തോടായിരുന്നു എനിക്ക് കൂടുതല്‍ താല്‍പര്യം. ഞാനവയോടൊട്ടിപ്പിടിച്ചു. കൃത്യമായി നിര്‍വ്വചിക്കപെടാത്ത ഈ ആധ്യാത്മികതയില്‍ എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണമെന്നും ആരിലൂടെയെങ്കിലും കൂടുതല്‍ അറിയണമെന്നും പഠിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ജീവിതത്തില്‍ വ്യവസ്ഥയും ചിട്ടയും, പിന്തുടരാനൊരു നിയമവും ഞാന്‍ തേടുന്നുണ്ടായിരുന്നു. കൃത്യമായ ഒരു മതത്തെയും പിന്‍പറ്റിയില്ലെങ്കിലും ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കുകയും ആ ദൈവത്തിലേക്കടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്ന ആത്മീയവാദിയായിരുന്നു ഞാന്‍. ധ്യാനങ്ങളിലൂടെ ഞാനെന്റെ ഹൃദയത്തെ ശുദ്ധീകരിക്കാന്‍ ശ്രമിച്ചു. കാലമേറെയായി പേറുന്ന എല്ലാ നിഷേധങ്ങളുടെ വിഴുപ്പുകളും ഇറക്കി സ്‌നേഹം പകരുന്ന വിശുദ്ധ ഹൃദയം കൈവരിക്കാന്‍ ഞാന്‍ ശ്രമിച്ചു.

അനുഭവിച്ച ആധ്യാത്മികതയെല്ലാം വളരെ സ്വതന്ത്രവും, അമൂര്‍ത്തവും, സ്വേഛാനുസാരവുമായതിനാല്‍ എന്റെ അന്വേഷണങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. ഒടുവില്‍ കോളേജില്‍ പോകാന്‍ തുടങ്ങി. 2001-ല്‍ ഫ്‌ളോറിഡ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പബ്ലിക് റിലേഷന്‍ ആന്റ് ഇന്റര്‍നാഷനല്‍ റിലേഷനില്‍ ഡിഗ്രി നേടി. അതിനു മുമ്പ് കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് നാടകവും പഠിച്ചിരുന്നു. പഠനം എന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ അഭിനിവേശം വളര്‍ത്തി. അതെന്നെ അമേരിക്കന്‍ ചരിത്രത്തിന്റെയും, അമേരിക്കന്‍ വിദേശനയത്തിന്റെയും വൃത്തികെട്ട മുഖം എന്താണെന്ന് ബോധ്യപ്പെടുത്തി. അവിടെ നടമാടുന്ന അനീതിയും വംശീയ യാഥാസ്തികതയും അടിച്ചമര്‍ത്തലും എന്നെ ഭീതിപ്പെടുത്തി. അതെന്റെ ഹൃദയം തകര്‍ത്തു. ആശ്വാസത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. മധ്യപൗരസ്ത്യ ദേശത്തെ അനീതിക്കെതിരെ പ്രാദേശിക സ്‌കൂള്‍ വിദ്യാര്‍ഥികളെയും കോളേജ് വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കാന്‍ ആരംഭിച്ചു. അതോടൊപ്പം ഇറാഖ് യുദ്ധ തീരുമാനത്തിനെതിരെ പ്രാദേശിക സാമൂഹിക പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് വാഷിംങ്ങ്ടണ്‍ ഡി.സിയിലേക്ക് യാത്ര നടത്താനും തീരുമാനിച്ചു. പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിനിടയില്‍ എന്നെ വിസ്മയിപ്പിച്ചുകൊണ്ട് എന്റെ അതേ ദൗത്യവുമായി ഇറങ്ങിപ്പുറപ്പെട്ട ഒരു മുസ്‌ലിം യുവാവിനെ പരിചയപ്പെട്ടു. നീതിക്കും മനുഷ്യാവകാശത്തിനുമായി ഇങ്ങനെ സമര്‍പ്പിച്ച ഒരു വ്യക്തിയെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. അദ്ദേഹം തുടക്കം കുറിച്ച ഒരു ചെറിയ സംഘടനയില്‍ എനിക്ക് സന്നദ്ധസേവനം ചെയ്യാന്‍ സാധിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനും ധാരാളം പഠിക്കാനും സാധിച്ചു.

അമേരിക്കന്‍ യുദ്ധവിരുദ്ധ റാലികള്‍ക്കായി ഞങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനിടക്ക് മുഹമ്മദ് നബിയുടെയും അനുയായികളുടെയും, ഭൂമിയിലെ അത്യപൂര്‍വ്വമോ ഏകമോ ആയ സാമൂഹ്യ നീതിയുടെ വിസ്മയകരമായ ഇസ്‌ലാമിക നാഗരികതയുടെയും കഥകള്‍ അദ്ദേഹം ഞാനുമായി പങ്കുവെച്ചിരുന്നു. ഈ കഥകള്‍ എന്നെ കോരിത്തരിപ്പിച്ചു. കാരണം ഇതിനു മുമ്പ് ഞാനത് കേട്ടിരുന്നില്ല. സഹവര്‍ത്തിത്വത്തിന്റെയും പരസ്പരസഹകരണത്തിന്റെയും ഒരു ലോകം പുലര്‍ന്നു കാണാന്‍ ഞാന്‍ അതിയായി കൊതിച്ചിരുന്നു. ദാരിദ്ര്യത്തിലും പ്രയാസത്തിലും പരസ്പരം സഹായിക്കുന്ന ഒരു വലിയ കുടുംബമായി ലോകം വളരാനും. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തെ പരക്ഷേമ തല്‍പരതയെയും നീതിയെയും ഇസ്‌ലാമിലെ തുല്യതയെയും സാമൂഹ്യനീതിയെയും കുറിച്ച് അറിഞ്ഞപ്പോള്‍, ഇതു തന്നെയല്ലേ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒരിക്കല്‍ ഈ ഭൂമിയില്‍ പൂവണിഞ്ഞതായിരുന്നു എന്റെ സ്വപ്നമെങ്കില്‍ തീര്‍ച്ചയായും അത് ഇനിയും സാധ്യമാകും. ഇസ്‌ലാം എന്നെ ആകര്‍ഷിക്കുകയായിരുന്നു. അങ്ങനെയാണ് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനായി കിട്ടുന്നതെല്ലാം ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. അവസാനമായി ഖുര്‍ആന്‍ പഠിക്കാനും ആരംഭിച്ചു.

ഞാനിത്രകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന സത്യം ഇസ്‌ലാമില്‍ കണ്ടെത്തിയതായി എനിക്ക് തോന്നി. മനപ്പൂര്‍വ്വമല്ലെങ്കിലും നിരവധി വാര്‍പ്പുമാതൃകകളിലുള്ള പ്രചാരണങ്ങളാല്‍ നിര്‍മിതമായ തെറ്റിദ്ധാരണകളില്‍ ഞാനും വീണിട്ടുണ്ടായിരുന്നു. 2001 സെപ്തബര്‍ 11-നാണ് ഇസ്‌ലാം ആദ്യമായി എന്റെ ഗൗരവ ശ്രദ്ധയില്‍ പെട്ടത്. ഒരു ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമെന്ന നിലയില്‍ നല്ലൊരു ലോകത്തിനായി പ്രയത്‌നിക്കുകയായിരുന്ന എനിക്ക് ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല അന്നുവരെ എനിക്ക് പരിചയപ്പെടുത്തപ്പെട്ട ഇസ്‌ലാം. ഇസ്‌ലാം എന്നാല്‍ ടെന്റുകളില്‍ ഒളിപ്പിച്ച സ്ത്രീകള്‍, ഭാര്യയെ അടിക്കല്‍, ബഹുഭാര്യാത്വം, ഭീകരതയുടെ മറ്റൊരു പദം എന്നിങ്ങനെയായിരുന്നു ഞാനാദ്യമായി വായിച്ച പുസ്തകം എന്നെ പഠിപ്പിച്ചത്. സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ സമീപനത്തെക്കുറിച്ച് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു, എന്തുകൊണ്ടാണവരില്‍ വ്യത്യസ്തമായ ഒരു വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കുന്നത്? അത്തരം ഒരു വസ്ത്രത്തോട് എനിക്കൊരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ല. കാരണം, ഞാനെങ്ങനെയിരിക്കുന്നുവെന്ന് ജനങ്ങളറിയാത്ത കാലത്തോളം എനിക്ക് അസ്തിത്വമില്ല എന്ന് ഞാന്‍ വിശ്വസിച്ചു. കുട്ടികളെയും ഭര്‍ത്താവിനെയും പരിചരിച്ച് വീട്ടിനകത്ത് കുടുംബകാര്യങ്ങളുമായി ഒതുങ്ങാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ക്കും അസ്തിത്വമില്ലെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അസഹനീയമാണ്. എങ്ങനെ ഒരു കൂട്ടിലിട്ടപോലെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയും? പുറം ലോകം കാണാത്ത സ്ത്രീക്കെന്താണ് ജീവിതം? എന്തിനാണവള്‍ ഭര്‍ത്താവിനെ അനുസരിക്കുന്നത്?

എന്നെ കൊന്നുകൊണ്ടിരുന്ന ഈ ചോദ്യങ്ങള്‍ക്ക് എന്റെ യുക്തിയോട് സംവദിക്കുന്ന പ്രായോഗികവും മനോഹരവുമായ മറുപടി എനിക്ക് കിട്ടി. അതെ, ഇസ്‌ലാം കേവലം ഒരു മതമല്ല. അതൊരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്. അതില്‍ വളരെ ചെറുതും നിസ്സാരവുമായതിനുവരെ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരങ്ങളും കാണും. എങ്ങനെ ഭക്ഷണം കഴിക്കണം എങ്ങനെ ഉറങ്ങണം എന്നുവരെ വിശദീകരിക്കുന്നത് അത്ഭുതമല്ലേ? ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് സൃഷ്ടിയും സ്രഷ്ടാവും, ജീവിതവും മരണവും, മരണാനന്തര ജീവിതവും ഒരു പ്രാപഞ്ചിക യാഥാര്‍ഥ്യമായി എന്റെ മുന്നില്‍ തെളിഞ്ഞു വന്നത്. പുരോഹിതന്റെ മധ്യവര്‍ത്തിത്വമില്ലാതെ വായിച്ച ഖുര്‍ആനാകുന്ന വേദഗ്രന്ഥം എന്റെ ഹൃദയത്തോടും ആത്മാവിനോടുമായിരുന്നു സംവദിച്ചത്.

പടിഞ്ഞാറ് ഉള്‍ക്കാമ്പില്ലാത്ത പുറം തോട് മാത്രമാണ്. അര്‍ഥമില്ലാത്ത വര്‍ണാഭമായ ഒരു മായ. അവിടെ തലയില്ലാ കോഴിയുടെ പിന്നാലെ ജനം നെട്ടോട്ടമോടുകയാണ്. കിട്ടുന്നതെല്ലാം ശേഖരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുള്ള ഈ ഓട്ടത്തില്‍ അവര്‍ വിജയിക്കുന്നില്ല. അപകടകരമാം വിധം സമൂഹത്തെ വേട്ടയാടുന്ന വിഷാദരോഗത്തിന്റെയും ആത്മഹത്യയുടെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആധിക്യം അതാണ് നമ്മോട് പറയുന്നത്. ഒരു നിശ്ചയവുമില്ലാതെ ജനം ജീവിക്കുന്നു, ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുന്നു. അനുഭവിക്കുന്ന ശൂന്യത പരിഹരിക്കാന്‍ അര്‍ഥം തേടിയലയുന്നു. ധാര്‍മികതയെക്കുറിച്ചുള്ള അനിശ്ചിതത്വം ശരിതെറ്റുകളെ വേര്‍തിരിച്ചെടുക്കാനുള്ള വിവേകം അവര്‍ക്ക് നഷ്ടമാക്കി. മനസ്സാക്ഷി ചൂണ്ടിക്കാണിക്കുന്ന ശരിയും തെറ്റും പോലും ആര്‍ക്കൊക്കെ എങ്ങനെയൊക്കെ ശരിയും തെറ്റുമാകുമെന്ന് തിട്ടമില്ലാത്തതിനാല്‍ മനുഷ്യന്റെ നൈസര്‍ഗിക ചേതന തമസ്‌കരിക്കപ്പെട്ടു. പടിഞ്ഞാറിലെ ഫെമിനിസ്റ്റുകളെന്ന് സ്വയം പേരിട്ട് വിളിക്കുന്നവര്‍ പുരുഷനെ മനുഷ്യനാക്കുന്ന പ്രകൃതി തേട്ടങ്ങളെപ്പോലും ഇല്ലായ്മചെയ്ത് അവന്റെ ബന്ധങ്ങളുടെയും സാമൂഹിക ഉത്തരവാദിത്വങ്ങളുടെയും അടിക്കല്ലിളക്കുന്നു. വിവാഹവും വീടും കുടുംബവുമില്ലാത്ത, ലജ്ജയും പാതിവ്രത്യവും മാതൃത്വവും നിന്ദയോടെ കാണുന്ന ഈ സമൂഹം പുരോഗതിയെയും, സ്വാതന്ത്ര്യത്തെയുമല്ല പ്രതിനിധാനം ചെയ്യുന്നത്, മറിച്ച് അധഃപതനത്തിന്റെ ഏറ്റവും നികൃഷ്ടമായ തലത്തെ അരാജകത്വവും അലങ്കോലവും ചിന്താകുഴപ്പവുമാണ് സമൂഹത്തിന് സമ്മാനിക്കുന്നത്.

'ഭീകരതക്കെതിരെയുള്ള യുദ്ധം' കൃത്യമായ അജണ്ടയോടെ മുന്‍കൂട്ടിയുണ്ടാക്കിയ ധാരണപ്രകാരം നടത്തപ്പെടുന്നതാണ്. അത് ഏതെങ്കിലും സംഭവത്തോടുള്ള പ്രതികരണമല്ല. പക്ഷെ, ഈ യുദ്ധം ലോകത്തിന്റെ കപട ഭീകര മുഖം ജനതയുടെ മുന്നില്‍ തുറന്നുകാട്ടി. അതോടൊപ്പം പരീക്ഷണത്തില്‍ പിടിച്ചുനില്‍ക്കാനുള്ള വിശ്വാസികളുടെ കരുത്തും, ഭീഷണിപ്പെടുമ്പോള്‍ വില്‍പനക്ക് വെച്ച അല്‍പവിശ്വാസിയുടെ വിശ്വാസ ദൗര്‍ബല്യവും.

ഏതായിരുന്നാലും ഇസ്‌ലാമിന് വഴങ്ങാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം വളരെ പ്രയാസകരവും വളരെയധികം ഉത്തരവാദിത്വങ്ങളുള്ളതുമായിരുന്നു. 2003-ലെ ജനുവരി മാസത്തെ ഒരു തണുത്ത രാത്രിയില്‍, വാഷിംങ്ങ്ടണ്‍ ഡി.സിയിലെ ഒരു യുദ്ധവിരുദ്ധ പ്രകടനം കഴിഞ്ഞ് തിരിച്ചു പോകുന്ന ബസ്‌യാത്രയില്‍, ജീവിതത്തിലെ ഒരു ദശാസന്ധിയിലായിരുന്നു ഞാനുണ്ടായിരുന്നത്.ഞാനെന്റെ ജോലി വെറുത്തു. ഒരുമിച്ചു വളര്‍ന്ന എന്റെ ഭര്‍ത്താവിനെ ഈയിടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. യുദ്ധവിരുദ്ധ ജനതയെ സംഘടിപ്പിക്കുന്ന കാര്യത്തില്‍ എനിക്ക് പിടിപ്പത് പണി. 29-ാം വയസ്സിലും ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടണമെന്നറിയാത്തവള്‍. എല്ലാ നിയന്ത്രണങ്ങളും പൊട്ടി, ഞാന്‍ കരയാന്‍ തുടങ്ങി. ഞാന്‍ സ്വന്തത്തോട് ചോദിച്ചു. ''എനിക്കെന്ത് ചെയ്യാനുണ്ട്? എന്ത് ചെയ്യാന്‍ കഴിയും?''ഒരുനല്ല മനുഷ്യനാകാനും ഒരു നല്ല ലോകം പണിയാനും ഞാനാഗ്രഹിക്കുന്നു. പക്ഷെ, എങ്ങനെ? ഞാനെന്താണ് ചെയ്യേണ്ടത്?. ഉത്തരത്തിനായി അവലംബിക്കാന്‍, അറിഞ്ഞിടത്തോളം ഇസ്‌ലാം മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്.''നീയൊരു മുസ്‌ലിമാവുക. അതുമതിയോ?'' സമാധാനത്തിന്റെ ഒരു പുതപ്പ് എന്നെ പൊതിഞ്ഞതുപോലെ എനിക്ക് തോന്നി. മനസ്സിന് വല്ലാത്തൊരാശ്വാസവും സന്തോഷവും ലഭിച്ചു. ജീവിതത്തിന്റെ ലക്ഷ്യം അറിഞ്ഞപോലെ. നിലനില്‍ക്കേണ്ടതിന്റെ ന്യായം കണ്ടെത്തിയ പോലെ. ഇസ്‌ലാമിനെ അംഗീകരിച്ചാലും ജീവിതം ഇപ്പോഴും ജീവിതം തന്നെ. അത് ആയാസരഹിതമല്ല, എങ്കിലും ജീവിതത്തിനൊരു മാര്‍ഗരേഖ ലഭിച്ചിരിക്കുന്നു.

ഒരു ആഴ്ചക്കുശേഷം. പള്ളിയുടെ അങ്കണത്തില്‍ വെച്ച് പൊതുജന മധ്യേ ഞാനെന്റെ വിശ്വാസപ്രഖ്യാപനം നടത്തി. അവിടെ കൂടിയ എല്ലാ സഹോദരിമാരും എന്നെ വന്ന് ആശ്ലേഷിച്ചു. തങ്ങളിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ ഒരു സഹോദരിയെ കൂടി കിട്ടിയതില്‍ കൂടിയിരുന്നവരെല്ലാം സന്തോഷത്തിലായിരുന്നു. സന്തോഷത്താല്‍ ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. പ്രകൃതിയും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നപോലെ ആകാശത്ത്  രണ്ട് മഴവില്ലുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും അത്ഭുതത്തോടെ അതു കണ്ടു. ഞാന്‍ മുസ്‌ലിമായി എന്ന് ലോകത്തോട് വിളിച്ചുപറയേണ്ടതിന്റെ ആദ്യപടിയായി, അടുത്ത പ്രഭാതത്തില്‍ ഇസ്‌ലാമിക വസ്ത്രങ്ങള്‍ വില്‍ക്കുന്ന പ്രദേശത്തെ ഒരു മധ്യപൗരസ്ത്യ കടയില്‍ ചെന്ന് നിരവധി വസ്ത്രങ്ങളും ശിരോവസ്ത്രങ്ങളും വാങ്ങി. ഇനിയും മാറാത്ത തെരുവിലൂടെ, മാറ്റത്തിന്റെ അടയാളമായ ഹിജാബ് ധരിച്ചുകൊണ്ട് ഞാന്‍ അഭിമാനത്തോടെ നടന്നു.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 62-65
എ.വൈ.ആര്‍ /ഖുര്‍ആന്‍ ബോധനം