എന്‍.ബി.എയുടെ ഭീഷണി
ഗവണ്‍മെന്റ് ഉടമയിലുള്ള ദൂരദര്‍ശന്‍ ഒഴിച്ച്, സ്വകാര്യ ഉടമസ്ഥതയിലുള്ള ടി.വി ചാനലുകള്‍ക്കെല്ലാം അംഗത്വമുള്ള സംഘടനയാണ് 'ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍' (എന്‍.ബി.എ). ഈയിടെ ഒരു പ്രസ്താവനയിലൂടെ അരവിന്ദ് കെജ്‌രിവാള്‍ ഈ സംഘടനയെ വല്ലാതെ ചൊടിപ്പിക്കുകയുണ്ടായി. ''എല്ലാ ചാനലുകളും പെയ്ഡ് ആണ്. ഡയറക്ടര്‍മാരും എഡിറ്റര്‍മാരും ആങ്കര്‍മാരും റിപ്പോര്‍ട്ടര്‍മാരുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍നിന്നും ഭാരിച്ച തുകകള്‍ കൈപ്പറ്റി അവര്‍ക്കു വേണ്ടി പ്രചാരവേല ചെയ്യുകയാണ്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ അത്തരക്കാരെ പിടികൂടി ജയിലിലടക്കും.'' ഇതാണ് കെജ്‌രിവാളിന്റെ പ്രസ്താവന. വാസ്തവത്തില്‍ വളരെ രൂക്ഷം തന്നെയാണ് കെജ്‌രിവാളിന്റെ ഭാഷ. പക്ഷേ, കഴിഞ്ഞ ഡിസംബര്‍ അവസാന വാരം കെജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെത്തുടര്‍ന്ന് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അദ്ദേഹത്തിനും എ.എ.പിക്കുമെതിരെ ഉയര്‍ത്തിയ മര്യാദകെട്ട വാര്‍ത്താ പ്രസാരണ കൊടുങ്കാറ്റില്‍ രോഷം കൊള്ളുകയായിരുന്നു അദ്ദേഹം എന്നകാര്യം വിസ്മരിച്ചുകൂടാ. ചാനലുകള്‍ അദ്ദേഹത്തെയും പാര്‍ട്ടിയെയും നിഴല്‍ പോലെ പിന്തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ഒച്ചയും അനക്കവും വാര്‍ത്തകളായി അവതരിപ്പിച്ച് വിവാദങ്ങളുയര്‍ത്തി. ഇക്കാര്യത്തില്‍ പ്രിന്റ് മാധ്യമങ്ങളും പിന്നിലായിരുന്നില്ല. എങ്കിലും ചാനലുകളുടെ ദുഷ്ടലാക്കായിരുന്നു കൂടുതല്‍ പ്രകടമായത്. കെജ്‌രിവാളും കൂട്ടരും ചാനലുകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും അപകീര്‍ത്തികരമായ പ്രസ്താവനകളിറക്കുകയും ചെയ്യുന്നുവെന്നാണിപ്പോള്‍ എന്‍.ബി.എ പരാതിപ്പെടുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ മേലില്‍ എ.എ.പിയുടെ ഒരു വാര്‍ത്തയും ചാനലുകള്‍ സംപ്രേഷണം ചെയ്യില്ലെന്നും പൂര്‍ണമായ ബഹിഷ്‌കരണം നടപ്പാക്കുമെന്നും ഭീഷണിയുയര്‍ത്തുകയും ചെയ്തിരിക്കുന്നു.
ഇതേ മീഡിയ തന്നെയാണ് തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളെന്ന പേരില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെയും സംഘടനകളെയും സ്ഥാപനങ്ങളെയും എന്നു വേണ്ട അവരുടെ മതത്തെ തന്നെയും സ്വഭാവഹത്യ ചെയ്യുകയും ഇതര വിഭാഗങ്ങളില്‍ അവരോട് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന കഥകള്‍ നിരന്തരം പടച്ചു പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്. അതിനെതിരെ ആ സമുദായത്തില്‍ നിന്നുയരുന്ന ആവലാതികളും വേവലാതികളും ആരും ശ്രദ്ധിക്കാറേയില്ല. അതിരിക്കട്ടെ, എന്‍.ബി.എ കെജ്‌രിവാളിനെതിരെ ഇറക്കിയ പ്രസ് റിലീസിലേക്ക് മടങ്ങാം. ''ഇലക്‌ട്രോണിക് മീഡിയ ഒരു സ്വതന്ത്ര മാധ്യമമാണെന്ന് എന്‍.ബി.എ അരവിന്ദ് കെജ്‌രിവാളിനെയും സംഘത്തെയും ഓര്‍മിപ്പിക്കുന്നു. നിഷ്പക്ഷമായും സുതാര്യമായും സന്തുലിതമായും ഉത്തരവാദിത്വത്തോടെയുമാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിക്കുന്നതില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഉടനടി പിന്മാറണം. അല്ലാത്ത പക്ഷം കെജ്‌രിവാളിന്റെ പ്രസ്താവനകളും എ.എ.പി വാര്‍ത്തകളും പൂര്‍ണമായി ബഹിഷ്‌കരിക്കും.''
കെജ്‌രിവാള്‍ ചാനലുകളുടെ ഭീഷണിക്ക് വഴങ്ങിയതായി അറിയില്ല. ചാനലുകള്‍ ഭീഷണി നടപ്പിലാക്കിയതായി കാണുന്നുമില്ല. ചാനലുകള്‍ തന്നെ ബഹിഷ്‌കരിച്ചാല്‍ ചാനലുകളെ ജനം ബഹിഷ്‌കരിക്കുമെന്ന് കെജ്‌രിവാളിനറിയാം; ചാനലുകള്‍ക്കും അതറിയാം. തികച്ചും സ്വതന്ത്രവും സുതാര്യവും വിശ്വസ്തവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ചാനലുകളുടെ വാദം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമ നുണയാണെന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. 21-ാം നൂറ്റാണ്ട് ആരംഭിച്ചിട്ട് പതിനാല് വര്‍ഷമേ പിന്നിട്ടിട്ടുള്ളൂ. ഈ കാലയളവിനുള്ളില്‍ ഇതിനേക്കാള്‍ ഭീമമായ എത്രയോ നുണകള്‍ മീഡിയ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം സംബന്ധിച്ച് ഈ നൂറ്റാണ്ടില്‍ കേട്ട ഏറ്റവും വലിയ നുണ എന്ന് അതിനെ കുറിച്ച് തീര്‍ച്ചയായും പറയാവുന്നതാണ്. എന്‍.ബി.എ അതിന്റെ അവകാശവാദത്തിലൂടെ ഇന്ത്യന്‍ ജനതയില്‍ ഏതു വിഭാഗത്തെയാണാവോ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്! ചാനലുകളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരൊക്കെ മന്ദബുദ്ധികളാണെന്നാണോ അവര്‍ കരുതുന്നത്? മിക്ക ചാനലുകളുടെയും ഉടമകള്‍ വന്‍കിട മുതലാളിമാരാണെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. അല്ലെങ്കില്‍ ഉടമസ്ഥരെന്ന് പറയുന്നവര്‍ മുതലാളിമാരുമായി ഇടപാടുള്ളവരോ അവരുടെ ജോലിക്കാരോ ആണ്. മുതലാളിമാരുടെ ആജ്ഞാനുവര്‍ത്തികളാണ് എഡിറ്ററും റിപ്പോര്‍ട്ടറും ആങ്കറുമെല്ലാം. വന്‍കിട കമ്പനികളുടെയും മീഡിയാ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ കോടികള്‍ ചെലവുള്ള മഹാ റാലികള്‍ അരങ്ങേറുന്നതെന്നതും പരസ്യമായ രഹസ്യമാണ്. മീഡിയ കെജ്‌രിവാളിനെ നിരന്തരം വേട്ടയാടുന്നതിന്റെ ഒരു കാരണം അദ്ദേഹം നരേന്ദ്രമോഡിയുടെ വഴിയില്‍ യഥാര്‍ഥമോ സാങ്കല്‍പികമോ ആയ വിലങ്ങുതടികള്‍ സൃഷ്ടിക്കുന്നു എന്നതല്ലേ? മുഖം നന്നാക്കുന്നതിനു പകരം കണ്ണാടി ഉടക്കാനുള്ള എന്‍.ബി.എയുടെ ശ്രമം മുഖം കൂടുതല്‍ വികൃതമാകാനേ സഹായിക്കൂ.
Comments