രാഷ്ട്രവരുമാനത്തിന്റെ സ്രോതസ്സുകള്‍
സമ്പന്നരായ മുസ്‌ലിംകള്‍ അവരുടെ ദരിദ്രരായ സഹോദരന്‍മാരെ സഹായിക്കണമെന്നൊരു നിയമം രാഷ്ട്രത്തില്‍ ഉണ്ടായിരുന്നു. തുടക്കത്തിലത് ഐഛിക ദാനധര്‍മമോ ചാരിറ്റിയോ ഒക്കെയായിരുന്നു. പിന്നീടാണത് ടാക്‌സ് പോലെ നിര്‍ബന്ധമാണ് എന്ന് അനുശാസിക്കപ്പെട്ടത്. യുദ്ധമുതലിന്റെ(ഗനീമത്ത്) അഞ്ചിലൊന്ന് മാത്രമാണ് ട്രഷറിയില്‍ എത്തുന്നത്. എന്നാല്‍ 'ഫൈഇ'ന്റെ മുഴുവന്‍ ഭാഗവും ട്രഷറിയിലേക്കാണ് പോകുന്നത്. എന്താണ് ഫൈഅ്? ഖുര്‍ആന്റെ ഭാഷ്യം ഇങ്ങനെയാണ്: 'നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കാതെ' ലഭിക്കുന്നത്(59:6). യുദ്ധം ഒഴിവാക്കി ശത്രു കീഴടങ്ങാന്‍ തയാറാവുകയും നിശ്ചിത തുക കപ്പം നല്‍കാമെന്ന വ്യവസ്ഥയില്‍ സമാധാനത്തിന് അര്‍ഥിക്കുകയുമാണെങ്കില്‍ അങ്ങനെ ലഭിക്കുന്ന തുകയാണ് ഫൈഅ്. അത് വീതം വെക്കുന്ന പ്രശ്‌നം ഉത്ഭവിക്കുന്നില്ല. അത് മുഴുവനായി പൊതുഖജനാവിലേക്ക് പോകും. ഈ രണ്ട് സ്രോതസ്സുകള്‍ക്ക് പുറമെയാണ് സകാത്ത്. ഒരാള്‍ അയാളുടെ അത്യാവശ്യം കഴിച്ച് പണം മിച്ചം വെക്കുകയും ആ തുക ഒരു വര്‍ഷം കൈയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അയാളതിന്റെ ഒരു വിഹിതം സകാത്തായി നല്‍കേണ്ടിവരും. ഉദാഹരണത്തിന് നമ്മുടെ കൈവശം ഒരു ലക്ഷം രൂപ വന്നു ചേര്‍ന്നു എന്ന് വിചാരിക്കുക. ഏതാനും ആഴ്ചകള്‍ക്കകമോ മാസങ്ങള്‍ക്കകമോ നമുക്കത് ചെലവഴിക്കേണ്ടതായും വന്നു. എങ്കിലത് മിച്ച ധനമായി കണക്കാക്കപ്പെടുകയില്ല. മിച്ചധനം ഒരു വര്‍ഷം കൈയിരിപ്പുണ്ടാവുക എന്നത് സകാത്ത് നിര്‍ബന്ധമാവാനുള്ള ഉപാധിയാണ്. ആ ധനത്തിന്റെ രണ്ടര ശതമാനമാണ് സാധാരണഗതിയില്‍ ട്രഷറിയിലേക്ക് പോവുക.
സകാത്ത് നിരക്ക് ഒരുപോലെയല്ല. വിവിധ വസ്തുക്കള്‍ക്ക് വിവിധ നിരക്കുകളാണ്. പണം, സ്വര്‍ണ്ണം, വെള്ളി എന്നിവക്ക് വര്‍ഷാന്തം രണ്ടര ശതമാനമാണ് സകാത്ത് ഈടാക്കുക. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം നിരക്കിലാണ് സകാത്ത്. ഇന്നത്തെ ഭൂനികുതിയുമായി ഇതിനെ താരതമ്യം ചെയ്യാം. സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടെയോ ഖനി കൈവശമുള്ള ഒരാള്‍ക്ക് വേറൊരു നിരക്കിലായിരിക്കും അതിന്റെ സകാത്ത് അടക്കേണ്ടി വരിക. കന്നുകാലി ഉടമകള്‍ക്ക് മറ്റൊരു നിരക്കാണ്. ആടിന്റെ സകാത്ത് നിരക്ക് ഒരു ശതമാനമാണെന്ന് പറയാം. പശുക്കളുടെയും ഒട്ടകങ്ങളുടെയൂം സകാത്ത് നിരക്ക് കുറെകൂടി സങ്കീര്‍ണ്ണമാണ്.
മറ്റൊരു വരുമാന സ്രോതസ്സ് കൂടി നമ്മുടെ ശ്രദ്ധയില്‍ പെടും- കച്ചവടം, ഖനിജങ്ങള്‍ പോലുള്ളവക്ക് ഏര്‍പ്പെടുത്തുന്ന സകാത്ത്. അതിന്റെയൊന്നും വിശദാംശങ്ങളിലേക്ക് നാമിവിടെ കടക്കുന്നില്ല. ഇവിടെയൊക്കെയും ഇസ്‌ലാമിന്റെ സവിശേഷമായ ഒരു സംഭാവന നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോകരുത്. മുന്‍ കഴിഞ്ഞ മതങ്ങളും സംസ്‌കാരങ്ങളും നികുതിയിനങ്ങള്‍ ചുമത്തുക മാത്രമാണ് ചെയ്തിരുന്നത്. ആ വരുമാനങ്ങള്‍ ഏതൊക്കെ ഇനങ്ങളില്‍ ചെലവഴിക്കണം എന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിരുന്നില്ല. അതെല്ലാം ഭരിക്കുന്നവരുടെ ഇഷ്ടത്തിന് വിടുകയാണുണ്ടായത്. സ്വാഭാവികമായും ഭരണാധികാരികള്‍ അവരുടെ സുഖാഡംബരങ്ങള്‍ക്കായിരിക്കുമല്ലോ ആ വരുമാനങ്ങള്‍ ചെലവിടുക. ഞാന്‍ മനസ്സിലാക്കിയേടത്തോളം, ഖുര്‍ആനാണ് ഏതൊക്കെ ഇനങ്ങളിലാണ് പൊതുഫണ്ട് ചെലവിടേണ്ടത് എന്ന് കൃത്യമായി വരച്ച് കാണിക്കുന്ന ആദ്യത്തെ വേദഗ്രന്ഥം. വരുമാനസ്രോതസ്സുകള്‍ ഏതൊക്കെയെന്ന് ഖുര്‍ആന്‍ വിശദമാക്കി പറയുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ''വിളവെടുപ്പ് ദിവസം നിങ്ങള്‍ അവന്റെ(അല്ലാഹുവിന്റെ)അവകാശം നല്‍കുക'' (6: 141) എന്ന് ഖുര്‍ആന്‍ പറയുന്നു.കൃഷിയുടെ സകാത്താണ് ഇവിടെ പറയുന്നത്. 'അവകാശം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നല്‍കേണ്ട ശതമാനമല്ല( രണ്ടര ശതമാനം, പത്ത് ശതമാനം, പതിനഞ്ച് ശതമാനം പോലെ). അത്തരം വിവരണങ്ങളൊക്കെ നബിവചനങ്ങളിലാണ് കാണുക. വരുമാനസ്രോതസ്സുകളുടെ വിശദാംശങ്ങളൊന്നും ഖുര്‍ആനില്‍ കാണുകയില്ല.
നമ്മുടെ വ്യാഖ്യാനം ശരിയാണെങ്കില്‍, എത്ര നിരക്കില്‍ നികുതിയും സകാത്തും ചുമത്തണമെന്നത് ഓരോ കാലത്തെയും ഭരണാധികാരികള്‍ക്ക് വിട്ടിരിക്കുകയാണ്. ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞിട്ടില്ലാത്ത ഇനങ്ങള്‍ക്കും നികുതി ചുമത്താം. ഉദാഹരണത്തിന്, ധാരാളമായി മത്സ്യങ്ങള്‍ കിട്ടുന്ന, അല്ലെങ്കില്‍ സുലഭമായി തേന്‍ ലഭിക്കുന്ന ഒരു സ്ഥലമുണ്ടെന്ന് കരുതുക. ഈ വരുമാനത്തിന്റെ ഒരു വിഹിതം ഗവണ്‍മെന്റിന് അവകാശപ്പെട്ടതാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതൊക്കെയും സകാത്തായി തന്നെ കാണാവുന്നതുമാണ്.
സകാത്തിന്റെ അവകാശികള്‍
സകാത്തിന്റെ അവകാശികളെക്കുറിച്ച് ഖുര്‍ആനില്‍ വളരെ കൃത്യമായ വിവരണമുണ്ട് എന്ന് പറഞ്ഞുവല്ലോ. അത്തൗബ അധ്യായത്തിലെ ആ പ്രശസ്തമായ സൂക്തം ഇങ്ങനെ വായിക്കാം: ''സകാത്തിന്റെ ധനം ദരിദ്രര്‍ക്കും അഗതികള്‍ക്കും സകാത്ത് സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും അടിമകളുടെ മോചനത്തിനും കടത്തില്‍ അകപ്പെട്ടവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കര്‍മനിരതരായവര്‍ക്കും യാത്രക്കാര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്''(9:60).
സകാത്ത് സംഖ്യ ചെലവിടേണ്ട ആദ്യത്തെ രണ്ട് വിഭാഗങ്ങള്‍ ദരിദ്രരും അഗതികളുമാണ്. പിന്നെ സകാത്തിന്റെ ശേഖരണവും വിതരണവും നടത്തുന്ന ജോലിക്കാര്‍. ഹൃദയങ്ങള്‍ വശീകരിക്കപ്പെടേണ്ടവരാണ് നാലാമത്തെ വിഭാഗം. ഇസ്‌ലാമിക പ്രബോധനത്തെക്കുറിച്ചാവാം ഈ പരാമര്‍ശം. അല്ലെങ്കില്‍ പൊതുതാല്‍പര്യം മുമ്പില്‍ വെച്ച് ഗവണ്‍മെന്റ് ചെയ്യുന്ന രഹസ്യസ്വഭാവമുള്ള ഏതെങ്കിലും ഫണ്ടിംഗുമാവാം. അടിമകള്‍ എന്നത് കൊണ്ട് മുഖ്യമായും ഉദ്ദേശിക്കപ്പെടുന്നത് യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്ന ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരന്‍മാരാണ്. അവരില്‍ മുസ്‌ലിംകളും അമുസ്‌ലിംകളും ഉണ്ടാവും. വലിയ തുക നഷ്ടപരിഹാരം കൊടുത്താലേ അവരെ വിട്ടുകിട്ടുകയുളളു. പിന്നെ പരാമര്‍ശിക്കപ്പെടുന്നത് 'ഗാരിമീന്‍' ആണ്. ഒരിക്കല്‍ സമ്പന്നരായിരുന്ന ആളുകളാണിവര്‍. പ്രകൃതിദുരന്തങ്ങളോ മറ്റോ ഉണ്ടായി വലിയ സാമ്പത്തിക ബാധ്യതകളില്‍ പെട്ടുപോയി അവര്‍. അത്തരം കടബാധിതരെയാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരാള്‍ മറ്റൊരാളെ അബദ്ധത്തില്‍ കൊല്ലുന്നു. നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വലിയ തുക നഷ്ടപരിഹാരം നല്‍കണം. അയാളാണെങ്കില്‍ കാല്‍ക്കാശ് കൈയിലില്ലാത്ത ആളും. ഈ തുക കണ്ടെത്താന്‍ ഭരണകൂടം അയാളെ സഹായിക്കേണ്ടിവരും. സകാത്തിന്റെ വിഹിതത്തില്‍ നിന്ന് അതെടുക്കാം.
'ദൈവമാര്‍ഗത്തില്‍' ആണ് ചെലവഴിക്കേണ്ട മറ്റൊരു ഇനം. ചിലര്‍ ഇതിനെ പ്രതിരോധം, ആയുധം വാങ്ങല്‍, സുരക്ഷ എന്നിവ മാത്രമായി ചുരുക്കിയിരിക്കുന്നു. മസിജിദുണ്ടാക്കലൊന്നും അവര്‍ അതില്‍ പെടുത്തിയിട്ടില്ല. ഏറ്റവുമൊടുവിലാണ് 'വഴിയാത്രക്കാരന്‍' വരുന്നത്. ഇബ്‌നുസ്സബീല്‍ എന്നാല്‍ 'വഴിയുടെ മകന്‍' എന്നാണ് ഭാഷാപരമായ അര്‍ഥം. തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന യാത്രക്കാരന്‍. ഇത്തരം യാത്രക്കാര്‍ക്ക് ആധുനിക ഭരണകൂടങ്ങള്‍ പലതരം നികുതികള്‍ ചുമത്തുമ്പോള്‍, ഇസ്‌ലാമിക ഭരണകൂടം അവരെ അതിഥികളായി സ്വീകരിച്ചിരുത്തുകയും അവര്‍ക്ക് താമസസൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുക.
എട്ട് വിഭാഗങ്ങളെ പരാമര്‍ശിച്ച ശേഷം ഖുര്‍ആന്‍ പറയുന്നത്, 'ഇത് ദൈവത്തില്‍ നിന്നുള്ള ഉത്തരവാകുന്നു' എന്നാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ബജറ്റില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് ഏതൊക്കെ അളവില്‍ വകയിരുത്തണമെന്ന് കര്‍ശനമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇമാം ശാഫിഈ പറയുന്നത്, സകാത്ത് വരുമാനം മുഴുവന്‍ കൃത്യമായി വീതം വെച്ച് ഖുര്‍ആന്‍ പേരെടുത്ത് പറയുന്ന എട്ട് വിഭാഗത്തിനും കൃത്യമായി നല്‍കണമെന്നാണ്. പക്ഷെ മറ്റു ഇമാമുമാര്‍ക്ക് ഈ അഭിപ്രായമില്ല.
ആദ്യം പറഞ്ഞ രണ്ട് വിഭാഗങ്ങളില്ലേ, ദരിദ്രരും അഗതികളും, ആരാണവര്‍? പ്രത്യക്ഷത്തില്‍ ഇവ പര്യായപദങ്ങളാണെന്ന് തോന്നും. പക്ഷെ ഈ വിഷയത്തില്‍ ഒട്ടേറെ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ഇമാം ശാഫിഈ പറയുന്നത് ഇങ്ങനെയാണ്: അല്ലാഹു ചെലവിനങ്ങളെ എട്ടായി തിരിച്ചു. അവന്റെ അപാരമായ അനുഗ്രഹത്താല്‍ പാവങ്ങള്‍ക്ക് രണ്ട് വിഹിതം ഉണ്ടാവണമെന്ന് തീരുമാനിച്ചു. ഒന്നിലെട്ട് പാവങ്ങള്‍ക്കും, ഒന്നിലെട്ട് അഗതികള്‍ക്കും. അതിനര്‍ഥം മൊത്തം സകാത്ത് തുകയുടെ കാല്‍ഭാഗം പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കപ്പെടും എന്നാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു വശമുണ്ട്. ചില മുസ്‌ലിം ജൂറിസ്റ്റുകള്‍ സകാത്ത് അമുസ്‌ലിംകള്‍ക്ക് കൊടുക്കരുതെന്നും അത് മുസ്‌ലിംകളില്‍ പരിമിതമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ ഇസ്‌ലാമിന്റെ ആദ്യനൂറ്റാണ്ടുകളിലെ മഹാപണ്ഡിതന്മാരുടെ അഭിപ്രായം ഇതായിരുന്നില്ല. ഇമാം അബൂയൂസുഫ് തന്റെ കിതാബുല്‍ ഖറാജ് എന്ന പുസ്തകത്തില്‍ എഴുതുന്നത്, ഉമറുബ്‌നുല്‍ ഖത്താബ് തന്റെ ഭരണകാലത്ത് സകാത്ത് ഫണ്ടില്‍ നിന്ന് ജൂതന്മാരെ സഹായിക്കാറുണ്ടായിരുന്നു എന്നാണ്. ഒരിക്കല്‍ ഉമര്‍ തന്റെ ഭരണ ആസ്ഥാനമായ മദീനയില്‍ ഒരു ഭിക്ഷക്കാരനെ കണ്ടു നടുങ്ങിപ്പോയി. കാരണം അത്തരക്കാരെ സംരക്ഷിക്കേണ്ടത് താന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അന്വേഷിച്ചപ്പോള്‍ താനൊരു ജൂതനാണെന്നും നേരത്തെ നികുതി(ജിസ്‌യ) കൊടുക്കാറുണ്ടായിരുന്നെന്നും ഭിക്ഷക്കാരന്‍ പറഞ്ഞു. തനിക്ക് തൊഴില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ കാരണം ഒന്നിനും വയ്യ. അതിനാല്‍ നികുതിയടക്കാന്‍ ഭിക്ഷ തെണ്ടുകയാണ്. ഈ ഉത്തരം ഉമറിനെ ശരിക്കും പിടിച്ചുലക്കുക തന്നെ ചെയ്തു. ഇദ്ദേഹത്തില്‍ നിന്ന് ഇനി മേലാല്‍ ഒരു നികുതിയും ഈടാക്കരുതെന്നും പകരം ഒരു തുക സ്റ്റൈപന്റായി അദ്ദേഹത്തിന് നല്‍കിക്കൊണ്ടിരിക്കണമെന്നും ഉമര്‍ ഉത്തരവിട്ടു. ഉമറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ''അദ്ദേഹം വേദക്കാരിലെ ഒരു പാവം മനുഷ്യനാണ്. സകാത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടത് നല്‍കണം.'' സകാത്ത് മുസ്‌ലിംകളല്ലാത്തവര്‍ക്കും നല്‍കാമെന്ന് സൈദുബ്‌നു സാബിത്, ഇബ്‌നു അബ്ബാസ് എന്നീ പ്രവാചക ശിഷ്യരെ ഉദ്ധരിച്ചുകൊണ്ട് ഇമാം ത്വബരി പറഞ്ഞിട്ടുണ്ട്. ചില ആദ്യകാല പണ്ഡിതന്‍മാര്‍ ഇത്രവരെ പറഞ്ഞിട്ടുണ്ട്: ദരിദ്രര്‍(ഫുഖറാഅ്) എന്നാല്‍ മുസ്‌ലിംകളിലെ ദരിദ്രര്‍ എന്നും അഗതികള്‍(മസാകീന്‍) എന്നാല്‍ അമുസ്‌ലിംകളിലെ ദരിദ്രര്‍ എന്നുമാണ് അര്‍ഥം!
ഇനി മൂന്നാമത്തെ ഇനമായ 'അല്‍ ആമിലീന അലൈഹാ'. സകാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന സിവില്‍ ഉദ്യോഗസ്ഥന്‍മാരെല്ലാം ഉള്‍ക്കൊള്ളുന്ന സംവിധാനമാണത്. കലക്ടര്‍, അക്കൗണ്ടന്റുമാര്‍, ഓഡിറ്റര്‍മാര്‍, വിതരണക്കാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരെല്ലാം ഉള്‍ക്കൊള്ളുന്ന മുഴുവന്‍ സിവില്‍ ഭരണ ചട്ടക്കൂടിനെയും ഇത് സ്്പര്‍ശിക്കുന്നുണ്ട്.
'ഹൃദയങ്ങള്‍ വശീകരിക്കപ്പെടേണ്ടവര്‍' ആണ് അടുത്ത കാറ്റഗറി. ഹമ്പലി മദ്ഹബുകാരനായ അബൂയഅ്‌ലാ അല്‍ ഫര്‍റാഅ് എന്ന ഇമാം മാവര്‍ദിയുടെ സമകാലികനായിരുന്ന പണ്ഡിതന്‍, മാവര്‍ദി എഴുതിയ അതേ പേരില്‍- അല്‍ അഹ്കാമുസ്സുല്‍ത്താനിയ്യ-ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ധീരനും കണ്ടത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനുമായിരുന്നു അബൂയഅ്‌ല. സകാത്തിന്റെ ഈ ഇനത്തെ അദ്ദേഹം നാല് വിഭാഗങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ചു. ഒന്ന്, മുസ്‌ലിംകളെ സഹായിക്കുന്നതിന്റെ പേരില്‍ സകാത്തിന്റെ വിഹിതം നല്‍കപ്പെടുന്നവര്‍. രണ്ട്, മുസ്‌ലിംകളെ ദ്രോഹിക്കാതിരിക്കുന്നതിന്റെ പേരില്‍ സകാത്തിന്റെ വിഹിതം നല്‍കപ്പെടുന്നവര്‍. മുസ്‌ലിംകള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കുക പോലുള്ള കാര്യങ്ങള്‍. മൂന്ന്, ഇസ്‌ലാമിനോടുള്ള നിലപാട് മൃദുലമായിത്തീരാന്‍ ഒരു വിഭാഗത്തിന് നല്‍കുന്ന സകാത്ത് വിഹിതം. നാല്, മൂന്നാം കാറ്റഗറിയില്‍ പെടുന്ന ആളുകളുടെ അടുത്ത ബന്ധുക്കള്‍ക്കോ അവരുള്‍പ്പെടുന്ന ഗോത്രത്തിനോ അത്‌പോലുള്ള കൂട്ടായ്മകള്‍ക്കോ നല്‍കുന്ന സഹായം. ഇസ്‌ലാമിനോടുള്ള അവരുടെ നയം മയപ്പെടുക എന്നത് തന്നെയാണ് ഇവിടെയും ലക്ഷ്യം. ഈ നാല് തരക്കാരെ കുറിച്ച് പറഞ്ഞ ശേഷം അബൂ യഅ്‌ല, ഈ ഇനത്തില്‍ വരുന്ന സകാത്ത് വിഹിതം മുസ്‌ലിംകള്‍ക്ക് വേണ്ടിയും അമുസ്‌ലിംകള്‍ക്ക് വേണ്ടിയും ഒരുപോലെ ചെലവഴിക്കാമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
'അടിമവിമോചന'ത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഒരു ഇസ്‌ലാമിക ഭരണകൂടത്തിന് ആ നാട്ടില്‍ കഴിയുന്ന അടിമകളെക്കുറിച്ചും മറ്റൊരു രാഷ്ട്രം അടിമകളാക്കി പിടിച്ച ഇന്നാട്ടിലെ പൗരന്‍മാരെക്കുറിച്ചും പ്രത്യേക ഉത്തരവാദിത്തമുണ്ട്. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് തന്റെ യമന്‍ ഗവര്‍ണര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്ത് ഇബ്‌നു സഅ്ദ് തന്റെ 'ത്വബഖാത്തി'ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ശത്രുക്കളുടെ പിടിയിലകപ്പെട്ട തന്റെ മുസ്‌ലിംകളും അമുസ്‌ലിംകളുമായ പ്രജകളെ മോചിപ്പിക്കാന്‍ ആവശ്യമായത്ര ഫണ്ട് സകാത്തില്‍ നിന്ന് എടുക്കണമെന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കുക പോലുള്ള കാര്യങ്ങളില്‍ സകാത്ത് ഫണ്ട് ഉപയാഗിക്കുമ്പോള്‍ അതില്‍ അവിശ്വാസിയെന്നോ വിശ്വാസിയെന്നോ ഉള്ള യാതൊരു വിവേചനവും കാണിക്കാന്‍ പാടില്ലെന്നര്‍ഥം. അതേ മാതൃക ഉമറുബ്‌നുല്‍ ഖത്താബിന്റെ ഭരണകാലത്തും നാം കണ്ടു.
എന്തെങ്കിലും അത്യാഹിതം കാരണം സകലതും നഷ്ടപ്പെട്ടവരാണ് 'അല്‍ഗാരിമീന്‍' എന്ന ഇനത്തില്‍ വരിക എന്ന് നാം കണ്ടു. ഖലീഫ ഉമറുബ്‌നുല്‍ ഖത്താബ് ഇതിന് മറ്റൊരു തലം കൂടി നല്‍കുകയുണ്ടായി. കടത്തില്‍ കുടുങ്ങിയവരെ സഹായിക്കുന്നതോടൊപ്പം തന്നെ, പണം അത്യാവശ്യമുള്ളവരെ കടം നല്‍കി സഹായിക്കാനും അദ്ദേഹം ഈ ഇനത്തിലെ തുക വിനിയോഗിച്ചു. ഈ കടത്തിന് സ്വാഭാവികമായും പലിശ ഉണ്ടാവുകയില്ല. ഉമര്‍ സ്വയം തന്നെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു. ശമ്പളമായി വളരെ ചെറിയ സംഖ്യ മാത്രമാണ് ഉമറിന് ലഭിച്ചിരുന്നത്. മാസത്തില്‍ ശമ്പളം കൊടുക്കുന്ന സമ്പ്രദായവും അക്കാലത്ത് ഉണ്ടായിരുന്നില്ല. ആറ് മാസമൊക്കെ കൂടുമ്പോഴാണ് ശമ്പളം കിട്ടുക. ശമ്പളം കിട്ടുമ്പോള്‍ അദ്ദേഹം നേരത്തെ വാങ്ങിയ കടം തിരിച്ചടക്കും. മറ്റാളുകളും ഈ ആനൂകൂല്യം പ്രയോജനപ്പെടുത്തി. ഖുര്‍ആന്‍ സൂക്തത്തില്‍ പ്രയോഗിച്ച 'ഗാരിമീന്‍' എന്ന പ്രയോഗമാണ് ഈ നിലക്കും അതിനെ വ്യാഖ്യാനിക്കാന്‍ അവര്‍ക്ക് പ്രേരണയായത്. 'അല്ലാഹുവിന്റെ മാര്‍ഗം' എന്ന ഇനത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍, പള്ളി-സ്‌കൂള്‍ നിര്‍മാണം പോലുള്ള ഒട്ടു വളരെ കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നാണ് എന്റെ അഭിപ്രായം.
അവസാന ഇനമായ 'ഇബ്‌നുസ്സബീലിനെ'ക്കുറിച്ച്. 'യാത്രക്കാരന്‍' എന്ന കാറ്റഗറിയില്‍ മതവും ദേശവുമൊന്നും നോക്കാതെ എല്ലാ യാത്രക്കാരെയും ഉള്‍പ്പെടുത്താവുന്നതാണ്. ആതിഥ്യമരുളുമ്പോള്‍ മതത്തിന്റെയും ദേശത്തിന്റെയുമൊക്കെ പേരില്‍ കാണിക്കുന്ന വിവേചനത്തിന്റെ അനൗചിത്യം ഓര്‍ത്തുനോക്കൂ. മുഴുവന്‍ സന്ദര്‍ശകരെയും ദേശാടകരെയും ഈ വിഭാഗത്തിലേക്ക് നമുക്ക് ചേര്‍ത്ത് വെക്കാവുന്നതേയുള്ളു. ദേശാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ പാലങ്ങള്‍ പണിയുക, അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലിസിനെ വിന്യസിക്കുക, മാര്‍ക്കറ്റുകളില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക, അവര്‍ക്ക് നല്ല ഭക്ഷണം നല്‍കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ ഇനത്തിലേക്ക് ചേര്‍ത്ത് പറയാം.
Comments